ആവി പറക്കുന്ന കാപ്പി ഊതി ഊതി കുടിച്ചു കൊണ്ട് രവി പതുക്കെ ബാൽക്കണിയിലേക്കു നടന്നു.സമയം വൈകുന്നേരം 5 മണി ആകുന്നതേയുള്ളൂ.ഭാര്യയും മോനും നാട്ടിൽ പോയതിനാൽ തനിച്ചു കിട്ടിയ സമയം പുസ്തകം വായിച്ചും മനസ്സിൽ സ്വരൂക്കൂട്ടി വെച്ചിരുന്ന വാക്കുകൾ കടലാസ്സിൽ കുത്തിക്കുറിച്ചും തന്റേതായ ലോകത്തു ജീവിക്കുകയായിരുന്നു അയാൾ. ബാൽക്കണിയിൽ നിന്ന് കാപ്പി കുടിച്ചു കൊണ്ടിരിക്കെ രവി ആകാശത്തേക്ക് നോക്കി, മേഘാവൃതമായ അന്തരീക്ഷം ആണ്. മഴയ്ക്ക് സാധ്യത ഉണ്ട്, ചെറുതായി തണുത്ത കാറ്റും വീശുന്നുണ്ട്. ആ സായാഹ്നം ആസ്വദിച്ചുകൊണ്ടിരിക്കെയാണ് ശിവന്റെ വാക്കുകൾ അപ്രതീക്ഷിതമായി അവന്റെ കാതുകളിൽപെയ്തിറങ്ങിയത്. കുറച്ചു മുൻപ് നടന്ന ആ സാധാരണ സംഭാഷണം രവിയെ ചെറുതായി അസ്വസ്ഥനാക്കി. ശിവൻ, വര്ഷങ്ങള്ക്കു മുൻപ് ഒരുമിച്ചു ജോലി ചെയ്തിരുന്നവനാണ്, ഇടയ്ക്കു ഇത് പോലെ വിളിച്ചു കുശലാന്വേഷണം നടത്താറുണ്ട്. അത് പോലുള്ള തികച്ചും സാധാരണമായ ഒരു സംഭാഷണമായി ഇതും മാറേണ്ടതായിരുന്നു. പക്ഷെ ശിവൻ പറഞ്ഞ ഒരു കാര്യം രവിയുടെ മനസ്സിനെ മദിക്കാൻ തുടങ്ങി.
"എടാ, നിനക്ക് മീരയെ ഓർമ്മയുണ്ടോ?" ശിവന്റെ ആ ചോദ്യം രവിക്ക് ആദ്യം മനസ്സിലായില്ല. "മീര..????" രവി തന്റെ ഓർമ്മയിൽ കുറച്ചു സമയം പരതി. "എടാ നമ്മുടെ കൂടെ ജോലി ചെയ്തിരുന്നില്ലേ, വെളുത്തു മെലിഞ്ഞ ആ കണ്ണടക്കാരി. നമ്മുടെ മത്തായിയും സത്യനും വളക്കാൻ നോക്കിയാ പെണ്ണ്" ശിവൻ, രവിയുടെ ഓർമ്മകളെ വർഷങ്ങൾ പിന്നോട്ട് കൊണ്ട് പോയി.
