പേജുകള്‍‌

ഏട്ടനും അനിയനും


"മഴ പെയ്തു മനം തെളിഞ്ഞനേരം 
തൊടിയിലെ തൈമാവിൻ ചോട്ടിൽ 
ഒരു കൊച്ചുകാറ്റേറ്റ്‌ വീണ തേൻമാമ്പഴം 
ഒരുമിച്ചു പങ്കിട്ട കാലം 
ഒരുമിച്ചു പങ്കിട്ട ബാല്യകാലം..." 


"ഏട്ടന് ഓർമ്മയുണ്ടോ കുടയില്ലാതെ ഈ പാടവരമ്പിലൂടെ നമ്മളോടിയത്? നനഞ്ഞൊലിച്ചുവന്നപ്പോൾ അമ്മ ചീത്ത പറഞ്ഞതും ഒടുവിൽ തല തുവർത്തി തന്നതും..?" മഴപെയ്ത്തിനിടയിൽ, മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന പാടത്തേക്കു മിഴികൾ പായിച്ചുകൊണ്ട്  അനിയൻ, തിണ്ണയിൽ കാലും നീട്ടി ചുവരും ചാരി ഇരിക്കുന്ന ഏട്ടനോട് പറഞ്ഞു.
"എന്തൊരു രസമായിരുന്നു അന്നൊക്കെ." ഏട്ടന്റെ മറുപടിക്ക് കാക്കാതെ അനിയൻ വീണ്ടും പറഞ്ഞു.
"ദാ..ആ കാണുന്ന അരയാൽത്തറയിൽ ആർത്തലച്ചുപെയ്യുന്ന മഴ ഒഴിയുന്നതും കാത്ത് എത്ര നേരമാ നമ്മൾ കാത്തുനിന്നിട്ടുള്ളത്..അന്നും ഏട്ടന്റെ കൈ എന്നെ ചേർത്തുപിടിച്ചിട്ടുണ്ടാവും. കുളിരിൽ നിന്നും രക്ഷപെടാൻ ഞാനേട്ടനെ കെട്ടിപ്പിടിക്കും.." പാടത്തിനക്കരെയുള്ള ശിവക്ഷേത്രത്തിന് മുന്നിലുള്ള കൂറ്റൻ അരയാലിനെ ചൂണ്ടി അനിയൻ പറഞ്ഞു. ആ ഓർമ്മയിൽ മുഴുകി ഒരുനിമിഷം അയാൾ നിശബ്ദനായി. ഇത്തവണയും ഏട്ടൻ ഒന്നും പറഞ്ഞില്ല.
"എന്തൊക്കെ ഓർമ്മകളാ മനസ്സിൽ നിറയുന്നത്..മൂവാണ്ടൻ മാങ്ങക്ക് വേണ്ടി ഞാൻ വാശിപിടിച്ചപ്പോൾ ഉറുമ്പിന്റെ കടിയും കൊണ്ട് ഏട്ടൻ മാവിൽ വലിഞ്ഞുകയറി എനിക്കത് പറിച്ചു തന്നത്..നീന്തലറിയാത്ത ഞാൻ അമ്പലക്കുളത്തിൽ മുങ്ങിത്താഴാൻ പോയപ്പോൾ വലിച്ചുകയറ്റി എന്നെ രക്ഷിച്ചത്..വെള്ളം കുടിച്ചു വീർത്ത വയർ പതുക്കെ ഞെക്കി അത് മുഴുവൻ പുറത്തു കളഞ്ഞത്..ഉറക്കത്തിൽ തണുപ്പ് സഹിക്കാൻ വയ്യാതാവുമ്പോൾ ഒറ്റ കീറപ്പുതപ്പിനുള്ളിൽ കെട്ടിപിടിച്ച് നമ്മൾ കിടന്നത്..അങ്ങനെ പറഞ്ഞാൽ തീരില്ല.." അനിയൻ പറഞ്ഞു നിർത്തി.
ഒരു ചെറിയ ഇടവേളക്കു ശേഷം അയാൾ വീണ്ടും ഏട്ടനോടായി ചോദിച്ചു, "അങ്ങേ വീട്ടിലെ സിന്ധൂന് ഞാൻ കത്ത് കൊടുത്തതിന്റെ പേരിൽ എന്നെ ചൂരൽ വടി കൊണ്ട് തല്ലിയതോർമ്മയുണ്ടോ ഏട്ടന്? എന്തൊരു അടിയായിരുന്നു, എന്റെ തുടയിലെ തൊലിയൊക്കെ പൊട്ടി ചോര വന്നു" അനിയൻ ഇത്തിരി പരിഭവത്തോടെ പറഞ്ഞു. "എന്നിട്ടോ, ഏട്ടൻ തന്നെ ചോരയൊക്കെ തുടച്ച് മരുന്ന് വെച്ചുതരികയും ചെയ്തു. അന്നേരം ഏട്ടന്റെ കണ്ണ് നിറഞ്ഞിരുന്നു. സത്യം പറഞ്ഞാ, ഏട്ടന്റെ തല്ലിനേക്കാൾ എനിക്ക് വേദനിച്ചത് ഏട്ടന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോഴാ.." ആ രംഗം കണ്മുൻപിൽ വീണ്ടും തെളിയുന്നത് പോലെ അയാൾക്ക്‌ തോന്നി. അറിയാതെ കണ്ണുകൾ നിറഞ്ഞു. ഏട്ടന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നുമുണ്ടായില്ല. "സാരമില്ലെടാ..