പേജുകള്‍‌

ഞങ്ങൾ ഇങ്ങനെയൊക്കെയാണ് മധൂ...






                                      അമ്മയുടെ ചൂടിനപ്പുറത്ത്  മറ്റൊരു ലോകം ഇതൾവിരിയുന്നു 
                                     അരുമറിയാതിരിക്കട്ടെ ഈ മരുലോകമെന്നു കരുതുമ്പോഴും...
                                     കൂടുതൽ പാഴ്ജന്മങ്ങൾ ഇവിടെ പുഴുക്കളെ പോലെ 
                                     ആർക്കും ആർക്കും സ്നേഹം വിളമ്പാത്ത മറ്റൊരു മായാലോകം 



മധൂ, ഇന്നലെ വരെ നീ  ഇവിടെയുണ്ടായിരുന്നു, ഈ ലോകത്ത്‌ ആരുമറിയാതെ... പക്ഷേ ഇന്ന് നീ ഞങ്ങളോടൊപ്പമില്ല; ഞങ്ങളിൽ ചിലർ നിന്നെ ഈ ലോകത്തു നിന്ന് തന്നെ പറഞ്ഞയച്ചു.  ഈ ലോകത്ത് നീ വേണ്ട എന്ന് അവർ സ്വയം തീരുമാനമെടുത്തു. നീ പോയി എന്നറിഞ്ഞ ഉടനെ ഞങ്ങൾ സടകുടഞ്ഞെഴുന്നേറ്റു. ഇപ്പോൾ നിനക്ക് വേണ്ടി ഘോരം ഘോരം വാദിക്കുകയാണ്, നിർത്താതെ കണ്ണീരൊഴുക്കുകയാണ്.നിന്റെ ഘാതകരെ ശിക്ഷിക്കാൻ മുറവിളി കൂട്ടുകയാണ്. പക്ഷെ, നീ ജീവിച്ചിരുന്നപ്പോൾ ഞങ്ങൾ ഒന്നും ചെയ്തില്ല. നീ ഉണ്ണുന്നുണ്ടോ ഉടുക്കുന്നുണ്ടോ എന്ന് അന്വേഷിച്ചില്ല, എന്തിനധികം,  മരിക്കുന്നതിന് തൊട്ടുമുൻപ് നീ ആവശ്യപ്പെട്ട ഒരിറ്റു വെള്ളം പോലും ഞങ്ങൾ തന്നില്ല. അല്ലെങ്കിലും ഞങ്ങൾ ഇങ്ങിനെയൊക്കെയാണ്‌ മധു, പക്ഷെ നീ അതറിഞ്ഞില്ല എന്ന് മാത്രം. നിനക്ക് ഒന്നുമറിയില്ലായിരുന്നു,അല്ലെങ്കിൽ അറിയേണ്ട കാര്യമില്ലായിരുന്നു. അത് കൊണ്ടല്ലേ ആരും കാണാതെ ഗുഹകളിൽ രാപാർത്തു ഇരുട്ടിന്റെ മറയിൽ മാത്രം നീ പുറത്തിറങ്ങിയത്.  നാട്ടിലെ മനുഷ്യമൃഗങ്ങളെക്കാൾ സ്നേഹമുള്ളവരാണ് കാട്ടിലെ വന്യമൃഗങ്ങൾ എന്ന് നീ മനസ്സിലാക്കിയിട്ടുണ്ടാകും, അല്ലെങ്കിൽ ഞങ്ങളെ വിട്ടു നീ അവറ്റകളുടെ കൂട്ട് തേടുമായിരുന്നില്ലല്ലോ? അവിടെ നീ സന്തോഷത്തോടെ ജീവിച്ചു, ആരും നിന്നെ ഉപദ്രവിച്ചില്ല, ആരും നിന്നെ അന്വേഷിച്ചു വന്നതുമില്ല. 

