'പെരും ആളി'ന്റെ വായന തുടരുന്നു...
വിരാമം - രാവണന്റെ ജീവിതത്തിനും കാമത്തിനും എല്ലാ സുഖഭോഗങ്ങൾക്കും
രാവണന്റെ വ്യത്യസ്തങ്ങളായ മുഖങ്ങൾ കാണിച്ചുതരികയാണ് ഓർമ്മകളുടെ അടരുകൾ നിറഞ്ഞ 'മൂഹൂർത്തം എന്ന രണ്ടാംഭാഗം. ജീവിതത്തിലെ നിർണ്ണായകമായ മുഹൂർത്തങ്ങളിലൂടെതന്നെ സ്വാധീനിച്ച നിർണ്ണായകവ്യക്തികളിലൂടെ സഞ്ചാരം നടത്തുമ്പോൾ രാവണന്റെ മുഖങ്ങൾ ഓരോന്നായി വായനക്കാരുടെ മുൻപിൽ അനാവരണം ചെയ്യപ്പെടുകയാണ്. സഹോദരങ്ങളോട് തനിക്കുണ്ടായ അന്ധമായ സ്നേഹമാണ് തന്റെയും കുലത്തിന്റെയും നാശത്തിന് ഹേതുവായതെന്ന് രാവണൻ ഇവിടെ വ്യക്തമാക്കുന്നു. വിഭീഷണന്റെ ജീവൻ തന്റെ വഴി തെറ്റിയ ദാനമായിരുന്നെന്നും മറ്റെന്തിനേക്കാളും വലുതായി സഹോദരങ്ങളെ സ്നേഹിച്ചിരുന്നതിനാലാണ് അങ്ങിനെ സംഭവിച്ചതെന്നും എന്നാണ് രാവണൻ ഓർത്തെടുക്കുന്നത്. മകനെ പോലെ സ്നേഹിച്ച അനുജൻ ലങ്കയുടെ സിംഹാസനത്തോടുള്ള ആർത്തിമൂത്ത് രാമന്റെ കൂടെ ചേർന്ന് തന്നെ ചതിക്കുകയായിരുന്നു എന്നും രാവണൻ പറയുന്നു. തന്റെ യുദ്ധക്കൊതി ആഴമേറിയ ഒരു സൗഹൃദത്തിലേക്ക് വഴിമാറിയ ഓർമ്മകളാണ് ബാലിയെക്കുറിച്ചുള്ള അദ്ധ്യായത്തിൽ പങ്കുവെക്കുന്നത്. നമ്മൾ കേട്ടറിഞ്ഞതിൽ നിന്നും വ്യത്യസ്തനായ ഒരു മനുഷ്യസ്നേഹിയായ, തന്റെ രാജ്യം പോലും സ്നേഹിതനുമായി പങ്കുവെക്കുന്ന വിശാലമനസ്കനായ രാജാവായാണ് ബാലിയെ രാവണൻ ഓർത്തെടുക്കുന്നത്. ബാലിയെക്കുറിച്ചുള്ള ഓർമ്മകൾ രാവണനെന്ന രാക്ഷസരാജാവിന്റെ കണ്ണുകൾ ഈറനണിയിക്കുന്നു. താനൊരു രാക്ഷസനാണെങ്കിലും ആർദ്രമായ ഒരു ഹൃദയത്തിന്റെ ഉടമയാണെന്നു കൂടി ഈ കുറിപ്പിലൂടെ വായനക്കാരെ അറിയിക്കുന്നു. ഒരു പക്ഷെ ഈ നോവലിലെ ഏറ്റവും ഹൃദ്യമായ ഓർമ്മക്കുറിപ്പാണിതെന്നു കൂടി പറയാൻ സാധിക്കും. ബാലിയുടെ മരണം അത് രാവണനെ എത്രമാത്രം തളർത്തിയിരുന്നെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എന്നിരുന്നാലും