കഥയിലേക്ക് കടക്കുന്നതിനു മുൻപ്:
ഈ കഥയിലെ ഏതെങ്കിലും കഥാപാത്രങ്ങളോ സന്ദർഭങ്ങളോ നിങ്ങൾക്ക് പരിചിതമാണെന്നു തോന്നുന്നെങ്കിൽ.....ഞാൻ എന്ത് പറയാൻ? നിങ്ങളുടെ തോന്നലുകൾക്കൊന്നും ഞാൻ ഉത്തരവാദിയല്ല..വെറുതെ ഓരോന്ന് തോന്നിക്കോളും, ഈയുള്ളവനെ മിനക്കെടുത്താൻ......
കഥാസന്ദർഭം:
സസ്യശ്യാമളകോമളമായ കേരളത്തിലെ ഒരായിരം പഞ്ചായത്തുകളിൽ ഒന്നാണ് കൂമൻകുന്ന്. എല്ലാ പഞ്ചായത്തിലെ പോലെ, ഇവിടെയും ഭരണസമിതികൾ ഉണ്ട്, ഭരണവും ഉണ്ട്. പഞ്ചായത്തിലെ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി എത്രമാത്രം കഷ്ടപ്പാടാണ് ഇവിടുത്തെ ഭരിക്കുന്നവർ അനുഭവിക്കുന്നതെന്ന് നിങ്ങളെ മനസ്സിലാക്കിക്കാൻ ഒരു എളിയ ശ്രമം.
കഥ തുടങ്ങുന്നതിനു മുൻപ് നമുക്ക് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടാം.
വലിയവീടൻ നാറാപിള്ള: നമ്മുടെ നായകൻ. ആളൊരു പ്രമാണിയാണ്, കഴിഞ്ഞ 20 വർഷമായി കൂമൻകുന്ന് പഞ്ചായത്ത് ഭരിക്കുന്നത് ഇങ്ങേരാണ്. ഇദ്ദേഹത്തിന്റെ അച്ഛനും അച്ഛന്റെ അച്ഛനും ഒക്കെ പഞ്ചായത്ത് ഭരിച്ച(മുടിച്ച)വരാണ്. പഞ്ചായത്ത് ഭരണം തന്റെ മാത്രം അവകാശമെന്ന് കരുതുന്ന മാന്യ ദേഹം നല്ലൊരു ഗുസ്തിക്കാരൻ കൂടിയാണ് എന്ന് അവകാശപ്പെടുന്നു (പക്ഷെ ഗപ്പൊന്നും കാണിക്കാനില്ല, അതും ചോദിച്ചു വന്നേക്കരുത്)
ക്ഷേമവതിയമ്മ: ഒരു സാധു സ്ത്രീ, പഞ്ചായത്തിന്റെ പ്രധാന ഉദ്യോഗസ്ഥയാണെങ്കിലും നാറാപിള്ള പറയുന്നത് പോലെ ചെയ്യുക എന്നതാണ് പ്രധാന ജോലി
ഉലഹന്നാൻ: പഞ്ചായത്തിലെ പ്രധാന കാര്യക്കാരൻ, നാറാപിള്ളയുടെ ഏറാന്മൂളി,പിള്ളയെ മുൻനിർത്തി ഇദ്ദേഹമാണ് പഞ്ചായത്തു മുടിക്കുന്നതെന്നും ഒരു സംസാരമുണ്ട്. പഞ്ചായത്തിലെ തന്റെ പ്രവർത്തനത്തെ പറ്റി ആയിരം നാക്കാണ് ഇങ്ങേർക്ക് എന്ന് അസൂയാലുക്കൾ പറയുന്നു, പക്ഷെ ആത്മാർത്ഥത കൊണ്ടാണെന്ന് ഇങ്ങേരും
കണക്കുപിള്ള തങ്കപ്പൻ: ഇങ്ങേരാണ് കണക്കുപിള്ള എന്ന് അധികാരിയും കാര്യക്കാരനും പറയുന്നു, പക്ഷെ തനിക്കു അങ്ങനെയൊരു സ്ഥാനമുണ്ടോ എന്ന് ഇങ്ങേർക്ക് പോലും അറിയില്ല (പത്തു രൂപയുടെ പത്തു നോട്ടു ഒരുമിച്ചു കൊടുത്താൽ എണ്ണിത്തീർക്കാൻ ഇയാൾക്ക് പതിനഞ്ചു മിനിട്ടു വേണമെന്ന് ചില സംസാരമുണ്ട്). ആലോചനയോഗം കഴിയുന്നത് വരെ കൂർക്കം വലിച്ചു ഉറങ്ങുക എന്നതാണ് ഒരേയൊരു ജോലി.
