പേജുകള്‍‌

ഞങ്ങൾ ഇങ്ങനെയൊക്കെയാണ് മധൂ...






                                      അമ്മയുടെ ചൂടിനപ്പുറത്ത്  മറ്റൊരു ലോകം ഇതൾവിരിയുന്നു 
                                     അരുമറിയാതിരിക്കട്ടെ ഈ മരുലോകമെന്നു കരുതുമ്പോഴും...
                                     കൂടുതൽ പാഴ്ജന്മങ്ങൾ ഇവിടെ പുഴുക്കളെ പോലെ 
                                     ആർക്കും ആർക്കും സ്നേഹം വിളമ്പാത്ത മറ്റൊരു മായാലോകം 



മധൂ, ഇന്നലെ വരെ നീ  ഇവിടെയുണ്ടായിരുന്നു, ഈ ലോകത്ത്‌ ആരുമറിയാതെ... പക്ഷേ ഇന്ന് നീ ഞങ്ങളോടൊപ്പമില്ല; ഞങ്ങളിൽ ചിലർ നിന്നെ ഈ ലോകത്തു നിന്ന് തന്നെ പറഞ്ഞയച്ചു.  ഈ ലോകത്ത് നീ വേണ്ട എന്ന് അവർ സ്വയം തീരുമാനമെടുത്തു. നീ പോയി എന്നറിഞ്ഞ ഉടനെ ഞങ്ങൾ സടകുടഞ്ഞെഴുന്നേറ്റു. ഇപ്പോൾ നിനക്ക് വേണ്ടി ഘോരം ഘോരം വാദിക്കുകയാണ്, നിർത്താതെ കണ്ണീരൊഴുക്കുകയാണ്.നിന്റെ ഘാതകരെ ശിക്ഷിക്കാൻ മുറവിളി കൂട്ടുകയാണ്. പക്ഷെ, നീ ജീവിച്ചിരുന്നപ്പോൾ ഞങ്ങൾ ഒന്നും ചെയ്തില്ല. നീ ഉണ്ണുന്നുണ്ടോ ഉടുക്കുന്നുണ്ടോ എന്ന് അന്വേഷിച്ചില്ല, എന്തിനധികം,  മരിക്കുന്നതിന് തൊട്ടുമുൻപ് നീ ആവശ്യപ്പെട്ട ഒരിറ്റു വെള്ളം പോലും ഞങ്ങൾ തന്നില്ല. അല്ലെങ്കിലും ഞങ്ങൾ ഇങ്ങിനെയൊക്കെയാണ്‌ മധു, പക്ഷെ നീ അതറിഞ്ഞില്ല എന്ന് മാത്രം. നിനക്ക് ഒന്നുമറിയില്ലായിരുന്നു,അല്ലെങ്കിൽ അറിയേണ്ട കാര്യമില്ലായിരുന്നു. അത് കൊണ്ടല്ലേ ആരും കാണാതെ ഗുഹകളിൽ രാപാർത്തു ഇരുട്ടിന്റെ മറയിൽ മാത്രം നീ പുറത്തിറങ്ങിയത്.  നാട്ടിലെ മനുഷ്യമൃഗങ്ങളെക്കാൾ സ്നേഹമുള്ളവരാണ് കാട്ടിലെ വന്യമൃഗങ്ങൾ എന്ന് നീ മനസ്സിലാക്കിയിട്ടുണ്ടാകും, അല്ലെങ്കിൽ ഞങ്ങളെ വിട്ടു നീ അവറ്റകളുടെ കൂട്ട് തേടുമായിരുന്നില്ലല്ലോ? അവിടെ നീ സന്തോഷത്തോടെ ജീവിച്ചു, ആരും നിന്നെ ഉപദ്രവിച്ചില്ല, ആരും നിന്നെ അന്വേഷിച്ചു വന്നതുമില്ല. 

ഞങ്ങളും നിന്നെ ഉപദ്രവിക്കില്ലായിരുന്നു, ഇരുട്ടിന്റെ മറയിൽ തന്നെ നീ കഴിഞ്ഞിരുന്നെങ്കിൽ, നിന്റെ വിശപ്പ് മാറ്റാൻ ഞങ്ങളുടെ അന്നം നീ കട്ടെടുത്തിരുന്നില്ലെങ്കിൽ (അതും സത്യമാണോ എന്ന് ഞങ്ങൾ അന്വേഷിക്കാൻ മിനക്കെട്ടില്ല). അതുകൊണ്ടല്ലേ നിന്നെ സംരക്ഷിക്കേണ്ടവർ തന്നെ നിന്നെ മരണത്തിലേക്ക് കൊണ്ട് നയിച്ചത്??. ഇപ്പോൾ ഞങ്ങൾ എല്ലാവരും നിന്റെ കൂടെയുണ്ട്. ഇവിടുത്തെ ഭരണപക്ഷവും പ്രതിപക്ഷവും സാധാരണക്കാരായ ജനങ്ങളും നിന്നോടൊപ്പമാണ്, അങ്ങെനയാണെന്നു വരുത്തിത്തീർക്കാൻ ഞങ്ങൾ അശ്രാന്തം പരിശ്രമിക്കുന്നുണ്ട് .അത് പക്ഷെ നീ അറിയുന്നില്ല എന്നേയുള്ളൂ. നിനക്ക് നീതി വാങ്ങിച്ചു തരാൻ  ഞങ്ങൾക്കു തിടുക്കമായി മധൂ. നിനക്ക് ഒരു പിടി ചോറ് തരാനോ  ഒരിറ്റു വെള്ളം തരാനോ മാത്രമേ ഞങ്ങൾക്ക് കഴിയാത്തതുള്ളൂ ..ഞങ്ങളിൽ ചിലർ നിന്നെ സഹോദരനായും മകനായും സുഹൃത്തായും ദത്തെടുത്തു കഴിഞ്ഞു. വേണ്ടാ മാത്രം എന്ന് പറയല്ലേ മധൂ; അത് ഞങ്ങൾക്ക് സഹിക്കാൻ പോലും പറ്റില്ല. കാരണം ഇനി നിനക്ക് കഴിഞ്ഞുകൂടാനുള്ളതൊന്നും തരേണ്ട കാര്യമില്ലല്ലോ. ചുളുവിൽ ഒരു ബന്ധുത്വം കിട്ടുമെങ്കിൽ, അതിനെക്കൊണ്ട് ഗുണം കൂടിയുണ്ടെങ്കിൽ എന്തിനാ കളയുന്നത് എന്ന് ഞങ്ങളും കരുതി.  

ഞങ്ങളെ അറിയില്ലേ നിനക്ക്? ഏറ്റവും ഉയർന്ന സംസകാരമുള്ളവർ, സംസ്കാരസമ്പന്നർ എന്നൊക്കെയാണ് ഞങ്ങൾ അറിയപ്പെടുന്നത്. വിവരമാണെങ്കിൽ പറയുകയും വേണ്ട. 100 % ശതമാനം സാക്ഷരരാണ് ഞങ്ങൾ. ഈ ലോകത്തുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾക്കറിയാം. അതൊക്കെ വളരെ സൂക്ഷ്മമായും കൃത്യമായും നിരീക്ഷിക്കുന്നുമുണ്ട് .ദൈവത്തിന്റെ സ്വന്തം നാട്  എന്ന് നമ്മുടെ നാടിനു പേരുള്ള കാര്യം നിനക്കറിയാൻ  വഴിയില്ല മധു, കാരണം നിനക്ക് കച്ചവടതാല്പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ. കാടിനെ അറിയാം എന്നുള്ളത് മാത്രമായിരുന്നു നിന്റെ യോഗ്യത,ഛേ ..വളരെ വളരെ മോശം...

