പേജുകള്‍‌

അച്ഛൻ




ഇടനെഞ്ചിൽ പടരുന്ന സ്നേഹമായി
കുളിരായി മനസ്സിൽ നിറയുമച്ഛൻ 
കാറ്റു പോൽ തലോടുമമ്മയെങ്കിൽ
അച്ഛനോ അമ്പിളി പോൽ ദൂരെ നിൽപ്പൂ

കവിളിലായ് ചുടുമുത്തം നൽകിയതും
സ്നേഹേണ കണ്ണുനീർ ഒപ്പിയതും
ഇളംകാറ്റായ് കുറുനിര തഴുകിയതും 
ഓർമ്മയിലിന്നൊരു ജലരേഖ പോലെ

താരാട്ട് പാടീല മാറോട് ചേർത്തില്ല
കഥകൾ ചൊല്ലിയതോർമ്മയില്ല
വാരിപ്പുണർന്നിരുന്നോ അച്ഛനെന്നെ-
യെന്നമ്മയോടൊന്നുമാരാഞ്ഞുമില്ല

കണ്ണ് ചുവന്നതും ശബ്ദമുയർന്നതും
മായാതെ മനതാരിൽ തെളിഞ്ഞിടുന്നു
കണ്ണ് നിറഞ്ഞതും മേനി തളർന്നതും
ഒന്നുമേ മക്കൾ അറിഞ്ഞുമില്ല

കൈവിരൽത്തുമ്പിലൂഞ്ഞാലാട്ടിയില്ല 
കൈചൂണ്ടി നേർവഴി കാട്ടിത്തന്നു
കളിവഞ്ചിയുണ്ടാക്കി കളിച്ചതില്ല
തോണിയായി ഓളങ്ങൾ മുറിച്ചുനീന്തി

ഓർമ്മയിൽ ഇല്ലൊരു കൈനീട്ടവും 
ഒളിതൂകും ഓണപ്പുടവ പോലും
ഓർക്കുന്നു ഞാനാ മുഖപദ്മത്തിൽ
വിശേഷമായി കണ്ടൊരാ മന്ദഹാസം

മക്കൾ തൻ വേദനയിലമ്മ കരഞ്ഞു
അച്ഛനോ കരയാതെ കൂടെനിന്നു
ചങ്കു പിടഞ്ഞതും നിദ്രയകന്നതും
മക്കളറിയാതെ അടക്കിവെച്ചു

നുകം ചുമന്നീടുന്നു ഋഷഭമായി
അവിശ്രമം ജീവിതപാടത്തൂടെ
ഭാരമൊഴിയാനും ക്ഷീണമകറ്റാനും
മോഹമുണ്ടെങ്കിലും നിവൃത്തിയില്ല

ജീവിതസായാഹ്നം എത്തിനിൽക്കേ
മക്കടെ സാമീപ്യം കൊതിക്കും താതൻ
പറയാതെ കരയാതെ കാത്തിരിപ്പൂ വൃഥാ
താങ്ങായി തണലായവർ വന്നണയാൻ

കാലമേറെക്കടന്നുപോയി ഞാനിന്ന്
രണ്ടു കിടാങ്ങൾക്ക് അച്ഛനായി
നെഞ്ച് പിടഞ്ഞൊരാ അച്ഛന്റെ വേദന
അറിയുന്നതുണ്ടുഞാൻ വേണ്ടുവോളം

ചാരത്തണച്ചു തലോടിയില്ലെങ്കിലും
അച്ഛന്റെ സ്നേഹം കുറയുകയില്ല
അച്ഛനെ അറിയണമെങ്കിലോ നമ്മളും
അച്ഛനായി ജീവിതം അറിഞ്ഞീടേണം

തണൽ വിരിക്കും മരമാകുമോരച്ഛൻ
കുളിരേകുന്ന കുളിർക്കാറ്റുമാകും
ആതപമേകുന്നു അരുണനായി
മഴത്തുള്ളിയായി ദാഹവുമകറ്റിടുന്നു