മാണിക്യൻ: മെമ്പർ, മേല്പറഞ്ഞവരുടെ കണ്ണിലെ കരട് (അധികാരിയുടെയും സിൽബന്ധികളുടെയും തെറ്റുകളും തോന്ന്യാസങ്ങളും ചൂണ്ടിക്കാട്ടും എന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റം)
പ്രകാശൻ: കൂട്ടത്തിൽ പുതുമുഖം, ഉപതിരഞ്ഞെടുപ്പിൽ കയറിപ്പറ്റിയവൻ. ഇപ്പോഴും പഞ്ചായത്തിൽ എന്താണ് നടക്കുന്നതെന്ന് മുഴുവനായും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. മാണിക്യന്റെ കൂടെയായതിനാൽ വിമതൻ ആയി കണക്കാക്കാം
മറിയ, സുന്ദരി, രായപ്പൻ, കുഞ്ഞികൃഷ്ണൻ, പപ്പനാഭൻ: അംഗങ്ങൾ
വേറെയും കുറെ അംഗങ്ങൾ, ഉദ്യോഗസ്ഥന്മാർ ഉണ്ടെങ്കിലും (മോഴകൾ
അഥവാ പോഴന്മാർ എന്ന കൂട്ടത്തിൽപ്പെടുത്താൻ പറ്റുന്നവർ) അവരെയൊന്നും ഇവിടെ മുൻകൂട്ടി പരിചയപ്പെടുത്തുന്നില്ല, അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല
സന്ദർഭം 1 :
കഥയിലേക്ക് കടക്കട്ടെ...ഒരു തിങ്കളാഴ്ച ദിവസം. ആഴ്ച തോറും നടക്കുന്ന പഞ്ചായത്തു കൂടിയാലോചനയോഗം ആണ് സംഭവം, നടക്കുന്നതാകട്ടെ പഞ്ചായത്തു ഓഫീസിലും (മുൻപ് ഇത് നാറാപിള്ളയുടെ തൊഴുത്തു ആയിരുന്നു, മൂപ്പരുടെ സൗകര്യത്തിനു വേണ്ടി ആപ്പീസ്സ് ഇങ്ങോട്ടു മാറ്റിയിരിക്കുകയാ. ഇത് ഞാൻ പറഞ്ഞില്ലെങ്കിലും കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും). സമയം രാവിലെ 9 : 45 , ക്ഷേമവതിയമ്മ കുളിച്ചൊരുങ്ങി കൈയിലൊരു കുടയും ബാഗുമായി തൊഴുത്തിന്റെ പടി കടന്നു വന്നു ക്ഷമിക്കണം (അങ്ങിനെ പറയാൻ പാടില്ല, ദേവി കോപിക്കും) ആപ്പീസിന്റെ പടി കടന്നു വന്നു. കുറച്ചു ധൃതിയിലാണ് വന്നത്, അധികാരി വരുന്നതിനു മുൻപ് അദ്ദേഹത്തിന്റെ കസേര തുടച്ചു വെക്കണം, വെള്ളം എടുത്തു വെക്കണം, മുറുക്കാൻ തയ്യാറാക്കണം..അങ്ങിനെ പിടിപ്പതു പണിയുണ്ട് പാവത്തിന്. ആപ്പീസിന്റെ പുറത്തു നിന്നെ അവർക്കു മനസ്സിലായി അധികാരി എത്തിയിട്ടില്ല എന്ന്, അതോടെ ആശ്വാസത്തോടെ അവർ അകത്തേക്ക് കടന്നു. കാര്യക്കാരൻ ഉലഹന്നാൻ സ്ഥലത്തെത്തി ജോലി തുടങ്ങിയിരുന്നു (മൂപ്പര് മിക്കദിവസവും ഇവിടെയാണ് കിടപ്പ് എന്ന് വരെ അങ്ങേരുടെ ഭാര്യ പരാതി പറയാറുണ്ട്. പക്ഷെ വീടിനേക്കാൾ ആശ്വാസം ഇവിടെയാണെന്ന്, ഭാര്യ കേൾക്കാതെ ഉലഹന്നാൻ പറയും).
കാര്യമായി എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ഉലഹന്നാൻ തലയുയർത്താതെ ക്ഷേമവതിയമ്മയെ അഭിവാദ്യം ചെയ്തു "ജയ് അധികാരി"; 'അമ്മ തിരിച്ചും അഭിവാദ്യം അർപ്പിച്ചു "ജയ് അധികാരി".
ഉലഹന്നാൻ ചെയ്യുന്ന ജോലിയുടെ ഗൗരവമറിയാവുന്ന 'അമ്മ, വേറെയൊന്നും പറയാതെ തന്റെ കൃത്യത്തിലേക്കു കടന്നു. ഉലഹന്നാൻ പേജുകൾ ഓരോന്നായി മറിച്ചു എഴുതിക്കൊണ്ടിരിക്കുകയാണ് (200 പുറങ്ങളുള്ള പുസ്തകം എത്ര വേഗം എഴുതി തീർക്കാമെന്നതിലാണ് അങ്ങേരുടെ ലക്‌ഷ്യം എന്ന് തോന്നിപോകും).നിമിഷങ്ങൾ ഓരോന്നായി കടന്നു പോയി കൊണ്ടിരുന്നു, അംഗങ്ങൾ ഓരോരുത്തരായി എത്താൻ തുടങ്ങി.എല്ലാവരും അവരവരുടെ ഇരിപ്പിടത്തിൽ ചെന്നിരുന്നു ഭജനം തുടങ്ങി - 'നാറാപിള്ള സഹസ്രനാമ' മാണ് എല്ലാവരും ജപിക്കേണ്ടത്. എന്നാൽ 2 പേർ മാത്രം ഇതിലൊന്നും ചേരാതെ ഇന്നലെ കണ്ട കുളിസീൻ ചർച്ച ചെയ്യാൻ തുടങ്ങി, അത് മാണിക്യനും പ്രകാശനുമായിരുന്നു. അവരുടെ സംസാരം കേട്ട് ഉലഹന്നാൻ തീക്ഷ്ണമായി ഒന്ന് നോക്കി, എങ്കിലും അവർ നിർബാധം അത് തുടർന്നു (തന്നെ അറിയിക്കാതെ കുളിസീൻ കണ്ടത്തിലുള്ള ദേഷ്യമായിരുന്നു കാര്യക്കാരന്, നിയമം അറിയാത്ത തെണ്ടികൾ).
"ഇങ്ങേർക്കെന്താ കുറച്ചു നേരത്തെ വന്നാൽ? ബാക്കിയുള്ളവരെ ഇങ്ങനെ കാത്തിരിക്കാൻ ആക്കാതെ.." മാണിക്യൻ പറഞ്ഞു.
ഒരു നിമിഷം..ഭജന നിർത്തി എല്ലാവരും മാണിക്യനെ നോക്കി.തന്റെ എഴുത്തു പൂർത്തിയായ ഉലഹന്നാൻ മീശ പിരിച്ചു ചാടി എഴുന്നേറ്റു.
"വലിയ വലിയ ആൾക്കാരെ കുറച്ചു കാത്തു നിൽക്കേണ്ടി വരും, പറ്റില്ലെങ്കിൽ രാജി വച്ചു പൊയ്‌ക്കോ".