'മീര...' രവി ആ പേര് ഒന്ന് രണ്ടു വട്ടം ഉരുവിട്ടു. 'മീര...എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച മീര... എന്റെ രാവുകളെ നിദ്രാവിഹീനയാക്കിയ മീര. ആ മീരയെക്കുറിച്ചാണോ ഇവൻ പറയുന്നത്..?' തന്റെ മനസ്സിൽ ഒരു വിങ്ങൽ നിറയുന്നത് രവി അറിഞ്ഞു. തുടർന്ന് ശിവൻ പറഞ്ഞതൊന്നും അവൻ കേട്ടില്ല, വെറുതെ മുക്കിയും മൂളിയും ഒരു വിധം ആ സംഭാഷണം അവസാനിപ്പിച്ചു. മണിക്കൂറുകൾക്കു മുൻപ് നടന്ന ആ സംസാരമാണ് ഇപ്പോൾ വീണ്ടും തന്റെ മനസ്സിലേക്ക് കടന്നു വന്നതെന്ന് രവി അറിഞ്ഞു. തണുത്ത കാറ്റ് രവിയുടെ മനസ്സിനെ ആർദ്രമാക്കി, ആ ആർദ്രതയിൽ ഒരു നനുത്ത സ്പർശമായി മീര മനസ്സിൽ നിറയുന്നത് അവൻ അറിഞ്ഞു.ഒരു നിമിഷം അവൻ ഭാര്യയെ മറന്നു,മോനെ മറന്നു.
* * * * * * * * *
പതിവ് പോലെ തിരക്കിട്ട ജോലിയിലായിരുന്നു അന്നും. അല്ലെങ്കിലും ഈയിടെയായി നല്ല ജോലിയാണ് ഓഫീസിൽ. മിക്കവാറും വീട്ടിലേക്കു തിരിച്ചു പോകുന്നത് പാതിരാത്രിക്ക് ആയിരിക്കും. ഒറ്റത്തടിയായതിനാൽ അതൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. അങ്ങിനെ കാര്യമായ എന്തോ ജോലിക്കിടയിലാണ് HR ഡിപ്പാർട്മെന്റിലെ മനോജ് അങ്ങോട്ട് കടന്നു വന്നതും "പുതിയതായി ചേർന്ന കുട്ടിയാണ്, പേര് മീര" എന്നൊക്കെ പറഞ്ഞു ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തിയതും. മനസ്സ് മുഴുവനും വൈകുന്നേരം തീർക്കേണ്ട ജോലിയിലായതിനാൽ മറുത്തൊന്നും ചോദിക്കാനോ കൂടുതൽ കേൾക്കാനോ ശ്രമിച്ചില്ല. വിടർന്ന കണ്ണുകളോടെ തന്നെ നോക്കിക്കൊണ്ടിരുന്ന ആ പെൺകുട്ടിയെ പക്ഷെ രവി ശ്രദ്ധിച്ചില്ല, അല്ലെങ്കിൽ ആ കണ്ണുകളിലെ തിളക്കം തിരിച്ചറിയാൻ രവിക്ക് കഴിഞ്ഞില്ല എന്ന് വേണം പറയാൻ.
"എടാ, അവൾ മലയാളിയാടാ...പാലക്കാട്ടുകാരി.." ഒരു വലിയ രഹസ്യം പുറത്തുവിടുന്നത് പോലെ മത്തായിയാണ് ആ വാർത്ത പിറ്റേന്ന് ഞങ്ങളെ അറിയിച്ചത്. അല്ലെങ്കിലും ഈ വക കാര്യങ്ങളിൽ അവനെ വെല്ലാൻ ആർക്കും കഴിയില്ല എന്ന് ഞങ്ങൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
"വിടർന്ന കണ്ണ് , നീണ്ട മൂക്ക് ....." മത്തായിയും സത്യനും മീരയുടെ സൗന്ദര്യവർണ്ണനയിൽ മുഴുകിയിരിക്കുകയാണെന്നു രവിക്ക് മനസ്സിലായി, പക്ഷെ അവൻ അതിലൊന്നും താൽപ്പര്യം കാണിച്ചില്ല.
"എന്നാ ജാഡയാണെടാ അവൾക്ക് ? ഒന്നുമില്ലെങ്കിലും നമ്മളൊക്കെ മലയാളികളല്ലേ.." മീരയെ മണിയടിക്കാൻ പോയ മത്തായി നിരാശയോടെ അങ്ങനെ പറഞ്ഞത് പിന്നെയും കുറച്ചു ദിവസം കഴിഞ്ഞാണ്.
