പേജുകള്‍‌

കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: ഭാഗം-4

 

പലവർണ്ണങ്ങൾ:-

പല കാരണങ്ങൾ കൊണ്ടും 2014 ൽ നടക്കാതിരുന്ന കായികദിനം നീങ്ങി നീങ്ങി ഒടുവിൽ 2015 മാർച്ച് 15നാണു നടന്നത്. അന്നേദിവസം ഏകദിന ക്രിക്കറ്റിന്റെ ലോകകപ്പ് വിജയിയെത്തേടിയുള്ള അന്തിമ മത്സരം നടക്കുന്നതിനാൽ ആളുകൾ കുറയാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടുകൊണ്ടു മൈതാനത്ത് ഒരു വലിയ വെള്ളിത്തിര ഉയർത്തി കെ കെ എസ് കായികദിനത്തിൽ പങ്കെടുക്കുന്നവർക്ക് ആ മത്സരത്തിന്റെ തത്സമയ സംപ്രേഷണം കാണാൻ അവസരമൊരുക്കി.  

പതിവിന് വിപരീതമായി ഇത്തവണ രണ്ടു ദിവസമായാണ് (ആദ്യദിനം വൈകുന്നേരവും അടുത്ത പകലും) ഓണാഘോഷം നടത്തിയത്. ആദ്യദിനം സായാഹ്നത്തിൽ പ്രമുഖ ടി വി ചാനലിലെ സംഗീത മത്സരാർത്ഥികളുടെ  ഗാനമേളയും പിറ്റേന്ന് സമാജം അംഗങ്ങളുടെയും മറ്റും കലാപരിപാടികളുമായിരുന്നു ഉണ്ടായിരുന്നത്. വിഭവസമൃദ്ധമായ ഓണസദ്യ രണ്ടാംദിനമായിരുന്നു. 

ആ വർഷം നവംബർ അവസാനം (27 - 29) സൂര്യകൃഷ്ണമൂർത്തി അണിയിച്ചൊരുക്കിയ കേരളോത്സവത്തിന്റെ സംഘാടകരുടെ കൂട്ടത്തിൽ കുംദലഹള്ളി കേരള സമാജവും ഉണ്ടായിരുന്നു. 2012 ലെ വിവിധ മത്സരങ്ങൾ നടത്തിയതൊഴിച്ചാൽ ബാംഗ്ലൂർ നഗരത്തിലെ മലയാളികൾക്കിടയിലും മറ്റു സംഘടനകൾക്കിടയിലും സമാജത്തിന് ഏറെ മതിപ്പുണ്ടാക്കിക്കൊടുത്ത ഒരു പരിപാടിയായിരുന്നു കേരളോത്സവത്തിലെ സംഘാടനം. സമാജം നടത്തിയ 'തട്ടുകട' കാണികളുടെ മനസ്സ് മാത്രമല്ല വയറും നിറച്ചിരുന്നു. സമാജം അംഗങ്ങൾ രാപകലില്ലാതെ കേരളോത്സവത്തിന്റെയും തട്ടുകടയുടെയും വിജയത്തിനായി പ്രയത്നിക്കുകയും എല്ലാവരുടെയും മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തു. 

ചെന്നൈപട്ടണത്തെ മുക്കിക്കൊണ്ട് ഒഴുകിയെത്തിയ പ്രളയത്തിൽ വലഞ്ഞ സഹോദരങ്ങൾക്ക് കൈത്താങ്ങായി മാറാനും സമാജം മറന്നില്ല. സമാജം അംഗമായ ശ്രീ ഷിജു ടി വി, Shastha Pool-ന്റെ ഉടമയും സമാജത്തിലെ മറ്റൊരു അംഗവുമായ ശ്രീ രതീഷ് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് വേണ്ട അവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ സമാജത്തിലെ സുമനസ്സുകൾ മുന്നിട്ടിറങ്ങി. ഡിസംബർ 5 ന് സാധനങ്ങൾ നിറച്ച ലോറി ചെന്നൈയിലെ വിവിധ ആശ്വാസകേന്ദ്രങ്ങൾ ലക്ഷ്യമാക്കി കുതിച്ചു.

