പേജുകള്‍‌

2019 - ഒരു തിരിഞ്ഞുനോട്ടം





ഒരു വർഷം കൂടി പടിയിറങ്ങി, നേട്ടങ്ങളും കോട്ടങ്ങളും സമ്മാനിച്ചുകൊണ്ട്. ഓരോ വർഷവും വിടപറയുമ്പോൾ പ്രതീക്ഷയുടെ പൂത്തിരികളുമായി പുതുവർഷത്തെ വരവേൽക്കുന്ന നമ്മൾ 2020 നെയും സ്വീകരിക്കാൻ കാത്തിരിക്കുന്നു. എന്തായിരിക്കുമെന്നോ എങ്ങനെയായിരിക്കുമെന്നോ അറിയില്ലെങ്കിലും പ്രതീക്ഷയുടെ പുതുനാമ്പുകൾ മുളപ്പിച്ചുകൊണ്ട്. ഒരുപാടു പേർക്ക് പൂച്ചെണ്ടുകൾ സമ്മാനിച്ച കാലമായിരിക്കും കടന്നുപോയത്, വേറെ ചിലർക്ക് ഉണക്കാൻ കഴിയാത്ത മുറിപ്പാടുകൾ ശേഷിപ്പിച്ചും. ഓരോരുത്തരുടെയും കഷ്ടനഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും കണക്കെടുക്കാൻ നമുക്ക് കഴിയില്ല, പക്ഷെ കേരളത്തിൽ കഴിഞ്ഞ ഒരു വർഷം എന്തൊക്കെ സംഭവിച്ചു എന്ന് നമുക്കൊന്ന് ഓടിച്ചു നോക്കാം.

കലിയുഗവരദനായ ശബരിമല അയ്യപ്പൻറെ പേരിൽ നടമാടിയ പൊറാട്ടു നാടകങ്ങൾ കണ്ടുകൊണ്ടാണ് 2018 വിടവാങ്ങിയതും 2019 കടന്നുവന്നതും. സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടാനായി സ്ത്രീശാക്തീകരണവും ലിംഗസമത്വവും  ലക്ഷ്യമാക്കി നവോഥാനനേതാക്കൾ കെട്ടിപ്പൊക്കിയ  വനിതാമതിൽ കണ്ടുകൊണ്ടാണ് പുതിയ വർഷം തുടങ്ങിയത്. ജാതിമതഭേദമെന്യേ ജനങ്ങൾ കെട്ടിപ്പൊക്കിയ ആ മതിലിൽ മതേതരവാദികളായ നേതാക്കൾ ഉയർത്തിയ ചില മുദ്രാവാക്യങ്ങൾ കേരളത്തിൽ ഇന്നും നിലനിൽക്കുന്നു എന്ന് പറയപ്പെടുന്ന ബ്രഹ്മണ്യമേധാവിത്വത്തിന് എതിരായിരുന്നു. അമ്പലങ്ങളിലെ ശാന്തി പണിയുമായി കഴിയുന്നതല്ലാതെ കേരളത്തിൽ എവിടെയാണാവോ ഈ പറഞ്ഞ ബ്രാഹ്മണമേധാവിത്വം? വേർതിരിവ് മാത്രം സൃഷ്ടിക്കുന്ന മതിലിന്  എങ്ങനെയാണാവോ ജനങ്ങളെ ഒന്നിപ്പിക്കാൻ കഴിയുക? ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമേ കിട്ടിയില്ല എന്ന് മാത്രമല്ല ആവേശത്തോടെ മതിലിൽ ചേർന്നുനിന്ന പലർക്കും തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നു മനസ്സിലായത് തൊട്ടുപിറ്റേന്ന് പ്രച്ഛന്നവേഷധാരികളാക്കി രണ്ടുയുവതികളെ ശബരിമല കയറ്റിയപ്പോഴാണ്. മതിലിന്റെ മറവിൽ വിശ്വാസികളെ കബളിപ്പിച്ചു നടത്തിയ ഈ നവോത്ഥാനത്തിന് പക്ഷെ ജനങ്ങൾ മറുപടി നൽകിയത് പിന്നെയും കുറച്ച്  മാസങ്ങൾ കഴിഞ്ഞാണ്. ശബരിമലയിൽ യുവതികൾ കയറിയത് പിന്നീടുള്ള ദിവസങ്ങളെ പ്രക്ഷുബ്ധമാക്കി. ആചാരസംരക്ഷകരും നവോത്ഥാനനിർമ്മാതാക്കളും പലപ്പോഴും നേരിട്ട് ഏറ്റുമുട്ടി, ചിലനിർഭാഗ്യർക്ക് അതിനിടയിൽ ജീവനും നഷ്ടപ്പെട്ടു. കിട്ടിയ അവസരം മുതലെടുക്കാൻ എല്ലാവരും മാറിമാറി യത്നിച്ചു. അതിനിടയിൽ മകരജ്യോതി തെളിഞ്ഞു, അയ്യപ്പൻ യോഗനിദ്രയിലേക്ക് മാറി. സുപ്രീംകോടതിയിലെ പുനഃപരിശോധന ഹർജികൾ വിധി പറയാൻ മാറ്റിയതും ജനങ്ങളുടെ പ്രതികരണവും കാരണം തുടർന്നങ്ങോട്ട് മലകയറാനും കയറ്റാനും ആരും ശ്രമിച്ചതുമില്ല. സുവർണ്ണാവസരം മുതലെടുക്കാൻ ഇറങ്ങിയവർക്ക് അതിനായില്ല എന്ന് മനസ്സിലാക്കാൻ പക്ഷെ പിന്നെയും സമയമെടുത്തു.