ഔന്നത്യമേറും സ്വർലോകത്തേക്കാൾ
എന്നച്ഛനെ വാഴ്ത്തുന്നതെത്ര സത്യം
കാണാത്ത സ്നേഹത്തിൻ സുഗന്ധമായ്
അച്ഛനെ ഓർത്തീടാം എന്നുമെന്നും

ഏട്ടനും അനിയനും


"മഴ പെയ്തു മനം തെളിഞ്ഞനേരം 
തൊടിയിലെ തൈമാവിൻ ചോട്ടിൽ 
ഒരു കൊച്ചുകാറ്റേറ്റ്‌ വീണ തേൻമാമ്പഴം 
ഒരുമിച്ചു പങ്കിട്ട കാലം 
ഒരുമിച്ചു പങ്കിട്ട ബാല്യകാലം..." 


"ഏട്ടന് ഓർമ്മയുണ്ടോ കുടയില്ലാതെ ഈ പാടവരമ്പിലൂടെ നമ്മളോടിയത്? നനഞ്ഞൊലിച്ചുവന്നപ്പോൾ അമ്മ ചീത്ത പറഞ്ഞതും ഒടുവിൽ തല തുവർത്തി തന്നതും..?" മഴപെയ്ത്തിനിടയിൽ, മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന പാടത്തേക്കു മിഴികൾ പായിച്ചുകൊണ്ട്  അനിയൻ, തിണ്ണയിൽ കാലും നീട്ടി ചുവരും ചാരി ഇരിക്കുന്ന ഏട്ടനോട് പറഞ്ഞു.
"എന്തൊരു രസമായിരുന്നു അന്നൊക്കെ." ഏട്ടന്റെ മറുപടിക്ക് കാക്കാതെ അനിയൻ വീണ്ടും പറഞ്ഞു.
"ദാ..ആ കാണുന്ന അരയാൽത്തറയിൽ ആർത്തലച്ചുപെയ്യുന്ന മഴ ഒഴിയുന്നതും കാത്ത് എത്ര നേരമാ നമ്മൾ കാത്തുനിന്നിട്ടുള്ളത്..അന്നും ഏട്ടന്റെ കൈ എന്നെ ചേർത്തുപിടിച്ചിട്ടുണ്ടാവും. കുളിരിൽ നിന്നും രക്ഷപെടാൻ ഞാനേട്ടനെ കെട്ടിപ്പിടിക്കും.." പാടത്തിനക്കരെയുള്ള ശിവക്ഷേത്രത്തിന് മുന്നിലുള്ള കൂറ്റൻ അരയാലിനെ ചൂണ്ടി അനിയൻ പറഞ്ഞു. ആ ഓർമ്മയിൽ മുഴുകി ഒരുനിമിഷം അയാൾ നിശബ്ദനായി. ഇത്തവണയും ഏട്ടൻ ഒന്നും പറഞ്ഞില്ല.
"എന്തൊക്കെ ഓർമ്മകളാ മനസ്സിൽ നിറയുന്നത്..മൂവാണ്ടൻ മാങ്ങക്ക് വേണ്ടി ഞാൻ വാശിപിടിച്ചപ്പോൾ ഉറുമ്പിന്റെ കടിയും കൊണ്ട് ഏട്ടൻ മാവിൽ വലിഞ്ഞുകയറി എനിക്കത് പറിച്ചു തന്നത്..നീന്തലറിയാത്ത ഞാൻ അമ്പലക്കുളത്തിൽ മുങ്ങിത്താഴാൻ പോയപ്പോൾ വലിച്ചുകയറ്റി എന്നെ രക്ഷിച്ചത്..വെള്ളം കുടിച്ചു വീർത്ത വയർ പതുക്കെ ഞെക്കി അത് മുഴുവൻ പുറത്തു കളഞ്ഞത്..ഉറക്കത്തിൽ തണുപ്പ് സഹിക്കാൻ വയ്യാതാവുമ്പോൾ ഒറ്റ കീറപ്പുതപ്പിനുള്ളിൽ കെട്ടിപിടിച്ച് നമ്മൾ കിടന്നത്..അങ്ങനെ പറഞ്ഞാൽ തീരില്ല.." അനിയൻ പറഞ്ഞു നിർത്തി.
ഒരു ചെറിയ ഇടവേളക്കു ശേഷം അയാൾ വീണ്ടും ഏട്ടനോടായി ചോദിച്ചു, "അങ്ങേ വീട്ടിലെ സിന്ധൂന് ഞാൻ കത്ത് കൊടുത്തതിന്റെ പേരിൽ എന്നെ ചൂരൽ വടി കൊണ്ട് തല്ലിയതോർമ്മയുണ്ടോ ഏട്ടന്? എന്തൊരു അടിയായിരുന്നു, എന്റെ തുടയിലെ തൊലിയൊക്കെ പൊട്ടി ചോര വന്നു" അനിയൻ ഇത്തിരി പരിഭവത്തോടെ പറഞ്ഞു. "എന്നിട്ടോ, ഏട്ടൻ തന്നെ ചോരയൊക്കെ തുടച്ച് മരുന്ന് വെച്ചുതരികയും ചെയ്തു. അന്നേരം ഏട്ടന്റെ കണ്ണ് നിറഞ്ഞിരുന്നു. സത്യം പറഞ്ഞാ, ഏട്ടന്റെ തല്ലിനേക്കാൾ എനിക്ക് വേദനിച്ചത് ഏട്ടന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോഴാ.." ആ രംഗം കണ്മുൻപിൽ വീണ്ടും തെളിയുന്നത് പോലെ അയാൾക്ക്‌ തോന്നി. അറിയാതെ കണ്ണുകൾ നിറഞ്ഞു. ഏട്ടന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നുമുണ്ടായില്ല. "സാരമില്ലെടാ..