പേജുകള്‍‌

കുട്ടേട്ടനെ ഓർക്കുമ്പോൾ...


കുട്ടേട്ടൻ പോയി...

ആരോടും ഒരു പരാതിയും പരിഭവവും പറയാതെ....

മനസ്സിൽ നന്മ മാത്രം ഉള്ള, സ്വതസിദ്ധമായ ശൈലിയിൽ എന്തിലും നർമ്മം മാത്രം കണ്ടിരുന്ന ഒരു കുറിയ മനുഷ്യൻ, അതായിരുന്നു കുട്ടേട്ടൻ.

"എന്റെ വലുപ്പം നോക്കണ്ട, ഞാൻ പുലിയാണ്" എന്ന് പറഞ്ഞിരുന്ന കുട്ടേട്ടൻ."നീ പുലിയല്ല എലിയാണ്" എന്ന് ഞങ്ങളുടെ അങ്കിൾ മറുപടി പറയുമ്പോൾ അതിലും നർമ്മം മാത്രം കണ്ടു നിഷ്കളങ്കമായി ചിരിച്ചിരുന്ന കുട്ടേട്ടൻ..

                  പ്രായം 70 നു അടുത്തെത്തിയെങ്കിലും ഒരു യുവാവിന്റെ ചുറു ചുറുക്കോടെ ഓടിനടന്നു കാര്യങ്ങൾ നടത്താൻ കഴിഞ്ഞിരുന്നു കുട്ടേട്ടന്.വളരെ അപൂർവ്വമായി മാത്രമേ കുട്ടേട്ടനെ ചിരിക്കാതെ കണ്ടിട്ടുള്ളു..ഒന്നോ രണ്ടോ തവണ മാത്രമേ കുട്ടേട്ടൻ ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുള്ളു. സങ്കടം പറഞ്ഞത് അതിലും കുറവ്..എല്ലാം സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചതിനു ശേഷം മാത്രം..
                ഏതാണ്ട് 6 -7 മാസങ്ങൾക്കു മുൻപ് മാത്രമാണ് ഞാൻ കുട്ടേട്ടനെ പരിചയപ്പെട്ടത്. പ്രവാസി മലയാളി അസോസിയേഷനിൽ അംഗമായതിനു ശേഷമായിരുന്നു ആ പരിചയപ്പെടൽ. "ഇത് ഞങ്ങളുടെ കുട്ടേട്ടൻ" എന്ന് രാഗേഷ് പറഞ്ഞു തന്നപ്പോൾ ഞാൻ ആദ്യം ചോദിച്ചത് 'ശരിക്കും പേര് എന്താണ്' എന്നായിരുന്നു."കുട്ടൻ കെ കെ" എന്ന ആ മറുപടി എന്നെ രസിപ്പിച്ചു. ആദ്യമായാണ് കുട്ടൻ എന്ന് യഥാർത്ഥ നാമമുള്ള ഒരാളെ കണ്ടത് (സാധാരണ ചെല്ലപ്പേരായാണ് അത് ഉപയോഗിക്കാറുള്ളത്). 6 അടിയിലേറെ പൊക്കമുള്ള എന്റെ മുൻപിൽ നിൽക്കുന്ന 5 അടി തികച്ചില്ലാത്ത ആ മനുഷ്യൻ എനിക്ക് ഒരു കൗതുകമായി മാറുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ ആ മനുഷ്യനെ കൂടുതൽ കൂടുതൽ അടുത്തറിയുകയായിരുന്നു. ഒന്നിനോടും ആർത്തിയില്ലാത്ത, സൗജന്യമായി ഒന്നും സ്വീകരിക്കാത്ത, വൈറ്റെഫീൽഡ്-ൽ 40 വർഷത്തോളമായി താമസിച്ചിട്ടും കാര്യമായി ഒന്നും സമ്പാദിക്കാതെ തന്റെ ജീവിതത്തിൽ തൃപ്തനായിരുന്ന മനുഷ്യൻ.
