2022 ജൂലൈ 9, 10 തീയതികളിൽ ചെന്നൈയിലെ കോയമ്പേട് വച്ചുനടന്ന ഫെയ്മയുടെ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണികയിൽ കൊടുക്കാനായി തയ്യാറാക്കിയ ലേഖനം.
ബാംഗ്ലൂർ നഗരത്തിന്റെ ഹൃദയഭാഗത്തു നിന്നും ഉദ്ദേശം 20 കിലോമീറ്റർ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന ചെറുപട്ടണമായ കുന്ദലഹള്ളിയെ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ മലയാളികളുടെ ഒരു ചെറുകൂട്ടായ്മ പിന്നീട് നഗരത്തിന്റെ മറ്റുഭാഗങ്ങളിൽ വസിക്കുന്നവരെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും അതുവഴി സമൂഹത്തിൽ കൂടുതൽ സ്വീകാര്യത നേടുകയും ചെയ്യുകയുണ്ടായി. അങ്ങനെ നിരന്തരമായ ഇടപെടലുകൾ വഴി സമൂഹത്തോടുള്ള തങ്ങളുടെ കടമകൾ നിസ്വാർത്ഥമായി നിറവേറ്റിപ്പോരുന്ന അനേകം കൂട്ടായ്മകളിൽ നിന്നും ബാംഗ്ലൂർ മലയാളികളുടെ ഇടയിൽ സ്വന്തമായ അസ്തിത്വത്തോടെ നിറഞ്ഞുനിൽക്കുന്ന ഒരു സ്നേഹക്കൂട്ടായ്മയാണ് മേൽപ്രസ്താവിച്ച വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന കുന്ദലഹള്ളി കേരള സമാജം. ബാംഗ്ലൂർ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി രൂപംകൊണ്ട നിരവധി സമാജങ്ങളിൽ ചിലത് അംഗബലം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും പേരും പെരുമയും നേടിയപ്പോൾ മറ്റുചിലത് നിശബ്ദമായി സാമൂഹ്യസേവനം അനുഷ്ഠിക്കുന്നതിൽ മാത്രം മുഴുകി. ഇങ്ങനെയുള്ള അത്ര ചെറുതോ എന്നാൽ വലുതോ അല്ലാത്ത ഒരിടത്തരം സമാജങ്ങൾക്കിടയിൽ സമൂഹത്തിൽ നിരന്തരം നടത്തുന്ന നിശ്ശബ്ദമായ പ്രവർത്തനങ്ങളുടെ പേരിൽ മലയാളികൾക്കിടയിൽ സാമാന്യം നന്നായി അറിയപ്പെടുന്ന ഒരു സമാജമാണ് കുന്ദലഹള്ളി കേരള സമാജം. 2011 നവംബർ 11നു തുടക്കം കുറിച്ച ഈ മലയാളികൂട്ടായ്മയുടെ ഇപ്പോഴത്തെ പ്രായം ഒരു വ്യാഴവട്ടത്തിന് ഒരു വർഷം മാത്രം അകലെയാണ്.
