പേജുകള്‍‌

പ്രഭാതം

 


1.

പൊന്നുഷസ്സിന്റെ പദനിസ്വനം

തെളിയുമരുണശോണകിരണങ്ങളാല്‍ 

വിടരട്ടെ പ്രഭാതമെൻ മനസ്സില്‍ 

അകലട്ടെ തമസ്സാകും അജ്ഞാനവും


2.

തരളകപോലങ്ങൾ ഒട്ടുമേ നോവാതെ

അരുണന്‍ ധരണിയെ മെല്ലെയുണർത്തി

ആ സുഖചുംബനത്തിൻ ശീതളിമയാല-

വൾ മിഴിതുറന്നു, കോരിത്തരിച്ചുനിന്നു


3.

തരുക്കൾ ചാമരം വീശി നിൽക്കെ,  

കിളികൾ പൊഴിക്കുന്നു മഞ്ജുനാദം 

ഭാസ്കരനുർവ്വിയെ പരിണയിക്കും-

നേരം പുലർകാലം, അതിസുന്ദരം 


4.

ഭാനു കിരണങ്ങള്‍ ഒളി പടരുന്നു

ഭാവരാഗലയമേളം തുടങ്ങുന്നു

ഭാസുരജീവിതം സ്വപ്നം കണ്ട്

ഭാരം ചുമക്കുന്നു പാവം മാനവൻ


5.

നിശാഗന്ധിയും കണ്ണടച്ചീടുന്നു

നിലാവൊളി മയങ്ങുംന്നേരം

നിശാകമ്പളം  കീറിമുറിച്ചിതാ

നളിനികാന്തൻ വരവായി മന്ദം


6.

ബാലാർക്കദേവന്റെ സ്പര്‍ശനത്താലേ

തുഷാരപടലങ്ങള്‍ ഉയരുന്നിതൂഴിയില്‍ 

കുളിരാർന്ന ആലസ്യ കമ്പളം നീക്കി 

പകലോനുണര്‍ത്തുന്നു ഊഴിയെ നിത്യം


7.

അമ്മ കൊളുത്തിയ നിലവിളക്കുപോൽ  

കിഴക്കേ കോലായിൽ അരുണോദയം 

ഇളംവെയിലിനാലൊന്ന് മുഖം മിനുക്കി 

നിദ്രാലസ്യത്തിൽ നിന്നുണർന്നീടുന്നവനി


8.

ദിനകരപ്രേമം ഹിരണകിരണമായി 

നളിനീദളങ്ങളെ ചുംബിച്ചുണർത്തവേ 

മധുരമൂറും മരന്ദമുണ്ടുറങ്ങിയ ഭൃംഗം 

ചിറകടിച്ചുയരുന്നിതാ നീലവാനിൽ  


9.

സപ്താശ്വരഥമേറി പുറപ്പെടുന്നേൻ 

താരകരാജാവ് അംബരം തന്നിലൂടെ

തരുക്കൾ വീശുന്നു വെഞ്ചാമരം 

കിളികൾ മുഴക്കുന്നു മംഗളാരവം


10.

ഋതുക്കൾ പലകുറി മാറിയാലും 

ഋതുചര്യയൊട്ടൊന്നു മാറിയാലും 

ഋഷുവെന്നും ഉണർത്തിടുമ്പോൾ 

ഋജുബുദ്ധിയോടെ നീങ്ങിടുവിൻ 


11.

ആഴിയിലേറെനേരം മുങ്ങിയിട്ടോ

പുലരിത്തുടിപ്പിനെന്നുമീ കുളിര്‍മ?

ആഴിയിലെ മുത്തെല്ലാം ചൂടിയിട്ടോ

പൊന്നുഷസ്സ് ശോണിമയാര്‍ന്നിരിപ്പൂ?


12.

ഉദയാസ്തമയങ്ങള്‍ മാറി വരുംപോലെ

കുന്നുകഴിഞ്ഞൊരു കുഴിയെന്നതുപോൽ 

സുഖദുഃഖങ്ങളും ശാശ്വതമല്ലെന്നറിഞ്ഞു-

ജീവിക്കൂ, വിളങ്ങട്ടെ പുഞ്ചിരിപാരിലെന്നും 


13. 

പുലരിത്തുടിപ്പിന് ചാരുതയേകിടാന്‍ 

പുല്‍ക്കൊടിത്തുമ്പില്‍ നീര്‍മുത്തുകള്‍ 

ചെറുകുളിരിനാല്‍ രാവ് നെയ്തൊരു- 

കംബളമിളംവെയില്‍ മെല്ലെ വലിച്ചെടുപ്പൂ


14.

നിഷ്പ്രഭം! ശതകോടി നക്ഷത്ര കാന്തി  

അശ്വഹസ്തൻ കിഴക്കുദിച്ചുയർന്നാൽ. 

കെൽപ്പുള്ളൊരുവൻ വന്നുവെന്നാൽ, 

മറഞ്ഞുപോകുമേതു മുറിമൂക്കന്മാരും.