ഈ ബഹളം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ലോകസഭാ ഇലക്ഷൻ പ്രഖ്യാപിച്ചത്. തങ്ങളുടെ ഭാഗം ന്യായീകരിക്കാനും ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ് ഈ ത്യാഗങ്ങളൊക്കെ എന്ന് പൗരന്മാരെ ബോധ്യപ്പെടുത്താനുള്ള അവസരമായി എല്ലാ രാഷ്ട്രീയപാർട്ടികളും ഇതിനെ കണ്ടു. വിശ്വാസം സംരക്ഷിക്കാൻ ചാടിയിറങ്ങിയത് ഞങ്ങളാണ് , ഞങ്ങൾ മാത്രമാണ് എന്ന് ഓരോരുത്തരും വാദിച്ചു. വിശ്വാസം തകർക്കാൻ നോക്കിയില്ല മറിച്ചു കോടതിവിധി നടപ്പാക്കാൻ ശ്രമിച്ചു എന്നതേ ഞങ്ങൾ ചെയ്തുള്ളൂ എന്ന് വേറൊരു കൂട്ടരും വാദിച്ചു. എല്ലാ കോടതിവിധികളും ഇതേ ആവേശത്തോടെ നടപ്പാക്കാറുണ്ടോ എന്ന ചോദ്യത്തിന് പക്ഷെ കൃത്യമായ ഉത്തരമില്ലായിരുന്നു. ജനങ്ങളുടെ വിധിയിൽ പരാജയപ്പെടാതിരിക്കാൻ അറിയാവുന്ന അടവുകൾ എല്ലാമെടുത്ത് പോരാടാൻ എല്ലാവരും തീരുമാനിച്ചു. അതിനിടയിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. ഭാവി പ്രധാനമന്ത്രി എന്ന് വിശ്വസിക്കുന്ന രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ എത്തിയത് വലിയ ഓളങ്ങൾ ഉണ്ടാക്കി, ഇങ്ങ് കേരളത്തിൽ  മാത്രമല്ല അങ്ങ് വടക്കേഇന്ത്യയിലും പല അർഥങ്ങൾ ആ വരവിനു കൽപ്പിച്ചു നൽകി. കൊള്ളാവുന്ന ആൾക്കാരെ കിട്ടാത്തതുകൊണ്ടാണോ എന്നറിയില്ല നിലവിലെ എംഎൽഎ മാരിൽ ചിലരും കച്ച കെട്ടി ഗോദയിലിറങ്ങി. ചാനലുകൾക്ക് ഇത് ചാകരക്കാലമായിരുന്നു. മാധ്യമധർമ്മം പുലർത്തുന്നതിൽ സദാ ജാഗരൂകരായിരുന്ന അവർ കലക്കവെള്ളത്തിൽ എങ്ങനെ മീൻപിടിക്കാം എന്നും അതുവഴി പ്രേക്ഷകരുടെ എണ്ണം എങ്ങനെ കൂട്ടാം എന്നും കൃത്യമായി ശ്രദ്ധിച്ചു. ആകെ 20 സീറ്റ് മാത്രമുള്ള കേരളത്തിൽ എല്ലാ മുന്നണികളും 18 ൽ കുറയാത്ത സീറ്റുകളിൽ വിജയം പ്രവചിച്ചു. ആവേശം തിരയടിച്ച തെരഞ്ഞെടുപ്പിൽ പക്ഷേ ഫലം വന്നപ്പോൾ ഞെട്ടിയത് തോറ്റവർ മാത്രമായിരുന്നില്ല ജയിച്ചവർ കൂടിയായിരുന്നു. സുവർണ്ണാവസരം മുതലാക്കാൻ പറ്റിയില്ല എന്നതൊരു കൂട്ടർ തിരിച്ചറിഞ്ഞപ്പോൾ കെട്ടിയ മതിൽ തങ്ങളുടെ മേൽ ഇടിഞ്ഞുവീണ അനുഭവമായിരുന്നു വേറൊരു കൂട്ടർക്ക്. 18 ൽ കുറയാത്ത എന്നാൽ 19 ൽ കൂടാത്ത സീറ്റു കിട്ടും എന്ന് പറഞ്ഞത് ശരിക്കും അച്ചട്ടായി, തോറ്റ സീറ്റുകളുടെ കാര്യത്തിൽ എന്നുമാത്രം. അവിടെയും ഇവിടെയും തൊടാതെ നിന്ന് ജയിച്ചവരാകട്ടെ കേരളത്തിൽ തൂത്തുവാരിയപ്പോൾ കേന്ദ്രത്തിൽ തകർന്നു. വയനാട്ടിൽ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ ജയിച്ച ഭാവി പ്രധാനമന്ത്രി, സ്വന്തം നാട്ടിൽ തോറ്റപ്പോഴെങ്കിലും തന്റെ ഭാവി അത്ര ശോഭനമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതാം.

