ഉത്തരമലബാറിൽപെട്ട കണ്ണൂർ ജില്ലയിലെ ബ്ലാത്തൂര് എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന് അധ്യാപകവൃത്തി ചെയ്യുന്ന രമേശൻ ബ്ലാത്തൂർ എഴുതി 2010 ൽ പുറത്തിറങ്ങിയ 'പെരും ആൾ' എന്ന നോവൽ 8 വർഷങ്ങൾക്കിപ്പുറം ഈയുള്ളവൻ വായിക്കാനിടയായി. ആ അനുഭവത്തിനെ അടിസ്ഥാനമാക്കി ഈ നോവലിനെക്കുറിച്ചും കഥാകൃത്തിന്റെ രചനാശൈലിയെ പറ്റിയും വായിക്കാനും എഴുതാനും ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ നടത്തുന്ന അഭിപ്രായപ്രകടനം ആണിത്. ആദ്യമായാണ് ഒരു പുസ്തകം വായിച്ചിട്ട് അതിനെ പറ്റി അഭിപ്രായം നടത്തുന്നത്.അതിനാൽത്തന്നെ ഈ നോവലിനെ പറ്റി വളരെ ആഴത്തിലുള്ള ഒരു പഠനമോ വിലയിരുത്തലോ ആയി ഇതിനെ വിലയിരുത്തരുത്. അതുപോലെത്തന്നെ ആദികാവ്യമായോ അദ്ധ്യാത്മരാമായണമായോ ഉള്ള ഒരു താരതമ്യവും ഞാൻ നടത്തുന്നില്ല എന്ന് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ. അതിനും മാത്രമുള്ള പ്രാപ്തി എനിക്കില്ലെന്ന പൂർണ്ണബോധ്യത്തോടെ തന്നെയാണ് ഞാൻ കുറിപ്പെഴുതിയിരിക്കുന്നത്. ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ എന്നിൽ ഉടലെടുത്ത ചില ചിന്തകൾ അതേപടി പകർത്തുക മാത്രമാണിവിടെ ചെയ്യുന്നത്.തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാം, സദയം ക്ഷമിച്ചാലും.
വല്ലപ്പോഴും പുസ്തകം വാങ്ങുകയും വായിക്കുകയും ചെയ്യുന്ന ഒരാൾ എന്ന നിലയ്ക്കാണ് എന്റെ സഹപ്രവർത്തകനായ സനീഷ് 'പെരും ആൾ' എന്ന പുസ്തകത്തെ കുറിച്ചും അതെഴുതിയ രമേശൻ ബ്ലാത്തൂർ എന്ന കഥാകൃത്തിനെ കുറിച്ചും എന്നോട് സൂചിപ്പിച്ചത്. മേൽപറഞ്ഞ സനീഷ് ബ്ലാത്തൂർ നിവാസിയും സർവ്വോപരി രമേശൻ ബ്ലാത്തൂരിന്റെ ശിഷ്യനുമാണ് എന്ന കാര്യവും സംസാരത്തിൽ അവൻ വെളിപ്പെടുത്തുകയുണ്ടായി. കാസർഗോഡ് ജില്ലക്കാരനായിട്ടും തൊട്ടടുത്ത ജില്ലയിൽ ഇങ്ങനെയൊരു എഴുത്തുകാരനുണ്ടായത് അറിഞ്ഞില്ല എന്നത് എന്നെ സംബന്ധിച്ചിടത്തോളം ശുഭകരമായി തോന്നിയില്ല. എങ്കിലും, രാവണനെപ്പറ്റി എഴുതിയ പുസ്തകമാണ് എന്നുകൂടി പറഞ്ഞപ്പോൾ എനിക്ക് താല്പ്പര്യം തോന്നുകയും കൂടുതൽ വിവരങ്ങൾ (അത് പുസ്തകത്തെക്കുറിച്ചായാലും കഥാകൃത്തിനെക്കുറിച്ചായാലും) അറിയാനായി ഇൻറർനെറ്റിൽ പരതുകയും ചെയ്തു.
കൂടുതലായൊന്നും കിട്ടിയില്ലെങ്കിലും കിട്ടിയ വിവരങ്ങൾ തീർച്ചയായും പ്രതീക്ഷക്കു വക നൽകുന്നതുമായിരുന്നു.അധികം ആലോചിക്കാതെ പുസ്തകം വാങ്ങുകയും കൈയിൽ കിട്ടിയ ഉടനെ വായിക്കാൻ തുടങ്ങുകയും ചെയ്തു. 2010 ൽ ഇറങ്ങിയ 'പെരും ആൾ' ഏഴോളം പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് എന്ന അറിവ് പുസ്തകത്തിനെക്കുറിച്ചുള്ള എന്റെ പ്രതീക്ഷ വാനോളം ഉയർത്തി. കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുൻപേ തന്നെ പറഞ്ഞോട്ടെ എന്റെ പ്രതീക്ഷകളെ തകർക്കാത്ത ഒരു നല്ല ഒരു സൃഷ്ടി തന്നെയാണ് ഈ 'പെരും ആൾ' എന്നത് നിസ്സംശയം എനിക്ക് പറയാൻ കഴിയും.
