*അദ്ധ്യായം 2: മുഹൂർത്തം*
വസന്തം:-
സമാജത്തിന് തുടക്കം കുറിച്ചെങ്കിലും ചെയ്തുതീർക്കാൻ ജോലികൾ പിന്നെയും ബാക്കികിടക്കുന്നതേയുണ്ടായിരുന്നുളളൂ. തുടർന്നുള്ള കുറച്ചു മാസങ്ങൾ പ്രവർത്തകസമിതിയിലെ അംഗങ്ങൾ വീടുകൾ കയറിയിറങ്ങി സമാജത്തിലേക്കു അംഗങ്ങളെ ചേർക്കുന്ന കർമ്മത്തിൽ ഏർപ്പെട്ടു. അത്തരമൊരു യത്നത്തിനിടയിലാണ് കർണ്ണാടകയിലെ മുൻ ചീഫ് സെക്രട്ടറിയായ ശ്രീ ഡോ. ജെ അലക്സാണ്ടർ IAS നെ പരിചയപ്പെടുന്നതും അദ്ദേഹത്തോട് സമാജത്തിന്റെ മുഖ്യ രക്ഷാധികാരിയാവാൻ അഭ്യർത്ഥിച്ചതും. സന്തോഷപൂർവ്വം ആ സ്ഥാനം ഏറ്റെടുത്ത ഡോ. ജെ അലക്സാണ്ടർ തുടർന്നിങ്ങോട്ട് സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കാൻ ശ്രദ്ധിക്കുകയും ചെയ്തു.
അംഗസംഖ്യ വർദ്ധിച്ച് ആദ്യം 100ലേക്കും പിന്നീട് 250ലേക്കും എത്തിയെങ്കിലും അംഗത്വത്തിനുള്ള പ്രവേശനധനമായ 500 രൂപ സ്ഥിരനിക്ഷേപമാക്കണം എന്ന് തീരുമാനിച്ചിരുന്നതിനാൽ ഭരണനിർവ്വഹണത്തിനും മറ്റു ദൈനംദിന ചെലവുകൾക്കും വേണ്ടുന്ന പണത്തിനായി ആകെയുണ്ടായിരുന്ന ശ്രോതസ്സ് പ്രവർത്തകസമിതി അംഗങ്ങളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും വ്യക്തിപരമായ സംഭാവനകൾ ആയിരുന്നു.
2012 മാർച്ച് മാസത്തിൽ യുവജനവേദിയും, സ്ത്രീകളുടെ കൂട്ടായ്മയായ സുരഭിയും ആരംഭിച്ചതോടെ ഈ രണ്ടു വിഭാഗങ്ങളുടെ നേതൃത്വത്തിൽ മലയാളികളുടെ ദേശീയ ഉത്സവവും പ്രവാസികളുടെ ഗൃഹാതുരത്വ വികാരവുമായ ഓണം ആഘോഷിക്കാൻ തീരുമാനിച്ചു. അതിലേക്കായി ഏപ്രിലിൽ ആദ്യ യോഗം വിളിച്ചുകൂട്ടി. തുടർന്നുള്ള മാസങ്ങളിലെ നിരന്തരമായ കൂടിയാലോചനകളുടെയും പ്രവർത്തനങ്ങളുടെയും ഫലമായി 2012 ഓഗസ്റ്റ് 26നു നഞ്ചമ്മ ഗോവിന്ദറെഡ്‌ഡി കല്യാണമണ്ഡപത്തിൽ വച്ച് ഓണാഘോഷം വിജയകരമായി നടത്തി. ശ്രീമതി ശ്രീദേവി ഉണ്ണി, ശ്രീമതി കമനീധരൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
സമാജത്തിലെ അംഗങ്ങൾക്ക് വേണ്ടി ഓണപ്പൂക്കളമത്സരവും യുവജനവേദിയുടെ നേതൃത്വത്തിൽ ഓണച്ചന്തയും ഒരുക്കിയിരുന്നു. പ്രതീക്ഷിച്ചതിലധികം ആൾക്കാർ വന്നെത്തിയ ഓണാഘോഷ ദിനത്തിൽ യുവജനവേദിയും സുരഭിയും കൈമെയ് മറന്നു അദ്ധ്വാനിച്ചതിന്റെ ഫലമായി 2 മണിക്കൂർ നീണ്ടു നിന്ന ഔദ്യോഗിക പരിപാടികളും 4 മണിക്കൂർ നീണ്ടുനിന്ന വിവിധകലാപരിപാടികളും ഓണസദ്യയും ഒക്കെയായി ഗംഭീരമായി.
പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുന്ന കുട്ടികൾക്ക് പ്രോത്സാഹനമെന്ന നിലയിൽ പുരസ്‌കാരങ്ങൾ നൽകാൻ സമിതി തീരുമാനിച്ചതിൻ പ്രകാരം SSLC, CBSE, പാഠ്യക്രമങ്ങളിലെ 10, 12 ക്ലാസ്സുകളിലെ കുട്ടികൾക്ക് പഠനമികവിനുള്ള അംഗീകാരം 'Academic Excellence Award' ആ വർഷം (2012) ഓണത്തോടനുബന്ധിച്ചു തന്നെ നല്കാൻ തുടങ്ങി.
കലാസാംസ്കാരിക പ്രവർത്തനങ്ങളിലൂടെ കൂടുതൽ ആളുകളെ സമാജത്തിലേക്ക് ആകർഷിക്കാമെന്ന ചിന്തയിൽ സമാജം അംഗങ്ങൾക്ക് മാത്രമായി ഒതുക്കാതെ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടു സെപ്റ്റംബറിൽ ചിത്രരചനാമത്സരം, ഒക്ടോബറിൽ സാഹിത്യമത്സരം, നവംബറിൽ സംഗീതമത്സരം, ഡിസംബറിൽ നൃത്തമത്സരം എന്നിവ നടത്തി. തന്റെ കർമ്മനിരതയും കലയോടുള്ള താല്പര്യവും വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ഇച്ഛാശക്തിയും അന്നത്തെ കാര്യദർശിയായ ശ്രീ യോഗിദാസ് പ്രകടിപ്പിച്ച സന്ദർഭം കൂടിയായിരുന്നു ഇത്. തീർച്ചയായും ഭരണ-പ്രവർത്തക സമിതി അംഗങ്ങളുടെ നിർലോഭമായ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കിലും അതിന്റെ ആശയവും നടത്തിപ്പും അദ്ദേഹത്തിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു. പൂക്കള മത്സരത്തോടെ തുടങ്ങിയ കലോത്സവം അവസാനിച്ചത് ഡിസംബർ 29 ന് നടന്ന നൃത്തമത്സരങ്ങളോടെയാണ്.
സെപ്റ്റംബർ 23ന് ചിത്രരചനാമത്സരത്തിനും നവംബർ 25ന് വിവിധ പ്രായക്കാർ അണിനിരന്ന സംഗീതമത്സരങ്ങൾക്കും (കർണാടിക് സംഗീതം, നാടോടി പാട്ട്, ചലച്ചിത്രഗാനം, അർദ്ധശാസ്ത്രീയ ഗാനം) BEML Layout ലുള്ള ഭൂനീലസമേത ശ്രീ വെങ്കിട്ടരമണ സ്വാമി ക്ഷേത്രത്തോടനുബന്ധപ്പെട്ടുള്ള തളത്തിലായിരുന്നു വേദി. ചിത്രരചനാ മത്സരത്തിൽ 3 മുതൽ 13 വരെ പ്രായമുള്ള 150 ൽ പരം കുട്ടികൾ പങ്കെടുത്തു. ഒക്ടോബർ 21 ന് ആംഗലത്തിലും മലയാളത്തിലുമുള്ള കവിതാരചനയും ഉപന്യാസമത്സരവും നടന്നു, Raycon Lotus AECS Layout ആയിരുന്നു വേദി എങ്കിൽ ഒന്നാം വാർഷികാഘോഷദിനമായ ഡിസംബർ 29 ന് നടന്ന അവസാന മത്സരമായ നൃത്തമത്സരങ്ങൾ (ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഒപ്പന,മാർഗം കളി, സിനിമാറ്റിക് നൃത്തം കൂടാതെ നാടോടി നൃത്തം) നടന്നത് AECS Layout ൽ A Block -ലെ മൈതാനത്ത് കെട്ടിയുണ്ടാക്കിയ താൽക്കാലിക വേദിയിലായിരുന്നു. ബാംഗ്ലൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലേറെപ്പേർ ഈ മത്സരത്തിൽ പങ്കെടുത്തു.
ആദ്യവാർഷികത്തിൽ മുഖ്യാതിഥിയായെത്തിയത് ആരോഗ്യ മന്ത്രിയായിരുന്ന ശ്രീ അരവിന്ദ് ലിംബാവലിയായിരുന്നു. ജ്ഞാനപീഠ ജേതാവായ ശ്രീ ചന്ദ്രശേഖര കമ്പാർ, മുൻ മന്ത്രിയും ചീഫ് സെക്രട്ടറിയും സർവ്വോപരി സമാജത്തിന്റെ രക്ഷാധികാരിയുമായ ഡോ. ജെ അലക്സാണ്ടർ എന്നിവരെ ക്ഷണിച്ചിരുന്നെങ്കിലും അവർക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. എല്ലാ മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാന വിതരണവും അന്ന് നടക്കുകയുണ്ടായി. പരിപാടിയോടനുബന്ധിച്ച് കഥകളി ഉൾപ്പടെ വിവിധങ്ങളായ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. പ്രമുഖവ്യക്തികളെ പങ്കെടുപ്പിച്ചു നടത്തിയ ആദ്യ വാർഷികം തന്നെ സമാജത്തിന്റെ വളർച്ചയും ഗതിയും ഉന്നതിയിലേക്കാണെന്ന് സൂചിപ്പിച്ചു.
