സുരഭി:
കെ കെ എസ് സ്ഥാപിച്ചു അധികം വൈകാതെ തന്നെ Ladies Wing അഥവാ സ്ത്രീകൾക്ക് മാത്രമായൊരു കൂട്ടായ്മ എന്നൊരു ആശയം മുന്നോട്ടു വെക്കുമ്പോൾ സമാജത്തിന്റെ സ്ഥാപക കാര്യദർശ്ശിയുടെ മനസ്സിൽ എന്തായിരുന്നെന്ന് അറിയില്ല. ജോലിയുള്ളവരുമില്ലാത്തവരും കുടുംബ പ്രാരാബ്ദ്ധങ്ങൾക്കിടയിൽ പെട്ട് വീടിന്റെ നാലുചുവരുകൾക്കുള്ളിൽ തങ്ങളുടെ കലാസാഹിത്യമോഹങ്ങളെ തളച്ചിട്ടു നെടുവീർപ്പുകളുതിർത്തിരുന്ന അവർക്ക് ആദ്യമാദ്യം തങ്ങൾ ചെയ്‌താൽ ശരിയാകുമോ എന്ന സംശയം മൂലമാവാം പാട്ടോ നൃത്തമോ ഒക്കെ ചെയ്യാൻ മടിയായിരുന്നു.
എന്നാൽ 2012 മാർച്ച് 11നു പ്രവർത്തക സമിതി അംഗീകരിച്ച് 23നു 16 പേരുമായി തുടക്കം കുറിച്ച കെ കെ എസ് സ്ത്രീകൂട്ടായ്മ രണ്ടുമൂന്നു യോഗങ്ങൾ കൂടിയപ്പോഴേക്കും 'സുരഭി' എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ആ വർഷത്തെ ഓണത്തിന് തിരുവാതിരകളിയും കിച്ചൻ ഡാൻസും അവതരിപ്പിച്ചു കൊണ്ട് തുടങ്ങിയ പ്രയാണം ഇന്നിപ്പോൾ പ്രായഭേദമന്യേ നല്ലൊരു ശതമാനവും സജീവമായി പരിപാടികളിൽ പങ്കെടുക്കുന്ന അംഗങ്ങളുമായി തുടരുന്നു. ഇക്കാലയളവിൽ എടുത്തുപറയേണ്ട നേട്ടങ്ങൾ എന്ന് പറയാവുന്നത് താഴെ കൊടുക്കുന്നു.
ബാംഗ്ലൂർ കേരള സമാജം നടത്തിയ തിരുവാതിര കളി മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടി ഇവർ മറ്റു മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റി. 2015 ലെ തിരുവാതിര കളി മത്സരത്തിൽ 'സുരഭി'യിലെ യുവതികൾ മൂന്നാം സമ്മാനം നേടിയപ്പോൾ അമ്മമാർ പ്രോത്സാഹന സമ്മാനം നേടി വീണ്ടും ശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ പടിപടിയായി മുന്നേറി ഒടുവിൽ 2019 ൽ ഒരു പ്രോത്സാഹനസമ്മാനത്തോടൊപ്പം ഒന്നാം സമ്മാനവും കരസ്ഥമാക്കി ഇവർ മറ്റെല്ലാ സമാജങ്ങളേയും ഞെട്ടിച്ചു. 2015 ൽ കേരളസർക്കാരിന്റെ ധനസഹായത്തോടെ നടന്ന 'കേരളോത്സവ'ത്തിൽ സുരഭിയിലെ അംഗങ്ങൾ കേരളനടനവും തിരുവാതിരയും അവതരിപ്പിച്ചു. കുന്ദലഹള്ളി കേരള സമാജത്തിനെ പറ്റി മറ്റു മലയാളികൾക്കിടയിൽ ഏറെ മതിപ്പു നൽകിയ പരിപാടിയായിരുന്നു കേരളോത്സവം.