ഞങ്ങളും നിന്നെ ഉപദ്രവിക്കില്ലായിരുന്നു, ഇരുട്ടിന്റെ മറയിൽ തന്നെ നീ കഴിഞ്ഞിരുന്നെങ്കിൽ, നിന്റെ വിശപ്പ് മാറ്റാൻ ഞങ്ങളുടെ അന്നം നീ കട്ടെടുത്തിരുന്നില്ലെങ്കിൽ (അതും സത്യമാണോ എന്ന് ഞങ്ങൾ അന്വേഷിക്കാൻ മിനക്കെട്ടില്ല). അതുകൊണ്ടല്ലേ നിന്നെ സംരക്ഷിക്കേണ്ടവർ തന്നെ നിന്നെ മരണത്തിലേക്ക് കൊണ്ട് നയിച്ചത്??. ഇപ്പോൾ ഞങ്ങൾ എല്ലാവരും നിന്റെ കൂടെയുണ്ട്. ഇവിടുത്തെ ഭരണപക്ഷവും പ്രതിപക്ഷവും സാധാരണക്കാരായ ജനങ്ങളും നിന്നോടൊപ്പമാണ്, അങ്ങെനയാണെന്നു വരുത്തിത്തീർക്കാൻ ഞങ്ങൾ അശ്രാന്തം പരിശ്രമിക്കുന്നുണ്ട് .അത് പക്ഷെ നീ അറിയുന്നില്ല എന്നേയുള്ളൂ. നിനക്ക് നീതി വാങ്ങിച്ചു തരാൻ  ഞങ്ങൾക്കു തിടുക്കമായി മധൂ. നിനക്ക് ഒരു പിടി ചോറ് തരാനോ  ഒരിറ്റു വെള്ളം തരാനോ മാത്രമേ ഞങ്ങൾക്ക് കഴിയാത്തതുള്ളൂ ..ഞങ്ങളിൽ ചിലർ നിന്നെ സഹോദരനായും മകനായും സുഹൃത്തായും ദത്തെടുത്തു കഴിഞ്ഞു. വേണ്ടാ മാത്രം എന്ന് പറയല്ലേ മധൂ; അത് ഞങ്ങൾക്ക് സഹിക്കാൻ പോലും പറ്റില്ല. കാരണം ഇനി നിനക്ക് കഴിഞ്ഞുകൂടാനുള്ളതൊന്നും തരേണ്ട കാര്യമില്ലല്ലോ. ചുളുവിൽ ഒരു ബന്ധുത്വം കിട്ടുമെങ്കിൽ, അതിനെക്കൊണ്ട് ഗുണം കൂടിയുണ്ടെങ്കിൽ എന്തിനാ കളയുന്നത് എന്ന് ഞങ്ങളും കരുതി.  

ഞങ്ങളെ അറിയില്ലേ നിനക്ക്? ഏറ്റവും ഉയർന്ന സംസകാരമുള്ളവർ, സംസ്കാരസമ്പന്നർ എന്നൊക്കെയാണ് ഞങ്ങൾ അറിയപ്പെടുന്നത്. വിവരമാണെങ്കിൽ പറയുകയും വേണ്ട. 100 % ശതമാനം സാക്ഷരരാണ് ഞങ്ങൾ. ഈ ലോകത്തുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾക്കറിയാം. അതൊക്കെ വളരെ സൂക്ഷ്മമായും കൃത്യമായും നിരീക്ഷിക്കുന്നുമുണ്ട് .ദൈവത്തിന്റെ സ്വന്തം നാട്  എന്ന് നമ്മുടെ നാടിനു പേരുള്ള കാര്യം നിനക്കറിയാൻ  വഴിയില്ല മധു, കാരണം നിനക്ക് കച്ചവടതാല്പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ. കാടിനെ അറിയാം എന്നുള്ളത് മാത്രമായിരുന്നു നിന്റെ യോഗ്യത,ഛേ ..വളരെ വളരെ മോശം...