തുടക്കം:-
കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ BEL,HAL,BEML എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നവരിൽ കർമ്മനിരതരും സംഘടനാപാടവും ഒത്തുചേർന്ന ഏതാനും പേർ ജോലിയിൽ നിന്നും വിരമിച്ചതിനുശേഷം മലയാളികൾക്ക് ഒത്തുകൂടാനൊരു പൊതു ഇടം വേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും മനസ്സിലാക്കുകയും കേരള സമാജം എന്ന ആശയസാക്ഷാൽക്കാരത്തിന്റെ പൂർത്തീകരണത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കാൻ ചെയ്തതിന്റെയും പരിണിതഫലമാണ് കുന്ദലഹള്ളി കേരളസമാജം. മേല്പറഞ്ഞതു പോലുള്ള സ്ഥാപനങ്ങളിൽ നിന്നുതന്നെ പിരിഞ്ഞ അല്ലെങ്കിൽ അവിടെ ജോലി ചെയ്തിരുന്ന ഒരുപാട് മലയാളികൾ താമസിക്കുന്ന ഇടമായിരുന്നു AECS Layout. അക്കൂട്ടത്തിൽപ്പെട്ട ചിലർ 2011 സെപ്റ്റംബർ 9 ന് (തിരുവോണദിവസം വൈകുന്നേരം) തങ്ങളിലൊരാളുടെ വീട്ടിൽ ആദ്യത്തെ യോഗം ചേരുകയും വിശദമായ കൂടിയാലോചനകൾക്കുശേഷം സമാജം രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഏറെ വൈകാതെ സമാജത്തിന്റെ ഭരണനിർവഹണ നടപടിക്രമങ്ങളുടെയും നിയമങ്ങളുടെയും കുറിപ്പ് (bylaw ), പ്രതീകമുദ്ര (logo) എന്നിവ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തു. സമാജത്തിൽ ചേരാൻ സന്നദ്ധത കാണിച്ച ആൾക്കാരിൽ നിന്നും 25 പേരടങ്ങുന്ന ആദ്യത്തെ പ്രവർത്തകസമിതി (Executive Committee) രൂപീകരിച്ചു. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കി 2011 നവംബർ 11 ന് 'കുന്ദലഹള്ളി കേരള സമാജം' എന്ന സംഘടന നിലവിൽ വന്നു. ഔദ്യോഗികമായി ജന്മമെടുത്തതിന് ശേഷം ആ മാസം 19 ന് സമാജത്തിന്റെ ആദ്യത്തെ പ്രവർത്തക സമിതിയുടെ യോഗം ചേരുകയും കഴിവും കാര്യപ്രാപ്തിയും സംഘടനാപാടവവും പ്രവർത്തിക്കാനുള്ള മനസ്ഥിതിയും ചെലവഴിക്കാനുള്ള സമയവും ഒക്കെ നോക്കി 7 പേരെ ആദ്യത്തെ ഭരണസമിതിയായി (Office Bearers) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. 2012 ജനുവരി 29 ന് AECS Layout ൽ വസിക്കുന്നവരുടെ ക്ഷേമസംഘടനയുടെ അദ്ധ്യക്ഷൻ നിലവിളക്ക് കൊളുത്തി സമാജത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം നിർവ്വഹിച്ചതിനോടൊപ്പം പ്രതീകമുദ്രയുടെ (logo) പ്രകാശനകർമ്മം നടത്തുകയും ചെയ്തു.
വളർച്ച:-
വീടും കുടുംബവും മാത്രം നോക്കി ജീവിച്ചിരുന്ന സ്ത്രീകളെ കൂടി സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരണം എന്ന ഉദ്ദേശത്തോടു കൂടി അവർക്കു മാത്രമായി Ladies Wing (ഇപ്പോൾ 'സുരഭി' എന്ന പേരിൽ അറിയപ്പെടുന്ന വനിതാ കൂട്ടായ്മ), യുവാക്കളെയും അടുത്ത തലമുറയിലെ കുട്ടികളെയും സമാജത്തിലേക്ക് ആകർഷിക്കുക, സാമൂഹ്യപരമായും കലാപരമായും കായികപരമായും അവർക്ക് മേന്മയുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ Youth Wing ('യുവജനവേദി') എന്നിവയും തുടർന്ന് രൂപം കൊള്ളുകയുണ്ടായി. കൂടാതെ സമാജത്തിലെ അംഗങ്ങൾക്കോ അവരുടെ കുടുംബങ്ങൾക്കോ ആപത്ഘട്ടത്തിൽ (അസുഖം, മരണം, മറ്റു ദുരിതങ്ങൾ) അടിയന്തിരസഹായം എത്തിക്കുക എന്ന ആശയവുമായി 'സാമൂഹ്യ ക്ഷേമ വിഭാഗ'വും ആരംഭിച്ചു. പ്രവർത്തകസമിതി അംഗങ്ങളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും വ്യക്തിപരമായ സംഭാവനകൾ ഉപയോഗിച്ചായിരുന്നു ആദ്യകാലങ്ങളിൽ സമാജത്തിന്റെ ദൈനംദിനച്ചെലവുകൾ നടത്തിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അംഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായി.
