പേജുകള്‍‌

തേടി വരുന്നു നിന്നെ

പാപവിനാശകാ പമ്പാവാസാ

പാരിന്നധിപതി നീയേ ശരണം

ദുഖഃക്ലേശ മലകൾ അനവധി  

കയറിയിറങ്ങി വരുന്നൂ ഞാൻ 

നിന്റെ കേശാദിപാദം തൊഴുവാൻ 

എന്റെ ജന്മം സാർത്ഥകമാക്കാൻ


കല്മഷമെല്ലാമാകന്നീടാനായി

കറുപ്പണിഞ്ഞീടുന്നു ഞാൻ മുദ്ര ധരിക്കുന്നു

മൊഴിയിലെ പിഴവ് കളഞ്ഞീടാനായി  

ശരണം മുഴക്കുന്നു നിത്യം കീർത്തനം പാടുന്നു  

ജീവിതപാതയിൽ കാണും അഴലുകൾ   

മെത്തകളാകുന്നു എല്ലാം പൂവുകളാകുന്നു


പാപഭാരങ്ങൾ തീർക്കാനായി 

ഇരുമുടിയേന്തുന്നു പുണ്യ പടികൾ കേറുന്നു 

എന്നിലെ സങ്കടക്കടലുകളെല്ലാം 

നെയ്യായി ഉരുകുന്നു അവ നിന്നിൽ ചേരുന്നു 

ഈശ്വരാ നിന്നെ തേടിവരുമ്പോൾ 

അറിയുന്നൂ സത്യം അത് തത്വമസിയെന്നല്ലോ   

നിറമറിയാത്ത കളി

 

യുദ്ധം; പോർവിളിക്കാ,രവരുടെ മാനം കാക്കാൻ 

കളിക്കിറങ്ങാത്തോർ വീണിടും മൃഗയാവിനോദം.   

പോർവിളിക്കാർ ഇറങ്ങില്ല രണാങ്കണത്തിൽ, 

പോരടിക്കുന്നോർ മുഴക്കില്ല കൊലവിളിയൊട്ടുമേ. 


വർഷിച്ചീടുന്നു ആയുധം പെരുമഴ പോലവേ 

സ്വപ്‌നങ്ങൾ കരിഞ്ഞിടും നിലച്ചിടും താളങ്ങൾ. 

ഒളിച്ചുകളിക്കേണ്ട ബാല്യത്തിൽ ഉണ്ണികൾ, 

ഒളിക്കുവാനാകാതെ കുഴങ്ങുന്നു, ഒടുങ്ങുന്നു. 


കണ്ടിരിക്കും ചിലർ കൈയ്യടിക്കും വിസിലൂതീടും

ആവേശച്ചൂടേറ്റാനായി വീരരെന്നു സ്തുതിച്ചീടും. 

ആര് വീണാലെ,ന്താരുവാണാ,ലെന്തിവർക്ക്, 

ആയുധക്കച്ചവടത്താൽ കീശ വീർത്തിടേണം. 


ഒരുകൈ സഹായം നീട്ടുവാനൊരുങ്ങുന്നൂ ചിലർ 

വീണോർക്കായി കരയുന്നു ഹൃദയമുരുകിയുരുകി. 

മരണതാളം കണ്ടാനന്ദിക്കും പോർവിളിക്കാർ, 

കാൺകയില്ലാ കൈകൾ, രോദനം കേൾക്കയില്ല. 


ഒരു കണ്ണുനീർത്തുള്ളി പൊഴിച്ചീടുന്നു ചിലരാ-

ദുരിതമിന്നൊരു വില്പനയ്ക്കായി മാറുമെങ്കിൽ. 

പേരില്ലയീ ദുരിതപ്പെയ്ത്തിനെന്നറിയാ,മെങ്കിലും

ചില പേരുകൾ മാത്രമാണവർക്കു നോട്ടമെന്നും. 


യുദ്ധത്തിൻ നിറമെന്തെന്നു തിരയവേ, പൊടിയും  

കണ്ണീരിനാൽ മറയുന്നിതായെൻ കാഴ്ചകൾ! 

