പേജുകള്‍‌

കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: ഭാഗം-5

 

അതിവർഷം:-

വർഷം മധ്യം പിന്നിട്ടപ്പോൾ പതിവുപോലെ കലാക്ഷേത്രയുടെ വാർഷികാഘോഷത്തിന്റെയും ഓണാഘോഷത്തിന്റെയും ചർച്ചകൾ ആരംഭിച്ചു എങ്കിലും പരിപാടികൾ നടന്നില്ല. അതിനിടയിലാണ് ഒരശനിപാതം പോലെ കേരളം പ്രളയത്തിൽ മുങ്ങിയ വാർത്ത എത്തിയത്. ഒരു ഞെട്ടലോടെയാണ് എല്ലാവരും ആ വാർത്ത കേട്ടത്. എല്ലാ സംഘടനകളും ലോകജനത ഒന്നാകെയും കേരളത്തിലേക്ക് തങ്ങളുടെ സഹായഹസ്തങ്ങൾ നീട്ടിയ അവസരത്തിൽ കുംദലഹള്ളി കേരള സമാജവും ഇക്കാര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. വീടുവീടാന്തരം കയറിയിറങ്ങി സാധനസാമഗ്രികൾ സംഘടിപ്പിച്ചു. അതെല്ലാം കേരളത്തിൽ ദുരിതമനുഭവിക്കുന്ന ആളുകൾ പാർക്കുന്ന ദുരിതാശ്വാസകേന്ദ്രങ്ങളിൽ വിതരണം ചെയ്തു. ഈ കർത്തവ്യത്തിൽ സമാജത്തിലെ അംഗവും ശാസ്താപൂളിന്റെ ഉടമയുമായ ശ്രീ രതീഷ് രവീന്ദ്രന്റെയും സമാജത്തിന്റെ രണ്ടു കെട്ടിടങ്ങളുടെയും നിർമ്മാണ മേൽനോട്ടം വഹിച്ച ആർക്കിറ്റെക്റ് ശ്രീ ഷിജു ടി വി യുടെയും സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ലോറികളിൽ സാധനങ്ങളുമായി പോകാനും വിതരണം ചെയ്യാനും മടികൂടാതെ മുന്നിൽ നിന്ന വലിയ മനസ്സിന്റെ ഉടമകളാണവർ.

കുറച്ചു നാളുകൾക്കുള്ളിൽ കർണ്ണാടകയിലെ കൂർഗ് മേഖലയിൽ പ്രളയം താണ്ഡവമാടിയപ്പോഴും മടികൂടാതെ സമാജത്തിലെ അംഗങ്ങൾ സന്നദ്ധപ്രവർത്തനവുമായി ഇറങ്ങി. എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാൻ ബാംഗ്ലൂർ മലയാളിസംഘടനകൾ ഒന്നടങ്കം ഓണാഘോഷം ഉപേക്ഷിച്ചപ്പോൾ കുംദലഹള്ളി കേരള സമാജവും അതിന് മടികാണിച്ചില്ല. സമാജത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ഓണാഘോഷം വേണ്ടെന്നുവെയ്ക്കാൻ അംഗങ്ങൾ എല്ലാവരും ഒരേമനസ്സോടെ തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണിക മുടങ്ങിയതും പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും ധനസ്ഥിതിയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തി.

സെപ്‌റ്റംബർ മാസമായപ്പോൾ വാർഷികപൊതുയോഗവും തിരഞ്ഞെടുപ്പും ഒരിക്കൽക്കൂടി നടന്നു. പതിവ് തെറ്റിക്കാതെ പഴയ അംഗങ്ങളോടൊപ്പം ഏതാനും പുതിയ അംഗങ്ങളും ഭരണസമിതിയിലേക്ക് കടന്നുവന്നു.