പരുഷമായ വാക്കുകൾ കൊണ്ട് രാമനെ നിന്ദിക്കാൻ അദ്ദേഹം ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധനേയും. ശൂർപ്പണഖയെക്കുറിച്ചോർക്കുമ്പോൾ രാവണൻ സ്നേഹനിധിയായ ഒരു ജ്യേഷ്ഠൻ മാത്രമായി മാറുന്നു. ശൂർപ്പണഖയുടെ അമിതമായ കാമാസക്തിയാണ് അവളുടെ അംഗഭംഗത്തിന് കാരണമായതെന്ന് ചാരന്മാർ അറിയിച്ചിട്ടും അനിയത്തിയോടുള്ള സ്നേഹത്താൽ അതിനെയൊക്കെ നിസ്സാരവൽക്കരിക്കുന്നു രാവണൻ, ശൂർപ്പണഖയുടെ സ്വഭാവദൂഷ്യം ശരിക്കറിയാമായിരുന്നിട്ടുകൂടി. അവളുടെയുള്ളിൽ ആളിക്കത്തുന്ന പ്രതികാരത്തിന്റെ, അപമാനത്തിന്റെ തീയണക്കാൻ വേണ്ടി മാത്രമാണ് താൻ സീതാപഹരണം നടത്തിയതെന്ന് വായനക്കാരെ വിശ്വസിപ്പിക്കുന്നു രാവണൻ. എന്തിനേറെ പറയുന്നു, സഹോദരീഭർത്താവിനെ കൊന്നതുപോലും അവളെ അപമാനിച്ച് സംസാരിച്ചതിനാലാണെന്നും അല്ലാതെ അയാൾ ശത്രുപക്ഷത്ത് ചേർന്നതിനാലല്ല എന്നാണ് രാവണൻ നൽകുന്ന ന്യായീകരണം. തുടക്കത്തിൽ രാവണനോട് വായനക്കാർക്ക് തോന്നിയ മൃദുലവികാരം നിലനിർത്തുന്ന രീതിയിൽ തന്നെയുള്ള ആഖ്യാനശൈലിയാണ് അല്ലെങ്കിൽ അത്തരത്തിലുള്ള ഓർമ്മകളാണ് ഇവിടെയും കഥാകൃത്ത് തുടർന്നുപോരുന്നത്. സീതാപഹരണത്തിന് സഹായം തേടിയാണ് രാവണൻ താടകാസുതനായ മാരീചന്റെ അടുത്തെത്തുന്നത്. രാമഭക്തനായ മാരീചൻ രാവണന്റെ കൈകൊണ്ടു മരിക്കുന്നതിനേക്കാളേറെ നന്ന് രാമന്റെ കൈ കൊണ്ട് ചാവുന്നതാണ് എന്നറിഞ്ഞിട്ടാണ് പൊന്മാനായി മാറി സീതാപഹരണത്തിനു കൂട്ടുനിൽക്കുന്നതെന്നാണ് എഴുത്തച്ഛൻ പറയുന്നതെങ്കിൽ ഉള്ളിൽ കുടിലത ഒളിപ്പിച്ചു വച്ച സന്യാസിയായിട്ടാണ് നമ്മുടെ കഥാകാരൻ മാരീചനെ അവതരിപ്പിക്കുന്നത്. സഹോദരിക്കേറ്റ അപമാനത്തിന് ശാന്തി നൽകാനായി സീതാപഹരണം നടത്തിയ രാവണൻ പക്ഷെ ആ സൗന്ദര്യത്തിൽ കാമാസക്തനായി നടത്തുന്ന പരാക്രമത്തോടെ ഓർമ്മകളുടെ അടരുകൾ അവസാനിക്കുകയാണ്, വീരനായ പെരും ആളിന്റെ മുഖംമൂടി അഴിച്ചുവീഴ്ത്തിക്കൊണ്ട്.