നിനക്ക് ലക്ഷങ്ങളോ  കോടികളോ സമ്പാദ്യമുണ്ടായിരുന്നോ, ഇല്ലല്ലോ? കൂടാതെ ഒരു അധികാരവർഗ്ഗത്തെയും നിനക്ക് പരിചയവുമുണ്ടായിരുന്നില്ല. 9 വർഷങ്ങൾക്കു മുൻപ് വീടിനെയും അമ്മയേയും ഉപേക്ഷിച്ചു കാടു കയറിയ നീ വോട്ടും ചെയ്തിട്ടുണ്ടാവില്ല; അപ്പോൾ നീ ഒരു വോട്ട് ബാങ്കിന്റെയും ഭാഗവുമല്ല. നിനക്കറിയുമോ എന്നറിയില്ല, ലോകത്തുള്ള എല്ലാ അക്രമത്തിനെതിരെയും ശബ്ദമുയർത്തുന്നവരാണ് ഞങ്ങൾ. സമരമാണ് ഞങ്ങളുടെ ആയുധം. സദ്ദാം ഹുസൈനെ അമേരിക്ക കഴുമരത്തിലേറ്റിയപ്പോൾ ഞങ്ങൾ പ്രതിഷേധിച്ചു. പലസ്തീനിൽ ഇസ്രായേൽ അതിക്രമം കാട്ടിയപ്പോഴും ഞങ്ങൾ പ്രതിഷേധിച്ചു എന്തിനേറെ പറയുന്നു, ഉത്തരേന്ത്യയിൽ നിന്നെ പോലുള്ളവരെ മുതലാളി വർഗ്ഗം കൊന്നു തള്ളിയപ്പോഴും ഞങ്ങൾ രോഷം കൊണ്ട് വിറച്ചു. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി, ആവിഷ്കാര സ്വാതന്ത്ര്യത്തിനായി ഞങ്ങൾ തെരുവിലിറങ്ങി ആക്രോശിച്ചു; തെരുവ് യുദ്ധക്കളമാക്കി മാറ്റി പലപ്പോഴും. ആ ഞങ്ങൾ തന്നെ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു പാവം യുവാവിനെ വെട്ടിക്കൊന്നു. നീ അറിഞ്ഞിരുന്നോ ആ കാര്യം? പത്രം വായിക്കാത്ത, ടീവി കാണാത്ത ചരുങ്ങിയ പക്ഷം വാട്സപ്പ് എങ്കിലും നോക്കാത്ത നീ അതെങ്ങിനെ അറിയാൻ..?എന്തൊരു മണ്ടൻ ചോദ്യമാണല്ലേ..? അത് ഞങ്ങൾ ആഘോഷിക്കുകയായിരുന്നു; മാധ്യമധർമ്മത്താൽ മതിമറന്ന നമ്മുടെ ചാനലുകളെല്ലാം ഇഴകീറി ആ കൊലപാതകത്തെ  പരിശോധിക്കുകയായിരുന്നു. എന്തിനേറെപ്പറയുന്നു മാധ്യമവിചാരണ നടത്തികുറ്റക്കാരെ തൂക്കിലേറ്റുകപോലും ചെയ്തു ഞങ്ങളിൽ ചിലർ . അതിനിടയിലാണ് നീ അരി മോഷ്ടിക്കാൻ ഇറങ്ങിയതും തല്ലുകൊണ്ട് മൃതനായതും. ഞങ്ങൾ ഇപ്പോൾ വെട്ടിക്കൊന്നത് മറന്നു തല്ലിക്കൊന്നത് ആഘോഷിക്കുകയാണ്. അല്ലെങ്കിലും കൊലപാതകങ്ങളും മരണങ്ങളും അക്രമങ്ങളും ഹർത്താലുകളും എല്ലാം ഞങ്ങൾക്ക് ആഘോഷങ്ങൾ മാത്രമാണല്ലോ.ഈ ആഘോഷങ്ങൾ കാരണം കൊച്ചുകുഞ്ഞുങ്ങൾക്കു വരെ നിന്നെ അറിയാം, വളരെ അടുത്ത പരിചയക്കാരനെന്നത് പോലെ.

നിന്നെ പോലുള്ളവരുടെ കാടു ഞങ്ങൾ കയ്യേറി എന്ന് ചിലർ പറയുമായിരിക്കും. അത് കയ്യേറ്റമല്ലേ എന്ന് ചോദിക്കുകയും ചെയ്യുമായിരിക്കും; പക്ഷെ അങ്ങിനെ ചോദിയ്ക്കാൻ പാടില്ല, കാരണം അവർ  കർഷകവിരുദ്ധനായി മുദ്രകുത്തപ്പെടും. കാടും നാടും ഞങ്ങൾക്ക് മാത്രമുള്ളതാണ്. 

നിങ്ങളെ സമൂഹത്തിലെ ഉന്നതിയിൽ എത്തിക്കാൻ ഞങ്ങൾ എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ട് എന്ന് നീ അറിയുന്നുണ്ടോ മധു? അതിനായി അഹോരാത്രം പ്രയത്നിക്കുകയാണ്  ഇവിടുത്തെ ഭരണകൂടവും ഭരണാധികാരികളും. എന്ത് മാത്രം കാശാണ് കേന്ദ്രവും സംസ്ഥാനവും കൂടി ചിലവാക്കുന്നത് എന്നറിയാമോ? അതൊക്കെ എവിടെ പോയി എന്ന് മാത്രം ചോദിക്കരുത്, ചില വായിൽ പോയി എന്ന് മാത്രം മനസിലാക്കുക. അല്ലെങ്കിൽ തന്നെ കുറച്ചു കൂടി ക്ഷമിക്കാമായിരുന്നില്ലേ മധു നിനക്ക്? കാട്ടിലെ പഴങ്ങൾ കഴിച്ചും അരുവിയിലെ വെള്ളം (അതൊക്കെയുണ്ടോ ആവോ..?) കുടിച്ചും നിനക്ക് അവിടെ തന്നെ കൂടാമായിരുന്നില്ലേ? നാട്ടിൽ ഇറങ്ങി മോഷ്ടിക്കാതെ വനത്തിലെ നിന്റെ ഗുഹയിലേക്ക് തന്നെ പാലും തേനും വേണ്ടുവോളം ഒഴുക്കിയേനെ.അതിനുള്ള സാവകാശം പോലും നീ ഞങ്ങൾക്ക് തന്നില്ലല്ലോ മധു..ഞങ്ങളുടെ മാധ്യമങ്ങൾ വെട്ടിക്കീറിയവന്റെ ആഘോഷം നടത്തുന്നതിനിടയിൽ നീ എന്തിനീ കടും കൈ ചെയ്തു? ഞങ്ങൾ ഇപ്പോൾ ആർക്കൊപ്പം നിൽക്കണം എന്നറിയാതെ ധർമ്മസങ്കടത്തിലാണ്. 

നിനക്കറിയുമോ മധൂ, ഞങ്ങൾക്ക് ഇവിടെ സാംസ്കാരികനായകന്മാരും ബുദ്ധിജീവികളും ഉണ്ട്. അതെന്തു വർഗ്ഗമാണ് എന്ന് നീ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും. തിന്മകൾ കണ്ടാൽ പ്രതികരിക്കുന്നവരാണവർ എന്നാണ് സങ്കല്പം അല്ലെങ്കിൽ അങ്ങിനെയൊരു വിശ്വാസം ഞങ്ങളിൽ പലർക്കും ഉണ്ട് . അവർ നിനക്ക് വേണ്ടി മുറവിളി കൂട്ടും എന്ന് ഉടനേ നീധരിച്ചേക്കല്ലേ മധൂ; കാരണം പ്രത്യയശാസ്ത്രം അല്ലെങ്കിൽ വർഗ്ഗം/വർണ്ണം ഒക്കെ നോക്കി പ്രതികരിക്കാൻ മാത്രമേ  അവർക്കറിയൂ. 51 വെട്ടു വെട്ടിയപ്പോൾ കുറേപേർ പ്രതികരിച്ചു പക്ഷെ ഇത്തവണ 37 വെട്ടു വെട്ടിയപ്പോൾ അവർ മിണ്ടിയില്ല; ഒരു പക്ഷെ 52 ആയിരുന്നെങ്കിൽ മിണ്ടിയേനെ, ഭരണകൂടത്തിനെ അക്ഷരാർത്ഥത്തിൽ വിറകൊള്ളിച്ചേനെ. നിനക്കാണെങ്കിൽ വെട്ടും കിട്ടിയിട്ടില്ല,പോരെങ്കിൽ മോഷണം എന്ന കൊടും കുറ്റം നിന്നിൽ ആരോപിച്ചിട്ടുമുണ്ട് . അപ്പോൾ എങ്ങിനെ പ്രതികരിക്കും? വളരെ മോശം പ്രവർത്തിയല്ലേ നീ ചെയ്തത്? ഒന്നാലോചിച്ചു നോക്ക്... 

ഒരു കണക്കിന് എത്ര ഭാഗ്യവാനാണ് നീ എന്ന് അറിയുന്നുണ്ടോ? മരിക്കുന്നതിന് തൊട്ടു മുൻപുള്ള നിന്റെ ചിത്രം അത് ഞങ്ങളിൽ ചിലർ എടുത്തില്ലേ (അതും സെൽഫീ)? വേറെ  ആർക്കു കിട്ടിയിട്ടുണ്ട് ഈ ഭാഗ്യം? ഞങ്ങളുടെ ന്യൂ ജനറേഷൻ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ അത് ഇപ്പോൾ വൈറൽ അല്ലേ... എത്രയാ ലൈക് കിട്ടുന്നത്? ഹോ, ഇതൊക്കെ കാണാൻ നിനക്ക് യോഗമില്ലാതായിപ്പോയല്ലോ... അത് മാത്രമോ? ഭരണപക്ഷവും പ്രതിപക്ഷവും ഇതല്ലാത്തവരും ഒക്കെ നിന്റെ ഊരിലേക്കു നിത്യസന്ദർശനം നടത്തികൊണ്ടിരിക്കുകയാണ്. അവർ ഒരു പക്ഷെ നിന്റെ കുടുംബത്തെ ദത്തെടുക്കുമെന്നും, അവർക്കു വേണ്ടതൊക്കെ കൊടുക്കുമെന്നും നിയമനടപടികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുമെന്നും ഒക്കെ  മാധ്യമങ്ങളുടെ മുന്നിൽ വച്ച് വലിയ വായിൽ പ്രസ്താവന നടത്തും. ഇനി ഇതുപോലൊരു മധു ഇവിടെ ഉണ്ടാകാൻ അനുവദിക്കില്ല എന്ന് പ്രതിജ്ഞ വരെ എടുത്തേക്കും.അതു കണ്ടിട്ടൊന്നും നിന്റെകണ്ണ് മഞ്ഞളിക്കരുതേ മധൂ..ഇതൊക്കെ ഓരോ നമ്പറുകൾ അല്ലേ ..പിടിച്ചുനിൽക്കണ്ടേ, തിരഞ്ഞെടുപ്പ് വരാറായില്ലേ. മര്യാദക്ക് വോട്ട് ചോദിച്ചാൽ ആരും തരില്ല എന്നറിയാമല്ലോ, അപ്പോൾ ഇത് പോലുള്ള ഞൊടുക്ക് വിദ്യകൾ ഉണ്ടെങ്കിലേ കാര്യം നടക്കൂ. 

