"നമുക്കൊരു ബിസിനസ് തുടങ്ങിയാലോ?"
നിഷ്കളങ്കമായ (എന്നത് ഒരു അലങ്കാരം മാത്രം) ചിരിയോടെ ഗംഗന്റെ ഈ ചോദ്യം കേട്ടതും ബാക്കി നാലുപേരും "ബിസിനസ്സോ? എന്ത് ബിസിനസ്?" എന്ന് അലറിയതും ഒരുമിച്ചായിരുന്നു.
"നമുക്ക് കല്യാണത്തിന്റെ ബിസിനസ് തുടങ്ങിയാലോ?" ഗംഗൻ പറഞ്ഞു.
"ഒരു കല്യാണം കഴിച്ചതിന്റെ തട്ട് ഇതുവരെ മാറിയില്ല, പിന്നെയാ വീണ്ടും" കൂട്ടത്തിലെ മസ്സിൽമാനായ ഭീമൻ പറഞ്ഞു.
"കല്യാണം കഴിക്കാനല്ല ചങ്ങായി, കല്യാണം നടത്തികൊടുക്കുന്ന ബിസിനസ്?" ഗംഗൻ അല്പം കൂടി വിശദീകരിച്ചു.
"അയ്യേ, മൂന്നാനോ?" രാജസ്ഥാൻ മരുഭൂമി പോലെ പരന്ന തലയുള്ള തല മുഖം ചുളിച്ചു.
"മൂന്നാനോ, അതെന്താ സാധനം?" ഭീമൻ ആകാംക്ഷയായി.
"പച്ച മലയാളത്തിൽ പറഞ്ഞാൽ കല്യാണബ്രോക്കർ" കൂട്ടത്തിലെ മുൻഷിയായ മണിയൻ തനിക്കു മലയാളത്തിലുള്ള അറിവിനെ പ്രദർശിപ്പിച്ചു.
"ഛേ..അത് വേണ്ട.." കാര്യം മനസ്സിലാക്കിയ ഭീമൻ ഉടനെ തന്റെ നിലപാടറിയിച്ചു.
"ബ്രോക്കറിന്റെ ഏർപ്പാടല്ല, ഞാൻ ഉദ്ദേശിച്ചത് വേറൊന്നാണ്" സംഗതി ആർക്കും പിടികിട്ടിയില്ല എന്ന് മനസ്സിലായ ഗംഗൻ, കസേരയിൽ ഒന്ന് നിവർന്നിരുന്നു, ഒരു കഷ്ണം മുറുക്ക് എടുത്തു ചവച്ചു ഒന്ന് ഉഷാറായി, തന്റെ പദ്ധതി വിവരിക്കാനായി തയ്യാറെടുത്തു.
"ചെക്കനേയും പെണ്ണിനേയും ഏർപ്പാടാക്കുക, കല്യാണസാരി എടുക്കുക അതൊക്കെ വീട്ടുകാർ ചെയ്തോട്ടെ, നമ്മൾ അതിലൊന്നും തലയിടുന്നില്ല. നമ്മുടെ ജോലി എന്നത് കല്യാണം നടത്തികൊടുക്കുക എന്നത് മാത്രം. എന്ന് വച്ചാൽ.."
ഗംഗൻ ഒന്നുകൂടി മുന്നോട്ടു നീങ്ങിയിരുന്നു, എന്നിട്ടു ഇങ്ങനെ തുടർന്നു.
"പന്തലിടുക, വാഴയും മാവിലയും ഒക്കെ വച്ച് അത് അലങ്കരിക്കുക, മണ്ഡപം ഒരുക്കുക, സദ്യ ഉണ്ടാക്കുകയോ, എത്തിച്ചു കൊടുക്കുകയോ ചെയ്യുക, വിളമ്പുക, എച്ചിൽ തുടക്കുക, പാത്രം കഴുകുക എന്നിങ്ങനെ നിസ്സാരമായ ജോലികൾ മാത്രം". ഇത്രയൂം പറഞ്ഞതിനുശേഷം അവൻ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി, ഞങ്ങളും നോക്കി, പക്ഷെ നാൽപ്പതു പേരില്ലാത്തതിനാൽ നാലു പേർ മാറി മാറി നോക്കി..ശേഷം അഗാധമായ ചിന്തയിൽ മുഴുകി.