അയനം എന്നാൽ ഗതി എന്നാണ് ഒരു അർത്ഥം, ഒരു പക്ഷെ അത് തന്നെയായിരിക്കും മൂന്നാം ഭാഗത്തിന് പേര് കൊടുക്കുമ്പോൾ കഥാകൃത്തിന്റെ മനസ്സിലുണ്ടായിരുന്നതും. ഓർമ്മകളാകുന്ന വേലിയേറ്റങ്ങളും വൻതിരമാലകളും നിറഞ്ഞ സമുദ്രമായാണ് ഈ ഭാഗത്തിനെ അദ്ദേഹം അടയാളപ്പെടുത്തുന്നത്. തന്റെ ജീവിതത്തിലെ ഗതി നിർണ്ണയിച്ച ഓർമ്മകളാണ് രാവണൻ മുങ്ങിയെടുക്കുന്നത്. ബാലനായ രാവണനിൽ ചമേലിയുമായുള്ള പ്രണയം എത്രമാത്രം
രൂഢമായിരുന്നെന്ന് ഈ ഭാഗത്തിലൂടെ നമുക്ക് മനസ്സിലാകും.പ്രണയത്തിന്റെ തീവ്രതയും വിരഹവും വളരെ ഹൃദ്യമായി കഥാകൃത്ത് ഇവിടുങ്ങളിൽ വരച്ചുകാണിക്കുന്നുണ്ട്. മഹത്തായ തന്റെ ജീവിതലക്ഷ്യത്തിനു വേണ്ടി അത്രമാത്രം പ്രിയപ്പെട്ട ചമേലിയെപ്പോലും ഒഴിവാക്കി രാവണൻ പോകുന്നു. പക്ഷെ ശരീരം മാത്രമേ ജനസ്ഥാനം വിട്ടു പോകുന്നുള്ളൂ, രാവണന്റെ മനസ്സ് എന്നും ചമേലിയിൽ തന്നെയായിരുന്നു. ചമേലിയുടെ ഓർമ്മകളെ ഇടവിട്ടുള്ള ആഖ്യാന ശൈലിയിലൂടെയാണ് കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നത്, തിരമാലകൾ അലയടിച്ചു വരുന്നതുപോലെ. നമ്മൾ വായിച്ചറിഞ്ഞ ക്രൂരനായ രാക്ഷസരാജാവ് എത്രമാത്രം പ്രണയതരളിതനാണെന്ന് ഈ ഭാഗം നമുക്ക് കാണിച്ചു തരുന്നു. വർഷങ്ങൾക്കിപ്പുറവും ചമേലിയുടെ വേദന നിറഞ്ഞ ഓർമ്മകൾ രാവണനിൽ കേറിവന്നുകൊണ്ടേയിരുന്നു, വേലിയേറ്റം പോലെ. എല്ലാം നേടിയതിനുശേഷം അതിന്റെ പൂർണ്ണതയ്ക്കായി ചമേലിയെ തേടി രാജാവ് പോകുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇതിൽ നിന്നും രാവണനെന്ന പച്ചയായ മനുഷ്യന്റെ നിർമ്മലമായ ഹൃദയമാണ് വെളിവാകുന്നത്. ചമേലി എന്ന നാടോടിപ്പെൺകൊടിയിൽ ചുറ്റിത്തിരിഞ്ഞിരുന്ന രാവണൻ എന്ന സാധാരണക്കാരനായ ഗോത്രബാലൻ തന്റെ ജീവിതത്തിന്റെ ഗതി മാറ്റി രാക്ഷസരാജാവാകാൻ നടത്തിയ വിട്ടുവീഴ്ചകളുടെയും തയ്യാറെടുപ്പുകളുടെയും നേർചിത്രം ഇവിടെ തെളിഞ്ഞു കാണാം. ഒരു വലിയ ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ഏറ്റവും പ്രിയപ്പെട്ടതിനെപ്പോലും ചിലപ്പോൾ നിർദ്ദയം ഉപേക്ഷിക്കേണ്ടി വരും എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നുണ്ട് 'അയന'ത്തിലെ ഓർമ്മകൾ.