ഉലഹന്നാന്റെ ആക്രോശത്തിനു മറുപടി പറയാൻ എഴുന്നേറ്റ മാണിക്യനെ, പ്രകാശൻ വിലക്കി, "ഇയാളോടൊക്കെ മറുപടി പറയാതിരിക്കുകയാ ഭേദം".
അന്നേരം കൂട്ടത്തിൽ സാധുവായ അംഗം രായപ്പൻ പറഞ്ഞു,
"അങ്ങേരു വലിയ ഗുസ്തിക്കാരനല്ലേ, രാവിലെ രണ്ടു മണിക്കൂർ എണ്ണയിട്ട ഉഴിയും. അത് കഴിഞ്ഞു ശിഷ്യന്മാരെ കുറച്ചു മുറകൾ പഠിപ്പിച്ചിട്ടേ ഇവിടെ വരാൻ പറ്റൂ.ഗുസ്തിയെക്കാളും വലുതല്ലല്ലോ അങ്ങേർക്കു പഞ്ചായത്ത്".
രായപ്പന്റെ അഭിപ്രായം ഇഷ്ടപ്പെടാത്ത ഉലഹന്നാൻ അങ്ങേരെ തറപ്പിച്ചു നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല.സമയം 11 ആയി. പെട്ടെന്ന് പുറത്തൊരു കാൽപ്പെരുമാറ്റം, എല്ലാവരും നിശ്ശബ്ദരായി, നിവർന്നിരുന്നു.ക്ഷേമവതിയമ്മ ഒന്ന് കൂടി കസേരയിലെ പൊടി തുടച്ചു."ഓ..ചങ്ങാതി എഴുന്നെള്ളി എന്ന് തോന്നുന്നു", പ്രകാശന്റെ ആത്മഗതം. കനത്ത കാൽവെപ്പുകളോടെ ഒരു ആജാനുബാഹു പടി കടന്നു വന്നു.പിരിച്ചു വെച്ച മീശയും എണ്ണയിൽ മുങ്ങിയ ദേഹവും കാലൻ കുടയുമായി ഒരു തൂവെള്ള ജുബ്ബാ ധാരി അകത്തേക്ക് പ്രവേശിച്ചു (പക്ഷെ കാലിനേക്കാളും മുൻപെത്തിയത് ചീർത്തു വീർത്ത വയറായിരുന്നു എന്നത് വേറെ കാര്യം). മുറിയിലാകെ ധന്വന്തരം കുഴമ്പിന്റെ മണം നിറഞ്ഞു. "ഇയാളെന്താ എണ്ണയിലാണോ കിടപ്പ്?" പ്രകാശന്റെ സംശയം ഇത്തിരി ഉച്ചത്തിലായി. ഏതോ ഒരു അംഗം ധൃതിയിൽ ചെന്ന് കുട വാങ്ങി മടക്കി വെച്ചു. മുറിയിൽ കയറിയ വലിയവീടൻ നാറാപിള്ള ഒരു നിമിഷം എല്ലാവരെയും നോക്കി..എന്തോ അപരാധം ചെയ്തത് പോലെ പെട്ടെന്ന് എല്ലാവരും എഴുന്നേറ്റു നിന്നു. പിള്ളേദ്ദേഹം നാലുപാടും നോക്കി. മാണിക്യനും പ്രകാശനും ഇരുന്നിടത്തു നിന്നു അനങ്ങിയില്ല.തന്റെ തുറിച്ച കണ്ണുകൾ ഒന്ന് കൂടി തുറിപ്പിച്ചു അദ്ദേഹം അവരെ നോക്കി. ഉലഹന്നാൻ പിന്നിൽ നിന്നു കൈകൊണ്ടു ആംഗ്യം കാണിച്ചപ്പോൾ എഴുന്നേൽക്കാൻ തുടങ്ങിയ പ്രകാശനെ മാണിക്യൻ പിടിച്ചിരുത്തി. എല്ലാവരും ആകെ സ്തംഭിച്ചു നിൽക്കുകയാണ്,ഇന്നുവരെ ഒരു അംഗവും ചെയ്യാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത കാര്യമാണ് നടന്നിരിക്കുന്നത്. പക്ഷെ ഒന്നും സംഭിച്ചിട്ടില്ലാത്ത പോലെ അധികാരി തന്റെ ഇരിപ്പിടത്തിലേക്കു നടന്നു. തന്റെ കസേരയിൽ ആസനസ്ഥനായതിനു ശേഷം നാറാപിള്ള ഒന്ന് എല്ലാവരെയും കടാക്ഷിച്ചു.ആ കടാക്ഷത്തിൽ പുളകിതരായ അംഗങ്ങൾ മന്ദസ്മിതം തൂകി, കുഴമ്പിന്റെ ഗന്ധം ഒരിക്കൽ കൂടി തീക്ഷ്ണമായി വലിച്ചെടുത്തു ആസ്വദിച്ചു.
നല്ല തളിർ വെറ്റില കൈയിലെടുത്തു അതിൽ ചുണ്ണാമ്പു തേച്ചു, ഒരു കഷ്ണം അടക്കയും,പുകയിലയും കൂടി വായിലിട്ടു ചവച്ചു വലിയവീടൻ ഇങ്ങനെ മൊഴിഞ്ഞു "പരിപാടി ആരംഭിക്കാം, ആദ്യമായി ഈശ്വരപ്രാർത്ഥന". ഉടനെ എല്ലാവരും എഴുന്നേറ്റു നിന്ന് അധികാരിയുടെ നേരെ കൈകൂപ്പി. അംഗങ്ങളുടെ ഇടയിൽ നിന്ന് സുന്ദരി മധുരമായി പുഞ്ചിരിച്ചു കൊണ്ട് കടന്നു വന്നു. അവൾ അധികാരിയെ ഭക്ത്യാദരപൂർവ്വം വണങ്ങി, ഇങ്ങനെ പ്രാർത്ഥിച്ചു.
"കൂമൻകുന്ന് പഞ്ചായത്തു അണിയിച്ചൊരുക്കും
അതിനുള്ളിൽ ആനന്ദ ദീപം കൊളുത്തും
പാവങ്ങളെ എന്നെന്നും കാത്തുകൊള്ളുന്ന
പരമപ്രകാശമേ നാ(റിയ)റാപിള്ള ദൈവമേ
........................................................................