ഒരു മണ്ഡലം തന്റെ കുത്തകയാക്കി വെയ്ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ കഴിഞ്ഞ അൻപതുവർഷമായി പാല മണ്ഡലത്തിൽ നിറഞ്ഞുനിന്നിരുന്ന കേരളരാഷ്ട്രീയത്തിലെ അതികായൻ കെ എം മാണിയുടെ പൊടുന്നനെയുള്ള നിര്യാണം ആ മണ്ഡലത്തിലെ ജനങ്ങളെ മാത്രമല്ല ആ പാർട്ടിയെയും പ്രതിസന്ധിയിലേക്കാഴ്ത്തി. പാല എന്നാൽ മാണിയെന്നും മാണി എന്നാൽ പാല എന്നും പറഞ്ഞിരുന്ന കാലത്തിൽ  നിന്നും അധികാരകസേരയ്ക്കു വേണ്ടി ശിഷ്യനും മകനും അടിതുടങ്ങി. മരണം സൃഷ്ടിച്ച ഉപതെരഞ്ഞെടുപ്പിൽ സമവായശ്രമത്തിന്റെ ഫലമായി പൊതുസ്ഥാനാർത്ഥി വന്നു. ഞങ്ങളുടെ ചിഹ്നം മാണിയാണെന്ന് പറഞ്ഞു വോട്ട് പിടിച്ച പാർട്ടി പക്ഷേ ഫലം വന്നപ്പോൾ ഞെട്ടുകയും തങ്ങളുടെ വാക്കുകൾ അറം പറ്റിയതായി മനസ്സിലാക്കുകയും ചെയ്തു. മാണിയ്‌ക്കായി വോട്ട് ചോദിച്ചവർ ജയിച്ചുവന്ന പുതിയ മാണിയെക്കണ്ട് ഞെട്ടി. തോൽക്കാനായി ജനിച്ചവൻ എന്ന പേര് മാറ്റിയെഴുതി എതിർപക്ഷത്തെ മാണി സി കാപ്പൻ പാലായുടെ പുതിയ മാണിയായി.

പതിവുപോലെ അല്ലെങ്കിലും കാലവർഷം കേരളത്തിൽ എത്തി. കഴിഞ്ഞ വർഷത്തെ ഭയമായിരുന്ന തലതിരിഞ്ഞ പനി ഇത്തവണ വീണ്ടും എത്തി, ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചുകൊണ്ട് തന്നെ. പക്ഷേ ഉത്തരവാദപ്പെട്ടവരുടെ അവസരോചിതമായ ഇടപെടലിൽ ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടാതെ നിപ്പയെ കണ്ടം വഴി ഓടിക്കാൻ പറ്റി. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി, എല്ലാ പ്രതിരോധനടപടികളും എടുത്ത് മരണതാണ്ഡവം ആടാൻ വന്ന മഹാമാരിയെ തുരത്തിയവർക്ക് കേരളജനത മടിയേതും കൂടാതെ നൽകി ഒരു വലിയ സല്യൂട്.

അന്യനാട്ടിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ കാശുമായി സ്വന്തം നാട്ടിൽ നല്ലൊരു ബിസിനസ്സും സമാധാനപൂർണമായ ജീവിതവും സ്വപ്നം കണ്ട ഒരു പാവം പ്രവാസിയുടെ ആത്മഹത്യയ്‌ക്കും പ്രബുദ്ധകേരളം സാക്ഷ്യം വഹിക്കുകയുണ്ടായി. നിസ്സാരമായ കാരണങ്ങളാൽ പലതവണ സർക്കാർ കാര്യാലയങ്ങൾ കയറിയിറങ്ങി മടുത്ത ആ മനുഷ്യൻ താൻ കണ്ട സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയില്ല എന്ന മനഃപ്രയാസത്തിൽ ജീവനൊടുക്കിയപ്പോൾ തകർന്നത് 'നിക്ഷേപസൗഹൃദ കേരളം' എന്ന പ്രചാരണമാണ്. ഭരണപക്ഷത്തെ പാർട്ടിയിലെ പടലപ്പിണക്കങ്ങളുടെ ഇരയാണ് അദ്ദേഹമെന്നും അതല്ല മാനദണ്ഡങ്ങൾ പാലിക്കാതെ കെട്ടിടം പണിഞ്ഞതിനാലാണെന്നുമുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു. പ്രവാസിയുടെ ആത്മഹത്യ സൃഷ്ടിച്ച മാനക്കേടിൽ നിന്നും രക്ഷനേടാൻ പല കെട്ടുകഥകളും അദ്ദേഹത്തെയും കുടുംബത്തെയും ചുറ്റിപ്പറ്റി മെനെഞ്ഞെടുക്കുകയും ചെയ്തു ചിലർ. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് പതിവുപോലെ മുറവിളി ഉയർന്നെങ്കിലും ആ പാവത്തിനെ കഷ്ടപ്പെടുത്തിയവർക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല. അതിനോട് ചേർന്നുപോകുന്ന തരത്തിലുള്ള അന്വേഷണറിപ്പോർട്ടും വേണ്ടപ്പെട്ടവർ സമർപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് രക്ഷപെടാൻ കേരളമായാലും ബുദ്ധമുട്ടൊന്നുമില്ലായെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.