പുതുശാഖകൾ:-

പുതിയ പ്രവർത്തകസമിതിയിലെ പുതുമുഖങ്ങൾ പുതിയ ആശയങ്ങളുമായി വന്നപ്പോൾ പണ്ടേ മനസ്സിലുണ്ടായിരുന്നെങ്കിലും നടപ്പിലാക്കാൻ മാനസികൈക്യമുള്ളവരെ കിട്ടാതെ കുഴങ്ങിയിരുന്ന ചില പഴയ മുഖങ്ങൾ രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും എന്നമട്ടിൽ ഏറ്റെടുക്കുകയും ചെയ്തു അവരൊത്തുചേർന്ന് പുതിയ വഴിത്താരകൾ തുറക്കാൻ ശ്രമം തുടങ്ങി. ആ ശ്രമഫലമായി 2019 ഫെബ്രുവരിയിൽ എം ടി വാസുദേവൻ നായരുടെ 'രണ്ടാമൂഴം' എന്ന കൃതിയെ കുറിച്ച് ചർച്ച ചെയ്തുകൊണ്ട് സാഹിത്യവേദിക്ക് തുടക്കം കുറിച്ചു. 

കമ്മിറ്റി അംഗങ്ങളിൽ മാത്രമൊതുങ്ങുമെന്ന് കരുതിയിരുന്ന പരിപാടിക്ക് കൂടുതൽ ആളുകളെത്തിയപ്പോൾ അതൊരൂർജ്ജമായി. തുടർന്ന് എല്ലാമാസവും ഓരോ സാഹിത്യസംബന്ധിയായ പരിപാടി നടത്താൻ തീരുമാനമായി. സാഹിത്യകുതുകികളായ അംഗങ്ങളെ സംബന്ധിച്ച് ഏറെ ആഹ്ലാദകരമായിരുന്നു ഈ തീരുമാനം. കവിതകളും ചർച്ചകളും പാട്ടും മറ്റുമായി തുടർന്നുള്ള ഓരോ മാസവും ഒരുവിഭാഗം അക്ഷരപ്രേമികൾ കലാക്ഷേത്രയിൽ ഒത്തുകൂടാനും മനസ്സുതുറന്ന് ആഹ്ലാദിക്കാനും ഈ സംഭവം കാരണമായി. 

കർണ്ണാടകസംഗീതത്തിലെ ചക്രവർത്തിയായ പുരന്ദരദാസരുടെ ജന്മദിനത്തിൽ കലാക്ഷേത്രയിലെ അദ്ധ്യാപകർ നടത്തിയ സംഗീതവിരുന്ന് പ്രേക്ഷകരെ ഹഠാതാകർഷിച്ചു. മലയാള സിനിമാഗാനലോകത്തിലെ സംഗീതമന്ത്രികനായ ബാബുരാജിന് സമാജത്തിലെ സംഗീതപ്രേമികളുടെ "കൂട്ട്" നൽകിയ ഗാനാഞ്ജലിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

'മലയാളഭാഷാ പാഠശാല' സ്ഥാപിച്ച് 'മധുരം മധുരം മലയാളം' എന്ന പരിപാടിയിലൂടെ 7000ലധികം വേദികളിലും മലയാളത്തിന്റെ മഹത്വത്തെ പറ്റി സംസാരിച്ച് ഭാഷയുടെ വളർച്ചയ്ക്കായി അക്ഷീണം യത്നിക്കുന്ന ശ്രീ ഭാസ്കര പൊതുവാൾ മാഷുടെ പാദസ്പർശത്താലും വാക്ചാതുര്യത്താലും അനുഗ്രഹീതമായി കലാക്ഷേത്ര. അങ്ങനെ കൊല്ലത്തിന്റെ തുടക്കത്തിൽ സാഹിത്യവേദി എന്ന പേരിൽ തുടങ്ങിയെങ്കിലും വർഷാവസാനത്തോടെ സാഹിത്യവും കലയും കായികവും സംസ്കാരവും ഒക്കെച്ചേർത്ത് 'സാംസ്കാരികവേദി'യായത് രൂപാന്തരം പ്രാപിച്ചു. 