........................................................................
അങ്ങനെ ഭക്തിപൂർവ്വം കൂമപുരത്തിലെ ദൈവത്തിനെ പ്രാർത്ഥിക്കുന്ന സുന്ദരിയായ സുന്ദരിയെ നാറാപിള്ള ഇടംകണ്ണിട്ടു ഒന്ന് നോക്കി, ആ നോട്ടം ഉലഹന്നാനു അത്രയ്ക്കു പിടിച്ചില്ലെങ്കിലും ബഹുമാനം കാരണം ഒന്നും മിണ്ടിയില്ല. ഉലഹന്നാനും സുന്ദരിയെ നോക്കണം എന്നുണ്ടായിരുന്നെങ്കിലും വലിയവീടനെ പേടിച്ചു ആ ആഗ്രഹം തൽക്കാലത്തേക്ക് ഉപേക്ഷിച്ചു. പ്രാർത്ഥന കഴിഞ്ഞ സുന്ദരി കുണുങ്ങി കുണുങ്ങി തന്റെ ഇരിപ്പിടത്തിലേക്കു നടന്നു. ആ നടത്തം കണ്ട വലിയവീടന്റെ സ്വതവേ വലിയ വായ ഒന്നുകൂടി വലുതായി, സുന്ദരി ഇരുന്നതിനു ശേഷം ശൃങ്കാരപൂർവ്വം അവളെ ഒന്ന് കടാക്ഷിച്ച് തന്റെ വായിലെ വെള്ളം മുഴുവനും ഇറക്കി.ആ കടാക്ഷത്തിൽ ഒരിക്കൽ കൂടി സുന്ദരി പുളകിതയായി.
"അടുത്തതായി സ്വാഗതം" അതിനായി അധികാരി പ്രകാശന്റെ നേരെ വിരൽ ചൂണ്ടി ക്ഷണിച്ചു.
തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ പ്രകാശൻ
"ഇവിടെ എത്തിച്ചേർന്ന എല്ലാവരെയും ഞാൻ ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു"
എന്ന് മാത്രം പറഞ്ഞു കൊണ്ട് തന്റെ ആസനം താഴ്ത്തിവച്ചു.
വലിയവീടൻ ഞെട്ടി, അഭ്യുദയകക്ഷികളും ഞെട്ടി. അധികാരിയെ സ്വാഗതം ചെയ്യാത്ത കൂടിയാലോചനയോഗം???
"അധികാരിയദ്ദേഹത്തെ സ്വാഗതം ചെയ്തില്ല" ഉലഹന്നാൻ പ്രകാശനെ ഓർമ്മിപ്പിച്ചു.
"എല്ലാവരും എന്ന് പറഞ്ഞാൽ അങ്ങേരും അതിൽ പെടും" മാണിക്യനാണ് മറുപടി പറഞ്ഞത്.
വീണ്ടും നിന്ദ..വലിയവീടൻ ഒന്നമർത്തി മൂളി, എന്നിട്ടു കാര്യക്കാരനെ നോക്കി. ആ നോട്ടം താങ്ങാൻ കഴിയാതെ ഉലഹന്നാൻ മുഖം കുനിച്ചു.
ഇനി അധ്യക്ഷന്റെ ഉപക്രമം - വലിയവീടൻ തന്റെ വലിയദേഹം പതുക്കെ ചാരുകസേരയിൽ നിന്ന് ഉയർത്തി. തന്റെ കൃതാവ് ഒന്ന് തടവി, ഓട്ടുഗ്ലാസ്സിലെ വെള്ളം ഒരിറക്ക് കുടിച്ചു തന്റെ ഗംഭീരമായ ശബ്ദത്തിൽ ഇങ്ങനെ മൊഴിഞ്ഞു
"സസ്യശ്യാമള കോമളമായ കൂമപുരം പട്ടണത്തിലെ എന്റെ അന്തേവാസികളെ..വളരെ പ്രക്ഷുബ്ധവും ഹുങ്കാരവും നിറഞ്ഞ ഒരു മാസമാണ് നമ്മളെ തഴുകി കടന്നു പോയത്. ചന്ദ്രകിരണത്തിനെ രശ്മികൾ ഈ ഭൂമിദേവിയെ തഴുകി ഉണർത്തുന്നതുപോലെ എന്റെ കരുണാമയമായ കരാളഹസ്തങ്ങൾ ഇരുട്ടിന്റെ ഭയാനകരാവുകളിൽ നിങ്ങളുടെ പാർശ്വത്തിലുണ്ടായിരുന്നു എന്ന കാര്യം നിങ്ങൾ ഓരോരുത്തരുടെയും സ്മൃതിപഥത്തിലുണ്ടാവുമെന്നു ഞാൻ ഊഷ്മളതയോടെ സ്മരിക്കുന്നു......"
അന്തവും കുന്തവും ഇല്ലാത്ത അധികാരിയുടെ സംസാരം കേട്ട് പ്രകാശൻ, മാണിക്യനെ നോക്കി. "ഇതൊക്കെയെന്ത്" എന്നർത്ഥത്തിൽ മാണിക്യൻ പ്രകാശനെ നോക്കി,അവനൊന്നും മനസ്സിലായില്ല. അവൻ മറ്റുള്ളവരെ നോക്കി, എല്ലാവരും അധികാരിയുടെ വായിൽ നിന്നുതിരുന്ന മൊഴിമുത്തുകൾ ആവേശപൂർവ്വം കേൾക്കുകയാണ്.
അധികാരി തുടരുകയാണ്..."....ഈ പഞ്ചായത്തിന്റെ നിഷ്കളങ്കരും നിർമ്മലരുമായ പിഞ്ചുകുഞ്ഞുങ്ങൾക്കു വേണ്ടി ഒരായിരം പദ്ധതികൾ എന്റെ മനസ്സിന്റെ അകത്തളങ്ങളിൽ ഞാൻ സ്വരുക്കൂട്ടി വച്ചിട്ടുണ്ട്. ഉചിതമായ സന്ദർഭങ്ങളിൽ അവ ഓരോന്നും അനർഗ്ഗലനിർഗ്ഗളം ഇവിടെ പ്രവഹിക്കുന്നതായിരിക്കും."