സ്വപ്‌നങ്ങൾ ചിതറിത്തെറിക്കുന്ന കളികളിൽ, 

ചോപ്പോ കറുപ്പോ ബഹുനിറമോ യുദ്ധത്തിന്?


ജയപരാജയം തൂക്കി നോക്കുമ്പോളറിഞ്ഞിടാം,   

ഇരുപക്ഷവും തോറ്റതീ പാവം കളിക്കാത്തോർ.

അവരുടെ മുന്നിൽ വിരിയും നിറമെന്ത,തല്ലോ  

യുദ്ധങ്ങൾ തൻ നിറമേതുകാലവുമീ ഭൂമിയിൽ?

മതവും *മതവും

 


മതമൊരു വിശ്വാസം മാത്രമെന്നാൽ    

മറ്റുള്ളോർ *മതങ്ങൾ ഗൗനിക്ക വേണ്ട. 

മതമൊരു വികാരമായിയെന്നാൽ  

മറ്റു*മതങ്ങൾ മദജലം പോലെയത്രേ! 


ഒരു മതത്തില്‍ മനമുറച്ചുപോയാൽ

ഓതും വാക്കിലൊരിത്തിരി ശ്രദ്ധ നല്ലൂ. 

നോക്കിലോ വാക്കിലോ നൊന്തിടാതെ   

കാത്തീടേണം ഇതര മതരസ്ഥരെയും.


അറിയാതൊരു പിഴ വന്നുവെന്നാൽ  

ഖേദിക്ക സത്വരം വ്രണമാക്കിടാതെ. 

മാനാപമാന തൂക്കം നോക്കിടൊല്ലേ, 

ഝടിതിയിൽ ഔഷധം ഏകീടേണം. 


ഞൊടിയിട തെല്ലു വൈകിയെന്നാൽ,  

ചെറുപുഴു തക്ഷകനായി മാറിയേക്കാം. 

മരുന്നിനാൽ മാറാത്ത മുറിവനേകം 

ഹൃദയങ്ങളിൽ ക്ഷണം പിറവി കൊള്ളും. 


പല മതങ്ങളേറെയുണ്ടീയുലകത്തിൽ     

പല *മതക്കാരുമേറെയുണ്ടെന്നതും സത്യം. 

അരുതരുതേ വാവിട്ട*മതമൊന്നുമാത്രം  

മാനിച്ചീടുക ബഹുസ്വരതയെന്നുമെന്നും. 


ബാഹ്യ*മതങ്ങളിൽപ്പെട്ടുഴറും മുൻപേ,

ഓർത്തീടുക ഈ കൊച്ചു സൂത്രവാക്യം.

വിവേകം വികാരത്താൽ മറന്നീടൊല്ലേ, 

അതേകും നന്മയെന്നുമീ പാരിടത്തിൽ.


Note:

മതം:  ധർമ്മം, വിശ്വാസം, ആചാരം എന്നിവയുമായി ബന്ധപ്പെട്ടത് 

*മതം: അഭിപ്രായം 


ഓണം

 


ഓണനിലാവ് കളമെഴുതി

ഓണപ്പൂക്കൾ ചിരി തൂകി 

ഓണസദ്യ ഒരുക്കേണം 

ഓണക്കോടി ഉടുക്കേണം.   


ഉണ്ണികൾ ആർത്തു കളിക്കേണം 

കൈകൊട്ടിക്കളി ആടേണം

മാനവലോകം കാണാനായി 

ഓണത്തപ്പൻ വരവായി. 


പൂവിളി വാനിൽ നിറയേണം 

പൂന്തേനരുവികൾ പാടേണം

താളത്തിലോളം തുഴയേണം 

ആർപ്പോ വിളികൾ ഉയരേണം.


ഹൃത്തുകൾ ഒന്നായി മാറേണം

കൽമഷമെല്ലാം അകലേണം

മാനുഷരൊന്നായി തീരേണം 

പാരിൽ സ്നേഹം നിറയേണം. 