കഴിഞ്ഞവർഷം കേരളം കണ്ടത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമായിരുന്നു. അതിന്റെ കാരണങ്ങളെ ചൊല്ലിയുള്ള തർക്കവും ദുരിതാശ്വാസപ്രവർത്തനങ്ങളെ ചൊല്ലിയുള്ള പരാതികളും നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അകന്നുപോയ മഴമേഘങ്ങൾ വീണ്ടും മലയാളമണ്ണിൽ പെയ്തിറങ്ങിയത്. കഴിഞ്ഞ തവണ ദുരന്തം അകന്നുനിന്ന മലബാർ മേഖലകളിലായിരുന്നു ഇത്തവണ പ്രകൃതിയുടെ വിളയാട്ടം. മണ്ണിടിച്ചും മരം മുറിച്ചും മരണത്തിന്റെ വക്കിലായിരുന്ന മലകൾക്ക് കൂനിന്മേൽ കുരുവെന്നപോലെ പെയ്തിറങ്ങിയ മഴവെള്ളത്തിൽ അടിതെറ്റി. കാലങ്ങളായി അടിച്ചമർത്തപ്പെട്ടിരുന്ന ഒരു ജനത എല്ലാ ശക്തിയും സംഭരിച്ചു എങ്ങനെ തങ്ങളുടെ എതിരാളികളെ നേരിട്ടോ ഒരു പക്ഷെ അതിലും ഭയങ്കരമായി മലകൾ തങ്ങളുടെ എല്ലാ വിഷമങ്ങളും ദുഖങ്ങളും പുറത്തേക്കുതള്ളി. ആ പ്രവാഹത്തിൽ പിടിച്ചു നില്ക്കാൻ കഴിയാതെ ഒന്നുമറിയാത്ത അനേകം ജീവനുകൾ നിമിഷനേരം കൊണ്ട് മണ്ണിലമർന്നു. കേരളം മാത്രമല്ല ലോകം മുഴുവൻ വിറങ്ങലിച്ചുപോയ ദുരന്തങ്ങളിലൂടെ നാട് കടന്നുപോയ ദിവസങ്ങൾ. പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും വിശുദ്ധി തെളിഞ്ഞുകണ്ട ദിനങ്ങൾ. ദുരന്തമുഖത്ത് തങ്ങൾ ഒറ്റക്കെട്ടാണ് എന്ന് ഇത്തവണയും മലയാളികൾ തെളിയിച്ചു. പക്ഷേ കഴിഞ്ഞതവണത്തേത്‌ പോലെ സഹായഹസ്തങ്ങൾ ഇത്തവണ നീണ്ടില്ല. പുനർനിർമ്മാണത്തിന് ലഭിച്ച കാശിനെ ചൊല്ലിയുള്ള തർക്കവും പ്രവർത്തനങ്ങളിലെ പോരായ്മയും പണത്തിന്റെയും ആവശ്യവസ്തുക്കളുടെയും ഒഴുക്കിനെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ തവണ കേരളത്തിന് പുറത്തുനിന്നു വന്ന സാധനങ്ങൾ പിടിച്ചെടുത്ത് തങ്ങളുടെ മേൽവിലാസത്തിൽ ദുരിതബാധിതർക്ക് എത്തിച്ച് ചില സംഘടനകൾ ചുളുവിൽ കൈയ്യടി വാങ്ങിക്കൂട്ടിയ അനുഭവം പ്രവാസികളെയും ഇത്തവണ പിന്നോട്ടടിപ്പിച്ചു എന്നതും കാണാതിരിക്കാനാവില്ല.  പ്രളയം എന്നത് മലയാളികൾക്ക് നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിച്ചേക്കാവുന്ന ദുരന്തമല്ല എന്ന് പ്രകൃതി വീണ്ടും ഓർമ്മിപ്പിച്ചു. പക്ഷേ അധികാരവും പണവും സ്വാധീനവുമുള്ളവർ തുടർന്നും മണ്ണും മരവും ജലവും നിർബാധം ചൂഷണം ചെയ്യുന്നതും നിയമം അവർക്കായി വഴിമാറിക്കൊടുക്കുന്നതും മലയാളികൾക്ക് കണ്ടുനിൽക്കേണ്ടി വന്നു. 

നിയമലംഘനം നടത്തിയാൽ പിഴ ഒടുക്കി രക്ഷപ്പെടുക എന്ന പതിവ് കാലാകാലങ്ങളായി നമ്മുടെ നിലനിൽക്കുന്ന ഒരാചാരമാണ്. എന്നാൽ തെറ്റ് ചെയ്താൽ പശ്ചാത്താപം മാത്രം പോരെന്നും തെറ്റ് തിരുത്തുക തന്നെ വേണമെന്ന് തീരദേശനിയമങ്ങൾ ലംഘിച്ച് കെട്ടിപ്പൊക്കിയ സൗധങ്ങൾ പൊളിച്ചുകളഞ്ഞേ തീരൂ എന്ന വിധിയിലൂടെ സുപ്രീംകോടതി അടിവരയിട്ടു. ജീവിതത്തിൽ ഇന്നേവരെയുള്ള സമ്പാദ്യങ്ങൾ കൊണ്ട് തലചായ്ക്കാനായി ഒരു വീട് എന്ന സ്വപ്നത്തിലേക്ക് നടന്നുകയറിയ പലർക്കും തലയിൽ വീണ ഒരു ഇടിത്തീയായി ആ വിധി മാറിയെങ്കിലും വികാരങ്ങൾക്ക് മുൻപിൽ തീരുമാനം മാറ്റില്ല എന്ന് ഉന്നത നീതിപീഠം ഉറപ്പിച്ചുപറഞ്ഞപ്പോൾ കണ്ണീരോടെ എല്ലാം പെറുക്കിക്കൂട്ടി മറ്റിടങ്ങളിലേക്ക്‌ ചേക്കേറേണ്ടിവന്നു ആ പാവങ്ങൾക്ക്. തെറ്റിന് കൂട്ടുനിന്നവരെ മാതൃകാപരമായി ശിക്ഷിക്കണം എന്ന നീതിപീഠത്തിന്റെ ഉത്തരവ് ഭരണകൂടങ്ങൾ പാലിക്കും എന്ന് വീട് നഷ്ടപ്പെട്ടവരെപ്പോലെ നമുക്കും പ്രതീക്ഷിക്കാം.

