പേജുകള്‍‌

കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: സംഗ്രഹം

 

പടർന്ന് പന്തലിക്കട്ടെ:-

കഴിഞ്ഞ ഒരു ദശകമായി കുംദലഹള്ളിയിലും പരിസരപ്രദേശങ്ങളിലും വിവിധ പ്രവർത്തനങ്ങൾ കൊണ്ട് നിറസാന്നിധ്യമായി തുടരുന്ന കേരള സമാജത്തിൽ ഓരോ വർഷവും സംഭവിച്ച പ്രധാനസംഭവങ്ങൾ മാത്രമേ വിശദമായി മുകളിൽ പ്രസ്താവിച്ചിട്ടുള്ളൂ. അവ കൂടാതെ വർഷാവർഷം നടക്കുന്ന ഓണാഘോഷം (അതോടൊപ്പം നടക്കുന്ന കലാപരിപാടികൾ, സ്മരണിക പ്രകാശനം തുടങ്ങിയവയും) കേരള-കർണ്ണാടകപ്പിറവി ആഘോഷങ്ങൾ, സ്വാതന്ത്ര്യദിനാഘോഷം, വിദ്യാരംഭം, അന്താരാഷ്ട്ര യോഗാദിനം, പ്രശ്നോത്തരി മത്സരം, കവിതാരചന മത്സരം സുരഭിയുടെ നേതൃത്വത്തിൽ നടക്കുന്ന വനിതാ ദിനാഘോഷം, ശിശുദിനാഘോഷം എന്നിങ്ങനെ ഒരുപാട് ഒത്തുചേരലുകൾ കൊണ്ടും ആഘോഷങ്ങളാലും സമ്പുഷ്ടമാണ് കുംദലഹള്ളി കേരള സമാജം. കൂടാതെ കന്നഡ മണ്ണിൽ കന്നഡ നാടിനെ സ്നേഹിച്ചു വളരുമ്പോഴും ആ വായു ആവോളം ശ്വസിക്കുമ്പോഴും മലയാള ഭാഷയെ പ്രണയിക്കുന്ന, ആ സംസ്കാരത്തെ ചേർത്തുപിടിക്കുന്ന, കേരളീയ കലകളെ മാറോട് പുൽകുന്ന എഴുന്നൂറോളം കുടുംബങ്ങളാലും സമൃദ്ധമാണ് ചെറുതല്ലാത്ത ഈ സമാജം.

സമാജത്തിന്റെ പ്രവർത്തനങ്ങളെ പ്രതിപാദിക്കുന്ന കൂട്ടത്തിൽ വളരെ ചുരുക്കം പേരുകൾ മാത്രമേ ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളൂവെങ്കിലും അതിന്റെ വളർച്ചയ്ക്കായി സ്വകുടുംബബന്ധങ്ങളിൽ ഉലച്ചിൽ വരുന്നത്രയും വരെ ഊർജ്ജവും സമയവും ചെലവഴിച്ച ധാരാളമാളുകൾ ഇനിയുമുണ്ട്. അക്കൂട്ടത്തിൽ സമാജത്തിന്റെ ആദ്യവർഷങ്ങളിൽ അംഗങ്ങളെ ചേർക്കാനും വളർത്താനുമായി വീടുവീടാന്തരം കയറിയിറങ്ങി, അക്ഷീണം പ്രവർത്തിച്ച ആദ്യ പ്രവർത്തകസമിതിയിലെ ഓരോ അംഗവും സ്മരണികയിൽ പരസ്യങ്ങൾ തേടിപ്പിടിച്ചവരും ഓരോ പരിപാടിയുടെയും മുന്നിലും പിന്നിലും ഓടിനടന്നവരും സംഭാവന നൽകിയവരും വീഴ്ചകളിൽ താങ്ങായി നിന്നവരും കലാക്ഷേത്രയുടെ ദൈനംദിനകാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചവരും ആവശ്യഘട്ടങ്ങളിൽ ഓടിയെത്തുന്നവരും മാത്രമല്ല സമാജത്തിന്റെ ഉന്നമനത്തിനായി പരിശ്രമിക്കുന്ന, ആഗ്രഹിക്കുന്ന ഈ സമൂഹത്തിലെ എല്ലാ വ്യക്തികളുമുണ്ട്. അവരുടെയോരോരുത്തരുടേയും പരിശ്രമത്തിന്റെ, വിയർപ്പിന്റെ ഫലം കൂടിയാണ് ഇന്ന് നാം കാണുന്ന കുംദലഹള്ളി കേരളസമാജം. 

ഈ പത്തുവർഷത്തിനുള്ളിൽ സമാജത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളുമായി സഹകരിച്ച ചിലരെങ്കിലും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ചിലർ പല കാരണങ്ങളാൽ വഴി പിരിഞ്ഞു സഞ്ചരിച്ചു. ഋതുഭേദങ്ങൾക്കനുസൃതമായി കൊഴിയുന്ന ഇലകൾക്കും, പൂവുകൾക്കും കായ്കൾക്കും പകരമായി പുതുനാമ്പുകൾക്ക് ജീവനേകി, പാറിയലയുന്ന കിളികൾക്ക് കൂടൊരുക്കാൻ ചില്ലയേകി, അശരണരായ വഴിയാത്രക്കാർക്ക് തണലേകി ഇന്നും മാനത്തേക്ക് കുതിക്കുകയാണ് പൂർവ്വാധികം ശക്തിയോടെ പൂത്തു തളിർക്കുകയാണ് ഏത് പ്രളയത്തിലും മഹാമാരിയിലും കടപുഴകി വീഴാതെ കുംദലഹള്ളി കേരള സമാജം എന്ന നന്മമരം. 

സമാജത്തിന്റെ സ്ഥാപകർ സ്വപ്നം കണ്ട ജാതി-മത-ഭേദ-രാഷ്ട്രീയ വൈജാത്യങ്ങൾ ഇല്ലാതെ ഒരുമയോടെ വാഴുന്ന, സന്തോഷത്തിലും സന്താപത്തിലും ഒരുമിച്ചു നിൽക്കുന്ന സ്വാർത്ഥ താല്പര്യങ്ങൾ ഇല്ലാത്ത ഒരു ജനതയായി, കൂട്ടായ്മയായി ഒരുപാടു കാലം മുന്നോട്ടു പോകാൻ സമൂഹമാകെ വളർന്നു പന്തലിക്കാൻ, കാരുണ്യത്തിന്റെ ദീപം തെളിയിക്കാൻ ഇതിലെ അംഗങ്ങൾക്ക് കഴിയും എന്ന് നമുക്ക് വിശ്വസിക്കാം. ജാതിമത ചിന്തകളില്ലാതെ കക്ഷി രാഷ്ട്രീയ താല്പര്യങ്ങൾക്ക് വഴങ്ങാതെ സമൂഹത്തിലെ നാനാതുറകളിൽപെട്ട ജനങ്ങൾക്ക് സാന്ത്വനമായി തണലായി മാറുന്ന പ്രവർത്തനങ്ങളുമായി മുന്നേറാൻ ഇന്നത്തെയും നാളെത്തേയും ഭരണസമിതിക്ക് കഴിയട്ടെ എന്ന് ആശംസിക്കാം.

                                                                                                                                              ശുഭം.


കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: ഭാഗം-6

 

സുരഭി: 

കെ കെ എസ് സ്ഥാപിച്ചു അധികം വൈകാതെ തന്നെ Ladies Wing അഥവാ സ്ത്രീകൾക്ക് മാത്രമായൊരു കൂട്ടായ്മ എന്നൊരു ആശയം മുന്നോട്ടു വെക്കുമ്പോൾ സമാജത്തിന്റെ സ്ഥാപക കാര്യദർശ്ശിയുടെ മനസ്സിൽ എന്തായിരുന്നെന്ന് അറിയില്ല. ജോലിയുള്ളവരുമില്ലാത്തവരും കുടുംബ പ്രാരാബ്ദ്ധങ്ങൾക്കിടയിൽ പെട്ട് വീടിന്റെ നാലുചുവരുകൾക്കുള്ളിൽ തങ്ങളുടെ കലാസാഹിത്യമോഹങ്ങളെ തളച്ചിട്ടു നെടുവീർപ്പുകളുതിർത്തിരുന്ന അവർക്ക് ആദ്യമാദ്യം തങ്ങൾ ചെയ്‌താൽ ശരിയാകുമോ എന്ന സംശയം മൂലമാവാം പാട്ടോ നൃത്തമോ ഒക്കെ ചെയ്യാൻ മടിയായിരുന്നു. 

എന്നാൽ 2012 മാർച്ച് 11നു പ്രവർത്തക സമിതി അംഗീകരിച്ച് 23നു 16 പേരുമായി തുടക്കം കുറിച്ച കെ കെ എസ് സ്ത്രീകൂട്ടായ്മ രണ്ടുമൂന്നു യോഗങ്ങൾ കൂടിയപ്പോഴേക്കും 'സുരഭി' എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ആ വർഷത്തെ ഓണത്തിന് തിരുവാതിരകളിയും കിച്ചൻ ഡാൻസും അവതരിപ്പിച്ചു കൊണ്ട് തുടങ്ങിയ പ്രയാണം ഇന്നിപ്പോൾ പ്രായഭേദമന്യേ നല്ലൊരു ശതമാനവും സജീവമായി പരിപാടികളിൽ പങ്കെടുക്കുന്ന അംഗങ്ങളുമായി തുടരുന്നു. ഇക്കാലയളവിൽ എടുത്തുപറയേണ്ട നേട്ടങ്ങൾ എന്ന് പറയാവുന്നത് താഴെ കൊടുക്കുന്നു. 

ബാംഗ്ലൂർ കേരള സമാജം നടത്തിയ തിരുവാതിര കളി മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടി ഇവർ മറ്റു മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റി. 2015 ലെ തിരുവാതിര കളി മത്സരത്തിൽ 'സുരഭി'യിലെ യുവതികൾ മൂന്നാം സമ്മാനം നേടിയപ്പോൾ അമ്മമാർ പ്രോത്സാഹന സമ്മാനം നേടി വീണ്ടും ശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ പടിപടിയായി മുന്നേറി ഒടുവിൽ 2019 ൽ ഒരു പ്രോത്സാഹനസമ്മാനത്തോടൊപ്പം ഒന്നാം സമ്മാനവും കരസ്ഥമാക്കി ഇവർ മറ്റെല്ലാ  സമാജങ്ങളേയും ഞെട്ടിച്ചു. 2015 ൽ കേരളസർക്കാരിന്റെ ധനസഹായത്തോടെ നടന്ന 'കേരളോത്സവ'ത്തിൽ സുരഭിയിലെ അംഗങ്ങൾ കേരളനടനവും തിരുവാതിരയും അവതരിപ്പിച്ചു. കുന്ദലഹള്ളി കേരള സമാജത്തിനെ പറ്റി മറ്റു മലയാളികൾക്കിടയിൽ ഏറെ മതിപ്പു നൽകിയ പരിപാടിയായിരുന്നു കേരളോത്സവം. 

നൃത്തം മാത്രമല്ല സുരഭിയിലെ അംഗങ്ങൾക്ക് വഴങ്ങിയിരുന്നത്, എല്ലാവർഷവും വനിതാദിനത്തിൽ പായസമത്സരമുൾപ്പടെയുള്ള ശ്രദ്ധേയമായ പരിപാടികൾ നടത്താനും ഈ കൂട്ടായ്മ ശ്രദ്ധിച്ചിരുന്നു. ഉൾവലിഞ്ഞു നിന്നിരുന്ന അമ്മമാരെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഈ പരിപാടികൾ ഏറെ സഹായകമായി.  പരിശീലിക്കുമ്പോൾ പറ്റിയ അപകടത്തിൽ കാലുളുക്കിയതുകൊണ്ടോ അംഗപരിമിതികൊണ്ടോ ഒന്നും അവർ പിന്നോട്ട് പോകാൻ ഒരുക്കമല്ല. പരിപാടി അവതരിപ്പിച്ചു വേദിയിൽ നിന്നിറങ്ങുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് വേദനയെക്കാളും സങ്കടങ്ങളെക്കാളും ഒക്കെ ഉപരിയായി സന്തോഷത്താലാണ് എന്നതും ഈ അവസരങ്ങൾ അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു എന്നതും ഏറെ ചാരിതാർഥ്യവും അഭിമാനവും നൽകുന്ന കാര്യമാണ്. 

മാസത്തിൽ ഓരോ അംഗവും 20 രൂപ നിരക്കിൽ ചേർത്തുവെച്ച് സാമ്പത്തികഭദ്രത നേടാനുള്ള പദ്ധതി തുടക്കത്തിൽ തന്നെ 'സുരഭി' ആവിഷ്കരിച്ചിരുന്നു. ആദ്യകാലങ്ങളിൽ വീടുകളിലായിരുന്നു സ്ത്രീകൾ ഒത്തുചേർന്നിരുന്നത്. മുടങ്ങാതെ എല്ലാ വർഷവും വിനോദയാത്ര നടത്താറുള്ള ഇവർ അതിൽ ബാക്കി വരുന്ന കാശും 'സുരഭി'യുടെ കണക്കിൽ ഉൾപ്പെടുത്തുമായിരുന്നു. 

കരയുന്നവരുടെ കണ്ണീരൊപ്പാനും 'സുരഭി' എന്നും ശ്രമിച്ചിരുന്നു. കർമേലാരാത്തുള്ള 'സാന്ത്വനം' എന്ന അഗതിമന്ദിരത്തിൽ മുടങ്ങാതെ എല്ലാവർഷവും അന്നമായും പഠനത്തിനുള്ള സഹായമായും ഇവർ ചെല്ലാറുണ്ട്. നിത്യവൃത്തിക്ക് വഴിയില്ലാതെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചമേകാനും ഇവരുടെ സഹായമുണ്ട്, അങ്ങനെയൊരു കഥ പറയാനുണ്ടാവും 'കൈവാര'യിലെ കുട്ടികൾക്ക്. രമേശ് നഗറിലുള്ള അന്ധവിദ്യാലയത്തിലേക്ക് ഭക്ഷണത്തിന്റെ രൂപത്തിൽ ഇവരുടെ വാത്സല്യം കടന്നുചെന്നിരുന്നു. 

സമാജം നടത്തിയ കായികമത്സരങ്ങളിലും വർഷാവർഷം വരുന്ന ഓണാഘോഷങ്ങളിലും മാത്രമല്ല ചെറുതും വലുതുമായ മറ്റു ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് 'സുരഭി'. വർഷത്തിൽ ഒരു തവണയെങ്കിലും മുടങ്ങാതെ എല്ലാവരും ചേർന്നുള്ള ഉല്ലാസയാത്ര അവരിൽ പലർക്കും നൽകുന്ന ആനന്ദം എത്രയെന്ന് വിവരിക്കാൻ വയ്യ. മഹാമാരിയുടെ വരവിൽ ഒന്നൊതുങ്ങിപ്പോയിരുന്നെങ്കിലും പതുക്കെ പതുക്കെ 'സുരഭി' വീണ്ടും സുരഭിലമാവുകയാണ്. ഒരു ഫോൺ വിളിക്കപ്പുറം സാന്ത്വനമായും ആനന്ദമായും ഓടിയെത്താൻ വീണ്ടും തുടങ്ങിയിരിക്കുന്നു ഈ കൂട്ടായ്മ.

യുവജനവേദി: 

സ്ത്രീകളുടെ കൂട്ടായ്മയോടൊപ്പം തന്നെ വെറും ഓഫീസും വീടുമായി നടക്കുന്ന യുവാക്കളെ സമാജത്തിലേക്കു ആകർഷിക്കുക, സാമൂഹ്യ സാംസ്‌കാരിക കാര്യങ്ങളിൽ ഇടപെടാൻ പ്രേരിപ്പിക്കുക, സമാജത്തിനെ ഭാവിയിൽ നയിക്കാൻ പ്രാപ്തിയുള്ളവരെ കണ്ടെത്തുക അങ്ങനെ സമാജത്തിന്റെ ഭാവി ഭദ്രമാക്കുക എന്നിങ്ങനെ കുറെ ഉദ്ദേശങ്ങൾക്കായി യുവജനങ്ങളുടെ കൂട്ടായ്മയും ആവശ്യമുണ്ടെന്നു 2012 മാർച്ച് 11നു ചേർന്ന പ്രവർത്തകസമിതിയോഗത്തിൽ തീരുമാനമെടുത്തിരുന്നു. അതിൻപ്രകാരം 'യൂത്ത് വിങ്' എന്ന പേരിൽ തുടങ്ങിയ ഉപവിഭാഗത്തിന്റെ ആദ്യ ചുമതല ഓണാഘോഷത്തിന്റെ കാര്യങ്ങൾ ഏകോപിപ്പിക്കുക എന്നതായിരുന്നു. 

കൂടുതൽ ആളുകളെ കണ്ടെത്തിത്തുടങ്ങിയതോടെ 2012 ജൂണിൽ 16 അംഗങ്ങളുള്ള Youth Wing നു ഔദ്യോഗിക തുടക്കമായി. ആ വർഷം മാത്രമല്ല പിന്നീടുള്ള എല്ലാ വർഷങ്ങളിലും ഓണാഘോഷം ഗംഭീരമാക്കാൻ കൈമെയ് മറന്നു പ്രവർത്തിച്ചുവരുന്ന അംഗങ്ങൾ രക്തദാന ക്യാമ്പും അവയവദാന ക്യാമ്പും നടത്തി സാമൂഹികപ്രതിബദ്ധതയിലും തങ്ങൾ പിന്നിലല്ലെന്നു തെളിയിച്ചെങ്കിലും പക്ഷെ മാസാമാസമുള്ള യോഗത്തിൽ പങ്കെടുക്കാനോ മുന്നോട്ടുള്ള കാര്യങ്ങൾക്ക് വേണ്ടുന്ന ആശയങ്ങൾ കൊണ്ടുവരാനോ മുതിരാതെയായപ്പോൾ കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിനായി 2013ലും 2015ലും കായികദിനവും നടത്തിയിരുന്നു.

45 വയസ്സിനു താഴെയുള്ളവരുടെ കൂട്ടായ്മ എന്ന നിലയിൽ സമാജത്തിനു ഊർജ്ജമാവേണ്ടുന്ന വിഭാഗമായി വിഭാവനം ചെയ്ത യുവജനവേദി പക്ഷെ സ്ത്രീകൾക്ക് മറ്റൊരു കൂട്ടായ്മ(സുരഭി)യുള്ളതിനാൽ അവരുടെ സജീവസാന്നിദ്ധ്യം ഇല്ലാതെപോവുകയും മറ്റു പുരുഷ അംഗങ്ങളുടെ ഔദ്യോഗികതിരക്കുകളും പിന്നെ ആസൂത്രണം ചെയ്ത ഷട്ടിൽ ടൂർണമെന്റ് പോലെയുള്ള ചില പരിപാടികൾ കോവിഡ് മൂലം നടക്കാതെ പോവുകയും ഒക്കെ ചെയ്തപ്പോൾ ഊർദ്ധ്വം വലിച്ച മട്ടിലായിരുന്നു. ഇക്കഴിഞ്ഞ ഗാന്ധിജയന്തിയോടനുബന്ധിച്ച് 'സുരഭി'യോടൊപ്പം ചേർന്ന് സേവനദിനം ആഘോഷിച്ചതിലൂടെ സമാജത്തിന്റെ പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണീ വിഭാഗം.