നൃത്തം മാത്രമല്ല സുരഭിയിലെ അംഗങ്ങൾക്ക് വഴങ്ങിയിരുന്നത്, എല്ലാവർഷവും വനിതാദിനത്തിൽ പായസമത്സരമുൾപ്പടെയുള്ള ശ്രദ്ധേയമായ പരിപാടികൾ നടത്താനും ഈ കൂട്ടായ്മ ശ്രദ്ധിച്ചിരുന്നു. ഉൾവലിഞ്ഞു നിന്നിരുന്ന അമ്മമാരെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഈ പരിപാടികൾ ഏറെ സഹായകമായി. പരിശീലിക്കുമ്പോൾ പറ്റിയ അപകടത്തിൽ കാലുളുക്കിയതുകൊണ്ടോ അംഗപരിമിതികൊണ്ടോ ഒന്നും അവർ പിന്നോട്ട് പോകാൻ ഒരുക്കമല്ല. പരിപാടി അവതരിപ്പിച്ചു വേദിയിൽ നിന്നിറങ്ങുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് വേദനയെക്കാളും സങ്കടങ്ങളെക്കാളും ഒക്കെ ഉപരിയായി സന്തോഷത്താലാണ് എന്നതും ഈ അവസരങ്ങൾ അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു എന്നതും ഏറെ ചാരിതാർഥ്യവും അഭിമാനവും നൽകുന്ന കാര്യമാണ്.
മാസത്തിൽ ഓരോ അംഗവും 20 രൂപ നിരക്കിൽ ചേർത്തുവെച്ച് സാമ്പത്തികഭദ്രത നേടാനുള്ള പദ്ധതി തുടക്കത്തിൽ തന്നെ 'സുരഭി' ആവിഷ്കരിച്ചിരുന്നു. ആദ്യകാലങ്ങളിൽ വീടുകളിലായിരുന്നു സ്ത്രീകൾ ഒത്തുചേർന്നിരുന്നത്. മുടങ്ങാതെ എല്ലാ വർഷവും വിനോദയാത്ര നടത്താറുള്ള ഇവർ അതിൽ ബാക്കി വരുന്ന കാശും 'സുരഭി'യുടെ കണക്കിൽ ഉൾപ്പെടുത്തുമായിരുന്നു.
കരയുന്നവരുടെ കണ്ണീരൊപ്പാനും 'സുരഭി' എന്നും ശ്രമിച്ചിരുന്നു. കർമേലാരാത്തുള്ള 'സാന്ത്വനം' എന്ന അഗതിമന്ദിരത്തിൽ മുടങ്ങാതെ എല്ലാവർഷവും അന്നമായും പഠനത്തിനുള്ള സഹായമായും ഇവർ ചെല്ലാറുണ്ട്. നിത്യവൃത്തിക്ക് വഴിയില്ലാതെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചമേകാനും ഇവരുടെ സഹായമുണ്ട്, അങ്ങനെയൊരു കഥ പറയാനുണ്ടാവും 'കൈവാര'യിലെ കുട്ടികൾക്ക്. രമേശ് നഗറിലുള്ള അന്ധവിദ്യാലയത്തിലേക്ക് ഭക്ഷണത്തിന്റെ രൂപത്തിൽ ഇവരുടെ വാത്സല്യം കടന്നുചെന്നിരുന്നു.
സമാജം നടത്തിയ കായികമത്സരങ്ങളിലും വർഷാവർഷം വരുന്ന ഓണാഘോഷങ്ങളിലും മാത്രമല്ല ചെറുതും വലുതുമായ മറ്റു ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് 'സുരഭി'. വർഷത്തിൽ ഒരു തവണയെങ്കിലും മുടങ്ങാതെ എല്ലാവരും ചേർന്നുള്ള ഉല്ലാസയാത്ര അവരിൽ പലർക്കും നൽകുന്ന ആനന്ദം എത്രയെന്ന് വിവരിക്കാൻ വയ്യ. മഹാമാരിയുടെ വരവിൽ ഒന്നൊതുങ്ങിപ്പോയിരുന്നെങ്കിലും പതുക്കെ പതുക്കെ 'സുരഭി' വീണ്ടും സുരഭിലമാവുകയാണ്. ഒരു ഫോൺ വിളിക്കപ്പുറം സാന്ത്വനമായും ആനന്ദമായും ഓടിയെത്താൻ വീണ്ടും തുടങ്ങിയിരിക്കുന്നു ഈ കൂട്ടായ്മ.