ഓർമ്മകൾക്ക് വിരാമമായി, ഗ്രഹണം രാവണനേയും ലങ്കയേയും ബാധിച്ചിരിക്കുന്നു. ഗ്രഹണം ബാധിച്ചാൽ അതിനും ഒരുസമയമുണ്ട്; അത് കഴിഞ്ഞാൽ പിന്നെയും ജീവിതം തെളിഞ്ഞു വരും അതിനുള്ള സാവകാശം രാവണന് കാലം കൊടുക്കുന്നുണ്ട്, പക്ഷേ രാവണൻ തന്നെ ബാധിച്ച ഗ്രഹണം നീക്കാൻ ശ്രമിക്കുന്നില്ല എന്ന് വേണമെങ്കിൽ പറയാം. സീതാദേവിയോടുള്ള കാമമാണ് ഇവിടെ രാവണനും ലങ്കക്കും ഗ്രഹണമായി മാറുന്നത്. ആ ഗ്രഹണം നീക്കാനുള്ള ഒരുപാധിയും അദ്ദേഹം അംഗീകരിക്കുന്നുമില്ല. മക്കളും സഹോദരന്മാരും അടക്കം തനിക്കേറെ പ്രിയപ്പെട്ടവരും സൈന്യവും നശിച്ചിട്ടും സീതയെ എങ്ങിനെ അനുഭവിക്കാം എന്നത് തന്നെയാണ് രാവണന്റെ ചിന്ത. സഹോദരന്മാരുടേയും മുത്തച്ഛന്റേയും പ്രിയപ്പെട്ട മണ്ഡോദരിയുടേയും ഉപദേശങ്ങളോ കൊട്ടാരത്തിലെ കന്യകമാരായ സ്ത്രീജനങ്ങളുടെ വിലാപമോ പോലും രാവണനെ പിന്തിരിപ്പിക്കുന്നില്ല. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചതിച്ചും സീതയെ കീഴടക്കാനാണ് അയാൾ ആഗ്രഹിക്കുന്നത്. ഒരുവേള സീതയെ ബലമായി കീഴടക്കാൻ
ശ്രമിക്കുന്നുണ്ടെങ്കിലും മനസ്സ് മരിച്ച് ജഡമായ സീതയെ വേണ്ട എന്നാണ് രാവണന്റെ തീരുമാനം.ഒരു പക്ഷെ നളകുബേരന്റെ ശാപം രാവണനെ ഭയപ്പെടുത്തിയിട്ടുണ്ടാകാം, അത് രാവണൻ സമ്മതിക്കുന്നില്ലെങ്കിലും. കന്യകമാരുടെ കണ്ണുനീർ ഒരു പാട് വീഴ്ത്തിയിട്ടുള്ള, ക്രൂരതകൾ അപരിചിതമല്ലാത്ത രാവണൻ പെട്ടെന്ന് പിന്തിരിയാൻ വേറൊരു ന്യായീകരണവും കാണാനില്ല.
രാമ- രാവണ യുദ്ധവും യുദ്ധതന്ത്രങ്ങളും വളരെ വിശദമായി തന്നെ ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്. ഒരു പക്ഷെ രാമായണത്തിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ കൂടുതലായി ഓരോ
കഥാപാത്രത്തിനും അസ്തിത്വം നൽകിക്കൊണ്ട് തന്നെ യുദ്ധത്തിന്റെ ഭീകരതയെയും
ആകുലതയെയും ഇവിടെ വിവരിക്കുന്നു. തനിക്കേറെ പ്രിയപ്പെട്ടവർ രണഭൂമിയിൽ മരിച്ചു വീണിട്ടും സീതയെ തിരിച്ചേൽപ്പിക്കാൻ തയ്യാറാകാതെ, അതൊക്കെ വിഭീഷണന്റെ ചതി
മൂലമാണെന്നാണ് രാവണൻ കരുതുന്നത്. എഴുത്തുകാരനും രാവണനും കൂടി അങ്ങിനെയാണ് വായനക്കാരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്.