മലയാളഭാഷയെ സംബന്ധിച്ചും നഷ്ടങ്ങളും നേട്ടങ്ങളും ഉണ്ടായ വർഷമാണ് 2019. ജീവിതത്തിൽ അനുഭവിച്ച വേദനകളും അവഗണങ്ങളും എഴുത്തിലൂടെ മറികടന്ന മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി അഷിത കാലയവനികയ്ക്കുള്ളിൽ മറഞ്ഞ വാർത്ത ഇത്തിരി വേദനയോടെയാണ് നമ്മൾ കേട്ടത്. സ്ത്രീജീവിതത്തിന്റെ വ്യാകുലതകളും വിഹ്വലതകളും വരച്ചുകാട്ടുന്ന കഥകളിലൂടെയും കവിതകളിലൂടെയും മലയാളി മനസ്സിൽ ഇടംപിടിച്ച എഴുത്തുകാരിയായിരുന്നു അവർ. ആറ്റിക്കുറുക്കിയ കവിതകളിലൂടെ വായനക്കാരുടെ സ്നേഹം സമ്പാദിച്ച കവിയായ ആറ്റൂർ രവിവർമ്മയുടെ മരണവും മലയാളസാഹിത്യത്തിന് തീരാനഷ്ടമായി മാറി. കവിതകളും വിവർത്തനങ്ങളുമായി മലയാളകവിതാലോകത്തിൽ നിറഞ്ഞു നിന്നിരുന്ന ആറ്റൂരിന്റെ കവിതകളിൽ വാക്കുകൾ കുറവായിരുന്നെങ്കിലും ഗാംഭീര്യവും ആർദ്രതയും ഒട്ടും കുറവില്ലായിരുന്നു. മഹാകവി പി കുഞ്ഞിരാമൻ നായരെക്കുറിച്ചുള്ള 'മേഘരൂപൻ' എന്ന കവിത വളരെ പ്രശംസിക്കപ്പെട്ടതായിരുന്നു. കേന്ദ്ര-കേരള സാഹിത്യ അവാർഡുകൾ ലഭിച്ച അദ്ദേഹത്തിന്റെ വിടവാങ്ങലും പോയവർഷത്തിലെ വലിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു. സർക്കാർ ജോലിക്കുള്ള പരീക്ഷ മലയാളത്തിൽ നടത്തണം എന്ന ആവശ്യവുമായി ഭാഷാസ്നേഹികൾ സമരം ചെയ്തതും പ്രതിഷേധം സംഘടിപ്പിച്ചതും കൂടി നമുക്ക് കാണേണ്ടിവന്നു. സ്വന്തം നാട്ടിൽ അവഗണന അനുഭവിക്കുന്ന ഭാഷ ഒരു പക്ഷേ ഇന്ത്യയിൽ വേറെയുണ്ടാവാനിടയില്ല. സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ സമ്മതിച്ചെങ്കിലും എത്രമാത്രം പ്രാവർത്തികമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 
ഈ നഷ്ടങ്ങളുടെയും അവഗണനയുടേയും കയ്പുനീരിനൊടുവിൽ ലഭിച്ച പാല്പായസത്തിന്റെ മധുരമായി മാറി മഹാകവി അക്കിത്തത്തിന് കിട്ടിയ ജ്ഞാനപീഠ പുരസ്‌കാരം. നവതിയും പിന്നിട്ട ഇരുപതാം നൂറ്റാണ്ടിന്റെ ഈ ഇതിഹാസകാരന് അർഹതപ്പെട്ടത്  തന്നെയാണ് വൈകിയാണെങ്കിലും കിട്ടിയ സമഗ്രസംഭാവനയ്ക്കുള്ള ഈ  പുരസ്‌കാരം. ഈ പുരസ്കാരസമർപ്പണത്തിലൂടെ ആദരിക്കപ്പെട്ടത് കവി മാത്രമല്ല മലയാളഭാഷ തന്നെയായിരുന്നു. രാഷ്ട്രീയത്തിൽ നിന്നും സാഹിത്യത്തിലേക്ക് ചുവടുമാറ്റിയ അദ്ദേഹത്തിന്റെ ആ തീരുമാനം മലയാള കവിതാശാഖയെ സമ്പുഷ്ടമാക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുകയുണ്ടായി.  

വിശപ്പിന്റെ വിളി സഹിക്കാനാവാതെ കാട്ടിൽ നിന്നും പുറത്തിറങ്ങിയ മധു  എന്ന പാവം ചെറുപ്പക്കാരനെ ഒരു കൂട്ടം നരാധമന്മാർ തല്ലിക്കൊന്നപ്പോൾ സംസ്കാരസമ്പന്നരായ മലയാളികൾക്ക് 2018 ൽ അതൊരു ഒറ്റപ്പെട്ട സംഭവമായി മാറി. ഉത്തരേന്ത്യൻ നാടുകളിലേക്ക് നോക്കി അവിടുത്തെ ആൾക്കൂട്ടക്കൊലകളെ അപലപിച്ചിരുന്ന നമ്മൾക്ക് അങ്ങനെയല്ലേ കരുതാനാവൂ. പക്ഷേ മധുവിന്റേതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് നാം തന്നെ നമ്മെ തിരുത്തിയിരിക്കുന്നു ഈ വർഷം സംസ്ഥാനത്ത് നടന്ന തല്ലിക്കൊലകളിലൂടെ. നിസ്സാരകുറ്റം ചുമത്തി ഒരുകൂട്ടം സംസ്കാരസമ്പന്നർ കവർന്നെടുത്തത് ഒന്നിലേറെ ജീവനായിരുന്നു. അന്യനാടുകളിൽ പൊലിയുന്ന ജീവനെ നോക്കി മുറവിളി കൂട്ടുന്ന ആരെയും പക്ഷേ ഇക്കാര്യത്തിൽ പ്രതികരിക്കാൻ കണ്ടില്ല എന്നതും നമ്മുടെ സംസ്‌കാര സമ്പന്നത എന്താണെന്നത് വിളിച്ചോതുന്നു.