"പാത്രം കഴുകുക, എച്ചിൽ എടുക്കുക, വിളമ്പുക എന്നതൊക്കെ നിസ്സാരം" തല മൊഴിഞ്ഞു.ബാക്കിയുള്ളവർ അത്ഭുതത്തോടെ തലയുയർത്തി തലയെ നോക്കി."വീട്ടിൽ സ്ഥിരം ചെയ്യുന്ന ജോലികളാണിതൊക്കെ.." അല്പം ശബ്ദം താഴ്ത്തി ഒരു ചമ്മലോടെ തല പറഞ്ഞപ്പോൾ "ഹമ്പട പുളുസ്സോ.." എന്നായി ബാക്കി നാൽവർ.
"സദ്യയുടെ കാര്യവും പ്രശ്നമില്ല" കണ്ടാൽ പാവം എന്ന് തോന്നുന്ന, എന്നാൽ അങ്ങിനെ അല്ലാത്ത കൃഷ്ണൻ മൊഴിഞ്ഞു; "പക്ഷെ...." ആ പക്ഷെയുടെ അർഥം എല്ലാവർക്കും അറിയാമായിരുന്നു.
"പന്തലാണ് പ്രശ്നം".
"അതെ, പന്തലാണ് പ്രശ്നം" മണിയൻ ഇടപെട്ടു.
"തെങ്ങിൽ കയറി ഓല വെട്ടുക, അതിനെ മെടഞ്ഞെടുക്കുക ഒക്കെ നമ്മളെക്കൊണ്ട് സാധിക്കും എന്ന് തോന്നുന്നില്ല"
അതെ, അത് ശരിയാണ്" ഭീമൻ പറഞ്ഞു. "എനിക്കാണെങ്കിൽ മെടഞ്ഞ ഓലയിൽ കയറി വെട്ടി വിഴുങ്ങാനും ഉറങ്ങാനുമല്ലാതെ അതിനെ മെടയാൻ ആവില്ല" ഭീമന്റെ ആ അഭിപ്രായം കൃഷ്ണനും തലയാട്ടി ശരിവച്ചു.
"അപ്പോൾ ഈ സംഗതി നടക്കില്ല അല്ലെ?" ഒരിത്തിരി നിരാശയോടെ ഗംഗൻ ചോദിച്ചു.
"സംശയമാണ്" മണിയൻ അവസാനത്തെ ആണിയും അടിച്ചു.
ഒരു നിമിഷം എല്ലാവരും മൂകരും ബധിരരുമായി.
"ഞാൻ ഒരു കാര്യം പറയട്ടെ?" വീണ്ടും തല
'എന്തോ പൊട്ടത്തരം വിളമ്പാൻ നോക്കുന്നു' എല്ലാവരും മനസ്സിൽ പറഞ്ഞു.
"നമുക്ക് നാട്ടിൽ കിട്ടുന്നതും ഇവിടെ ഇല്ലാത്തതുമായ സംഭവം വേണം തുടങ്ങാൻ.."
"എന്ന് വച്ചാൽ..?" ഭീമന് വീണ്ടും ആകാംക്ഷ
ഉദാഹരണത്തിന് നമ്മുടെ കുലുക്കി സർബത്ത്, നാട്ടിൽ കിട്ടും ഇവിടെ കിട്ടില്ല...പെട്ടെന്ന് ബിസിനസ് പിടിക്കാം.എന്ത് പറയുന്നു?"
എന്തോ വലിയ കാര്യം അവതരിപ്പിച്ചത് പോലെ തല എല്ലാവരെയും മാറി മാറി നോക്കി, എന്നിട്ടു ഞെളിഞ്ഞിരുന്നു.
"സംഭവം കൊള്ളാം" ഗംഗൻ വീണ്ടും ഉഷാറായി.
"പക്ഷെ ഇതിനു ഇറക്കാൻ മാത്രം കാശു വേണ്ടേ മാഷെ..?" കൃഷ്ണൻ ആണിയടിക്കാനുള്ള ശ്രമത്തിലാണ്.
"ശരിയാ, മുതൽമുടക്ക് കൂടും. ഉന്തു വണ്ടി വേണം, വെള്ളം വേണം, കുലുക്കാനുള്ള പാത്രങ്ങളും 2 ആൾക്കാരും വേണം. വല്യ ചെലവാണ്.."