"ശരിയാ അളിയാ , അവൾക്കു നമ്മളെയൊന്നും കണ്ണിൽ പിടിക്കുന്നില്ല.." സത്യനും തന്റെ നിരാശ മറച്ചു വെച്ചില്ല.
രവിയാകട്ടെ ഒന്നും മിണ്ടാതെ അവർ പറയുന്നതും കേട്ടിരുന്നതേയുള്ളൂ..
ഓഫീസിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇതുപോലുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാൻ എന്തുകൊണ്ടോ രവിക്ക് മനസ്സ് വന്നില്ല.
"അളിയാ...അവൾക്കു നിന്നെയാടാ നോട്ടം..!!!!"
പതിവായുള്ള വൈകുന്നേരത്തെ ചായ കുടിക്കുന്നതിനിടയിൽ ശിവനാണ് അപ്രതീക്ഷിതമായി ആ ബോംബ് പൊട്ടിച്ചത്.
"ഇവനെയോ..?????? ഒരു പെണ്ണിന്റെ മുഖത്ത് പോലും നോക്കാൻ ധൈര്യമില്ലാത്ത ഇവനെ അവള് നോട്ടമിട്ടെന്നോ...??? ഞാൻ വിശ്വസിക്കില്ല..." അസന്നിഗ്ധമായി മത്തായി പറഞ്ഞു. രവിയാകട്ടെ ഒന്നും മിണ്ടാതെ ചായ കുടിച്ചു. ആ സംഭവം അവിടെത്തന്നെ അവസാനിച്ചു. ശിവന്റെ വാക്ക് വിശ്വസിക്കാനോ നിഷേധിക്കാനോ രവി താല്പര്യം കാണിച്ചില്ല എന്നതായിരുന്നു കാരണം.
അങ്ങനെയിരിക്കെയാണ് ജോലി സംബന്ധിച്ചു മീരയുമായി രവിക്ക് സംസാരിക്കേണ്ടി വന്നത്. തന്നെ കണ്ടതും മീര നാണം കൊണ്ട് തുടുത്തതും സംസാരിക്കുമ്പോൾ കണ്ണുകളിലുണ്ടായ തിളക്കവും രവി കാര്യമായി എടുത്തില്ല. ഒന്നും അറിയാത്തതു പോലെ രവി പെരുമാറി.അതിനുശേഷം പലതവണ രവിക്ക് മീരയുമായി ഇടപഴകേണ്ടി വന്നു. അപ്പോഴെല്ലാം ആ മുഖത്തും കണ്ണുകളിലും ഉണ്ടാകുന്ന ഭാവമാറ്റം രവി ശ്രദ്ധിച്ചു. പക്ഷെ അവൻ ഒന്നും അറിഞ്ഞ ഭാവം നടിച്ചില്ല, ആരോടും ഒന്നും പറഞ്ഞുമില്ല. മറ്റുള്ളവരുടെ മുൻപിൽ വച്ച് മീരയെ കണ്ടാലും സാധാരണ രവി നോക്കാറില്ലായിരുന്നു. അപ്പോഴൊക്കെ അവളുടെ മുഖം വാടുന്നതും അവൻഅറിഞ്ഞിരുന്നില്ല.
ദിവസങ്ങൾ പതുക്കെ കടന്നു പോയി, തന്നിലെ മാറ്റം പതുക്കെ രവി തിരിച്ചറിയുന്നുണ്ടായിരുന്നു. ആരും കാണാതെ അവൻ മീരയെ ശ്രദ്ധിക്കാൻ തുടങ്ങി. അവൾ അടുത്തെത്തുമ്പോൾ ഒരു വല്ലാത്ത പരവേശം അനുഭവപ്പെടുന്നതായി അവൻ അറിഞ്ഞു. തനിക്കു വന്ന മാറ്റം ആരും അറിയാതിരിക്കാൻ രവി നന്നേ ശ്രദ്ധിച്ചു. മത്തായിയും സത്യനും മീരയെ വളക്കാൻ നോക്കുന്ന കഥകളും കേട്ട് ഒന്നും മിണ്ടാതെ അവരുടെ കൂടെ ചായയും കുടിച്ചിരുന്നു.