ലോകസഭയിലേക്ക് ജയിച്ചു കയറിയ എംഎൽഎമാർക്ക് പകരക്കാരനെ കാണാനുള്ള പരീക്ഷണവും അതിനിടയിൽ കഴിഞ്ഞു. വിജയത്തിന്റെ ഉന്മാദലഹരി വിട്ടുമാറാതിരുന്ന കൂട്ടരെ ഞെട്ടിച്ചു കൊണ്ട് കൈപ്പിടിയിലായിരുന്ന സീറ്റുകൾ ഐക്യമുന്നണിക്ക് നഷ്ടപ്പെട്ടപ്പോൾ സ്ത്രീകളെ ബഹുമാനത്തോടെ കാണുന്നവർ നടത്തിയ പദപ്രയോഗത്തിലൂടെയാണോ എന്നറിയില്ല കേരളചരിത്രത്തിലാദ്യമായി ഭരിക്കുന്ന കക്ഷിക്ക് കൈയ്യിലിരുന്ന ഒരു സീറ്റ് പോവുകയും ചെയ്തു. ശബരിമലയിലൂടെ പിടിച്ച വോട്ടുകളിൽ പലതും ചോർന്നുപോകുന്നത് വേറൊരുകൂട്ടരും കണ്ടു. ആരുടേയും കൈയ്യിലെ പാവകളല്ല മറിച്ച് സ്വന്തമായി തീരുമാനമെടുക്കാൻ കഴിയുന്നവരാണ് തങ്ങളെന്ന് കേരളജനത വീണ്ടും തെളിയിച്ചു.

റിപ്പർ ചന്ദ്രന്റെ കഥകൾ കേട്ട് പേടിച്ചിരുന്നു ഒരു കാലമുണ്ടായിരുന്നു മലയാളികൾക്ക്. വർഷങ്ങൾക്ക് മുൻപ് നടന്ന ആലുവക്കൂട്ടക്കൊല കേട്ടപ്പോൾ ഇങ്ങനെയൊക്കെ കൊല്ലാൻ കഴിയുമോ എന്നും അവർ ചിന്തിച്ചിട്ടുണ്ടാവും. എന്നാൽ നമ്മളൊക്കെ ചിന്തിക്കുന്നതിനും മുകളിലാണ് ഒരു കൊലയാളിയുടെ മനസ്സ് എന്നും അതിന് ദേശവരമ്പുകൾ ഇല്ല എന്നും കൂടത്തായി കൊലപാതകപരമ്പര നമുക്ക് പറഞ്ഞു തന്നു. എന്തിനാണ് കൊന്നത് എന്നതിനെ പറ്റി ഇന്നും മാധ്യമങ്ങൾ ചികഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാരണത്താൽ ഒരു കുടുംബത്തിലെ ആറുപേരെ ഉറുമ്പിനെക്കൊല്ലുന്നത് പോലെ നിസ്സാരമായി ഒരു സ്ത്രീ കൊന്നു എന്ന വാർത്ത തികച്ചും അവിശ്വസനീയതയോടെയാണ് നമ്മൾ കേട്ടത്. ഭക്ഷണം ഉണ്ടാക്കിയാൽ ഭാര്യയ്ക്ക് കൊടുത്തിട്ട് മാത്രമേ കഴിക്കാവൂ എന്ന് പലരും തമാശയ്ക്ക് ഭർത്താക്കന്മാരെ ഉപദേശിക്കുന്ന ട്രോളുകൾ ഇറങ്ങാൻ വരെ ഈ സംഭവം കാരണമായി.

നിർഭയ കേസിൽ ഇരയ്ക്ക് വേണ്ടി തേങ്ങിയ മലയാളികളെ അപമാനിക്കുന്നതായി വാളയാർ പീഡനക്കേസിൽ പ്രതികളാക്കപ്പെട്ടവരുടെ രക്ഷപ്പെടൽ. അന്വേഷണ ഉദ്യോഗസ്ഥരെയും പബ്ലിക് പ്രോസിക്യൂട്ടറെയും കുറ്റം പറഞ്ഞു തടി തപ്പാൻ നോക്കിയെങ്കിലും ലിംഗസമത്വവും സ്ത്രീസുരക്ഷയും എത്ര ബാലിശമായാണ് നാം കൈകാര്യം ചെയ്യുന്നതെന്ന് ഈ സംഭവം കാണിച്ചു തന്നു. പ്രതികളുടെ രാഷ്ട്രീയസ്വാധീനവും സർക്കാരിന്റെ ഒളിച്ചുകളിക്ക് കാരണമായെന്ന് ജനങ്ങൾ കരുതിയാൽ അവരെ കുറ്റം പറയാൻ കഴിയാത്തത്രയും അനാസ്ഥയാണ് ഈ കേസിൽ നിറഞ്ഞു നിന്നിരുന്നതെന്ന് തെളിഞ്ഞു. മലയാളികളുടെ ആത്മാർത്ഥത വെറും പൊള്ളത്തരമാണെന്ന് മറ്റു പലകാര്യങ്ങളിലെന്നപോലെ ഈ കാര്യത്തിലും തെളിയിക്കപ്പെട്ടു. വർഷാവസാനം ഹൈദരാബാദിൽ മൃഗീയമായി കൊല്ലപ്പെട്ട യുവതിയായ ഡോക്ടറുടെ കാര്യത്തിൽ വീണ്ടും സ്ത്രീസുരക്ഷയെപ്പറ്റി നാം വാചാലരായി എന്നതും കാണേണ്ടതാണ്.