മണിയൻ ഇടപെടാൻ തുടങ്ങി.
"കുലുക്കാൻ ബംഗാളികളെ വച്ചാലോ..?" ഭീമൻ ചൂണ്ടയെറിഞ്ഞു.
"ഏയ്..അതൊന്നും ഇവിടെ നടക്കില്ല..അവന്മാര് കുലുക്കിയാലൊന്നും ശരിയാകില്ല" കൃഷ്ണൻ വിടുന്ന മട്ടില്ല
"പക്ഷെ തല പറഞ്ഞത് കാര്യമാണ്, നാട്ടിലുള്ളതും ഇവിടെ കിട്ടാത്തതും, എന്നാൽ കാശു അധികം വേണ്ടാത്തതുമായ ഒരു പരിപാടി വേണം തുടങ്ങാൻ.." കൃഷ്ണൻ തന്റെ അഭിപ്രായം വെളിപ്പെടുത്തി.
വീണ്ടും മൂകത..ഗംഗൻ മേലോട്ട് നോക്കി താടി ചൊറിയാൻ തുടങ്ങി.
ഭീമനാകട്ടെ മസ്സിൽ പെരുപ്പിച്ചു കൊണ്ട് ചിന്തിച്ചു.കൃഷ്ണൻ മീശ പിരിച്ചും മണിയൻ മൂക്കിൽ വിരലിട്ടും തല തന്റെ കാർക്കൂന്തലിൽ തലോടിയും (പക്ഷെ അവിടെ ഒന്നും ഇല്ല എന്ന കാര്യം പോലും മൂപ്പര് മറന്നു പോയി..) ഗംഭീരമായ ആലോചനകളിൽ മുഴുകി.
"ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.?" മണിയൻ പെട്ടെന്ന് വിരൽ മൂക്കിൽ നിന്നെടുത്തു നിവർന്നിരുന്നു.
'ധൈര്യമായി പറഞ്ഞോളൂ' എന്നർത്ഥത്തിൽ എല്ലാവരും തല കുലുക്കി.
"നമുക്ക് എത്ര പേർക്ക് ബിസിനസ് ചെയ്തു പരിചയമുണ്ട്?" അതിത്തിരി കടന്ന ചോദ്യമായിപ്പോയില്ലേ എന്ന് എല്ലാവർക്കും തോന്നി.
"പണ്ട് ഏട്ടന്റെ കൂടെ അമ്പലപ്പറമ്പിൽ അലുവ വിറ്റു നടന്ന പരിചയം എനിക്കുണ്ട്" തല, തലയിൽ തലോടിക്കൊണ്ട് മൊഴിഞ്ഞു (കാരണവന്മാരുടെ പുണ്യം കൊണ്ട് നാട്ടുകാരുടെ അടി കിട്ടാതെ രക്ഷപ്പെട്ട കാര്യം തല മിണ്ടിയില്ല, അഭിമാനം കളയരുതല്ലോ).
'ഓ..ഒരു ബിസിനെസ്സുകാരൻ..' എല്ലാവരുടെയും മുഖത്ത് പുച്ഛം നിറഞ്ഞോ എന്നൊരു ശങ്ക.
"അതിപ്പോ എല്ലാ കാര്യങ്ങളും അറിഞ്ഞോണ്ടാണോ ചെയ്യുന്നത്? ഇങ്ങനെയൊക്കെയല്ലേ പഠിക്കുന്നത്?" ഗംഗ മൊഴിഞ്ഞു. പറ്റിയാൽ ഇന്ന് തന്നെ ബിസിനസ് തുടങ്ങണം എന്ന് കരുതിയിരിക്കുകയാണ് മൂപ്പര്, അപ്പോഴാണ് ഓരോരുത്തന്മാർ കുനുഷ്ടു ചോദ്യങ്ങളുമായി വരുന്നത്.
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മണിയൻ തുടർന്നു
"നമുക്ക് അറിയാത്ത പണിക്കു പോകുന്നതിനേക്കാളും നല്ലതാണല്ലോ നമ്മുടെ കൈയിലുള്ള കാര്യങ്ങളുമായി കളിക്കാൻ ഇറങ്ങുന്നത്" .
"വളച്ചു കെട്ടാതെ കാര്യം പറ മാഷെ.".ഭീമന്റെ ക്ഷമ കെടുന്നു.
