പേജുകള്‍‌

അച്ഛൻ




ഇടനെഞ്ചിൽ പടരും സ്നേഹമായി,
കുളിരായി മനസ്സിൽ നിറയുമച്ഛൻ.  
താരാട്ടിൻ ഈണമാണമ്മയെങ്കിൽ,
അകലത്തെയമ്പിളി പോലെയച്ഛൻ.

സ്നേഹേണ കണ്ണുനീരൊപ്പിയതും,
കവിളിണ മുത്തി ചുവപ്പിച്ചതും, 
ഇളംകാറ്റായ് കുറുനിര തഴുകിയതും,  
ഓർമ്മയിലിന്നൊരു ജലരേഖ മാത്രം!

താരാട്ട് പാടീല, മാറോട് ചേർത്തില്ല,
കഥകൾ ചൊല്ലിയതുമോർമ്മയില്ല.
വാരിപ്പുണർന്നിരുന്നോ അച്ഛനെ-
ന്നമ്മയോടൊന്നുമേ ആരാഞ്ഞുമില്ല.

കണ്ണ് ചുവന്നതും ശബ്ദമുയർന്നതും
തെളിയുന്നു മായാതെ മനസ്സിലിന്നും.
കണ്ണ് നിറഞ്ഞതും മേനി തളർന്നതും
ഒന്നുമേ മക്കൾ അറിഞ്ഞതില്ല!

കൈവിരൽത്തുമ്പിലൂഞ്ഞാലാട്ടിയില്ല,  
കൈചൂണ്ടി നേർവഴി കാട്ടിത്തന്നു.
കളിവഞ്ചിയുണ്ടാക്കി കളിച്ചതില്ല,
തോണിയായി ഓളങ്ങൾ മുറിച്ചുനീന്തി.

ഓർമ്മയിൽ ഇല്ലൊരു കൈനീട്ടവും 
ഒളിതൂകും ഓണപ്പുടവ പോലും.
ഓർക്കുന്നോ ഞാനാ മുഖപദ്മത്തിൽ
വിശേഷമായി കണ്ടൊരാ മന്ദഹാസം!

മക്കൾ തൻ വേദനയിലമ്മ കരഞ്ഞു
അച്ഛനോ കരയാതെ കൂടെനിന്നു.
ചങ്കു പിടഞ്ഞതും നിദ്രയകന്നതും
മക്കളറിയാതെ അടക്കിവെച്ചു.

നുകം ചുമന്നീടുന്നു കാളയായി 
അവിശ്രമം ജീവിതപാടത്തൂടെ.
ഭാരമൊഴിയാനും ക്ഷീണമകറ്റാനും
മോഹമുണ്ടെങ്കിലും നിവൃത്തിയില്ല.

ജീവിതസായാഹ്നം എത്തിനിൽക്കേ
മക്കളെ കണ്ടീടാൻ കൊതിയേറുന്നു.
പറയാതെ കരയാതെ കാത്തിരിപ്പൂ 
താങ്ങായി തണലായവർ കൂട്ടിരിപ്പാൻ.

കാലമേറെക്കടന്നുപോയി ഞാനിന്ന്,
രണ്ടു കിടാങ്ങൾക്ക് അച്ഛനായി.
നെഞ്ച് പിടയുന്നൊരച്ഛന്റെ നൊമ്പരം 
അറിയുന്നു ഞാനിന്നു വേണ്ടുവോളം.

ചാരത്തണച്ചു തലോടിയില്ലെ,ങ്കിലും
അച്ഛന്റെ സ്നേഹം കുറഞ്ഞിടില്ല!
അച്ഛനെ അറിയണ,മെങ്കിലൊരുനാൾ 
അച്ഛനായി നമ്മളും വളർന്നീടേണം.

തണൽ വിരിച്ചീടും മാമരമച്ഛൻ 
കുളിരാർന്ന കുഞ്ഞിക്കാറ്റുമാകും.
ആതപമേകുന്നു അരുണനായി,
ദാഹമകറ്റും വർഷബിന്ദുവാകും.

നാകം തോൽക്കും ഔന്നത്യമായി 
അച്ഛനെ വാഴ്ത്തുന്നതെത്ര സത്യം.
കാണാത്ത സ്നേഹസുഗന്ധമായ്,
അച്ഛനെ ഓർത്തീടാം എന്നുമെന്നും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