ഒരു സ്വപ്നമായി മീര തന്റെയുള്ളിൽ വളരുന്നത് രവി പതുക്കെ തിരിച്ചറിയുകയായിരുന്നു. ഇതുവരെ ജോലി മാത്രം ചിന്തിച്ചിരുന്ന തനിക്കു ഒരു പെണ്ണിനെ പറ്റി ചിന്തിക്കാനും പറ്റും എന്ന് രവിക്ക് മനസ്സിലായി. മീര തന്റെ സ്വപ്നങ്ങളിൽ നിറയുന്നത് രവി അറിയുകയായിരുന്നു, അത് അവൻ അനുഭവിക്കുകയായിരുന്നു എന്ന് വേണം പറയാൻ.
അന്ന് പതിവിലും വൈകിയാണ് രവി ഓഫീസിൽ ചെന്നത്. ഗേറ്റ് കടന്നു അകത്തേക്ക് കയറുമ്പോൾ തന്നെ മീര അവിടെ കൂട്ടുകാരികളെ കൂടെ ഇരിക്കുന്നത് കണ്ടു. തന്നെത്തന്നെ നോക്കുന്ന മീരയെ നോക്കി അവൻ മനോഹരമായി പുഞ്ചിരിച്ചു. അവൾ അത്ഭുതത്തോടെ തന്റെ കൂട്ടുകാരികളെ നോക്കുന്നത് രവി കണ്ടെങ്കിലും ഒന്നും മിണ്ടാതെ ഒരു മൂളിപ്പാട്ടുമായി തന്റെ ഇരിപ്പിടത്തിലേക്കു പോയി.
ആ സംഭവത്തിന് ശേഷം മീരയെ കാണുമ്പോഴൊക്കെ രവി ചിരിക്കാൻ തുടങ്ങി, അവൾ തിരിച്ചും. അവളുടെ കൂട്ടുകാരികളോട് രവി സംസാരിക്കാൻ തുടങ്ങിയെങ്കിലും മീരയെ അവൻ മനപ്പൂർവ്വം അകറ്റി നിർത്തി. അവൾ ഇപ്പോൾ മത്തായിയുടെയും സത്യന്റേയും ശിവന്റെയും സുഹൃത്താണ്. അവരോടു തമാശകൾ പറഞ്ഞും തോളിൽ തട്ടിയും മീര സംസാരിക്കുമ്പോൾ ഒരു നൊമ്പരത്തോടെ, എന്നാൽ ഒന്നും മിണ്ടാതെ രവി അത് നോക്കി നിന്നു.
ചില ദിവസങ്ങളിൽ വൈകുവോളും ജോലി ചെയ്തിരിക്കവേ മീരയോട് സംസാരിക്കാൻ രവി കൊതിച്ചു. പലപ്പോഴും രാത്രി ഓഫീസിൽ നിന്ന് അവളെ വിളിച്ചെങ്കിലും ഒന്നും സംസാരിക്കാൻ കഴിയാതെ അവൻ ഫോൺ കട്ട് ചെയ്തു.
വൈകി ജോലി ചെയ്യുന്ന സമയത്തു രാത്രി ഭക്ഷണം മിക്കവാറും ഓഫീസിൽ നിന്നായിരിക്കും, അങ്ങിനെയുള്ള സന്ദർഭങ്ങളിൽ ഒരു മേശക്കു അപ്പുറവും ഇപ്പുറവും ഇരിക്കുമ്പോഴും നീണ്ട മൗനം അവർക്കിടയിൽ പലപ്പോഴും വേലി കെട്ടി. പക്ഷെ ദൂരത്തു നിന്ന് കാണുമ്പോൾ കണ്ണെടുക്കാതെ പരസ്പരം നോക്കിയും ഒരു ചെറു മന്ദഹാസം ചുണ്ടിൽ വിരിയിച്ചും അവർ തങ്ങളുടെ പ്രണയം പറയാതെ പറയുകയായിരുന്നു. എങ്കിലും മറ്റുള്ളവരുടെ മുൻപിൽ അവർ അന്യരായിരുന്നു, അല്ലെങ്കിൽ അങ്ങിനെ പെരുമാറി.