ആദ്യത്തെ പ്രവർത്തകസമിതിയുടെ കാലാവധി മൂന്നുവർഷമായിരുന്നു തുടർന്നങ്ങോട്ട് ഓരോ രണ്ടുവർഷം കൂടുമ്പോഴും പുതിയ പ്രവർത്തകസമിതി നിലവിൽ വരുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. തികച്ചും ജനാധിപത്യരീതിയിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നുപോരുന്നത്. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ പ്രവർത്തകസമിതിയും മൂന്ന് വർഷം അധികാരത്തിൽ ഇരിക്കുന്ന അവസ്ഥ സംജാതമായി. ആറാമത്തെ പ്രവർത്തകസമിതിയാണ് നിലവിൽ സമാജത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിച്ച് നടത്തിപ്പോരുന്നത്.
ആഘോഷവേളകൾ:-
സമാജം രൂപീകരിച്ചതിനുശേഷം കടന്നുവന്ന മലയാളികളുടെ ദേശീയ ഉത്സവവും പ്രവാസികളുടെ ഗൃഹാതുരത്വ വികാരവുമായ ഓണം ഗംഭീരമായി ആഘോഷിച്ചുകൊണ്ട് ബാംഗ്ലൂർ മലയാളികളുടെ ഇടയിൽ തങ്ങളുടെ സാനിധ്യം അടയാളപ്പെടുത്താൻ കുന്ദലഹള്ളി കേരള സമാജത്തിനു കഴിഞ്ഞു. തുടർന്നങ്ങോട്ട് ഓരോ ഓണക്കാലവും കലയും സംസ്കാരവും സംഗമിച്ച സമാനതകളില്ലാത്ത ഒത്തുകൂടലുകളുടെ ഉല്ലാസനാളുകളായിരുന്നു, നാവിലാകട്ടെ ഓർക്കുന്ന മാത്രയിൽ നിറയുന്ന രുചിക്കൂട്ടുകളുടെ മേളവും. ഉത്രാടപാച്ചിലിന്റെ ഓർമ്മയ്ക്കെന്നോണം ആരംഭിച്ച ഓണച്ചന്തയും വൈവിധ്യങ്ങളുടെ ഒത്തൊരുമയിൽ വിരിയുന്ന നിറഭംഗിയാർന്ന പൂക്കളമൽസരവും ഇന്നും ഓരോ ഓണക്കാലത്തും മുറ തെറ്റാതെ സംഘടിപ്പിച്ചുവരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രകൃതിസൗഹൃദമായ ഓണാഘോഷങ്ങൾ (തികച്ചും പ്ലാസ്റ്റിക് രഹിതമായി) സംഘടിപ്പിക്കുക വഴി സമൂഹത്തിനാകെ ഒരു മാതൃകയാകാൻ സമാജത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യവർഷം തികയുന്ന വേളയിൽ തന്നെ ബാംഗ്ലൂരിലെ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സംഘടിപ്പിച്ച മത്സരാധിഷ്ഠിതമായ കലാവിരുന്ന് ഏറെ പ്രശംസിക്കപ്പെട്ടു. പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യം കൊണ്ടും ബഹുജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മേളയായിരുന്നു ഇതെന്ന് പറയാതിരിക്കാനാവില്ല. ആദ്യത്തെ വർഷം അംഗങ്ങളുടെ വിവരങ്ങളും മറ്റു പൊതുഅറിവുകളും ഉൾപ്പെടുത്തിയുള്ള ഒരു കൈപുസ്തകമാണ് ഇറക്കിയിരുന്നതെങ്കിൽ തൊട്ടടുത്തവർഷം മുതൽ അംഗങ്ങളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്മരണിക പുറത്തിറക്കാൻ ഓരോ പ്രവർത്തകസമിതിയും ശ്രദ്ധിച്ചു. പ്രളയം താണ്ഡവമാടിയ 2018 ലൊഴിച്ചു എല്ലാവർഷവും ഓണാഘോഷത്തോടനുബന്ധിച്ച് സ്മരണിക പുറത്തിറങ്ങുന്നു. മഹാമാരിക്കാലത്ത് ഇ-പുസ്തകമായും സ്മരണിക പ്രത്യക്ഷപ്പെട്ടു. ഗംഭീരം എന്ന് തന്നെ പറയാവുന്ന ഒരുപാട് കഥകളും കവിതകളും ലേഖനങ്ങളും ഓരോ വർഷവും സ്മരണികയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് കേരളം കടന്നാൽ മലയാളസാഹിത്യം മരിക്കുന്നില്ല എന്നതിന് ഉത്തമദൃഷ്ടാന്തമാണ്. തുടർച്ചയായിട്ടല്ലായെങ്കിലും കായികമത്സരങ്ങളും സമാജത്തിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി നടത്തിവരുന്നുണ്ട്. ദേശീയ പുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായി 2016 ൽ കേരള ചലച്ചിത്ര അക്കാദമി ബാംഗളൂരിലെ ഒരു പ്രദർശനകേന്ദ്രമായി തിരഞ്ഞെടുത്തത് കുന്ദലഹള്ളി കേരള സമാജത്തിനെയായിരുന്നു എന്നത് സമാജത്തിന് കിട്ടിയ ഒരു അംഗീകാരമായിത്തന്നെ ഏവരും കാണുന്നു. വാർത്താമാദ്ധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ സിനിമാമാമാങ്കം സമാജത്തിന്റെ പ്രശസ്തി മുൻകാലത്തേക്കാൾ വർദ്ധിപ്പിക്കാൻ സഹായിച്ചു. 2017 ൽ സൂര്യകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ കേരളോത്സവത്തിന്റെ സംഘാടകരുടെ കൂട്ടത്തിൽ കുന്ദലഹള്ളി കേരള സമാജവും ആദ്യാവസാനം ഉണ്ടായിരുന്നു. നഗരത്തിലെ മറ്റു സമാജങ്ങൾക്കിടയിൽ കുന്ദലഹള്ളി സമാജത്തിന് ഏറെ മതിപ്പുണ്ടാക്കിക്കൊടുക്കാൻ ഈ സംഘാടനം വഴിയൊരുക്കി. കേരളത്തനിമയാർന്ന പലഹാരങ്ങൾ വിളമ്പിയ 'തട്ടുകട' കാണികളുടെ മനസ്സ് മാത്രമല്ല വയറും നിറച്ചിരുന്നു.