നീ ഉത്തരേന്ത്യയിലായിരുന്നെങ്കിൽ ഞങ്ങൾ ഇവിടെ ഇളക്കിമറിച്ചേനെ, കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയേനെ.ആ നല്ലൊരവസരം നീ കളഞ്ഞില്ലേ മധു? നിനക്ക് വല്ല UP യിലോ ബിഹാറിലോ ഒക്കെ ജനിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ..ഇതിപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലായതിനാൽ ഞങ്ങൾക്ക് അധികം മിണ്ടാനും പറ്റത്തില്ല. നിന്നെ തല്ലിയത്  ഗോസംരക്ഷകരായിരുന്നെങ്കിൽ ഞങ്ങൾക്ക് ബീഫ് ഫെസ്റ്റിവൽ നടത്താമായിരുന്നു. നിന്റെ ഊരിലെ എല്ലാവര്ക്കും ഞങ്ങൾ വയറു നിറച്ചും ബീഫ് ബിരിയാണി കൊടുത്തേനെ, അതും കാശില്ലാതെ. ഇതിപ്പോൾ അതും ചെയ്യാൻ കഴിയില്ലല്ലോ. നിനക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ലാത്തതിനാൽ ഞങ്ങളുടെ അവാർഡുകൾ മടക്കികൊടുക്കാനോ, ഹർത്താലുകൾ നടത്താനോ ഞങ്ങൾക്ക് നിർവ്വാഹമില്ല. നിന്റെ പേരിൽ മഹാ അപരാധമായ മോഷണം ചാർത്തിയിട്ടുള്ളതിനാൽ ഞങ്ങൾക്ക് തെരുവ് നാടകം നടത്താനോ, ആവിഷ്കാരസ്വാതന്ത്ര്യത്തിനായി ഘോരം ഘോരം പ്രസംഗിക്കാനോ കഴിയില്ല. പിന്നെ ചെയ്യാൻ പറ്റുന്നത് നിരാഹാരമാണ്, പക്ഷെ അതിനു മാത്രമൊന്നുമില്ല മധു ഈ സമൂഹത്തിൽ നിന്റെ സ്ഥാനം. ഇനി ഭരണകർത്തവ്യനിർവ്വഹണത്തിലെ വീഴ്ചയായി കരുതാമെന്നു വച്ചാൽ പോലീസും പാർട്ടികളും മാധ്യമങ്ങളും അങ്ങനെ പലരും ചേർന്ന് ഒരു അന്വേഷണം നടത്തി സത്യം തെളിയിക്കണം. നീ മോഷ്ടിച്ചിട്ടില്ല എന്നും നിരപരാധിയായിരുന്നു എന്നും ഞങ്ങൾക്ക് ബോധ്യം വരണം . പക്ഷെ അതിനൊക്കെ ആർക്കാണ് സമയം, അല്ലെങ്കിൽ അതൊക്കെ വേണമെന്ന് ആർക്കാണ് ഇത്ര നിർബന്ധം? അങ്ങിനെ തെളിഞ്ഞാൽ മാത്രമല്ലേ ഞങ്ങൾക്ക് മുഖ്യമന്ത്രിയുടെ വരെ രാജി ആവശ്യപ്പെടാൻ കഴിയൂ. 

പിന്നെ നേരത്തെ പറഞ്ഞത് പോലെ, ഞങ്ങൾ സംസ്കാരസമ്പന്നർ അല്ലെ? വെറുതെ ഇത് പോലുള്ള ചെറിയ ചെറിയ കാര്യങ്ങൾക്കു സമരം നടത്താൻ പറ്റുമോ? അതൊക്കെ മോശമല്ലേ.. പറ്റുമെങ്കിൽ നിന്റെ പേരിൽ ഞങ്ങൾ ഒരു അവാർഡ് പ്രഖ്യാപിക്കാം, എന്നിട്ട്  ഞങ്ങളുടെ മക്കൾക്ക് തന്നെ ആർക്കെങ്കിലും ആ അവാർഡ് കൊടുക്കാം. പാവങ്ങൾ..ജീവിച്ചു പൊയ്ക്കോട്ടേ. ആ അവാർഡും നിന്റെ കുടുംബത്തിലുള്ളവർക്കു വേണമെന്ന് വാശി പിടിക്കരുതേ മധൂ..അവരുടെ സെൽഫി എടുത്തു ഫേസ്ബുക്കിൽ ഇടാം, അതിനേക്കാളും വലുതല്ലല്ലോ ഇക്കാലത്ത് ഒരവാർഡ്‌.

ഇതിനേക്കാളേറെ ഞങ്ങൾക്കു ചെയ്യാൻ കഴിയുമായിരുന്നു, നീ ഒരു വർഗ്ഗീയസംഘര്ഷത്തിന്റെയോ രാഷ്ട്രീയസംഘട്ടനത്തിന്റെയോ ഇരയായി മാറിയിരുന്നെങ്കിൽ. നിന്റെ പേരിൽ ഞങ്ങൾ സ്മാരകങ്ങൾ പണിതേനെ; ബക്കറ്റ് പിരിവു നടത്തി ഞങ്ങൾക്ക് ഇത്തിരി കാശും ഉണ്ടാക്കാൻ കഴിഞ്ഞേനെ. നിന്റെ വീട്ടുകാർ പുലകുളിയടിയന്തിരം നടത്തി കഴിഞ്ഞാൽ ഉടനെ ഞങ്ങൾ സമാധാനയോഗങ്ങൾ വിളിച്ചുചേർത്ത് ചായയും ബിസ്ക്കറ്റും കഴിച്ചു സന്തോഷത്തോടെ പിരിഞ്ഞേനെ. നിനക്ക് ഇതിലും വലിയ മൈലേജ് ഒരു പക്ഷെ കിട്ടിയേനെ.എന്ത് ചെയ്യാം, നിനക്ക് യോഗമില്ലാതായിപ്പോയി. 

അല്ലെങ്കിൽ ബാങ്കിൽ നിന്ന് കോടികൾ ലോൺ എടുത്തു നീ നാടുവിടണമായിരുന്നു.ലോൺ  എടുത്താൽ മാത്രം മതിയായിരുന്നു, നാട് വിടാൻ ഞങ്ങൾ തന്നെ സഹായിച്ചേനെ. അന്താരാഷ്ട്രമാധ്യമങ്ങളിൽ വരെ നിന്റെ പേരും പടവും വന്നേനെ, അതിനും നിനക്ക് യോഗമില്ലാതായി, എന്ത് ചെയ്യാം വിധി എന്നല്ലാതെ.

ചുരുക്കിപ്പറഞ്ഞാൽ ഞങ്ങൾ ഇങ്ങനെയൊക്കെയാണ് മധൂ, സാംസ്കാരികമായും വിദ്യാഭ്യാസപരമായും മുന്നിൽ നിൽക്കുന്നവർ, ഉയർന്ന ചിന്താശേഷിയും പ്രതികരണശേഷിയും ഉള്ളവർ. പക്ഷെ വിശക്കുന്നവനു ഒരു നേരത്തെ ആഹാരം കൊടുക്കാനോ, ദാഹിക്കുന്നവന് ഒരിറ്റു വെള്ളം കൊടുക്കാനോ സഹജീവികളോട് കരുണ കാണിക്കാനോ അറിയാത്തവർ, കൂടാതെ വെട്ടിക്കൊല്ലാനും തല്ലിക്കൊല്ലാനും അറിയുന്നവർ എന്നുകൂടി ചേർത്ത് പറയേണ്ടവർ..അതാണ്, അതാണ് ഞങ്ങൾ മലയാളികൾ എന്ന് നീ തിരിച്ചറിയേണ്ടിയിരിക്കുന്നു.