കലാക്ഷേത്ര: 

കുംദലഹള്ളി കേരളസമാജത്തിന്റെ തുടക്കം മുതൽ തന്നെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം കൊടുത്തിരുന്നു. എന്ന് മാത്രമല്ല പൊതുവായി ഭാരതത്തിന്റെയും പ്രത്യേകമായി കേരളത്തിന്റെയും കലകളും സംസ്കാരവും പൈതൃകവും ഒക്കെ വളർത്തേണ്ടതിന്റെയും അടുത്ത തലമുറകളിലൂടെ നിലനിറുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ബോധമുണ്ടായിരുന്നതുകൊണ്ടു കെട്ടിടം നിർമ്മാണം നടക്കുന്ന വേളയിൽ തന്നെ വിവിധ കലകൾ അഭ്യസിപ്പിക്കുന്ന ഒരു വിദ്യാലയത്തിന്റെ ചർച്ചകളിലേക്കും സമിതി കടന്നിരുന്നു. 

സമാജം തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ക്ലാസിക് നൃത്തങ്ങൾ പഠിപ്പിക്കുന്ന ഒരു വിദ്യാലയം തുടങ്ങിയിരുന്ന കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ അത് അധികകാലം തുടർന്നുകൊണ്ടുപോകാൻ കഴിയാതിരുന്നത് ഒരു പക്ഷെ പുതിയ വിദ്യാലയം തുടങ്ങേണ്ടതിന്റെ ആവശ്യകതകളിലേക്ക് കടക്കാൻ പ്രവർത്തകസമിതിയെ പ്രേരിപ്പിച്ചിരുന്നിരിക്കാം. കലകൾ അഭ്യസിപ്പിക്കുന്നതിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ പ്രധാനപങ്ക് അദ്ധ്യാപകർക്ക് കൊടുത്തുകൊണ്ട് ബാക്കിവരുന്ന ഒരംശം ഭരണ നിർവ്വഹണത്തിനും ദൈനംദിന ചെലവുകൾക്കും വേണ്ടി ഉപയോഗിക്കാമെന്നുമുള്ള ചിന്ത കലാക്ഷേത്ര തുടങ്ങുന്നതിനു പ്രേരകമായി. 

ഭരണസമിതിയിലെ അംഗങ്ങൾ ഓരോരുത്തരും പല പല പേരുകൾ മുന്നോട്ടുവെച്ചെങ്കിലും കൂടുതൽ പേർക്കും സ്വീകാര്യമായത് 'കലാക്ഷേത്ര' എന്ന പേരായിരുന്നു. ഏതൊക്കെ കലകൾ ആരെയൊക്കെ അദ്ധ്യാപകരായി വച്ച് പഠിപ്പിക്കണം എന്നായി പിന്നത്തെ ചിന്ത. ഏറെ താമസിയാതെ ഭരതനാട്യം അദ്ധ്യാപികയായി ശ്രീമതി രാധികയും, മോഹിനിയാട്ടം അദ്ധ്യാപികയായി അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമായ ശ്രീമതി ശ്രീദേവി ഉണ്ണിയും നിയമിതരായി. അകാലത്തിൽ വിടപറഞ്ഞ മലയാളത്തിലെ മികച്ച അഭിനേത്രിയായിരുന്ന കുമാരി മോനിഷയുടെ അമ്മ കൂടിയാണ് ശ്രീമതി ശ്രീദേവി ഉണ്ണി. ഇരു അധ്യാപികമാരും കേരള കലാമണ്ഡലത്തിൽ നിന്നും കലാകേരളത്തിന് ലഭിച്ച വരദാനമാണ്. 

കർണാടിക് സംഗീതം, വയലിൻ, ഓടക്കുഴൽ, ഗിറ്റാർ, തബല എന്നിവയ്ക്കും അനുയോജ്യരായ പ്രഗത്ഭരായ അധ്യാപകരെത്തന്നെ കണ്ടുപിടിക്കാൻ അന്നത്തെ ഭരണസമിതിക്ക് കഴിഞ്ഞു. അദ്ധ്യാപകരെ കണ്ടെത്തുന്നതിൽ കാര്യദർശ്ശിയായിരുന്ന ശ്രീ ഷിജോ ഫ്രാൻസിസിന്റെ സംഭാവന വലുതായിരുന്നെന്ന് അന്നത്തെ ഭരണസമിതിയിലുണ്ടായിരുന്ന ചിലർ ഓർത്തെടുക്കുന്നു. കലാക്ഷേത്രയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആദ്യമായി നിയോഗിക്കപ്പെട്ടത് ശ്രീ യു കെ അത്തിക്കൽ ആയിരുന്നു. അങ്ങനെ കാര്യങ്ങളെല്ലാം ഒന്നൊന്നായി ശരിയായി വന്നപ്പോൾ 2015 ലെ വിദ്യാരംഭദിനത്തിൽ മോഹിനിയാട്ടം അദ്ധ്യാപികയായെത്തിയ ശ്രീമതി ശ്രീദേവി ഉണ്ണി തിരിതെളിയിച്ചതോടെ നൃത്തസംഗീതതാളമേളങ്ങളുടെ അദ്ധ്യയനകേന്ദ്രമായ കലാക്ഷേത്ര രൂപംകൊണ്ടു. 

പ്രവർത്തകസമിതിയിലെയും അല്ലാതെയുമുള്ള അംഗങ്ങളുടെ പ്രയത്നം കൊണ്ടും കലാക്ഷേത്രയിലെ പ്രതിഭാധനരായ അദ്ധ്യാപകരുടെ കീഴിൽ പഠിക്കാനുള്ള കുട്ടികളുടെ അഭിവാഞ്ജകൊണ്ടും അല്പം ദൂരെ നിന്നു പോലും കുട്ടികൾ വന്നതോടെ മൂന്നോ നാലോ കലകൾ ഏതാനും കുട്ടികൾക്ക് വേണ്ടി അഭ്യസിപ്പിക്കുന്ന ചെറിയ സ്ഥാപനത്തിൽ നിന്നും ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ 13 വിഷയങ്ങളും 160 ലേറെ കുട്ടികളുമായി വളർച്ചയിലേക്ക് കുതിക്കാൻ കലാക്ഷേത്രയ്ക്ക് കഴിഞ്ഞു. ഈയൊരു ദീർഘവീക്ഷണം അന്നത്തെ ഭരണപ്രവർത്തകസമിതികൾക്ക് ഉണ്ടായിരുന്നത് കലാക്ഷേത്രയുടെ മാത്രമല്ല സമാജത്തിന്റെയും മൊത്തത്തിലുള്ള പുരോഗതിക്ക് വലിയരീതിയിൽ ഗുണം ചെയ്തു. തൊട്ടടുത്ത വർഷം തബല, പുല്ലാങ്കുഴൽ, വേദിക് മാത്‍സ് തുടങ്ങിയ വിഷയങ്ങൾ കൂടി പഠിപ്പിക്കാൻ ആരംഭിച്ചു. 2017 ആകുമ്പോഴേക്കും 18ലേറെ വിഷയങ്ങളിലായി 280 -ഓളം കുട്ടികൾ ദേശ-ഭാഷ വ്യത്യാസമില്ലാതെ അവിടെ പഠിക്കാൻ എത്തിയിരുന്നു. 

കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം മിഷനുമായി ചേർന്ന് സൗജന്യ മലയാളഭാഷാ പഠനവും കലാക്ഷേത്രയിൽ ആരംഭിക്കുകയുണ്ടായി. അതിനുമുൻപ് സ്ഥാപക അദ്ധ്യക്ഷന്റെ വീട്ടിൽ വെച്ച് അദ്ദേഹത്തിന്റെ ഭാര്യയും മലയാളം അദ്ധ്യാപികയാകാനുള്ള പരിശീലനം പൂർത്തിയാക്കിയവരുമായ ശ്രീമതി ശാന്ത കുട്ടികളെ മലയാളം പഠിപ്പിക്കുന്നുണ്ടായിരുന്നു. കലാക്ഷേത്ര തുടങ്ങിയപ്പോൾ ആ അദ്ധ്യയനവും ഇങ്ങോട്ടു മാറ്റുകയുണ്ടായി. കാര്യാലയ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്ത ശ്രീമതി ഉഷയും അദ്ധ്യാപക പരിശീലനം നേടി മലയാളം പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ ആ ഭാഗം ഒന്നുകൂടി ഉഷാറായി. മലയാളം മിഷന്റെ പ്രധാനപ്രവർത്തകരിലൊരാളായ ദാമോദരൻ മാഷായിരുന്നു കലാക്ഷേത്രയിൽ കുട്ടികളെ ഭാഷാപഠനത്തിന് സഹായിച്ചിരുന്നത്. ബാംഗളൂരിൽ ജനിച്ചു മലയാളമറിയാതെ വളർന്നിരുന്ന മലയാളി കുട്ടികളെ സംബന്ധിച്ചിടത്തോളം ഭാഷാപഠനം നല്ലൊരു അനുഗ്രഹമായിരുന്നു. പഠനം പൂർത്തിയാക്കി പരീക്ഷയിൽ വിജയിക്കുന്ന പഠിതാവിന് ലഭിക്കുക കേരളസർക്കാരിന്റെ സാക്ഷ്യപത്രമാണ് എന്നതും ഈ ക്ലാസ്സിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മാത്രവുമല്ല ഈ പദ്ധതിക്ക് സർക്കാരിന്റെ സാമ്പത്തികസഹായവും സമാജത്തിന് ലഭിച്ചിരുന്നു. 

കർണ്ണാടക സർക്കാരിന്റെ കീഴിൽ കന്നഡഭാഷ പ്രോത്സാഹിപ്പിക്കാൻ സ്ഥാപിച്ച 'കന്നഡ കലി' യുടെ അംഗീകാരത്തോടെ 2016ൽ തന്നെ കന്നഡ ഭാഷ പഠനവും സൗജന്യമായി കലാക്ഷേത്രയിലാരംഭിച്ചു. ആ വർഷം ആഗസ്റ്റോടു കൂടി ആദ്യ സംഘം പഠനം പൂർത്തിയാക്കുകയും ചെയ്തു. സമാജം അംഗങ്ങളുടെ ഇടയിൽ വ്യാപക പ്രചാരം കിട്ടിയ ഈ ഭാഷാപഠനക്ലാസ്സ് ഇവിടെ താമസിക്കുന്ന പലരെയും കന്നടയിൽ കുറച്ചെങ്കിലും പ്രാവീണ്യം നേടാൻ സഹായിക്കുകയും ചെയ്തു. ആദ്യസംഘത്തിന്റെ പരിശീലനം പൂർത്തിയായപ്പോൾ അവരെല്ലാം ചേർന്ന് 2016 സെപ്റ്റംബർ 25നു ഒരു കന്നടനാടകവും അവതരിപ്പിച്ചു  എന്നറിയുമ്പോഴാണ് പഠനക്ലാസ്സിന്റെ ശക്തി മനസ്സിലാവുന്നത്. കർണ്ണാടക സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന ഈ പഠനക്ലാസ്സിൽ ഇതുവരെയായി മൂന്നോളം സംഘങ്ങൾ (രണ്ടാം സംഘം: 2017, മൂന്നാം സംഘം: 2019 നവംബർ മുതൽ 2020 ജനുവരി വരെ) പഠനം പൂർത്തിയാക്കിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. 

ഒരുപക്ഷെ 2012ൽ എല്ലാവർക്കുമായി നടത്തിയ കലാമത്സരങ്ങൾക്ക് ശേഷം സമാജത്തിന് വെളിയിൽ ഉള്ളവരെയും ഉൾപ്പെടുത്തി പിന്നീടൊരു ആഘോഷം കുംദലഹള്ളി കേരള സമാജത്തിൽ നടന്നത് കലാക്ഷേത്ര രൂപീകരിച്ച് ഒരുവർഷം തികയുമ്പോഴാണ്. ദേശീയ പുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ചലച്ചിത്ര അക്കാദമി ബാംഗളൂരിലെ ഒരു പ്രദർശനകേന്ദ്രമായി തിരഞ്ഞെടുത്തത് കലാക്ഷേത്രയെയായിരുന്നു. 2016ന്റെ ആരംഭത്തിലായിരുന്നു (ജനുവരി 29 മുതൽ 31 വരെ) ഈ പരിപാടി. 

എല്ലാ പത്രമാധ്യമങ്ങളും വൻപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ സിനിമാമാമാങ്കം സമാജത്തിന്റെ പ്രശസ്തി മുൻകാലത്തേക്കാൾ വർദ്ധിപ്പിക്കാൻ സഹായിച്ചു. ശ്രീമതി ശ്രീദേവി ഉണ്ണി, സംവിധായകനും നടനും ഒക്കെയായ ശ്രീ വി കെ പ്രകാശ് അതുപോലെ മറ്റു പ്രമുഖരും പങ്കെടുത്ത ഈ സംരംഭം വൻവിജയമായി മാറി. പുരസ്‌കാരങ്ങൾ നേടിയ മലയാളത്തിലെ ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകരുടെ കണ്മുന്നിൽ കാഴ്ചയുടെയും കഥകളുടെയും വസന്തം വിരിയിച്ചു. മറ്റു പല സമാജങ്ങളിൽ നിന്നുള്ളവർ പോലും കാണികളായി ഉണ്ടായിരുന്നു എന്നത് കുംദലഹള്ളി സമാജത്തിന്റെ സ്വീകാര്യതയ്ക്ക് കിട്ടിയ സമ്മാനമായിരുന്നു. 

പഠിപ്പിക്കുന്ന വിഷയങ്ങളുടെയും കുട്ടികളുടെയും ആധിക്യം മൂലം കെട്ടിടം പണിത് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ സ്ഥലപരിമിതിയാൽ വീർപ്പുമുട്ടാൻ തുടങ്ങി കലാക്ഷേത്ര. അതിനൊരു പരിഹാരമെന്നോണം നിലവിലെ കെട്ടിടത്തോട് ചേർന്നൊരു മുറി കൂടി പണിയാൻ പ്രവർത്തകസമിതി തീരുമാനിക്കുകയും 2016 ജൂൺ മാസത്തോടു കൂടി പണി പൂർത്തിയാക്കി ഉപയോഗപ്രദമാക്കുകയും ചെയ്തു. ബാംഗ്ലൂർ കേരള സമാജത്തിലെ അദ്ധ്യക്ഷൻ ശ്രീ സി പി രാധാകൃഷ്ണൻ, കാര്യദർശി ശ്രീ റെജികുമാർ എന്നിവരായിരുന്നു ഇതിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്. 

തൊട്ടടുത്തവർഷം കലാക്ഷേത്രയിലെ കുട്ടികൾക്ക് തങ്ങളുടെ കഴിവ് പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ഒരു വേദി എന്ന നിലയിൽ കലാക്ഷേത്ര വാർഷികം തുടങ്ങി. 2018 മധ്യത്തോടെ കലാക്ഷേത്ര പുതിയൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വന്നു. പഴയ കെട്ടിടത്തിലുണ്ടായിരുന്ന സ്ഥലപരിമിതി മറികടക്കാനുതകുന്ന രീതിയിലായിരുന്നു പുതിയ കെട്ടിടം പണിഞ്ഞത്. അങ്ങനെ എല്ലാം കൊണ്ടും 2018 പ്രളയകാലം മാറ്റി നിറുത്തിയാൽ മഹാമാരി വരുന്നതുവരെ കലാക്ഷേത്രയുടേത് ഒരു ജൈത്രയാത്ര തന്നെയായിരുന്നു. 2019 ആകുമ്പോഴേക്കും പല പല കാരണങ്ങളാൽ ചില വിഷയങ്ങൾ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും ഏതാണ്ട് 200നോടടുത്ത് കുട്ടികൾ അപ്പോഴും അവിടെ പഠിക്കാൻ വരുന്നുണ്ടായിരുന്നു. ഭരതനാട്യം, കർണാടിക് സംഗീതം എന്നിവയിലൊക്കെ രണ്ടോ അതിലേറെയോ ക്ലാസുകൾ ഒരു ദിവസം തന്നെ നടക്കുന്നുണ്ടായിരുന്നു. കേരളത്തിന്റെ ആയോധനമുറയായ 'കളരി' അഭ്യസിപ്പിക്കാൻ യോഗ്യനായൊരു അദ്ധ്യാപകനെ കണ്ടെത്തിയതും വളരെപ്പെട്ടെന്ന് തന്നെ കുട്ടികളെയും യുവാക്കളെയും അതിലേക്കു ആകർഷിക്കാൻ കഴിഞ്ഞതും ഇതേ വർഷമായിരുന്നു. 

കലാക്ഷേത്ര സ്ഥാപിച്ചത് മുതൽ അതിന്റെ നടത്തിപ്പിനായി ഒരു കമ്മിറ്റിയും ഓരോ പഠനവിഭാഗവും ഏകോപിക്കാനായി ഓരോ വ്യക്തിയെയും ചുമതലപ്പെടുത്തിയിരുന്നു. സമാജം അംഗങ്ങൾ തന്നെയായിരുന്നു ഈ ഏകോപനത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നതും അത് ഭംഗിയായി നടത്തിക്കൊണ്ടുപോയിരുന്നതും. 

മഹാമാരിയിൽ പെട്ട് ഉഴറുന്നത് വരെ സമാജത്തിന്റെ ദൈനംദിന  പ്രവർത്തങ്ങൾക്കുള്ള വരുമാനം കലാക്ഷേത്രയിൽ നിന്നും സമാഹരിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിരുന്നു. മഹാമാരി വന്നതോടെ പല ക്ലാസ്സുകളും ഓൺലൈൻ ആയി കൊണ്ടുനടക്കുന്നുണ്ടെങ്കിലും തെല്ലൊരാവേശം കുറഞ്ഞുപോയി. രണ്ടുവർഷമായി നടക്കുന്ന യുദ്ധത്തിനൊടുവിൽ മഹാമാരി ഒന്നൊതുങ്ങിയ ഈ അവസരത്തിൽ പതുക്കെയെങ്കിലും തന്റെ ജൈത്രയാത്ര തുടരാൻ സജ്ജമായിരിക്കുകയാണ് കലാക്ഷേത്ര.

