പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥ നാഥം സദാനന്ദ ഭാജം |
ഭവദ്ഭവ്യ ഭൂതേശ്വരം ഭൂതനാഥം, ശിവം ശങ്കരം ശംഭു മീശാനമീഡേ ||
ശ്രേഷ്ഠനായ, സകലജീവികളുടെയും നാഥനായ, സർവ്വവ്യാപിയായ, വിശ്വത്തിന്റെ അധിപനായ, വിഷ്ണുപൂജിതനായ, ആനന്ദം പ്രദാനം ചെയ്യുന്ന, ഐശ്വര്യദായകനായ, ഭൂതഗണങ്ങളുടെ ഈശ്വരനും നാഥനുമായ, മംഗളകാരകനായ, ശുഭകാരകനായ, ആയുരാരോഗ്യദായകനായ നിന്നെ ഞാൻ പ്രാർഥിക്കുന്നു.
കേരളത്തിലെ അത്യുത്തരജില്ലയായ കാസർകോടിന്റെ ഏതാണ്ട് മധ്യഭാഗത്തായി പരന്നുകിടക്കുന്ന, തീരപ്രദേശവും ഇടനാടും ചേർന്ന ഒരുവലിയ ഗ്രാമം. കുടകുമലയിൽ നിന്നുദ്ഭവിച്ച് കാസർഗോഡ് ജില്ലയുടെ കിഴക്കൻ മേഖലകളിലൂടെ ശാന്തസ്വരൂപിയായി കിലോമീറ്ററുകളോളം ഒഴുകി ആയിരകണക്കിന് ജീവനുകൾക്കു താങ്ങുംതണലുമായി മാറി ഒടുവിൽ പയസ്വനിപ്പുഴയിൽ വന്നു ചേരുന്ന കരിച്ചേരി പുഴ അതിരിടുന്ന കിഴക്കേഭാഗവും അറബിക്കടലിനോട് ഏതാണ്ട് ചേർന്ന് കിടക്കുന്ന പടിഞ്ഞാറുഭാഗവും അടങ്ങിയ, തെയ്യങ്ങളും തറവാടുകളുമേറെ വാഴുന്ന നാട്. ലോകരക്ഷകനായ ശ്രീ മഹാലിംഗേശ്വരൻ അനാദികാലം മുതൽ ധ്യാനനിമഗ്നനായി കുടികൊള്ളുന്ന ഈ സുന്ദരമായ നാടിനു പേര് പനയാൽ. മഹാദേവൻ തപംചെയ്യുന്ന പുണ്യഭൂമിയിൽ ഉയർന്നുവന്ന മഹാലിംഗേശ്വരക്ഷേത്രം കലികാലദുരിതങ്ങളിൽ പെട്ടുഴലുന്ന ഭക്തജനങ്ങൾക്ക് ആശ്രയവും ആലംബവുമേകി ഹൃദയത്തിൽ ആനന്ദം നിറച്ച് ഈ ഗ്രാമത്തിന്റെ ഭൂഷണമായി വർത്തിക്കുന്നു.
പേരിന്റെ ഉദ്ഭവം:
പനവരുടെ ആലയമാണ് പനയാൽ ആയതെന്നും അതല്ല പനയോലയിൽ നിന്നുമുരുത്തിരിഞ്ഞതാണ് പനയാൽ എന്നും രണ്ടുണ്ട് ഭാഷ്യം. പനവർ എന്നൊരു ഗോത്രവർഗ്ഗം നൂറ്റാണ്ടുകൾക്കു മുൻപ് വനശാസ്‌താവിനെ ആരാധിച്ചുകൊണ്ടിവിടെ വസിച്ചിരുന്നെന്നും അവരുടെ വാസസ്ഥാനമായതിനാലാണ് പിന്നീടിവിടം പനയാൽ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങിയതാണെന്നാണ് ആദ്യത്തെ വാദം (പനവർ എന്നത് ഗോത്രവർഗ്ഗമല്ല മറിച്ച് ബ്രാഹ്മണസമൂഹമാണ് എന്നും അഭിപ്രായമുണ്ട്. അക്കാലങ്ങളിൽ പത്തില്ലം ബ്രാഹ്മണരുടെ ആരാധനാമൂർത്തിയായിരുന്നത്രെ വനശാസ്താവ്). കാടു വെട്ടിത്തെളിക്കാനിറങ്ങിയ സ്ത്രീകൾ അവിചാരിതമായി ശിവലിംഗം (സ്വയംഭൂവായ ശ്രീ പരമേശ്വരനെ) കണ്ടെന്നും അവർ പനയോലകൊണ്ടതിനെ മൂടിവെക്കുകയും ചെയ്തു എന്നും അതിൽ നിന്നാണ് പനയാൽ എന്ന നാമം ഉടലെടുത്തതെന്നുമാണ് രണ്ടാമത്തെ വാദം (നൂറ്റാണ്ടുകൾക്ക് മുൻപ് പനയാലും അതിന്റെ പരിസരപ്രദേശങ്ങളിലും ധാരാളം പനകൾ ഉണ്ടായിരുന്നുവെന്ന് ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ പഠനം നടത്തിയവർ പറയുന്നു. കാടുകൾ നിറഞ്ഞുനിൽക്കുന്ന ഒരു കാലത്ത് അതിനുള്ള സാധ്യത വിരളമല്ലതാനും).