പ്രണയം


ആവി പറക്കുന്ന കാപ്പി ഊതി ഊതി കുടിച്ചു കൊണ്ട് രവി പതുക്കെ ബാൽക്കണിയിലേക്കു നടന്നു.സമയം വൈകുന്നേരം 5 മണി ആകുന്നതേയുള്ളൂ.ഭാര്യയും മോനും നാട്ടിൽ പോയതിനാൽ തനിച്ചു കിട്ടിയ സമയം പുസ്തകം വായിച്ചും മനസ്സിൽ സ്വരൂക്കൂട്ടി വെച്ചിരുന്ന വാക്കുകൾ കടലാസ്സിൽ കുത്തിക്കുറിച്ചും തന്റേതായ ലോകത്തു ജീവിക്കുകയായിരുന്നു അയാൾ. ബാൽക്കണിയിൽ നിന്ന് കാപ്പി കുടിച്ചു കൊണ്ടിരിക്കെ രവി ആകാശത്തേക്ക് നോക്കി, മേഘാവൃതമായ അന്തരീക്ഷം ആണ്. മഴയ്ക്ക് സാധ്യത ഉണ്ട്, ചെറുതായി തണുത്ത കാറ്റും വീശുന്നുണ്ട്. ആ സായാഹ്നം ആസ്വദിച്ചുകൊണ്ടിരിക്കെയാണ് ശിവന്റെ വാക്കുകൾ അപ്രതീക്ഷിതമായി അവന്റെ കാതുകളിൽപെയ്തിറങ്ങിയത്. കുറച്ചു മുൻപ് നടന്ന ആ സാധാരണ സംഭാഷണം രവിയെ ചെറുതായി അസ്വസ്ഥനാക്കി. ശിവൻ, വര്ഷങ്ങള്ക്കു മുൻപ് ഒരുമിച്ചു ജോലി ചെയ്തിരുന്നവനാണ്, ഇടയ്ക്കു ഇത് പോലെ വിളിച്ചു കുശലാന്വേഷണം നടത്താറുണ്ട്. അത് പോലുള്ള തികച്ചും സാധാരണമായ ഒരു സംഭാഷണമായി ഇതും മാറേണ്ടതായിരുന്നു. പക്ഷെ ശിവൻ പറഞ്ഞ ഒരു കാര്യം രവിയുടെ മനസ്സിനെ മദിക്കാൻ തുടങ്ങി.
"എടാ, നിനക്ക് മീരയെ ഓർമ്മയുണ്ടോ?" ശിവന്റെ ആ ചോദ്യം രവിക്ക് ആദ്യം മനസ്സിലായില്ല. "മീര..????" രവി തന്റെ ഓർമ്മയിൽ കുറച്ചു സമയം പരതി. "എടാ നമ്മുടെ കൂടെ ജോലി ചെയ്തിരുന്നില്ലേ, വെളുത്തു മെലിഞ്ഞ ആ കണ്ണടക്കാരി. നമ്മുടെ മത്തായിയും സത്യനും വളക്കാൻ നോക്കിയാ പെണ്ണ്" ശിവൻ, രവിയുടെ ഓർമ്മകളെ വർഷങ്ങൾ പിന്നോട്ട് കൊണ്ട് പോയി.
'മീര...' രവി ആ പേര് ഒന്ന് രണ്ടു വട്ടം ഉരുവിട്ടു. 'മീര...എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച മീര... എന്റെ രാവുകളെ നിദ്രാവിഹീനയാക്കിയ മീര. ആ മീരയെക്കുറിച്ചാണോ ഇവൻ പറയുന്നത്..?' തന്റെ മനസ്സിൽ ഒരു വിങ്ങൽ നിറയുന്നത് രവി അറിഞ്ഞു. തുടർന്ന് ശിവൻ പറഞ്ഞതൊന്നും അവൻ കേട്ടില്ല, വെറുതെ മുക്കിയും മൂളിയും ഒരു വിധം ആ സംഭാഷണം അവസാനിപ്പിച്ചു. മണിക്കൂറുകൾക്കു മുൻപ് നടന്ന ആ സംസാരമാണ് ഇപ്പോൾ വീണ്ടും തന്റെ മനസ്സിലേക്ക് കടന്നു വന്നതെന്ന് രവി അറിഞ്ഞു. തണുത്ത കാറ്റ് രവിയുടെ മനസ്സിനെ ആർദ്രമാക്കി, ആ ആർദ്രതയിൽ ഒരു നനുത്ത സ്പർശമായി മീര മനസ്സിൽ നിറയുന്നത് അവൻ അറിഞ്ഞു.ഒരു നിമിഷം അവൻ ഭാര്യയെ മറന്നു,മോനെ മറന്നു.

                                                                     *        *       *       *       *       *       *        *        *

പതിവ് പോലെ തിരക്കിട്ട ജോലിയിലായിരുന്നു അന്നും. അല്ലെങ്കിലും ഈയിടെയായി നല്ല ജോലിയാണ് ഓഫീസിൽ. മിക്കവാറും വീട്ടിലേക്കു തിരിച്ചു പോകുന്നത് പാതിരാത്രിക്ക് ആയിരിക്കും. ഒറ്റത്തടിയായതിനാൽ അതൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. അങ്ങിനെ കാര്യമായ എന്തോ ജോലിക്കിടയിലാണ് HR ഡിപ്പാർട്മെന്റിലെ മനോജ് അങ്ങോട്ട് കടന്നു വന്നതും "പുതിയതായി ചേർന്ന കുട്ടിയാണ്, പേര് മീര" എന്നൊക്കെ പറഞ്ഞു ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തിയതും. മനസ്സ് മുഴുവനും വൈകുന്നേരം തീർക്കേണ്ട ജോലിയിലായതിനാൽ മറുത്തൊന്നും ചോദിക്കാനോ കൂടുതൽ  കേൾക്കാനോ ശ്രമിച്ചില്ല. വിടർന്ന കണ്ണുകളോടെ തന്നെ നോക്കിക്കൊണ്ടിരുന്ന ആ പെൺകുട്ടിയെ പക്ഷെ രവി ശ്രദ്ധിച്ചില്ല, അല്ലെങ്കിൽ ആ കണ്ണുകളിലെ തിളക്കം തിരിച്ചറിയാൻ രവിക്ക് കഴിഞ്ഞില്ല എന്ന് വേണം പറയാൻ.

"എടാ, അവൾ മലയാളിയാടാ...പാലക്കാട്ടുകാരി.." ഒരു വലിയ രഹസ്യം പുറത്തുവിടുന്നത് പോലെ മത്തായിയാണ് ആ വാർത്ത പിറ്റേന്ന് ഞങ്ങളെ അറിയിച്ചത്. അല്ലെങ്കിലും ഈ വക കാര്യങ്ങളിൽ അവനെ വെല്ലാൻ ആർക്കും കഴിയില്ല എന്ന് ഞങ്ങൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
"വിടർന്ന കണ്ണ് , നീണ്ട മൂക്ക് ....." മത്തായിയും സത്യനും മീരയുടെ സൗന്ദര്യവർണ്ണനയിൽ മുഴുകിയിരിക്കുകയാണെന്നു രവിക്ക് മനസ്സിലായി, പക്ഷെ അവൻ അതിലൊന്നും താൽപ്പര്യം കാണിച്ചില്ല.

"എന്നാ ജാഡയാണെടാ അവൾക്ക് ? ഒന്നുമില്ലെങ്കിലും നമ്മളൊക്കെ മലയാളികളല്ലേ.." മീരയെ മണിയടിക്കാൻ പോയ മത്തായി നിരാശയോടെ അങ്ങനെ പറഞ്ഞത് പിന്നെയും കുറച്ചു ദിവസം കഴിഞ്ഞാണ്.

"ശരിയാ അളിയാ , അവൾക്കു നമ്മളെയൊന്നും കണ്ണിൽ പിടിക്കുന്നില്ല.." സത്യനും തന്റെ നിരാശ മറച്ചു വെച്ചില്ല.

രവിയാകട്ടെ ഒന്നും മിണ്ടാതെ അവർ പറയുന്നതും കേട്ടിരുന്നതേയുള്ളൂ..

ഓഫീസിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇതുപോലുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാൻ എന്തുകൊണ്ടോ രവിക്ക് മനസ്സ് വന്നില്ല.

"അളിയാ...അവൾക്കു നിന്നെയാടാ നോട്ടം..!!!!" 
പതിവായുള്ള വൈകുന്നേരത്തെ ചായ കുടിക്കുന്നതിനിടയിൽ ശിവനാണ് അപ്രതീക്ഷിതമായി ആ ബോംബ് പൊട്ടിച്ചത്.

"ഇവനെയോ..?????? ഒരു പെണ്ണിന്റെ മുഖത്ത് പോലും നോക്കാൻ ധൈര്യമില്ലാത്ത ഇവനെ അവള് നോട്ടമിട്ടെന്നോ...??? ഞാൻ വിശ്വസിക്കില്ല..." അസന്നിഗ്ധമായി മത്തായി പറഞ്ഞു. രവിയാകട്ടെ ഒന്നും മിണ്ടാതെ ചായ കുടിച്ചു. ആ സംഭവം അവിടെത്തന്നെ അവസാനിച്ചു. ശിവന്റെ വാക്ക് വിശ്വസിക്കാനോ നിഷേധിക്കാനോ രവി താല്പര്യം കാണിച്ചില്ല  എന്നതായിരുന്നു കാരണം.

