പേജുകള്‍‌

കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: ഭാഗം-1

 

അദ്ധ്യായം 1: നാന്ദി


'സമാജം' എന്ന വിത്ത്:-

ഏകദേശം ഒരേകാലയളവിൽ (?) രണ്ടപരിചിതരുടെ മനസ്സിൽ രൂപംകൊണ്ട ഒരാശയം അവരുടെ കണ്ടുമുട്ടലിലൂടെ അഥവാ പരിചയപ്പെടലിലൂടെ സാക്ഷാത്കാരം കൊള്ളുക എന്ന അപൂർവ്വതയാണ് കുംദലഹള്ളി കേരളസമാജത്തിന്റെ രൂപീകരണത്തെ കുറിച്ച് പറയുമ്പോൾ എടുത്തുപറയേണ്ടുന്ന കാര്യം. സമാജത്തിന്റെ സ്ഥാപക അദ്ധ്യക്ഷനായ (പ്രസിഡണ്ട്) ശ്രീ കെ വേണുഗോപാൽ നമ്പ്യാരും സ്ഥാപക കാര്യദർശ്ശി (സെക്രട്ടറി)യായ ശ്രീ പി എൻ യോഗിദാസുമായിരുന്നു മേൽപ്പറഞ്ഞ അപരിചിതർ.

 HALൽ ജോലി ചെയ്തിരുന്ന സമയത്ത് ആഴവും പരപ്പുമുള്ള വായനയിലൂടെ ആർജ്ജിച്ച അറിവും അളന്നുകുറിച്ചുള്ള പ്രസംഗങ്ങളും കാരണം അവിടുത്തെ സംഘടനാനേതാക്കളിൽ ഒരാളായിരുന്ന ശ്രീ നമ്പ്യാരെ സംബന്ധിച്ചിടത്തോളം അവിടെ നിന്ന് പിരിഞ്ഞു വിശ്രമജീവിതം നയിക്കുന്ന വേളയിൽ തനിക്കു മുൻപോ തന്നോടൊപ്പമോ പിരിഞ്ഞവരും ഇപ്പോഴും ജോലിയിൽ തുടരുന്നവരുമായ അനേകം മലയാളി സഹപ്രവർത്തകർ തന്റെ വാസസ്ഥലത്തിനു ചുറ്റുവട്ടത്തായി ഉണ്ടെന്നത് എന്തുകൊണ്ടൊരു സമാജം തുടങ്ങിക്കൂടാ എന്ന ചിന്തയിലേക്ക് നയിച്ചത് സ്വാഭാവികം മാത്രമായിരുന്നു. എന്നാൽ അത്ര ആശാവഹമായ പ്രതികരണങ്ങളല്ലത്രേ അദ്ദേഹത്തിന് ലഭിച്ചത്. തങ്ങൾ ഒരു സംഘടനയിൽ അല്ലെങ്കിൽ മറ്റൊന്നിൽ അംഗങ്ങളാണ് എന്നുള്ളതുകൊണ്ടോ അതല്ലെങ്കിൽ ഇനിയുമൊരു സംഘടനയുടെ ആവശ്യകതയെക്കുറിച്ചു ബോധ്യം വരാഞ്ഞിട്ടോ എന്തോ പലരും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുകയായിരുന്നുവത്രെ.

BELൽ നിന്ന് പിരിഞ്ഞു വിശ്രമജീവിതത്തിനായി AECS Layoutലുള്ള മകന്റെ വീട്ടിലെത്തിയ ബഹുമുഖപ്രതിഭയും വെറുതെയിരുന്ന് ശീലമില്ലാത്തയാളുമായ ശ്രീ യോഗിദാസാകട്ടെ ബാംഗ്ലൂർ നഗരത്തിന്റെ ഇതരഭാഗങ്ങളിൽ താമസിച്ചിരുന്നപ്പോൾ അവിടെയൊക്കെയുള്ള സമാജങ്ങളിൽ ഔദ്യോഗികസ്ഥാനങ്ങൾ വഹിക്കുകയും കലാസാംസ്കാരിക പ്രവർത്തനങ്ങളിലും മറ്റും സംഘടനമികവ് തെളിയിച്ചിരുന്ന ആളുമായതിനാൽ  തന്റെ പുതിയ വാസസ്ഥലമായ കുംദലഹള്ളിയിലും ഒരു സമാജം വേണമെന്ന് ചിന്തിച്ചതിൽ അത്ഭുതമേതുമില്ല.