മുപ്പതും ഒപ്പരം: കാലങ്ങൾക്കപ്പുറത്തേക്കൊരു തിരിച്ചുപോക്ക്

ദുർഗ ഹയർ സെക്കന്ററി സ്കൂളിൽ 2023 ഏപ്രിൽ 16 ന് നടന്ന മുപ്പതു വർഷത്തെ പ്ലസ് 2 കുട്ടികളുടെ സംഗമത്തിന്റെ ആവേശമുണർത്തുന്ന ഓർമ്മകൾ.

ഓർമ്മകൾ താളം കെട്ടിനിൽക്കുന്ന ക്ലാസ്സ്മുറികളിലേക്ക് കൂട്ടുകാരുടെ കൂടെ കടന്നുചെല്ലുമ്പോൾ കാലം പിന്നോട്ട് പായുകയായിരുന്നു..മുപ്പത് വർഷം പിന്നോട്ട്. അന്നത്തെ ആ കൗമാരക്കാരുടെ അതെ വികാരത്തോടെ ഞങ്ങൾ ആ മുറിയെ നോക്കിക്കണ്ടു, അവിടുത്തെ ഗന്ധം ആസ്വദിച്ചു, ആവോളം. ബെഞ്ചുകളിലിരുന്ന് തമാശകൾ പറയുമ്പോൾ ഞങ്ങൾക്ക് പ്രായം പതിനാറോ പതിനേഴോ ആയിരുന്നു. മുന്നിലിരിക്കുന്നവരുടെ ജരാനരകൾ മാഞ്ഞുപോകുന്നത് വ്യക്തമായും കാണാമായിരുന്നു. അന്ന് ഒരുപക്ഷെ പരസ്പരം കാണിച്ചിരുന്ന കുശുമ്പും കുന്നായ്മയും ഇന്നത്തെ ഞങ്ങളിൽ ഇല്ലായിരുന്നു. കാലം ഞങ്ങളിൽ തീർത്ത മാറ്റങ്ങൾക്കൊന്നും ഞങ്ങളുടെ ഓർമ്മകളേയും ആവേശത്തേയും തെല്ലും മായ്ചുകളയാൻ കഴിഞ്ഞിരുന്നില്ല.