നിനക്ക് ലക്ഷങ്ങളോ  കോടികളോ സമ്പാദ്യമുണ്ടായിരുന്നോ, ഇല്ലല്ലോ? കൂടാതെ ഒരു അധികാരവർഗ്ഗത്തെയും നിനക്ക് പരിചയവുമുണ്ടായിരുന്നില്ല. 9 വർഷങ്ങൾക്കു മുൻപ് വീടിനെയും അമ്മയേയും ഉപേക്ഷിച്ചു കാടു കയറിയ നീ വോട്ടും ചെയ്തിട്ടുണ്ടാവില്ല; അപ്പോൾ നീ ഒരു വോട്ട് ബാങ്കിന്റെയും ഭാഗവുമല്ല. നിനക്കറിയുമോ എന്നറിയില്ല, ലോകത്തുള്ള എല്ലാ അക്രമത്തിനെതിരെയും ശബ്ദമുയർത്തുന്നവരാണ് ഞങ്ങൾ. സമരമാണ് ഞങ്ങളുടെ ആയുധം. സദ്ദാം ഹുസൈനെ അമേരിക്ക കഴുമരത്തിലേറ്റിയപ്പോൾ ഞങ്ങൾ പ്രതിഷേധിച്ചു. പലസ്തീനിൽ ഇസ്രായേൽ അതിക്രമം കാട്ടിയപ്പോഴും ഞങ്ങൾ പ്രതിഷേധിച്ചു എന്തിനേറെ പറയുന്നു, ഉത്തരേന്ത്യയിൽ നിന്നെ പോലുള്ളവരെ മുതലാളി വർഗ്ഗം കൊന്നു തള്ളിയപ്പോഴും ഞങ്ങൾ രോഷം കൊണ്ട് വിറച്ചു. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി, ആവിഷ്കാര സ്വാതന്ത്ര്യത്തിനായി ഞങ്ങൾ തെരുവിലിറങ്ങി ആക്രോശിച്ചു; തെരുവ് യുദ്ധക്കളമാക്കി മാറ്റി പലപ്പോഴും. ആ ഞങ്ങൾ തന്നെ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു പാവം യുവാവിനെ വെട്ടിക്കൊന്നു. നീ അറിഞ്ഞിരുന്നോ ആ കാര്യം? പത്രം വായിക്കാത്ത, ടീവി കാണാത്ത ചരുങ്ങിയ പക്ഷം വാട്സപ്പ് എങ്കിലും നോക്കാത്ത നീ അതെങ്ങിനെ അറിയാൻ..?എന്തൊരു മണ്ടൻ ചോദ്യമാണല്ലേ..? അത് ഞങ്ങൾ ആഘോഷിക്കുകയായിരുന്നു; മാധ്യമധർമ്മത്താൽ മതിമറന്ന നമ്മുടെ ചാനലുകളെല്ലാം ഇഴകീറി ആ കൊലപാതകത്തെ  പരിശോധിക്കുകയായിരുന്നു. എന്തിനേറെപ്പറയുന്നു മാധ്യമവിചാരണ നടത്തികുറ്റക്കാരെ തൂക്കിലേറ്റുകപോലും ചെയ്തു ഞങ്ങളിൽ ചിലർ . അതിനിടയിലാണ് നീ അരി മോഷ്ടിക്കാൻ ഇറങ്ങിയതും തല്ലുകൊണ്ട് മൃതനായതും. ഞങ്ങൾ ഇപ്പോൾ വെട്ടിക്കൊന്നത് മറന്നു തല്ലിക്കൊന്നത് ആഘോഷിക്കുകയാണ്. അല്ലെങ്കിലും കൊലപാതകങ്ങളും മരണങ്ങളും അക്രമങ്ങളും ഹർത്താലുകളും എല്ലാം ഞങ്ങൾക്ക് ആഘോഷങ്ങൾ മാത്രമാണല്ലോ.ഈ ആഘോഷങ്ങൾ കാരണം കൊച്ചുകുഞ്ഞുങ്ങൾക്കു വരെ നിന്നെ അറിയാം, വളരെ അടുത്ത പരിചയക്കാരനെന്നത് പോലെ.

നിന്നെ പോലുള്ളവരുടെ കാടു ഞങ്ങൾ കയ്യേറി എന്ന് ചിലർ പറയുമായിരിക്കും. അത് കയ്യേറ്റമല്ലേ എന്ന് ചോദിക്കുകയും ചെയ്യുമായിരിക്കും; പക്ഷെ അങ്ങിനെ ചോദിയ്ക്കാൻ പാടില്ല, കാരണം അവർ  കർഷകവിരുദ്ധനായി മുദ്രകുത്തപ്പെടും. കാടും നാടും ഞങ്ങൾക്ക് മാത്രമുള്ളതാണ്. 