ഓഫീസിലെ ഇടനാഴിയിൽ അല്ലെങ്കിൽ പുറത്തു വച്ച് ആരും കാണാതെ അവർ കണ്ണുകളാൽ കഥകൾ പറഞ്ഞു, ഒരു ചെറു ചിരിയിൽ ഒരായിരം രഹസ്യങ്ങൾ കൈമാറി. ഒരു വാക്ക് പോലും മിണ്ടാതെ തങ്ങളുടേതായ ലോകത്തു അവർ ഇണക്കുരുവികളായി പാറിപറക്കുകയായിരുന്നു. അവരുടെ രാവുകൾ നിദ്രാവിഹീനങ്ങളായി.
ജന്മദിനങ്ങളിൽ ആരും കാണാതെ അവർ പരസ്പരം ആശംസകൾ അറിയിച്ചു. രവിയുടെ ചില അഭിപ്രായങ്ങളിൽ തനിക്കുള്ള യോജിപ്പില്ലായ്മ മറ്റുള്ളവരുടെ മുൻപിൽ വച്ച് പരസ്യമായി മീര പ്രകടിപ്പിച്ചു. അത് പലപ്പോഴും രവിയെ വേദനിപ്പിച്ചിരുന്നു എന്നതായിരുന്നു സത്യം. എങ്കിലും ആരുമാരും അറിയാതെ, ഒന്നും പറയാതെ അവർ പ്രണയിച്ചു, ഒരു പാട് ഒരു പാട് ആഴത്തിൽ. ദിവസവും ദൂരെ നിന്നെങ്കിലും ഒരു വട്ടമെങ്കിലും കാണാതിരിക്കാൻ കഴിയുമായിരുന്നില്ല രണ്ടുപേർക്കും.
അങ്ങനെയിരിക്കെയാണ് സത്യന്റെ പെങ്ങളുടെ കല്യാണം വരുന്നത്. കല്യാണത്തിന് എല്ലാവരെയും അവൻ നാട്ടിലേക്കു ക്ഷണിച്ചു. പക്ഷെ ജോലി തിരക്ക് കാരണം പലർക്കും പോകാൻ പറ്റിയില്ല എങ്കിലും രവി പോയി, കൂടെ മീരയും അവളുടെ കൂട്ടുകാരി ശ്യാമയും. അവിടെ വച്ച് വൈകുന്നേരം അമ്പലത്തിൽ ചെന്നപ്പോൾ, ഒരു തവണയെങ്കിലും മീരയുടെ കൈ പിടിച്ചു പ്രദക്ഷിണം വെക്കാൻ രവി കൊതിച്ചു, ഒരു പക്ഷെ അവളും. ഒരു വേള, ഒരിത്തിരി ധൈര്യം കിട്ടിയപ്പോൾ മീരയുടെ നെറ്റിയിൽ ചന്ദനം തൊടുവിക്കാൻ ശ്രമിച്ച രവിയെ ഒരു നോട്ടം കൊണ്ട് ശ്യാമ വിലക്കി. മനസ്സൊന്നു വേദനിച്ചെങ്കിലും ഒന്നും മിണ്ടാതെ ഒരു ചിരിയിൽ രവി അത് ഒതുക്കി. പിന്നീട് കല്യാണം കഴിഞ്ഞു തിരിച്ചു വരുന്നത് വരെ രവി മീരയുടെ മുൻപിൽ നിന്നും മനപ്പൂർവ്വം ഒഴിഞ്ഞു മാറി നടന്നു.