സമാജത്തിൽ ചേരാനുള്ള പ്രവേശനധനം 500 രൂപയിൽ നിന്നും 1000 ആയി ഉയർത്തിയതും കാര്യാലയ നടത്തിപ്പിലേക്കായി അംഗങ്ങളിൽ നിന്നും വാർഷിക ഫീസിനത്തിൽ 200 രൂപ വാങ്ങാൻ തുടങ്ങിയതും ഇതേ വർഷമായിരുന്നു. 

കൂടാതെ ആശയവിനിമയത്തിനും സമാജത്തിന്റെ പ്രചാരത്തിനുമായി സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കാൻ തുടങ്ങിയതും ഈ വർഷം തന്നെയായിരുന്നു. Facebook, WhatsApp തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ കൂടാതെ സമാജത്തിന്റെ പേരിൽ Website എന്ന ലക്ഷ്യത്തിലേക്ക് നീങ്ങിയതും ഈ തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇതിന് മുൻകൈയ്യെടുക്കുകയും അതും പ്രാപ്തമാക്കുകയും ചെയ്ത സഹകാര്യദർശ്ശി കൂടിയായ ശ്രീ സന്തോഷ് പി എസ്സിനെയും അദ്ദേഹത്തിന്റെ സ്ഥാപനമായ Smruthi Technology യേയും ഈ അവസരത്തിൽ സ്മരിക്കാതിരിക്കാനാവില്ല.

അംഗങ്ങളുടെ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഗ്രന്ഥശാല തുടങ്ങാനുള്ള പദ്ധതി പ്രവർത്തകസമിതിയിലെ പലർക്കുമുണ്ടായിരുന്നു. അവർ പ്രമുഖ പുസ്തകപ്രസാധകരായ ഡി സി ബുക്സിനെ ബന്ധപ്പെടുകയും അവർ പുസ്തകങ്ങൾ തരാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നെങ്കിലും എന്തുകൊണ്ടോ ഗ്രന്ഥശാല എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ 2015 ന് കഴിഞ്ഞില്ല.

ശിശിരം: 

കഴിവിലും കാര്യപ്രാപ്തിയിലും സമാജത്തിനു ചെയ്ത സേവനങ്ങളിലും ഒന്നിനൊന്നു മികച്ചു നിന്നെങ്കിലും കാര്യങ്ങൾ നടത്തിയെടുക്കാൻ സ്വയം മുന്നിട്ടിറങ്ങിയോ മറ്റുള്ളവരിലൂടെയോ നടത്തിയെടുക്കുന്നതിൽ പ്രാവീണ്യമുണ്ടായിരുന്ന സ്ഥാപക കാര്യദർശ്ശിക്കും രണ്ടാം കാര്യദർശ്ശിക്കും  പൊതുവായി ഉണ്ടായിരുന്ന ഗുണം എന്തെന്നാൽ ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് പിന്നോട്ട് പോകുന്ന സ്വഭാവം ഇല്ലായിരുന്നു എന്നതാണ്. സമാജം നിലവിൽ വരാനും അതിന്റെ വളർച്ചയ്ക്കും ഉപോൽബലകമായതും ഈ വിട്ടുവീഴ്ചയില്ലാത്ത നിശ്ചയദാർഢ്യം തന്നെ. അയ്യപ്പക്ഷേത്രനിർമ്മാണത്തിന്റെ തിരക്കിൽപെട്ട് ഒന്നാം കാര്യദർശി പടിയിറങ്ങിയപ്പോൾ 2016 ലെ ജനാധിപത്യത്തിൽ അധിഷ്ഠിതമായ തിരഞ്ഞെടുപ്പ് പരീക്ഷയിലൂടെ രണ്ടാം കാര്യദർശിയും പടിയിറങ്ങി. എങ്കിലും സമാജത്തിനായി അവർ ചെയ്ത കാര്യങ്ങൾ എന്നും ഓർമ്മിക്കപ്പെടേണ്ടത് തന്നെയാണ്.