എഴുപതുകളുടെ ഒടുക്കവും എൺപതുകളുടെ തുടക്കത്തിലും ക്ഷോഭിക്കുന്ന നായകനായി പിന്നെ പതുക്കെ പ്രതിനായകനായി, ചെറു വേഷങ്ങളിൽ ഒതുങ്ങി ഒടുവിൽ വിസ്മൃതിയിലേക്ക് ആണ്ടുപോയ സത്താറിന്റെ മരണമാണ് മലയാളസിനിമയക്ക് ഈ വർഷത്തെ നഷ്ടം. ഒരുപാട് സിനിമകളിൽ അഭിനയിച്ചെങ്കിലും 'ജയഭാരതിയുടെ ഭർത്താവ്' എന്ന പദവിയിലാണ് താൻ അറിയപ്പെട്ടിരുന്നതെന്ന് അദ്ദേഹം തന്നെ ഒരിത്തിരി കളിയായും എന്നാൽ കാര്യമായും പറഞ്ഞിരുന്നു. ഏതായാലും സിനിമയിലേക്കുള്ള മടങ്ങിവരവിലാണ് അദ്ദേഹത്തെ മരണം തട്ടിയെടുത്തതെന്നത് ഒരു ദുഖകരമായ കാര്യം തന്നെയാണ്. 

എതിരാളികൾക്ക് ഒരു സൂചനപോലും കൊടുക്കാതെ ആർട്ടിക്കിൾ 370 വകുപ്പ് കേന്ദ്രസർക്കാർ പെട്ടെന്നൊരു ദിവസം പിൻവലിച്ചതിന്റെ അനുരണങ്ങൾ ജമ്മു-കാശ്മീരിൽ മാത്രമല്ല ഇങ്ങ്  കേരളത്തിലും ഉണ്ടായെങ്കിലും ഈ അവസരം മുതലെടുത്ത് ജനങ്ങൾക്കിടയിൽ വർഗ്ഗീയമായി തരംതിരിവ് സൃഷ്ടിക്കാനുള്ള ചിലരുടെ മോഹം നടക്കാതെപോയി. എന്നാൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിധി പറഞ്ഞ അയോദ്ധ്യ കേസ് വർഗ്ഗീയമായി വിലയിരുത്താനുള്ള തൽപരകക്ഷികളുടെ കെണിയിൽ ചിലരെങ്കിലും വീണുപോയി എന്ന് പറയാതിരിക്കാൻ വയ്യ. എങ്കിലും വളരെ നല്ല ശതമാനം ആളുകളും വികാരത്തിന് അടിമപ്പെടാതെ വിവേകപരമായി പ്രതികരിച്ചതിനാൽ അനിഷ്ടങ്ങളൊന്നും സംഭവിച്ചില്ല എന്നതും എടുത്തുപറയേണ്ടതാണ്.

വിദ്യാഭ്യാസരംഗത്തും കായികരംഗത്തും ആരോഗ്യരംഗത്തുമൊക്കെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു അന്താരാഷ്ട്ര നിലവാരത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായ ചില സംഭവങ്ങൾ ഈ നാടിനെ പിടിച്ചു കുലുക്കിയത്. അതിലൊന്ന് കായികമത്സരങ്ങൾ നടത്തുമ്പോൾ കാണിക്കേണ്ട സുരക്ഷാസംവിധാനങ്ങളിലെ പാളിച്ച കാരണം ഹാമർ തലയിൽ വീണ് ഒരു വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ട സംഭവമാണ്. ഉത്തരവാദപ്പെട്ടവരുടെ കുറ്റകരമായ അനാസ്ഥ തന്നെയാണ് വേദനാജനകമായ ഈ സംഭവത്തിന് പിന്നിൽ എന്നത് തർക്കമില്ലാത്ത കാര്യമാണ്. അതുപോലെ തികച്ചും ദൗർഭാഗ്യകരമായ മറ്റൊരു സംഭവമാണ് ക്ലാസ്സ്മുറിയിൽ വച്ച് പാമ്പുകടിയേറ്റ് ഒരു വിദ്യാർത്ഥിനിക്ക് ജീവൻ നഷ്ടമായത്. പാമ്പുകടിയോടൊപ്പം ചില അദ്ധ്യാപകർ കാണിച്ച അനാവശ്യമായ പിടിവാശിയും സമീപത്തുള്ള ആശുപത്രികളിലെ അവശ്യമരുന്നുകളുടെ അഭാവവും ആ കുരുന്നിനെ മരണത്തിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നതാണ് മാദ്ധ്യമങ്ങളിൽ വായിച്ചറിഞ്ഞത്. ഏതായാലും ഈ രണ്ടുസംഭവങ്ങളും സർക്കാരിനും  ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഒരു പുനർചിന്ത നടത്താൻ പ്രേരകമായിട്ടുണ്ടാകും എന്ന് കരുതാം, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്നും പ്രതീക്ഷിക്കാം.