യുവജനവേദി:
സ്ത്രീകളുടെ കൂട്ടായ്മയോടൊപ്പം തന്നെ വെറും ഓഫീസും വീടുമായി നടക്കുന്ന യുവാക്കളെ സമാജത്തിലേക്കു ആകർഷിക്കുക, സാമൂഹ്യ സാംസ്‌കാരിക കാര്യങ്ങളിൽ ഇടപെടാൻ പ്രേരിപ്പിക്കുക, സമാജത്തിനെ ഭാവിയിൽ നയിക്കാൻ പ്രാപ്തിയുള്ളവരെ കണ്ടെത്തുക അങ്ങനെ സമാജത്തിന്റെ ഭാവി ഭദ്രമാക്കുക എന്നിങ്ങനെ കുറെ ഉദ്ദേശങ്ങൾക്കായി യുവജനങ്ങളുടെ കൂട്ടായ്മയും ആവശ്യമുണ്ടെന്നു 2012 മാർച്ച് 11നു ചേർന്ന പ്രവർത്തകസമിതിയോഗത്തിൽ തീരുമാനമെടുത്തിരുന്നു. അതിൻപ്രകാരം 'യൂത്ത് വിങ്' എന്ന പേരിൽ തുടങ്ങിയ ഉപവിഭാഗത്തിന്റെ ആദ്യ ചുമതല ഓണാഘോഷത്തിന്റെ കാര്യങ്ങൾ ഏകോപിപ്പിക്കുക എന്നതായിരുന്നു.
കൂടുതൽ ആളുകളെ കണ്ടെത്തിത്തുടങ്ങിയതോടെ 2012 ജൂണിൽ 16 അംഗങ്ങളുള്ള Youth Wing നു ഔദ്യോഗിക തുടക്കമായി. ആ വർഷം മാത്രമല്ല പിന്നീടുള്ള എല്ലാ വർഷങ്ങളിലും ഓണാഘോഷം ഗംഭീരമാക്കാൻ കൈമെയ് മറന്നു പ്രവർത്തിച്ചുവരുന്ന അംഗങ്ങൾ രക്തദാന ക്യാമ്പും അവയവദാന ക്യാമ്പും നടത്തി സാമൂഹികപ്രതിബദ്ധതയിലും തങ്ങൾ പിന്നിലല്ലെന്നു തെളിയിച്ചെങ്കിലും പക്ഷെ മാസാമാസമുള്ള യോഗത്തിൽ പങ്കെടുക്കാനോ മുന്നോട്ടുള്ള കാര്യങ്ങൾക്ക് വേണ്ടുന്ന ആശയങ്ങൾ കൊണ്ടുവരാനോ മുതിരാതെയായപ്പോൾ കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിനായി 2013ലും 2015ലും കായികദിനവും നടത്തിയിരുന്നു.
45 വയസ്സിനു താഴെയുള്ളവരുടെ കൂട്ടായ്മ എന്ന നിലയിൽ സമാജത്തിനു ഊർജ്ജമാവേണ്ടുന്ന വിഭാഗമായി വിഭാവനം ചെയ്ത യുവജനവേദി പക്ഷെ സ്ത്രീകൾക്ക് മറ്റൊരു കൂട്ടായ്മ(സുരഭി)യുള്ളതിനാൽ അവരുടെ സജീവസാന്നിദ്ധ്യം ഇല്ലാതെപോവുകയും മറ്റു പുരുഷ അംഗങ്ങളുടെ ഔദ്യോഗികതിരക്കുകളും പിന്നെ ആസൂത്രണം ചെയ്ത ഷട്ടിൽ ടൂർണമെന്റ് പോലെയുള്ള ചില പരിപാടികൾ കോവിഡ് മൂലം നടക്കാതെ പോവുകയും ഒക്കെ ചെയ്തപ്പോൾ ഊർദ്ധ്വം വലിച്ച മട്ടിലായിരുന്നു. ഇക്കഴിഞ്ഞ ഗാന്ധിജയന്തിയോടനുബന്ധിച്ച് 'സുരഭി'യോടൊപ്പം ചേർന്ന് സേവനദിനം ആഘോഷിച്ചതിലൂടെ സമാജത്തിന്റെ പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണീ വിഭാഗം.