നിങ്ങളെ സമൂഹത്തിലെ ഉന്നതിയിൽ എത്തിക്കാൻ ഞങ്ങൾ എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ട് എന്ന് നീ അറിയുന്നുണ്ടോ മധു? അതിനായി അഹോരാത്രം പ്രയത്നിക്കുകയാണ്  ഇവിടുത്തെ ഭരണകൂടവും ഭരണാധികാരികളും. എന്ത് മാത്രം കാശാണ് കേന്ദ്രവും സംസ്ഥാനവും കൂടി ചിലവാക്കുന്നത് എന്നറിയാമോ? അതൊക്കെ എവിടെ പോയി എന്ന് മാത്രം ചോദിക്കരുത്, ചില വായിൽ പോയി എന്ന് മാത്രം മനസിലാക്കുക. അല്ലെങ്കിൽ തന്നെ കുറച്ചു കൂടി ക്ഷമിക്കാമായിരുന്നില്ലേ മധു നിനക്ക്? കാട്ടിലെ പഴങ്ങൾ കഴിച്ചും അരുവിയിലെ വെള്ളം (അതൊക്കെയുണ്ടോ ആവോ..?) കുടിച്ചും നിനക്ക് അവിടെ തന്നെ കൂടാമായിരുന്നില്ലേ? നാട്ടിൽ ഇറങ്ങി മോഷ്ടിക്കാതെ വനത്തിലെ നിന്റെ ഗുഹയിലേക്ക് തന്നെ പാലും തേനും വേണ്ടുവോളം ഒഴുക്കിയേനെ.അതിനുള്ള സാവകാശം പോലും നീ ഞങ്ങൾക്ക് തന്നില്ലല്ലോ മധു..ഞങ്ങളുടെ മാധ്യമങ്ങൾ വെട്ടിക്കീറിയവന്റെ ആഘോഷം നടത്തുന്നതിനിടയിൽ നീ എന്തിനീ കടും കൈ ചെയ്തു? ഞങ്ങൾ ഇപ്പോൾ ആർക്കൊപ്പം നിൽക്കണം എന്നറിയാതെ ധർമ്മസങ്കടത്തിലാണ്. 

നിനക്കറിയുമോ മധൂ, ഞങ്ങൾക്ക് ഇവിടെ സാംസ്കാരികനായകന്മാരും ബുദ്ധിജീവികളും ഉണ്ട്. അതെന്തു വർഗ്ഗമാണ് എന്ന് നീ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും. തിന്മകൾ കണ്ടാൽ പ്രതികരിക്കുന്നവരാണവർ എന്നാണ് സങ്കല്പം അല്ലെങ്കിൽ അങ്ങിനെയൊരു വിശ്വാസം ഞങ്ങളിൽ പലർക്കും ഉണ്ട് . അവർ നിനക്ക് വേണ്ടി മുറവിളി കൂട്ടും എന്ന് ഉടനേ നീധരിച്ചേക്കല്ലേ മധൂ; കാരണം പ്രത്യയശാസ്ത്രം അല്ലെങ്കിൽ വർഗ്ഗം/വർണ്ണം ഒക്കെ നോക്കി പ്രതികരിക്കാൻ മാത്രമേ  അവർക്കറിയൂ. 51 വെട്ടു വെട്ടിയപ്പോൾ കുറേപേർ പ്രതികരിച്ചു പക്ഷെ ഇത്തവണ 37 വെട്ടു വെട്ടിയപ്പോൾ അവർ മിണ്ടിയില്ല; ഒരു പക്ഷെ 52 ആയിരുന്നെങ്കിൽ മിണ്ടിയേനെ, ഭരണകൂടത്തിനെ അക്ഷരാർത്ഥത്തിൽ വിറകൊള്ളിച്ചേനെ. നിനക്കാണെങ്കിൽ വെട്ടും കിട്ടിയിട്ടില്ല,പോരെങ്കിൽ മോഷണം എന്ന കൊടും കുറ്റം നിന്നിൽ ആരോപിച്ചിട്ടുമുണ്ട് . അപ്പോൾ എങ്ങിനെ പ്രതികരിക്കും? വളരെ മോശം പ്രവർത്തിയല്ലേ നീ ചെയ്തത്? ഒന്നാലോചിച്ചു നോക്ക്... 