സമാജത്തിൽ അതുവരെ അംഗത്വം നേടിയവരുടെ വിവരങ്ങൾ, സമാജത്തിന്റെ നിയമാവലി, പ്രമുഖ വ്യക്തികളുടെ ആശംസകൾ, നിത്യജീവിതത്തിൽ ഒരു വ്യക്തിക്ക് ആവശ്യമായി വരുന്ന വിവരങ്ങൾ ഒക്കെയടങ്ങിയ 'Intimate' എന്ന ഡയറിയും ശ്രീ ലിംബാവലി പ്രകാശനം ചെയ്യുകയുണ്ടായി. കാര്യദർശിയായ ശ്രീ യോഗിദാസിന്റെ ആശയത്തിൽ വിരിഞ്ഞതായിരുന്നു ഈ കൈപ്പുസ്തകവും.
ജാതിമതവർഗ്ഗവർണ്ണദേശഭാഷാ വ്യത്യാസമില്ലാതെ പഠിക്കാൻ ആഗ്രഹിച്ചു വരുന്ന ഏവരെയും കേരളത്തിന്റെ തനതു കലകളിൽ ഒന്നായ മോഹിനിയാട്ടം പഠിപ്പിക്കാനായി മുംബൈ നഗരത്തിൽ നിന്നും വന്ന മലയാളിയായ ഒരു നൃത്താദ്ധ്യാപികയെ ചുമതലപെടുത്തിയതും ആദ്യ വർഷത്തെ നേട്ടം തന്നെ. AECSLayout ലെ B-Blockലെ ഒരു വീടായിരുന്നു ആദ്യത്തെ നൃത്തപരിശീലനകേന്ദ്രമായി മാറിയത്. മോഹിനിയാട്ടത്തിനു പുറമെ ഭരതനാട്യവും കുച്ചിപ്പുടിയും അവർ അഭ്യസിപ്പിച്ചിരുന്നു.
ക്രൈസ്റ്റ് സ്കൂൾ വേദിയിൽ നോർക്ക റൂട്സ് ഒക്ടോബർ 7 ന് സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ പ്രവാസി മലയാളികളുടെ സംഗമത്തിൽ പങ്കെടുക്കുക വഴി ബാംഗ്ലൂർ മലയാളി സംഘടനകളുടെ ഇടയിൽ സ്ഥാനം നേടാനും സമാജത്തിന് കഴിഞ്ഞു.
സാമ്പത്തികപരാധീനതകൾക്കിടയിലും ആദ്യത്തെ വർഷം തന്നെ കുംദലഹള്ളിയിലെ കരുണാശ്രയ എന്ന സാന്ത്വനപരിചരണകേന്ദ്രത്തിലേക്ക് മോശമല്ലാത്ത തുക സംഭാവന ചെയ്ത് സമൂഹത്തിലെ വേദനയനുഭവിക്കുന്നവരോട് തങ്ങൾക്കുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കാനും സമാജം ശ്രദ്ധിച്ചു. കൂടാതെ സമാജത്തിലെ ഒരംഗത്തിന് ചികിത്സാസഹായമായി ഒരു തുക നൽകുകയും ചെയ്തു.
ഇങ്ങനെ സംഭവബഹുലമായ ആദ്യവർഷം സൂചിപ്പിക്കുന്നത് അന്നത്തെ പ്രവർത്തക/ഭരണ സമിതി അംഗങ്ങൾ എത്രത്തോളം കർത്തവ്യനിരതരായിരുന്നു എന്നാണു. അവരുടെ കഷ്ടപ്പാടിന്റെയും വിയർപ്പിന്റെയും ഫലമായാണ് സമാജം ഇന്നീ കാണുന്ന നിലയിലെത്തിയത്. സമാജം രൂപീകരിച്ചിട്ടു ഒരു വർഷം പിന്നിടുമ്പോഴേക്കും 255 കുടുംബങ്ങളുടെ അംഗബലവുമായി ബാംഗ്ലൂർ മലയാളികളുടെ ഇടയിൽ വ്യാപകപ്രചാരം നേടാൻ മേല്പറഞ്ഞ പരിപാടികളിലൂടെ കുന്ദലഹള്ളി കേരള സമാജത്തിന് കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്.
തുടരും ................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