കലാക്ഷേത്രയുടെ വാർഷികാഘോഷം 2017ലെ ഓണാഘോഷം പോലെ ഒരിക്കൽക്കൂടി പരിസ്ഥിതി സൗഹൃദമായി, അവശിഷ്ടരഹിത പരിപാടിയായി കൊണ്ടാടാൻ സംഘാടകർക്ക് കഴിഞ്ഞു. കലാശ്രീ ഉണ്ണികൃഷ്ണൻ കലാമണ്ഡലം ആയിരുന്നു ഇത്തവണ മുഖ്യാതിഥിയുടെ സ്ഥാനം അലങ്കരിച്ചത്.  2018ൽ പ്രളയത്തിൽ ഒലിച്ചുപോയ ഓണം ഏതായാലും 2019ൽ ഭംഗിയായി ആഘോഷിച്ചു. ശ്രീ ഭാസ്കര പൊതുവാൾ മാഷ്, ശ്രീമതി ഒളിമ്പ്യൻ റോസക്കുട്ടി, Indian Blind Cricket Association പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ശ്രീ പാട്രിക് രാജ്‌കുമാർ ഉൾപ്പെടെയുള്ള പ്രമുഖർ ആഘോഷത്തിന് തിരി തെളിയിച്ചു. പ്രശസ്ത തുള്ളൽകലാകാരനായ കലാമണ്ഡലം പ്രഭാകരനും സംഘവും അവതരിപ്പിച്ച പാഞ്ചാലീസ്വയംവരം ഓട്ടൻതുള്ളൽ മാറ്റിനിറുത്തിയാൽ പുറമെ നിന്നുള്ള പ്രൊഫഷണൽ കലാകാരന്മാരുടെ മറ്റൊരു പരിപാടിയുമില്ലാതെ പൂർണ്ണമായും സമാജം അംഗങ്ങളുടെ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഓണാഘോഷം ഏവർക്കും രസിച്ചു 

ഇത്രയും കഴിവുള്ളവർ ഇവിടെയുള്ളപ്പോൾ മുൻകാലങ്ങളിൽ എന്തിനാണ് പുറമെ നിന്നും പരിപാടി അവതരിപ്പിക്കാൻ ആളെ കൊണ്ടുവന്നിരുന്നത് എന്നതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു അംഗങ്ങൾ കാഴ്ചവെച്ചത്. ഓണാഘോഷത്തിലെ മുഖ്യ ആകർഷണമായിരുന്ന കേരളത്തിലെ തുള്ളൽകലാകാരന്മാരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന വ്യക്തിയായ ശ്രീ പ്രഭാകരന്റെ നേതൃത്വത്തിൽ നടന്ന 'പാഞ്ചാലീസ്വയംവരം' ഓട്ടൻതുള്ളൽ കാണികളെ സദ്യ ഉണ്ണാൻ പോകാൻ പോലും തോന്നാത്ത വിധത്തിൽ പിടിച്ചിരുത്തുന്നതായിരുന്നു. (തുള്ളലിലെ മൂന്ന് സമ്പ്രദായങ്ങളെയും ഒരുമിച്ച് ഒരേവേദിയിൽ അണിനിരത്തുന്ന 'തുള്ളൽ ത്രയം' എന്ന പുതിയ സമ്പ്രദായം ചിട്ടപ്പെടുത്തിയതും കാണികൾക്ക് മുന്നിൽ ആദ്യമായി അവതരിപ്പിച്ചതും അദ്ദേഹമാണ്.)   

ജോലി ചെയ്യുന്ന അമ്മമാർക്കൊരാശ്വാസമായി കരുതലോടെ കുട്ടികളെ പരിപാലിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു കേന്ദ്രം (Day Care + Nursery) തുടങ്ങണമെന്നൊരാശയം പ്രവർത്തകസമിതിയിൽ ഒന്നിലേറെ തവണ ഉയർന്നുവന്നിരുന്നെങ്കിലും നിയമപ്രശ്‌നത്തിലും നടത്താനുള്ള സങ്കീർണ്ണതകളിലും തട്ടി എങ്ങുമെത്താതെ അവസാനിച്ചു. അതുപോലെ തന്നെ സമാജത്തിലെ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ-സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള ഒരു സമൂഹ ഇൻഷുറൻസ് പദ്ധതിയെപ്പറ്റി പ്രവർത്തകസമിതിയിൽ ചർച്ചകൾ നടന്നെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ല.

ഓണാഘോഷത്തിന് പിന്നാലെ പ്രശ്നോത്തരിയും കവിതാരചന മത്സരവും കടന്നുപോയതോടെ 2019 ന് തിരശീല വീണു.

ഗ്രീഷ്മം: 

സമാജത്തെ സംബന്ധിച്ച് 2020 എന്നത് ഏറെ വ്യത്യസ്തമായ ഒരു വർഷമാവേണ്ടതായിരുന്നു. സമാജത്തിൽ ആദ്യമായി ഒരു നാടകം അരങ്ങേറിയ വർഷമായിരുന്നു അത്. സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ സഹൃദയരായ ചിലർ ഒത്തുചേർന്ന് 'ദാഹം' എന്ന നാടകം കലാക്ഷേത്രയിൽ അവതരിപ്പിച്ചു. 