                                                                                                        തുടരും .............

കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: ഭാഗം-5

 

അതിവർഷം:-

വർഷം മധ്യം പിന്നിട്ടപ്പോൾ പതിവുപോലെ കലാക്ഷേത്രയുടെ വാർഷികാഘോഷത്തിന്റെയും ഓണാഘോഷത്തിന്റെയും ചർച്ചകൾ ആരംഭിച്ചു എങ്കിലും പരിപാടികൾ നടന്നില്ല. അതിനിടയിലാണ് ഒരശനിപാതം പോലെ കേരളം പ്രളയത്തിൽ മുങ്ങിയ വാർത്ത എത്തിയത്. ഒരു ഞെട്ടലോടെയാണ് എല്ലാവരും ആ വാർത്ത കേട്ടത്. എല്ലാ സംഘടനകളും ലോകജനത ഒന്നാകെയും കേരളത്തിലേക്ക് തങ്ങളുടെ സഹായഹസ്തങ്ങൾ നീട്ടിയ അവസരത്തിൽ കുംദലഹള്ളി കേരള സമാജവും ഇക്കാര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. വീടുവീടാന്തരം കയറിയിറങ്ങി സാധനസാമഗ്രികൾ സംഘടിപ്പിച്ചു. അതെല്ലാം കേരളത്തിൽ ദുരിതമനുഭവിക്കുന്ന ആളുകൾ പാർക്കുന്ന ദുരിതാശ്വാസകേന്ദ്രങ്ങളിൽ വിതരണം ചെയ്തു. ഈ കർത്തവ്യത്തിൽ സമാജത്തിലെ അംഗവും ശാസ്താപൂളിന്റെ ഉടമയുമായ ശ്രീ രതീഷ് രവീന്ദ്രന്റെയും സമാജത്തിന്റെ രണ്ടു കെട്ടിടങ്ങളുടെയും നിർമ്മാണ മേൽനോട്ടം വഹിച്ച ആർക്കിറ്റെക്റ് ശ്രീ ഷിജു ടി വി യുടെയും സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ലോറികളിൽ സാധനങ്ങളുമായി പോകാനും വിതരണം ചെയ്യാനും മടികൂടാതെ മുന്നിൽ നിന്ന വലിയ മനസ്സിന്റെ ഉടമകളാണവർ.

കുറച്ചു നാളുകൾക്കുള്ളിൽ കർണ്ണാടകയിലെ കൂർഗ് മേഖലയിൽ പ്രളയം താണ്ഡവമാടിയപ്പോഴും മടികൂടാതെ സമാജത്തിലെ അംഗങ്ങൾ സന്നദ്ധപ്രവർത്തനവുമായി ഇറങ്ങി. എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാൻ ബാംഗ്ലൂർ മലയാളിസംഘടനകൾ ഒന്നടങ്കം ഓണാഘോഷം ഉപേക്ഷിച്ചപ്പോൾ കുംദലഹള്ളി കേരള സമാജവും അതിന് മടികാണിച്ചില്ല. സമാജത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ഓണാഘോഷം വേണ്ടെന്നുവെയ്ക്കാൻ അംഗങ്ങൾ എല്ലാവരും ഒരേമനസ്സോടെ തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണിക മുടങ്ങിയതും പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും ധനസ്ഥിതിയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തി.

സെപ്‌റ്റംബർ മാസമായപ്പോൾ വാർഷികപൊതുയോഗവും തിരഞ്ഞെടുപ്പും ഒരിക്കൽക്കൂടി നടന്നു. പതിവ് തെറ്റിക്കാതെ പഴയ അംഗങ്ങളോടൊപ്പം ഏതാനും പുതിയ അംഗങ്ങളും ഭരണസമിതിയിലേക്ക് കടന്നുവന്നു.

പുതുശാഖകൾ:-

പുതിയ പ്രവർത്തകസമിതിയിലെ പുതുമുഖങ്ങൾ പുതിയ ആശയങ്ങളുമായി വന്നപ്പോൾ പണ്ടേ മനസ്സിലുണ്ടായിരുന്നെങ്കിലും നടപ്പിലാക്കാൻ മാനസികൈക്യമുള്ളവരെ കിട്ടാതെ കുഴങ്ങിയിരുന്ന ചില പഴയ മുഖങ്ങൾ രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും എന്നമട്ടിൽ ഏറ്റെടുക്കുകയും ചെയ്തു അവരൊത്തുചേർന്ന് പുതിയ വഴിത്താരകൾ തുറക്കാൻ ശ്രമം തുടങ്ങി. ആ ശ്രമഫലമായി 2019 ഫെബ്രുവരിയിൽ എം ടി വാസുദേവൻ നായരുടെ 'രണ്ടാമൂഴം' എന്ന കൃതിയെ കുറിച്ച് ചർച്ച ചെയ്തുകൊണ്ട് സാഹിത്യവേദിക്ക് തുടക്കം കുറിച്ചു. 

കമ്മിറ്റി അംഗങ്ങളിൽ മാത്രമൊതുങ്ങുമെന്ന് കരുതിയിരുന്ന പരിപാടിക്ക് കൂടുതൽ ആളുകളെത്തിയപ്പോൾ അതൊരൂർജ്ജമായി. തുടർന്ന് എല്ലാമാസവും ഓരോ സാഹിത്യസംബന്ധിയായ പരിപാടി നടത്താൻ തീരുമാനമായി. സാഹിത്യകുതുകികളായ അംഗങ്ങളെ സംബന്ധിച്ച് ഏറെ ആഹ്ലാദകരമായിരുന്നു ഈ തീരുമാനം. കവിതകളും ചർച്ചകളും പാട്ടും മറ്റുമായി തുടർന്നുള്ള ഓരോ മാസവും ഒരുവിഭാഗം അക്ഷരപ്രേമികൾ കലാക്ഷേത്രയിൽ ഒത്തുകൂടാനും മനസ്സുതുറന്ന് ആഹ്ലാദിക്കാനും ഈ സംഭവം കാരണമായി. 

കർണ്ണാടകസംഗീതത്തിലെ ചക്രവർത്തിയായ പുരന്ദരദാസരുടെ ജന്മദിനത്തിൽ കലാക്ഷേത്രയിലെ അദ്ധ്യാപകർ നടത്തിയ സംഗീതവിരുന്ന് പ്രേക്ഷകരെ ഹഠാതാകർഷിച്ചു. മലയാള സിനിമാഗാനലോകത്തിലെ സംഗീതമന്ത്രികനായ ബാബുരാജിന് സമാജത്തിലെ സംഗീതപ്രേമികളുടെ "കൂട്ട്" നൽകിയ ഗാനാഞ്ജലിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

'മലയാളഭാഷാ പാഠശാല' സ്ഥാപിച്ച് 'മധുരം മധുരം മലയാളം' എന്ന പരിപാടിയിലൂടെ 7000ലധികം വേദികളിലും മലയാളത്തിന്റെ മഹത്വത്തെ പറ്റി സംസാരിച്ച് ഭാഷയുടെ വളർച്ചയ്ക്കായി അക്ഷീണം യത്നിക്കുന്ന ശ്രീ ഭാസ്കര പൊതുവാൾ മാഷുടെ പാദസ്പർശത്താലും വാക്ചാതുര്യത്താലും അനുഗ്രഹീതമായി കലാക്ഷേത്ര. അങ്ങനെ കൊല്ലത്തിന്റെ തുടക്കത്തിൽ സാഹിത്യവേദി എന്ന പേരിൽ തുടങ്ങിയെങ്കിലും വർഷാവസാനത്തോടെ സാഹിത്യവും കലയും കായികവും സംസ്കാരവും ഒക്കെച്ചേർത്ത് 'സാംസ്കാരികവേദി'യായത് രൂപാന്തരം പ്രാപിച്ചു. 

കലാക്ഷേത്രയുടെ വാർഷികാഘോഷം 2017ലെ ഓണാഘോഷം പോലെ ഒരിക്കൽക്കൂടി പരിസ്ഥിതി സൗഹൃദമായി, അവശിഷ്ടരഹിത പരിപാടിയായി കൊണ്ടാടാൻ സംഘാടകർക്ക് കഴിഞ്ഞു. കലാശ്രീ ഉണ്ണികൃഷ്ണൻ കലാമണ്ഡലം ആയിരുന്നു ഇത്തവണ മുഖ്യാതിഥിയുടെ സ്ഥാനം അലങ്കരിച്ചത്.  2018ൽ പ്രളയത്തിൽ ഒലിച്ചുപോയ ഓണം ഏതായാലും 2019ൽ ഭംഗിയായി ആഘോഷിച്ചു. ശ്രീ ഭാസ്കര പൊതുവാൾ മാഷ്, ശ്രീമതി ഒളിമ്പ്യൻ റോസക്കുട്ടി, Indian Blind Cricket Association പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ശ്രീ പാട്രിക് രാജ്‌കുമാർ ഉൾപ്പെടെയുള്ള പ്രമുഖർ ആഘോഷത്തിന് തിരി തെളിയിച്ചു. പ്രശസ്ത തുള്ളൽകലാകാരനായ കലാമണ്ഡലം പ്രഭാകരനും സംഘവും അവതരിപ്പിച്ച പാഞ്ചാലീസ്വയംവരം ഓട്ടൻതുള്ളൽ മാറ്റിനിറുത്തിയാൽ പുറമെ നിന്നുള്ള പ്രൊഫഷണൽ കലാകാരന്മാരുടെ മറ്റൊരു പരിപാടിയുമില്ലാതെ പൂർണ്ണമായും സമാജം അംഗങ്ങളുടെ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഓണാഘോഷം ഏവർക്കും രസിച്ചു 

ഇത്രയും കഴിവുള്ളവർ ഇവിടെയുള്ളപ്പോൾ മുൻകാലങ്ങളിൽ എന്തിനാണ് പുറമെ നിന്നും പരിപാടി അവതരിപ്പിക്കാൻ ആളെ കൊണ്ടുവന്നിരുന്നത് എന്നതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു അംഗങ്ങൾ കാഴ്ചവെച്ചത്. ഓണാഘോഷത്തിലെ മുഖ്യ ആകർഷണമായിരുന്ന കേരളത്തിലെ തുള്ളൽകലാകാരന്മാരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന വ്യക്തിയായ ശ്രീ പ്രഭാകരന്റെ നേതൃത്വത്തിൽ നടന്ന 'പാഞ്ചാലീസ്വയംവരം' ഓട്ടൻതുള്ളൽ കാണികളെ സദ്യ ഉണ്ണാൻ പോകാൻ പോലും തോന്നാത്ത വിധത്തിൽ പിടിച്ചിരുത്തുന്നതായിരുന്നു. (തുള്ളലിലെ മൂന്ന് സമ്പ്രദായങ്ങളെയും ഒരുമിച്ച് ഒരേവേദിയിൽ അണിനിരത്തുന്ന 'തുള്ളൽ ത്രയം' എന്ന പുതിയ സമ്പ്രദായം ചിട്ടപ്പെടുത്തിയതും കാണികൾക്ക് മുന്നിൽ ആദ്യമായി അവതരിപ്പിച്ചതും അദ്ദേഹമാണ്.)   

ജോലി ചെയ്യുന്ന അമ്മമാർക്കൊരാശ്വാസമായി കരുതലോടെ കുട്ടികളെ പരിപാലിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു കേന്ദ്രം (Day Care + Nursery) തുടങ്ങണമെന്നൊരാശയം പ്രവർത്തകസമിതിയിൽ ഒന്നിലേറെ തവണ ഉയർന്നുവന്നിരുന്നെങ്കിലും നിയമപ്രശ്‌നത്തിലും നടത്താനുള്ള സങ്കീർണ്ണതകളിലും തട്ടി എങ്ങുമെത്താതെ അവസാനിച്ചു. അതുപോലെ തന്നെ സമാജത്തിലെ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ-സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള ഒരു സമൂഹ ഇൻഷുറൻസ് പദ്ധതിയെപ്പറ്റി പ്രവർത്തകസമിതിയിൽ ചർച്ചകൾ നടന്നെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ല.

ഓണാഘോഷത്തിന് പിന്നാലെ പ്രശ്നോത്തരിയും കവിതാരചന മത്സരവും കടന്നുപോയതോടെ 2019 ന് തിരശീല വീണു.

ഗ്രീഷ്മം: 

സമാജത്തെ സംബന്ധിച്ച് 2020 എന്നത് ഏറെ വ്യത്യസ്തമായ ഒരു വർഷമാവേണ്ടതായിരുന്നു. സമാജത്തിൽ ആദ്യമായി ഒരു നാടകം അരങ്ങേറിയ വർഷമായിരുന്നു അത്. സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ സഹൃദയരായ ചിലർ ഒത്തുചേർന്ന് 'ദാഹം' എന്ന നാടകം കലാക്ഷേത്രയിൽ അവതരിപ്പിച്ചു. 

സ്ഥലപരിമിതി മൂലം നാടകത്തിനായി പ്രവർത്തിച്ചവരുടെ കുടുംബാംഗങ്ങളും പ്രവർത്തക സമിതി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മാത്രമായിരുന്നു പ്രേക്ഷകർ. മൂലകഥയൊഴിച്ച് ഒരു നാടകത്തിന് വേണ്ടതായ എല്ലാം സമാജത്തിലെ അംഗങ്ങൾ തന്നെ കൈകാര്യം ചെയ്ത ആ പ്രകടനത്തിന് ഏറെ അഭിനന്ദനങ്ങൾ കിട്ടിയിരുന്നു. അതിന് കാരണക്കാരനും അമരക്കാരനും സർവ്വോപരി സമാജത്തിലെ ഒരംഗവുമായ ശ്രീ ജി ഷിബുകുമാറിനെ ഈ അവസ്ഥയിൽ ഓർക്കാതിരുന്നാൽ അത് ആ വലിയ കലാകാരനോട് കാണിക്കുന്ന വലിയ അനീതിയാകും. 

പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ നാടകം കുറച്ചുകൂടി വിപുലമായ രീതിയിൽ സമാജത്തിലെ എല്ലാ അംഗങ്ങൾക്കും മുന്നിൽ അവതരിപ്പിക്കണമെന്നും ആ വർഷത്തെ കലാക്ഷേത്ര വാർഷികാഘോഷങ്ങളോടൊപ്പമാക്കാമെന്നും അങ്ങനെ നാടകവും സാംസ്കാരികവേദിയുടെ ഭാഗമാക്കണമെന്നും തീരുമാനമായി. 

സാംസ്കാരിക വേദിയുടെ പടിപടിയായുള്ള പുരോഗതി വിലയിരുത്തി അതിന്റെ ഉന്നമനത്തിനായി പ്രത്യേക തുക ബജറ്റിൽ നീക്കിവെക്കാൻ ഭരണസമിതി തീരുമാനിച്ചിട്ടു അധിക കാലമായിരുന്നില്ല. 

ഇതിനോടൊപ്പം സമാജത്തിനു പൊതുജനമദ്ധ്യത്തിൽ കൂടുതൽ സ്വീകാര്യത കിട്ടുവാനും കൂടുതൽ അംഗങ്ങളെ ആകർഷിക്കുവാനുമായി പൊതുജനങ്ങളെ ഉൾക്കൊളളിച്ചുകൊണ്ടു ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് എന്നൊരാശയം ഉയർന്നുവരുന്നുണ്ടായിരുന്നു. 

അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി അതിർത്തികടന്നെത്തിയ ഇത്തിരിക്കുഞ്ഞന്റെ (COVID 19) തേരോട്ടത്തിൽ എല്ലാ സ്വപ്നങ്ങളും കൊഴിഞ്ഞുപോയി. ലോകമെമ്പാടുമുള്ള ജനങ്ങൾ വിറങ്ങലിച്ചുനിന്നപ്പോൾ സമാജത്തിന്റെ പ്രവർത്തനങ്ങളും നിശ്ചലമായി. ആഘോഷങ്ങളെല്ലാം നിലച്ചു. കലാക്ഷേത്രയിൽ നൃത്തച്ചുവടുകൾ അപ്രത്യക്ഷമായി. സപ്തസ്വരങ്ങൾ മൗനത്തിലമർന്നു. താളമേളങ്ങൾ നിലച്ചു. അച്ചടിത്താളുകളിൽ കൂട്ടുകൂടി കഥപറഞ്ഞ അക്ഷരങ്ങൾ വായനക്കാരന്റെ വിരൽസ്പർശമേൽക്കാതെ മുന്നിൽ വിളറിയ ചിരിയുമായി നിന്നു. സമാജത്തിലെ ദൈനദിനപ്രവർത്തനങ്ങൾക്ക് മങ്ങലേറ്റു. സമാജത്തിന്റെ തിരക്കുകളിൽ നിന്നും ആളുകൾ ജന്മനാടിന്റെ ഗന്ധം തേടിപ്പോയി. അങ്ങനെ പോയ ചിലർ അവിടേക്ക് ജീവിതം പറിച്ചുനട്ടു.  

പ്രശ്നങ്ങൾ വരുമ്പോൾ പ്രശ്നപരിഹാരം കണ്ടെത്തുന്നത് മനുഷ്യ സ്വഭാവമാണല്ലോ അങ്ങനെ ആളുകൾ കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും മുന്നിലിരുന്ന് പരസ്പരം കാണാനും സംവദിക്കാനും തുടങ്ങി. കലാക്ഷേത്രയുടെ അങ്കണത്തിൽ നിന്നും അപ്രത്യക്ഷമായ കലകൾ online-ലൂടെ ആളുകൾ പങ്കുവെച്ചു. ഹ്രസ്വചിത്രങ്ങളായും നൃത്തങ്ങളായും പാട്ടായും കവിതയായും കലാദേവത ദീർഘചതുരപ്പെട്ടിയിൽ പ്രത്യക്ഷമായി. സെപ്‌റ്റംബർ മാസത്തിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി വരേണ്ട വർഷമായിരുന്നു. പക്ഷെ ലോകത്ത് നിൽക്കുന്ന പ്രതികൂല അന്തരീക്ഷം കാരണം നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അനിശ്ചിതകാലത്തേക്ക് നീട്ടാൻ സമിതി നിർബന്ധിതമായി.

വീണ്ടും തളിർക്കുന്നു: 

ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്. അത് കഴിഞ്ഞാൽ വെളിച്ചം മറനീക്കി പുറത്തു വരിക തന്നെ ചെയ്യും. ഈയൊരു പ്രപഞ്ച നീതിയിൽ വിശ്വസിച്ചു കൊണ്ടാണ് എല്ലാവരും 2021 കാത്തിരുന്നത്. കാര്യങ്ങൾ ഏതാണ്ട് ആ രീതിയിൽ ആണ് നീങ്ങിയിരുന്നത്. മാർച്ച് മാസത്തിൽ പൊതുയോഗവും തിരഞ്ഞെടുപ്പും നടത്താൻ ഏകദേശധാരണ ആയെങ്കിലും വീണ്ടും കാർമേഘം വെളിച്ചത്തെ മറച്ചു. ഒരിക്കൽക്കൂടി എങ്ങും അനിശ്ചിതത്വം നിറഞ്ഞു. 