 അപ്രതീക്ഷിതമായിരുന്നു ഈ സംഗമം ഒന്നുരണ്ട് മാസങ്ങൾക്കുമുമ്പ് വരെ. പുതിയകാലത്തിന്റെ അവിഭാജ്യഘടകമായ WhatsApp കൂട്ടായ്മയിൽ പ്രിനിസിപ്പാളായ അനിത ടീച്ചറുടെ ശബ്ദം ഒഴുകിയെത്തുന്നതുവരെ മനസ്സിന്റെ കോണിൽപ്പോലുമുണ്ടായിരുന്നില്ല ഇങ്ങനെയൊരു സമാഗമ  ചിന്ത. മുപ്പത് വർഷം മുൻപാരംഭിച്ച തന്റെ അദ്ധ്യായനജീവിതത്തിന് വിരാമമിടുന്നതിന് മുൻപ് പഴയശിഷ്യരെയെല്ലാം ഒരുമിച്ച് ഒരുകുടക്കീഴിൽ കാണണമെന്നുള്ള നിസ്വാർത്ഥമായ എന്നാൽ അദമ്യമായ ഒരാഗ്രഹം ആ ശബ്ദത്തിൽ നിറഞ്ഞിരുന്നു. ആ വികാരം തിരിച്ചറിഞ്ഞ് കൂടെനിൽക്കാൻ കയ്യും മെയ്യും മറന്ന് നാട്ടിലുള്ള കുറേപേർ തയ്യാറായപ്പോൾ മറുനാട്ടിലുള്ള ഞങ്ങൾ അത് മനസ്സ് കൊണ്ട് ഏറ്റെടുക്കുകയായിരുന്നു. പിന്നീടെല്ലാം വേഗത്തിലായിരുന്നു. കമ്മിറ്റി രൂപീകരണവും പരിപാടികൾ തയ്യാറാക്കലും അതിനുള്ള ഒരുക്കങ്ങളെല്ലാം. ഏപ്രിൽ 16 ഞായറാഴ്ചയായിരുന്നു അതിനായി തിരഞ്ഞെടുത്തത്. അതുകൊണ്ടു തന്നെ ഇത്തവണത്തെ വിഷുവിന് നാട്ടിലെത്താൻ ആവേശം കൂടുതലായിരുന്നു. നാളുകളെണ്ണിയുള്ള ആ കാത്തിരിപ്പായിരുന്നു പിന്നീട്. നാട്ടിൽ നിന്നെത്തുന്ന ഓരോവിവരവും ആവേശമാവോളം ഉണർത്തുന്നതായിരുന്നു. ആ ആവേശത്തെ അതിന്റെ മൂർദ്ധന്യത്തിലെത്തിക്കുന്ന തരത്തിലായിരുന്നു പ്രശാന്തും കൂട്ടരും അവതരണഗാനം ചിട്ടപ്പെടുത്തിയത്. ഒടുവിൽ ഏപ്രിൽ 16 ന് പഴയ പള്ളിക്കൂടമുറ്റത്ത് ചെന്നിറങ്ങിയവരൊക്കെ മനസ്സുകൊണ്ട് ആ കൗമാരക്കാരായിരുന്നിരിക്കണം. പ്രായം വെറുമൊരു സംഖ്യ മാത്രമെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു അദ്ധ്യാപകരുടെ പെരുമാറ്റം. പഴയ വിദ്യാർത്ഥികളെ പുതിയ രൂപത്തിൽ കാണുമ്പോഴുണ്ടായ സന്തോഷവും അഭിമാനവും വാക്കുകളിൽ ഒതുക്കാവുന്നതല്ല. പഴയ കഥകൾ ഒരുപക്ഷെ വിദ്യാർത്ഥികളേക്കാൾ ആവേശത്തോടെ ഓർത്തെടുത്ത് ആദ്ധ്യാപകരായിരുന്നു. കടുത്ത ചൂടിൽ ഉരുകിയൊലിക്കുമ്പോഴും അതിനെയെല്ലാം അവഗണിച്ച് നഷ്ടസ്വർഗ്ഗം വീണ്ടെടുക്കുകയിരുന്നു ഞങ്ങൾ. ആനന്ദത്തിന്റെ പരകോടിയിലെത്തിയതുകൊണ്ടാകാം ഓർമ്മപ്പുസ്തകത്തിൽ കുറിക്കാനായി വാക്കുകൾ കിട്ടാതെ ഞങ്ങൾ ഉഴറിയത്. ഒരു ഡെസ്കിനു ചുറ്റും ബെഞ്ചിലിരുന്നു ഭക്ഷണം കഴിക്കുമ്പോൾ പഴയ ചോറ്റുപാത്രങ്ങളുടെ ശബ്ദവും ഗന്ധവും ചുറ്റും നിറയുന്നതും ഞങ്ങൾ അറിയുന്നുണ്ടായിരുന്നു. തുടിക്കുന്ന ഹൃദയത്തോടെ മുപ്പത് വർഷത്തെ മാറ്റം ഞങ്ങൾ നോക്കിക്കാണുകയായിരുന്നു. പഴയകലോത്സവഗാനങ്ങൾ ഉൾപ്പെടയുള്ള കലാപരിപാടികൾ വീണ്ടുമൊരു യുവജനോത്സവത്തെ ഓർമ്മിപ്പിച്ചു.

