പേജുകള്‍‌

നാണിയമ്മ - ഒരു നൊമ്പരം


പതിവ് പോലെ കാലത്ത് ഓഫീസിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് നാട്ടില്‍ നിന്ന് അമ്മയുടെ ഫോണ്‍ വന്നത്. എന്താ വിശേഷം എന്ന ചോദ്യത്തിനുത്തരമായി "നമ്മുടെ നാണിയമ്മ മരിച്ചു പോയി" എന്ന് അമ്മ മറുപടി പറഞ്ഞു.ഒരു മരണ വാര്‍ത്തയായിട്ടു കൂടി അതെന്നിലൊരു വികാരവും ഉളവാക്കിയില്ല.നേരം വൈകിയതിനാല്‍ ബാഗുമായി പെട്ടെന്ന് വീട്ടില്‍ നിന്നിറങ്ങുകയും ചെയ്തു.കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ഓഫീസ് വണ്ടി വന്നു. എന്നത്തെയും പോലെ അന്നും ഏററവും പിന്നിലെ സീറ്റില്‍ ചെന്നിരുന്നു.കുറച്ചു നേരം പുറത്തേക്കു നോക്കി ഇരുന്നതിനു ശേഷം വല്ലതും വായിക്കാം എന്ന് കരുതി മാധവിക്കുട്ടിയുടെ 'ജാനുവമ്മ പറഞ്ഞ കഥ' എന്ന പുസ്തകമെടുത്തു. ജാനുവമ്മ എന്ന ഒരു മുത്തശ്ശിയാണ് ഇതിലെ കഥാനായിക. ഒരു തവണ കൂടി ആ പേര് വായിച്ചപ്പോള്‍ അമ്മയുടെ ശബ്ദം കാതില്‍ മുഴങ്ങുന്നത് പോലെ തോന്നി .."നമ്മുടെ നാണിയമ്മ മരിച്ചു പോയി". 'എന്താ ഇപ്പൊ ഇങ്ങനെ എന്ന് തോന്നാന്‍?' എന്ന് ചിന്തിച്ചെങ്കിലും വായിക്കാന്‍ തന്നെ ഉറപ്പിച്ചു കൊണ്ട് ആദ്യത്തെ പേജ് തുറന്നു. ഞാന്‍ ഞെട്ടിപ്പോയി, അവിടെ അക്ഷരങ്ങള്‍ക്ക് പകരം പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന, കുസൃതി നിറഞ്ഞ കണ്ണുകളുള്ള ഒരു വൃദ്ധയുടെ മുഖമായിരുന്നു തെളിഞ്ഞത്. ഞാന്‍ സൂക്ഷിച്ചു നോക്കി - അത് നാണിയമ്മയുടെ രൂപമായിരുന്നു.
ഇപ്പോള്‍ എനിക്ക് വ്യക്തമായി കാണാം.നാണിയമ്മ തനിച്ചല്ല, കൂടെ കുറെ കുട്ടികളുമുണ്ട്. നാണിയമ്മ അവര്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കുന്നു, പാട്ട് പാടി കൊടുക്കുന്നു, അത് കേട്ട് കുട്ടികള്‍ സന്തോഷിക്കുന്നു. ആ സന്തോഷം കണ്ട് നാണിയമ്മയും തന്റെ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുകയാണ്. അല്‍പനേരം ആ കളിചിരികള്‍ നീണ്ടു നിന്നു. ഞാന്‍ ആ കുട്ടികളെ തന്നെ നോക്കുകയായിരുന്നു.ആരാണിവര്‍? പെട്ടെന്ന്, കൂട്ടത്തില്‍ നിന്നൊരു കുട്ടി മാത്രം തിരിഞ്ഞു നിന്ന്‌ എന്നെ നോക്കി - ഞാന്‍ ഞെട്ടിപ്പോയി, കാരണം അത് ഞാനായിരുന്നു.