സ്ഥലപരിമിതി മൂലം നാടകത്തിനായി പ്രവർത്തിച്ചവരുടെ കുടുംബാംഗങ്ങളും പ്രവർത്തക സമിതി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മാത്രമായിരുന്നു പ്രേക്ഷകർ. മൂലകഥയൊഴിച്ച് ഒരു നാടകത്തിന് വേണ്ടതായ എല്ലാം സമാജത്തിലെ അംഗങ്ങൾ തന്നെ കൈകാര്യം ചെയ്ത ആ പ്രകടനത്തിന് ഏറെ അഭിനന്ദനങ്ങൾ കിട്ടിയിരുന്നു. അതിന് കാരണക്കാരനും അമരക്കാരനും സർവ്വോപരി സമാജത്തിലെ ഒരംഗവുമായ ശ്രീ ജി ഷിബുകുമാറിനെ ഈ അവസ്ഥയിൽ ഓർക്കാതിരുന്നാൽ അത് ആ വലിയ കലാകാരനോട് കാണിക്കുന്ന വലിയ അനീതിയാകും. 

പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ നാടകം കുറച്ചുകൂടി വിപുലമായ രീതിയിൽ സമാജത്തിലെ എല്ലാ അംഗങ്ങൾക്കും മുന്നിൽ അവതരിപ്പിക്കണമെന്നും ആ വർഷത്തെ കലാക്ഷേത്ര വാർഷികാഘോഷങ്ങളോടൊപ്പമാക്കാമെന്നും അങ്ങനെ നാടകവും സാംസ്കാരികവേദിയുടെ ഭാഗമാക്കണമെന്നും തീരുമാനമായി. 

സാംസ്കാരിക വേദിയുടെ പടിപടിയായുള്ള പുരോഗതി വിലയിരുത്തി അതിന്റെ ഉന്നമനത്തിനായി പ്രത്യേക തുക ബജറ്റിൽ നീക്കിവെക്കാൻ ഭരണസമിതി തീരുമാനിച്ചിട്ടു അധിക കാലമായിരുന്നില്ല. 

ഇതിനോടൊപ്പം സമാജത്തിനു പൊതുജനമദ്ധ്യത്തിൽ കൂടുതൽ സ്വീകാര്യത കിട്ടുവാനും കൂടുതൽ അംഗങ്ങളെ ആകർഷിക്കുവാനുമായി പൊതുജനങ്ങളെ ഉൾക്കൊളളിച്ചുകൊണ്ടു ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് എന്നൊരാശയം ഉയർന്നുവരുന്നുണ്ടായിരുന്നു. 

അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി അതിർത്തികടന്നെത്തിയ ഇത്തിരിക്കുഞ്ഞന്റെ (COVID 19) തേരോട്ടത്തിൽ എല്ലാ സ്വപ്നങ്ങളും കൊഴിഞ്ഞുപോയി. ലോകമെമ്പാടുമുള്ള ജനങ്ങൾ വിറങ്ങലിച്ചുനിന്നപ്പോൾ സമാജത്തിന്റെ പ്രവർത്തനങ്ങളും നിശ്ചലമായി. ആഘോഷങ്ങളെല്ലാം നിലച്ചു. കലാക്ഷേത്രയിൽ നൃത്തച്ചുവടുകൾ അപ്രത്യക്ഷമായി. സപ്തസ്വരങ്ങൾ മൗനത്തിലമർന്നു. താളമേളങ്ങൾ നിലച്ചു. അച്ചടിത്താളുകളിൽ കൂട്ടുകൂടി കഥപറഞ്ഞ അക്ഷരങ്ങൾ വായനക്കാരന്റെ വിരൽസ്പർശമേൽക്കാതെ മുന്നിൽ വിളറിയ ചിരിയുമായി നിന്നു. സമാജത്തിലെ ദൈനദിനപ്രവർത്തനങ്ങൾക്ക് മങ്ങലേറ്റു. സമാജത്തിന്റെ തിരക്കുകളിൽ നിന്നും ആളുകൾ ജന്മനാടിന്റെ ഗന്ധം തേടിപ്പോയി. അങ്ങനെ പോയ ചിലർ അവിടേക്ക് ജീവിതം പറിച്ചുനട്ടു.  

