കുന്ദലഹള്ളി കേരള സമാജത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സമാജത്തിന്റെ ജനനം മുതൽ ഇതുവരെയുള്ള പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലൂടെയുള്ള ഒരു സഞ്ചാരം. സമാജത്തിലെ അംഗമായ ശ്രീ അനിൽകുമാറുമായി ചേർന്ന് തയ്യാറാക്കിയ ലേഖനം.
ജീവിതമാകുന്ന യാത്രയിലെ പ്രയാസങ്ങളെ നേരിടാൻ പ്രവാസിയായ മലയാളികൾക്ക് പ്രവാസലോകത്തെ പ്രയാസങ്ങളെ നേരിടാൻ ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയോടൊപ്പം നാട്ടിലെ കഷ്ടപ്പാടുകൾക്കിടയിൽ ഉണ്ടായിരുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളും, ഉത്സവാഘോഷങ്ങളും, പൈതൃകമായി ലഭിച്ച ആ സംസ്കൃതി തന്നെയും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായപ്പോൾ കേരളമെന്ന നാടും മലയാളഭാഷയും അവിടുത്തെ കലയും സംസ്കാരവുമെല്ലാം പെറ്റമ്മയെ പോലെ തന്നെയാണെന്ന് മനസ്സിലാവുകയും ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അതൊക്കെ നിലനിറുത്തേണ്ടതുണ്ടെന്നും അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവ് വരികയും ചെയ്തപ്പോഴാണ് കേരള/മലയാളി സമാജങ്ങൾ പിറവി കൊണ്ടത്.
ISRO, BEML, BEL, HMT, HAL, NAL തുടങ്ങിയ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ജോലി സാധ്യതകളാണ് ആദ്യകാലത്ത് മലയാളികളെ ഉദ്യാനനഗരിയിലേക്ക് എത്തിച്ചതെങ്കിൽ പിന്നീട് വിവരസാങ്കേതികവിദ്യ വളർന്നതനുസരിച്ച് രൂപംകൊണ്ട ബഹുരാഷ്ട്രകമ്പനികളുൾപ്പടെയുള്ള അനേകം സ്ഥാപനങ്ങളിൽ ജോലിക്കായി കൂടുതൽ കൂടുതൽ മലയാളികൾ ഇവിടേക്ക് ചേക്കേറുവാൻ തുടങ്ങി. ആദ്യകാലത്ത് വന്നവരുടെ കൂട്ടായ്മകൾ സമാജങ്ങളായി വളരുകയും കാലം പോകുന്നതനുസരിച്ചു മനുഷ്യമനസ്സിൽ സ്വതസിദ്ധമായുള്ള അധികാരമോഹം അവയെ പിളർത്തുകയും ചെയ്തു. അതോടൊപ്പം ദിനംപ്രതി തിരക്കേറി വരുന്ന നഗരവീഥികളിലൂടെ ദൂരേക്ക് പോകുന്നതിൽ മടിപിടിക്കുകയും ചെയ്തപ്പോൾ കേരള/മലയാളി സമാജങ്ങൾ പെരുകിപ്പെരുകി വന്നു.
പ്രവാസദേശത്തു ജനിച്ചുവളർന്നവർക്ക് (രണ്ടാം തലമുറ മുതലുള്ളവർക്ക്) സമാജം തുടങ്ങാനുണ്ടായതിന്റെ ഉദ്ദേശശുദ്ധി അറിയാതെ പോകുമ്പോൾ തമ്മിലടി കലശലാകുന്നത് മുതൽ സമാജങ്ങളുടെ അടച്ചുപൂട്ടൽ വരെ എന്തും സംഭവിച്ചേക്കാമെങ്കിലും ഇത്തരത്തിൽ നൂറുകണക്കിന് സമാജങ്ങൾ ഉള്ളതിൽ ചിലത് അംഗബലം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും പേരും പെരുമയും നേടിയപ്പോൾ മറ്റുചിലത് സമൂഹത്തിൽ അറിയപ്പെടാതെ നിശബ്ദമായി സേവനം അനുഷ്ഠിക്കുന്നതിൽ മുഴുകി. കാര്യങ്ങൾ ഇങ്ങനെയായിരിക്കേ, അത്ര ചെറുതോ എന്നാൽ വലുതോ അല്ലാത്ത ഒരിടത്തരം സമാജങ്ങൾക്കിടയിൽ സമൂഹത്തിൽ നിരന്തരം നടത്തുന്ന നിശ്ശബ്ദമായ പ്രവർത്തനങ്ങളുടെ പേരിൽ മലയാളികൾക്കിടയിൽ സാമാന്യം നന്നായി അറിയപ്പെടുന്ന ഒരു സമാജമാണ് കുംദലഹള്ളി കേരള സമാജം. ബാംഗ്ലൂർ നഗരത്തിന്റെ ഹൃദയഭാഗത്തു നിന്നും ഉദ്ദേശം 20 കിലോമീറ്റർ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന കുംദലഹള്ളി കേന്ദ്രീകരിച്ചാണ് പ്രവർത്തനം തുടങ്ങിയതെങ്കിലും ബാംഗ്ലൂർ നഗരത്തിന്റെ വിവിധയിടങ്ങളിൽ വസിക്കുന്ന എഴുന്നൂറോളം മലയാളി കുടുംബങ്ങൾ ഇന്നിതിൽ അംഗങ്ങളാണ്. 2011 നവംബർ 11നു തുടക്കം കുറിച്ച ഈ മലയാളികൂട്ടായ്മ ഈ 2021ൽ പത്ത് വർഷം പൂർത്തിയാക്കുകയാണ്.
ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം പത്തുവർഷം എന്നത് വലിയൊരു കാലയളവ് അല്ലെങ്കിലും ജനനം മുതൽ നാൾ ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ കണ്ണോടിക്കുക എന്നതാണ് ഈ ലേഖനം കൊണ്ടു ഉദ്ദേശിക്കുന്നത്. സമാജത്തിന്റെ പ്രാരംഭപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചവരും ഇതിന്റെ വളർച്ചയ്ക്കായി ഓടിനടന്നവരിൽ ചിലരും ലേഖകരോട് നടത്തിയ ആശയവിനിമയത്തിന്റെ സംക്ഷിപ്തരൂപമാണ് ഈ കുറിപ്പ്.
തുടരും..........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