ലോകത്തിന്റെ പലഭാഗത്ത് നിന്നും കേൾക്കുന്ന ഹൃദയം പിളർക്കുന്നതും ഭയംജനിപ്പിക്കുന്നതുമായ വാർത്തകൾ മനസ്സിനെ അലോസരപ്പെടുത്താൻ തുടങ്ങിയപ്പോൾ സാംസ്കാരികവേദിയുടെ മുടങ്ങിപ്പോയ പരിപാടികൾ പുനരാരംഭിക്കാൻ തീരുമാനമായി. അങ്ങനെ ജൂലൈ മാസത്തിൽ മലയാളത്തിലെ മഹാകവി ഒ എൻ വി കുറുപ്പിന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാൻ സമാജം തീരുമാനിച്ചു. രാഷ്ട്രീയ-സാംസ്‌കാരിക വേദികളിലെ നിറഞ്ഞ സാന്നിധ്യവും ഒ എൻ വി കവിതകളുടെ ആരാധകനുമായ ശ്രീ വി കെ സുരേഷ് ബാബു സാറിന്റെ ഒ എൻ വി കവിതകളെ കുറിച്ചുള്ള പ്രഭാഷണത്തോടെ നിശ്ചലമായ ചക്രങ്ങൾ പതുക്കെ ഉരുളാൻ തുടങ്ങി. ഏതായാലും കഴിഞ്ഞ നാലുമാസമായി ആ ചക്രങ്ങൾ ഉരുണ്ടുകൊണ്ടിരിക്കുകയാണ്, ഇനിയും നിശ്ചലമാവില്ല എന്ന പ്രതീക്ഷയോടെ. അദ്ധ്യയനം തുടങ്ങാനുള്ള സാഹചര്യം നിലനിൽക്കാത്തതിനാൽ കലയുടെ ക്ഷേത്രം ഉറങ്ങി തന്നെ കിടന്നു. 

ഗ്രഹണം പതുക്കെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നതിനാൽ സെപ്‌റ്റംബർ മാസത്തിൽ, ഒരു വർഷം വൈകിയാണെങ്കിലും പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. മത്സരിക്കാനുള്ള ആളുകൾ കുറവായതിനാൽ ഇത്തവണ പത്രിക സമർപ്പിച്ച എല്ലാവരെയും ഒരൊറ്റ മനസ്സോടെ യോഗം തിരഞ്ഞെടുത്തു. അദ്ധ്യക്ഷൻ സ്വയം ഒഴിവായതോടെ കഴിഞ്ഞ തവണത്തെ ഉപാദ്ധ്യക്ഷന്മാരിൽ ഒരാളായിരുന്ന ശ്രീ മുരളി മണി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. കാര്യദർശ്ശിയും മറ്റു ചില അംഗങ്ങളും തുടർന്നപ്പോൾ ഒഴിവുവന്ന സ്ഥാനങ്ങളിൽ കൂടുതൽ യുവജനങ്ങൾ ഭരണസമിതിയിൽ എത്തപ്പെട്ടു. പുതിയ പ്രതീക്ഷകളും കാഴ്ചപ്പാടുകളുമായി സംഘം മുന്നേറുമ്പോഴാണ്‌ പത്താം വാർഷികം അടുത്തെത്തിയത്. 

ലളിതമായെങ്കിലും മനോഹരമായി സമാജത്തിന്റെ പത്താം വാർഷികം  ആഘോഷിച്ചു. സമാജത്തിന്റെ രക്ഷാധികാരി ശ്രീ ഡോ: ജെ അലക്സാണ്ടർ, എഴുത്തുകാരനായ ശ്രീ സുധാകരൻ രാമന്തളി, സമാജത്തിന്റെ ആദ്യത്തേതുൾപ്പെടെയുള്ള മുൻകാലങ്ങളിലെ ഭരണ-പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ സന്തോഷത്തോടെ ആ നിമിഷങ്ങളിൽ ഒത്തുചേർന്നു. കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠജേതാവുമായ ശ്രീ ചന്ദ്രശേഖർ കമ്പാറിന്റെ 'ശിഖരസൂര്യൻ' എന്ന നോവൽ മലയാളത്തിലേക്ക് പരിഭാഷ ചെയ്തതിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ശ്രീ സുധാകരൻ രാമന്തളിയെ സമാജത്തിന്റെ ആദരം അറിയിക്കാനും ആ സുദിനം വിനിയോഗിച്ചു. പ്രശ്നോത്തരി മത്സരവും കലാപരിപാടികളുമായി നല്ലൊരു സായാഹ്നം അംഗങ്ങൾക്ക് സമ്മാനിക്കാൻ കുറേക്കാലത്തിനു ശേഷം സമാജത്തിന് കഴിഞ്ഞു എന്നതായിരുന്നു ഈ ആഘോഷത്തിന്റെ പ്രത്യേകത. 

നടക്കാതെപോയ ഓണാഘോഷത്തിന്റെ സങ്കടം മാറ്റാൻ അംഗങ്ങളുടെ കലാപരിപാടികൾ online ആയി നടത്താൻ ആലോചിക്കുകയാണ് കമ്മിറ്റി അംഗങ്ങൾ. വീണ്ടും പ്രശ്നങ്ങൾ തുടങ്ങിയില്ലെങ്കിൽ ഡിസംബർ ആകുമ്പോഴേക്കും കലാക്ഷേത്രയിലെ ക്ലാസുകൾ പുനരാരംഭിക്കാനും പദ്ധതിയിടുന്നു. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി അവർ 2022 നെ കാത്തിരിക്കുകയാണ്. ഗ്രഹണം മാറി വെളിച്ചം പൂർണ്ണമായും ദൃശ്യമാകും എന്ന ശുഭപ്രതീക്ഷയോടെ. കലയുടെ മഞ്ജീരനാദം വീണ്ടും ഈ അകത്തളത്തിൽ മുഴങ്ങാൻ. മുടങ്ങിപ്പോയ കായികമേളയേയും ആഘോഷങ്ങളേയും വരവേൽക്കാൻ.

                                                                                                             തുടരും ...........

കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: ഭാഗം-4

 

പലവർണ്ണങ്ങൾ:-

പല കാരണങ്ങൾ കൊണ്ടും 2014 ൽ നടക്കാതിരുന്ന കായികദിനം നീങ്ങി നീങ്ങി ഒടുവിൽ 2015 മാർച്ച് 15നാണു നടന്നത്. അന്നേദിവസം ഏകദിന ക്രിക്കറ്റിന്റെ ലോകകപ്പ് വിജയിയെത്തേടിയുള്ള അന്തിമ മത്സരം നടക്കുന്നതിനാൽ ആളുകൾ കുറയാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടുകൊണ്ടു മൈതാനത്ത് ഒരു വലിയ വെള്ളിത്തിര ഉയർത്തി കെ കെ എസ് കായികദിനത്തിൽ പങ്കെടുക്കുന്നവർക്ക് ആ മത്സരത്തിന്റെ തത്സമയ സംപ്രേഷണം കാണാൻ അവസരമൊരുക്കി.  

പതിവിന് വിപരീതമായി ഇത്തവണ രണ്ടു ദിവസമായാണ് (ആദ്യദിനം വൈകുന്നേരവും അടുത്ത പകലും) ഓണാഘോഷം നടത്തിയത്. ആദ്യദിനം സായാഹ്നത്തിൽ പ്രമുഖ ടി വി ചാനലിലെ സംഗീത മത്സരാർത്ഥികളുടെ  ഗാനമേളയും പിറ്റേന്ന് സമാജം അംഗങ്ങളുടെയും മറ്റും കലാപരിപാടികളുമായിരുന്നു ഉണ്ടായിരുന്നത്. വിഭവസമൃദ്ധമായ ഓണസദ്യ രണ്ടാംദിനമായിരുന്നു. 

ആ വർഷം നവംബർ അവസാനം (27 - 29) സൂര്യകൃഷ്ണമൂർത്തി അണിയിച്ചൊരുക്കിയ കേരളോത്സവത്തിന്റെ സംഘാടകരുടെ കൂട്ടത്തിൽ കുംദലഹള്ളി കേരള സമാജവും ഉണ്ടായിരുന്നു. 2012 ലെ വിവിധ മത്സരങ്ങൾ നടത്തിയതൊഴിച്ചാൽ ബാംഗ്ലൂർ നഗരത്തിലെ മലയാളികൾക്കിടയിലും മറ്റു സംഘടനകൾക്കിടയിലും സമാജത്തിന് ഏറെ മതിപ്പുണ്ടാക്കിക്കൊടുത്ത ഒരു പരിപാടിയായിരുന്നു കേരളോത്സവത്തിലെ സംഘാടനം. സമാജം നടത്തിയ 'തട്ടുകട' കാണികളുടെ മനസ്സ് മാത്രമല്ല വയറും നിറച്ചിരുന്നു. സമാജം അംഗങ്ങൾ രാപകലില്ലാതെ കേരളോത്സവത്തിന്റെയും തട്ടുകടയുടെയും വിജയത്തിനായി പ്രയത്നിക്കുകയും എല്ലാവരുടെയും മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തു. 

ചെന്നൈപട്ടണത്തെ മുക്കിക്കൊണ്ട് ഒഴുകിയെത്തിയ പ്രളയത്തിൽ വലഞ്ഞ സഹോദരങ്ങൾക്ക് കൈത്താങ്ങായി മാറാനും സമാജം മറന്നില്ല. സമാജം അംഗമായ ശ്രീ ഷിജു ടി വി, Shastha Pool-ന്റെ ഉടമയും സമാജത്തിലെ മറ്റൊരു അംഗവുമായ ശ്രീ രതീഷ് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് വേണ്ട അവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ സമാജത്തിലെ സുമനസ്സുകൾ മുന്നിട്ടിറങ്ങി. ഡിസംബർ 5 ന് സാധനങ്ങൾ നിറച്ച ലോറി ചെന്നൈയിലെ വിവിധ ആശ്വാസകേന്ദ്രങ്ങൾ ലക്ഷ്യമാക്കി കുതിച്ചു.

സമാജത്തിൽ ചേരാനുള്ള പ്രവേശനധനം 500 രൂപയിൽ നിന്നും 1000 ആയി ഉയർത്തിയതും കാര്യാലയ നടത്തിപ്പിലേക്കായി അംഗങ്ങളിൽ നിന്നും വാർഷിക ഫീസിനത്തിൽ 200 രൂപ വാങ്ങാൻ തുടങ്ങിയതും ഇതേ വർഷമായിരുന്നു. 

കൂടാതെ ആശയവിനിമയത്തിനും സമാജത്തിന്റെ പ്രചാരത്തിനുമായി സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കാൻ തുടങ്ങിയതും ഈ വർഷം തന്നെയായിരുന്നു. Facebook, WhatsApp തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ കൂടാതെ സമാജത്തിന്റെ പേരിൽ Website എന്ന ലക്ഷ്യത്തിലേക്ക് നീങ്ങിയതും ഈ തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇതിന് മുൻകൈയ്യെടുക്കുകയും അതും പ്രാപ്തമാക്കുകയും ചെയ്ത സഹകാര്യദർശ്ശി കൂടിയായ ശ്രീ സന്തോഷ് പി എസ്സിനെയും അദ്ദേഹത്തിന്റെ സ്ഥാപനമായ Smruthi Technology യേയും ഈ അവസരത്തിൽ സ്മരിക്കാതിരിക്കാനാവില്ല.

അംഗങ്ങളുടെ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഗ്രന്ഥശാല തുടങ്ങാനുള്ള പദ്ധതി പ്രവർത്തകസമിതിയിലെ പലർക്കുമുണ്ടായിരുന്നു. അവർ പ്രമുഖ പുസ്തകപ്രസാധകരായ ഡി സി ബുക്സിനെ ബന്ധപ്പെടുകയും അവർ പുസ്തകങ്ങൾ തരാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നെങ്കിലും എന്തുകൊണ്ടോ ഗ്രന്ഥശാല എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ 2015 ന് കഴിഞ്ഞില്ല.

ശിശിരം: 

കഴിവിലും കാര്യപ്രാപ്തിയിലും സമാജത്തിനു ചെയ്ത സേവനങ്ങളിലും ഒന്നിനൊന്നു മികച്ചു നിന്നെങ്കിലും കാര്യങ്ങൾ നടത്തിയെടുക്കാൻ സ്വയം മുന്നിട്ടിറങ്ങിയോ മറ്റുള്ളവരിലൂടെയോ നടത്തിയെടുക്കുന്നതിൽ പ്രാവീണ്യമുണ്ടായിരുന്ന സ്ഥാപക കാര്യദർശ്ശിക്കും രണ്ടാം കാര്യദർശ്ശിക്കും  പൊതുവായി ഉണ്ടായിരുന്ന ഗുണം എന്തെന്നാൽ ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് പിന്നോട്ട് പോകുന്ന സ്വഭാവം ഇല്ലായിരുന്നു എന്നതാണ്. സമാജം നിലവിൽ വരാനും അതിന്റെ വളർച്ചയ്ക്കും ഉപോൽബലകമായതും ഈ വിട്ടുവീഴ്ചയില്ലാത്ത നിശ്ചയദാർഢ്യം തന്നെ. അയ്യപ്പക്ഷേത്രനിർമ്മാണത്തിന്റെ തിരക്കിൽപെട്ട് ഒന്നാം കാര്യദർശി പടിയിറങ്ങിയപ്പോൾ 2016 ലെ ജനാധിപത്യത്തിൽ അധിഷ്ഠിതമായ തിരഞ്ഞെടുപ്പ് പരീക്ഷയിലൂടെ രണ്ടാം കാര്യദർശിയും പടിയിറങ്ങി. എങ്കിലും സമാജത്തിനായി അവർ ചെയ്ത കാര്യങ്ങൾ എന്നും ഓർമ്മിക്കപ്പെടേണ്ടത് തന്നെയാണ്.

സ്ഥാപക അദ്ധ്യക്ഷൻ ശ്രീ കെ വി ജി നമ്പ്യാരും ഒരു വെല്ലുവിളിയെന്നോണം കാര്യദർശ്ശി പദം പുതുതായി ഏറ്റെടുത്ത ശ്രീ രജിത് നമ്പ്യാരും നയിച്ച മൂന്നാം ഭരണ-പ്രവർത്തകസമിതികൾ മുൻകാലങ്ങളിലെ പോലെ സമാജം അംഗങ്ങളെയും പുറമെ നിന്നുള്ള പ്രൊഫഷണൽ കലാകാരന്മാരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഗംഭീരമായ ഓണാഘോഷത്തോടെ തങ്ങളുടെ പ്രവർത്തനം തുടങ്ങുകയും ഒരു കാരണവശാലും പ്രവർത്തനങ്ങൾ പിന്നോട്ട് പോവില്ല എന്നുറപ്പിച്ചുകൊണ്ടു മുന്നോട്ടു യാത്ര തുടങ്ങിയ അവസരത്തിലാണ് അദ്ധ്യക്ഷന്റെ അപ്രതീക്ഷിതമായ ദേഹവിയോഗം സംഭവിക്കുന്നത്. 

ആ ഒഴിവിലേക്ക് മുൻ ഉപാദ്ധ്യക്ഷൻ ശ്രീ മാധവൻ നായരെ പോലെയുള്ളവരെ പരിഗണിച്ചെങ്കിലും ഒടുവിൽ ആദ്യ യുവജനവേദി അദ്ധ്യക്ഷനായിരുന്ന ശ്രീ നന്ദകുമാറിനെ അവരോധിച്ചു കൊണ്ട് സമാജത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോയി എന്നിരുന്നാലും സാഹിത്യതല്പരനും കലാപ്രേമിയും സമാജത്തിന്റെ മാർഗ്ഗനിർദ്ദേശകനുമായിരുന്ന ശ്രീ കെ വി ജി നമ്പ്യാരുടെ വേർപാട് സമാജത്തെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത ഒരു നഷ്ടം തന്നെയായിരുന്നു. അങ്ങനെ സമാജത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രയത്നിച്ചവരുടെ അഭാവം കണ്ടുകൊണ്ടാണ് 2016 വിടവാങ്ങിയതും പുതുവർഷം കടന്നുവന്നതും.

2016 ന്റെ അവസാനം സമാജത്തെ ബാധിച്ച സമയദോഷം അടുത്തവർഷവും സമാജത്തെ പിന്തുടർന്നു എന്നുവേണം കരുതാൻ. രണ്ടുവർഷം മുൻപ് മാത്രം ഏറെ വിയർപ്പൊഴുക്കി കെട്ടിപ്പൊക്കിയ കലാക്ഷേത്രയുടെ കെട്ടിടം എത്രയും പെട്ടെന്ന് ഒഴിയണമെന്ന ആവശ്യം സ്ഥലമുടമ മുന്നോട്ട് വെച്ചത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിക്ക് ഏറ്റ അപ്രതീക്ഷിതമായ ഒരാഘാതമായിരുന്നു. പുതിയൊരു സ്ഥലം പെട്ടെന്ന് കണ്ടുപിടിക്കുക, കെട്ടിടം പൊളിച്ചു പണിയുക എന്ന വെല്ലുവിളിയോടൊപ്പം നിലവിലെ പഠനക്ലാസ്സുകൾക്ക് ഭംഗം വരാതെ നടത്തിക്കൊണ്ടുപോകാൻ ഒരു താൽക്കാലികസംവിധാനം കണ്ടുപിടിക്കേണ്ട അവസ്ഥയും സംജാതമായി. 