കലയുടെ കേദാരഭൂമി:-
കുന്ദലഹള്ളി കേരളസമാജത്തിന്റെ തുടക്കം മുതൽ തന്നെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം കൊടുത്തിരുന്നു. മാത്രമല്ല, പൊതുവായി ഭാരതത്തിന്റെയും പ്രത്യേകമായി കേരളത്തിന്റെയും കലകളും സംസ്കാരവും പൈതൃകവും ഒക്കെ വളർത്തേണ്ടതിന്റെയും അടുത്ത തലമുറകളിലൂടെ അവ നിലനിറുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് സ്ഥാപകനേതാക്കൾക്ക് നല്ല ബോധ്യവുമുണ്ടായിരുന്നു. അതിനാൽ സ്വന്തമായി കെട്ടിടം പണിയുന്നതിന് മുൻപുതന്നെ മോഹിനിയാട്ടവും ഭരതനാട്യവും പഠിപ്പിക്കുന്ന ഒരു നൃത്തവിദ്യാലയം സമാജത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. കലാമണ്ഡലം പോലുള്ള കലയുടെ ഭൂമികയിൽ നിന്നും പ്രാവീണ്യം നേടിയവരായിരുന്നു അധ്യാപകരായി കടന്നുവന്നത്. ഏറെ താമസിയാതെ 'കലാക്ഷേത്ര' എന്ന പേരിൽ ഈ വിദ്യാലയം വികസിപ്പിക്കാൻ അന്നത്തെ പ്രവർത്തകസമിതിക്ക് കഴിഞ്ഞു. നൃത്തങ്ങൾക്കു പുറമെ പലതരം സംഗീതോപകരണങ്ങളും ക്ലാസിക് സംഗീതങ്ങളും സൗജന്യഭാഷാപഠനങ്ങളുമുൾപ്പെടെ വിവിധങ്ങളായ വിഷയങ്ങളും നിരവധി പഠിതാക്കളുമായി അത് വളർന്നു. മഹാമാരിയുടെ തേരോട്ടത്തിൽ പകച്ചുപോയി അടച്ചിരിക്കേണ്ട കാലമാകുമ്പോഴേക്കും പതിനെട്ടോളം വിഷയങ്ങളും മുന്നൂറോളം പഠിതാക്കളും ചേർന്ന കലയുടെ കേദാരഭൂമിയായി 'കലാക്ഷേത്ര' വളർന്നിരുന്നു. കലാക്ഷേത്രയിലെ കുട്ടികളുടെ പഠനമികവിന്റെ മാറ്റുരക്കാനുള്ള വേദിയൊരുക്കിക്കൊടുക്കാനും സമാജം മറക്കാറില്ല. വാർഷികാഘോഷത്തിന്റെ നിറച്ചാർത്തണിഞ്ഞ വേദിയിൽ പ്രായ-ലിംഗ ഭേദമില്ലാതെ ഓരോ പഠിതാവും തങ്ങളുടെ അറിവിന്റെ കെട്ടഴിക്കുകയും, അവർ കാണികളെ വിസ്മയം കൊള്ളിക്കുകയും ചെയ്യാറുണ്ട്. കാണികളുടെ നിലയ്ക്കാത്ത കൈയ്യടി വിദ്യാർത്ഥികളെ പുളകിതരാക്കുക മാത്രമല്ല അതവരിൽ ആത്മവിശ്വാസത്തിന്റെ മേമ്പൊടി വാരിവിതറുകയും ചെയ്തു. മഹാമാരിക്കാലത്ത് പോലും കലാക്ഷേത്ര പൂർണ്ണമായും അടച്ചിടേണ്ടി വന്നിട്ടില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദൂരത്ത് നിന്നുപോലും അദ്ധ്യയനം തുടർന്ന വിദ്യാർഥികളുണ്ടായിരുന്നു. ഏതായാലും ആപത്ഘട്ടമൊഴിഞ്ഞുവരുന്ന വേളയിൽ വീണ്ടും കലയുടെ നാദം ഇവിടെ മുഴങ്ങാൻ തുടങ്ങിയിരിക്കുന്നു.
പ്രായഭേദമെന്യേ അതാത് സർക്കാരുകളുടെ സഹായത്തോടെ മലയാളം, കന്നഡ ഭാഷകൾ ഇവിടെ സൗജന്യമായി അഭ്യസിപ്പിക്കുന്നുണ്ട്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർ സർക്കാരിന്റെ സാക്ഷ്യപത്രം നേടിയെടുക്കുന്നുണ്ട്. സമാജം തുടങ്ങിയ ആദ്യവർഷങ്ങളിൽ തന്നെ അംഗങ്ങളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഗ്രന്ഥശാല ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും അത് സാധിച്ചെടുക്കാൻ കുറച്ചു കാലതാമസം ഉണ്ടായി. എങ്കിലും പലഭാഷകളിലെ നിരവധി പുസ്തകങ്ങൾ സമാഹരിച്ചു കൊണ്ട് നല്ലൊരു ഗ്രന്ഥാലയം കെട്ടിപ്പടുക്കാൻ സാഹിത്യതല്പരരായ ഒരുപറ്റം ആൾക്കാരിലൂടെ സമാജത്തിന് കഴിഞ്ഞിട്ടുണ്ട്.