ഹാ.....ഉം.......ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.മാണിക്യൻ ഒരു കോട്ടുവായ ഇട്ടതാണ്.
"മതിയാക്കിക്കൂടെ മാഷെ കുറെ സമയമായല്ലോ അനർഗ്ഗലനിർഗ്ഗളം പ്രവഹിക്കുന്നു, എവിടെയെങ്കിലും ഒന്ന് സമാപ്തി കുറിച്ചുകൂടെ?" മാണിക്യൻ പറഞ്ഞു.
"വിധിയുടെ കരാളഹസ്തങ്ങളിൽ പെട്ടുഴലുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈ സഹായം നൽകുന്ന കാര്യത്തെ പറ്റി വിവക്ഷിക്കുമ്പോൾ കൂടി ചിലർ അക്ഷീണ കുക്ഷീണമായി താല്പര്യമില്ലായ്മ കാണിക്കുന്ന പരിപാവനമായ ഈ ശാന്തി മുഹൂർത്തത്തിൽ കൂടുതൽ ഒന്നും മൊഴിയാനില്ലാത്തതിനാൽ ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം എനിക്കും എന്റെ കുടുംബത്തിനും ഉണ്ടാകട്ടെ.."
എന്ന് പറഞ്ഞു കൊണ്ട് അധികാരി അവർകൾ തന്റെ ദേഹം ചാരുകസേരയിലേക്കു സമർപ്പിച്ചു.
അടുത്തതായി കാര്യക്കാരന്റെ വക കഴിഞ്ഞ ആഴ്ചയിലെ പ്രവർത്തന പറ്റിയുള്ള വിവരണമാണ്.നാറാപിള്ളയുടെ അനുഗ്രഹം വാങ്ങി തന്റെ മുൻപിലുള്ള പുസ്തകങ്ങളിൽ നിന്ന് ഏറ്റവും വലുത് എടുത്തു ഉലഹന്നാൻ സംസാരിക്കാനായി എഴുന്നേറ്റു.
"ചേട്ടാ ഒന്ന് ചരുക്കി വായിക്കണേ, ഇത് കഴിഞ്ഞു റേഷൻ വാങ്ങാൻ പോകാനുള്ളതാ, അത് കിട്ടിയില്ലെങ്കിൽ വീട് പട്ടിണിയാകും" ഇത്തവണ ആ അഭിപ്രായം വന്നത് മറിയക്കുട്ടിയിൽ നിന്നായിരുന്നു.
ആ അഭിപ്രായം ഇഷ്ടപ്പെടാത്ത കാര്യക്കാരൻ തന്റെ രാമായണം തുറന്നു. "ആദരണീയനായ മാന്യദേഹം അധികാരി അദ്ദേഹത്തിന് വണക്കം" ഉലഹന്നാൻ ആരംഭിച്ചു.
"കഴിഞ്ഞ ആഴ്ച നമ്മൾ ഒരുപാടു പ്രവർത്തനം നടത്തി, അതിനെ പറ്റി വിശദമായി ഞാൻ വായിക്കാം.ആദ്യമായി നമ്മൾ കൊണ്ടാടിയത് നമ്മുടെ അന്നദാതാവും കൺകണ്ട ദൈവവുമായ ശ്രീ നാറാപിള്ള സാറിന്റെ സപ്തതിയായിരുന്നു. അതിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച നമ്മുടെ അംഗം പപ്പനാഭന് ഈ കമ്മിറ്റിയുടെ പേരിൽ ഞാൻ നന്ദി അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് അധികാരി അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹങ്ങളും സിദ്ധിക്കുന്നതായിരിക്കും. സദ്യ ഗംഭീരമായിരുന്നു എന്ന് എല്ലാ അതിഥികളും അറിയിച്ചു. വെറും രണ്ടുലക്ഷം രൂപ മാത്രമേ ഇത്രയും ഗംഭീരമായ ഈ പരിപാടിക്ക് നമ്മൾ പഞ്ചായത്തു ഫണ്ടിൽ നിന്ന് ചിലവാക്കിയുള്ളൂ എന്ന് ഞാൻ ഈ അവസരത്തിൽ സന്തോഷപൂർവ്വം അറിയിക്കട്ടെ. മഹത്തായ ഈ പരിപാടി കാരണം പഞ്ചായത്തിലെ പട്ടിണി അനുഭവിക്കുന്ന 11 സാധുക്കൾക്ക് ചോറും മോരുകറിയും കൂട്ടിയുള്ള വിഭവസമൃദ്ധമായ സദ്യ കൊടുക്കാൻ പറ്റി എന്നത് നമ്മുടെ പഞ്ചായത്ത് പ്രകടിപ്പിക്കുന്ന പരോപകാരത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഭാവിയിലും അദ്ദേഹത്തിന്റെ ഭാര്യയുടെ സപ്തതിയും ഇതുപോലെ പാവങ്ങൾക്ക് വേണ്ടി ആഘോഷിക്കുന്നതായിരിക്കും. അടുത്തതായി നമ്മൾ നടത്തിയത് നമ്മുടെ മഹാതമാവിന്റെ ജന്മദിനമായിരുന്നു. ഗാന്ധിജയന്തി ദിനത്തിൽ തികഞ്ഞ ഗാന്ധിയനായ നാറാപിള്ള അവർകളെ നമുക്ക് ആദരിക്കാൻ പറ്റി എന്നത് ഒരു കാര്യക്കാരൻ എന്ന നിലക്ക് എനിക്ക് ചാരിതാർഥ്യം തരുന്നു. അതിനായി നമ്മൾ ചിലവാക്കിയത് വെറും 53021 . 75 രൂപ മാത്രമാണ്."