നിലവിലെ കെട്ടിടം ഒഴിയേണ്ടി വന്നതിനാൽ കുറച്ചു കാലത്തേക്ക് ക്ലാസുകൾ നിർത്തിവെക്കേണ്ട അവസ്ഥപോലുമുണ്ടായി. ഇതിനിടയിൽ ഭരണമാറ്റം ഉൾക്കൊള്ളാനാവാതെ പോയവരുടെ ഭാഗത്ത് നിന്നും സമാജത്തിന്റെ പ്രവർത്തനം നിലച്ച് അടച്ചുപൂട്ടിയെന്ന രീതിയിലുള്ള കുപ്രചരണങ്ങൾ  സജീവമായി നടക്കുന്നുണ്ടായിരുന്നു. കൂടാതെ രാഷ്ട്രീയ-മത ചേരിതിരിവിന്റെ ഭാഗമായി സമാജം മാറിയെന്ന മുറുമുറുക്കലുകളും നേരിടേണ്ട അവസ്ഥയും പുതിയ ഭരണസമിതിക്ക് നേരിടേണ്ടി വന്നു. എങ്കിലും സമിതിയിലെ അംഗങ്ങളെല്ലാം ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി കലാക്ഷേത്രയിലെ സാധനങ്ങൾ തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് മാറ്റി പഠനാവശ്യങ്ങൾക്കും ഭരണകാര്യങ്ങൾക്കുമായി മറ്റൊരു സ്ഥലം തൽക്കാലത്തേക്ക് കണ്ടെത്തുവാനും ഏറെ താമസിയാതെ നിലവിലെ സ്ഥലത്തു നിന്നും അധികം ദൂരെയല്ലാതെ മനോഹരവും കൂടുതൽ സൗകര്യങ്ങൾക്ക് ഉതകുന്നതുമായ ഒരു സ്ഥലം കാര്യദർശ്ശിയുടെ നേതൃത്വത്തിൽ കണ്ടുപിടിക്കാനും കഴിഞ്ഞു.

പുതുമുകുളങ്ങൾ:-

ഭരണമാറ്റം ഉൾക്കൊള്ളാനാവാതെ പ്രവർത്തകസമിതിയിൽ നിന്നും ഇറങ്ങിപ്പോയ രണ്ടുപേരുടെ ഒഴിവിലേക്ക് ആർജ്ജവമുള്ള ആൾക്കാർ വന്നതോടെ പതിവ് ഓണപ്പരിപാടികൾക്ക് പുറമെ സമാജത്തിലെ അംഗങ്ങളുടെ അറിവും കഴിവും വർദ്ധിപ്പിക്കാനുള്ള പുതിയ കുറച്ച് കാര്യപരിപാടികൾക്ക് കൂടി തുടക്കം കുറിക്കാൻ സമാജത്തിന് കഴിഞ്ഞതാണ് 2017 ന്റെ പ്രത്യേകത. 

കലാക്ഷേത്രയിൽ പുതിയ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞു എന്നത് കൂടാതെ കലാക്ഷേത്രയിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കും അവരുടെ അദ്ധ്യാപകർക്കും തങ്ങളുടെ കഴിവ് പൊതുജനസമക്ഷം അവതരിപ്പിക്കാൻ ഒരു വേദി ഒരുക്കുക എന്ന സദുദ്ദേശത്തോടെ വാർഷികാഘോഷം കൂടി ആരംഭിച്ചതാണ് പ്രധാന നേട്ടം (മഹാമാരിയുടെ സമയത്ത് മാറ്റിനിർത്തിയതൊഴിച്ചാൽ രണ്ടുതവണ ഈ ആഘോഷം നടത്തുകയുണ്ടായി. ജൂൺ-ജൂലൈ മാസങ്ങളിലെ ഏതെങ്കിലും ഒരു വാരാന്ത്യമായിരുന്നു ഈ മാമാങ്കം അരങ്ങേറിയിരുന്നത്). പ്രശസ്ത അഭിനേത്രിയായ ശ്രീമതി കമനീധരൻ മുഖ്യാതിഥിയായിരുന്നു.

2017 വർഷത്തെ ഓണാഘോഷം ഒരുപക്ഷെ ബാംഗളൂരിലെ മറ്റു മലയാളി സംഘടനകളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് കുംദലഹള്ളി കേരള സമാജം കൊണ്ടാടിയത്. കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാൽ ഓണസദ്യയുടെ കാര്യത്തിൽ പരിപൂർണമായും പ്രകൃതി സൗഹൃദമായി ഒരു തരി പോലും പ്ലാസ്റ്റിക് ഉപയോഗിക്കാതെ വാഴയിലയും സ്റ്റീൽ പാത്രങ്ങളും മാത്രമുപയോഗിച്ചുകൊണ്ട് നടത്തിയ അവശിഷ്ടരഹിത (Zero Waste) പരിപാടിയായി അത്തവണത്തെ ഓണക്കാലത്തിനെ മാറ്റിയെടുക്കാൻ പ്രവർത്തകസമിതിക്ക് കഴിഞ്ഞു. ഇങ്ങനെയൊരാശയം മുന്നോട്ടു വെച്ചതും അതിന് ചുക്കാൻ പിടിച്ചതും സമിതിയംഗമായ ശ്രീമതി രേഖ അരവിന്ദായിരുന്നു. മറ്റുള്ള സംഘടനകളുടെ ഇടയിൽ വളരെയധികം കൈയ്യടി നേടിയ ഒരാശയമായിരുന്നിത്. 

നല്ലൂർഹള്ളിയിലെ ഒരു സർക്കാർ പള്ളിക്കൂടത്തിൽ പഠിക്കുന്ന നിർധനരായ കുട്ടികൾക്ക് കണ്ടും പഠിച്ചും വളരാനായി അവിടുത്തെ ചുമരുകളും മതിലുകളും അക്ഷരങ്ങളും അക്കങ്ങളും കൊണ്ട് നിറച്ചതും സമൂഹത്തിനായി സമാജം ചെയ്ത നല്ലൊരു പ്രവർത്തിയായിരുന്നു. നിറം മങ്ങി ചളി പിടിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന പള്ളിക്കൂടത്തിന്റെ ചുമരുകൾ സമാജത്തിന്റെ അംഗങ്ങളുടെ കരസ്പർശത്താൽ വർണ്ണാഭമായി മാറി. ബഹുവർണ്ണത്തിലുള്ള ചിത്രങ്ങളും ആംഗല-കന്നഡ അക്ഷരങ്ങളും സംഖ്യകളും നിഷ്കളങ്കരായ കുട്ടികളോട് കളിപറഞ്ഞ് കൂട്ടുകൂടാനെത്തി. അവ ആ കുരുന്നുമനസ്സുകളിൽ ആയിരം മഴവില്ലുകൾ വിരിയിച്ചു. 

നവംബർ 1 ന്റെ കേരളപ്പിറവിയോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരത്തിന് തുടക്കം കുറിച്ചതാണ് മറ്റൊരു നേട്ടം. പുതുതായി ഭരണസമിതി അംഗമായ ശ്രീ രാജേഷ് കരിമ്പിൽ ആയിരുന്നു ഇതിനു ചുക്കാൻ പിടിച്ചത്. കേരളത്തെ ആസ്പദമാക്കി മലയാളത്തിൽ തയ്യാറാക്കിയ ഈ പരിപാടി മത്സരാർത്ഥികൾക്കും കാണികൾക്കും അറിവ് വർദ്ധിപ്പിക്കാൻ വളരെ ഉതകുന്നതായിരുന്നു. ചോദ്യങ്ങൾ തിരഞ്ഞെടുത്ത രീതി കൊണ്ടും അവതരണഭംഗികൊണ്ടും പ്രശ്നോത്തരി പരിപാടി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാൻ ഇടയാക്കി. 

കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ ശ്രീ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ താല്പര്യപ്രകാരം സമാജത്തിലെ അംഗങ്ങളുടെ സാഹിത്യതല്പരത വർദ്ധിപ്പിക്കുക, അവരിലുള്ള എഴുതാനുള്ള വാസന ഉണർത്തുക എന്ന ലക്‌ഷ്യം മുൻനിറുത്തി കവിതാരചന മത്സരം തുടങ്ങിയതാണ് മൂന്നാമത്തെ നേട്ടം. വിജയികൾക്കുള്ള സമ്മാനത്തുക നമ്പ്യാരുടെ കുടുംബത്തിന്റെ വകയായിരുന്നു. 2017ൽ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കവിതാമത്സരം വിധിനിർണ്ണയം നടത്തി വിജയികളെ പ്രഖ്യാപിച്ചത് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ മുരുകൻ കാട്ടാക്കട ആയിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ശ്രീ നമ്പ്യാരുടെ സ്മരണ ദിനമായ ഡിസംബർ 15ന് ഫലപ്രഖ്യാപനം നടത്തുന്ന രീതിയിലേക്ക് ഈ മത്സരത്തെ ക്രമപ്പെടുത്തി. 

പറിച്ചുനടൽ:-

2018 എന്ന് പറയുന്നത് സമാജത്തെ സംബന്ധിച്ചിടത്തോളം വളരെയധികം വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു. അപ്രതീക്ഷിതമായ സംഭവങ്ങൾ സമാജത്തിനെ സാമ്പത്തികമായും ബാധിച്ചു. താൽക്കാലിക സംവിധാനങ്ങൾ ഒരുക്കേണ്ടിവന്നതും പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും സാമ്പത്തികമായി ക്ഷീണം ഏൽപ്പിച്ചു എങ്കിലും കരുതൽ ധനവും അംഗങ്ങളുടെ നിർലോഭമായ സഹായസഹകരണങ്ങളും കൊണ്ട് പഴയതിലും മികച്ച സൗകര്യത്തോടെ പുതിയ കെട്ടിടം പണികഴിപ്പിക്കാനായി. കെട്ടിടത്തിന്റെ പണി തുടങ്ങി  തീരുന്നത് വരെയുള്ള കാലഘട്ടത്തിലെ തന്റെ  ശമ്പളം കെട്ടിടനിർമ്മാണത്തിനായി നീക്കിവെച്ച കലാക്ഷേത്രയിലെ വയലിൻ അദ്ധ്യാപകൻ ശ്രീ കമലേഷയ്യ മതാവരയുടെ വിശാലമനസ്കത എല്ലാവരാലും ഏറെ പ്രശംസിക്കപ്പെട്ടു. കലാക്ഷേത്രയുടെ പുതിയ കെട്ടിടത്തിന് നേതൃത്വം വഹിച്ചവരിൽ ശ്രീ ശ്രീകണ്ഠൻ, ശ്രീ ഗോപാലകൃഷ്‌ണൻ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന അംഗങ്ങളുടെ സംഭാവനകൾ എടുത്തു പറയേണ്ടത് തന്നെയാണ്. സ്വന്തം വീട് പണിയുന്ന ആത്മാർത്ഥതയോടെയാണ് അവർ ഓരോ ദിവസവും അതിന് വേണ്ടി ചിലവഴിച്ചത്.

2018 പകുതിയോടെ തുടങ്ങിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായത് സെപ്റ്റംബർ മാസത്തിലാണ്. ശ്രീമതി ശ്വേത വിജയകുമാറാണ് പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം ഔദ്യോഗികമായി നിർവ്വഹിച്ചത്.  അതോടൊപ്പം സ്ഥാപക പ്രസിഡന്റിന്റെ നാമത്തിൽ സമാജത്തിൽ ഒരു ഗ്രന്ഥാലയവും തുടങ്ങി. അംഗങ്ങളുടെ നിർലോഭമായ സഹായം ഇവിടെയും കാണാൻ സാധിച്ചു. പലരും പുസ്തകങ്ങൾ ഗ്രന്ഥാലയത്തിലേക്ക് സംഭാവന ചെയ്തു. HAL ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി കലാ സമിതി, സ്ഥാപക പ്രസിഡന്റിന്റെ മകനും സമാജത്തിന്റെ ആദ്യ രണ്ടു പ്രവർത്തകസമിതികളിലെ അംഗമെന്ന നിലയിൽ നിസ്തുലമായ സേവനം നൽകിയിരുന്ന ശ്രീ ആനന്ദ് നമ്പ്യാർ എന്നിവരൊക്കെ പുസ്തകങ്ങൾ വാങ്ങാനായി അകമഴിഞ്ഞ് ധനസഹായം നൽകി. 

ഗ്രന്ഥാലയം ഉപയോഗിക്കാൻ പ്രത്യേക അംഗത്വം തുടങ്ങിയത് സമാജത്തിന് ചെറിയതോതിലുള്ള ഒരു വരുമാനമാർഗ്ഗം കൂടിയായി. മലയാളത്തിലെയും കന്നഡയിലെയും അറിയപ്പെടുന്ന എഴുത്തുകാരനും HAL ലെ കൈരളി കലാസമിതി പ്രസിഡന്റുമായ ശ്രീ സുധാകരൻ രാമന്തളിയാണ് ഗ്രന്ഥശാല വായനാപ്രേമികൾക്കായി തുറന്നുകൊടുത്തത്. തന്റേതുൾപ്പെടെയുള്ള ഏതാനും പുസ്തകങ്ങൾ അദ്ദേഹം ഗ്രന്ഥശാലയിലേക്ക് സംഭാവന ചെയ്തു. നിലവിൽ പല ഭാഷകളിലുള്ള നിരവധി പുസ്തകങ്ങളുടെ കലവറയാണ് KKS-ലെ കെ വി ജി നമ്പ്യാർ സ്മാരക ഗ്രന്ഥശാല.

                                                                                                              തുടരും ...........

കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: ഭാഗം-3

 

അദ്ധ്യായം 3: അയനം 


മധുവിധുക്കാലം എന്ന് പറയാവുന്ന ആദ്യ വർഷം കഴിഞ്ഞിട്ടും പ്രവർത്തകസമിതിയുടെ പ്രധാന കാര്യപരിപാടി പുതിയ അംഗങ്ങളെ സമാജത്തിൽ ചേർക്കുക എന്നുള്ളത് തന്നെയായിരുന്നു. കയ്‌പേറിയ പല അനുഭവങ്ങളും നേരിട്ടെങ്കിലും അവരാരും തന്നെ തങ്ങളുടെ ഉദ്യമത്തിൽ നിന്നും പിന്നോട്ട് പോയതേയില്ല. അതിനിടയിൽ മുന്നോട്ടുള്ള പ്രയാണം എങ്ങനെ വേണമെന്ന ചർച്ചകൾ കൂടി തുടങ്ങി. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ഈ കാലങ്ങളിലെല്ലാം കാര്യദർശിയുടെയോ അദ്ധ്യക്ഷന്റെയോ അതുമല്ലെങ്കിൽ ഭരണ / പ്രവർത്തകസമിതിയിലെ മറ്റ് അംഗങ്ങളുടെ വീടുകളിലോ ഒക്കെയാണ് പ്രവർത്തകസമിതി യോഗം കൂടിയിരുന്നത്.

കാറ്റിൽ ഉലയാതെ:-

ബഹുജനം പലവിധം എന്നാണല്ലോ പ്രമാണം അതുകൊണ്ടു തന്നെ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമായ കാര്യമാണ്. എന്നാൽ അതെല്ലാം കണക്കിലെടുക്കുകയും ചർച്ചചെയ്തും വേണ്ടിവന്നാൽ തർക്കിച്ചും അവസാനം അഭിപ്രായസമന്വയത്തിൽ എത്തിച്ചേരുന്നിടത്താണ് ഏതൊരു സംഘടനയുടെയും വിജയം. കുംദലഹള്ളി കേരളസമാജത്തിലും മേൽപ്പറഞ്ഞ പോലെ മുതിർന്നവർ തമ്മിലും, യുവാക്കളും മുതിർന്നവരും തമ്മിലുമൊക്കെ അഭിപ്രായവ്യത്യാസങ്ങളും ആശയപരവും ആരോഗ്യകരവുമായ സംവാദങ്ങളും ഉടലെടുത്തു, എന്നിരുന്നാലും അതൊന്നും സമാജത്തിന്റെ വളർച്ചയെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയില്ല എന്നത് നമുക്കെല്ലാം കാണാവുന്നതാണ്. 

ഏകദേശം ഇതേ കാലയളവിൽ തന്നെയാണ് കേരള സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനൊപ്പം തന്നെ AECS Layout ലെ അയ്യപ്പക്ഷേത്രനിർമ്മാണത്തിലും സജീവമായി പ്രവർത്തിച്ചു വരികയായിരുന്ന ശ്രീ യോഗിദാസിന് ക്ഷേത്രനിർമ്മാണകാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടി വന്നത്. എല്ലാംകൂടി ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടു തോന്നിയ ആ അവസരത്തിൽ സമാജത്തെ മുന്നോട്ടു നയിക്കാൻ കാര്യപ്രാപ്തിയുള്ളവർ ഉയർന്നുവന്നത് അദ്ദേഹത്തിന് ഒരു തീരുമാനമെടുക്കാൻ സഹായകമായി. അങ്ങനെ സമാജം രൂപീകൃതമായി രണ്ടു വർഷം തികയുന്നതിനു മുൻപേ അദ്ദേഹം കാര്യദർശ്ശി സ്ഥാനം രാജിവച്ചു. പകരം ആ സ്ഥാനത്തേക്ക് കടന്നുവന്നത് താരതമ്യേന ചെറുപ്പമായിരുന്ന ശ്രീ ഷിജോ ഫ്രാൻസിസ് ആയിരുന്നു.

പൂക്കുന്നു:-

2013ൽ വി എസ് ആർ കല്യാണമണ്ഡപത്തിൽ വച്ചു 1500 പേർക്ക് മുകളിൽ ആൾക്കാർ പങ്കെടുത്ത ഓണാഘോഷം പങ്കെടുത്തവരുടെ ബാഹുല്യം കൊണ്ടും പരിപാടികളുടെ എണ്ണം കൊണ്ടും മനോഹാരിതകൊണ്ടും പ്രവർത്തകസമിതി അംഗങ്ങൾ പരിപാടിക്ക് പ്രയോക്താക്കളെ (sponsors) കണ്ടെത്തിയതുകൊണ്ടും സമാജം അംഗങ്ങളുടെ അക്ഷീണപ്രയത്നംകൊണ്ടും മുൻവർഷത്തേക്കാൾ ഗംഭീരമായി കൊണ്ടാടുകയുണ്ടായി. എഴുത്തുകാരിയായ ശ്രീമതി അനിത നായർ മുഖ്യാതിഥിയായിരുന്നു.

സമാജത്തിലെ അംഗങ്ങളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയുള്ള 'സ്മരണിക' ആദ്യമായി പുറത്തിറങ്ങിയ വർഷം കൂടിയായിരുന്നു 2013. തങ്ങളുടെ സാഹിത്യതല്പരത മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കാൻ കിട്ടിയ അവസരമായിരുന്നു അംഗങ്ങൾക്കെങ്കിൽ സമാജത്തെ സംബന്ധിച്ചിടത്തോളം ഓണാഘോഷത്തിന്റെ ചെലവുകൾക്കുള്ള പണം കണ്ടെത്താനുള്ള മാർഗ്ഗം കൂടിയായിരുന്നിത് (പ്രളയം കേരളത്തെ മുക്കിയ 2018 ലൊഴിച്ച് എല്ലാവർഷവും സ്മരണിക മുടങ്ങാതെ പുറത്തിറക്കാൻ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. മഹാമാരിക്കാലത്തുപോലും ഓൺലൈനായി സ്മരണിക ഇറക്കാൻ പ്രവർത്തകസമിതി ശ്രദ്ധിക്കാറുണ്ട്). 