അതിപ്പോ നമുക്കൊക്കെ ഓരോ പ്രത്യേകത ഉണ്ട്..എന്ന് വച്ചാൽ എല്ലാവരും ഓരോ മേഖലയിൽ കഴിവ് തെളിയിച്ചവരാണ്, അത് വച്ച് കളിച്ചാലോ?"
ചില സിനിമകളിൽ ഇന്നസെന്റ് കാണിക്കാറുള്ള പോലെ 'എങ്ങിനെയുണ്ട് എന്റെ ബുദ്ധി?' എന്ന മട്ടിൽ മണിയൻ എല്ലാവരെയും മാറി മാറി നോക്കി, പക്ഷെ ആർക്കും ഒരു ഭാവഭേദവുമില്ലാത്തതിനാൽ ഇന്നസെന്റിനെ മടക്കി പെട്ടിയിലാക്കി മണിയൻ.
"അതായതു മുതലാളീ..." ഹരിശ്രീ അശോകൻ ശൈലിയിൽ മണിയൻ തുടർന്നു.
"എന്റെ മേഖല എന്ന് പറയുന്നത് പന്നി മലർത്തൽ ആണ്, ഭീമനാണെങ്കിൽ ഓംലെറ്റ് അടി, വേറൊരാൾ വാറ്റാൻ ബഹു കേമൻ, കൃഷ്ണനാണെങ്കിൽ പൊറോട്ടയടിക്കാരൻ,മറ്റവൻ ചുരുട്ടും.. അങ്ങിനെ എല്ലാവർക്കും പ്രത്യേകതകൾ ഉണ്ടല്ലോ..ഇതൊക്കെ ഉപയോഗിച്ച് നമുക്ക് വല്ലതും ചെയ്യാൻ പറ്റുമോ എന്നാണ് എന്റെ ചോദ്യം?" തന്റെ ആശയം വിശദീകരിച്ചു മണിയൻ വീണ്ടും എല്ലാവരെയും മാറി നോക്കി, ഇന്നസെന്റിനെ കൂട്ടുപിടിക്കാതെ.
"സംഗതി കൊള്ളാം.." എല്ലാവരും തല കുലുക്കി, പക്ഷെ എന്ത്, എങ്ങിനെ? എന്ന കാര്യത്തിൽ ആർക്കും ഒരു പുടിയും കിട്ടിയില്ല.
ചിന്തകൾ പുകച്ചുരുക്കളായി ഓരോരുത്തരുടെ തലയിൽ നിന്ന് പൊങ്ങാൻ തുടങ്ങി. മുന്നിലുണ്ടായിരുന്ന മുറുക്കും മിച്ചറും പതുക്കെ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. പഴം ഇല്ലാത്തതിന്റെ പിരിമുറുക്കം ഭീമന്റെ മുഖത്ത് കാണാമായിരുന്നു, അത് കൊണ്ട് തന്നെ ചിന്തകൾക്ക് ഒരു ഗൗരവം വന്നില്ല.
"ആ..കിട്ടി.." ഗംഗൻ അലറി. എല്ലാവരും അമ്പരന്നു. 'ബിസിനസ് ചിന്തിച്ചു ചിന്തിച്ചു ഇവന് പിരാന്തായോ ഭഗവാനെ' ഒരു നിമിഷം എല്ലാവരും ഇങ്ങനെ സംശയിച്ചു.
"നമുക്ക് ഒരു മുല്ലപ്പന്തൽ തുടങ്ങാം"
"മുല്ലപ്പന്തലോ..?"
"അതെ, മുല്ലപ്പന്തൽ..വാറ്റും ചുരുട്ടും ഓംലെറ്റും പൊറോട്ടയും പിന്നെ പന്നി മലർത്തലുമുള്ള ഒരു ഒന്നാന്തരം പട്ടഷാപ്പ്. കൃഷ്ണൻ പറഞ്ഞത് പോലെ നാട്ടിൽ ഉള്ളതും ഇവിടെ ഇല്ലാത്തതും. പണിക്കാർ വേണ്ട, സാധനങ്ങൾ വേണ്ട. ആകെ വേണ്ടത് ഒരു കൊച്ചു മുറി, അത് നമുക്ക് ഒരു ഓലപ്പുരയിൽ ഒപ്പിക്കാം" ഗംഗൻ തന്റെ പദ്ധതി വിളമ്പി.