ഉലഹന്നാൻ തകർക്കുകയാണ്.തന്റെ കാര്യക്കാരന്റെ കാര്യപ്രാപ്തിയിൽ വലിയവീടന് തികഞ്ഞ അഭിമാനം തോന്നി. അദ്ദേഹം ഉലഹന്നാനെ പുറത്തു തട്ടി പ്രോത്സാഹിപ്പിച്ചു. ആ പ്രോത്സാഹനത്തിൽ ഊർജ്ജം കിട്ടിയ ഉലഹന്നാൻ ആവേശപൂർവ്വം കടലാസുകൾ മറിച്ചു വായിച്ചുകൊണ്ടിരുന്നു. നേരത്തെ മാണിക്യൻ മാത്രമാണ് കോട്ടുവായ ഇട്ടതെങ്കിൽ ഇത്തവണ അതിടുന്നവരുടെ എണ്ണം കൂടി. പക്ഷെ ഉലഹന്നാന്റെ ഉത്സാഹത്തെ ബാധിച്ചില്ല, അയാൾ ആവേശപൂർവ്വം വായിക്കാൻ തുടങ്ങി.
"ചേട്ടാ...." മറിയക്കുട്ടി പതുക്കെ ഉലഹന്നാനെ വിളിച്ചു.
"പേടിക്കേണ്ട, ഞാൻ ചുരുക്കി പറയാം".ഉലഹന്നാൻ മറിയയെ സമാധാനിപ്പിച്ചു.
'അതാ എനിക്ക് പേടി' മറിയം മന്ത്രിച്ചു.
"അടുത്തതായി നമ്മൾ ചെയ്തത് ഒരു മഹത്തായ ഒരു ദാനമാണ്. ഇരിക്കാൻ പലക ഇല്ലാതിരുന്ന ഒരു അന്തേവാസിക്ക് നമ്മുടെ ഒരു അഭ്യുദയകാംക്ഷിയെ കൊണ്ട് അത് വാങ്ങിച്ചു കൊടുക്കാൻ ഈ പഞ്ചായത്തു മുൻകൈ എടുത്തു. ഇനി എനിക്ക് പറയാനുള്ളത് വളരെ പ്രാധാന്യം ഉള്ളതും നിങ്ങൾ ശ്രദ്ധിച്ചു കേൾക്കേണ്ടതും ആകുന്നു.നമ്മുടെ എല്ലാമായ അധികാരി അവർകളുടെ പിറന്നാളിന് ചില അംഗങ്ങൾ മനപ്പൂർവ്വം വരാതിരിക്കുകയുണ്ടായി. കൂടാതെ വന്ന ചിലർ ഭക്ഷണത്തെ പറ്റിയും ആ പരിപാടിയെ പറ്റിയും മോശം അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു എന്ന മഹാ അപരാധങ്ങൾ ചെയ്തവർ നമ്മുടെ കൂട്ടത്തിലുണ്ട്. അവർ ചെയ്ത തെറ്റ് ഏറ്റു പറയുകയും അധികാരി അവര്കളോട് മാപ്പു പറയേണ്ടതുമാണ്".
ഉലഹന്നാൻ പറഞ്ഞു നിർത്തി. അംഗങ്ങളുടെ ഇടയിൽ നിന്ന് ആരും ഒന്നും മിണ്ടിയില്ല.ഉലഹന്നാൻ, രായപ്പനെ ഒന്ന് നോക്കി. ഇപ്പോൾ കരയും എന്ന അവസ്ഥയിൽ രായപ്പൻ എഴുന്നേറ്റു വന്നു വലിയവീടന്റെ കാൽക്കൽ വീണു.
"എന്നോട് ക്ഷമിക്കണം, കൊച്ചിന് അസുഖമായിരുന്നു". വലിയവീടൻ, കാര്യക്കാരനെ നോക്കി. സംഭവം സത്യമാണെന്നു മട്ടിൽ ഉലഹന്നാൻ തലകുലുക്കി." ശരി, നോം ക്ഷമിച്ചിരിക്കുന്നു". താഴേക്ക് വീണ രണ്ടുതുള്ളി കണ്ണീർ തുടച്ചു കൊണ്ട് രായപ്പൻ ഇരിപ്പിടത്തിലേക്കു മടങ്ങി. ഉലഹന്നാൻ വീണ്ടു അംഗങ്ങളുടെ ഇടയിലേക്ക് നോക്കി,ഇത്തവണ നോട്ടം മാണിക്യനിലേക്കായിരുന്നു.
"ഭക്ഷണം മോശമായത് കൊണ്ടാണ് പറഞ്ഞതാണ്. അതിനെന്തിനാ മാപ്പ്? അതൊന്നും പറ്റില്ല.വേണമെങ്കിൽ താൻ പറഞ്ഞോ" മാണിക്യൻ പ്രതികരിച്ചു.മാണിക്യന്റെ നേരെ നീങ്ങാനൊരുങ്ങിയ ഉലഹന്നാൻ, പ്രകാശന്റെ നോട്ടം കണ്ടപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു.
"നിങ്ങൾ എങ്ങിനെയാ ഈ പരിപാടി തീരുമാനിച്ചത്? ഞങ്ങൾ ആരും ഒന്നും അറിഞ്ഞില്ലല്ലോ. നികുതിപ്പണം പാവങ്ങളെ സഹായിക്കാനല്ലേ ഉപയോഗിക്കേണ്ടത്?" പ്രകാശൻ വിനയത്തോടെ ചോദിച്ചു.
"തീരുമാനങ്ങളൊക്കെ ഉണ്ടാകും, അതിലൊന്നും തലയിടണ്ട. പിന്നെ പാവങ്ങളുടെ കാര്യം. നമ്മൾ 11 പേർക്ക് സദ്യ കൊടുത്തില്ലേ? ഇരിക്കാൻ പല കൊടുത്തില്ലേ? കൂടാതെ നമ്മുടെ ഒരു അംഗത്തിന്റെ അമ്മാവന് പനി വന്നപ്പോൾ പാരസെറ്റമോൾ വാങ്ങിക്കാൻ 6 .55 രൂപ കൊടുത്തില്ലേ? ഇതൊന്നും ദാനധർമ്മത്തിൽ പെടില്ലേ? ഏതു പഞ്ചായത്താണ് ഇങ്ങനെയൊക്കെ ചെയ്തിട്ടുള്ളത്?" ഉലഹന്നാൻ തന്റെ അധികാരിയുടെ നേട്ടത്തിന്റെ കെട്ടഴിക്കാൻ തുടങ്ങി.