കുട്ടിക്കാലത്ത് ബാലമാസികകളും കൈയ്യിൽ കിട്ടിയിരുന്ന മറ്റു പുസ്തകങ്ങളും വായിക്കാറുണ്ടായിരുന്നതിനാൽ പുരാണങ്ങളായ രാമായണവും മഹാഭാരതവും നന്നേ ചെറുപ്പത്തിൽ തന്നെ പരിചിതങ്ങളായിരുന്നു. അവയിലെ കഥകളൂം ഉപകഥകളും കഥാപാത്രങ്ങളുമൊക്കെ കുറെയൊക്കെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കർക്കിടക മാസത്തിൽ രാമായണം വായിക്കുന്ന ശീലം കൂടിയുള്ളതിനാൽ, അത് ഹൃദിസ്ഥമായി എന്ന് പറയുന്നില്ലെങ്കിലും കഥയും കഥാപാത്രങ്ങളും കുറേക്കൂടി മനസ്സിൽ പതിയുകയുണ്ടായി. അതിനാൽ തന്നെ രാമായണത്തിന്റെ ഒരു പുനർവായനയായി അല്ലെങ്കിൽ രാവണന്റെ വീക്ഷണത്തിലുള്ള രാമായണം എന്നെ നിലയിൽ എഴുതപ്പെട്ട 'പെരും ആൾ' എങ്ങനെയുണ്ടാവും എന്ന ആകാക്ഷയും അതെത്രമാത്രം നന്നായിട്ടുണ്ടാകും എന്ന ആശങ്കയും മനസ്സിനെ മഥിച്ചിരുന്നു.നോവലിന്റെ മുഖവുരയിൽ ('പെരും ആളിന്റെ നിലം' എന്ന അദ്ധ്യായത്തിൽ) രാമായണശീലുകൾ കേട്ട് വളർന്ന കുട്ടിക്കാലവും മനസ്സിൽ ഉറച്ചുപോയ അതിലെ കഥാപാത്രങ്ങളെയും പറ്റി കഥാകൃത്ത് പറയുന്നുണ്ട്. പിന്നീട് എം ടി യുടെ 'രണ്ടാമൂഴം' വായിച്ചപ്പോൾ, അത് തന്നിൽ ഉണർത്തിവിട്ട ചോദ്യങ്ങളും ഒടുവിൽ ആനന്ദിന്റെ അഭിമുഖത്തിലൂടെ പുരാണങ്ങളുടെ ആധികാരിതയെപ്പറ്റി അറിയാനിടവന്നതും ഒടുവിൽ പല തലത്തിൽ രാമായണത്തെ വായിച്ചെടുക്കാം എന്ന നിലയിലേക്ക് കഥാകൃത്ത് എത്തിച്ചേർന്നതിനെപ്പറ്റിയും വിശദമാക്കുന്നുണ്ട്. ദ്രാവിഡൻമാരുടെ നേരെയുള്ള ആര്യന്മാരുടെ അധിനിവേശമായും ദളിത് കീഴാളന്മാരെ ആര്യന്മാർ കീഴടക്കിയ സംഭവമായുമൊക്കെ രാമായണത്തെ അദ്ദേഹം പുനർവായന നടത്തുന്നുണ്ട്. ഈ നിഗമനങ്ങളിൽ എത്രമാത്രം വസ്തുതയുണ്ട് എന്നറിയാത്തതിനാലും ഇതൊക്കെ വെറും അഭ്യൂഹവും ആവാം എന്ന സംഗതി കണക്കിലെടുത്തും ഈയൊരു അഭിപ്രായപ്രകടനത്തെ കഥാകൃത്തിന്റെ ചിന്താസ്വാതന്ത്ര്യമായി കണ്ട് വിട്ടുകളയാനാണ് എനിക്കിഷ്ടം. അതിനെ സാധൂകരിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള അറിവ് എനിക്കില്ല തന്നെ.
