പേജുകള്‍‌

ബാല്യകാലം



ഓർമ്മയിൽ തെളിയുന്നു മധുരകാലം
മഴ പോൽ പൊഴിഞ്ഞൊരാ ബാല്യകാലം
അമ്മ മാറിലെ ചൂട് നുകർന്ന കാലം
അച്ഛന്റെ വിരൽത്തുമ്പിലാടിയ കാലം

മഴ കണ്ടു പുഴ കണ്ടു, മരങ്ങളെക്കണ്ടു
കിളികൾതൻ ആരവം കേട്ടുണർന്നു
പൂക്കളെ കണ്ടു സുഗന്ധം നുകർന്നു
പച്ചയിൽ പുതഞ്ഞൊരാ ഭൂമി കണ്ടു

മണ്ണിൽ ചവുട്ടി നടന്ന കാലം
പുതുമഴതൻ ഗന്ധമറിഞ്ഞ കാലം
ബന്ധങ്ങൾ കണ്ടു വളർന്ന കാലം
ബന്ധനങ്ങളൊന്നുമില്ലാത്ത കാലം

കൂട്ടരോടൊത്ത് പൂത്തുമ്പിയായി
സോദരടൊപ്പം വികൃതികളുമായി
മാമ്പൂ നുകർന്നും മാന്തളിർ നുള്ളിയും
ഒരു ചെറുതെന്നലായി പറന്ന കാലം

ചിറകടിച്ചുയരും ചിത്രശലഭമായി
മീനത്തിൽ പൂക്കും കണിക്കൊന്നയായി
കാണുന്നവർക്കാനന്ദമായി സ്വപ്നമായി
നിറമാർന്ന നിമിഷങ്ങളിലൂടൊഴുകി

ഇടവപ്പാതി പെയ്തിറങ്ങും നേരം
തുടികൊട്ടും മനസ്സൊരു പങ്കായമായി
കടലാസ്സ് തോണികളെത്ര തുഴഞ്ഞു
ഞങ്ങൾ സ്വപ്നത്തിൻ മറുകര താണ്ടി

നമ്രശീർഷയാം നവവധുപോൽ
കതിരണിയും പൊന്നാര്യൻ പാടങ്ങളിൽ
ചിരിതുള്ളും തോട്ടിൻ കരകളിലും
തുള്ളിത്തെറിച്ചു മദിച്ച കാലം

അമ്പിളിമാമനെ കൊതിച്ചകാലം
പൊൻതാരകളെണ്ണിക്കിടന്ന കാലം
വെയിലേറ്റു വാടിത്തളരാത്ത കാലം
മഴച്ചാറ്റലാൽ കുളിരാർന്ന കാലം

തെച്ചിയും പിച്ചകവും തേൻമുല്ലയും
തലയാട്ടി ചിരി തൂകും ചെമ്പകവും
കുട്ടിക്കുറുമ്പൊക്കെ കണ്ടുരസിച്ചു
ചിരിതൂകി ഗന്ധം പരത്തി വാനിൽ

അണ്ണാറക്കണ്ണനോടൊരു കുശലം
എതിർപാട്ട് പാടുന്നു കുയിലിനോടും
തേൻമാവിൻ കൊമ്പിലൊരൂയലാട്ടം
സ്വർഗ്ഗീയനിമിഷങ്ങളത്രേയത്         

കതിർമണിക്ക് കൊടുത്തു മുത്തം
പുതു നെല്ലിൻ ഗന്ധം നുകർന്നു ഏറെ
പത്തായം നിറയുമ്പോൾ തുള്ളിച്ചാടി
പുത്തരിയുണ്ടതിൻ കുത്തുകൊണ്ടു

പുളിവാറിനടികളേറെ വരച്ചു
ചെഞ്ചായക്കുറികൾ ഇളംതുടയിൽ
മറന്നീടുമെല്ലാം നിമിഷാർദ്ധത്തിൽ
പതിവുകുറുമ്പുകൾ തുടരും പിന്നെ

പുളിമാവിൻ കൊമ്പിലും പുളിമരച്ചോട്ടിലും
പുളിയനുറുമ്പിന്റെ കടിയെത്ര കൊണ്ടു
പൂരക്കളി കണ്ടു കോൽക്കളി കണ്ടു
പൂമുഖത്തിണ്ണയിൽ താളം പിടിച്ചു

മുക്കുറ്റിപ്പൂവിനെ തേടി നടന്നു
തുമ്പപ്പൂവിന്റെ കവിൾ തലോടി
കാക്കപ്പൂവപ്പോൾ നാണിച്ചു നിന്നു
ഓണത്തപ്പൻ ചിരിതൂകി മെല്ലെ

തൊട്ടാവാടിയെ തഴുകിയുറക്കി
ഊക്കോടെ ഊതിയന്നപ്പൂപ്പൻ താടിയെ
തുമ്പിയെകൊണ്ടെത്ര കല്ലെടുപ്പിച്ചു
തേനീച്ച കുത്തേറ്റു തേൻ നുണഞ്ഞു

അഗ്നിയെ പ്രേമിച്ചോരീയാംപാറ്റകൾ
പകർന്നൊരു പാഠങ്ങൾ മറക്കുകില്ല
ക്ഷണഭംഗുരം മഴപ്പാറ്റ ജീവിതം
സന്തോഷഭരിതമീ നമുക്ക് പാഠം