"നമ്മുടെ പഞ്ചായത്തിന്റെ വരുമാനം എത്രയുണ്ടാകും എന്ന് കാര്യക്കാരന് അറിയുമോ? പഞ്ചായത്തു കണക്കുപിള്ളയുടെ കൈയിൽ അതിനുള്ള ഉത്തരമുണ്ടോ?"
മാണിക്യന്റെ ചോദ്യം കേട്ട ഉടൻ മുതിർന്ന അംഗം കുഞ്ഞികൃഷ്ണൻ ഉറക്കം തൂങ്ങുന്ന കണക്കുപിള്ളയെ തട്ടിയുണർത്തി.
"എന്താ..? ങേ..ങേ. ??" തങ്കപ്പൻ പിടഞ്ഞെഴുന്നേറ്റ് പ്രതികരിച്ചു.മാണിക്യൻ ചോദ്യം ആവർത്തിച്ചു.
"ആ......എനിക്കറിയന്മേല...അതൊക്കെ കാര്യക്കാരനോട് ചോദിച്ചാൽ മതി" തങ്കപ്പൻ വീണ്ടും ഉറക്കത്തിലേക്കു മടങ്ങി.
"പാവങ്ങളുടെ കാര്യം നോക്കുന്ന പഞ്ചായത്തിന് വരുമാനം മാത്രം നോക്കി ഒന്നും ചെയ്യാൻ കഴിയില്ല. നിങ്ങൾ എല്ലാത്തിനും കുറ്റം മാത്രം പറയാതെ ഞങ്ങളെ പോലെ പാവങ്ങളെ സഹായിക്കാൻ വരൂ" കാര്യക്കാരൻ പ്രതികരിച്ചു.
"ഞാൻ ഇത് വായിച്ചു കഴിഞ്ഞിട്ട് നമുക്ക് വിശദമായി ചർച്ച ചെയ്യാം" ഉലഹന്നാൻ കൂട്ടിച്ചേർത്തു. അയാൾ വായന തുടങ്ങി. ഇപ്പോൾ വായിക്കുന്നത് പഞ്ചായത്തു നടത്താൻ ഉദ്ദേശിക്കുന്ന ഭാവി പ്രവർത്തനങ്ങളാണ്. അതിൽ അധികാരിയുടെ കൊച്ചു മോളുടെ ചോറൂണും, പാലു കാച്ചലും കൂടാതെ അദ്ദേഹത്തിന്റെ പതിനാറടിയന്തിരം വരെ എങ്ങിനെ നടത്താം എന്നതുൾപ്പെടെ കാര്യക്കാരൻ വീണ്ടും തകർക്കാൻ തുടങ്ങി. മറിയക്കുട്ടിക്ക് കരച്ചിൽ വരാൻ തുടങ്ങിയിരുന്നു, 'കൊച്ചുങ്ങൾ വീട്ടിൽ പട്ടിണിയിലാണ്. ഈ കാലമാടൻ നിർത്തുന്നുമില്ലല്ലോ എന്റെ ഈശോയെ', അവൾ മനസ്സിൽ പറഞ്ഞു. സമയം 1 : 45 ഉച്ച. ഉലഹന്നാൻ തന്റെ കൈയിലെ പുസ്തകം താഴെ വച്ചു, എന്നിട്ടു പറഞ്ഞു
"ഇനി നമുക്ക് ചർച്ച തുടങ്ങാം". ആരും ഒന്നും മിണ്ടിയില്ല. എല്ലാവരുടെയും വയറ്റിൽ നിന്ന് കരിയും പുകയും വരാൻ തുടങ്ങിയിരുന്നു. പ്രകാശൻ ഇതിനിടയിൽ ഒരുറക്കം തീർത്തു. അധികാരിയാകട്ടെ, തന്റെ കൈയിലെ മുറുക്കാൻ തിന്നുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.
"ചർച്ചയൊന്നും വേണ്ട, അതൊക്കെ നാളെ" മറിയ എഴുന്നേറ്റു.
"കൂടിയാലോചനയോഗം കഴിഞ്ഞില്ല" നാറാപിള്ള മൊഴിഞ്ഞു.
"ഇനിയും കുറെ കാര്യങ്ങൾ പറയാനുണ്ട്" ഉലഹന്നാൻ കൂട്ടിച്ചേർത്തു.
"നിങ്ങൾ ഇരുന്നു ആലോചിച്ചോ, എന്നിട്ടു ഒരു തീരുമാനമാകുമ്പോൾ എന്നെ വിളിച്ചറിയിച്ചാൽ മതി" (കേട്ടാൽ തോന്നും നമ്മളോടൊക്കെ ആലോചിച്ചിട്ടാണ് ഇതൊക്കെ ചെയ്യുന്നതെന്ന്, മറിയ മനസ്സിൽ പറഞ്ഞു).
മറിയ പോകാനായി തയ്യാറെടുത്തു."നന്ദി പ്രസംഗം ബാക്കിയുണ്ട്" ഉലഹന്നാൻ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.
"നന്ദി പുഴുങ്ങിക്കൊടുത്താൽ എന്റെ പിള്ളേരുടെ വിശപ്പ് മാറില്ല, താൻ വേണമെങ്കിൽ തിന്നോ" ഇത്തവണ മറിയ രൂക്ഷമായി പ്രതികരിച്ചു, എന്നിട്ടു വേഗത്തിൽ പുറത്തേക്കിറങ്ങിപ്പോയി. തന്നെ അനുസരിക്കാത്തതിൽ ഉലഹന്നാന് ദേഷ്യം വന്നെങ്കിലും ഒന്നും ചെയ്യാൻ കഴിയില്ല എന്നറിയാമായതിനാൽ മിണ്ടാതിരുന്നു.