പോട്ടെ.." എന്നെങ്കിലും ഏട്ടൻ പറയുമെന്ന് അനിയൻ പ്രതീക്ഷിച്ചു. കുറച്ചുനേരത്തെ മൗനത്തിനു ശേഷം അയാൾ തുടർന്നു. "ജോലിയില്ലാതെ ഞാൻ അലഞ്ഞു തിരിഞ്ഞപ്പോൾ കൈയിലിത്തിരി കാശും തന്ന് എന്നെ പുറത്തേക്ക് അയച്ചതും ഏട്ടൻ തന്നെയായിരുന്നില്ലേ? നാടും വീടും വിടുന്നതിനേക്കാൾ ഏട്ടനെ പിരിയുന്നതായിരുന്നു എനിക്ക് വിഷമം. ഏട്ടനും അന്ന് കുറേ കരഞ്ഞുവെന്ന് പിന്നീട് അമ്മ പറഞ്ഞ് ഞാനറിഞ്ഞു. അതിനുമുൻപ് നമ്മൾ പിരിഞ്ഞിരുന്നിട്ടേയില്ല, എന്നും നമ്മൾ ഒരുമിച്ചായിരുന്നല്ലോ അല്ലേ ഏട്ടാ..?" ഏട്ടൻ ഒന്നും മിണ്ടില്ല എന്നറിയാമെങ്കിലും ഒരുത്തരത്തിനായി അയാൾ വെറുതെ കാതോർത്തു. "ഓരോ അവധിക്ക് വേണ്ടിയും ഞാൻ കാത്തിരിക്കുകയായിരുന്നു, നാട്ടിലേക്ക് ഓടിയെത്തി ഏട്ടനെക്കാണാൻ. അപ്പോഴേക്കും ഏട്ടനും തിരക്കായി. ഏട്ടനെ എനിക്ക് പഴയതുപോലെ കിട്ടാതെയായി. എന്നിട്ടും നാട്ടിലേക്ക് വരാൻ കഴിയുന്ന ഒരവസരവും ഞാൻ പാഴാക്കിയിരുന്നില്ല. പഴയതുപോലെ എന്റെ കൂടെ നടക്കാൻ കഴിഞ്ഞില്ലെങ്കിലും എനിക്ക് അത്യാവശ്യം വന്നപ്പോഴൊക്കെ സഹായിക്കാൻ ഏട്ടൻ മറന്നില്ല. പിന്നെ കല്യാണം കഴിച്ച് കുടുംബമൊക്കെ ആയപ്പോഴാണ് നാട്ടിലേക്കുള്ള വരവ് ഇത്തിരി കുറഞ്ഞത്. എന്നിട്ടും ഫോണിലൂടെ എന്നും നമ്മൾ വിശേഷം പങ്കുവെച്ചിരുന്നു." അയാൾ വീണ്ടും ഒരു ഇടവേളയെടുത്തു, എന്നിട്ട് ഏട്ടനോടായി ചോദിച്ചു."ഇത്രയും കാലം ഏതെങ്കിലും ഒരു കാര്യം നമ്മൾ പരസ്പരം പറയാതിരുന്നിട്ടുണ്ടോ ഏട്ടാ, ഇല്ലല്ലോ..? എന്നിട്ടും..എന്നിട്ടും.." അയാളുടെ തൊണ്ടയിടറി. അർദ്ധോക്തിയിൽ നിർത്തി വാക്കുകൾക്ക് വേണ്ടി പരതി.  "എന്നിട്ടും..എന്തേ എന്നോട് ഒരു വാക്കുപോലും പറയാതെ ഏട്ടൻ ഒരു യാത്ര പോയത്, അതും ഒറ്റയ്ക്ക്..?" ഇത്തവണ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, ഒരു തേങ്ങൽ അവിടെ അലയടിച്ചു. അയാൾ പതുക്കെ തല ചെരിച്ച് തിണ്ണയിലേക്ക് നോക്കി. അവിടം ശൂന്യമായിരുന്നു. ചുമരിൽ ഏട്ടൻ ബാക്കിവെച്ച തലയുടെ അടയാളം കറുത്ത നിറത്തിൽ പരന്നുകിടന്നിരുന്നു. അയാളുടെ നോട്ടം മെല്ലെ ചുമരിൽ, മുകളിലേക്ക് നീണ്ടു. അവിടെ ചന്ദനമാലയണിഞ്ഞ ചില്ലുകൂട്ടിൽ ഒരു മന്ദഹാസം വിരിഞ്ഞതായും അതൊരു ആശ്വാസത്തിന്റെ കുളിർകാറ്റായി  തന്നെ പൊതിയുന്നതായും അനിയന് തോന്നി.