പ്രവർത്തകസമിതിയിൽ വന്ന ഒഴിവുകൾ നികത്താൻ യുവജനവേദി അദ്ധ്യക്ഷൻ ശ്രീ നന്ദകുമാറിനെയും പകരം അദ്ധ്യക്ഷനായ ശ്രീ ഇസ്മായിലിനെയും അടുത്തടുത്ത മാസങ്ങളിൽ നാമനിർദ്ദേശം ചെയ്തെടുത്തപ്പോൾ പകരം വന്ന ശ്രീ അനിൽകുമാർ കെ, യുവജനവേദിയുടെ മാസമാസമുള്ള യോഗങ്ങളിൽ  പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നാൾക്കുനാൾ വന്ന കുറവ് പരിഹരിക്കുന്നതിനായി കൂടുതൽ യുവജനങ്ങളെ സമാജത്തിന്റെ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടു കായികമത്സരങ്ങൾ നടത്തണമെന്നും അതില്ലെങ്കിൽ സമാജം അംഗങ്ങൾക്ക് മാത്രമായെങ്കിലും ഒരു കായികമത്സരം വേണമെന്നുമുള്ള നിർദ്ദേശം മുന്നോട്ടു വച്ചു. 

കുറെ നാളത്തെ ആലോചനകൾക്ക് ശേഷം ആദ്യപടിയായി സമാജം അംഗങ്ങൾക്ക് മാത്രമായി ഒരു കായികദിനം നടത്താൻ സഹകാര്യദർശ്ശിയായിരുന്ന സന്തോഷ് പി എസ് ഉത്സാഹപൂർവ്വം മുന്നിട്ടിറങ്ങിയതോടെ 2013 ഡിസംബർ 22നു ആദ്യ കെ കെ എസ് കായികദിനം ആഘോഷിച്ചു. അന്നേ ദിവസം തന്നെ കാര്യമായ ഒരു പ്രതികരണം ലഭിച്ചില്ലെങ്കിലും അവയവദാനത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും കുറച്ച് അംഗങ്ങൾ അവരുടെ പേര് വിവരങ്ങൾ അതിനായുള്ള പട്ടികയിൽ ചേർക്കുകയും ചെയ്തു.

കൈമാറ്റം:-

സമാജത്തിനു സ്വന്തമായി ഒരു കാര്യാലയം വേണമെന്ന ആഗ്രഹം സഫലീകരിക്കുന്നതിനു മുൻപ് തന്നെ നാമനിർദ്ദേശം ചെയ്തെടുത്ത ആദ്യ പ്രവർത്തകസമിതിയുടെ കാലാവധി 2014ലെ വാർഷിക പൊതുയോഗത്തോടെ അവസാനിച്ചു. പുതിയ പ്രവർത്തകസമിതിയെ തിരഞ്ഞെടുക്കാൻ ആദ്യ സമിതിയിൽ സഹകാര്യദർശ്ശിയായിരുന്ന ശ്രീ യു കെ അത്തിക്കലിനായിരുന്നു തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതല അന്നുതൊട്ടിന്നോളം അദ്ദേഹം ആ ചുമതല കൃത്യമായും ഭംഗിയായും നിർവഹിച്ചു വരുന്നു. സ്ഥാപക അദ്ധ്യക്ഷനും മുൻ ഭരണസമിതിയിൽ ഇടക്കാലത്ത് വന്ന കാര്യദർശ്ശിയും നയിക്കുന്ന പുതിയ സമിതിയിൽ പഴയ സമിതിയിലെ ചില അംഗങ്ങൾ ഒഴിയുകയും അവർക്ക് പകരമായി പുതിയവർ വന്നുചേരുകയും ചെയ്തു. 

പതിവ് പരിപാടിയായ ഓണാഘോഷം തായമ്പകയും പാട്ടുകളും മറ്റു കലാപരിപാടികളുമായി 2014ലും ഗംഭീരമായി നടത്തി. ഇത്തവണയും 1500 ൽ പരം ആൾക്കാർ പങ്കെടുത്തു. 4 കിലോമീറ്റർ അകലെയെങ്കിലും ഓണാഘോഷങ്ങൾ നടത്താൻ നല്ലൊരു വേദി കണ്ടെത്തി എന്നതായിരുന്നു എടുത്തുപറയേണ്ടുന്ന കാര്യം. സമാജം അംഗങ്ങളുടേതു കൂടാതെ പുറമെ നിന്നും പ്രൊഫഷണൽ കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആദ്യത്തെ ഓണാഘോഷവും 2014ലേതായിരുന്നു. മുൻപ് നടന്ന രണ്ടു ആഘോഷങ്ങളെക്കാളും ഗംഭീരമായ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് എല്ലാവരിലും മതിപ്പുളവാക്കാൻ ഈ ആഘോഷത്തിന് കഴിഞ്ഞു. 

2013ൽ നടത്തിയത് പോലെ 2014 ഡിസംബറിലും കായികദിനം വേണമെന്ന് അഭിപ്രായങ്ങൾ ഉയർന്നെങ്കിലും പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ല. 

വേരൂന്നുന്നു:-         

കുംദലഹള്ളി കേരള സമാജത്തിന്റെ വളർച്ചയ്ക്ക് നിർണ്ണായകസ്ഥാനം വഹിച്ച പല മാറ്റങ്ങൾക്കും കാരണമായ ഭരണസമിതിയായിരുന്നു 2014 ൽ നിലവിൽ വന്നത്. മുൻഗാമികളെ അനുഗമിച്ചുകൊണ്ടു അംഗസംഖ്യ കൂട്ടുന്നതിനൊപ്പം സ്വന്തമായി ഒരു കാര്യാലയവും കലാവിദ്യാലയവും ഉണ്ടാക്കുന്നതിലായിരുന്നു പുതിയ സമിതിയുടെ ശ്രദ്ധ. കെട്ടിടത്തിന്റെ കാര്യം യോഗത്തിൽ സെക്രട്ടറി അവതരിപ്പിച്ചപ്പോൾ തന്നെ പ്രവർത്തകസമിതിയിലെ എല്ലാവരും ഒറ്റക്കെട്ടായി ആ തീരുമാനത്തെ സ്വാഗതം ചെയ്തു. 

നിരന്തരമായ ചർച്ചകൾക്കൊടുവിൽ രൂപരേഖ തയ്യാറാക്കി. പിന്നീട് നടത്തിയ കൊണ്ടുപിടിച്ച അന്വേഷണങ്ങൾക്കൊടുവിൽ BEML Layoutൽ ഒരൊഴിഞ്ഞ സ്ഥലം വാടകയ്ക്ക് തരപ്പെടുത്തിയെടുക്കാൻ അവർക്കു കഴിഞ്ഞു. സെക്രട്ടറിയായ ശ്രീ ഷിജോ ഫ്രാൻസിസിന്റെ ആത്മാർത്ഥമായ ഇടപെടലും അതിനു പുറകിലുണ്ടായിരുന്നു. പല അംഗങ്ങളും ഉദാരമായി കാശായും സാധനസാമഗ്രികളായും സംഭാവന നല്കിയിരുന്നതുകൊണ്ടാണ് പ്രതീക്ഷിച്ച വേഗത്തിൽ തന്നെ കെട്ടിടത്തിന്റെ ജോലി മുഴുമിപ്പിക്കാൻ കഴിഞ്ഞത്. 

രണ്ടാംവട്ടവും ഭരണസമിതിയിൽ അംഗമായ ശ്രീ ജോസ് പുല്ലെൻ ഈ സംരംഭത്തിന് നൽകിയ അകമഴിഞ്ഞ സംഭാവന ഓർമ്മിക്കപ്പെടേണ്ടത് തന്നെയാണ്. അദ്ദേഹമായിരുന്നു കെട്ടിടം നിർമ്മിക്കാനുള്ള ആദ്യസംഭാവന നൽകിയത്, ഒരു ലക്ഷം രൂപ! പ്രവർത്തകസമിതിയിലെ ഓരോ അംഗത്തിന്റെ പക്കൽ നിന്നും പതിനായിരം രൂപ കടമെന്ന രീതിയിലും കൈപ്പറ്റി. കടമായിരുന്നെങ്കിലും പലരും പിന്നീട് അത് തിരിച്ചു വാങ്ങാൻ കൂട്ടാക്കാതെ സമാജത്തിലേക്ക് സംഭാവനയായി നൽകി എന്നത് ഇതിനോട് ചേർത്തുവായിക്കണം. കെട്ടിടനിർമ്മാണത്തിന് വേണ്ട തുക സംഭരിക്കാനായി പുറത്തിറക്കിയ Building Donation Coupon വഴി നല്ലൊരു തുക പിരിക്കാനും പ്രവർത്തകസമിതിക്കു കഴിഞ്ഞു. 

2015 ആഗസ്ത് 25നാണ് സമാജത്തിന് സ്വന്തമായി പണിയാൻ തീരുമാനിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നത്.  1300 ചതുരശ്രയടിയുള്ള കെട്ടിടം പണിതത് Neil Constructionsന്റെ മേൽനോട്ടത്തിലാണ്. അതേവർഷം ഒക്ടോബർ 23ന് രക്ഷാധികാരി ശ്രീ ഡോ: ജെ അലക്സാണ്ടർ, ശ്രീമതി ശ്രീദേവി ഉണ്ണി, ശ്രീമതി ശ്വേതാ വിജയകുമാർ, ശ്രീ ജയറാം തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിൽ 'കലാക്ഷേത്ര' എന്ന് പേരിട്ട കെട്ടിടത്തിന്റെ ഉദ്‌ഘാടനം നടന്നു. നൃത്ത-സംഗീത-വാദ്യകലകളുടെ അദ്ധ്യയനകേന്ദ്രമായി പിന്നീട് വളർന്നു വന്ന 'കലാക്ഷേത്ര'യുടെ പ്രതീകമുദ്രയും (logo) ഔദ്യോഗികമായി ഈ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്യുകയുണ്ടായി. 

അഭിമാനത്തോട് കൂടി 2015ൽ സമാജത്തിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. അദ്ധ്യായനത്തിനും യോഗങ്ങൾക്കും ഭരണനിർവ്വഹണത്തിനുമൊക്കെയുള്ള മുറികൾ അടങ്ങിയതായിരുന്നു പുതിയ കെട്ടിടം. സ്ഥാപക കാര്യദർശ്ശിയുടെ വീടിന്റെ മേൽവിലാസത്തിൽ അറിയപ്പെട്ടിരുന്ന സമാജത്തിന് ഇതോടുകൂടി സ്വന്തമായി ഒരു മേൽവിലാസവും ഉണ്ടായി. പലരുടെയും വീടുകളിൽ ഒത്തുചേർന്ന് സമാജത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നവർക്ക് ഒരുമിച്ചിരിക്കാൻ സമാജത്തിന്റെ പേര് വെച്ച ഒരു കെട്ടിടം കിട്ടിയത് വലിയ ഒരു നേട്ടമായിരുന്നു.

                                                                                                           തുടരും ..............

കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: ഭാഗം-2

 

*അദ്ധ്യായം 2: മുഹൂർത്തം*


വസന്തം:-

സമാജത്തിന് തുടക്കം കുറിച്ചെങ്കിലും ചെയ്തുതീർക്കാൻ ജോലികൾ പിന്നെയും ബാക്കികിടക്കുന്നതേയുണ്ടായിരുന്നുളളൂ. തുടർന്നുള്ള കുറച്ചു മാസങ്ങൾ പ്രവർത്തകസമിതിയിലെ അംഗങ്ങൾ വീടുകൾ കയറിയിറങ്ങി സമാജത്തിലേക്കു അംഗങ്ങളെ ചേർക്കുന്ന കർമ്മത്തിൽ ഏർപ്പെട്ടു. അത്തരമൊരു യത്നത്തിനിടയിലാണ് കർണ്ണാടകയിലെ മുൻ ചീഫ് സെക്രട്ടറിയായ ശ്രീ ഡോ. ജെ അലക്സാണ്ടർ IAS നെ പരിചയപ്പെടുന്നതും അദ്ദേഹത്തോട് സമാജത്തിന്റെ മുഖ്യ രക്ഷാധികാരിയാവാൻ അഭ്യർത്ഥിച്ചതും. സന്തോഷപൂർവ്വം ആ സ്ഥാനം ഏറ്റെടുത്ത ഡോ. ജെ അലക്സാണ്ടർ  തുടർന്നിങ്ങോട്ട് സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കാൻ ശ്രദ്ധിക്കുകയും ചെയ്തു.

അംഗസംഖ്യ വർദ്ധിച്ച് ആദ്യം 100ലേക്കും പിന്നീട് 250ലേക്കും എത്തിയെങ്കിലും അംഗത്വത്തിനുള്ള പ്രവേശനധനമായ 500 രൂപ സ്ഥിരനിക്ഷേപമാക്കണം എന്ന് തീരുമാനിച്ചിരുന്നതിനാൽ ഭരണനിർവ്വഹണത്തിനും മറ്റു ദൈനംദിന ചെലവുകൾക്കും വേണ്ടുന്ന പണത്തിനായി ആകെയുണ്ടായിരുന്ന ശ്രോതസ്സ് പ്രവർത്തകസമിതി അംഗങ്ങളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും വ്യക്തിപരമായ സംഭാവനകൾ ആയിരുന്നു.  

2012 മാർച്ച് മാസത്തിൽ യുവജനവേദിയും, സ്ത്രീകളുടെ കൂട്ടായ്മയായ സുരഭിയും ആരംഭിച്ചതോടെ ഈ രണ്ടു വിഭാഗങ്ങളുടെ നേതൃത്വത്തിൽ മലയാളികളുടെ ദേശീയ ഉത്സവവും പ്രവാസികളുടെ ഗൃഹാതുരത്വ വികാരവുമായ ഓണം ആഘോഷിക്കാൻ തീരുമാനിച്ചു. അതിലേക്കായി ഏപ്രിലിൽ ആദ്യ യോഗം വിളിച്ചുകൂട്ടി. തുടർന്നുള്ള മാസങ്ങളിലെ നിരന്തരമായ കൂടിയാലോചനകളുടെയും പ്രവർത്തനങ്ങളുടെയും ഫലമായി 2012 ഓഗസ്റ്റ് 26നു നഞ്ചമ്മ ഗോവിന്ദറെഡ്‌ഡി കല്യാണമണ്ഡപത്തിൽ വച്ച് ഓണാഘോഷം വിജയകരമായി നടത്തി. ശ്രീമതി ശ്രീദേവി ഉണ്ണി, ശ്രീമതി കമനീധരൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. 

സമാജത്തിലെ അംഗങ്ങൾക്ക് വേണ്ടി ഓണപ്പൂക്കളമത്സരവും യുവജനവേദിയുടെ നേതൃത്വത്തിൽ ഓണച്ചന്തയും ഒരുക്കിയിരുന്നു. പ്രതീക്ഷിച്ചതിലധികം ആൾക്കാർ വന്നെത്തിയ ഓണാഘോഷ ദിനത്തിൽ യുവജനവേദിയും സുരഭിയും കൈമെയ് മറന്നു അദ്ധ്വാനിച്ചതിന്റെ ഫലമായി 2 മണിക്കൂർ നീണ്ടു നിന്ന ഔദ്യോഗിക പരിപാടികളും 4 മണിക്കൂർ നീണ്ടുനിന്ന വിവിധകലാപരിപാടികളും ഓണസദ്യയും ഒക്കെയായി ഗംഭീരമായി. 

പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുന്ന കുട്ടികൾക്ക് പ്രോത്സാഹനമെന്ന നിലയിൽ പുരസ്‌കാരങ്ങൾ നൽകാൻ സമിതി തീരുമാനിച്ചതിൻ പ്രകാരം  SSLC, CBSE, പാഠ്യക്രമങ്ങളിലെ 10, 12 ക്ലാസ്സുകളിലെ കുട്ടികൾക്ക് പഠനമികവിനുള്ള അംഗീകാരം 'Academic Excellence Award' ആ വർഷം (2012) ഓണത്തോടനുബന്ധിച്ചു തന്നെ നല്കാൻ തുടങ്ങി.

കലാസാംസ്കാരിക പ്രവർത്തനങ്ങളിലൂടെ കൂടുതൽ ആളുകളെ സമാജത്തിലേക്ക് ആകർഷിക്കാമെന്ന ചിന്തയിൽ സമാജം അംഗങ്ങൾക്ക് മാത്രമായി ഒതുക്കാതെ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടു സെപ്റ്റംബറിൽ ചിത്രരചനാമത്സരം, ഒക്ടോബറിൽ സാഹിത്യമത്സരം, നവംബറിൽ സംഗീതമത്സരം, ഡിസംബറിൽ നൃത്തമത്സരം എന്നിവ നടത്തി. തന്റെ കർമ്മനിരതയും കലയോടുള്ള താല്പര്യവും വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ഇച്ഛാശക്തിയും അന്നത്തെ കാര്യദർശിയായ ശ്രീ യോഗിദാസ് പ്രകടിപ്പിച്ച സന്ദർഭം കൂടിയായിരുന്നു ഇത്. തീർച്ചയായും ഭരണ-പ്രവർത്തക സമിതി അംഗങ്ങളുടെ നിർലോഭമായ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കിലും അതിന്റെ ആശയവും നടത്തിപ്പും അദ്ദേഹത്തിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു. പൂക്കള മത്സരത്തോടെ തുടങ്ങിയ കലോത്സവം അവസാനിച്ചത് ഡിസംബർ 29 ന് നടന്ന നൃത്തമത്സരങ്ങളോടെയാണ്. 

സെപ്റ്റംബർ 23ന് ചിത്രരചനാമത്സരത്തിനും നവംബർ 25ന് വിവിധ പ്രായക്കാർ അണിനിരന്ന സംഗീതമത്സരങ്ങൾക്കും (കർണാടിക് സംഗീതം, നാടോടി പാട്ട്, ചലച്ചിത്രഗാനം, അർദ്ധശാസ്ത്രീയ ഗാനം) BEML Layout ലുള്ള ഭൂനീലസമേത ശ്രീ വെങ്കിട്ടരമണ സ്വാമി ക്ഷേത്രത്തോടനുബന്ധപ്പെട്ടുള്ള തളത്തിലായിരുന്നു വേദി. ചിത്രരചനാ മത്സരത്തിൽ 3 മുതൽ 13 വരെ പ്രായമുള്ള 150 ൽ പരം കുട്ടികൾ പങ്കെടുത്തു. ഒക്ടോബർ 21 ന് ആംഗലത്തിലും മലയാളത്തിലുമുള്ള കവിതാരചനയും ഉപന്യാസമത്സരവും നടന്നു, Raycon Lotus AECS Layout ആയിരുന്നു വേദി എങ്കിൽ ഒന്നാം വാർഷികാഘോഷദിനമായ ഡിസംബർ 29 ന് നടന്ന അവസാന മത്സരമായ നൃത്തമത്സരങ്ങൾ (ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഒപ്പന,മാർഗം കളി, സിനിമാറ്റിക് നൃത്തം കൂടാതെ നാടോടി നൃത്തം) നടന്നത് AECS Layout ൽ A Block -ലെ മൈതാനത്ത് കെട്ടിയുണ്ടാക്കിയ താൽക്കാലിക വേദിയിലായിരുന്നു. ബാംഗ്ലൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലേറെപ്പേർ ഈ മത്സരത്തിൽ പങ്കെടുത്തു.  