അങ്ങനെയിരിക്കെയാണ് ഒരു പൊതുസുഹൃത്ത് വഴി ഇരുവരും പരിചയപ്പെടുന്നതും മലയാളികൾക്ക് വേണ്ടി ഒരു പൊതു ഇടം എന്നതിന്റെ ആവശ്യവും പ്രാധാന്യവും മനസ്സിലാക്കി കേരള സമാജം എന്ന ആശയസാക്ഷാൽക്കാരത്തിന്റെ പൂർത്തീകരണത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുന്നതും. അവിടെ തുടങ്ങുന്നു കുംദലഹള്ളി കേരള സമാജത്തിന്റെ ഭ്രൂണാവസ്ഥ.  

വിത്ത് പാകുന്നു:-

മൃദുഭാഷിയെങ്കിലും പൊതുവെ എല്ലാവരുടെയിടയിലും ബഹുമാന്യനും സ്വീകാര്യനുമായ ശ്രീ നമ്പ്യാരും സമാജങ്ങൾ രൂപീകരിച്ചും നടത്തിപ്പിൽ ഭാഗഭാക്കായും പരിചയസമ്പത്തുള്ള ശ്രീ യോഗിദാസും ഒരുമിച്ചപ്പോൾ പിന്നീടുള്ള പ്രവർത്തനങ്ങൾ ധൃതഗതിയിലായി. സമാജം എന്ന ആശയം പുനരവതരിപ്പിച്ചപ്പോൾ താല്പര്യം പ്രകടിപ്പിച്ച നാലഞ്ചു പേരുടെയൊപ്പം AECS Layoutലെ മലയാളികളുടെ വീടുകളിൽ കയറിയിറങ്ങി ആളുകളെ സംഘടിപ്പിക്കാൻ തുടങ്ങി. 

കുംദലഹള്ളിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ ക്ഷേമത്തിനും സാമൂഹ്യസുരക്ഷിതത്വത്തിനും  വേണ്ടിയുള്ള ഒരു സർക്കാർ അംഗീകൃത സംഘടന സ്ഥാപിക്കുകയെന്ന ഏക ലക്ഷ്യം മനസ്സിൽ വെച്ച് കൊണ്ട് ശ്രീ യോഗിദാസിന്റെ നേതൃത്വത്തിൽ 2011 സെപ്റ്റംബർ 9 ന് (തിരുവോണദിവസം വൈകുന്നേരം) ഒരുകൂട്ടം ആളുകൾ ശ്രീ കെ വി ജി നമ്പ്യാരുടെ വീട്ടിൽ ആദ്യത്തെ യോഗം ചേർന്നു. 

യോഗത്തിൽ പങ്കെടുത്തവർ (ശ്രീ പി ശിവരാമൻ, ശ്രീ രഘുനാഥൻ, ശ്രീ സി ആർ മാധവൻ നായർ, ശ്രീ ടി എം എസ് നമ്പീശൻ, ശ്രീ സ്വാമിനാഥൻ, ശ്രീ ഉണ്ണി മാധവൻ, ശ്രീ രാമചന്ദ്രൻ കെ, ശ്രീ ജോർജ് സെബാസ്റ്റ്യൻ, ശ്രീ ജോസഫ്, ശ്രീ വൈ എസ് വിനോദ്, ശ്രീ ഗോപാലൻ, ശ്രീ കെ കെ മാത്തൻ, ശ്രീ ശിവശങ്കരൻ) കൂടിയാലോചനകളിലൂടെ എങ്ങനെയായിരിക്കണം സമാജം, എന്തായിരിക്കണം ഉദ്ദേശം, അതിന്റെ പ്രവർത്തനരീതികൾ ഏതുവിധത്തിലുള്ളതായിരിക്കണം, അംഗത്വത്തിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെ, പ്രവർത്തക സമിതി, ഭരണസമിതി അംഗങ്ങളെ എങ്ങനെ തിരഞ്ഞെടുക്കാം തുടങ്ങി പലകാര്യങ്ങളും ചർച്ച ചെയ്തു തീരുമാനമാക്കി. അവിടെ വെച്ച് പുതിയ സമാജത്തിന്റെ വിത്ത് അവർ ഈ മണ്ണിൽ പാകി. 