പ്രശ്നങ്ങൾ വരുമ്പോൾ പ്രശ്നപരിഹാരം കണ്ടെത്തുന്നത് മനുഷ്യ സ്വഭാവമാണല്ലോ അങ്ങനെ ആളുകൾ കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും മുന്നിലിരുന്ന് പരസ്പരം കാണാനും സംവദിക്കാനും തുടങ്ങി. കലാക്ഷേത്രയുടെ അങ്കണത്തിൽ നിന്നും അപ്രത്യക്ഷമായ കലകൾ online-ലൂടെ ആളുകൾ പങ്കുവെച്ചു. ഹ്രസ്വചിത്രങ്ങളായും നൃത്തങ്ങളായും പാട്ടായും കവിതയായും കലാദേവത ദീർഘചതുരപ്പെട്ടിയിൽ പ്രത്യക്ഷമായി. സെപ്‌റ്റംബർ മാസത്തിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി വരേണ്ട വർഷമായിരുന്നു. പക്ഷെ ലോകത്ത് നിൽക്കുന്ന പ്രതികൂല അന്തരീക്ഷം കാരണം നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അനിശ്ചിതകാലത്തേക്ക് നീട്ടാൻ സമിതി നിർബന്ധിതമായി.

വീണ്ടും തളിർക്കുന്നു: 

ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്. അത് കഴിഞ്ഞാൽ വെളിച്ചം മറനീക്കി പുറത്തു വരിക തന്നെ ചെയ്യും. ഈയൊരു പ്രപഞ്ച നീതിയിൽ വിശ്വസിച്ചു കൊണ്ടാണ് എല്ലാവരും 2021 കാത്തിരുന്നത്. കാര്യങ്ങൾ ഏതാണ്ട് ആ രീതിയിൽ ആണ് നീങ്ങിയിരുന്നത്. മാർച്ച് മാസത്തിൽ പൊതുയോഗവും തിരഞ്ഞെടുപ്പും നടത്താൻ ഏകദേശധാരണ ആയെങ്കിലും വീണ്ടും കാർമേഘം വെളിച്ചത്തെ മറച്ചു. ഒരിക്കൽക്കൂടി എങ്ങും അനിശ്ചിതത്വം നിറഞ്ഞു. 

ലോകത്തിന്റെ പലഭാഗത്ത് നിന്നും കേൾക്കുന്ന ഹൃദയം പിളർക്കുന്നതും ഭയംജനിപ്പിക്കുന്നതുമായ വാർത്തകൾ മനസ്സിനെ അലോസരപ്പെടുത്താൻ തുടങ്ങിയപ്പോൾ സാംസ്കാരികവേദിയുടെ മുടങ്ങിപ്പോയ പരിപാടികൾ പുനരാരംഭിക്കാൻ തീരുമാനമായി. അങ്ങനെ ജൂലൈ മാസത്തിൽ മലയാളത്തിലെ മഹാകവി ഒ എൻ വി കുറുപ്പിന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാൻ സമാജം തീരുമാനിച്ചു. രാഷ്ട്രീയ-സാംസ്‌കാരിക വേദികളിലെ നിറഞ്ഞ സാന്നിധ്യവും ഒ എൻ വി കവിതകളുടെ ആരാധകനുമായ ശ്രീ വി കെ സുരേഷ് ബാബു സാറിന്റെ ഒ എൻ വി കവിതകളെ കുറിച്ചുള്ള പ്രഭാഷണത്തോടെ നിശ്ചലമായ ചക്രങ്ങൾ പതുക്കെ ഉരുളാൻ തുടങ്ങി. ഏതായാലും കഴിഞ്ഞ നാലുമാസമായി ആ ചക്രങ്ങൾ ഉരുണ്ടുകൊണ്ടിരിക്കുകയാണ്, ഇനിയും നിശ്ചലമാവില്ല എന്ന പ്രതീക്ഷയോടെ. അദ്ധ്യയനം തുടങ്ങാനുള്ള സാഹചര്യം നിലനിൽക്കാത്തതിനാൽ കലയുടെ ക്ഷേത്രം ഉറങ്ങി തന്നെ കിടന്നു. 