അങ്ങനെയിരിക്കെയാണ് ജോലി സംബന്ധിച്ചു മീരയുമായി രവിക്ക് സംസാരിക്കേണ്ടി വന്നത്. തന്നെ കണ്ടതും മീര നാണം കൊണ്ട് തുടുത്തതും സംസാരിക്കുമ്പോൾ കണ്ണുകളിലുണ്ടായ തിളക്കവും രവി കാര്യമായി എടുത്തില്ല. ഒന്നും അറിയാത്തതു പോലെ രവി പെരുമാറി.അതിനുശേഷം പലതവണ രവിക്ക് മീരയുമായി ഇടപഴകേണ്ടി വന്നു. അപ്പോഴെല്ലാം ആ മുഖത്തും കണ്ണുകളിലും ഉണ്ടാകുന്ന ഭാവമാറ്റം രവി ശ്രദ്ധിച്ചു. പക്ഷെ അവൻ ഒന്നും അറിഞ്ഞ ഭാവം നടിച്ചില്ല, ആരോടും ഒന്നും പറഞ്ഞുമില്ല. മറ്റുള്ളവരുടെ മുൻപിൽ വച്ച് മീരയെ കണ്ടാലും സാധാരണ രവി നോക്കാറില്ലായിരുന്നു. അപ്പോഴൊക്കെ അവളുടെ മുഖം വാടുന്നതും അവൻഅറിഞ്ഞിരുന്നില്ല.

ദിവസങ്ങൾ പതുക്കെ കടന്നു പോയി, തന്നിലെ മാറ്റം പതുക്കെ രവി തിരിച്ചറിയുന്നുണ്ടായിരുന്നു. ആരും കാണാതെ അവൻ മീരയെ ശ്രദ്ധിക്കാൻ തുടങ്ങി. അവൾ അടുത്തെത്തുമ്പോൾ ഒരു വല്ലാത്ത പരവേശം അനുഭവപ്പെടുന്നതായി അവൻ അറിഞ്ഞു. തനിക്കു വന്ന മാറ്റം ആരും അറിയാതിരിക്കാൻ രവി നന്നേ ശ്രദ്ധിച്ചു. മത്തായിയും സത്യനും മീരയെ വളക്കാൻ നോക്കുന്ന കഥകളും കേട്ട് ഒന്നും മിണ്ടാതെ അവരുടെ കൂടെ ചായയും കുടിച്ചിരുന്നു.

ഒരു സ്വപ്നമായി മീര തന്റെയുള്ളിൽ വളരുന്നത് രവി പതുക്കെ തിരിച്ചറിയുകയായിരുന്നു. ഇതുവരെ ജോലി മാത്രം ചിന്തിച്ചിരുന്ന തനിക്കു ഒരു പെണ്ണിനെ പറ്റി ചിന്തിക്കാനും പറ്റും എന്ന് രവിക്ക് മനസ്സിലായി. മീര തന്റെ സ്വപ്നങ്ങളിൽ നിറയുന്നത് രവി അറിയുകയായിരുന്നു, അത് അവൻ അനുഭവിക്കുകയായിരുന്നു എന്ന് വേണം പറയാൻ.

അന്ന് പതിവിലും വൈകിയാണ് രവി ഓഫീസിൽ ചെന്നത്. ഗേറ്റ് കടന്നു അകത്തേക്ക് കയറുമ്പോൾ തന്നെ മീര അവിടെ കൂട്ടുകാരികളെ കൂടെ ഇരിക്കുന്നത് കണ്ടു. തന്നെത്തന്നെ നോക്കുന്ന മീരയെ നോക്കി അവൻ മനോഹരമായി പുഞ്ചിരിച്ചു. അവൾ അത്ഭുതത്തോടെ തന്റെ കൂട്ടുകാരികളെ നോക്കുന്നത് രവി കണ്ടെങ്കിലും ഒന്നും മിണ്ടാതെ ഒരു മൂളിപ്പാട്ടുമായി  തന്റെ ഇരിപ്പിടത്തിലേക്കു പോയി.

ആ സംഭവത്തിന് ശേഷം മീരയെ കാണുമ്പോഴൊക്കെ രവി ചിരിക്കാൻ തുടങ്ങി, അവൾ തിരിച്ചും. അവളുടെ കൂട്ടുകാരികളോട് രവി സംസാരിക്കാൻ തുടങ്ങിയെങ്കിലും മീരയെ അവൻ മനപ്പൂർവ്വം അകറ്റി നിർത്തി. അവൾ ഇപ്പോൾ മത്തായിയുടെയും സത്യന്റേയും ശിവന്റെയും സുഹൃത്താണ്. അവരോടു തമാശകൾ പറഞ്ഞും തോളിൽ തട്ടിയും മീര സംസാരിക്കുമ്പോൾ ഒരു നൊമ്പരത്തോടെ, എന്നാൽ ഒന്നും മിണ്ടാതെ രവി അത് നോക്കി നിന്നു.
ചില ദിവസങ്ങളിൽ വൈകുവോളും ജോലി ചെയ്തിരിക്കവേ മീരയോട് സംസാരിക്കാൻ രവി കൊതിച്ചു. പലപ്പോഴും രാത്രി ഓഫീസിൽ നിന്ന് അവളെ വിളിച്ചെങ്കിലും ഒന്നും സംസാരിക്കാൻ കഴിയാതെ അവൻ ഫോൺ കട്ട് ചെയ്തു. 
വൈകി ജോലി ചെയ്യുന്ന സമയത്തു രാത്രി ഭക്ഷണം മിക്കവാറും ഓഫീസിൽ നിന്നായിരിക്കും, അങ്ങിനെയുള്ള സന്ദർഭങ്ങളിൽ ഒരു മേശക്കു അപ്പുറവും ഇപ്പുറവും ഇരിക്കുമ്പോഴും നീണ്ട മൗനം അവർക്കിടയിൽ പലപ്പോഴും വേലി കെട്ടി. പക്ഷെ ദൂരത്തു നിന്ന് കാണുമ്പോൾ കണ്ണെടുക്കാതെ പരസ്പരം നോക്കിയും ഒരു ചെറു മന്ദഹാസം ചുണ്ടിൽ വിരിയിച്ചും അവർ തങ്ങളുടെ പ്രണയം പറയാതെ പറയുകയായിരുന്നു. എങ്കിലും മറ്റുള്ളവരുടെ മുൻപിൽ അവർ അന്യരായിരുന്നു, അല്ലെങ്കിൽ അങ്ങിനെ പെരുമാറി.

ഓഫീസിലെ ഇടനാഴിയിൽ അല്ലെങ്കിൽ പുറത്തു വച്ച്  ആരും കാണാതെ അവർ കണ്ണുകളാൽ കഥകൾ പറഞ്ഞു, ഒരു ചെറു ചിരിയിൽ ഒരായിരം രഹസ്യങ്ങൾ കൈമാറി. ഒരു വാക്ക് പോലും മിണ്ടാതെ തങ്ങളുടേതായ ലോകത്തു അവർ ഇണക്കുരുവികളായി പാറിപറക്കുകയായിരുന്നു. അവരുടെ രാവുകൾ നിദ്രാവിഹീനങ്ങളായി.

ജന്മദിനങ്ങളിൽ ആരും കാണാതെ അവർ പരസ്പരം ആശംസകൾ അറിയിച്ചു. രവിയുടെ ചില അഭിപ്രായങ്ങളിൽ തനിക്കുള്ള യോജിപ്പില്ലായ്മ മറ്റുള്ളവരുടെ മുൻപിൽ വച്ച് പരസ്യമായി മീര പ്രകടിപ്പിച്ചു. അത് പലപ്പോഴും രവിയെ വേദനിപ്പിച്ചിരുന്നു എന്നതായിരുന്നു സത്യം. എങ്കിലും ആരുമാരും അറിയാതെ, ഒന്നും പറയാതെ അവർ പ്രണയിച്ചു, ഒരു പാട് ഒരു പാട് ആഴത്തിൽ. ദിവസവും ദൂരെ നിന്നെങ്കിലും ഒരു വട്ടമെങ്കിലും കാണാതിരിക്കാൻ കഴിയുമായിരുന്നില്ല രണ്ടുപേർക്കും.

അങ്ങനെയിരിക്കെയാണ് സത്യന്റെ പെങ്ങളുടെ കല്യാണം വരുന്നത്. കല്യാണത്തിന് എല്ലാവരെയും അവൻ നാട്ടിലേക്കു ക്ഷണിച്ചു. പക്ഷെ ജോലി തിരക്ക് കാരണം പലർക്കും പോകാൻ പറ്റിയില്ല എങ്കിലും രവി പോയി, കൂടെ മീരയും അവളുടെ കൂട്ടുകാരി ശ്യാമയും. അവിടെ വച്ച് വൈകുന്നേരം അമ്പലത്തിൽ ചെന്നപ്പോൾ, ഒരു തവണയെങ്കിലും മീരയുടെ കൈ പിടിച്ചു പ്രദക്ഷിണം വെക്കാൻ രവി കൊതിച്ചു, ഒരു പക്ഷെ അവളും. ഒരു വേള, ഒരിത്തിരി ധൈര്യം കിട്ടിയപ്പോൾ മീരയുടെ നെറ്റിയിൽ ചന്ദനം തൊടുവിക്കാൻ ശ്രമിച്ച രവിയെ ഒരു നോട്ടം കൊണ്ട് ശ്യാമ വിലക്കി. മനസ്സൊന്നു വേദനിച്ചെങ്കിലും ഒന്നും മിണ്ടാതെ ഒരു ചിരിയിൽ രവി അത് ഒതുക്കി. പിന്നീട് കല്യാണം കഴിഞ്ഞു തിരിച്ചു വരുന്നത് വരെ രവി മീരയുടെ മുൻപിൽ നിന്നും മനപ്പൂർവ്വം ഒഴിഞ്ഞു മാറി നടന്നു.