സ്ഥാപക അദ്ധ്യക്ഷൻ ശ്രീ കെ വി ജി നമ്പ്യാരും ഒരു വെല്ലുവിളിയെന്നോണം കാര്യദർശ്ശി പദം പുതുതായി ഏറ്റെടുത്ത ശ്രീ രജിത് നമ്പ്യാരും നയിച്ച മൂന്നാം ഭരണ-പ്രവർത്തകസമിതികൾ മുൻകാലങ്ങളിലെ പോലെ സമാജം അംഗങ്ങളെയും പുറമെ നിന്നുള്ള പ്രൊഫഷണൽ കലാകാരന്മാരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഗംഭീരമായ ഓണാഘോഷത്തോടെ തങ്ങളുടെ പ്രവർത്തനം തുടങ്ങുകയും ഒരു കാരണവശാലും പ്രവർത്തനങ്ങൾ പിന്നോട്ട് പോവില്ല എന്നുറപ്പിച്ചുകൊണ്ടു മുന്നോട്ടു യാത്ര തുടങ്ങിയ അവസരത്തിലാണ് അദ്ധ്യക്ഷന്റെ അപ്രതീക്ഷിതമായ ദേഹവിയോഗം സംഭവിക്കുന്നത്. 

ആ ഒഴിവിലേക്ക് മുൻ ഉപാദ്ധ്യക്ഷൻ ശ്രീ മാധവൻ നായരെ പോലെയുള്ളവരെ പരിഗണിച്ചെങ്കിലും ഒടുവിൽ ആദ്യ യുവജനവേദി അദ്ധ്യക്ഷനായിരുന്ന ശ്രീ നന്ദകുമാറിനെ അവരോധിച്ചു കൊണ്ട് സമാജത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോയി എന്നിരുന്നാലും സാഹിത്യതല്പരനും കലാപ്രേമിയും സമാജത്തിന്റെ മാർഗ്ഗനിർദ്ദേശകനുമായിരുന്ന ശ്രീ കെ വി ജി നമ്പ്യാരുടെ വേർപാട് സമാജത്തെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത ഒരു നഷ്ടം തന്നെയായിരുന്നു. അങ്ങനെ സമാജത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രയത്നിച്ചവരുടെ അഭാവം കണ്ടുകൊണ്ടാണ് 2016 വിടവാങ്ങിയതും പുതുവർഷം കടന്നുവന്നതും.

2016 ന്റെ അവസാനം സമാജത്തെ ബാധിച്ച സമയദോഷം അടുത്തവർഷവും സമാജത്തെ പിന്തുടർന്നു എന്നുവേണം കരുതാൻ. രണ്ടുവർഷം മുൻപ് മാത്രം ഏറെ വിയർപ്പൊഴുക്കി കെട്ടിപ്പൊക്കിയ കലാക്ഷേത്രയുടെ കെട്ടിടം എത്രയും പെട്ടെന്ന് ഒഴിയണമെന്ന ആവശ്യം സ്ഥലമുടമ മുന്നോട്ട് വെച്ചത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിക്ക് ഏറ്റ അപ്രതീക്ഷിതമായ ഒരാഘാതമായിരുന്നു. പുതിയൊരു സ്ഥലം പെട്ടെന്ന് കണ്ടുപിടിക്കുക, കെട്ടിടം പൊളിച്ചു പണിയുക എന്ന വെല്ലുവിളിയോടൊപ്പം നിലവിലെ പഠനക്ലാസ്സുകൾക്ക് ഭംഗം വരാതെ നടത്തിക്കൊണ്ടുപോകാൻ ഒരു താൽക്കാലികസംവിധാനം കണ്ടുപിടിക്കേണ്ട അവസ്ഥയും സംജാതമായി. 

നിലവിലെ കെട്ടിടം ഒഴിയേണ്ടി വന്നതിനാൽ കുറച്ചു കാലത്തേക്ക് ക്ലാസുകൾ നിർത്തിവെക്കേണ്ട അവസ്ഥപോലുമുണ്ടായി. ഇതിനിടയിൽ ഭരണമാറ്റം ഉൾക്കൊള്ളാനാവാതെ പോയവരുടെ ഭാഗത്ത് നിന്നും സമാജത്തിന്റെ പ്രവർത്തനം നിലച്ച് അടച്ചുപൂട്ടിയെന്ന രീതിയിലുള്ള കുപ്രചരണങ്ങൾ  സജീവമായി നടക്കുന്നുണ്ടായിരുന്നു. കൂടാതെ രാഷ്ട്രീയ-മത ചേരിതിരിവിന്റെ ഭാഗമായി സമാജം മാറിയെന്ന മുറുമുറുക്കലുകളും നേരിടേണ്ട അവസ്ഥയും പുതിയ ഭരണസമിതിക്ക് നേരിടേണ്ടി വന്നു. എങ്കിലും സമിതിയിലെ അംഗങ്ങളെല്ലാം ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി കലാക്ഷേത്രയിലെ സാധനങ്ങൾ തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് മാറ്റി പഠനാവശ്യങ്ങൾക്കും ഭരണകാര്യങ്ങൾക്കുമായി മറ്റൊരു സ്ഥലം തൽക്കാലത്തേക്ക് കണ്ടെത്തുവാനും ഏറെ താമസിയാതെ നിലവിലെ സ്ഥലത്തു നിന്നും അധികം ദൂരെയല്ലാതെ മനോഹരവും കൂടുതൽ സൗകര്യങ്ങൾക്ക് ഉതകുന്നതുമായ ഒരു സ്ഥലം കാര്യദർശ്ശിയുടെ നേതൃത്വത്തിൽ കണ്ടുപിടിക്കാനും കഴിഞ്ഞു.