വിരാമം - രാവണന്റെ ജീവിതത്തിനും കാമത്തിനും എല്ലാ സുഖഭോഗങ്ങൾക്കും
വിരാമമിടുകയാണ്. എല്ലാം തകർന്ന് നിസ്സഹായനായി കിടക്കുമ്പോഴും ഒരു നിരാശയായി,
അപ്രാപ്യയായി മനസ്സിൽ തെളിഞ്ഞു നിൽക്കുകയാണ് സീത. പിന്നിട്ട ജൈത്രയാത്രകളും
സുരതവേളകളും ഒക്കെ മിന്നിമായുകയാണ് രാവണന്റെ മനോമുകുരത്തിലൂടെ. പത്നിമാരുടെ
നിലവിളി കേട്ടുകൊണ്ട്, അമ്മയുടെ കണ്ണുനീരിന്റെ ഉപ്പുരസം നുകർന്ന് രാമന്റെ ശാന്തമായ വാക്കുകളിൽലയിച്ചുകൊണ്ട് മറ്റൊരു യാത്ര പോവുകയാണ് രാവണൻ. മൃത്യുവിന്റെ ചിറകിലേറി
പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് പെരും ആൾ. വലിയ ആളായ രാവണനെ
സംബന്ധിച്ചിടത്തോളം ഓരോ യുദ്ധവും തന്റെ രാജ്യത്തിൻറെ വിസ്തൃതികൂട്ടാനോ തന്റെ
പ്രതാപം ഉയർത്തിക്കാട്ടാനോ സ്വത്തുസമ്പാദിക്കാനോ മാത്രമുള്ളതായിരുന്നില്ല, ഒടുങ്ങാത്ത
തന്റെ കാമപൂരണത്തിനുള്ള മാർഗ്ഗം കൂടിയായിരുന്നു അത്. യുദ്ധാവസാനം തന്റെ
അന്തപുരത്തിലെത്തുന്ന യക്ഷ- കിന്നര- ദേവ- ഗന്ധർവ്വ തരുണികളെക്കുറിച്ചു അയാൾ
ഇടയ്ക്കിടെ നമ്മളോട് വാചാലനാവുന്നുണ്ട്; മരണസമയത്ത് പോലും രാവണന്റെ മനസ്സിലൂടെ അതൊക്കെ കടന്നുപോവുന്നുമുണ്ട്. സകലകാലാവല്ലഭനായ തന്നിലേക്ക് സ്ത്രീകൾ
ആകർഷിക്കപ്പെടുകയായിരുന്നു എന്ന് രാവണൻ അഹങ്കരിക്കുന്നുണ്ടെങ്കിലും സീതാദേവിയെ കീഴടക്കാൻ കാണിക്കുന്ന പരാക്രമം ആ ഏറ്റുപറച്ചിലിൽ എത്രമാത്രം ആത്മാർത്ഥതയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തന്റെയും ശൂർപ്പണഖയുടേയും ഒടുങ്ങാത്ത കാമാസക്തിയാണ്
ലങ്കയുടെ നാശത്തിനു കാരണമായതെന്ന്രാവണൻ പറയുന്നുണ്ട്. ലോകൈകസുന്ദരിയായ
സീതാദേവിയെ പൂർണ്ണമനസ്സോടെ അനുഭവിക്കാൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്
രാവണൻ. എല്ലാം നശിച്ചിട്ടും അവരെ വെറുതെ രാമന് വിട്ടുകൊടുക്കാൻ മനസ്സ് വരുന്നില്ല
രാവണന്. ശൂർപ്പണയ്ക്കേറ്റ അപമാനത്തിന് ശമനം കിട്ടാൻ അവളുടെ ആഗ്രഹപ്രകാരമാണ് സീതാദേവിയെ അപഹരിക്കുന്നതെങ്കിലും ആ അലൗകീകസൗന്ദര്യത്തിന്റെ മുൻപിൽ ഉറ്റവരും ഉടയവരും സമ്പത്തും പ്രതാപവും അടക്കം എല്ലാം നശിപ്പിക്കുകയാണ് രാവണൻ ചെയ്യുന്നത്.