തുടർന്നും നിരന്തരം ചർച്ചകൾ നടത്തി. പല നിർദ്ദേശങ്ങളും വന്നെങ്കിലും അതിൽ നിന്ന് എല്ലാവർക്കും ഏറ്റവും സ്വീകാര്യമായ 'കുംദലഹള്ളി കേരള സമാജം' എന്ന പേര് തിരഞ്ഞെടുത്തു. സമാജത്തിന്റെ ഭരണനിർവഹണ നടപടിക്രമങ്ങളുടെയും നിയമങ്ങളുടെയും കുറിപ്പ് ഉണ്ടാക്കാൻ അന്നത്തെ യോഗം ശ്രീ യോഗിദാസിനെ ചുമതലപ്പെടുത്തുകയുണ്ടായി. കേരളത്തനിമയുള്ള എന്നാൽ ജാതിമതരാഷ്ട്രീയ ചിഹ്നങ്ങൾ ഒന്നുമില്ലാത്ത അർത്ഥപൂർണ്ണവും മനോഹരവുമായ ഒരു പ്രതീകമുദ്ര (logo) അദ്ദേഹം രൂപകൽപന ചെയ്തു. മുദ്രയുടെ ആദ്യ പകുതി പ്രതിനിധാനം ചെയ്യുന്നത് കലയും സംസ്കാരവും ആണെങ്കിൽ രണ്ടാം പകുതി സൂചിപ്പിക്കുന്നത് ഐശ്വര്യവും സമ്പത്സമൃദ്ധിയും ആകുന്നു. 

താഴെ പറയുന്ന പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള നിയമങ്ങൾ ചേർത്തുകൊണ്ട് വിശദമായൊരു നിയമാവലിയും (bylaw) സമാജത്തിനു വേണ്ടി യോഗീദാസ് തയ്യാറാക്കുകയുണ്ടായി. നിയമാവലിയും മുദ്രയും അന്നത്തെ സമിതി ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.

നിയമാവലിയിലെ പ്രധാന നിർദ്ദേശങ്ങൾ: 

1. അംഗത്വം ആജീവനാന്തമായിരിക്കും.

2. ബാംഗ്ലൂർ നഗരത്തിൽ എവിടെയും താമസിക്കുന്ന, 18 വയസ്സ് തികഞ്ഞ ഏതൊരു മലയാളിക്കും അംഗത്വത്തിന് അപേക്ഷിക്കാവുന്നതാണ്. 

3. 7 ഭരണസമിതി അംഗങ്ങൾ ഉൾപ്പടെ 25 പേരടങ്ങുന്ന പ്രവർത്തകസമിതിയുടെ കാലാവധി 2 വർഷമായിരിക്കും. 

4. എല്ലാ അംഗങ്ങളും ഉൾപ്പെട്ട സംഘടനയാണ് (general body) എല്ലാത്തിന്റെയും സർവ്വാധികാരി. 

5. സമാജം ജാതി-മത-രാഷ്ട്രീയഭേദമെന്യേ പ്രവർത്തിക്കുന്നതായിരിക്കും.

വിത്ത് മുളയ്ക്കുന്നു:-

മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഒരുവഴിക്ക് നടക്കുമ്പോഴും ഇതിന്റെ ഔദ്യോഗിക കാര്യങ്ങളുമായി ശ്രീ യോഗിദാസ് മുന്നോട്ടു നീങ്ങുന്നുണ്ടായിരുന്നു. നിയമപരമായി സമാജം തുടങ്ങാനുള്ള സർക്കാരിന്റെ നിർദ്ദേശങ്ങൾ അറിയാൻ രജിസ്ട്രാർ കച്ചേരിയുമായി നിരന്തരം ബന്ധപ്പെട്ടു. ഒരു പരദേശിയോട് സ്വദേശിക്ക് തോന്നാവുന്ന അവഗണനകളും അപമാനങ്ങളും സർക്കാർ കാര്യാലയങ്ങളിൽ നേരിടേണ്ടി വന്നു എങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെയും ഇച്ഛാശക്തിയുടെയും അതൊക്കെ തരണം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. 

താൽക്കാലിക സമിതിയാകട്ടെ അതുവരെ സമാജത്തിൽ അംഗത്വം എടുത്തവരുടെ കൂട്ടത്തിൽ നിന്നും എല്ലാ വിഭാഗക്കാർക്കും പരിഗണന ഉറപ്പാക്കിക്കൊണ്ട് 25 പേരുടെ പ്രവർത്തകസമിതിക്ക് (Executive Committee) രൂപം കൊടുത്തു. നിയമപരമായി സർക്കാർ കാര്യാലയങ്ങളിൽ രേഖപ്പെടുത്താൻ ഒരു മേൽവിലാസം ആവിശ്യമുള്ളതിനാൽ സമാജരൂപീകരണത്തിനായി കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരുന്ന യോഗിദാസിന്റെ മേൽവിലാസം സമാജത്തിന്റെ മേൽവിലാസമായി ഉപയോഗിക്കാനും താൽക്കാലിക സമിതി തീരുമാനിച്ചു. ഒടുവിൽ എല്ലാവിധ പ്രതിബന്ധങ്ങളും തരണം ചെയ്ത് 2011 നവംബർ 11 ന് നിയമപരമായി സമാജം നിലവിൽ വന്നു.