ദിവസങ്ങൾ ആഴ്ചകളായും, മാസങ്ങളായും കടന്നു പോയിക്കൊണ്ടിരുന്നു. ജോലിത്തിരക്ക് കാരണം രവി പലപ്പോഴും വരുന്നതും പോകുന്നതും വളരെ വൈകിയായിരുന്നു. പതിവുപോലെ വൈകുന്നേരത്തെ ചായ കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു എല്ലാവരും അന്ന്.അപ്പോൾ ശ്യാമയാണ് ആ വാർത്ത പുറത്തു വിട്ടത്.."അറിഞ്ഞോ? മീരയുടെ കല്യാണം ഉറപ്പിച്ചു.." ഒരു ഞെട്ടലോടെയാണ് രവി ആ വാക്കുകൾ കേട്ടത്. തന്റെ കണ്ണുകൾ നിറയാതിരിക്കാൻ അവൻ നന്നേ പാട് പെട്ടു. അവൻ മീരയെ നോക്കി, അവളാകട്ടെ അവനെ നോക്കിയതേയില്ല, പകരം തന്റെ ഭാവി വരനെക്കുറിച്ചു മറ്റുള്ളവരോട് പറയുകയായിരുന്നു. എത്രയും പെട്ടെന്ന് അവിടുന്ന് മാറി നില്ക്കാൻ രവി ആഗ്രഹിച്ചു.അവന്റെ ആഗ്രഹം അറിഞ്ഞെന്നവണ്ണം മാനേജർ അവനെ വിളിച്ചു മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു.
രവി കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുകയാണ്, അത്യാവശ്യമായി തീർക്കേണ്ട ജോലിയുണ്ട് പക്ഷെ മനസ്സ് നിൽക്കുന്നില്ല.നേരത്തെ തീരേണ്ടതായിരുന്നു ഈ ജോലി. എത്ര ശ്രമിച്ചിട്ടും ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്ന് അവനു മനസ്സിലായി. എങ്കിലും ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അവൻ ജോലിയിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
മീരയുടെ കല്യാണ വാർത്ത വന്നു ദിവസങ്ങൾ കുറച്ചായി. ഇപ്പോൾ രവി വൈകുന്നേരത്തെ ചായ കുടിക്കാൻ പോകാറില്ല. മറ്റുള്ളവർ വിളിച്ചാലും ഓരോ തിരക്ക് പറഞ്ഞു അവൻ ഒഴിഞ്ഞുമാറാറാണ് പതിവ്. മീരയെ കാണുന്നത് എങ്ങിനെയും ഒഴിവാക്കുക എന്നത് മാത്രമായിരുന്നു അവന്റെ ലക്‌ഷ്യം.മീരയ്ക്ക് പക്ഷെ കാര്യം മനസ്സിലായിരുന്നു എങ്കിലും അവൾ ഒന്നും മിണ്ടാനോ ചോദിക്കാനോ പോയില്ല. രവിയുടെ ഒഴിഞ്ഞുമാറ്റത്തിന്റെ കാര്യം ശിവൻ പലപ്പോഴും ചോദിച്ചെങ്കിലും ഒന്നും വിട്ടുപറഞ്ഞില്ല. 'അവനു വല്ല സംശയവും തോന്നിയോ?' എന്ന് രവിക്ക് തോന്നാൻ തുടങ്ങി.
"നാളെ മീര പോവുകയാണ്" മത്തായി പറഞ്ഞാണ് രവി അറിഞ്ഞത്. അല്ലെങ്കിലും ഏതു നിമിഷവും ഈ വാർത്ത പ്രതീക്ഷിച്ചു കൊണ്ടാണ് രവി ഇപ്പോൾ ഓഫീസിൽ വരുന്നത് തന്നെ. അതിനാൽ മത്തായിയുടെ വാക്കുകൾ അവനിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയില്ല.