നോക്കി നില്‍ക്കെ കുട്ടികളെല്ലാം മറഞ്ഞു, നാണിയമ്മ മാത്രം ബാക്കിയായി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നാണിയമ്മ എന്നെ നോക്കി. ഇപ്പോള്‍ ആ മുഖത്ത് ചിരിയുണ്ടായിരുന്നില്ല,കണ്ണുകളില്‍ കുസൃതിക്കു പകരം പരിഭവം നിറഞ്ഞു നിന്നിരുന്നു. കുറച്ചു നേരം എന്നെ തന്നെ നോക്കിയശേഷം അവര്‍ പറഞ്ഞു -"എന്നാലും മോനെ, നീ എന്നെ മറന്നു അല്ലെ? വലിയ ആളായപ്പോള്‍ ഈ നാണിയമ്മ നിനക്ക് ആരും അല്ലാതെ ആയി അല്ലെ? എന്നെങ്കിലും നിങ്ങളൊക്കെ വരുമെന്ന് കരുതി ഞാന്‍ ഇവിടെ കാത്തു നില്‍ക്കുകയായിരുന്നു, പക്ഷെ ആരും വന്നില്ല..ആരും..നീ പോലും " നാണിയമ്മയുടെ വാക്കുകള്‍ കേട്ട് ചാട്ടുളി ഏറ്റത് പോലെ ഞാന്‍ പിടഞ്ഞു. മറുപടി പറയാനാകാതെ ഞാന്‍ മുഖം താഴ്ത്തി. 
ഞാന്‍ ആലോചിക്കുകയായിരുന്നു എന്റെ കുട്ടിക്കാലം. നാണിയമ്മയുടെ കൂടെ ചിലവഴിച്ച ബാല്യ കൌമാരങ്ങള്‍.... കുട്ടികളെ ജീവനായിരുന്നു അവര്‍ക്ക്. ഞാന്‍ മാത്രമായിരുന്നില്ല ചുറ്റുവട്ടത്ത് വേറെയും കുട്ടികളുണ്ടായിരുന്നു. കളിയ്ക്കാന്‍ സമയം കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ അവിടെയെത്തിയിരുന്നു, നാണിയമ്മയുടെ കഥകള്‍ കേള്‍ക്കാനും കൂടെ പാടാനും ഒക്കെ.കാലം മാറി, കൌമാരം കടന്നു യൌവ്വനം വന്നപ്പോള്‍ മറ്റുള്ള ചെറുപ്പക്കാരെ പോലെ ഞങ്ങളും ജോലിക്കായി പരക്കം പാഞ്ഞു. നഗരങ്ങളില്‍ നിന്ന്‌ നഗരങ്ങളിലേക്ക് ചേക്കേറുമ്പോള്‍ നാടും വീടും മറന്നു, നാണിയമ്മയെയും മറന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ ഒരു തവണ പോലും അവരെ ഓര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചതേയില്ല.എല്ലാം വെട്ടിപിടിക്കാനുള്ള ഓട്ടത്തിനിടയില്‍ അല്ലെങ്കില്‍ ആരാണ് ബന്ധവും സ്വന്തവും ഓര്‍ക്കുന്നത്? എന്നിട്ട് ഒടുവില്‍ എന്ത് നേടി? 
ചിന്തകള്‍ ഭാരമായി മാറി, അത് മനസ്സിനെ കലുഷിതമാക്കി.പിടിച്ചു നില്‍ക്കാനാവാതെ ഞാന്‍ സീറ്റിലേക്ക് തല ചായ്ച്ചു. നാണിയമ്മയുടെ ചോദ്യം ഒരു നൊമ്പരമായി നെഞ്ചില്‍ പടരുന്നത്‌ ഞാന്‍ അറിഞ്ഞു. എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരിക്കല്‍ കൂടി പഴയ കുട്ടിയായി നാണിയമ്മയുടെ അടുക്കല്‍ ചെന്നിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു. അപ്പോള്‍ എവിടെ നിന്നോ ഒരു തണുത്ത കാറ്റ് എന്റെ നെറുകയില്‍ തലോടി കടന്നു പോയി,അതിന് നാണിയമ്മയുടെ ഗന്ധമായിരുന്നു. അത് എന്നില്‍ ആഹ്ലാദം നിറക്കുന്നതായി ഞാന്‍ അറിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