ഗ്രഹണം പതുക്കെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നതിനാൽ സെപ്‌റ്റംബർ മാസത്തിൽ, ഒരു വർഷം വൈകിയാണെങ്കിലും പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. മത്സരിക്കാനുള്ള ആളുകൾ കുറവായതിനാൽ ഇത്തവണ പത്രിക സമർപ്പിച്ച എല്ലാവരെയും ഒരൊറ്റ മനസ്സോടെ യോഗം തിരഞ്ഞെടുത്തു. അദ്ധ്യക്ഷൻ സ്വയം ഒഴിവായതോടെ കഴിഞ്ഞ തവണത്തെ ഉപാദ്ധ്യക്ഷന്മാരിൽ ഒരാളായിരുന്ന ശ്രീ മുരളി മണി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. കാര്യദർശ്ശിയും മറ്റു ചില അംഗങ്ങളും തുടർന്നപ്പോൾ ഒഴിവുവന്ന സ്ഥാനങ്ങളിൽ കൂടുതൽ യുവജനങ്ങൾ ഭരണസമിതിയിൽ എത്തപ്പെട്ടു. പുതിയ പ്രതീക്ഷകളും കാഴ്ചപ്പാടുകളുമായി സംഘം മുന്നേറുമ്പോഴാണ്‌ പത്താം വാർഷികം അടുത്തെത്തിയത്. 

ലളിതമായെങ്കിലും മനോഹരമായി സമാജത്തിന്റെ പത്താം വാർഷികം  ആഘോഷിച്ചു. സമാജത്തിന്റെ രക്ഷാധികാരി ശ്രീ ഡോ: ജെ അലക്സാണ്ടർ, എഴുത്തുകാരനായ ശ്രീ സുധാകരൻ രാമന്തളി, സമാജത്തിന്റെ ആദ്യത്തേതുൾപ്പെടെയുള്ള മുൻകാലങ്ങളിലെ ഭരണ-പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ സന്തോഷത്തോടെ ആ നിമിഷങ്ങളിൽ ഒത്തുചേർന്നു. കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠജേതാവുമായ ശ്രീ ചന്ദ്രശേഖർ കമ്പാറിന്റെ 'ശിഖരസൂര്യൻ' എന്ന നോവൽ മലയാളത്തിലേക്ക് പരിഭാഷ ചെയ്തതിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ശ്രീ സുധാകരൻ രാമന്തളിയെ സമാജത്തിന്റെ ആദരം അറിയിക്കാനും ആ സുദിനം വിനിയോഗിച്ചു. പ്രശ്നോത്തരി മത്സരവും കലാപരിപാടികളുമായി നല്ലൊരു സായാഹ്നം അംഗങ്ങൾക്ക് സമ്മാനിക്കാൻ കുറേക്കാലത്തിനു ശേഷം സമാജത്തിന് കഴിഞ്ഞു എന്നതായിരുന്നു ഈ ആഘോഷത്തിന്റെ പ്രത്യേകത. 

നടക്കാതെപോയ ഓണാഘോഷത്തിന്റെ സങ്കടം മാറ്റാൻ അംഗങ്ങളുടെ കലാപരിപാടികൾ online ആയി നടത്താൻ ആലോചിക്കുകയാണ് കമ്മിറ്റി അംഗങ്ങൾ. വീണ്ടും പ്രശ്നങ്ങൾ തുടങ്ങിയില്ലെങ്കിൽ ഡിസംബർ ആകുമ്പോഴേക്കും കലാക്ഷേത്രയിലെ ക്ലാസുകൾ പുനരാരംഭിക്കാനും പദ്ധതിയിടുന്നു. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി അവർ 2022 നെ കാത്തിരിക്കുകയാണ്. ഗ്രഹണം മാറി വെളിച്ചം പൂർണ്ണമായും ദൃശ്യമാകും എന്ന ശുഭപ്രതീക്ഷയോടെ. കലയുടെ മഞ്ജീരനാദം വീണ്ടും ഈ അകത്തളത്തിൽ മുഴങ്ങാൻ. മുടങ്ങിപ്പോയ കായികമേളയേയും ആഘോഷങ്ങളേയും വരവേൽക്കാൻ.

                                                                                                             തുടരും ...........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