സമാജം ഔദ്യോഗികമായി ജന്മമെടുത്തതിന് ശേഷം ആ മാസം 19 ന് സമാജത്തിന്റെ മേൽവിലാസമായി ഉപയോഗിച്ച Raycon Lotus ൽ ആദ്യത്തെ പ്രവർത്തക സമിതിയുടെ യോഗം ചേർന്നു. സമാജവുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച 25 പേരിൽ നിന്നും കഴിവും കാര്യപ്രാപ്തിയും സംഘടനാപാടവവും പ്രവർത്തിക്കാനുള്ള മനസ്ഥിതിയും ചെലവഴിക്കാനുള്ള സമയവും ഒക്കെ നോക്കി 7 പേരെ ആദ്യത്തെ ഭരണസമിതിയായി (Office Bearers) ആയി തിരഞ്ഞെടുത്തു.  ബാക്കിയുള്ള 18 പേർ പ്രവർത്തകസമിതി (Executive Committee) അംഗങ്ങളായി തുടർന്നു.      

ആദ്യത്തെ ഭരണസമിതി (Office Bearers) അംഗങ്ങൾ ഇവരാണ്: 

ശ്രീ കെ വി ജി നമ്പ്യാർ (അധ്യക്ഷൻ / President) 

ശ്രീ പി എൻ യോഗീദാസ് (കാര്യദർശ്ശി / Secretary) 

ശ്രീ ടി എം എസ് നമ്പീശൻ, ശ്രീ കെ കെ മാത്തൻ (ഉപാധ്യക്ഷന്മാർ / Vice Presidents) 

ശ്രീ ശിവശങ്കരൻ, ശ്രീ യു കെ അത്തിക്കൽ (സഹകാര്യദർശ്ശികൾ / Joint Secretaries) 

ശ്രീ ഉണ്ണി മാധവൻ (ഖജാൻജി / Treasurer) 

സമാജം തുടങ്ങിയെങ്കിലും തുടർന്നുള്ള ഏതാനും ആഴ്ചകൾ അതിന്റെ പ്രാരംഭപ്രവർത്തനങ്ങളും കൂടിയാലോചനകളുമായി പ്രവർത്തകസമിതി മുന്നോട്ടുനീങ്ങി. ഒടുവിൽ പുതുവർഷത്തിൽ ജനുവരി 4 ന് ചേർന്ന യോഗത്തിൽ സമാജത്തിന്റെ ഉദ്‌ഘാടനം ഔദ്യോഗികമായി നടത്താൻ തീരുമാനിക്കുകയും ജനുവരി 29 അതിന് പറ്റിയ ദിവസമായി കണ്ടെത്തുകയും ചെയ്തു. സമാജം സ്ഥാപിതമായെങ്കിലും സ്വന്തമായി കെട്ടിടമോ സാമ്പത്തികഭദ്രതയോ ഇല്ലാത്തതിനാൽ ബി ബ്ലോക്കിലെ ഒരു തുറസ്സായ സ്ഥലത്താണ് (ഇന്നത്തെ ആയുഗ് ആശുപത്രി സ്ഥിതി ചെയ്യുന്നതിന്റെ മുന്നിൽ) ഔപചാരികമായ ഉദ്‌ഘാടനം നടത്തിയത്. 

ഇന്നാട്ടുകാരനായ ഒബുല് റെഡ്ഢിയുടെ സഹായസഹകരണങ്ങൾ സമാജം രൂപീകരിക്കുന്നതിനെ കുറിച്ച് പദ്ധതിയിട്ടത് മുതൽ പല അവസരങ്ങളിലും നിർലോഭം ലഭിക്കുമായുണ്ടായി എന്നതും വിസ്മരിക്കാതിരിക്കേണ്ടതാണ് (സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് ആദ്യമായി സംഭാവന നൽകിയ വ്യക്തിയും അദ്ദേഹമാണെന്നാണ് അറിയാൻ കഴിഞ്ഞത്). AECS Layout ൽ വസിക്കുന്നവരുടെ ക്ഷേമസംഘടനയുടെ അധ്യക്ഷനും മുഖ്യാതിഥിയുമായിരുന്ന ശ്രീ രാഘവേന്ദ്ര നിലവിളക്ക് കൊളുത്തി സമാജത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സമാജത്തിന്റെ പ്രതീകമുദ്ര (logo) ഔദ്യോഗികമായി പുറത്തിറക്കിയത് അന്നായിരുന്നു.