കുട്ടികളുടെയും മുതിർന്നവരുടെയും അറിവ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തിൽ എല്ലാ വർഷവും കേരളപ്പിറവി ദിനത്തിൽ നടത്തുന്ന പ്രശ്നോത്തരി മത്സരം, സമാജത്തിന്റെ സ്ഥാപക പ്രസിഡന്റിന്റെ സ്മരണാർത്ഥം നടത്തുന്ന കവിതാരചന മത്സരം, സുരഭിയുടെയും യുവജനവേദിയുടെയും നേതൃത്വത്തിൽ നടത്തുന്ന കലാപരിപാടികൾ എന്നിവയാൽ സമൃദ്ധമാണ് കുന്ദലഹള്ളി കേരള സമാജം. അംഗങ്ങൾക്കിടയിലെ സാഹിത്യതല്പരത പരിപോഷിപ്പിക്കാനായി 'സാഹിത്യവേദി' എന്നൊരു ശാഖയും സമാജത്തിൽ തുടങ്ങിയിരുന്നെങ്കിലും പാട്ടും ആട്ടവും കളിയും ചിന്തയും ഒക്കെച്ചേരുന്ന 'സാംസ്കാരികവേദി'യായത് മാറാൻ അധികകാലം വേണ്ടി വന്നില്ല. ഇന്നിപ്പോൾ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ വൈജാത്യങ്ങളായ പരിപാടികൾ ഇതൾ വിടർത്തുന്ന വേദിയായി കുന്ദലഹള്ളി കേരള സമാജം മാറിയിരിക്കുന്നു.
സമൂഹത്തിന് താങ്ങായി:-
ജനിച്ച നാടും വീടും വിട്ടവർക്ക് ഒത്തുചേരാനൊരിടം സൃഷ്ടിക്കുക, കേരളത്തിന്റെ സംസ്കൃതി പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്നതിനോടൊപ്പം അശരണർക്കൊരു കൈത്താങ്ങ് എന്നൊരു ലക്‌ഷ്യം കൂടിയുണ്ടായിരുന്നു സമാജത്തിന്റെ ജനനം വിഭാവനം ചെയ്തവർക്ക്. സമാജം രൂപീകൃതമായവേളയിൽ ബാലാരിഷ്ടതകളിൽക്കൂടി കടന്നുപോകുമ്പോൾ പോലും ഈയൊരു ലക്‌ഷ്യം മറന്നിട്ടാരും പ്രവർത്തിച്ചിട്ടില്ല. ജീവിതത്തിന്റെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീണവർക്ക് സാന്ത്വനമായി, കുഞ്ഞു നയനങ്ങളിലെ നക്ഷത്രത്തിളക്കം കെട്ടുപോയ കുരുന്നുകൾക്ക് വഴിവിളക്കായി അക്ഷരക്കൂട്ടമായി, അശരണർക്ക് താങ്ങായി, അഗതിമന്ദിരങ്ങളിൽ ചിരിക്കാൻ മറന്നുപോയവർക്ക് കുളിർകാറ്റായി, ഉറ്റവരില്ലാത്തോർക്ക് തണലായി മാറാൻ ഈ സമാജത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ സമൂഹത്തിൽ യാതനയും കഷ്ടപ്പാടും അനുഭവിക്കുന്നവരെ തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സമാജം അംഗങ്ങൾ നെഞ്ചോട് ചേർത്ത് നിർത്തിയ എത്രയോ സന്ദർഭങ്ങൾ പോയവർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. നാലുചുവരുകൾക്കുള്ളിൽ തങ്ങളുടെ നിശ്വാസങ്ങളും കൊച്ചുകൊച്ചു മോഹങ്ങളും തളച്ചിടേണ്ടി വന്ന സ്ത്രീകളെയും