ആദ്യവാർഷികത്തിൽ മുഖ്യാതിഥിയായെത്തിയത് ആരോഗ്യ മന്ത്രിയായിരുന്ന ശ്രീ അരവിന്ദ് ലിംബാവലിയായിരുന്നു. ജ്ഞാനപീഠ ജേതാവായ ശ്രീ ചന്ദ്രശേഖര കമ്പാർ, മുൻ മന്ത്രിയും ചീഫ് സെക്രട്ടറിയും സർവ്വോപരി സമാജത്തിന്റെ രക്ഷാധികാരിയുമായ ഡോ. ജെ അലക്സാണ്ടർ എന്നിവരെ ക്ഷണിച്ചിരുന്നെങ്കിലും അവർക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. എല്ലാ മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാന വിതരണവും അന്ന് നടക്കുകയുണ്ടായി. പരിപാടിയോടനുബന്ധിച്ച് കഥകളി ഉൾപ്പടെ വിവിധങ്ങളായ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. പ്രമുഖവ്യക്തികളെ പങ്കെടുപ്പിച്ചു നടത്തിയ ആദ്യ വാർഷികം തന്നെ സമാജത്തിന്റെ വളർച്ചയും ഗതിയും ഉന്നതിയിലേക്കാണെന്ന് സൂചിപ്പിച്ചു. 

സമാജത്തിൽ അതുവരെ അംഗത്വം നേടിയവരുടെ വിവരങ്ങൾ, സമാജത്തിന്റെ നിയമാവലി, പ്രമുഖ വ്യക്തികളുടെ ആശംസകൾ, നിത്യജീവിതത്തിൽ ഒരു വ്യക്തിക്ക് ആവശ്യമായി വരുന്ന വിവരങ്ങൾ ഒക്കെയടങ്ങിയ 'Intimate' എന്ന ഡയറിയും ശ്രീ ലിംബാവലി പ്രകാശനം ചെയ്യുകയുണ്ടായി. കാര്യദർശിയായ ശ്രീ യോഗിദാസിന്റെ ആശയത്തിൽ വിരിഞ്ഞതായിരുന്നു ഈ കൈപ്പുസ്തകവും.

ജാതിമതവർഗ്ഗവർണ്ണദേശഭാഷാ വ്യത്യാസമില്ലാതെ പഠിക്കാൻ ആഗ്രഹിച്ചു വരുന്ന ഏവരെയും കേരളത്തിന്റെ തനതു കലകളിൽ ഒന്നായ മോഹിനിയാട്ടം പഠിപ്പിക്കാനായി മുംബൈ നഗരത്തിൽ നിന്നും വന്ന മലയാളിയായ ഒരു നൃത്താദ്ധ്യാപികയെ ചുമതലപെടുത്തിയതും ആദ്യ വർഷത്തെ നേട്ടം തന്നെ. AECSLayout ലെ B-Blockലെ ഒരു വീടായിരുന്നു ആദ്യത്തെ നൃത്തപരിശീലനകേന്ദ്രമായി മാറിയത്. മോഹിനിയാട്ടത്തിനു പുറമെ ഭരതനാട്യവും കുച്ചിപ്പുടിയും അവർ അഭ്യസിപ്പിച്ചിരുന്നു. 

ക്രൈസ്റ്റ് സ്കൂൾ വേദിയിൽ നോർക്ക റൂട്സ് ഒക്ടോബർ 7 ന് സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ പ്രവാസി മലയാളികളുടെ സംഗമത്തിൽ പങ്കെടുക്കുക വഴി ബാംഗ്ലൂർ മലയാളി സംഘടനകളുടെ ഇടയിൽ സ്ഥാനം നേടാനും സമാജത്തിന് കഴിഞ്ഞു. 

സാമ്പത്തികപരാധീനതകൾക്കിടയിലും ആദ്യത്തെ വർഷം തന്നെ കുംദലഹള്ളിയിലെ കരുണാശ്രയ എന്ന സാന്ത്വനപരിചരണകേന്ദ്രത്തിലേക്ക് മോശമല്ലാത്ത തുക സംഭാവന ചെയ്ത് സമൂഹത്തിലെ വേദനയനുഭവിക്കുന്നവരോട് തങ്ങൾക്കുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കാനും സമാജം ശ്രദ്ധിച്ചു. കൂടാതെ സമാജത്തിലെ ഒരംഗത്തിന് ചികിത്സാസഹായമായി ഒരു തുക നൽകുകയും ചെയ്തു. 

ഇങ്ങനെ സംഭവബഹുലമായ ആദ്യവർഷം സൂചിപ്പിക്കുന്നത് അന്നത്തെ പ്രവർത്തക/ഭരണ സമിതി അംഗങ്ങൾ എത്രത്തോളം കർത്തവ്യനിരതരായിരുന്നു എന്നാണു. അവരുടെ കഷ്ടപ്പാടിന്റെയും വിയർപ്പിന്റെയും ഫലമായാണ് സമാജം ഇന്നീ കാണുന്ന നിലയിലെത്തിയത്. സമാജം രൂപീകരിച്ചിട്ടു ഒരു വർഷം പിന്നിടുമ്പോഴേക്കും 255 കുടുംബങ്ങളുടെ അംഗബലവുമായി ബാംഗ്ലൂർ മലയാളികളുടെ ഇടയിൽ വ്യാപകപ്രചാരം നേടാൻ മേല്പറഞ്ഞ പരിപാടികളിലൂടെ കുന്ദലഹള്ളി കേരള സമാജത്തിന് കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്.

                                                                                                                       തുടരും ................

കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: ഭാഗം-1

 

അദ്ധ്യായം 1: നാന്ദി


'സമാജം' എന്ന വിത്ത്:-

ഏകദേശം ഒരേകാലയളവിൽ (?) രണ്ടപരിചിതരുടെ മനസ്സിൽ രൂപംകൊണ്ട ഒരാശയം അവരുടെ കണ്ടുമുട്ടലിലൂടെ അഥവാ പരിചയപ്പെടലിലൂടെ സാക്ഷാത്കാരം കൊള്ളുക എന്ന അപൂർവ്വതയാണ് കുംദലഹള്ളി കേരളസമാജത്തിന്റെ രൂപീകരണത്തെ കുറിച്ച് പറയുമ്പോൾ എടുത്തുപറയേണ്ടുന്ന കാര്യം. സമാജത്തിന്റെ സ്ഥാപക അദ്ധ്യക്ഷനായ (പ്രസിഡണ്ട്) ശ്രീ കെ വേണുഗോപാൽ നമ്പ്യാരും സ്ഥാപക കാര്യദർശ്ശി (സെക്രട്ടറി)യായ ശ്രീ പി എൻ യോഗിദാസുമായിരുന്നു മേൽപ്പറഞ്ഞ അപരിചിതർ.

 HALൽ ജോലി ചെയ്തിരുന്ന സമയത്ത് ആഴവും പരപ്പുമുള്ള വായനയിലൂടെ ആർജ്ജിച്ച അറിവും അളന്നുകുറിച്ചുള്ള പ്രസംഗങ്ങളും കാരണം അവിടുത്തെ സംഘടനാനേതാക്കളിൽ ഒരാളായിരുന്ന ശ്രീ നമ്പ്യാരെ സംബന്ധിച്ചിടത്തോളം അവിടെ നിന്ന് പിരിഞ്ഞു വിശ്രമജീവിതം നയിക്കുന്ന വേളയിൽ തനിക്കു മുൻപോ തന്നോടൊപ്പമോ പിരിഞ്ഞവരും ഇപ്പോഴും ജോലിയിൽ തുടരുന്നവരുമായ അനേകം മലയാളി സഹപ്രവർത്തകർ തന്റെ വാസസ്ഥലത്തിനു ചുറ്റുവട്ടത്തായി ഉണ്ടെന്നത് എന്തുകൊണ്ടൊരു സമാജം തുടങ്ങിക്കൂടാ എന്ന ചിന്തയിലേക്ക് നയിച്ചത് സ്വാഭാവികം മാത്രമായിരുന്നു. എന്നാൽ അത്ര ആശാവഹമായ പ്രതികരണങ്ങളല്ലത്രേ അദ്ദേഹത്തിന് ലഭിച്ചത്. തങ്ങൾ ഒരു സംഘടനയിൽ അല്ലെങ്കിൽ മറ്റൊന്നിൽ അംഗങ്ങളാണ് എന്നുള്ളതുകൊണ്ടോ അതല്ലെങ്കിൽ ഇനിയുമൊരു സംഘടനയുടെ ആവശ്യകതയെക്കുറിച്ചു ബോധ്യം വരാഞ്ഞിട്ടോ എന്തോ പലരും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുകയായിരുന്നുവത്രെ.

BELൽ നിന്ന് പിരിഞ്ഞു വിശ്രമജീവിതത്തിനായി AECS Layoutലുള്ള മകന്റെ വീട്ടിലെത്തിയ ബഹുമുഖപ്രതിഭയും വെറുതെയിരുന്ന് ശീലമില്ലാത്തയാളുമായ ശ്രീ യോഗിദാസാകട്ടെ ബാംഗ്ലൂർ നഗരത്തിന്റെ ഇതരഭാഗങ്ങളിൽ താമസിച്ചിരുന്നപ്പോൾ അവിടെയൊക്കെയുള്ള സമാജങ്ങളിൽ ഔദ്യോഗികസ്ഥാനങ്ങൾ വഹിക്കുകയും കലാസാംസ്കാരിക പ്രവർത്തനങ്ങളിലും മറ്റും സംഘടനമികവ് തെളിയിച്ചിരുന്ന ആളുമായതിനാൽ  തന്റെ പുതിയ വാസസ്ഥലമായ കുംദലഹള്ളിയിലും ഒരു സമാജം വേണമെന്ന് ചിന്തിച്ചതിൽ അത്ഭുതമേതുമില്ല.

അങ്ങനെയിരിക്കെയാണ് ഒരു പൊതുസുഹൃത്ത് വഴി ഇരുവരും പരിചയപ്പെടുന്നതും മലയാളികൾക്ക് വേണ്ടി ഒരു പൊതു ഇടം എന്നതിന്റെ ആവശ്യവും പ്രാധാന്യവും മനസ്സിലാക്കി കേരള സമാജം എന്ന ആശയസാക്ഷാൽക്കാരത്തിന്റെ പൂർത്തീകരണത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുന്നതും. അവിടെ തുടങ്ങുന്നു കുംദലഹള്ളി കേരള സമാജത്തിന്റെ ഭ്രൂണാവസ്ഥ.  

വിത്ത് പാകുന്നു:-

മൃദുഭാഷിയെങ്കിലും പൊതുവെ എല്ലാവരുടെയിടയിലും ബഹുമാന്യനും സ്വീകാര്യനുമായ ശ്രീ നമ്പ്യാരും സമാജങ്ങൾ രൂപീകരിച്ചും നടത്തിപ്പിൽ ഭാഗഭാക്കായും പരിചയസമ്പത്തുള്ള ശ്രീ യോഗിദാസും ഒരുമിച്ചപ്പോൾ പിന്നീടുള്ള പ്രവർത്തനങ്ങൾ ധൃതഗതിയിലായി. സമാജം എന്ന ആശയം പുനരവതരിപ്പിച്ചപ്പോൾ താല്പര്യം പ്രകടിപ്പിച്ച നാലഞ്ചു പേരുടെയൊപ്പം AECS Layoutലെ മലയാളികളുടെ വീടുകളിൽ കയറിയിറങ്ങി ആളുകളെ സംഘടിപ്പിക്കാൻ തുടങ്ങി. 

കുംദലഹള്ളിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ ക്ഷേമത്തിനും സാമൂഹ്യസുരക്ഷിതത്വത്തിനും  വേണ്ടിയുള്ള ഒരു സർക്കാർ അംഗീകൃത സംഘടന സ്ഥാപിക്കുകയെന്ന ഏക ലക്ഷ്യം മനസ്സിൽ വെച്ച് കൊണ്ട് ശ്രീ യോഗിദാസിന്റെ നേതൃത്വത്തിൽ 2011 സെപ്റ്റംബർ 9 ന് (തിരുവോണദിവസം വൈകുന്നേരം) ഒരുകൂട്ടം ആളുകൾ ശ്രീ കെ വി ജി നമ്പ്യാരുടെ വീട്ടിൽ ആദ്യത്തെ യോഗം ചേർന്നു. 

യോഗത്തിൽ പങ്കെടുത്തവർ (ശ്രീ പി ശിവരാമൻ, ശ്രീ രഘുനാഥൻ, ശ്രീ സി ആർ മാധവൻ നായർ, ശ്രീ ടി എം എസ് നമ്പീശൻ, ശ്രീ സ്വാമിനാഥൻ, ശ്രീ ഉണ്ണി മാധവൻ, ശ്രീ രാമചന്ദ്രൻ കെ, ശ്രീ ജോർജ് സെബാസ്റ്റ്യൻ, ശ്രീ ജോസഫ്, ശ്രീ വൈ എസ് വിനോദ്, ശ്രീ ഗോപാലൻ, ശ്രീ കെ കെ മാത്തൻ, ശ്രീ ശിവശങ്കരൻ) കൂടിയാലോചനകളിലൂടെ എങ്ങനെയായിരിക്കണം സമാജം, എന്തായിരിക്കണം ഉദ്ദേശം, അതിന്റെ പ്രവർത്തനരീതികൾ ഏതുവിധത്തിലുള്ളതായിരിക്കണം, അംഗത്വത്തിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെ, പ്രവർത്തക സമിതി, ഭരണസമിതി അംഗങ്ങളെ എങ്ങനെ തിരഞ്ഞെടുക്കാം തുടങ്ങി പലകാര്യങ്ങളും ചർച്ച ചെയ്തു തീരുമാനമാക്കി. അവിടെ വെച്ച് പുതിയ സമാജത്തിന്റെ വിത്ത് അവർ ഈ മണ്ണിൽ പാകി. 

തുടർന്നും നിരന്തരം ചർച്ചകൾ നടത്തി. പല നിർദ്ദേശങ്ങളും വന്നെങ്കിലും അതിൽ നിന്ന് എല്ലാവർക്കും ഏറ്റവും സ്വീകാര്യമായ 'കുംദലഹള്ളി കേരള സമാജം' എന്ന പേര് തിരഞ്ഞെടുത്തു. സമാജത്തിന്റെ ഭരണനിർവഹണ നടപടിക്രമങ്ങളുടെയും നിയമങ്ങളുടെയും കുറിപ്പ് ഉണ്ടാക്കാൻ അന്നത്തെ യോഗം ശ്രീ യോഗിദാസിനെ ചുമതലപ്പെടുത്തുകയുണ്ടായി. കേരളത്തനിമയുള്ള എന്നാൽ ജാതിമതരാഷ്ട്രീയ ചിഹ്നങ്ങൾ ഒന്നുമില്ലാത്ത അർത്ഥപൂർണ്ണവും മനോഹരവുമായ ഒരു പ്രതീകമുദ്ര (logo) അദ്ദേഹം രൂപകൽപന ചെയ്തു. മുദ്രയുടെ ആദ്യ പകുതി പ്രതിനിധാനം ചെയ്യുന്നത് കലയും സംസ്കാരവും ആണെങ്കിൽ രണ്ടാം പകുതി സൂചിപ്പിക്കുന്നത് ഐശ്വര്യവും സമ്പത്സമൃദ്ധിയും ആകുന്നു. 

താഴെ പറയുന്ന പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള നിയമങ്ങൾ ചേർത്തുകൊണ്ട് വിശദമായൊരു നിയമാവലിയും (bylaw) സമാജത്തിനു വേണ്ടി യോഗീദാസ് തയ്യാറാക്കുകയുണ്ടായി. നിയമാവലിയും മുദ്രയും അന്നത്തെ സമിതി ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.

നിയമാവലിയിലെ പ്രധാന നിർദ്ദേശങ്ങൾ: 

1. അംഗത്വം ആജീവനാന്തമായിരിക്കും.

2. ബാംഗ്ലൂർ നഗരത്തിൽ എവിടെയും താമസിക്കുന്ന, 18 വയസ്സ് തികഞ്ഞ ഏതൊരു മലയാളിക്കും അംഗത്വത്തിന് അപേക്ഷിക്കാവുന്നതാണ്. 

3. 7 ഭരണസമിതി അംഗങ്ങൾ ഉൾപ്പടെ 25 പേരടങ്ങുന്ന പ്രവർത്തകസമിതിയുടെ കാലാവധി 2 വർഷമായിരിക്കും. 

4. എല്ലാ അംഗങ്ങളും ഉൾപ്പെട്ട സംഘടനയാണ് (general body) എല്ലാത്തിന്റെയും സർവ്വാധികാരി. 

5. സമാജം ജാതി-മത-രാഷ്ട്രീയഭേദമെന്യേ പ്രവർത്തിക്കുന്നതായിരിക്കും.

വിത്ത് മുളയ്ക്കുന്നു:-

മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഒരുവഴിക്ക് നടക്കുമ്പോഴും ഇതിന്റെ ഔദ്യോഗിക കാര്യങ്ങളുമായി ശ്രീ യോഗിദാസ് മുന്നോട്ടു നീങ്ങുന്നുണ്ടായിരുന്നു. നിയമപരമായി സമാജം തുടങ്ങാനുള്ള സർക്കാരിന്റെ നിർദ്ദേശങ്ങൾ അറിയാൻ രജിസ്ട്രാർ കച്ചേരിയുമായി നിരന്തരം ബന്ധപ്പെട്ടു. ഒരു പരദേശിയോട് സ്വദേശിക്ക് തോന്നാവുന്ന അവഗണനകളും അപമാനങ്ങളും സർക്കാർ കാര്യാലയങ്ങളിൽ നേരിടേണ്ടി വന്നു എങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെയും ഇച്ഛാശക്തിയുടെയും അതൊക്കെ തരണം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. 