കലാക്ഷേത്ര:
കുംദലഹള്ളി കേരളസമാജത്തിന്റെ തുടക്കം മുതൽ തന്നെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം കൊടുത്തിരുന്നു. എന്ന് മാത്രമല്ല പൊതുവായി ഭാരതത്തിന്റെയും പ്രത്യേകമായി കേരളത്തിന്റെയും കലകളും സംസ്കാരവും പൈതൃകവും ഒക്കെ വളർത്തേണ്ടതിന്റെയും അടുത്ത തലമുറകളിലൂടെ നിലനിറുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ബോധമുണ്ടായിരുന്നതുകൊണ്ടു കെട്ടിടം നിർമ്മാണം നടക്കുന്ന വേളയിൽ തന്നെ വിവിധ കലകൾ അഭ്യസിപ്പിക്കുന്ന ഒരു വിദ്യാലയത്തിന്റെ ചർച്ചകളിലേക്കും സമിതി കടന്നിരുന്നു.
സമാജം തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ക്ലാസിക് നൃത്തങ്ങൾ പഠിപ്പിക്കുന്ന ഒരു വിദ്യാലയം തുടങ്ങിയിരുന്ന കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ അത് അധികകാലം തുടർന്നുകൊണ്ടുപോകാൻ കഴിയാതിരുന്നത് ഒരു പക്ഷെ പുതിയ വിദ്യാലയം തുടങ്ങേണ്ടതിന്റെ ആവശ്യകതകളിലേക്ക് കടക്കാൻ പ്രവർത്തകസമിതിയെ പ്രേരിപ്പിച്ചിരുന്നിരിക്കാം. കലകൾ അഭ്യസിപ്പിക്കുന്നതിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ പ്രധാനപങ്ക് അദ്ധ്യാപകർക്ക് കൊടുത്തുകൊണ്ട് ബാക്കിവരുന്ന ഒരംശം ഭരണ നിർവ്വഹണത്തിനും ദൈനംദിന ചെലവുകൾക്കും വേണ്ടി ഉപയോഗിക്കാമെന്നുമുള്ള ചിന്ത കലാക്ഷേത്ര തുടങ്ങുന്നതിനു പ്രേരകമായി.
ഭരണസമിതിയിലെ അംഗങ്ങൾ ഓരോരുത്തരും പല പല പേരുകൾ മുന്നോട്ടുവെച്ചെങ്കിലും കൂടുതൽ പേർക്കും സ്വീകാര്യമായത് 'കലാക്ഷേത്ര' എന്ന പേരായിരുന്നു. ഏതൊക്കെ കലകൾ ആരെയൊക്കെ അദ്ധ്യാപകരായി വച്ച് പഠിപ്പിക്കണം എന്നായി പിന്നത്തെ ചിന്ത. ഏറെ താമസിയാതെ ഭരതനാട്യം അദ്ധ്യാപികയായി ശ്രീമതി രാധികയും, മോഹിനിയാട്ടം അദ്ധ്യാപികയായി അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമായ ശ്രീമതി ശ്രീദേവി ഉണ്ണിയും നിയമിതരായി. അകാലത്തിൽ വിടപറഞ്ഞ മലയാളത്തിലെ മികച്ച അഭിനേത്രിയായിരുന്ന കുമാരി മോനിഷയുടെ അമ്മ കൂടിയാണ് ശ്രീമതി ശ്രീദേവി ഉണ്ണി. ഇരു അധ്യാപികമാരും കേരള കലാമണ്ഡലത്തിൽ നിന്നും കലാകേരളത്തിന് ലഭിച്ച വരദാനമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