ചിരിതൂകി ഒളിതൂകി വാത്സല്യത്തിടമ്പായി
എൻ നിനവിൽ നിറയുന്നൊരച്ഛച്ചൻ
ഗോതമ്പിൻ നിറമുണ്ട് തൂവെള്ള മുണ്ടുണ്ട്
നെഞ്ചും വിരിച്ചൊരു നിൽപ്പുണ്ട്
ആ അച്ഛച്ഛനെന്തൊരു ചേലുണ്ട്
ആ അച്ഛച്ഛനെന്നുമെൻ ജന്മപുണ്യം
ഒരുവേള കോപത്താൽ മുഖം ചുവന്നാൽ
മറുവേള കാരുണ്യ കടലാകും
വാരിപ്പുണർന്നിട്ടില്ലിന്നുവരെ, ചിത്തേ
വാരിയെടുത്തിരുന്നെന്നുമെന്നെ
മെല്ലെ തഴുകിയുറക്കാറുണ്ടായിരുന്നു
ഞാനാ മാറിലെ സ്നേഹമറിഞ്ഞിരുന്നു
ഞാനതിൽ സ്വയം മറന്നിരുന്നു
മാമ്പൂ മണക്കുന്ന കാലമായാൽ,
മാഞ്ചോട്ടിലെന്നും അലഞ്ഞീടും
ഒരുചെറുകാറ്റിൽ വീഴുമാ തേൻപഴങ്ങൾ
മടിയാതെ ഏകീടുമേവർക്കും
നറുപൂ വിരിയും പോൽ സൗമ്യമായി
ഒരു പുഞ്ചിരി വിടരുമാ ചുണ്ടിലപ്പോൾ
കൺകളിൽ കുസൃതിയും നിറഞ്ഞീടും
ദൂരത്തേയ്‌ക്കെന്നുമിറങ്ങും നേരം
ഞാനാ പാദങ്ങൾ രണ്ടും വണങ്ങീടും
വിറയാർന്ന കരതലസ്പർശത്താലേ
മടിയാതനുഗ്രഹം ചൊരിഞ്ഞീടവേ
ഇടനെഞ്ച് മെല്ലെ പിടയുന്നതും
മിഴികളിൽ അശ്രു പടരുന്നതും
പറയാതെ ഞാൻ അറിഞ്ഞിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