തളിരിലകൾ:-

വീടും കുടുംബവും മാത്രം നോക്കി ജീവിച്ചിരുന്ന സ്ത്രീകളെ കൂടി സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരണം എന്ന ഉദ്ദേശത്തോടു കൂടി അവർക്കു മാത്രമായി Ladies Wing (പിന്നീട് 'സുരഭി' എന്ന പേരിൽ അറിയപ്പെട്ട വനിതാ കൂട്ടായ്മ) ഇതോടൊപ്പം രൂപീകരിച്ചു. സുരഭിയുടെ ആദ്യത്തെ അധ്യക്ഷയായി (Chairperson) ആയി ശ്രീമതി രേഖ അരവിന്ദും, ഉപാധ്യക്ഷയായി (Vice Chairperson) ആയി ശ്രീമതി കവിത രാജഗോപാലും തിരഞ്ഞെടുക്കപ്പെട്ടു. 

കൂടാതെ, യുവാക്കളെയും അടുത്ത തലമുറയിലെ കുട്ടികളെയും സമാജത്തിലേക്ക് ആകർഷിക്കുക, സാമൂഹ്യപരമായും കലാപരമായും കായികപരമായും അവർക്ക് മേന്മയുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ Youth Wing ('യുവജനവേദി') സ്ഥാപിതമായി. ശ്രീ നന്ദകുമാർ നായർ, ശ്രീ ശ്രീജിത്ത് നിഷാന്ത് എന്നിവർ യഥാക്രമം യുവജനവേദിയുടെ അധ്യക്ഷ, ഉപാധ്യക്ഷ (Chairman, Vice Chairman) സ്ഥാനങ്ങളിൽ അവരോധിക്കപ്പെട്ടു.  

യുവജനവേദിയുടെയും സുരഭിയുടെയും ആദ്യത്തെ യോഗങ്ങൾ നടന്നത് കാര്യദർശി താമസിക്കുന്ന കെട്ടിടത്തിലെ ഒരു വിശാലമായ തളത്തിലായിരുന്നു.

ഒരു പക്ഷെ സമാജം അംഗങ്ങൾക്ക് വേണ്ടിയുള്ള ആദ്യത്തെ പരിപാടി എന്ന് വിശേഷിപ്പിക്കാവുന്നത് മാർച്ച് 12 ന് 'അർബുദം - പ്രതിരോധവും ചികിത്സയും' എന്ന വിഷയത്തെപ്പറ്റി Raycon Lotus Premises ലെ ഡോക്ടർ ഷാജി കുടിയത്ത് ((Founder of Cancer Research Institute, The President of Philippines Homeo Foundation) നടത്തിയ ചർച്ചായോഗ(Seminar)മായിരിക്കും. 

സമാജത്തിലെ അംഗങ്ങൾക്കോ അവരുടെ കുടുംബങ്ങൾക്കോ ആപത്ഘട്ടത്തിൽ അടിയന്തിരസഹായം എത്തിക്കുവാനായി ഒരു പ്രത്യേക വിഭാഗം (സാമൂഹ്യ ക്ഷേമ വിഭാഗം) ആരംഭിക്കാൻ 2012 മാർച്ച് 23 ന് ചേർന്ന പ്രവർത്തകസമിതി തീരുമാനിച്ചു. അംഗങ്ങളുടെ ആരോഗ്യക്ലേശം, ദുരിതം, മരണം തുടങ്ങിയ സമയങ്ങളിൽ സാന്ത്വനവുമായി ഓടിയെത്തുക, അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുക എന്നതാണ് പ്രധാന പ്രവർത്തനങ്ങൾ. ഇതിന് നേതൃത്വം കൊടുക്കാനായി കൺവീനർ, ജോയിന്റ് കൺവീനർ എന്നിവരടങ്ങിയ ഒരു ഉപസമിതിക്ക് രൂപം നൽകുകയും ചെയ്തു.

                                                                                                                തുടരും .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