"എന്നാൽ പിരിഞ്ഞു കൂടെ?" പ്രകാശൻ ചോദിച്ചു.അധികാരി2 നിമിഷം (അത് 15 മിനിറ്റായി എന്നത് വേറെ കാര്യം) കാര്യക്കാരനോട് ആലോചിച്ചു.
"ശരി, അധികാരിക്ക് നന്ദി അർപ്പിച്ചിട്ടു നമുക്ക് പിരിയാം" ഒടുവിൽ ഉലഹന്നാൻ ഇങ്ങനെ പ്രഖ്യാപിച്ചു.
"ഇത്ര നേരം തന്നെയൊക്കെ സഹിച്ച ഞങ്ങളോട് വേണം നന്ദി പറയാൻ"
മാണിക്യൻ പറഞ്ഞു. ഉലഹന്നാൻ ഒന്നും മിണ്ടിയില്ല.അയാൾ ആലോചിക്കുകയായിരുന്നു, ഇവനെയൊക്കെ ജയിപ്പിച്ചു കൊണ്ട് വന്നത് ഇപ്പോൾ അബദ്ധമായി എന്ന്. മുൻപ് എല്ലാവര്ക്കും ഒരു അനുസരണയും ഭയവും ഒക്കെയുണ്ടായിരുന്നു. ഇവന്മാർ കാരണം അതും ഇല്ലാതാകാൻ തുടങ്ങി. ഇനിയും വൈകിയാൽ ബാക്കിയുള്ളവരും പ്രതികരിക്കും എന്ന് മനസ്സിലാക്കിയ ഉലഹന്നാൻ, അങ്ങനെ സംഭവിച്ചാൽ തനിക്കു തന്റെ അധികാരിക്കും തല ഉയർത്തി നടക്കാൻ കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞു യോഗം പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു. ഓരോരുത്തരായി നാറാപിള്ളയുടെ അനുഗ്രഹം വാങ്ങി അദ്ദേഹം കൊടുത്ത ഓരോ പൂവൻ പഴവും കഴിച്ചു കൊണ്ട് മടങ്ങി.
പ്രകാശന് ഒന്നും മനസ്സിലായില്ല, അവൻ മാണിക്യനോട് ചോദിച്ചു
"ഈ കൂടിയാലോചനയോഗത്തിന്റെ ആവശ്യമെന്തായിരുന്നു?".
മാണിക്യൻ ഒന്ന് ചിരിച്ചു, എന്നിട്ടു പറഞ്ഞു
"ഇതൊക്കെയാണ് മോനെ പഞ്ചായത്തു ഭരണം, ഇങ്ങനെയാണ് നമ്മൾ പാവങ്ങൾക്ക് നീതി ഉറപ്പാക്കുന്നത്"
എന്നിട്ടും പ്രകാശന് ഒന്നും മനസ്സിലായില്ല, എങ്കിലും ഒന്നും മിണ്ടാതെ പൂവൻ പഴത്തിന്റെ തൊലിയുരിഞ്ഞു കൊണ്ട് മാണിക്യന്റെ കൂടെ പുറത്തേക്കു നടന്നു.
എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർപോലെ ചില പഞ്ചായത്തുയോഗങ്ങൾ :-) പല കഥാപാത്രങ്ങളെയും നേരിട്ടു പരിചയമുള്ളപോലെ തോന്നി ;-)
മറുപടിഇല്ലാതാക്കൂനിങ്ങളുടെ തോന്നലുകൾക്കു ഞാൻ ഉത്തരവാദിയല്ല :-)
മറുപടിഇല്ലാതാക്കൂഅജിത്തേട്ടാ, എനിക്ക് വല്യ ധാരണ ഇല്ലാത്ത വിഷയം ആയതുകൊണ്ടായിരിക്കാം എനിക്ക് അത്രയ്ക്ക് അങ്ങട് ആസ്വദിക്കാൻ പറ്റിയില്ല. അതുകൊണ്ട് നന്നായെന്നോ മോശമായെന്നോ പറയുന്നില്ല. ക്ഷമിക്കണം
മറുപടിഇല്ലാതാക്കൂക്ഷമയോ, എന്തിന്? വ്യക്തി ബന്ധം വേറെ അഭിപ്രായം വേറെ. രണ്ടും കൂട്ടിക്കുഴക്കണ്ട. ഞാൻ പ്രതീക്ഷിക്കുന്നത് ഇത് പോലെ സത്യസന്ധമായ അഭിപ്രായമാണ്. അത് കൊണ്ട് പറയാനുള്ളത് ധൈര്യമായി ഇനിയും തുറന്നു പറഞ്ഞോളൂ.
മറുപടിഇല്ലാതാക്കൂLiked!
ഇല്ലാതാക്കൂകുറെ കഥാപാത്രങ്ങളെ അടുത്തറിയുന്ന പോലെ തോന്നി ....... യാധൃഴ്ച്ചികം മാത്രം ..... എനിക്ക് lengthy ആയിട്ടു തോന്നി ......
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിനു നന്ദി, ഇനി മുതൽ ഇത്തരം കാര്യങ്ങൾ കൂടുതലായി ശ്രദ്ധിക്കാം...
ഇല്ലാതാക്കൂഇത് കലക്കി മാഷെ. ഓരോ മീറ്റിംഗിന്റെയും ഉദ്ദേശ്യ ശുദ്ധിയെ ശരിക്കും തുറന്നു കാണിച്ചു.
മറുപടിഇല്ലാതാക്കൂഎല്ലാ കഥാപാത്രങ്ങളെയും വളരെ പരിചിതം. വായനക്കാരന്റെ തോന്നലും സൃഷ്ടികർത്താവിന്റെ ചിന്തയും ഒന്നായി തോന്നിയാൽ ആരെയും കുറ്റം പറയാൻ പറ്റില്ല. അത് ശരിയാണ്, അതാണ് സത്യവും :)
നല്ല വാക്കുകൾക്ക് നന്ദി..
മറുപടിഇല്ലാതാക്കൂ