കഥയെയും കഥാപാത്രങ്ങളെയും പറ്റി വിവരിക്കുമ്പോൾ തന്നെ ഈയൊരു സൃഷ്ടി കർമ്മത്തിൽ തന്റെ നിലപാടെന്താണെന്ന് കഥാകൃത്ത് യാതൊരു സംശയത്തിനും ഇട നൽകാതെ വ്യക്തമാക്കുന്നുണ്ട്. വ്യാസന്റെ മൗനത്തിൽ തന്റെ ചിന്തകൾ നിറച്ച് ഭീമപക്ഷത്ത് നിന്ന് മഹാഭാരതത്തെ നോക്കിക്കണ്ട എംടിയുടെ ശൈലി തന്നെ ആകൃഷ്ടിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന അദ്ദേഹം രാമനെ ഇകഴ്ത്തിക്കാട്ടാതെയാണ് തന്റെ രാവണൻ സ്വന്തം കഥ അനാവരണം ചെയ്യുന്നതെന്ന് പറയുകയും അത് നോവലിലുടനീളം പ്രാവർത്തികമാക്കുകയും ചെയ്തിട്ടുണ്ട്. ഒരേ കഥ പലകണ്ണുകളിൽ കൂടി കാണുമ്പോഴോ അല്ലെങ്കിൽ വിവരിക്കുമ്പോഴോ കഥാപാത്രങ്ങളുടെ സ്വഭാവത്തിലും പ്രവർത്തിയിലും മാറ്റം വരിക എന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. രാമായണകഥ രാമന്റെയും സീതയുടെയും കഥയായി ആദികവിയോ എഴുത്തച്ഛനോ പറയുമ്പോൾ രാവണൻ ക്രൂരനായ രാക്ഷസരാജാവാണ്, മറിച്ച് അത് രാവണന്റെ കണ്ണിലൂടെ കാണുമ്പോൾ രാവണൻ നല്ല രാജാവാണ്, സഹോദരനാണ്, സകലകലാവല്ലഭനാണ് കൂടാതെ നല്ല വ്യക്തിത്വത്തിന് ഉടമയും കൂടിയാണ്. എന്നാൽ വിഷ്ണുഭക്തനും രാവണസോദരനുമായ വിഭീഷണൻ ഇവിടെ രാമന് പകരം പ്രതിനായകന്റെ വേഷമെടുത്തണിയുന്നു. വളരെ ബുദ്ധിപൂർവ്വം എഴുത്തുകാരൻ അങ്ങനെ ചെയ്തതാകാനേ വഴിയുള്ളൂ. രാവണൻ നായകനാകുമ്പോൾ രാമനെ പ്രതിനായകനാക്കാനുള്ള വൈഷമ്യം കാരണം നിർദ്ദോഷിയായ വിഭീഷണന്റെ ചുമലിൽ ആ ഭാരം കെട്ടിവച്ചതാകാം. ഒരു പക്ഷെ ബാല്യകാലസ്മരണകളിൽ അച്ഛന്റെ രാമായണപാരായണത്തിന്റെ മാധുര്യം നിലനിൽക്കുന്നതുകൊണ്ടോ അല്ലെങ്കിൽ കഥാകൃത്ത് പറയുന്നതുപോലെ ജീവിതത്തിന്റെ ഭാഗമായി രാമായണം മാറിയിരുന്നതുകൊണ്ടോ ആകാം അങ്ങിനെയൊരു തീരുമാനത്തിലേക്കദ്ദേഹം എത്തിച്ചേർന്നത്. അതുമല്ലെങ്കിൽ രാവണനെ പുകഴ്ത്താൻ രാമനെ ഇകഴ്ത്തേണ്ട കാര്യമില്ല എന്ന തിരിച്ചറിവിൽ നിന്നുമാകാം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ആയുധമെടുത്തു വീശാതെ രാവണകഥ അദ്ദേഹം കഥനം ചെയ്തത്.വ്യത്യസ്തമായ ഒരു ആഖ്യാനശൈലിയാണ് കഥാകൃത്ത് ഈ നോവലിൽ സ്വീകരിച്ചിരിക്കുന്നത്.