ക്ഷേത്രത്തിന്റെ ഐതിഹ്യം:
മഹാദേവന്റെ സാന്നിധ്യം കണ്ടെത്തിയതിനെക്കുറിച്ചും ക്ഷേത്രോല്പത്തിയെക്കുറിച്ചും പല കഥകളും പ്രചാരത്തിലുണ്ട്. മിക്ക ശിവക്ഷേത്രങ്ങളുടെയും ഉല്പത്തിക്ക് കാരണമായി പറയുന്ന കഥാസന്ദർഭം ഇവിടെയും നമുക്ക് കേൾക്കാൻ കഴിയും, അതിപ്രകാരമാണ്.
കാടുവെട്ടിത്തെളിക്കുമ്പോൾ കത്തിയുടെ സ്പർശത്താൽ ഒരു കല്ലിൽ നിന്നും ചോര കിനിയുന്നതു കണ്ട് ഭയചകിതരായ സ്ത്രീകൾ അതിനെ പനയോലകൊണ്ട് മൂടുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തത്രേ. സ്ഥലത്തെത്തിയ അന്നത്തെ പ്രമാണികളും നാട്ടുകാരും ശിവഭഗവാന്റെ സാന്നിധ്യം മനസ്സിലാക്കുകയും സ്വയംഭൂവായി പ്രത്യക്ഷപ്പെട്ട ദേവനെ പൂജാദികർമ്മങ്ങളാൽ പ്രീതിപ്പെടുത്തുകയും ചെയ്തു. മഹാതപസ്വിയായ കണ്വമുനി യാഗം ചെയ്തിരുന്ന സ്ഥലമാണിവിടമെന്നും സ്വയംഭൂവായി മഹാദേവൻ പ്രത്യക്ഷപ്പെട്ടതാണെന്നുമുള്ള ഒരു ഐതിഹ്യവും നിലവിലുണ്ട് (അഗസ്ത്യമുനിയുടെ സാന്നിധ്യവും ഇവിടെയുള്ളതായി ചില വാമൊഴികളിൽ കാണാം. പക്ഷെ കല്പാന്ത കാലത്തിൽ നടന്നിട്ടുണ്ടാകുമെന്ന് കരുതുന്ന ഈ സംഭവങ്ങൾക്കൊന്നും വിശ്വാസയോഗ്യമായ തെളിവുകൾ ഏതായാലും ഇന്ന് ലഭ്യമല്ല). കാലാന്തരത്തിൽ ഇവിടെ വാസമുറപ്പിച്ച ജനത കണ്വമുനി പൂജിച്ചിരുന്ന ശിവലിംഗത്തെ കണ്ടെത്തുകയും (മേല്പറഞ്ഞപോലെ സ്ത്രീകൾ കണ്ടെത്തിയതോ പനവർ കണ്ടെത്തിയതോ ആകാം) ആരാധിക്കാൻ തുടങ്ങുകയും ചെയ്തതായിരിക്കാം. ഏതായാലും അങ്ങനെ കണ്ടെത്തിയ ശിവലിംഗത്തെ അന്നത്തെ ജനത പൂജിച്ചാരാധിക്കുവാൻ തുടങ്ങിയതിൽ നിന്നായിരിക്കണം ഇന്നത്തെ മഹാക്ഷേത്രത്തിന്റെ വളർച്ചയുടെ (തളർച്ചയുടെയും) പരിണാമദിശയാരംഭിക്കുന്നത്. ക്ഷേത്രവും ക്ഷേത്രാരാധനയും നിലവിൽ വന്നപ്പോൾ അതുവരെ പുറത്താരാധിച്ചിരുന്ന വനശാസ്‌താവിനെ ഉപദേവതയായി പ്രതിഷ്ഠിക്കുകയും ചെയ്തു.
നാലമ്പലവും ഉപദേവതമാരും:
പശ്ചിമദിക്കിനഭിമുഖമായി ശാന്തസ്വരൂപനായ ദേവാദിദേവൻ ധ്യാനനിമഗ്നനായി കുടികൊള്ളുന്ന ശ്രീ മഹാലിംഗേശ്വരക്ഷേത്രത്തിൽ നാടിനേയും നാട്ടാരേയും ദുരിതത്തിൽ നിന്നകറ്റി കാത്തുരക്ഷിച്ചീടാനായി ആശ്രിതവത്സരും ആപത്ബാന്ധവരുമായ നിരവധി ഉപദേവതമാരേയും കാലാകാലങ്ങളിലായി പ്രതിഷ്ഠിക്കുകയുണ്ടായി/കുടിയിരുത്തുകയുണ്ടായി. പ്രപഞ്ചസൃഷ്ടിക്കും നിലനില്പിനുമാധാരമെന്ന് കരുതുന്ന ദൈവങ്ങളുടെ കാലഗണന മനുഷ്യന്റെ കണക്കുക്കൂട്ടലിനുമപ്പുറമായതിനാൽ എന്നാണർവിഭവിച്ചതെന്ന് പറയാൻ കഴിയാത്ത നാൾ മുതൽ സകലചരാചരങ്ങൾക്കും അനുഗ്രഹമേകി നാടിൻറെ പരദേവതയായി വനശാസ്താവിടെ കുടികൊണ്ടിരുന്നിരിക്കാം. അങ്ങനെ ആദിയുമന്തവുമില്ലാത്ത ഈ ദേവതയെയാണ് ഗോത്രവർഗ്ഗസംസ്കാരം നിലനിന്നിരുന്ന കാലഘട്ടത്തിൽ പനവർ ആരാധിച്ചിട്ടുണ്ടാവുക