മുഖവുരയിൽ പറഞ്ഞതുപോലെ ആദികാവ്യത്തിൽ നിന്ന് കുറച്ചൊക്കെ വ്യത്യാസങ്ങൾ ഈ
നോവലിൽ പലയിടത്തും കാണാം അത് പക്ഷെ മൂലകഥയെ പാടെ തിരസ്കരിച്ചോ അതിനെ
പൊളിച്ചെഴുതിക്കൊണ്ടോ അല്ല. തന്റേതായ സ്വാതന്ത്ര്യം എഴുത്തിൽ പ്രയോഗിക്കുമ്പോൾ തന്നെ നമ്മൾ കേട്ടറിഞ്ഞ രാമായണകഥയോട് ചേർന്ന് തന്നെയാണ് അദ്ദേഹം നീങ്ങുന്നത്. വ്യാസന്റെ മൗനത്തിൽ നിന്ന് കഥ വിരിയിച്ച എം ടി യെ പോലെ തന്നെ രമേശൻ ബ്ലാത്തൂരും
വാല്മീകിയുടെ മൗനത്തെ ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നു. ഏതായാലും അവിടുങ്ങളിലൊക്കെ
ഒരു ഇരുത്തം വന്ന എഴുത്തുകാരനാണ് താനെന്ന് അദ്ദേഹം തെളിയിക്കുന്നുണ്ട്. ബാല്യകാലത്തെ പറ്റിയുള്ള പരാമർശം, ബാലിയും ചമേലിയുമായുള്ള സ്നേഹബന്ധം, അതികായന്റെ ജന്മരഹസ്യം, വിദ്യദ്ജിഹന്റെ കൊലപാതകം എന്ന് തുടങ്ങി മിക്കയിടങ്ങളിലും തന്റെ
സ്വാതന്ത്ര്യത്തെ വളരെ വിദഗ്ദമായി അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പുതിയ കഥാസന്ദർഭങ്ങൾ എന്ന പോലെ പുതുതായി ചില കഥാപാത്രങ്ങളെയും എഴുത്തുകാരൻ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. ഈ കഥാപാത്രങ്ങളെയൊക്കെ വളരെ സത്യസന്ധമായി മൂലകഥയോട് വിളക്കിച്ചേർക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതിൽ എഴുത്തുകാരന് അഭിമാനിക്കാം. ബാല്യകാലസഖിയായ ചമേലി, അതികായന്റെ പെറ്റമ്മയെന്ന രീതിയിൽ അവതരിപ്പിക്കുന്ന
രാജ്ഞി ചിത്രാംഗി, തേരാളിയായ കർപ്പകൻ തുടങ്ങിയവ. ആദ്യത്തെ രണ്ടു കഥാപാത്രങ്ങളേയും മിഴിവോടെ അവതരിപ്പിക്കാൻ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. കർപ്പകൻ എന്ന
കഥാപാത്രസൃഷ്ടിയും മോശമായില്ലെങ്കിലും അതില്ലായിരുന്നെങ്കിലും നോവലിന് ഒന്നും
സംഭവിക്കുമായിരുന്നില്ല. ചമേലിയെ കുറിച്ചുള്ള രാവണന്റെ ഓർമ്മകൾ വായനക്കാരുടെ
ഉള്ളിൽ തട്ടുന്നവിധം തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ലോകം മുഴുവൻ
കാൽക്കീഴിലാക്കിയ രാക്ഷസരാജാവായ രാവണന്റെ ഹൃദയം ഇത്രമാത്രം
പ്രണയാർദ്രമാണോയെന്ന് ഒരു പക്ഷെ വായനക്കാർ അത്ഭുതം കൂറീയേക്കും. ചമേലിയും
ചിത്രാംഗിയുമൊക്കെ കടന്നുവരുന്നത് മൂലകഥയിൽ നിന്ന് മാറി സഞ്ചരിക്കുന്ന
സന്ദർഭങ്ങളിലാണ്. ഒരു രാസപ്രക്രിയയിലെ കൂടിച്ചേരൽ പോലെ രാമായണഭക്തരായ
വായനക്കാരെപോലും വിശ്വസിപ്പിക്കുന്ന രീതിയിൽ തന്നെ കുറ്റമറ്റതായാണ് അദ്ദേഹം ഈ കൃത്യം ചെയ്തിരിക്കുന്നത്.