സാധാരണ നോവലിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി 5 ഭാഗങ്ങളായാണ് രാവണന്റെ ഓർമ്മകളെ വേർതിരിച്ചിരിക്കുന്നത് - നാന്ദി, മുഹൂർത്തം, അയനം, ഗ്രഹണം, വിരാമം എന്നിങ്ങനെ.അച്ഛനുപേക്ഷിച്ച ബാല്യവും ജീവിതത്തിൽ അനുഭവിച്ച കയ്പേറിയ അനുഭവങ്ങളും അപമാനത്തിന്റെ ചൂളയിൽ നിന്ന് കൈകൊണ്ട ശക്തിയുമായി ലോകം കീഴടക്കിയതും മദോന്മത്തനായി, അഹങ്കാരിയായി ജീവിച്ചതും ഒടുവിൽ ഒരു പെണ്ണിന് വേണ്ടി ഉറ്റവരെയും ഉടയവരുമടക്കം തന്റെ സർവ്വസ്വവും നശിപ്പിക്കുന്നതുമായ സംഭവങ്ങൾ വരെ ഒരു മാലയിൽ കോർത്ത മുത്തുകളെന്നപോലെ നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് കഥാകൃത്ത് ഈ കൃതിയിൽ ചെയ്തിരിക്കുന്നത്. പെരും ആളായ രാവണൻ എന്ന രാക്ഷസരാജാവിന്റെ സന്തോഷസന്താപകാമമോഹക്രൂരവികാരസമ്മിശ്രണങ്ങളുടെ ആഖ്യാനമാണ് ഈ നോവൽ എന്ന് നിസ്സംശയം പറയാൻ കഴിയും. ദശാനനൻ എന്ന പേര് അന്വർത്ഥമാക്കും വിധം കാമാചാരി,യുദ്ധക്കൊതിയൻ,നീചൻ എന്നിവയോടൊപ്പം സ്നേഹമയനായ സഹോദരൻ, രാജ്യം പോലും പങ്കുവയ്ക്കാൻ തയ്യാറാകുന്ന സുഹൃത്ത്, പ്രേമപരവശനായ കാമുകൻ, ഭാര്യയെ സ്നേഹിക്കുന്ന നല്ലൊരു ഭർത്താവ് ,അഭിമാനി തുടങ്ങി പല വേഷങ്ങൾ കെട്ടിയാടിക്കുന്നുണ്ട് രാവണനെക്കൊണ്ട് നമ്മുടെ കഥാകൃത്ത്. രാവണന്റെ ഓർമ്മകളിലേക്കുള്ള ഈ മുങ്ങാംകുഴിയിൽ ബാലിയോടും ചമേലിയോടും മഹാറാണിയായ മണ്ഡോദരിയോടും തോന്നുന്ന സ്നേഹവും പ്രണയവും പോലുള്ള മുത്തുകളും പവിഴങ്ങളും മാത്രമല്ല സുന്ദരികളായ യുവതികളോട് തോന്നിയ കാമപരവശതയും യുദ്ധക്കൊതിയും പോലുള്ള വിഷസസ്യങ്ങളും കല്ലിൻചീളുകളും കൂടി കഥാകാരൻ നമുക്കായി മുങ്ങിയെടുക്കുന്നുണ്ട്.
രാമ- ലക്ഷ്മണന്മാരുടെ നേതൃത്വത്തിൽ എണ്ണിയാലൊടുങ്ങാത്ത വാനരപ്പടയുമായി, എല്ലാവരും അപ്രാപ്യമെന്നു കരുതിയ ലങ്കയിൽ അതും ലോകത്തെ മുഴുവൻ കീഴടക്കിയ പെരും ആളായ രാക്ഷസരാജാവിന്റെ ലങ്കയിൽ യുദ്ധസന്നദ്ധരായി നിൽക്കുന്ന കാഴ്ച കണ്ട് ആശങ്കാകുലനായപ്പോഴാണ് രാവണൻ, സമാനതകളില്ലാത്ത അത്യന്തം സംഭവബഹുലമായ തന്റെ ഭൂതകാലമാകുന്ന കയത്തിലേക്ക് മുങ്ങാംകുഴിയിടുന്നതിനു നാന്ദി കുറിക്കുന്നത്. വിദ്യ അഭ്യസിക്കാനായി ഗുരുവിന്റെ അടുത്തെത്തിയപ്പോൾ വംശത്തെക്കുറിച്ചുയർന്ന അപമാനകരമായ ചോദ്യത്തിൽ നിന്നാണ് രാവണൻ നമ്മെ ഓർമ്മകളുടെ തീരത്തേക്ക് കൊണ്ടുപോകുന്നത്. ശൂദ്രസ്ത്രീയുടെ ഗർഭഹേതു പേരറിയാത്ത ആരുമാകാം എന്ന ആചാര്യന്റെ ധ്വനിയിൽ അപമാനത്തിന്റെ പടുകുഴിയിൽ വീണ നിസ്സഹായനായ ബാലനായി സഹതാപം പിടിച്ചുപറ്റിക്കൊണ്ടാണ് രാവണൻ വായനക്കാരുടെ മുൻപിൽ പ്രത്യക്ഷനാകുന്നത്. ചടുലമായ ഭാഷയിലൂടെ രാവണകഥക്ക് തുടക്കം കുറിക്കുന്ന കഥാകൃത്ത് അദ്ധ്യായം അവസാനിപ്പിക്കുന്നത് ആരെയും കൂസാത്ത ലോകവിജയിയായ രാവണന്റെ ചിത്രം പകർന്നുകൊണ്ടാണ്. തുടക്കത്തിൽ വായനക്കാരിൽ രാവണനോട് ഉണർത്തിയ സഹതാപത്തെ പെട്ടെന്ന് തന്നെ വീരാരാധനയാക്കി മാറ്റാൻ ഈ ആഖ്യാനരീതി കഥാകൃത്തിനെ സഹായിക്കുന്നു.
രണ്ടാം ഭാഗം വായിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