പുതുമുകുളങ്ങൾ:-

ഭരണമാറ്റം ഉൾക്കൊള്ളാനാവാതെ പ്രവർത്തകസമിതിയിൽ നിന്നും ഇറങ്ങിപ്പോയ രണ്ടുപേരുടെ ഒഴിവിലേക്ക് ആർജ്ജവമുള്ള ആൾക്കാർ വന്നതോടെ പതിവ് ഓണപ്പരിപാടികൾക്ക് പുറമെ സമാജത്തിലെ അംഗങ്ങളുടെ അറിവും കഴിവും വർദ്ധിപ്പിക്കാനുള്ള പുതിയ കുറച്ച് കാര്യപരിപാടികൾക്ക് കൂടി തുടക്കം കുറിക്കാൻ സമാജത്തിന് കഴിഞ്ഞതാണ് 2017 ന്റെ പ്രത്യേകത. 

കലാക്ഷേത്രയിൽ പുതിയ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞു എന്നത് കൂടാതെ കലാക്ഷേത്രയിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കും അവരുടെ അദ്ധ്യാപകർക്കും തങ്ങളുടെ കഴിവ് പൊതുജനസമക്ഷം അവതരിപ്പിക്കാൻ ഒരു വേദി ഒരുക്കുക എന്ന സദുദ്ദേശത്തോടെ വാർഷികാഘോഷം കൂടി ആരംഭിച്ചതാണ് പ്രധാന നേട്ടം (മഹാമാരിയുടെ സമയത്ത് മാറ്റിനിർത്തിയതൊഴിച്ചാൽ രണ്ടുതവണ ഈ ആഘോഷം നടത്തുകയുണ്ടായി. ജൂൺ-ജൂലൈ മാസങ്ങളിലെ ഏതെങ്കിലും ഒരു വാരാന്ത്യമായിരുന്നു ഈ മാമാങ്കം അരങ്ങേറിയിരുന്നത്). പ്രശസ്ത അഭിനേത്രിയായ ശ്രീമതി കമനീധരൻ മുഖ്യാതിഥിയായിരുന്നു.

2017 വർഷത്തെ ഓണാഘോഷം ഒരുപക്ഷെ ബാംഗളൂരിലെ മറ്റു മലയാളി സംഘടനകളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് കുംദലഹള്ളി കേരള സമാജം കൊണ്ടാടിയത്. കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാൽ ഓണസദ്യയുടെ കാര്യത്തിൽ പരിപൂർണമായും പ്രകൃതി സൗഹൃദമായി ഒരു തരി പോലും പ്ലാസ്റ്റിക് ഉപയോഗിക്കാതെ വാഴയിലയും സ്റ്റീൽ പാത്രങ്ങളും മാത്രമുപയോഗിച്ചുകൊണ്ട് നടത്തിയ അവശിഷ്ടരഹിത (Zero Waste) പരിപാടിയായി അത്തവണത്തെ ഓണക്കാലത്തിനെ മാറ്റിയെടുക്കാൻ പ്രവർത്തകസമിതിക്ക് കഴിഞ്ഞു. ഇങ്ങനെയൊരാശയം മുന്നോട്ടു വെച്ചതും അതിന് ചുക്കാൻ പിടിച്ചതും സമിതിയംഗമായ ശ്രീമതി രേഖ അരവിന്ദായിരുന്നു. മറ്റുള്ള സംഘടനകളുടെ ഇടയിൽ വളരെയധികം കൈയ്യടി നേടിയ ഒരാശയമായിരുന്നിത്. 