ഒരു കണക്കിന് എത്ര ഭാഗ്യവാനാണ് നീ എന്ന് അറിയുന്നുണ്ടോ? മരിക്കുന്നതിന് തൊട്ടു മുൻപുള്ള നിന്റെ ചിത്രം അത് ഞങ്ങളിൽ ചിലർ എടുത്തില്ലേ (അതും സെൽഫീ)? വേറെ  ആർക്കു കിട്ടിയിട്ടുണ്ട് ഈ ഭാഗ്യം? ഞങ്ങളുടെ ന്യൂ ജനറേഷൻ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ അത് ഇപ്പോൾ വൈറൽ അല്ലേ... എത്രയാ ലൈക് കിട്ടുന്നത്? ഹോ, ഇതൊക്കെ കാണാൻ നിനക്ക് യോഗമില്ലാതായിപ്പോയല്ലോ... അത് മാത്രമോ? ഭരണപക്ഷവും പ്രതിപക്ഷവും ഇതല്ലാത്തവരും ഒക്കെ നിന്റെ ഊരിലേക്കു നിത്യസന്ദർശനം നടത്തികൊണ്ടിരിക്കുകയാണ്. അവർ ഒരു പക്ഷെ നിന്റെ കുടുംബത്തെ ദത്തെടുക്കുമെന്നും, അവർക്കു വേണ്ടതൊക്കെ കൊടുക്കുമെന്നും നിയമനടപടികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുമെന്നും ഒക്കെ  മാധ്യമങ്ങളുടെ മുന്നിൽ വച്ച് വലിയ വായിൽ പ്രസ്താവന നടത്തും. ഇനി ഇതുപോലൊരു മധു ഇവിടെ ഉണ്ടാകാൻ അനുവദിക്കില്ല എന്ന് പ്രതിജ്ഞ വരെ എടുത്തേക്കും.അതു കണ്ടിട്ടൊന്നും നിന്റെകണ്ണ് മഞ്ഞളിക്കരുതേ മധൂ..ഇതൊക്കെ ഓരോ നമ്പറുകൾ അല്ലേ ..പിടിച്ചുനിൽക്കണ്ടേ, തിരഞ്ഞെടുപ്പ് വരാറായില്ലേ. മര്യാദക്ക് വോട്ട് ചോദിച്ചാൽ ആരും തരില്ല എന്നറിയാമല്ലോ, അപ്പോൾ ഇത് പോലുള്ള ഞൊടുക്ക് വിദ്യകൾ ഉണ്ടെങ്കിലേ കാര്യം നടക്കൂ. 