സന്ധ്യാനേരമിരുളിൽ മിനുങ്ങും
മിന്നാമിന്നിയെന്തു കൗതുകമായി
വരിയായി നീങ്ങുമുറുമ്പുകൾ ചൊല്ലി
കരുതലിൻ പാഠവും ഐക്യബലവും

അമ്മയ്ക്ക് സ്വൈര്യം കൊടുത്തതില്ല
അച്ഛന്റെ മുന്നിലോ നല്ല പിള്ള 
സോദരർ തമ്മിലായി അങ്കം കുറിച്ചു     
കുരുക്ഷേത്ര യുദ്ധങ്ങൾ ഏറെ നടത്തി

ചറപറാ പെയ്യുന്ന മഴയത്തൂടെ
കുടുകുടെ ചിരിയുമായോടിയെത്ര
അംബരം തിന്നൊരാ തൊടിയിലെ കിണറിൽ
അമ്പിളി വീണത് കണ്ടു കരഞ്ഞു

കതിരവൻ കടലിൽ വീഴുന്ന നേരം
സന്ധ്യാദേവിയെ വന്ദിച്ചു നിത്യം
മേശവിളക്കിലെ നേർത്ത വെളിച്ചത്തിൽ
അക്ഷരം ഓരോന്നായി തിന്നു തീർത്തു

പ്രേമമെന്തെന്നറിയില്ലയെങ്കിലും
പൂമാനിനിമാരുടെ വദനാംബുജങ്ങൾ
ചിത്തത്തിൽ പലകുറി ഉദിച്ചുവന്നു
പാലൊളി ചന്ദ്രിക തൂകുമൊരിന്ദുപോൽ

കളിയാട്ടപ്പറമ്പിലലഞ്ഞു നടന്നു
മധുരങ്ങൾ ഒരുപാട് നുണഞ്ഞിറക്കി
തെയ്യങ്ങൾ കണ്ടു മഞ്ഞക്കുറി വാങ്ങി
പനയാലപ്പന്റെ തിരുനർത്തനം കണ്ടു

അമ്മമാർ തന്നുടെ സഭയിൽ നടുവിൽ
കുത്തിയിരുന്നെത്ര വാർത്തകൾ കേട്ടു
മുത്തശ്ശിമാർ ചൊല്ലും പഴംകഥകളാൽ
ഇതിഹാസങ്ങളെല്ലാം അറിഞ്ഞുവല്ലോ

രാമനെക്കണ്ടു സീതയെക്കണ്ടു മഹാ-
ഭാരതമപ്പാടെ മനതാരിൽ കണ്ടു
പാലാഴിപ്രഭ കണ്ടു കൈലാസവും
പിന്നെ മുപ്പത്തിമുക്കോടി ദേവകളും

സത്യം വദ ധർമ്മം ചരയെന്നോതി
ഗുരുകാരണവർ ഏറെയീ കാതുകളിൽ
എങ്കിലും കാട്ടി കള്ളങ്ങളിത്തിരി
ബാല്യത്തിൻ ചാപല്യമതത്രമാത്രം

കാശിനായി ആശിച്ച കാലമത്രെ
മീശയ്ക്കായേറെ കൊതിച്ച കാലം
വലുതായാൽ മതിയെന്നാശിച്ച കാലം
ബാല്യത്തിൻ വിലയറിയാത്ത കാലം

ഭാവിയെക്കുറിച്ചോർത്തതില്ല, തൻ
ഭാവിയെന്തെന്ന് അറിഞ്ഞുമില്ല
അച്ഛൻ തെളിച്ചൊരാ വഴിയിലൂടെ
മുൻപിൻ നോക്കാതെ നടന്ന കാലം

കാലം കടന്നു, പൊടിമീശ കിളിർത്തു
ചുണ്ടിലൊരീണവും കൂടുകൂട്ടി
കളവാണിമാരുടെ സുസ്മേരവദനം
കുളിരായി മേനിയിൽ പടർന്നുകേറി

ബാല്യം മറഞ്ഞു കൗമാരവും പോയി
നിറയൗവ്വനമെന്നിൽ വിരുന്നു വന്നു
പുതുമുളയായി നാമ്പിട്ട സ്വപ്‌നങ്ങൾ
ജീവിതയാത്രയ്ക്ക് ഊർജ്ജമേകി

അക്കാലമൊക്കെയും പോയ്മറഞ്ഞു
പെയ്തൊഴിഞ്ഞ തുലാവർഷം പോലെ
തോടുകൾ പോയി പാടങ്ങൾ പോയി
പിച്ചയും മുല്ലയും വെറുമോർമ്മയായി

പിച്ചവെച്ചൊരാ ഗ്രാമം വെടിഞ്ഞു
വേഷങ്ങൾ പലകുറി മാറി വന്നു
പല പല നാടുകൾ കണ്ടുവന്നു
ഒടുവിലൊരു നഗരത്തിൽ കൂടുകൂട്ടി

ബാല്യത്തിൽ കണ്ട സ്വപ്നങ്ങളേറെയും
വെറും പാഴ്ക്കിനാവായി മാറിയല്ലോ
ഇന്നുമെൻ ചിത്തത്തിൽ തെളിഞ്ഞിടുന്നു
ഓർമ്മകൾ മങ്ങാത്ത ബാല്യകാലം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