തീർച്ചയായും വായനക്കാരെ രസിപ്പിക്കുന്ന, മനസ്സിൽ തങ്ങുന്ന കുറെ മുഹൂർത്തങ്ങളും
സംഭാഷണങ്ങളും അടങ്ങിയ ഒരു നല്ല നോവൽ തന്നെയാണ് 'പെരും ആൾ'. നോവലിലുടനീളം
ഉപയോഗിച്ചിരിക്കുന്ന ചടുലമായ ഭാഷയും അലങ്കാരപ്രയോഗങ്ങളും ഒന്നിനൊന്നുമേൽ
തിളങ്ങിനിൽക്കുകയും ചെയ്യുന്നു. പ്രകൃതി വർണ്ണനകളും ആവോളമുണ്ട് ഇതിൽ.
കഥാപാത്രങ്ങളെ പറയുമ്പോൾ അവരുടെ ശരീരമാനസിക വർണ്ണനങ്ങളും ഇഷ്ടം പോലെ നടത്തിയിട്ടുണ്ട് കഥാകൃത്ത് ഇതിൽ. വായനക്കാർക്ക് കഥാപാത്രങ്ങളെ വ്യക്തമായി മനസ്സിലാക്കാൻ ഈ പ്രയോഗം സഹായിച്ചിട്ടുണ്ട്. നമ്മൾക്ക് പരിചിതങ്ങളായ രാമായണം ആസുര- ദൈവീക
ശക്തികളുടെ ഏറ്റുമുട്ടലായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിൽ, രമേശൻ ബ്ലാത്തൂർ എന്ന
എഴുത്തുകാരൻ ആ തലത്തിൽ നിന്ന് മാറി സഞ്ചരിക്കുകയാണ്. അത്ഭുതങ്ങളും
അമാനുഷികതയും ഒക്കെ എടുത്തുമാറ്റി സാധാരണ മനുഷ്യരായാണ് എല്ലാ കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. പല ഗോത്രങ്ങളിൽ പെട്ട മനുഷ്യർ, അവർ തമ്മിലുള്ള
യുദ്ധങ്ങളും കീഴടക്കലുകളും പ്രതികാരവും പ്രണയവും കാമവും വിവരിക്കുന്നതാണ് ഈ
നോവൽ. ഈയൊരു കളം മാറ്റം നോവലിലുടനീളം കാണാം. അതുകൊണ്ടു തന്നെയായിരിക്കണം വാനരന്മാരെ മുഖംമൂടിയണിയുന്ന പ്രത്യേക ഗോത്രവർഗ്ഗമാക്കിയതും മാരീചനു പകരം അയാൾ വളർത്തുന്ന പൊന്മാനിനെ സീതാപഹരണത്തിന് ഉപയോഗിക്കുന്നതും ജടായുവിനെ
ഗരുഡഗോത്രക്കാരനാക്കിയതും ഒക്കെ. കൂടാതെ ബാലിയുമായുള്ള മൽപ്പിടുത്തം,
ശ്രീരാമഭക്തനായ മാരീചനെ ഒരു കള്ളസന്യാസി എന്ന രീതിയിലുള്ള അവതരണം,
മഹാദേവനെ ശൈവരാജാവാക്കിയുള്ള ചിത്രീകരണം എന്നിവയൊക്കെ അത്തരമൊരു
മനോധർമ്മത്തിൽ നിന്ന് വിരിഞ്ഞതാണ്. ഈവ്വിധമുള്ള അവതരണത്തിലൂടെ തന്റെ രാഷ്ട്രീയംഎന്താണെന്നു കൂടി കൃത്യമായി സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട് എഴുത്തുകാരൻ.