എന്ന് കരുതാവുന്നതാണ് (വനശാസ്‌താവിന്റെ മൂലസ്ഥാനമെന്നു കരുതുന്ന സ്ഥലം ഇന്നും ക്ഷേത്രത്തിന്റെയും അതിന്റെ തൊട്ടടുത്തുള്ള മണ്ഡപത്തിന്റെയും ഇടയിലുള്ള ഭാഗത്ത്, ക്ഷേത്രത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി കാണാവുന്നതാണ്). പിന്നീടേതോ ഒരു കാലത്തിൽ ശിവസാന്നിധ്യം തിരിച്ചറിഞ്ഞപ്പോൾ പ്രധാനമൂർത്തിയായി ശ്രീ പരമേശ്വരൻ മാറുകയും ക്ഷേത്രം ഉയർന്നുവരികയും അതുവരെ ആരാധിച്ചിരുന്ന ശാസ്താവിനെ ഉപദേവതയായി സങ്കൽപ്പിച്ച് നാലമ്പലത്തിൽ കന്നിമൂലയിൽ കുടിയിരുത്തുകയും ചെയ്തു. ശാസ്താവിന്റെ അവതാരമെന്ന് വിശ്വസിക്കുന്ന കലിയുഗവരദനും കലികാലപ്രത്യക്ഷദൈവവുമായ അയ്യപ്പൻറെ രൂപത്തിലാണ് പിന്നീടിങ്ങോട്ട് ആരാധിച്ചുപോരുന്നത്. രണ്ടുദശാബ്ദങ്ങൾക്ക് മുൻപ് ഒരു ഉത്സവവേളയിൽ തിടമ്പ് വീണതുമൂലമുണ്ടായ ദോഷങ്ങൾ പരിഹരിക്കാൻ വെച്ചുചാർത്തപ്പെട്ട പ്രശ്നവിധിയിൽ കല്പിച്ചതിൻ പ്രകാരം 2008 ൽ അയ്യപ്പനെ നാലമ്പലത്തിനകത്തുനിന്നും പുറത്തേക്കു മാറ്റി പ്രതിഷ്ഠിക്കുകയുണ്ടായി. സ്ഥാനചലനം സംഭവിച്ച് ക്ഷേത്രത്തിന്റെ അഗ്നിമൂലയോട് ചേർന്നാണ് ഇന്ന് ചിന്മുദ്രാങ്കിതനായ അയ്യപ്പൻ കുടികൊള്ളുന്നത്.
ചരിത്രാതീതകാലം മുതൽ തന്നെ മനുഷ്യർ പ്രകൃതിശക്തികളെ ആരാധിക്കാൻ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായായ നാഗാരാധനയും പനയാലിൽ ഉണ്ടായിരുന്നതായി ലഭ്യമായ തെളിവുകളിൽ നിന്നും നമുക്കനുമാനിക്കാം. ക്ഷേത്രത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്തായി പണ്ടുകാലങ്ങളിൽ ആരാധന നടത്തിയിരുന്ന കാവിന്റെ ബാക്കിപത്രം ഇപ്പോഴും കാണാം. ഗോത്രസംസ്കാരത്തിന്റെ ഗതകാലസ്മരണകൾ തുളുമ്പുന്ന പഴയ നാഗത്തറ വീണ്ടെടുക്കാൻ കഴിയാത്തവണ്ണം നശിച്ചുപോയിരുന്നു. ഏകദേശം നാല്പത്തഞ്ച് വർഷത്തോളം മുടങ്ങിയ നാഗാരാധന പുനരാരംഭിച്ചത് 2008 ൽ നടന്ന കലശാട്ടോട് കൂടിയാണ്. പഴയതിൽ നിന്നും കുറച്ച് മുന്നോട്ട് (പടിഞ്ഞാറ്) മാറിയാണ് ഏതായാലും ഇപ്പോഴതിന്റെ സ്ഥാനം. നാഗകൂടം മാത്രം പുതുക്കിയ പഴയ വിഗ്രഹങ്ങൾ തന്നെയാണ് പുതിയ നാഗത്തറയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. കുംഭത്തിലെ ആയില്യമാണ് പ്രധാനപൂജ ദിവസം. നാഗരാജാവ്, നാഗാമാതാവ്, നാഗയക്ഷി, നാഗകന്യ എന്നിവയാണ് സങ്കല്പങ്ങൾ.
പനവരുടെ പരദേവതയെന്ന് കണക്കാക്കുന്ന രക്തേശ്വരിയും ഉപദേവതാഭാവത്തിൽ ഇവിടെ കുടികൊള്ളുന്നു. കന്നിമൂലയിലായിരുന്നു ആദ്യം സ്ഥാനമെങ്കിലും ഏതാനും വർഷങ്ങൾക്ക് മുൻപ് നടത്തിയ ദേവപ്രശ്നത്തിൽ കണ്ടതുപ്രകാരം ദേവിയുടെ സ്ഥാനം ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് വായുകോണിലേക്ക് മാറ്റിസ്ഥാപിക്കുകയായുണ്ടായി.