പോട്ടെ.." എന്നെങ്കിലും ഏട്ടൻ പറയുമെന്ന് അനിയൻ പ്രതീക്ഷിച്ചു. കുറച്ചുനേരത്തെ മൗനത്തിനു ശേഷം അയാൾ തുടർന്നു. "ജോലിയില്ലാതെ ഞാൻ അലഞ്ഞു തിരിഞ്ഞപ്പോൾ കൈയിലിത്തിരി കാശും തന്ന് എന്നെ പുറത്തേക്ക് അയച്ചതും ഏട്ടൻ തന്നെയായിരുന്നില്ലേ? നാടും വീടും വിടുന്നതിനേക്കാൾ ഏട്ടനെ പിരിയുന്നതായിരുന്നു എനിക്ക് വിഷമം. ഏട്ടനും അന്ന് കുറേ കരഞ്ഞുവെന്ന് പിന്നീട് അമ്മ പറഞ്ഞ് ഞാനറിഞ്ഞു. അതിനുമുൻപ് നമ്മൾ പിരിഞ്ഞിരുന്നിട്ടേയില്ല, എന്നും നമ്മൾ ഒരുമിച്ചായിരുന്നല്ലോ അല്ലേ ഏട്ടാ..?" ഏട്ടൻ ഒന്നും മിണ്ടില്ല എന്നറിയാമെങ്കിലും ഒരുത്തരത്തിനായി അയാൾ വെറുതെ കാതോർത്തു. "ഓരോ അവധിക്ക് വേണ്ടിയും ഞാൻ കാത്തിരിക്കുകയായിരുന്നു, നാട്ടിലേക്ക് ഓടിയെത്തി ഏട്ടനെക്കാണാൻ. അപ്പോഴേക്കും ഏട്ടനും തിരക്കായി. ഏട്ടനെ എനിക്ക് പഴയതുപോലെ കിട്ടാതെയായി. എന്നിട്ടും നാട്ടിലേക്ക് വരാൻ കഴിയുന്ന ഒരവസരവും ഞാൻ പാഴാക്കിയിരുന്നില്ല. പഴയതുപോലെ എന്റെ കൂടെ നടക്കാൻ കഴിഞ്ഞില്ലെങ്കിലും എനിക്ക് അത്യാവശ്യം വന്നപ്പോഴൊക്കെ സഹായിക്കാൻ ഏട്ടൻ മറന്നില്ല. പിന്നെ കല്യാണം കഴിച്ച് കുടുംബമൊക്കെ ആയപ്പോഴാണ് നാട്ടിലേക്കുള്ള വരവ് ഇത്തിരി കുറഞ്ഞത്. എന്നിട്ടും ഫോണിലൂടെ എന്നും നമ്മൾ വിശേഷം പങ്കുവെച്ചിരുന്നു." അയാൾ വീണ്ടും ഒരു ഇടവേളയെടുത്തു, എന്നിട്ട് ഏട്ടനോടായി ചോദിച്ചു."ഇത്രയും കാലം ഏതെങ്കിലും ഒരു കാര്യം നമ്മൾ പരസ്പരം പറയാതിരുന്നിട്ടുണ്ടോ ഏട്ടാ, ഇല്ലല്ലോ..? എന്നിട്ടും..എന്നിട്ടും.." അയാളുടെ തൊണ്ടയിടറി. അർദ്ധോക്തിയിൽ നിർത്തി വാക്കുകൾക്ക് വേണ്ടി പരതി.  "എന്നിട്ടും..എന്തേ എന്നോട് ഒരു വാക്കുപോലും പറയാതെ ഏട്ടൻ ഒരു യാത്ര പോയത്, അതും ഒറ്റയ്ക്ക്..?" ഇത്തവണ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, ഒരു തേങ്ങൽ അവിടെ അലയടിച്ചു. അയാൾ പതുക്കെ തല ചെരിച്ച് തിണ്ണയിലേക്ക് നോക്കി. അവിടം ശൂന്യമായിരുന്നു. ചുമരിൽ ഏട്ടൻ ബാക്കിവെച്ച തലയുടെ അടയാളം കറുത്ത നിറത്തിൽ പരന്നുകിടന്നിരുന്നു. അയാളുടെ നോട്ടം മെല്ലെ ചുമരിൽ, മുകളിലേക്ക് നീണ്ടു. അവിടെ ചന്ദനമാലയണിഞ്ഞ ചില്ലുകൂട്ടിൽ ഒരു മന്ദഹാസം വിരിഞ്ഞതായും അതൊരു ആശ്വാസത്തിന്റെ കുളിർകാറ്റായി  തന്നെ പൊതിയുന്നതായും അനിയന് തോന്നി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