അമ്മ




അമ്മിഞ്ഞപ്പാലിന്റെ മാധുര്യമോടെ മുന്നിൽ തെളിയുന്നിതമ്മ
ഭൂമിയേക്കാളും ക്ഷമയുള്ളൊരമ്മ, ഭൂമിക്കു മേലെയാണമ്മ
പാലൊളി ചന്ദ്രിക തൂകുന്നൊരമ്മ വാർതിങ്കളാകുന്നു അമ്മ
താമരമൊട്ടുപോൽ സൗമ്യമാണമ്മ താമരഗന്ധമാണമ്മ

കഥകളൊരായിരം പറയുന്നോരമ്മ കടലോളം കനിവുള്ളൊരമ്മ
അമ്പിളി മാമനെ കാട്ടിക്കൊടുത്തിട്ട് ഉണ്ണിയെ ഊട്ടുന്നീയമ്മ
അച്ഛനെ ചൂണ്ടിക്കൊടുക്കുന്നോരമ്മ അക്ഷരം ചൊല്ലിക്കുമമ്മ
കണ്ണുകളുരുട്ടി കരയിക്കുമമ്മ കണ്ണീർ തുടയ്ക്കുന്നൊരമ്മ

താലോലം പാടിയുറക്കുന്നോരമ്മ താരാട്ടിൻ ഈണമാണമ്മ
ഉണ്ണിയുറങ്ങാതെ ഉറങ്ങില്ലയമ്മ ഉണ്ണിക്കുമുന്പേ ഉണരുമമ്മ
ഉണ്ണിയേം അച്ഛനേം ഊട്ടുന്നൊരമ്മ, ഉണ്ണാൻ മറക്കുന്നൊരമ്മ
മഴയും വെയിലും ഏൽക്കാതെയുണ്ണിയെ കുടയായി കാക്കുന്നൊരമ്മ