തുമ്പിക്കരത്തിൽ അന്പിന്റെ നിറകുടമേന്തുന്ന, സർവ്വനിവാരണങ്ങളുമൊഴിപ്പിക്കുന്ന ഗണനായകനായ വിഘ്നേശ്വരനും ഇവിടെ സങ്കല്പപൂജ നടത്താറുണ്ടായിരുന്നു. ശ്രീകോവിലിനുള്ളിൽ തപം ചെയ്യുന്ന പ്രപഞ്ചത്തിന്റെ പിതാവായ മഹാദേവന് സമീപത്തായിരുന്നു ഒരു പക്ഷെ ക്ഷേത്രമുണ്ടായ കാലം മുതൽ പുത്രനായ ഗണപതിക്കും പൂജ ചെയ്തിരുന്നത്. എന്നാൽ നേരത്തെ പറഞ്ഞ ദേവപ്രശ്നത്തിൽ ഭഗവാനും ഒരു സ്ഥാനം നൽകണമെന്ന് കല്പിച്ചരുളിച്ചെയ്തതിനാൽ നാലമ്പലത്തിന്റെ കന്നിമൂലയിൽ, നേരെത്തെ ശാസ്താവ് കുടികൊണ്ടിരുന്ന സ്ഥാനത്തായി വിഘ്നേശ്വരനേയും കുടിയിരുത്തുകയായിരുന്നു. എന്നാൽ ഈ വിഗ്രഹം ഭക്തർക്ക് ദർശിക്കാവുന്നതായിരുന്നില്ല. സർവ്വവിഘ്നങ്ങളും അകറ്റി ഭക്തരക്ഷയേകുന്ന ഗജമുഖനെ കണ്ടുവണങ്ങണമെന്ന സാധുജനങ്ങളുടെ അപേക്ഷപ്രകാരം ദേവഹിതമറിയാനായി വീണ്ടുമൊരു സ്വർണ്ണപ്രശ്നം നടത്തുകയും അപ്രകാരം ഗ്രഹങ്ങൾ അനുകൂലഭാവം പൂണ്ടുനിൽക്കുന്നതായി കാണപ്പെടുകയും ചെയ്തു. തന്മൂലം നാലമ്പലത്തിനു പുറത്ത് എന്നാൽ ചുറ്റമ്പലത്തിനുള്ളിൽ കന്നിമൂലയിൽ പുതിയൊരു ശ്രീകോവിൽ പണികഴിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ശ്രീകോവിൽ പണി പൂർത്തിയായാൽ പുനഃപ്രതിഷ്ഠ നടത്തി ഭക്തർക്ക് ദേവനെ കാണാനുള്ള സൗകര്യം ചെയ്തു കൊടുക്കും എന്നായിരുന്നു തീരുമാനം. എങ്കിലും ഈയിടെ വീണ്ടും ദേവപ്രശ്നം നടത്തിയപ്പോൾ സ്ഥാനചലനത്തിൽ ഭഗവാൻ തൃപ്തനല്ലെന്ന് തെളിഞ്ഞതിനാൽ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെക്കുകയും അതുവരെ കെട്ടിപ്പൊക്കിയ ശ്രീകോവിലിന്റെ ഭാഗങ്ങൾ മുഴുവനും പൊളിച്ചുമാറ്റുകയും ചെയ്തു.
ഈ പ്രപഞ്ചവും സർവ്വചരാചരങ്ങളെയും സംരക്ഷിച്ചുപോരുന്ന പാലാഴിവാഴും ത്രൈലോകനാഥനും ശ്രീ മഹാലിംഗേശ്വരക്ഷേത്രസന്നിധിയിൽ ഒരു സ്ഥാനമുണ്ടായിരുന്നു. പണ്ടുകാലത്ത് പടിഞ്ഞാറെഗോപുരസമീപം ആ അമൂർത്ത സങ്കൽപ്പത്തിന്റെ പ്രതീകമായി തിരുവായുധം വെച്ചാരാധിച്ചിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറേ നടയുടെ സമീപത്തായി ഒരു പള്ളിയറയൊരുക്കി ആയുധങ്ങളും ചൈതന്യവും അങ്ങോട്ട് മാറ്റിസ്ഥാപിക്കുകയുണ്ടായി. അമൂർത്തമായ സങ്കൽപം മൂർത്തമായി മാറിയപ്പോൾ അത് വിഷ്ണുമൂർത്തിയായി മാറുകയും കോലം ധരിച്ചാടുകയും ചെയ്തു. വർഷം തോറും ഉത്സവത്തിന്റെ മൂന്നാം നാൾ (മകരം 3 ന്) തെയ്യക്കോലമായി അരങ്ങിലെത്തി ശ്രീ നാരായണൻ അരിയെറിഞ്ഞ് പൊരുളുകൾ ചൊല്ലി മാലോകരെ അനുഗ്രഹിക്കുന്നു.