ദിവസങ്ങൾ ആഴ്ചകളായും, മാസങ്ങളായും കടന്നു പോയിക്കൊണ്ടിരുന്നു. ജോലിത്തിരക്ക് കാരണം രവി പലപ്പോഴും വരുന്നതും പോകുന്നതും വളരെ വൈകിയായിരുന്നു. പതിവുപോലെ വൈകുന്നേരത്തെ ചായ കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു എല്ലാവരും അന്ന്.അപ്പോൾ ശ്യാമയാണ് ആ വാർത്ത പുറത്തു വിട്ടത്.."അറിഞ്ഞോ? മീരയുടെ കല്യാണം ഉറപ്പിച്ചു.." ഒരു ഞെട്ടലോടെയാണ് രവി ആ വാക്കുകൾ കേട്ടത്. തന്റെ കണ്ണുകൾ നിറയാതിരിക്കാൻ അവൻ നന്നേ പാട് പെട്ടു. അവൻ മീരയെ നോക്കി, അവളാകട്ടെ അവനെ നോക്കിയതേയില്ല, പകരം തന്റെ ഭാവി വരനെക്കുറിച്ചു മറ്റുള്ളവരോട് പറയുകയായിരുന്നു. എത്രയും പെട്ടെന്ന് അവിടുന്ന് മാറി നില്ക്കാൻ രവി ആഗ്രഹിച്ചു.അവന്റെ ആഗ്രഹം അറിഞ്ഞെന്നവണ്ണം മാനേജർ അവനെ വിളിച്ചു മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു.
രവി കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുകയാണ്, അത്യാവശ്യമായി തീർക്കേണ്ട ജോലിയുണ്ട് പക്ഷെ മനസ്സ് നിൽക്കുന്നില്ല.നേരത്തെ തീരേണ്ടതായിരുന്നു ഈ ജോലി. എത്ര ശ്രമിച്ചിട്ടും ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്ന് അവനു മനസ്സിലായി. എങ്കിലും ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അവൻ ജോലിയിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

മീരയുടെ കല്യാണ വാർത്ത വന്നു ദിവസങ്ങൾ കുറച്ചായി. ഇപ്പോൾ രവി വൈകുന്നേരത്തെ  ചായ കുടിക്കാൻ പോകാറില്ല. മറ്റുള്ളവർ വിളിച്ചാലും ഓരോ തിരക്ക് പറഞ്ഞു അവൻ ഒഴിഞ്ഞുമാറാറാണ് പതിവ്. മീരയെ കാണുന്നത് എങ്ങിനെയും ഒഴിവാക്കുക എന്നത് മാത്രമായിരുന്നു അവന്റെ ലക്‌ഷ്യം.മീരയ്ക്ക് പക്ഷെ കാര്യം മനസ്സിലായിരുന്നു എങ്കിലും അവൾ ഒന്നും മിണ്ടാനോ ചോദിക്കാനോ പോയില്ല. രവിയുടെ ഒഴിഞ്ഞുമാറ്റത്തിന്റെ കാര്യം ശിവൻ പലപ്പോഴും ചോദിച്ചെങ്കിലും ഒന്നും വിട്ടുപറഞ്ഞില്ല. 'അവനു വല്ല സംശയവും തോന്നിയോ?' എന്ന് രവിക്ക് തോന്നാൻ തുടങ്ങി.
"നാളെ മീര പോവുകയാണ്" മത്തായി പറഞ്ഞാണ് രവി അറിഞ്ഞത്. അല്ലെങ്കിലും ഏതു നിമിഷവും ഈ വാർത്ത പ്രതീക്ഷിച്ചു കൊണ്ടാണ് രവി ഇപ്പോൾ ഓഫീസിൽ വരുന്നത് തന്നെ. അതിനാൽ മത്തായിയുടെ വാക്കുകൾ അവനിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയില്ല.
പിറ്റേന്ന് വൈകീട്ട് രവി തന്റെ സീറ്റിൽ തന്നെ ഇരിക്കുകയാണ്, പുറത്തേക്കിറങ്ങിയില്ല. എല്ലാവരും മീരയെ യാത്രയയക്കാൻ പോയിരിക്കുകയായിരുന്നു. 
"രവീ, നീ വരുന്നില്ലേ? മീര പോകാനിറങ്ങുകയാണ്" സത്യൻ വിളിച്ചു പറഞ്ഞു. 
"ഇല്ല, എനിക്ക് അത്യാവശ്യമായി തീർക്കേണ്ട ഒരു ജോലിയുണ്ട്, അവളോട് നീ പറഞ്ഞാൽ മതി" രവി മറുപടി പറഞ്ഞു. തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് രവി കമ്പ്യൂട്ടറിൽ തന്നെ നോക്കിയിരിക്കുകയാണ്. ഇടയ്ക്കു എന്തൊക്കെയോ ടൈപ്പ് ചെയ്യുന്ന ശബ്ദം മാത്രം കേൾക്കാം.

നിമിഷങ്ങൾ കടന്നുപോയി.
"രവീ.." പിന്നിൽ നിന്ന് പതുക്കെയൊരു ശബ്ദം. രവി പെട്ടെന്ന് തിരിഞ്ഞു നോക്കി. അവനു വിശ്വസിക്കാൻ പറ്റിയില്ല. മീരയാണ്, രവിയോട് യാത്ര പറയാൻ വന്നത്. അവൻ ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി. "രവിയെന്താ പുറത്തേക്കു വരാതിരുന്നത്?" മീര ചോദിച്ചു. അവൻ പെട്ടെന്ന് ഒരു മറുപടിയും കിട്ടിയില്ല, എങ്കിലും "കുറച്ചു....ജോ.. ജോലിയുണ്ട്..പെട്ടെന്ന്..തീർക്കേണ്ടതാ.." എന്നവൻ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു. "എന്നോട് ദേഷ്യം തോന്നുണ്ടോ..?" മീര വീണ്ടും  ചോദിച്ചു. "ഏയ്... ദേഷ്യമോ..? എന്തിനു..?" രവി പറഞ്ഞു. തന്റെ ശബ്ദം പതറാതിരിക്കാൻ അവൻ നന്നേ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നീട് അവൾ ഒന്നും പറഞ്ഞില്ല, അവൻ ഒന്നും ചോദിച്ചുമില്ല. കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം "ഞാൻ പോട്ടെ..?" എന്ന് മീര ചോദിച്ചു, "ശരി.." എന്ന് അവൻ തല കുലുക്കി. ഒരു നിമിഷം രവിയെ നോക്കിയശേഷം അവൾ പുറത്തേക്കു നടന്നു.രണ്ടു മൂന്നടി നടന്നതിന് ശേഷം അവൾ പെട്ടെന്ന് തിരിഞ്ഞു രവിയെ നോക്കി; അവന്റെ കണ്ണുകൾ നിറഞ്ഞതു കണ്ടു. പതുക്കെ അവൾ അവന്റെ അടുത്തെത്തി,എന്നിട്ടു അവന്റെ കൈ പിടിച്ചു ചുംബിച്ചു. രവി ഒന്നും മിണ്ടിയില്ല.അവൻ അവളെ നോക്കി. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഇപ്പോൾ അവനു വ്യക്തമായി  കാണാം. ആ കണ്ണീരൊപ്പാനായി അവൻ കൈ ഉയർത്തിയെങ്കിലും ഒരു തേങ്ങലോടെ അവൾ പുറത്തേക്കു നടന്നു, അവനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ..വേഗത്തിൽ. 

                                                                     *        *       *       *       *       *       *        *        *
മുഖത്തു തണുത്ത മഴവെള്ളം തെറിച്ചപ്പോഴാണ് രവി ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നത്. ബാല്കണിയിലൂടെ അവൻ പുറത്തേക്കു നോക്കി, അവിടെ ദൂരെ ഒരു നിശ്ശബ്ദമായ തേങ്ങലോടെ മീര നിൽക്കുന്നതായി അവനു തോന്നി. മഴ ശക്തിയോടെ പെയ്യുകയാണ്, രവി അകത്തു കയറി വാതിൽ അടച്ചു.


അങ്ങനെ അവരും ബിസിനെസ്സുകാരായി..