 ഹൃസ്വമായ വാക്കുകളാൽ ഔദ്യോഗികസമ്മേളനം ഉദ്‌ഘാടനം ചെയ്ത മാനേജർ ശ്രീ കെ വേണുഗോപാൽ നമ്പ്യാർ ഈ ഉദ്യമത്തെ  നിറഞ്ഞമനസ്സോടെ അഭിനന്ദിക്കാൻ തെല്ലും മടികാണിച്ചില്ല. ആദ്യത്തെ പ്രിൻസിപ്പലായ ശ്രീ കെ എൻ അരവിന്ദാക്ഷൻ മാസ്റ്റർ പ്രായത്തിന് തന്റെ ഓർമ്മകളെ തെല്ലും മായ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തെളിയിച്ചു. ഒരു പക്ഷെ ആ വേദിയിൽ ഏറെ അഭിമാനത്തോടെ നിന്നത് ഇങ്ങനെയൊരാശയം മുന്നോട്ടുവെച്ച ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി അനിത വി വി എന്ന ഞങ്ങളുടെ അനിത ടീച്ചർ തന്നെയായിരിക്കണം. സ്വപ്നസാക്ഷാൽക്കരമെന്ന വിശേഷണത്തിൽ എല്ലാമുണ്ടായിരുന്നു. ആശംസകളർപ്പിച്ച ആദ്ധ്യാപകൻ ശ്രീ രാമസുബ്രഹ്മണ്യം, സ്കൂളിലെ പ്രഥമാദ്ധ്യാപകനായ ശ്രീ വിനോദ്‌കുമാർ മേലത്ത്, പി ടി എ പ്രസിഡന്റ് ശ്രീ ശ്രീജിത്ത് വി, ഈ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റ് തുടക്കം മുതൽ ഇതിന്റെ വിജയത്തിനായി പരിശ്രമിക്കുകയും ചെയ്ത ശ്രീ പ്രദീപ് എം എസ് എന്നിവരുടെ വാക്കുകളിലും ഈ സംഗമം ഉണർത്തിയ ആവേശം തെളിഞ്ഞുകാണാമായിരുന്നു. പ്രോഗ്രാം കൺവീനർ ശ്രീമതി ജയന്തി ജയരാജ് സ്വാഗതവും, സെക്രട്ടറി ശ്രീ രഞ്ജിത്ത് ടി കെ നന്ദിയും അർപ്പിച്ചു. ഇതിന്റെ ചെയർമാനായ ഡോ വരുൺ നമ്പ്യാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഈ പരിപാടിയുടെ ജീവനാഡികളാണ് മേല്പറഞ്ഞ മൂന്നുപേരും. സമയതീരത്തിനപ്പുറത്തേക്ക് കാലം തെറ്റി പറന്നുപോയ കൂട്ടുകാരുടെ വേദനിക്കുന്ന ഓർമ്മകൾക്കുള്ള പ്രണാമമായി ഉപഹാരങ്ങൾ സമ്മാനിക്കാനും ചിലർ മറന്നില്ല. വേദനിക്കുന്ന   മനസ്സിനാശ്വാസമായി തങ്ങളുണ്ടാവുമെന്ന് പറയാതെ പറയുകയായിരുന്നു  കാൻസർ രോഗികൾക്കാശ്വാസമായി മുടി ദാനം ചെയ്ത വിദ്യാർഥികൾ. ഈ കൂട്ടായ്മയുടെ ഭാഗമായി ഇറക്കാൻ പോകുന്ന സ്മരണയികയ്ക്ക്, ഗൃഹാതുരത വിളിച്ചുണർത്തുന്ന മുഖചിത്രം മനോഹരമായി ആലേഖനം ചെയ്തത് പുതുതലമുറയിലെ ജിതിനും അരുൺദാസുമായിരുന്നു. ഔപചാരികപരിപാടികൾക്ക് ശേഷം വേദി ഒഴിഞ്ഞപ്പോൾ അത് താളമേളങ്ങൾക്ക് വഴിമാറി. എല്ലാം മറന്ന് ആടിപ്പാടുന്ന അദ്ധ്യാപകരേയും വിദ്യാർത്ഥികളെയും കണ്ട് സ്കൂൾ മൈതാനത്തെ മൺതരികൾ വരെ തുള്ളിചാടിയിട്ടുണ്ടാകും. ഏതൊരു ആഘോഷങ്ങൾക്കുമൊടുവിൽ ഒരു അവസാനമുണ്ടാകുമല്ലോ. വേർപിരിയലിന്റെ വേദന നിറഞ്ഞ ഹൃദയവുമായി ഒരു മടക്കം. പെയ്തൊഴിഞ്ഞ മഴ ബാക്കിവെക്കുന്ന കുളിരുപോലെ, കരളിലൊരായിരം സന്തോഷക്കുളിരുമായി മുപ്പതു വർഷം മുന്നോട്ടേക്ക്, വർത്തമാനക്കാലത്തേക്ക് ഞങ്ങൾ മടക്കമായി, വീണ്ടും കാണാമെന്ന വാക്കുമേകി കാണണമെന്ന മോഹമോടെ.