ശ്രീ ശങ്കരന്റെ പ്രേയസിയായ ശങ്കരി, ചാമുണ്ഡിയായി വാണരുളുന്നത് പടിഞ്ഞാറെ ഗോപുരത്തിലെ സ്‌തംഭപ്രതിഷ്ഠയിലാണ്. ചാമുണ്ഡിയമ്മയുടെ ചരിതവും തുടങ്ങുന്നത് നൂറ്റാണ്ടുകൾക്കപ്പുറത്തു നിന്നാണ്. സാമൂതിരിയുടെ പടനായകനായ ചന്ദ്രശേഖര ഗുരുക്കൾ വന്നേരിയിൽ നിന്നും പട നയിച്ചുവരുമ്പോൾ പഞ്ചവർണ്ണക്കിളിയായി ദേവി മറക്കുടയിൽ ഒളിച്ചിരുന്നുവെന്നും പടയിൽ അരികളെ വെന്ന ഗുരുക്കൾ തൃക്കണ്ണ്യാലപ്പൻ അയച്ച പൊൻശരം വീണ വരിക്കുളം പാറക്കുളങ്ങരയിൽ എത്തിയെന്നും പാറക്കുളങ്ങര ഭഗവതിയുടെ അനുവാദത്തോടെ ചാമുണ്ഡിദേവിയും അവിടെ കുടിയിരുന്നുവെന്നുമാണ് ഐതിഹ്യം. ഇരുദേവതമാരെ ഭജിച്ചു കൊണ്ട് സമീപത്തായി ചന്ദ്രശേഖര ഗുരുക്കൾ പടുത്തുയർത്തിയ തറവാടാണ് പിന്നീട് കോടോത്ത് തറവാടായി പേരുകേട്ടത്. പിന്നീടേതോ ഒരു കാലത്ത് ദേവിയുടെ പള്ളിയറയിൽ നിന്നും ദീപം പകർന്ന ഒരു കാരണവരുടെ കൂടെ അകമ്പടിയായി ചാമുണ്ഡിദേവിയും ബഞ്ചാടകം എത്തി അവിടുത്തെ മന്ത്രശാലയിൽ കുടിയിരുന്നത്രെ. അവിടെനിന്നും മെതിയാലുംകുന്നിലേക്കും ദേവിയുടെ സാന്നിധ്യം എത്തി. അവിടെ കുടിയിരുന്ന ദേവിയുടെ ഉപദ്രവം കാരണം ആർക്കും വഴി നടക്കാൻ കഴിയാതെവന്നത്രെ. പിന്നീട് പെരുന്തട്ട തറവാട്ടിലും ദേവിക്ക് സ്ഥാനം നൽകി പ്രീതിപ്പെടുത്താൻ ശ്രമിച്ചു. ഒടുവിൽ ഭക്തജനങ്ങളുടെ പ്രാർത്ഥനയിൽ മനമലിഞ്ഞ പനയാലപ്പൻ ദേവിക്ക് തന്റെ ക്ഷേത്രത്തിൽ ഒരു ഇരിപ്പിടം അനുവദിക്കുകയുമായിരുന്നത്രെ. അതിൽ സന്തുഷ്ടയായ ദേവി മാലോകരെ ഭയപ്പെടുത്താതെ എല്ലാവിധ അനുഗ്രഹങ്ങളും ചൊരിഞ്ഞുകൊണ്ട് കാത്തുരക്ഷിക്കാൻ തുടങ്ങി. ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരത്തിലായിരുന്നു ശ്രീ പരമേശ്വരൻ ദേവിക്ക് കല്പിച്ചുനൽകിയത്. ആദ്യകാലങ്ങളിൽ ഒരു മൺചെരാത് മാത്രമായിരുന്നു ചാമുണ്ഡിദേവിയുടെ സാന്നിധ്യം വെളിപ്പെടുത്തിയിരുന്നത്. കാലാന്തരത്തിൽ സ്തംഭപ്രതിഷ്ഠ നടത്തി ദേവിയെ അവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. ക്ഷേത്രത്തിലെ മഹോത്സവത്തിനാരംഭം കുറിക്കുന്ന ചടങ്ങായ തിരുവത്താഴത്തിന് അരി അളക്കുന്നത് ചാമുണ്ഡിയമ്മയെ സാക്ഷി നിർത്തിയാണ്.
കൂടാതെ നാലമ്പലത്തിനകത്ത് മാതൃത്വത്തിന്റെ പ്രതീകമായ ഭഗവതിയുടെ സങ്കൽപ്പവുമുണ്ട്. ഭഗവതിസേവ പൂജ ചെയ്യുന്നത് ഭഗവതിസങ്കല്പമായി കത്തിച്ചുവെച്ച നിലവിളക്കിന്റെ മുന്നിലാണ്. കണ്വമുനി തപസ്സ് ചെയ്തിരുന്നു എന്ന് വിശ്വസിക്കുന്ന ഗുഹാകവാടം നാലമ്പലത്തിനകത്ത് ഈശാനകോണിൽ കാണാം. ആ ഗുഹയിലൂടെ ഇറങ്ങിച്ചെന്നാൽ ശ്രീപരമേശ്വരന്റെ സ്വയംഭൂ ലിംഗത്തിന്റെ സമീപത്തെത്താം എന്നാണ് പറയുന്നത്. കല്ലുവെച്ചടച്ച നിലയിലാണ് ഇപ്പോഴതിന്റെ കിടപ്പ്. നാലമ്പലത്തിന്റെ പുറത്ത് 'താപസ ശ്രേഷ്ഠരുടെ ഗുഹയെ' സൂചിപ്പിക്കുന്ന നാമഫലകം ഭക്തർക്ക് കാണാവുന്നതാണ്. നാലമ്പലത്തിനു പുറത്ത് ഈശാനകോണിൽ ക്ഷേത്രപാലകന്റെ സാന്നിധ്യവുമുണ്ട്.