"നമുക്കൊരു ബിസിനസ് തുടങ്ങിയാലോ?"
നിഷ്കളങ്കമായ (എന്നത് ഒരു അലങ്കാരം മാത്രം) ചിരിയോടെ ഗംഗന്റെ ഈ ചോദ്യം കേട്ടതും ബാക്കി നാലുപേരും "ബിസിനസ്സോ? എന്ത് ബിസിനസ്?" എന്ന്  അലറിയതും ഒരുമിച്ചായിരുന്നു.
"നമുക്ക് കല്യാണത്തിന്റെ ബിസിനസ് തുടങ്ങിയാലോ?" ഗംഗൻ പറഞ്ഞു.
"ഒരു കല്യാണം കഴിച്ചതിന്റെ തട്ട് ഇതുവരെ മാറിയില്ല, പിന്നെയാ വീണ്ടും" കൂട്ടത്തിലെ മസ്സിൽമാനായ ഭീമൻ പറഞ്ഞു.
"കല്യാണം കഴിക്കാനല്ല ചങ്ങായി, കല്യാണം നടത്തികൊടുക്കുന്ന ബിസിനസ്?" ഗംഗൻ അല്പം കൂടി വിശദീകരിച്ചു.
"അയ്യേ, മൂന്നാനോ?" രാജസ്ഥാൻ മരുഭൂമി പോലെ പരന്ന തലയുള്ള തല മുഖം ചുളിച്ചു.
"മൂന്നാനോ, അതെന്താ സാധനം?" ഭീമൻ ആകാംക്ഷയായി.
"പച്ച മലയാളത്തിൽ പറഞ്ഞാൽ കല്യാണബ്രോക്കർ" കൂട്ടത്തിലെ മുൻഷിയായ മണിയൻ തനിക്കു മലയാളത്തിലുള്ള അറിവിനെ പ്രദർശിപ്പിച്ചു.
"ഛേ..അത് വേണ്ട.." കാര്യം മനസ്സിലാക്കിയ ഭീമൻ ഉടനെ തന്റെ നിലപാടറിയിച്ചു.
"ബ്രോക്കറിന്റെ ഏർപ്പാടല്ല, ഞാൻ ഉദ്ദേശിച്ചത് വേറൊന്നാണ്" സംഗതി ആർക്കും പിടികിട്ടിയില്ല എന്ന് മനസ്സിലായ ഗംഗൻ, കസേരയിൽ ഒന്ന് നിവർന്നിരുന്നു, ഒരു കഷ്ണം മുറുക്ക് എടുത്തു ചവച്ചു ഒന്ന് ഉഷാറായി, തന്റെ പദ്ധതി വിവരിക്കാനായി തയ്യാറെടുത്തു.
"ചെക്കനേയും പെണ്ണിനേയും ഏർപ്പാടാക്കുക, കല്യാണസാരി എടുക്കുക അതൊക്കെ വീട്ടുകാർ ചെയ്തോട്ടെ, നമ്മൾ അതിലൊന്നും തലയിടുന്നില്ല. നമ്മുടെ ജോലി എന്നത് കല്യാണം നടത്തികൊടുക്കുക എന്നത് മാത്രം. എന്ന് വച്ചാൽ.."
ഗംഗൻ ഒന്നുകൂടി മുന്നോട്ടു നീങ്ങിയിരുന്നു, എന്നിട്ടു ഇങ്ങനെ തുടർന്നു.
"പന്തലിടുക, വാഴയും മാവിലയും ഒക്കെ വച്ച് അത് അലങ്കരിക്കുക, മണ്ഡപം ഒരുക്കുക, സദ്യ ഉണ്ടാക്കുകയോ, എത്തിച്ചു കൊടുക്കുകയോ ചെയ്യുക, വിളമ്പുക, എച്ചിൽ തുടക്കുക, പാത്രം കഴുകുക എന്നിങ്ങനെ നിസ്സാരമായ ജോലികൾ മാത്രം". ഇത്രയൂം പറഞ്ഞതിനുശേഷം അവൻ  എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി, ഞങ്ങളും നോക്കി, പക്ഷെ നാൽപ്പതു പേരില്ലാത്തതിനാൽ നാലു പേർ മാറി മാറി നോക്കി..ശേഷം അഗാധമായ ചിന്തയിൽ മുഴുകി.
"പാത്രം കഴുകുക, എച്ചിൽ എടുക്കുക, വിളമ്പുക എന്നതൊക്കെ നിസ്സാരം" തല മൊഴിഞ്ഞു.ബാക്കിയുള്ളവർ അത്ഭുതത്തോടെ തലയുയർത്തി തലയെ നോക്കി."വീട്ടിൽ സ്ഥിരം ചെയ്യുന്ന ജോലികളാണിതൊക്കെ.." അല്പം ശബ്ദം താഴ്ത്തി ഒരു ചമ്മലോടെ തല പറഞ്ഞപ്പോൾ "ഹമ്പട പുളുസ്സോ.." എന്നായി ബാക്കി നാൽവർ.
"സദ്യയുടെ കാര്യവും പ്രശ്നമില്ല" കണ്ടാൽ പാവം എന്ന് തോന്നുന്ന, എന്നാൽ അങ്ങിനെ അല്ലാത്ത കൃഷ്ണൻ മൊഴിഞ്ഞു; "പക്ഷെ...." ആ പക്ഷെയുടെ അർഥം എല്ലാവർക്കും അറിയാമായിരുന്നു.
"പന്തലാണ് പ്രശ്നം".
"അതെ, പന്തലാണ് പ്രശ്നം" മണിയൻ ഇടപെട്ടു.
"തെങ്ങിൽ കയറി ഓല വെട്ടുക, അതിനെ മെടഞ്ഞെടുക്കുക ഒക്കെ നമ്മളെക്കൊണ്ട് സാധിക്കും എന്ന് തോന്നുന്നില്ല"
അതെ, അത് ശരിയാണ്" ഭീമൻ പറഞ്ഞു. "എനിക്കാണെങ്കിൽ മെടഞ്ഞ ഓലയിൽ കയറി വെട്ടി വിഴുങ്ങാനും ഉറങ്ങാനുമല്ലാതെ അതിനെ മെടയാൻ ആവില്ല" ഭീമന്റെ ആ അഭിപ്രായം കൃഷ്ണനും തലയാട്ടി ശരിവച്ചു.
"അപ്പോൾ ഈ സംഗതി നടക്കില്ല അല്ലെ?" ഒരിത്തിരി നിരാശയോടെ ഗംഗൻ ചോദിച്ചു.
"സംശയമാണ്" മണിയൻ അവസാനത്തെ ആണിയും അടിച്ചു.
ഒരു നിമിഷം എല്ലാവരും മൂകരും ബധിരരുമായി.
"ഞാൻ ഒരു കാര്യം പറയട്ടെ?" വീണ്ടും തല
'എന്തോ പൊട്ടത്തരം വിളമ്പാൻ നോക്കുന്നു' എല്ലാവരും മനസ്സിൽ പറഞ്ഞു.
"നമുക്ക് നാട്ടിൽ കിട്ടുന്നതും ഇവിടെ ഇല്ലാത്തതുമായ സംഭവം വേണം തുടങ്ങാൻ.."
"എന്ന് വച്ചാൽ..?" ഭീമന് വീണ്ടും ആകാംക്ഷ
ഉദാഹരണത്തിന് നമ്മുടെ കുലുക്കി സർബത്ത്, നാട്ടിൽ കിട്ടും ഇവിടെ കിട്ടില്ല...പെട്ടെന്ന് ബിസിനസ് പിടിക്കാം.എന്ത് പറയുന്നു?"
എന്തോ വലിയ കാര്യം അവതരിപ്പിച്ചത് പോലെ തല എല്ലാവരെയും മാറി മാറി നോക്കി, എന്നിട്ടു ഞെളിഞ്ഞിരുന്നു.
"സംഭവം കൊള്ളാം" ഗംഗൻ വീണ്ടും ഉഷാറായി.
"പക്ഷെ ഇതിനു ഇറക്കാൻ മാത്രം കാശു വേണ്ടേ മാഷെ..?" കൃഷ്ണൻ ആണിയടിക്കാനുള്ള ശ്രമത്തിലാണ്.
"ശരിയാ, മുതൽമുടക്ക് കൂടും. ഉന്തു വണ്ടി വേണം, വെള്ളം വേണം, കുലുക്കാനുള്ള പാത്രങ്ങളും 2  ആൾക്കാരും വേണം. വല്യ ചെലവാണ്.."
മണിയൻ ഇടപെടാൻ തുടങ്ങി.
"കുലുക്കാൻ ബംഗാളികളെ വച്ചാലോ..?" ഭീമൻ ചൂണ്ടയെറിഞ്ഞു.
"ഏയ്..അതൊന്നും ഇവിടെ നടക്കില്ല..അവന്മാര് കുലുക്കിയാലൊന്നും ശരിയാകില്ല" കൃഷ്ണൻ വിടുന്ന മട്ടില്ല
"പക്ഷെ തല പറഞ്ഞത് കാര്യമാണ്, നാട്ടിലുള്ളതും ഇവിടെ കിട്ടാത്തതും, എന്നാൽ കാശു അധികം വേണ്ടാത്തതുമായ ഒരു പരിപാടി വേണം തുടങ്ങാൻ.." കൃഷ്ണൻ തന്റെ അഭിപ്രായം വെളിപ്പെടുത്തി.