ആഹ്‌ളാദം

 


തുടികൊട്ടി പെയ്യണല്ലോ മാനം !

തുടികൊട്ടി പാടണെന്റെ ഹൃദയം .

വാദ്യഘോഷങ്ങളുണ്ടേ വിണ്ണിൽ !

താളമേളങ്ങളുണ്ടെൻ നെഞ്ചിൽ .

കൊള്ളിയാൻ മിന്നണല്ലോ വാനിൽ !

പൂത്തിരി കത്തണെന്റെ കണ്ണിൽ .

തലയാട്ടിയാടണല്ലോ നൽച്ചെടികൾ !

ആനന്ദനൃത്തമിന്നെൻ ഉടലിൽ .

കുളിർവീശി പായണല്ലോ തെന്നൽ !

കോരിത്തരിക്കണിന്നെൻ ചിത്തം .

തിത്തനം തെയ്യനം താരോ..

തിത്തനം തെയ്യനം താരോ..


വിജയഗാഥ

ബാംഗ്ലൂർ കേരളസമാജം 2023 ഫെബ്രുവരി 5 ന് നടത്തിയ തിരുവാതിരക്കളി മത്സരത്തിൽ കുന്ദലഹള്ളിയിലെ കലാകാരികൾ ഒന്നാം സമ്മാനം നേടിയപ്പോൾ, അവരെ അനുമോദിച്ചുകൊണ്ടും ആ സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ടും കുറിച്ച വരികൾ.


ചൂടിയല്ലോ വിജയകിരീടം ഒരുവേള കൂടി

കുന്ദലഹള്ളി മേവും തരുണീമണികൾ.  

അംബരചുംബിയായി അഭിമാനപർവം, 

പരന്നിതാ ഖ്യാതി ഉദ്യാനനഗരിയാകെ.


ഒരു ചന്ദ്രമാസത്തിലേറെ നീണ്ടുനിന്ന   

അദ്ധ്വാനം പരിപൂർണ്ണം, ചിരി വിടർന്നു. 

നിസ്വാർത്ഥകർമ്മത്തിൽ മുഴുകിടുന്ന    

ഈ സമാജമൗലിയിലൊരു തൂവല്‍ കൂടി. 


ദേവദേവൻ തിരുനാളിനെ വാഴ്ത്തിടാനായി 

ദേവി ആടിയത്രേ പണ്ട്‌ സഖിമാരുമായി!  

അകത്തളത്തിലമ്മമാർ കൈകൊട്ടിയാടി  

തിരുവാതിര മാഹാത്മ്യം അതേറ്റം പുണ്യം.


പൊരുതി പെൺകിടാങ്ങൾ വാശിയോടെ 

ജയം അതെന്ന ലക്ഷ്യം ഒന്നുമാത്രമായി. 

അകന്നു തടസ്സങ്ങൾ, എതിരാളി പോലും, 

മൃദുപാണികൾ ഏറ്റുവാങ്ങി വിജയപത്രം.  


പുതുകാലം വരും പെൺകിടാങ്ങളും, 

ജയപരാജയങ്ങൾ മാറിയേക്കാം; 

എങ്കിലും നേരുന്നു ആശംസമന്ത്രമായി 

തളരാതെ പൊരുതാൻ മറക്കരുതേ.