പരിണാമഘട്ടം:
പനവർ എന്ന ജനത വസിച്ചിരുന്ന നാടാണ് പനയാൽ എന്നും അവരും അവർക്കുശേഷം വന്ന കൂട്ടരും ആരാധിച്ചിരുന്ന ശക്തികൾ ആണ് ഇന്നത്തെ ശ്രീ മഹാലിംഗേശ്വരക്ഷേത്രത്തിലെ പ്രധാന ദേവനും ഉപദേവതമാരും എന്നാണ് വാമൊഴികളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. പനവർ വിഭാഗത്തിൽ പെട്ടവരാരും ഇന്നിവിടെ ഇല്ലാത്തതിനാലും അവരെ സംബന്ധിക്കുന്ന തെളിവുകളൊന്നും ലഭ്യമല്ലാത്തതിനാലും അവർക്കെന്തു സംഭവിച്ചു എന്നതിനെപ്പറ്റിയും നമുക്ക് കൂടുതൽ ധാരണകളില്ല. ആ വംശം തന്നെ നശിച്ചുപോയതോ അതോ വല്ല ആക്രമണത്തെ തുടർന്ന് കൂട്ടപ്പലായനം ചെയ്തതോ അതോ മറ്റു വല്ല കാരണങ്ങളാൽ ജീവിതസന്ധാരണത്തിനായി നാടോടികളെപ്പോലെ വേറെ നാടുകളിലേക്ക് ചേക്കേറിയതോ ആകാം. നൂറ്റാണ്ടുകൾക്കു മുൻപ് സാമൂതിരിയുടെ നിർദ്ദേശപ്രകാരം ബല്ലാക്കന്മാർക്കെതിരെ പടനയിച്ചെത്തിയ ചന്ദ്രശേഖരഗുരുക്കളും കൂട്ടരും ഇവിടെത്തന്നെ തറവാടുകളും സന്തതി പരമ്പരകളും കെട്ടിപ്പടുക്കാൻ തുടങ്ങിയിരുന്നു. കാലം മാറിയപ്പോൾ ഇളങ്കുറ്റി (അള്ളട) സ്വരൂപത്തിന്റെ ഭാഗമായ ഈ ദേശത്ത് നായർ സമുദായത്തിലെ മാപ്പിലാംഗാഡ് കൂക്കൾ കുടുംബത്തിൽപ്പെട്ടവർ പ്രബലരായിത്തീരുകയും ക്ഷേത്രഭരണം സ്വാഭാവികമായും അവരുടെ കൈകളിലേക്ക് എത്തിപ്പെടുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിൽ തറവാട് കാരണവരായിരുന്ന മാപ്പിലാംഗാഡ് കൂക്കൾ ശ്രീ കോരൻ നായരാണ് ഇന്ന് കാണുന്ന ശ്രീകോവിലും മണ്ഡപവും നാലമ്പലവും പണി കഴിപ്പിച്ചത്, 1908 ലായിരുന്നു ഈ നിർമ്മാണപ്രവൃത്തികൾ നടന്നത്. അദ്ദേഹത്തിന്റെ കാലശേഷം അനുജനായ ശ്രീ ചിണ്ടൻ നായരാണ് ബലിക്കല്ല്, അഗ്രശാല, ചുറ്റുമതിൽ, കിഴക്കും പടിഞ്ഞാറുമുള്ള ഗോപുരങ്ങൾ, കുളം എന്നിവ നിർമ്മിച്ചത്. തുടർന്ന് കലശാട്ടും നടത്തുകയുണ്ടായി. 1950 കളിലാണ് പടിഞ്ഞാറെ ഗോപുരത്തിൽ സൂക്ഷിച്ചിരുന്ന വിഷ്ണുവിന്റെ തിരുവായുധം ക്ഷേത്രമതിൽക്കെട്ടിനു പുറത്ത് പ്രത്യേകമായി നിർമ്മിച്ച പള്ളിയറയിലേക്ക് മാറ്റിയത്. ഇതിന്റെ പ്രവർത്തനത്തിന്റെ മേൽനോട്ടം ഇപ്പോൾ പനയാൽ 'നഗരസഭ'യ്ക്കാണ്. പള്ളിയറ പണിഞ്ഞതിനു ശേഷമാണത്രെ വിഷ്ണുമൂർത്തിയുടെ കോലം കെട്ടിയാടാൻ തുടങ്ങിയത്. കാർഷികവൃദ്ധിയുടെ അഭിവൃദ്ധിക്കായി എല്ലാ വർഷവും മുടങ്ങാതെ വയൽക്കോലവും ഇവിടെ കെട്ടിയാടുന്നു. കൂടാതെ അഞ്ചുവർഷം കൂടുമ്പോൾ ഒറ്റക്കോലവും. 1954 ൽ നാലമ്പലം നവീകരിച്ചു. 1956 ൽ പുല്ലായ്ക്കൊടി ശ്രീ കുഞ്ഞമ്പു എഴുത്തച്ഛന്റെ നേതൃത്വത്തിൽ നാട്ടുകാർ ആനപ്പന്തൽ പണികഴിപ്പിച്ചു. 1950 -60 കാലത്തിനിടയിൽ മറ്റൊരു തറവാട്ടുകാരുമായി ക്ഷേത്രത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി മാപ്പിലാംഗാഡ് കുടുംബക്കാർക്ക് കോടതിവ്യവഹാരത്തിൽ ഏർപ്പെടേണ്ടി വന്നെങ്കിലും 1964 ലെ ഭൂപരിഷ്കരണനിയമം മൂലം ആ വ്യവഹാരം ഇല്ലാതായി. 