പിറ്റേന്ന് വൈകീട്ട് രവി തന്റെ സീറ്റിൽ തന്നെ ഇരിക്കുകയാണ്, പുറത്തേക്കിറങ്ങിയില്ല. എല്ലാവരും മീരയെ യാത്രയയക്കാൻ പോയിരിക്കുകയായിരുന്നു.
"രവീ, നീ വരുന്നില്ലേ? മീര പോകാനിറങ്ങുകയാണ്" സത്യൻ വിളിച്ചു പറഞ്ഞു.
"ഇല്ല, എനിക്ക് അത്യാവശ്യമായി തീർക്കേണ്ട ഒരു ജോലിയുണ്ട്, അവളോട് നീ പറഞ്ഞാൽ മതി" രവി മറുപടി പറഞ്ഞു. തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് രവി കമ്പ്യൂട്ടറിൽ തന്നെ നോക്കിയിരിക്കുകയാണ്. ഇടയ്ക്കു എന്തൊക്കെയോ ടൈപ്പ് ചെയ്യുന്ന ശബ്ദം മാത്രം കേൾക്കാം.
നിമിഷങ്ങൾ കടന്നുപോയി.
"രവീ.." പിന്നിൽ നിന്ന് പതുക്കെയൊരു ശബ്ദം. രവി പെട്ടെന്ന് തിരിഞ്ഞു നോക്കി. അവനു വിശ്വസിക്കാൻ പറ്റിയില്ല. മീരയാണ്, രവിയോട് യാത്ര പറയാൻ വന്നത്. അവൻ ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി. "രവിയെന്താ പുറത്തേക്കു വരാതിരുന്നത്?" മീര ചോദിച്ചു. അവൻ പെട്ടെന്ന് ഒരു മറുപടിയും കിട്ടിയില്ല, എങ്കിലും "കുറച്ചു....ജോ.. ജോലിയുണ്ട്..പെട്ടെന്ന്..തീർക്കേണ്ടതാ.." എന്നവൻ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു. "എന്നോട് ദേഷ്യം തോന്നുണ്ടോ..?" മീര വീണ്ടും ചോദിച്ചു. "ഏയ്... ദേഷ്യമോ..? എന്തിനു..?" രവി പറഞ്ഞു. തന്റെ ശബ്ദം പതറാതിരിക്കാൻ അവൻ നന്നേ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നീട് അവൾ ഒന്നും പറഞ്ഞില്ല, അവൻ ഒന്നും ചോദിച്ചുമില്ല. കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം "ഞാൻ പോട്ടെ..?" എന്ന് മീര ചോദിച്ചു, "ശരി.." എന്ന് അവൻ തല കുലുക്കി. ഒരു നിമിഷം രവിയെ നോക്കിയശേഷം അവൾ പുറത്തേക്കു നടന്നു.രണ്ടു മൂന്നടി നടന്നതിന് ശേഷം അവൾ പെട്ടെന്ന് തിരിഞ്ഞു രവിയെ നോക്കി; അവന്റെ കണ്ണുകൾ നിറഞ്ഞതു കണ്ടു. പതുക്കെ അവൾ അവന്റെ അടുത്തെത്തി,എന്നിട്ടു അവന്റെ കൈ പിടിച്ചു ചുംബിച്ചു. രവി ഒന്നും മിണ്ടിയില്ല.അവൻ അവളെ നോക്കി. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഇപ്പോൾ അവനു വ്യക്തമായി കാണാം. ആ കണ്ണീരൊപ്പാനായി അവൻ കൈ ഉയർത്തിയെങ്കിലും ഒരു തേങ്ങലോടെ അവൾ പുറത്തേക്കു നടന്നു, അവനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ..വേഗത്തിൽ.