നീ ഉത്തരേന്ത്യയിലായിരുന്നെങ്കിൽ ഞങ്ങൾ ഇവിടെ ഇളക്കിമറിച്ചേനെ, കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയേനെ.ആ നല്ലൊരവസരം നീ കളഞ്ഞില്ലേ മധു? നിനക്ക് വല്ല UP യിലോ ബിഹാറിലോ ഒക്കെ ജനിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ..ഇതിപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലായതിനാൽ ഞങ്ങൾക്ക് അധികം മിണ്ടാനും പറ്റത്തില്ല. നിന്നെ തല്ലിയത്  ഗോസംരക്ഷകരായിരുന്നെങ്കിൽ ഞങ്ങൾക്ക് ബീഫ് ഫെസ്റ്റിവൽ നടത്താമായിരുന്നു. നിന്റെ ഊരിലെ എല്ലാവര്ക്കും ഞങ്ങൾ വയറു നിറച്ചും ബീഫ് ബിരിയാണി കൊടുത്തേനെ, അതും കാശില്ലാതെ. ഇതിപ്പോൾ അതും ചെയ്യാൻ കഴിയില്ലല്ലോ. നിനക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ലാത്തതിനാൽ ഞങ്ങളുടെ അവാർഡുകൾ മടക്കികൊടുക്കാനോ, ഹർത്താലുകൾ നടത്താനോ ഞങ്ങൾക്ക് നിർവ്വാഹമില്ല. നിന്റെ പേരിൽ മഹാ അപരാധമായ മോഷണം ചാർത്തിയിട്ടുള്ളതിനാൽ ഞങ്ങൾക്ക് തെരുവ് നാടകം നടത്താനോ, ആവിഷ്കാരസ്വാതന്ത്ര്യത്തിനായി ഘോരം ഘോരം പ്രസംഗിക്കാനോ കഴിയില്ല. പിന്നെ ചെയ്യാൻ പറ്റുന്നത് നിരാഹാരമാണ്, പക്ഷെ അതിനു മാത്രമൊന്നുമില്ല മധു ഈ സമൂഹത്തിൽ നിന്റെ സ്ഥാനം. ഇനി ഭരണകർത്തവ്യനിർവ്വഹണത്തിലെ വീഴ്ചയായി കരുതാമെന്നു വച്ചാൽ പോലീസും പാർട്ടികളും മാധ്യമങ്ങളും അങ്ങനെ പലരും ചേർന്ന് ഒരു അന്വേഷണം നടത്തി സത്യം തെളിയിക്കണം. നീ മോഷ്ടിച്ചിട്ടില്ല എന്നും നിരപരാധിയായിരുന്നു എന്നും ഞങ്ങൾക്ക് ബോധ്യം വരണം . പക്ഷെ അതിനൊക്കെ ആർക്കാണ് സമയം, അല്ലെങ്കിൽ അതൊക്കെ വേണമെന്ന് ആർക്കാണ് ഇത്ര നിർബന്ധം? അങ്ങിനെ തെളിഞ്ഞാൽ മാത്രമല്ലേ ഞങ്ങൾക്ക് മുഖ്യമന്ത്രിയുടെ വരെ രാജി ആവശ്യപ്പെടാൻ കഴിയൂ. 

പിന്നെ നേരത്തെ പറഞ്ഞത് പോലെ, ഞങ്ങൾ സംസ്കാരസമ്പന്നർ അല്ലെ? വെറുതെ ഇത് പോലുള്ള ചെറിയ ചെറിയ കാര്യങ്ങൾക്കു സമരം നടത്താൻ പറ്റുമോ? അതൊക്കെ മോശമല്ലേ.. പറ്റുമെങ്കിൽ നിന്റെ പേരിൽ ഞങ്ങൾ ഒരു അവാർഡ് പ്രഖ്യാപിക്കാം, എന്നിട്ട്  ഞങ്ങളുടെ മക്കൾക്ക് തന്നെ ആർക്കെങ്കിലും ആ അവാർഡ് കൊടുക്കാം. പാവങ്ങൾ..ജീവിച്ചു പൊയ്ക്കോട്ടേ. ആ അവാർഡും നിന്റെ കുടുംബത്തിലുള്ളവർക്കു വേണമെന്ന് വാശി പിടിക്കരുതേ മധൂ..അവരുടെ സെൽഫി എടുത്തു ഫേസ്ബുക്കിൽ ഇടാം, അതിനേക്കാളും വലുതല്ലല്ലോ ഇക്കാലത്ത് ഒരവാർഡ്‌.