നല്ലൂർഹള്ളിയിലെ ഒരു സർക്കാർ പള്ളിക്കൂടത്തിൽ പഠിക്കുന്ന നിർധനരായ കുട്ടികൾക്ക് കണ്ടും പഠിച്ചും വളരാനായി അവിടുത്തെ ചുമരുകളും മതിലുകളും അക്ഷരങ്ങളും അക്കങ്ങളും കൊണ്ട് നിറച്ചതും സമൂഹത്തിനായി സമാജം ചെയ്ത നല്ലൊരു പ്രവർത്തിയായിരുന്നു. നിറം മങ്ങി ചളി പിടിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന പള്ളിക്കൂടത്തിന്റെ ചുമരുകൾ സമാജത്തിന്റെ അംഗങ്ങളുടെ കരസ്പർശത്താൽ വർണ്ണാഭമായി മാറി. ബഹുവർണ്ണത്തിലുള്ള ചിത്രങ്ങളും ആംഗല-കന്നഡ അക്ഷരങ്ങളും സംഖ്യകളും നിഷ്കളങ്കരായ കുട്ടികളോട് കളിപറഞ്ഞ് കൂട്ടുകൂടാനെത്തി. അവ ആ കുരുന്നുമനസ്സുകളിൽ ആയിരം മഴവില്ലുകൾ വിരിയിച്ചു. 

നവംബർ 1 ന്റെ കേരളപ്പിറവിയോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരത്തിന് തുടക്കം കുറിച്ചതാണ് മറ്റൊരു നേട്ടം. പുതുതായി ഭരണസമിതി അംഗമായ ശ്രീ രാജേഷ് കരിമ്പിൽ ആയിരുന്നു ഇതിനു ചുക്കാൻ പിടിച്ചത്. കേരളത്തെ ആസ്പദമാക്കി മലയാളത്തിൽ തയ്യാറാക്കിയ ഈ പരിപാടി മത്സരാർത്ഥികൾക്കും കാണികൾക്കും അറിവ് വർദ്ധിപ്പിക്കാൻ വളരെ ഉതകുന്നതായിരുന്നു. ചോദ്യങ്ങൾ തിരഞ്ഞെടുത്ത രീതി കൊണ്ടും അവതരണഭംഗികൊണ്ടും പ്രശ്നോത്തരി പരിപാടി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാൻ ഇടയാക്കി. 

കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ ശ്രീ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ താല്പര്യപ്രകാരം സമാജത്തിലെ അംഗങ്ങളുടെ സാഹിത്യതല്പരത വർദ്ധിപ്പിക്കുക, അവരിലുള്ള എഴുതാനുള്ള വാസന ഉണർത്തുക എന്ന ലക്‌ഷ്യം മുൻനിറുത്തി കവിതാരചന മത്സരം തുടങ്ങിയതാണ് മൂന്നാമത്തെ നേട്ടം. വിജയികൾക്കുള്ള സമ്മാനത്തുക നമ്പ്യാരുടെ കുടുംബത്തിന്റെ വകയായിരുന്നു. 2017ൽ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കവിതാമത്സരം വിധിനിർണ്ണയം നടത്തി വിജയികളെ പ്രഖ്യാപിച്ചത് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ മുരുകൻ കാട്ടാക്കട ആയിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ശ്രീ നമ്പ്യാരുടെ സ്മരണ ദിനമായ ഡിസംബർ 15ന് ഫലപ്രഖ്യാപനം നടത്തുന്ന രീതിയിലേക്ക് ഈ മത്സരത്തെ ക്രമപ്പെടുത്തി. 