അമ്മമാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, അവർക്കവരുടെ ആത്മപ്രകാശനത്തിന് വേദിയൊരുക്കുക എന്ന മഹത്തരമായ കർമ്മം മുടങ്ങാതെ നിർവ്വഹിക്കുന്നു വനിതാകൂട്ടായ്മയായ 'സുരഭി'. പ്രളയജലത്തിൽ മുങ്ങിപ്പോയ ചെന്നൈയിലെ ജീവിതങ്ങളെ ചേർത്തുപിടിക്കാൻ കൈമെയ് മറന്നോടിയെത്തിയിട്ടുണ്ട് സമാജത്തിലെ മനുഷ്യത്വം നിറഞ്ഞ മുഖങ്ങൾ. ലോകത്തിലെ പലഭാഗത്തുനിന്നും അന്നമായും ആടയായും സഹായഹസ്തങ്ങൾ ഒഴുകിയെത്തിയപ്പോൾ അതിലൊരുപങ്ക് കുന്ദലഹള്ളി കേരളസമാജത്തിന്റേതായിരുന്നു. പിറന്നുവീണ നാടിനെ സർവ്വസംഹാരിണിയായി ഇരുളിന്റെ മറവിലൊഴുകിയെത്തിയ പ്രളയജലം തകർത്തെറിഞ്ഞപ്പോൾ, എല്ലാം നഷ്ടപ്പെട്ടവരുടെ നിലവിളി കാതിൽ മുഴങ്ങിയപ്പോൾ ഒരുനിമിഷം പോലും മടിച്ചുനില്ക്കാതെ മലയിറങ്ങിയ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കുറെയേറെ സുമനസ്സുകൾ. തങ്ങളുടെ കാര്യമെല്ലാം മാറ്റിവെച്ച്, കേട്ടിട്ടോ കണ്ടിട്ടോ പോലുമില്ലാത്തവരുടെ കണ്ണീരൊപ്പാൻ ഇറങ്ങിയവരാണേറെയും. ഉദ്യാനനഗരിയിലെ പ്രാർഥനാനിരതമായ മനസ്സുകൾ ആഘോഷങ്ങൾ മാറ്റിവെച്ചപ്പോൾ കുന്ദലഹള്ളി കേരളസമാജവും മടിച്ചു നിന്നില്ല. പിറന്ന നാടിനെ മാത്രമല്ല വളർന്ന നാട്ടിലെ ദുരിതവും തങ്ങളുടേതായി ഏറ്റെടുത്തിട്ടുണ്ട് സമാജത്തിലെ അംഗങ്ങൾ. അതിവർഷത്താൽ കുടകുമലയുടെ മാറിടം പിളർന്നപ്പോൾ, മലദൈവങ്ങൾ കോപിച്ചപ്പോൾ ജീവിതത്തിന്റെ മുന്നിൽ വിറങ്ങലിച്ചുപോയവരെ ചേർത്തുപിടിക്കാനും ഓടിയെത്തി അവർ. ഇത്തിരിക്കുഞ്ഞന്റെ തേരോട്ടത്തിൽ പകച്ചുപോയവർക്ക് തലോടലാകാനും അവരുണ്ടായിരുന്നു. ഇരുളടഞ്ഞ ഭാവിയിൽ പകച്ചുപോയ കൊച്ചുകുട്ടികൾക്ക് പുസ്തകരൂപത്തിൽ ഒരു കൈത്തിരി വെട്ടമാകാൻ എന്നും ശ്രമിച്ചിട്ടുണ്ട് ഈ കൊച്ചു സമാജം. അവയവദാനത്തിന്റെയും രക്തദാനത്തിന്റെയും മഹത്വം സമൂഹത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പലവട്ടം ഈ സമാജം നടത്തിയിട്ടുണ്ട്. അംബരചുംബികളായ കെട്ടിടം ഉയർത്തുന്നതിലോ ആഘോഷരാവുകളിൽ മതിമറക്കുന്നതിലോ അല്ല മറിച്ച് ആരുമില്ലാത്തവർക്ക് ആലംബമാകുന്നതാണ് യഥാർത്ഥ ഈശ്വരസേവ എന്ന് വിശ്വസിച്ചു മുന്നോട്ടു പോകാനാണ് മുൻഗാമികൾ ശ്രമിച്ചതും അവരുടെ നിഴൽപറ്റി വളർന്ന പിൻഗാമികൾ ഇപ്പോൾ ശ്രമിക്കുന്നതും.