                ഞങ്ങളുടെ സമാജത്തിന്റെ രക്ഷാധികാരിയായിരുന്നു കുട്ടേട്ടൻ. സംഘടനാരംഗത്തുള്ള അനുഭവം തന്നെയായിരുന്നു അതിനു കാരണം. 38 വർഷമായി അയ്യപ്പ ഭജന സമിതിയുടെ സെക്രട്ടറിയാണ് അദ്ദേഹം. അയ്യപ്പ ഭജന നടത്തിയും അയ്യപ്പൻ വിളക്ക് നടത്തിയും നാട്ടുകാർക്ക് സുപരിചിതനായിരുന്നു കുട്ടേട്ടൻ.
                അച്ഛന്റെ പ്രായമുള്ള മനുഷ്യനോട് ഒരു സുഹൃത്തിനോടെന്ന പോലെ ഞാൻ പെരുമാറുമായിരുന്നു.അതിലൊക്കെ നർമ്മം കണ്ട്, എല്ലാം ആസ്വദിച്ച്, വേണ്ട സമയത്തു ഉപദേശങ്ങൾ തന്ന്, എന്റെ ഹൃദയത്തിൽ ഞാൻ പോലും അറിയാതെ ഒരു ഇടം നേടിയെടുക്കുകയായിരുന്നു കുട്ടേട്ടൻ.
അതുകൊണ്ടു തന്നെ "കുട്ടേട്ടൻ നമ്മളെ വിട്ടു പോയി" എന്ന് ജഗദീഷ് പറഞ്ഞപ്പോൾ ഒരു ഞെട്ടലോടെ മാത്രമേ ആ വാർത്ത കേൾക്കാൻ എനിക്ക് കഴിഞ്ഞുള്ളു..
               ഇക്കഴിഞ്ഞ ഡിസംബറിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഒരുക്കാനായി കുട്ടേട്ടന്റെ കൂടെ തന്നെയുണ്ടായിരുന്നു ഞാനും ഞങ്ങളുടെ സെക്രട്ടറി രാഗേഷും. അന്നും പതിവ് പോലെ കുട്ടേട്ടൻ സംസാരിച്ചു, തന്റേതായ ശൈലിയിൽ.
                '5 - 6 വർഷം കൂടിയേ ഞാൻ ഉണ്ടാകൂ' എന്ന് കുട്ടേട്ടൻ പലപ്പോഴും പറയുമായിരുന്നു, അന്നൊക്കെ അതൊരു തമാശയായി മാത്രമേ ഞങ്ങൾ കണ്ടിരുന്നുള്ളൂ.
                 നാട്ടിൽ പോയി വരാം എന്ന് പറഞ്ഞു പോയ, ബുധനാഴ്ച ബാംഗ്ലൂർ തിരിച്ചെത്തും എന്ന് കൂടി പറഞ്ഞ കുട്ടേട്ടൻ, ഇപ്പോൾ ഇതാ മടക്കമില്ലാത്ത യാത്രപോയിരിക്കുന്നു...അതും ആരോടും പറയാതെ..
എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്, പറഞ്ഞതിനും കുറെ മുൻപ് കുട്ടേട്ടൻ പോയി, ഒരു പൂ അതിന്റെ ഞെട്ടിൽ നിന്ന് ഉതിർന്നു വീഴുന്നത് പോലെ, ശാന്തമായി...

ഒരു പക്ഷേ ഇതും ഒരു തമാശയായിരിക്കാം കുട്ടേട്ടന്.. എല്ലാത്തിലും നർമ്മം മാത്രം കണ്ട് ജീവിച്ച ആ മനുഷ്യന് അങ്ങിനെ ചെയ്യാനേ കഴിയൂ..

സ്നേഹിക്കാൻ മാത്രമറിയാമായിരുന്ന ആ വലിയ, ചെറിയ മനുഷ്യന്റെ ഓർമ്മകൾക്ക് മുൻപിൽ ഒരു തുള്ളി കണ്ണീർ പ്രണാമം.....

2 അഭിപ്രായങ്ങൾ:

  1. നിസ്വാർത്ഥനായിരുന്ന ഒരു മനുഷ്യസ്നേഹിയുടെ ഓർമകൾക്ക് മുന്നിൽ കണ്ണീർപ്രണാമം.

    മറുപടിഇല്ലാതാക്കൂ
  2. വളരെ നല്ലൊരു ഓര്മക്കുറിപ് ..... RIP കുട്ടേട്ടൻ

    മറുപടിഇല്ലാതാക്കൂ