സൂര്യാംശു വീണാൽ വൈഡൂര്യമാകും തൂമഞ്ഞിൻ തുള്ളിയാണമ്മ
കുറുനിര മാടിയൊതുക്കുമ്പോളുണ്ണിക്ക് ഇളംതെന്നലാകുന്നുവമ്മ
മടിയിൽ മയങ്ങുമ്പോളുണ്ണിക്ക് തോന്നും പൊൻതൂവൽമെത്തയാണമ്മ
വിരൽത്തുമ്പിലാടി നടക്കുമ്പോളുണ്ണിക്ക് ഊഞ്ഞാലായി മാറുന്നുവമ്മ

സന്ധ്യക്ക്‌ ദീപം കൊളുത്തുന്നോരമ്മ സന്ധ്യാദേവിയാണമ്മ
നെറുകയിൽ പൊന്നുമ്മ വെയ്ക്കുമ്പോളുണ്ണിക്ക് മാലാഖ പോലെയാണമ്മ
ഉണ്ണീടെ ലോകം വളരുമ്പോഴും ഉണ്ണിയാണമ്മയ്ക്ക് ലോകം
ഉണ്ണി കരഞ്ഞാൽ കരയുന്നോരമ്മ, കണ്ണീർക്കണമെന്നുമമ്മ

ഉണ്ണിയേറെ വളർന്നകാലം മാതൃവാത്സല്യം മറന്നുപോയി
താരാട്ടുപാടിയുറക്കുവാനപ്പോഴും മാതാവിൻ ഉള്ളം തുടിച്ചു   
കഥകളൊരായിരം ചൊല്ലിയൊരമ്മ കഥയില്ലാത്തമ്മയായ് മാറി
നല്ലൊരു നാളേയ്ക്ക് എന്നുചൊല്ലി അമ്മയെ വിട്ടു പറന്നേനുണ്ണി

ദൂരേയ്ക്കുപോയ തൻ ലോകത്തിനായി കണ്ണുംമിഴിച്ചിരുന്നമ്മ
ഉണ്ണി മറന്നേക്കുമെങ്കിലും അമ്മയ്ക്ക് ഒക്കുമോ ഉണ്ണിയെ മറക്കാൻ
നാട്ടീലെക്കൊന്നു വന്നീടുവാനുണ്ണിക്ക് കാര്യങ്ങളൊന്നും കണ്ടതില്ല
കണ്ണ് നനഞ്ഞതും നെഞ്ചുപിടഞ്ഞതും പാവമാംഅമ്മ പറഞ്ഞുമില്ല

ഉണ്ണീടുണ്ണിയെ കാണുവാനാശിച്ചു എന്നുമാ അമ്മ മിഴിതുടച്ചു
ഉണ്ണിയെ കാണാതെയമ്മയൊരുനാൾ എല്ലാം വെടിഞ്ഞങ്ങ് യാത്രയായി 
ഉണ്ണി പറന്നെത്തി ഉണ്ണിയോടൊപ്പം അമ്മയെയൊന്നു കണ്ടീടുവാനായി
ഉണ്ണി പറഞ്ഞു കരഞ്ഞതും ഉണ്ണിയെ കാട്ടീതും അമ്മയറിഞ്ഞതില്ല   

അംബരത്തോളം വളരുന്നതെന്തിന് അമ്മയെ ഓർക്കാത്ത ഉണ്ണി
ദാനധർമ്മങ്ങളും ഏൽക്കുകില്ല  ഈശ്വരൻ പ്രാർത്ഥന കേൾക്കുകില്ല
അമ്മയെ മറന്നീടാൻ പാടുള്ളതല്ല നിർമ്മലസ്നേഹമാണമ്മ
അമ്മയ്ക്ക് പകരം അമ്മ മാത്രം ഉണ്മയാണെന്നെന്നുമമ്മ

അമ്മയെക്കാളും മനോഹരമായി എന്തുണ്ടവനിയിൽ വേറെ
അമ്മയെയറിയുവാൻ കഴിയില്ലായെങ്കിൽ അറിയില്ല ദൈവത്തെപ്പോലും
അമ്മയാണീശ്വരി നിത്യസത്യം അമ്മയെ വണങ്ങീടാമെന്നുമെന്നും
അമ്മയാണീശ്വരി നിത്യസത്യം അമ്മയെ വണങ്ങീടാമെന്നുമെന്നും