* * * * * * * * *
മുഖത്തു തണുത്ത മഴവെള്ളം തെറിച്ചപ്പോഴാണ് രവി ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നത്. ബാല്കണിയിലൂടെ അവൻ പുറത്തേക്കു നോക്കി, അവിടെ ദൂരെ ഒരു നിശ്ശബ്ദമായ തേങ്ങലോടെ മീര നിൽക്കുന്നതായി അവനു തോന്നി. മഴ ശക്തിയോടെ പെയ്യുകയാണ്, രവി അകത്തു കയറി വാതിൽ അടച്ചു.
കൊള്ളാം .. ആദ്യഭാഗങ്ങൾ പലവുരു കണ്ടതും കേട്ടതും ഒക്കെ ആയിരുന്നതുകൊണ്ട് ഒരൽപം വിരസത തോന്നിയെങ്കിലും അവസാനമാകുമ്പോഴേക്കും രവിയുടെ ഫീലിൽ ചേരാൻ എത്തിച്ചേരാൻ പറ്റി. പ്രണയ പോസ്റ്റുകൾ ഇനിയും വരട്ടെ.
മറുപടിഇല്ലാതാക്കൂഅപ്പൊ പ്രജിത്തിന് അറിയുന്ന സ്റ്റോറി ആയിരുന്നോ? കൊള്ളാലോ !!!കഥാകൃത് മനസ്സിൽ വിചാരിച്ചതു പ്രജിത് കണ്ടു പിടിച്ചു...
ഇല്ലാതാക്കൂപ്രണയം എഴുതി ഫലിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ളതാണെന്നു എനിക്ക് മനസ്സിലായി. ഏതായാലും അഭിപ്രായത്തിനു നന്ദി.
ഇല്ലാതാക്കൂരവി എന്നതിന് പകരം പ്രജിത് എന്ന് എഴുതണമായിരുന്നോ..???
ഇല്ലാതാക്കൂNannayi ezhuthi
മറുപടിഇല്ലാതാക്കൂവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും സന്തോഷം.
ഇല്ലാതാക്കൂകൊള്ളാം ....മനോഹരം ...... ഇനിയും കുറേ പോരട്ടെ .....
മറുപടിഇല്ലാതാക്കൂഈ പ്രോത്സാഹനമാണ് എന്റെ ശക്തി..
ഇല്ലാതാക്കൂകൊള്ളാം അജിത്. നല്ല ലളിതമായ ഭാഷ ശൈലി ...
മറുപടിഇല്ലാതാക്കൂരവിയും മീരയും അത്ര പെട്ടെന്ന് മനസ്സിൽ നിന്നും മായില്ല... കുറച്ചു സസ്പെൻസ് ബാക്കി ആക്കിയോ എന്ന് ഒരു സംശയം...
കഥാപാത്രങ്ങൾ മനസ്സിൽ തങ്ങി നിൽക്കണമെങ്കിൽ കുറച്ചു സസ്പെൻസ് കൂടി വേണ്ടി വരും. തുറന്നു പറഞ്ഞതിനും കഥാകൃത്തിനെ മറികടന്നു ചിന്തിച്ചതിനും നന്ദി. ഈ പ്രോത്സാഹനം ഇനിയും ഉണ്ടാവണം.
ഇല്ലാതാക്കൂകഥ കൊള്ളാം. പക്ഷെ അജിത്തും മീരയും എന്തിനു വേർപിരിഞ്ഞു എന്ന ചോദ്യമാണ് എന്റെ മനസ്സിലും കിടന്നു വിങ്ങുന്നത്...... ;-)
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിനു നന്ദി...
ഇല്ലാതാക്കൂവായിക്കാൻ മാത്രമേ പറഞ്ഞുള്ളൂ, കുടുംബം കലക്കാൻ പറഞ്ഞില്ല മാഷെ...
നായകൻറെ പേര് മാറിപ്പോയതിൽ നിർവ്യാജം ഖേദിക്കുന്നു.....;-)
മറുപടിഇല്ലാതാക്കൂഖേദം പ്രകടിപ്പിച്ചാൽ പിന്നെ കുഴപ്പമില്ലല്ലോ, അല്ലെ..?
ഇല്ലാതാക്കൂ