ചുരുക്കത്തിൽ:-
കഴിഞ്ഞ ഒരു ദശകമായി കുന്ദലഹള്ളിയിലും പരിസരപ്രദേശങ്ങളിലും വിവിധ പ്രവർത്തനങ്ങൾ കൊണ്ട് നിറസാന്നിധ്യമായി തുടരുന്ന കേരള സമാജത്തെക്കുറിച്ചുള്ള ഒരു രത്നചുരുക്കമേ മുകളിൽ പ്രസ്താവിച്ചിട്ടുള്ളൂ. അവ കൂടാതെ വർഷാവർഷം നടക്കുന്ന കേരള-കർണ്ണാടകപ്പിറവി ആഘോഷങ്ങൾ, സ്വാതന്ത്ര്യദിനാഘോഷം, വിദ്യാരംഭം, അന്താരാഷ്ട്ര യോഗാദിനം, സുരഭിയുടെ നേതൃത്വത്തിൽ നടക്കുന്ന മാതൃ-വനിതാ ദിനാഘോഷം, ശിശുദിനാഘോഷം എന്നിങ്ങനെ ഒരുപാട് ഒത്തുചേരലുകൾ കൊണ്ടും ആഘോഷങ്ങളാലും സമ്പുഷ്ടമാണ് കുന്ദലഹള്ളി കേരള സമാജം. കൂടാതെ കന്നഡ മണ്ണിൽ കന്നഡ നാടിനെ സ്നേഹിച്ചു വളരുമ്പോഴും ആ വായു ആവോളം ശ്വസിക്കുമ്പോഴും മലയാള ഭാഷയെ പ്രണയിക്കുന്ന, ആ സംസ്കാരത്തെ ചേർത്തുപിടിക്കുന്ന, കേരളീയ കലകളെ മാറോട് പുൽകുന്ന എഴുന്നൂറോളം കുടുംബങ്ങളാലും സമൃദ്ധമാണ് ചെറുതല്ലാത്ത ഈ സമാജം.
സമാജത്തിന്റെ സ്ഥാപകർ സ്വപ്നം കണ്ടതുപോലെ ജാതി-മത-ഭേദ-രാഷ്ട്രീയ വൈജാത്യങ്ങൾ ഇല്ലാതെ സന്തോഷത്തിലും സന്താപത്തിലും ഒരുമിച്ചു നിൽക്കുന്ന കൂട്ടായ്മയായി ഇനിയും ഒരുപാട് കാലം വളരാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങുകയാണ് സമാജവും അതിലെ അംഗങ്ങളും. തൊഴിലുതേടി, നല്ലൊരു ജീവിതം സ്വപ്നം കണ്ട് സഹ്യന്റെ നാട്ടിൽ നിന്നും ഈ ഉദ്യാനനഗരിയിലെത്തുന്ന നാളത്തെ പ്രവാസികൾക്കും താങ്ങായും തണലായും ഈ നന്മമരം ഇനിയുമുണ്ടാകുമിവിടെ, കാലങ്ങളോളം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