പറിച്ചുനടൽ:-

2018 എന്ന് പറയുന്നത് സമാജത്തെ സംബന്ധിച്ചിടത്തോളം വളരെയധികം വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു. അപ്രതീക്ഷിതമായ സംഭവങ്ങൾ സമാജത്തിനെ സാമ്പത്തികമായും ബാധിച്ചു. താൽക്കാലിക സംവിധാനങ്ങൾ ഒരുക്കേണ്ടിവന്നതും പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും സാമ്പത്തികമായി ക്ഷീണം ഏൽപ്പിച്ചു എങ്കിലും കരുതൽ ധനവും അംഗങ്ങളുടെ നിർലോഭമായ സഹായസഹകരണങ്ങളും കൊണ്ട് പഴയതിലും മികച്ച സൗകര്യത്തോടെ പുതിയ കെട്ടിടം പണികഴിപ്പിക്കാനായി. കെട്ടിടത്തിന്റെ പണി തുടങ്ങി  തീരുന്നത് വരെയുള്ള കാലഘട്ടത്തിലെ തന്റെ  ശമ്പളം കെട്ടിടനിർമ്മാണത്തിനായി നീക്കിവെച്ച കലാക്ഷേത്രയിലെ വയലിൻ അദ്ധ്യാപകൻ ശ്രീ കമലേഷയ്യ മതാവരയുടെ വിശാലമനസ്കത എല്ലാവരാലും ഏറെ പ്രശംസിക്കപ്പെട്ടു. കലാക്ഷേത്രയുടെ പുതിയ കെട്ടിടത്തിന് നേതൃത്വം വഹിച്ചവരിൽ ശ്രീ ശ്രീകണ്ഠൻ, ശ്രീ ഗോപാലകൃഷ്‌ണൻ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന അംഗങ്ങളുടെ സംഭാവനകൾ എടുത്തു പറയേണ്ടത് തന്നെയാണ്. സ്വന്തം വീട് പണിയുന്ന ആത്മാർത്ഥതയോടെയാണ് അവർ ഓരോ ദിവസവും അതിന് വേണ്ടി ചിലവഴിച്ചത്.

2018 പകുതിയോടെ തുടങ്ങിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായത് സെപ്റ്റംബർ മാസത്തിലാണ്. ശ്രീമതി ശ്വേത വിജയകുമാറാണ് പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം ഔദ്യോഗികമായി നിർവ്വഹിച്ചത്.  അതോടൊപ്പം സ്ഥാപക പ്രസിഡന്റിന്റെ നാമത്തിൽ സമാജത്തിൽ ഒരു ഗ്രന്ഥാലയവും തുടങ്ങി. അംഗങ്ങളുടെ നിർലോഭമായ സഹായം ഇവിടെയും കാണാൻ സാധിച്ചു. പലരും പുസ്തകങ്ങൾ ഗ്രന്ഥാലയത്തിലേക്ക് സംഭാവന ചെയ്തു. HAL ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി കലാ സമിതി, സ്ഥാപക പ്രസിഡന്റിന്റെ മകനും സമാജത്തിന്റെ ആദ്യ രണ്ടു പ്രവർത്തകസമിതികളിലെ അംഗമെന്ന നിലയിൽ നിസ്തുലമായ സേവനം നൽകിയിരുന്ന ശ്രീ ആനന്ദ് നമ്പ്യാർ എന്നിവരൊക്കെ പുസ്തകങ്ങൾ വാങ്ങാനായി അകമഴിഞ്ഞ് ധനസഹായം നൽകി. 

ഗ്രന്ഥാലയം ഉപയോഗിക്കാൻ പ്രത്യേക അംഗത്വം തുടങ്ങിയത് സമാജത്തിന് ചെറിയതോതിലുള്ള ഒരു വരുമാനമാർഗ്ഗം കൂടിയായി. മലയാളത്തിലെയും കന്നഡയിലെയും അറിയപ്പെടുന്ന എഴുത്തുകാരനും HAL ലെ കൈരളി കലാസമിതി പ്രസിഡന്റുമായ ശ്രീ സുധാകരൻ രാമന്തളിയാണ് ഗ്രന്ഥശാല വായനാപ്രേമികൾക്കായി തുറന്നുകൊടുത്തത്. തന്റേതുൾപ്പെടെയുള്ള ഏതാനും പുസ്തകങ്ങൾ അദ്ദേഹം ഗ്രന്ഥശാലയിലേക്ക് സംഭാവന ചെയ്തു. നിലവിൽ പല ഭാഷകളിലുള്ള നിരവധി പുസ്തകങ്ങളുടെ കലവറയാണ് KKS-ലെ കെ വി ജി നമ്പ്യാർ സ്മാരക ഗ്രന്ഥശാല.

                                                                                                              തുടരും ...........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