ഇതിനേക്കാളേറെ ഞങ്ങൾക്കു ചെയ്യാൻ കഴിയുമായിരുന്നു, നീ ഒരു വർഗ്ഗീയസംഘര്ഷത്തിന്റെയോ രാഷ്ട്രീയസംഘട്ടനത്തിന്റെയോ ഇരയായി മാറിയിരുന്നെങ്കിൽ. നിന്റെ പേരിൽ ഞങ്ങൾ സ്മാരകങ്ങൾ പണിതേനെ; ബക്കറ്റ് പിരിവു നടത്തി ഞങ്ങൾക്ക് ഇത്തിരി കാശും ഉണ്ടാക്കാൻ കഴിഞ്ഞേനെ. നിന്റെ വീട്ടുകാർ പുലകുളിയടിയന്തിരം നടത്തി കഴിഞ്ഞാൽ ഉടനെ ഞങ്ങൾ സമാധാനയോഗങ്ങൾ വിളിച്ചുചേർത്ത് ചായയും ബിസ്ക്കറ്റും കഴിച്ചു സന്തോഷത്തോടെ പിരിഞ്ഞേനെ. നിനക്ക് ഇതിലും വലിയ മൈലേജ് ഒരു പക്ഷെ കിട്ടിയേനെ.എന്ത് ചെയ്യാം, നിനക്ക് യോഗമില്ലാതായിപ്പോയി. 

അല്ലെങ്കിൽ ബാങ്കിൽ നിന്ന് കോടികൾ ലോൺ എടുത്തു നീ നാടുവിടണമായിരുന്നു.ലോൺ  എടുത്താൽ മാത്രം മതിയായിരുന്നു, നാട് വിടാൻ ഞങ്ങൾ തന്നെ സഹായിച്ചേനെ. അന്താരാഷ്ട്രമാധ്യമങ്ങളിൽ വരെ നിന്റെ പേരും പടവും വന്നേനെ, അതിനും നിനക്ക് യോഗമില്ലാതായി, എന്ത് ചെയ്യാം വിധി എന്നല്ലാതെ.

ചുരുക്കിപ്പറഞ്ഞാൽ ഞങ്ങൾ ഇങ്ങനെയൊക്കെയാണ് മധൂ, സാംസ്കാരികമായും വിദ്യാഭ്യാസപരമായും മുന്നിൽ നിൽക്കുന്നവർ, ഉയർന്ന ചിന്താശേഷിയും പ്രതികരണശേഷിയും ഉള്ളവർ. പക്ഷെ വിശക്കുന്നവനു ഒരു നേരത്തെ ആഹാരം കൊടുക്കാനോ, ദാഹിക്കുന്നവന് ഒരിറ്റു വെള്ളം കൊടുക്കാനോ സഹജീവികളോട് കരുണ കാണിക്കാനോ അറിയാത്തവർ, കൂടാതെ വെട്ടിക്കൊല്ലാനും തല്ലിക്കൊല്ലാനും അറിയുന്നവർ എന്നുകൂടി ചേർത്ത് പറയേണ്ടവർ..അതാണ്, അതാണ് ഞങ്ങൾ മലയാളികൾ എന്ന് നീ തിരിച്ചറിയേണ്ടിയിരിക്കുന്നു.














5 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. പ്രതികരണ ശേഷി നഷ്ടപ്പെടാത്ത ജനതക്ക്‌ വേണ്ടി സമർപ്പിക്കാം ഇ ലേഖനം ..... rightly said Ajithetta

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനിയെങ്കിലും നമുക്ക് മനുഷ്യരായി ജീവിക്കാൻ പറ്റുമോ എന്ന് ശ്രമിച്ചുനോക്കാം.

      ഇല്ലാതാക്കൂ
  3. വയലാർ എഴുതിയപോലെ.....

    "പച്ചപ്രാണനിൽ കൂരമ്പേറ്റൊരാ
    കൊച്ചോമൽക്കിളി വീണല്ലോ
    മണ്ണിൽവീണു പിടക്കുകയാണത്
    മണ്ണിൽവീണ് പിടക്കുകയാണത്...."

    മനസ്സാക്ഷി നഷ്ടപെട്ടവരോട് 'മാ നിഷാദ' എന്നുപറയാൻ ഒരാൾപോലുമുണ്ടായില്ലെന്ന് ആലോചിക്കുമ്പോൾ നടുക്കം വിട്ടുമാറുന്നില്ല. !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനസാക്ഷി മരവിച്ച സമൂഹമാണ് നമുക്ക് ചുറ്റും ഉള്ളതെന്ന തിരിച്ചറിവ് തന്നെ ഭീതി ജനിപ്പിക്കുന്നതാണ്....

      ഇല്ലാതാക്കൂ