'കൊള്ളാലോ സംഗതി' എല്ലാവരുടെയും മനസ്സിൽ ലഡ്ഡു പൊട്ടി, ഒന്നല്ല അഞ്ചാറെണ്ണം.
"ഓ..എന്റെ പുത്തിമാനെ..." ഭീമൻ ഗംഗനെ കെട്ടിപിടിച്ചു.
"നിന്റെ വയർ നിറച്ചും പുത്തിയാണല്ലോ ചങ്ങായി.." കൃഷ്ണന്റെ വക അഭിനന്ദനം.
'സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ' എന്ന പാട്ടും പാടി ബാക്കിയുണ്ടായിരുന്ന രണ്ടു മുറുക്ക് കൂടി വാരിയെടുത്തു മണിയൻ. ആവേശത്താൽ തന്റെ കാർകൂന്തലിനെ വാരിയൊതുക്കി തല.
അങ്ങനെ തങ്ങളുടെ നീറുന്ന പ്രശ്നത്തിന് ഉത്തരം കിട്ടിയ സന്തോഷത്തിലും നാളെ മുതൽ തങ്ങളുടെ മുല്ലപ്പന്തലിൽ ആളുകൾ കുടിച്ചു പൂക്കുറ്റിയാകുന്നതും പന്നി മലർത്തി അർമ്മാദിക്കുന്നതും സ്വപ്നം കണ്ടു പാണ്ഡവന്മാർ ആ രാത്രി സുഖമായി ഉറങ്ങി.
ഇതൊരു ഒന്നൊന്നര എഴുത്തായി പോയി ...ഹാഹാ ....കോമഡി യുടെ പൂരം
മറുപടിഇല്ലാതാക്കൂനല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ, ഞാൻ ധന്യനായി..
ഇല്ലാതാക്കൂHa ha Kollaam.appo ingane aanu ithinu last story ha yumezhuthiyathalle
മറുപടിഇല്ലാതാക്കൂഎപ്പോഴാണ്, എങ്ങിനെയാണ് ഒരു കഥക്കുള്ള ആശയം കിട്ടുന്നതെന്നു പറയാൻ കഴിയില്ല..തികച്ചും സ്വാഭാവികമായി ജന്മമെടുത്ത ഒരു കഥയാണിത്, അല്ലാതെ ഞാൻ കുത്തിയിരുന്ന് ആലോചിച്ചു ഉണ്ടാക്കിയതല്ല..ഏതായാലും അഭിപ്രായത്തിനു നന്ദി..
ഇല്ലാതാക്കൂമറ്റുള്ള കഥകളുടെ അത്ര എനിക്ക് ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല. എന്തോ ഒന്ന് മിസ്സിംഗ് ആയതു പോലെ. Waiting for your next one
മറുപടിഇല്ലാതാക്കൂഅഭിപ്രായം തുറന്നു പറഞ്ഞതിന് നന്ദി. താങ്കളുടെ വാക്കുകൾ ഇനിയുള്ള എഴുത്തിനു ശക്തി പകരട്ടെ..
ഇല്ലാതാക്കൂഈ കഥക്കോ, കഥാപാത്രങ്ങൾക്കോ, അതിൽ പ്രതിപാദിച്ചിരിക്കുന്ന സാഹചര്യങ്ങൾക്കോ ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ ആരെങ്കിലുമായി യാതൊരു ബന്ധവുമില്ലെന്ന് വായിച്ചപ്പോൾ തന്നെ മനസ്സിലായി ;-)
മറുപടിഇല്ലാതാക്കൂഇനി അഥവാ ആർക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അതുവെറും സ്വാഭാവികം മാത്രം അല്ലെ?:-D
തീർച്ചയായും..കഥാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം, അത്രമാത്രം...
ഇല്ലാതാക്കൂവളരെ രസകരമായി തോന്നി . ആശംസകൾ അജിത് .
മറുപടിഇല്ലാതാക്കൂവളരെ നന്ദി ജയ..ഈ പ്രോത്സാഹനം തുടർന്നും പ്രതീക്ഷിക്കുന്നു.അഭിപ്രായം തുറന്നു പറഞ്ഞതിൽ സന്തോഷമുണ്ട്..
ഇല്ലാതാക്കൂ