താൽക്കാലിക സമിതിയാകട്ടെ അതുവരെ സമാജത്തിൽ അംഗത്വം എടുത്തവരുടെ കൂട്ടത്തിൽ നിന്നും എല്ലാ വിഭാഗക്കാർക്കും പരിഗണന ഉറപ്പാക്കിക്കൊണ്ട് 25 പേരുടെ പ്രവർത്തകസമിതിക്ക് (Executive Committee) രൂപം കൊടുത്തു. നിയമപരമായി സർക്കാർ കാര്യാലയങ്ങളിൽ രേഖപ്പെടുത്താൻ ഒരു മേൽവിലാസം ആവിശ്യമുള്ളതിനാൽ സമാജരൂപീകരണത്തിനായി കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരുന്ന യോഗിദാസിന്റെ മേൽവിലാസം സമാജത്തിന്റെ മേൽവിലാസമായി ഉപയോഗിക്കാനും താൽക്കാലിക സമിതി തീരുമാനിച്ചു. ഒടുവിൽ എല്ലാവിധ പ്രതിബന്ധങ്ങളും തരണം ചെയ്ത് 2011 നവംബർ 11 ന് നിയമപരമായി സമാജം നിലവിൽ വന്നു.

സമാജം ഔദ്യോഗികമായി ജന്മമെടുത്തതിന് ശേഷം ആ മാസം 19 ന് സമാജത്തിന്റെ മേൽവിലാസമായി ഉപയോഗിച്ച Raycon Lotus ൽ ആദ്യത്തെ പ്രവർത്തക സമിതിയുടെ യോഗം ചേർന്നു. സമാജവുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച 25 പേരിൽ നിന്നും കഴിവും കാര്യപ്രാപ്തിയും സംഘടനാപാടവവും പ്രവർത്തിക്കാനുള്ള മനസ്ഥിതിയും ചെലവഴിക്കാനുള്ള സമയവും ഒക്കെ നോക്കി 7 പേരെ ആദ്യത്തെ ഭരണസമിതിയായി (Office Bearers) ആയി തിരഞ്ഞെടുത്തു.  ബാക്കിയുള്ള 18 പേർ പ്രവർത്തകസമിതി (Executive Committee) അംഗങ്ങളായി തുടർന്നു.      

ആദ്യത്തെ ഭരണസമിതി (Office Bearers) അംഗങ്ങൾ ഇവരാണ്: 

ശ്രീ കെ വി ജി നമ്പ്യാർ (അധ്യക്ഷൻ / President) 

ശ്രീ പി എൻ യോഗീദാസ് (കാര്യദർശ്ശി / Secretary) 

ശ്രീ ടി എം എസ് നമ്പീശൻ, ശ്രീ കെ കെ മാത്തൻ (ഉപാധ്യക്ഷന്മാർ / Vice Presidents) 

ശ്രീ ശിവശങ്കരൻ, ശ്രീ യു കെ അത്തിക്കൽ (സഹകാര്യദർശ്ശികൾ / Joint Secretaries) 

ശ്രീ ഉണ്ണി മാധവൻ (ഖജാൻജി / Treasurer) 

സമാജം തുടങ്ങിയെങ്കിലും തുടർന്നുള്ള ഏതാനും ആഴ്ചകൾ അതിന്റെ പ്രാരംഭപ്രവർത്തനങ്ങളും കൂടിയാലോചനകളുമായി പ്രവർത്തകസമിതി മുന്നോട്ടുനീങ്ങി. ഒടുവിൽ പുതുവർഷത്തിൽ ജനുവരി 4 ന് ചേർന്ന യോഗത്തിൽ സമാജത്തിന്റെ ഉദ്‌ഘാടനം ഔദ്യോഗികമായി നടത്താൻ തീരുമാനിക്കുകയും ജനുവരി 29 അതിന് പറ്റിയ ദിവസമായി കണ്ടെത്തുകയും ചെയ്തു. സമാജം സ്ഥാപിതമായെങ്കിലും സ്വന്തമായി കെട്ടിടമോ സാമ്പത്തികഭദ്രതയോ ഇല്ലാത്തതിനാൽ ബി ബ്ലോക്കിലെ ഒരു തുറസ്സായ സ്ഥലത്താണ് (ഇന്നത്തെ ആയുഗ് ആശുപത്രി സ്ഥിതി ചെയ്യുന്നതിന്റെ മുന്നിൽ) ഔപചാരികമായ ഉദ്‌ഘാടനം നടത്തിയത്. 

ഇന്നാട്ടുകാരനായ ഒബുല് റെഡ്ഢിയുടെ സഹായസഹകരണങ്ങൾ സമാജം രൂപീകരിക്കുന്നതിനെ കുറിച്ച് പദ്ധതിയിട്ടത് മുതൽ പല അവസരങ്ങളിലും നിർലോഭം ലഭിക്കുമായുണ്ടായി എന്നതും വിസ്മരിക്കാതിരിക്കേണ്ടതാണ് (സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് ആദ്യമായി സംഭാവന നൽകിയ വ്യക്തിയും അദ്ദേഹമാണെന്നാണ് അറിയാൻ കഴിഞ്ഞത്). AECS Layout ൽ വസിക്കുന്നവരുടെ ക്ഷേമസംഘടനയുടെ അധ്യക്ഷനും മുഖ്യാതിഥിയുമായിരുന്ന ശ്രീ രാഘവേന്ദ്ര നിലവിളക്ക് കൊളുത്തി സമാജത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സമാജത്തിന്റെ പ്രതീകമുദ്ര (logo) ഔദ്യോഗികമായി പുറത്തിറക്കിയത് അന്നായിരുന്നു.

തളിരിലകൾ:-

വീടും കുടുംബവും മാത്രം നോക്കി ജീവിച്ചിരുന്ന സ്ത്രീകളെ കൂടി സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരണം എന്ന ഉദ്ദേശത്തോടു കൂടി അവർക്കു മാത്രമായി Ladies Wing (പിന്നീട് 'സുരഭി' എന്ന പേരിൽ അറിയപ്പെട്ട വനിതാ കൂട്ടായ്മ) ഇതോടൊപ്പം രൂപീകരിച്ചു. സുരഭിയുടെ ആദ്യത്തെ അധ്യക്ഷയായി (Chairperson) ആയി ശ്രീമതി രേഖ അരവിന്ദും, ഉപാധ്യക്ഷയായി (Vice Chairperson) ആയി ശ്രീമതി കവിത രാജഗോപാലും തിരഞ്ഞെടുക്കപ്പെട്ടു. 

കൂടാതെ, യുവാക്കളെയും അടുത്ത തലമുറയിലെ കുട്ടികളെയും സമാജത്തിലേക്ക് ആകർഷിക്കുക, സാമൂഹ്യപരമായും കലാപരമായും കായികപരമായും അവർക്ക് മേന്മയുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ Youth Wing ('യുവജനവേദി') സ്ഥാപിതമായി. ശ്രീ നന്ദകുമാർ നായർ, ശ്രീ ശ്രീജിത്ത് നിഷാന്ത് എന്നിവർ യഥാക്രമം യുവജനവേദിയുടെ അധ്യക്ഷ, ഉപാധ്യക്ഷ (Chairman, Vice Chairman) സ്ഥാനങ്ങളിൽ അവരോധിക്കപ്പെട്ടു.  

യുവജനവേദിയുടെയും സുരഭിയുടെയും ആദ്യത്തെ യോഗങ്ങൾ നടന്നത് കാര്യദർശി താമസിക്കുന്ന കെട്ടിടത്തിലെ ഒരു വിശാലമായ തളത്തിലായിരുന്നു.

ഒരു പക്ഷെ സമാജം അംഗങ്ങൾക്ക് വേണ്ടിയുള്ള ആദ്യത്തെ പരിപാടി എന്ന് വിശേഷിപ്പിക്കാവുന്നത് മാർച്ച് 12 ന് 'അർബുദം - പ്രതിരോധവും ചികിത്സയും' എന്ന വിഷയത്തെപ്പറ്റി Raycon Lotus Premises ലെ ഡോക്ടർ ഷാജി കുടിയത്ത് ((Founder of Cancer Research Institute, The President of Philippines Homeo Foundation) നടത്തിയ ചർച്ചായോഗ(Seminar)മായിരിക്കും. 

സമാജത്തിലെ അംഗങ്ങൾക്കോ അവരുടെ കുടുംബങ്ങൾക്കോ ആപത്ഘട്ടത്തിൽ അടിയന്തിരസഹായം എത്തിക്കുവാനായി ഒരു പ്രത്യേക വിഭാഗം (സാമൂഹ്യ ക്ഷേമ വിഭാഗം) ആരംഭിക്കാൻ 2012 മാർച്ച് 23 ന് ചേർന്ന പ്രവർത്തകസമിതി തീരുമാനിച്ചു. അംഗങ്ങളുടെ ആരോഗ്യക്ലേശം, ദുരിതം, മരണം തുടങ്ങിയ സമയങ്ങളിൽ സാന്ത്വനവുമായി ഓടിയെത്തുക, അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുക എന്നതാണ് പ്രധാന പ്രവർത്തനങ്ങൾ. ഇതിന് നേതൃത്വം കൊടുക്കാനായി കൺവീനർ, ജോയിന്റ് കൺവീനർ എന്നിവരടങ്ങിയ ഒരു ഉപസമിതിക്ക് രൂപം നൽകുകയും ചെയ്തു.

                                                                                                                തുടരും .....

കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: ആമുഖം

കുന്ദലഹള്ളി കേരള സമാജത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സമാജത്തിന്റെ ജനനം മുതൽ ഇതുവരെയുള്ള പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലൂടെയുള്ള ഒരു സഞ്ചാരം. സമാജത്തിലെ അംഗമായ ശ്രീ അനിൽകുമാറുമായി ചേർന്ന് തയ്യാറാക്കിയ ലേഖനം.


ജീവിതമാകുന്ന യാത്രയിലെ പ്രയാസങ്ങളെ നേരിടാൻ പ്രവാസിയായ മലയാളികൾക്ക് പ്രവാസലോകത്തെ പ്രയാസങ്ങളെ നേരിടാൻ ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയോടൊപ്പം നാട്ടിലെ കഷ്ടപ്പാടുകൾക്കിടയിൽ ഉണ്ടായിരുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളും, ഉത്സവാഘോഷങ്ങളും, പൈതൃകമായി ലഭിച്ച ആ സംസ്കൃതി തന്നെയും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായപ്പോൾ കേരളമെന്ന നാടും മലയാളഭാഷയും അവിടുത്തെ കലയും സംസ്കാരവുമെല്ലാം പെറ്റമ്മയെ പോലെ തന്നെയാണെന്ന് മനസ്സിലാവുകയും ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അതൊക്കെ നിലനിറുത്തേണ്ടതുണ്ടെന്നും അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവ് വരികയും ചെയ്തപ്പോഴാണ് കേരള/മലയാളി സമാജങ്ങൾ പിറവി കൊണ്ടത്.

ISRO, BEML, BEL, HMT, HAL, NAL തുടങ്ങിയ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ജോലി സാധ്യതകളാണ് ആദ്യകാലത്ത് മലയാളികളെ ഉദ്യാനനഗരിയിലേക്ക് എത്തിച്ചതെങ്കിൽ പിന്നീട് വിവരസാങ്കേതികവിദ്യ വളർന്നതനുസരിച്ച് രൂപംകൊണ്ട ബഹുരാഷ്ട്രകമ്പനികളുൾപ്പടെയുള്ള അനേകം സ്ഥാപനങ്ങളിൽ ജോലിക്കായി കൂടുതൽ കൂടുതൽ മലയാളികൾ ഇവിടേക്ക് ചേക്കേറുവാൻ തുടങ്ങി. ആദ്യകാലത്ത് വന്നവരുടെ കൂട്ടായ്മകൾ സമാജങ്ങളായി വളരുകയും കാലം പോകുന്നതനുസരിച്ചു മനുഷ്യമനസ്സിൽ സ്വതസിദ്ധമായുള്ള അധികാരമോഹം അവയെ പിളർത്തുകയും ചെയ്തു. അതോടൊപ്പം ദിനംപ്രതി തിരക്കേറി വരുന്ന നഗരവീഥികളിലൂടെ ദൂരേക്ക് പോകുന്നതിൽ മടിപിടിക്കുകയും ചെയ്തപ്പോൾ കേരള/മലയാളി സമാജങ്ങൾ പെരുകിപ്പെരുകി വന്നു. 

പ്രവാസദേശത്തു ജനിച്ചുവളർന്നവർക്ക് (രണ്ടാം തലമുറ മുതലുള്ളവർക്ക്) സമാജം തുടങ്ങാനുണ്ടായതിന്റെ ഉദ്ദേശശുദ്ധി അറിയാതെ പോകുമ്പോൾ തമ്മിലടി കലശലാകുന്നത് മുതൽ സമാജങ്ങളുടെ അടച്ചുപൂട്ടൽ വരെ എന്തും സംഭവിച്ചേക്കാമെങ്കിലും ഇത്തരത്തിൽ നൂറുകണക്കിന് സമാജങ്ങൾ ഉള്ളതിൽ ചിലത് അംഗബലം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും പേരും പെരുമയും നേടിയപ്പോൾ മറ്റുചിലത് സമൂഹത്തിൽ അറിയപ്പെടാതെ നിശബ്ദമായി സേവനം അനുഷ്ഠിക്കുന്നതിൽ മുഴുകി. കാര്യങ്ങൾ ഇങ്ങനെയായിരിക്കേ, അത്ര ചെറുതോ എന്നാൽ വലുതോ അല്ലാത്ത ഒരിടത്തരം സമാജങ്ങൾക്കിടയിൽ സമൂഹത്തിൽ നിരന്തരം നടത്തുന്ന നിശ്ശബ്ദമായ പ്രവർത്തനങ്ങളുടെ പേരിൽ മലയാളികൾക്കിടയിൽ സാമാന്യം നന്നായി അറിയപ്പെടുന്ന ഒരു സമാജമാണ്‌ കുംദലഹള്ളി കേരള സമാജം. ബാംഗ്ലൂർ നഗരത്തിന്റെ ഹൃദയഭാഗത്തു നിന്നും ഉദ്ദേശം 20 കിലോമീറ്റർ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന കുംദലഹള്ളി കേന്ദ്രീകരിച്ചാണ് പ്രവർത്തനം തുടങ്ങിയതെങ്കിലും ബാംഗ്ലൂർ നഗരത്തിന്റെ വിവിധയിടങ്ങളിൽ വസിക്കുന്ന എഴുന്നൂറോളം മലയാളി കുടുംബങ്ങൾ ഇന്നിതിൽ അംഗങ്ങളാണ്. 2011 നവംബർ 11നു തുടക്കം കുറിച്ച ഈ മലയാളികൂട്ടായ്മ ഈ 2021ൽ പത്ത് വർഷം പൂർത്തിയാക്കുകയാണ്.

ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം പത്തുവർഷം എന്നത് വലിയൊരു കാലയളവ് അല്ലെങ്കിലും ജനനം മുതൽ നാൾ ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ കണ്ണോടിക്കുക എന്നതാണ് ഈ ലേഖനം കൊണ്ടു ഉദ്ദേശിക്കുന്നത്. സമാജത്തിന്റെ പ്രാരംഭപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചവരും ഇതിന്റെ വളർച്ചയ്ക്കായി ഓടിനടന്നവരിൽ ചിലരും ലേഖകരോട് നടത്തിയ ആശയവിനിമയത്തിന്റെ സംക്ഷിപ്തരൂപമാണ് ഈ കുറിപ്പ്.

                                                                                                               തുടരും..........

ഒറ്റുകിളി


വയൽക്കിളി സമരനായകൻ പാർട്ടിയിൽ ചേർന്ന് കെ റെയിലിനെ പിന്തുണച്ച്  സംസാരിച്ചത് കേട്ട് അന്നത്തെ സമരത്തിലുണ്ടായിരുന്ന പ്രായമുള്ള സ്ത്രീ നടത്തിയ പ്രതികരണമാണിതിന് ആധാരം.


ഒറ്റുകാരനായി നീ തീരുമെന്നോർത്തില്ല 
 

ഒത്തൊരുമിച്ച് നാം പോരാടിയ വേളയില്‍. 

ഓര്‍മ്മയില്‍ തെളിയുന്ന പോരാട്ട വീര്യ- 

മിന്നൊരു നാട്യമായി മാറുന്നുവോ സഖേ? 


പൊൻകതിർ വിരിയുന്ന കേദാരഭൂമിയെ  

വികസനകാഹളം പിളർക്കുവാൻ എത്തവേ, 

ഐക്യമത്യം മഹാബലമെന്നോതി നാം  

ചെറുപടയായി പൊരുതിയ നാളുകൾ. 


കല്ലേപിളർക്കുന്ന ആജ്ഞയെ കേൾക്കാതെ,  

മോഹനവാഗ്ദാനക്കുഴികളിൽ വീഴാതെ, 

നാളത്തെ തലമുറയ്ക്കായി നൽകീടുവാൻ  

ഈ തുണ്ട് ഭൂമിയെ കാക്കണമെന്നാശിച്ച്  


ആർത്തുവിളിച്ചു കരഞ്ഞൊരാ വാക്കുകൾ 

അധികാരകേന്ദ്രങ്ങൾ തള്ളിയ വേളയിൽ, 

നൊന്തുപിടഞ്ഞരെൻ മാനസം കേഴ്കിലും 

പോരാട്ടവീര്യം കുറഞ്ഞില്ല തെല്ലുമേ. 


യന്ത്രത്തിൻ ഭീമക്കരങ്ങളാൽ ഇന്നിതാ 

പാടത്തിൻ നെഞ്ചകം കീറീമുറിക്കവേ,

അംബരം തോരാതെ പെയ്തു വീണിട്ടും 

വേനൽഭയത്താൽ കിണറും കിതക്കുന്നു. 


അക്കരെത്തേവര് ആറാട്ടിനെത്തുമ്പോൾ 

കാളിമയാർന്നൊരാ ആലത്തെ കാണുന്നു.

ഉറവുകൾ വറ്റി വരണ്ടൊരാ ചോലകൾ

കണ്മുന്നിൽ വീണു പിടഞ്ഞു മരിക്കുന്നു. 


എങ്കിലും തളരാതിരുന്നരെൻ മാനസം 

ഇന്നിതാ ജഡമായി മാറിയെന്നറിക നീ. 

പണ്ടത്തെ പോരാട്ടം പാടേ മറന്നു നീ 

വികസന മാതൃക നെഞ്ചോടു പുൽകവേ,


ഓർക്കാപ്പുറത്തൊരു താഡനമേറ്റപോൽ 

മസ്തകം താനെ തകർന്നു പോയേനെടോ!  

ഒറ്റുകാരൻ കൂടെയുണ്ടെന്നതറിയാതെ 

ഒരുമയോടെ ഞങ്ങൾ പോരാടിയോ വൃഥാ? 


ഒറ്റുകാരൻ കൂടെയുണ്ടെന്നതറിയാതെ 

ഒരുമയോടെ ഞങ്ങൾ പോരാടിയോ വൃഥാ?