കാമവിവരണങ്ങൾ കുറച്ചു കൂടുതലായോ എന്ന് വായനക്കാർക്ക് സന്ദേഹമുണ്ടായാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ചിലയിടങ്ങളിൽ അത് കഥയുടെ ഒഴുക്കിനെ ബാധിച്ചില്ലേ എന്നുപോലും തോന്നിപോകുന്നു. സീതയുടെ മുൻപിൽ വച്ച് സപത്നിയുമായുള്ള കാമലീലകൾ പോലുള്ള വിവരണങ്ങൾ അനുചിതമായി തോന്നി. കഥയിലുടനീളം ഉപയോഗിച്ചിരിക്കുന്ന
ആലങ്കാരികപ്രയോഗങ്ങൾ നന്നായിരുന്നെങ്കിലും അവയുടെ ആധിക്യം കുറക്കാമായിരുന്നു എന്നും തോന്നി.
വായനക്കാരുടെ മനസ്സിൽ ഒരു നൊമ്പരം ഉണർത്തിക്കൊണ്ടാണ് രാവണൻ എന്ന കഥാപാത്രം
അവതരിക്കുന്നത്. തുടർന്നുള്ള ഓർമ്മകളിലൂടെ ഒരു ആവേശമായി, സ്നേഹത്തിന്റെ
നറുംനിലാവായി പെരും ആൾ നമ്മുടെ ഹൃദയത്തിലേക്ക് പതുക്കെ കുടിയേറുന്നു. പക്ഷെ
നോവലിന്റെ പകുതി കഴിയുമ്പോഴേക്കും കാമതൃഷ്ണയും നീചവൃത്തിയും പെരും ആളിനെ
വെറും ഒരു രാക്ഷസരാജാവായി തരംതാഴ്ത്തുന്നു. രാവണപക്ഷത്തുനിന്ന് രാമായണത്തിനെ നോക്കിക്കാണാൻ ശ്രമിച്ചതിനാൽ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ ഒരു വലിയ ഇടം തന്നെ
കഥാകാരന് കിട്ടുന്നുണ്ടെങ്കിലും ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നില്ല അദ്ദേഹം. അതിന്
ഒരു പക്ഷെ നേരത്തെ സൂചിപ്പിച്ചതുപോലെ മനസ്സിൽ രൂഢമായി കിടക്കുന്ന രാമയണപ്രീതി
തന്നെയായിരിക്കാം കാരണം. എന്തായാലും കൈയിലൊരു പേനയും കുറച്ചു കഥാപാത്രങ്ങളും
ഉണ്ടെങ്കിൽ എന്തും എഴുതാം എന്തും പറയാം എന്ന് കരുതുന്നവർക്കിടയിൽ രമേശൻ ബ്ലാത്തൂർ
ഒരു മികച്ച മാതൃക തന്നെയാണ്. ഇത്രയും നല്ലൊരു നോവൽ എഴുതിയ വ്യക്തി പിന്നീട്
കൂടുതലായൊന്നും പ്രസിദ്ധീകരിച്ചില്ല എന്നത് അത്ഭുതം പകരുന്നു, ഒപ്പം ഒരിത്തിരി നിരാശയും. ഇനിയും ഒരുപാട് എഴുതി വായനക്കാരെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
-ശുഭം-
-ശുഭം-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