1950 കാലം മുതൽ തന്നെ ക്ഷേത്രത്തിലെ സംക്രമപൂജകൾ നിർവ്വഹിച്ചിരുന്നത് പത്ത് തറവാട്ടുകാർ ചേർന്നായിരുന്നത്രെ (1960 കളുടെ മധ്യത്തിൽ ഇവിടെ പൂജ മുടങ്ങിയത്രേ, 70 കളിൽ സംക്രമവും. നാട്ടുകാർ ഉൾപ്പെട്ട ഭരണസമിതി നിലവിൽ വരുന്നതുവരെ ഭഗവതിസേവയും മുടങ്ങിയതായി പഴമക്കാർ പറയുന്നു). ശ്രീ കൂക്കൾ ചിണ്ടൻ നായരുടെ കാലം വരേയ്ക്കും മഹാശിവരാത്രി ഉത്സവത്തിന്റെ സാമ്പത്തികം വഹിച്ചിരുന്നത് അദ്ദേഹമായിരുന്നെന്ന് പറഞ്ഞു കേൾക്കുന്നു. അദ്ദേഹത്തിന്റെ അനന്തിരവനായ ശ്രീ കൂക്കൾ നാരായണൻ നായർ 1979 ൽ ക്ഷേത്രഭരണം നാട്ടുകാർ കൂടി ഉൾപ്പെട്ട ഔദ്യോഗികഭരണസമിതിയെ ഏൽപ്പിച്ചെങ്കിലും അത് പ്രാവർത്തികമായത് 1987 ൽ മാത്രമാണ്. ശ്രീ നാരായണൻ നായരുടെ അനന്തിരവനായ ശ്രീ കൂക്കൾ കരുണാകരൻ നായരുടെ കാലത്തായിരുന്നു ആ കൈമാറ്റം സംഭവിച്ചത്. ഭരണം നാട്ടുകാരെ ഏൽപ്പിച്ചെങ്കിലും രക്ഷാധികാരി സ്ഥാനം കൈയ്യാളുന്നത് ഇപ്പോഴും മാപ്പിലാംഗാഡ് കുടുംബത്തിൽ പെട്ടവർ തന്നെയാണ്. രണ്ടു വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടത്തി ഭരണസമിതിയെ നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോൾ അനുവർത്തിച്ചു പോരുന്നത്. കൂടാതെ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇവിടുത്തെ നാട്ടുകാർ അന്നാടുകളിൽ സമിതികളുണ്ടാക്കി ക്ഷേത്രപുരോഗതിക്കു വേണ്ട നിർലോഭമായ സാമ്പത്തികപിന്തുണ ചെയ്തുവരുന്നുണ്ട്.
അരവത്ത് വാഴുന്നോരാണ് ക്ഷേത്രം തന്ത്രി. പനവർ ഉൾപ്പെടെ പൂജാവിധികൾ അറിയുന്ന ആരുമില്ലാത്തതിനാലായിരിക്കണം പൂജാകർമ്മങ്ങൾക്കായി അന്യനാട്ടുകാരായ നീലമന ഇല്ലക്കാരെ നിയോഗിച്ചത്. പൂജാവിധികൾ അറിയുന്ന ആളുകൾ ഇല്ലാതിരിക്കുമ്പോൾ പണ്ടുകാലത്ത് കേരളത്തിൽത്തന്നെ പലനാടുകളിലും രാജാക്കന്മാർ ഉൾപ്പെടെ മറുനാടുകളിൽ നിന്നും ആ വിദ്യയിൽ പ്രാവീണ്യം സിദ്ധിച്ചവരെ ആനയിച്ചുകൊണ്ടുവരുന്ന രീതിയുണ്ടായിരുന്നു. കഴകത്തിനുള്ള വാര്യരും വാദ്യകലയ്ക്കുള്ള മാരാരും ഇവിടെ വന്നുചേർന്നവരുടെ പിന്ഗാമികളാണത്രെ ഇന്നുള്ളത്. ഒരുകാലത്ത് മാരാരും വാര്യരും ഇവിടെ സ്ഥിരമായി നിൽക്കാത്ത അവസ്ഥയായിരുന്നത്രെ. അങ്ങനെയൊരു കാലത്താണ് സുബ്രഹ്മണ്യഭക്തനായ ഒരു വാര്യർ ഊരുചുറ്റി ഇവിടെ എത്തിച്ചേരുന്നതും അന്നത്തെ തറവാട്ട് കാരണവർ അദ്ദേഹത്തെ ഇവിടുത്തെ കഴകക്കാരനാക്കി മാറ്റിയതും. ഈ വാര്യർ പിന്നീട് കുടുംബസ്ഥനായി മഹാദേവന്റെ പാദസേവ ചെയ്തുകൊണ്ട് ഇവിടെത്തന്നെ സ്ഥിരതാമസമാക്കുകയായിരുന്നത്രെ. മാരാരുടെ മുൻഗാമിയും ഇതുപോലെ ഇവിടെ വന്നുചേരുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. കാലാകാലങ്ങളായി കോതോറമ്പൻ കുടുംബക്കാരാണ് ക്ഷേത്രത്തിൽ അടിച്ചുതളി വേല ചെയ്തുവരുന്നത്.