വീണ്ടും മൂകത..ഗംഗൻ മേലോട്ട് നോക്കി താടി ചൊറിയാൻ തുടങ്ങി.
ഭീമനാകട്ടെ മസ്സിൽ പെരുപ്പിച്ചു കൊണ്ട് ചിന്തിച്ചു.കൃഷ്ണൻ മീശ പിരിച്ചും മണിയൻ മൂക്കിൽ വിരലിട്ടും തല തന്റെ കാർക്കൂന്തലിൽ തലോടിയും (പക്ഷെ അവിടെ ഒന്നും ഇല്ല എന്ന കാര്യം പോലും മൂപ്പര് മറന്നു പോയി..) ഗംഭീരമായ ആലോചനകളിൽ മുഴുകി.
"ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.?" മണിയൻ പെട്ടെന്ന് വിരൽ മൂക്കിൽ നിന്നെടുത്തു നിവർന്നിരുന്നു.
'ധൈര്യമായി പറഞ്ഞോളൂ' എന്നർത്ഥത്തിൽ എല്ലാവരും തല കുലുക്കി.
"നമുക്ക് എത്ര പേർക്ക് ബിസിനസ് ചെയ്തു പരിചയമുണ്ട്?" അതിത്തിരി കടന്ന ചോദ്യമായിപ്പോയില്ലേ എന്ന് എല്ലാവർക്കും തോന്നി.
"പണ്ട് ഏട്ടന്റെ കൂടെ അമ്പലപ്പറമ്പിൽ അലുവ വിറ്റു നടന്ന പരിചയം എനിക്കുണ്ട്" തല, തലയിൽ തലോടിക്കൊണ്ട് മൊഴിഞ്ഞു (കാരണവന്മാരുടെ പുണ്യം കൊണ്ട് നാട്ടുകാരുടെ അടി കിട്ടാതെ രക്ഷപ്പെട്ട കാര്യം തല മിണ്ടിയില്ല, അഭിമാനം കളയരുതല്ലോ).
'ഓ..ഒരു ബിസിനെസ്സുകാരൻ..' എല്ലാവരുടെയും മുഖത്ത് പുച്ഛം നിറഞ്ഞോ എന്നൊരു ശങ്ക.
"അതിപ്പോ എല്ലാ കാര്യങ്ങളും അറിഞ്ഞോണ്ടാണോ ചെയ്യുന്നത്? ഇങ്ങനെയൊക്കെയല്ലേ പഠിക്കുന്നത്?" ഗംഗ മൊഴിഞ്ഞു. പറ്റിയാൽ ഇന്ന് തന്നെ ബിസിനസ് തുടങ്ങണം എന്ന് കരുതിയിരിക്കുകയാണ് മൂപ്പര്, അപ്പോഴാണ് ഓരോരുത്തന്മാർ കുനുഷ്ടു ചോദ്യങ്ങളുമായി വരുന്നത്.
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മണിയൻ തുടർന്നു
"നമുക്ക് അറിയാത്ത പണിക്കു പോകുന്നതിനേക്കാളും നല്ലതാണല്ലോ നമ്മുടെ കൈയിലുള്ള കാര്യങ്ങളുമായി കളിക്കാൻ ഇറങ്ങുന്നത്" .
"വളച്ചു കെട്ടാതെ കാര്യം പറ മാഷെ.".ഭീമന്റെ ക്ഷമ കെടുന്നു.
അതിപ്പോ നമുക്കൊക്കെ ഓരോ പ്രത്യേകത ഉണ്ട്..എന്ന് വച്ചാൽ എല്ലാവരും ഓരോ മേഖലയിൽ കഴിവ് തെളിയിച്ചവരാണ്, അത് വച്ച് കളിച്ചാലോ?"
ചില സിനിമകളിൽ ഇന്നസെന്റ് കാണിക്കാറുള്ള പോലെ 'എങ്ങിനെയുണ്ട് എന്റെ ബുദ്ധി?' എന്ന മട്ടിൽ മണിയൻ എല്ലാവരെയും മാറി മാറി നോക്കി, പക്ഷെ ആർക്കും ഒരു ഭാവഭേദവുമില്ലാത്തതിനാൽ ഇന്നസെന്റിനെ മടക്കി പെട്ടിയിലാക്കി മണിയൻ.
"അതായതു മുതലാളീ..." ഹരിശ്രീ അശോകൻ ശൈലിയിൽ മണിയൻ തുടർന്നു.
"എന്റെ മേഖല എന്ന് പറയുന്നത് പന്നി മലർത്തൽ ആണ്, ഭീമനാണെങ്കിൽ ഓംലെറ്റ് അടി, വേറൊരാൾ വാറ്റാൻ ബഹു കേമൻ, കൃഷ്ണനാണെങ്കിൽ പൊറോട്ടയടിക്കാരൻ,മറ്റവൻ ചുരുട്ടും.. അങ്ങിനെ എല്ലാവർക്കും പ്രത്യേകതകൾ ഉണ്ടല്ലോ..ഇതൊക്കെ ഉപയോഗിച്ച് നമുക്ക് വല്ലതും ചെയ്യാൻ പറ്റുമോ എന്നാണ് എന്റെ ചോദ്യം?" തന്റെ ആശയം വിശദീകരിച്ചു മണിയൻ വീണ്ടും എല്ലാവരെയും മാറി നോക്കി, ഇന്നസെന്റിനെ കൂട്ടുപിടിക്കാതെ.
"സംഗതി കൊള്ളാം.." എല്ലാവരും തല കുലുക്കി, പക്ഷെ എന്ത്, എങ്ങിനെ? എന്ന കാര്യത്തിൽ ആർക്കും ഒരു പുടിയും കിട്ടിയില്ല.
ചിന്തകൾ പുകച്ചുരുക്കളായി ഓരോരുത്തരുടെ തലയിൽ നിന്ന് പൊങ്ങാൻ തുടങ്ങി. മുന്നിലുണ്ടായിരുന്ന മുറുക്കും മിച്ചറും പതുക്കെ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. പഴം ഇല്ലാത്തതിന്റെ പിരിമുറുക്കം ഭീമന്റെ മുഖത്ത് കാണാമായിരുന്നു, അത് കൊണ്ട് തന്നെ ചിന്തകൾക്ക് ഒരു ഗൗരവം വന്നില്ല.
"ആ..കിട്ടി.." ഗംഗൻ അലറി. എല്ലാവരും അമ്പരന്നു. 'ബിസിനസ് ചിന്തിച്ചു ചിന്തിച്ചു ഇവന് പിരാന്തായോ ഭഗവാനെ' ഒരു നിമിഷം എല്ലാവരും ഇങ്ങനെ സംശയിച്ചു.
"നമുക്ക് ഒരു മുല്ലപ്പന്തൽ തുടങ്ങാം"
"മുല്ലപ്പന്തലോ..?"
"അതെ, മുല്ലപ്പന്തൽ..വാറ്റും ചുരുട്ടും ഓംലെറ്റും പൊറോട്ടയും പിന്നെ പന്നി മലർത്തലുമുള്ള ഒരു ഒന്നാന്തരം പട്ടഷാപ്പ്‌. കൃഷ്ണൻ പറഞ്ഞത് പോലെ നാട്ടിൽ ഉള്ളതും ഇവിടെ ഇല്ലാത്തതും. പണിക്കാർ വേണ്ട, സാധനങ്ങൾ വേണ്ട. ആകെ വേണ്ടത് ഒരു കൊച്ചു മുറി, അത് നമുക്ക് ഒരു ഓലപ്പുരയിൽ ഒപ്പിക്കാം" ഗംഗൻ തന്റെ പദ്ധതി വിളമ്പി.
'കൊള്ളാലോ സംഗതി' എല്ലാവരുടെയും മനസ്സിൽ ലഡ്ഡു പൊട്ടി, ഒന്നല്ല അഞ്ചാറെണ്ണം.
"ഓ..എന്റെ പുത്തിമാനെ..." ഭീമൻ ഗംഗനെ കെട്ടിപിടിച്ചു.
"നിന്റെ വയർ നിറച്ചും പുത്തിയാണല്ലോ ചങ്ങായി.." കൃഷ്ണന്റെ വക അഭിനന്ദനം.
'സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ' എന്ന പാട്ടും പാടി ബാക്കിയുണ്ടായിരുന്ന രണ്ടു മുറുക്ക് കൂടി വാരിയെടുത്തു മണിയൻ. ആവേശത്താൽ തന്റെ കാർകൂന്തലിനെ വാരിയൊതുക്കി തല.

അങ്ങനെ തങ്ങളുടെ നീറുന്ന പ്രശ്നത്തിന് ഉത്തരം കിട്ടിയ സന്തോഷത്തിലും നാളെ മുതൽ തങ്ങളുടെ മുല്ലപ്പന്തലിൽ ആളുകൾ കുടിച്ചു പൂക്കുറ്റിയാകുന്നതും പന്നി മലർത്തി അർമ്മാദിക്കുന്നതും  സ്വപ്നം കണ്ടു പാണ്ഡവന്മാർ ആ രാത്രി സുഖമായി ഉറങ്ങി.