ഉത്സവങ്ങൾ, വിശേഷങ്ങൾ:
പ്രതിവർഷം മകരം ഒന്നിന് കൊണ്ടാടുന്ന തിരുവുത്സവമഹാമകമാണ് ക്ഷേത്രത്തിലെ പ്രധാനാഘോഷം. ശ്രീപരമേശ്വരന്റെയും ശാസ്താവിന്റെയും തിടമ്പ് നൃത്തം ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണമാണ് (1992 ലാണ് അയ്യപ്പൻറെ തിടമ്പ് നൃത്തം ആരംഭിച്ചത്). ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള ശ്രീ മഹാലിംഗേശ്വര വിദ്യാലയമൈതാനത്ത് സ്ഥിതി ചെയ്യുന്ന പൊടവതി കൂലത്തിന്റെ മൂലസ്ഥാനത്തേക്ക് ഇന്നും ഉത്സവസമയത്ത് ദേവന്റെ വിഗ്രഹം എഴുന്നെള്ളിക്കാറുണ്ട്, ചരിത്രാതീതകാലത്തിന്റെ ആചാരസ്മരണകളുടെ തിരുശേഷിപ്പായി. പണ്ടുകാലങ്ങളിൽ കൂക്കൾ തറവാട് കാരണവർ ആയുധമേന്തി അകമ്പടി സേവിച്ചുപോകുമായിരുന്നത്രെ. അതുപോലെത്തന്നെ തൊട്ടടുത്തുള്ള അടുക്കാടുക്കം തറവാടിന്റെ ഭാഗമായുള്ള കൊട്ടാരത്തിലേക്കും തിടമ്പെഴുന്നെള്ളിക്കാറുണ്ടായിരുന്നത്രെ. മഹാദേവന്റെ പുണ്യദിനമെന്ന് വിശ്വസിക്കുന്ന മഹാശിവരാത്രിയും ഇവിടുത്തെ വിശേഷോൽസവമാണ്. കൂടാതെ നിറ, പുത്തരി എന്നിവയും മുറപോലെ വർഷാവർഷം ഇവിടെ നടന്നുവരുന്നു. ഉമാമഹേശ്വരപൂജയും നിറമാലയും ക്ഷേത്രത്തിലെ വിശേഷവഴിപാടുകളായി കണക്കാക്കുന്നു.
ക്ഷേത്രഘടന:
ശ്രീകോവിൽ കൂടാതെ മണ്ഡപം, നാലമ്പലം, ബലിക്കല്ല്, ആനപ്പന്തൽ, നടപ്പന്തൽ, അഗ്രശാല, ഗോപുരം, കുളം, അരയാൽത്തറ, ചുറ്റുമതിൽ എന്നിവയെല്ലാം ഈ ക്ഷേത്രത്തോടനുബന്ധിച്ചുണ്ട്. കൂടാതെ ക്ഷേത്രത്തിന് പുറത്ത് നാഗത്തറ, വിഷ്ണുവിന്റെ പള്ളിയറ എന്നിവയും കാണാം. നാലമ്പലത്തിന് പുറത്ത് ചുറ്റമ്പലത്തിന്റെ അഗ്നികോണോട് ചേർന്ന് ശാസ്താവിന്റെ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നു. കന്നി മൂലയിലാണ് വിഘ്നേശ്വരനുള്ള ശ്രീകോവിൽ ഉയർന്നുവരുന്നത്. ഏതാണ്ട് വായുകോണിനോട് ചേർന്ന് മണിക്കിണറും കാണാം. വായുകോണിൽത്തന്നെയാണ് ക്ഷേത്രപാലകനും. പടിഞ്ഞാറെ ഗോപുരത്തിൽ ചാമുണ്ഡിയുടെ സ്തംഭ പ്രതിഷ്ഠ. നാലമ്പലത്തിനകത്ത് ഈശാനകോണിലാണ് കണ്വമുനിയുടെ ഗുഹാകവാടം.
തപോധനനായ കണ്വമഹർഷി തന്റെ യാഗഭൂമിയിൽ കാട്ടുകല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ യാഗത്തറയിൽ, സതീദേവിയുടെ അഗ്നിപ്രവേശനത്തിനുശേഷം കൊടുംതപസ്സിലാണ്ട ശ്രീ മഹാലിംഗേശ്വരൻ സർവ്വചരാചരങ്ങളെയും തന്നിലേക്കാവാഹിച്ച് ധ്യാനനിമഗ്നനായി അഭീഷ്ടവരദായകനായി ഇവിടെ വാഴുന്നുവെന്നാണ് വിശ്വാസം. ആ വിശ്വാസം മൂലമായിരിക്കാം അമ്പലപ്രാവുകളുടെ കുറുകലിലും അരയാലിലകളുടെ മർമ്മരങ്ങളിലും പഞ്ചാക്ഷരി മന്ത്രം മുഴങ്ങുന്നതായി ഭക്തർക്ക് അനുഭവപ്പെടുന്നത്. വയലേലകൾ തഴുകി കടന്നുപോകുന്ന കാറ്റുപോലും മഹാദേവനാമം ഉരുവിടുന്നത്. നാഗങ്ങൾ പോലും പത്തിതാഴ്ത്തി ഇഴഞ്ഞുപോകുന്നത്. അതുകൊണ്ടു തന്നെയാണ് ശ്രീകോവിലിനു മുന്നിൽ കൈകൂപ്പി നിൽക്കുന്ന ഭക്തരുടെ ഹൃദയത്തിൽ ശോകമകന്ന് അദമ്യമായ ആനന്ദം നിറയുന്നതും മനം ആർദ്രമാകുന്നതും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