മലയാളസിനിമയെ സംബന്ധിച്ച് 2019 പൊതുവെ ശുഭകരവും അഭിമാനകാരവുമായിരുന്നു. പഴയകാല നായകനും പ്രതിനായകനുമായിരുന്ന സത്താറിന്റെ മരണം ഒരു നൊമ്പരമായി മാറിയെങ്കിലും ഇന്ത്യൻ സിനിമകളിലും ലോകസിനിമകളിലും തിളങ്ങാൻ മലയാളത്തിലെ സിനിമാപ്രവർത്തകർക്കായി. 'ജോസഫ്' എന്ന ചെറിയ സിനിമയിലൂടെ ദേശീയപുരസ്കാരം ഒരിക്കൽക്കൂടി മലയാളമണ്ണിലെത്തിക്കാൻ ജോജു ജോർജ് എന്ന അഭിനേതാവിനു കഴിഞ്ഞു എന്നതിൽ നമുക്ക് അഭിമാനിക്കാം. ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഏറ്റവും നല്ല സംവിധായകനുള്ള പുരസ്‌കാരം നമ്മുടെ സ്വകാര്യ അഹങ്കാരമായ ലിജു പെല്ലിശ്ശേരി സ്വന്തമാക്കി. പുറത്തിറങ്ങിയ സിനിമകളുടെ എണ്ണത്തിലും മലയാള ചലച്ചിത്ര മേഖല മുൻ വർഷത്തേക്കാൾ ഏറെ മുന്നോട്ടുപോയി. ബോളിവുഡ് സിനിമകൾക്കും അതുപോലുള്ള വലിയ സിനിമാവ്യവസായങ്ങൾ നിലനിൽക്കുന്ന നാടുകളിൽ മാത്രം കേട്ടിരുന്ന 100 കോടിയുടെ മണികിലുക്കം ഒന്നിലേറെ തവണ നമ്മുടെ സിനിമകൾ സ്വന്തമാക്കി. പ്രതീക്ഷകൾ വാനോളം ഉയർത്തി മലയാളസിനിമയുടെ വിവിധ മേഖലകളിലേക്ക് പുതിയ സിനിമാപ്രവർത്തകർ കടന്നുവരുന്നതും ഈ വർഷം നാം കണ്ടു.
എങ്കിലും സ്ത്രീസുരക്ഷയെ ചൊല്ലിയുള്ള ആശങ്കകളും വർഷാവസാനം ഉയർന്നുവന്ന മയക്കുമരുന്നിന്റെ ഉപയോഗത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും ചില നടന്മാരുടെ പക്വതയില്ലാത്ത പെരുമാറ്റവും  ഈ മേഖലയിൽ ചെറുതായി കരിനിഴൽ വീഴ്ത്തുക തന്നെ ചെയ്തു.

ഉയർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കൂടിവരുന്ന സർക്കാരിന്റെ ധൂർത്തിനെ കുറിച്ചുള്ള ചർച്ചകളും കിഫ്ബിയെക്കുറിച്ചുള്ള ഭരണ-പ്രതിപക്ഷ തർക്കങ്ങളും   തുടരുന്നതിനിടയിലാണ് കേരളബാങ്കിന് തത്വത്തിൽ അംഗീകാരം കിട്ടിയത്. ബാങ്കിന്റെ രൂപീകരണത്തെക്കുറിച്ച് പ്രതിപക്ഷം നൽകിയ ഹർജികൾ ഹൈക്കോടതി തള്ളുകയും ചെയ്തു; ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള റിസർവ് ബാങ്കിന്റെ നടപടിക്രമങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരന് വളരെ എളുപ്പത്തിൽ പ്രാപ്യമായ സഹകരണബാങ്കുകൾ എസ്‌ബിടി പോലുള്ള കേരളബാങ്കെന്ന വലിയ സങ്കൽപ്പത്തിലേക്ക് മാറുമ്പോൾ ഇടപാടുകളെ സംബന്ധിച്ച് ഇനി എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുക എന്നതിൽ സാധാരണക്കാരന് ആശങ്ക നിലനിൽക്കുന്നുണ്ട് എന്നത് നിഷേധിക്കാൻ കഴിയാത്ത കാര്യമാണ്. വൈകാതെ അതിലൊക്കെ ഒരു വ്യക്തത വരുത്താൻ സർക്കാരിനും റിസർവ് ബാങ്കിനും കഴിയുമെന്ന് പ്രതീക്ഷിക്കാം; സാധാരണക്കാരന് എളുപ്പത്തിൽ സമീപിക്കാൻ കഴിയുന്ന സ്ഥാപനമായി കേരളബാങ്ക് തുടരുമെന്നും.

മൂന്നാറിലെ കയ്യേറ്റക്കാരായ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായ യുവ ഐ എ എസ്സുകാരന് സംഭവിച്ച ഒരു വലിയ തെറ്റ് ചെറുപ്പക്കാരനായ ഒരു മദ്ധ്യമപ്രവർത്തകന്റെ ജീവൻ അപഹരിച്ചതും കേരളം ഏറെ ചർച്ച ചെയ്ത ഒരു സംഭവമായിരുന്നു. മൂന്നാറിലെ കയ്യേറ്റക്കാർക്കെതിരെ ധീരമായ നിലപാടെടുത്ത് ജനങ്ങളുടെ കൈയ്യടി വാങ്ങിയ ഈ ഉദ്യോഗസ്ഥൻ പക്ഷേ നിരുത്തരവാദപരമായ പുതിയ പ്രവൃത്തി കാരണം അവരുടെ വെറുപ്പ് സമ്പാദിക്കുകയും ചെയ്തു. കൈയേറ്റക്കാർക്കും അവരെ സഹായിക്കുന്ന നിലപാടെടുക്കുന്നവർക്കും ആഹ്ളാദിക്കാൻ വക നൽകിയ വാർത്തയായിരുന്നിത്. എന്നിരുന്നാലും മുന്നാറിൽ ആ യുവ ഉദ്യോഗസ്ഥൻ ചെയ്തത് തികച്ചും ശ്‌ളാഘനീയമായ നടപടി തന്നെയായിരുന്നു എന്നതിൽ തർക്കമില്ല. പക്ഷേ ഉദ്യോഗസ്ഥമേലാളന്മാരുടെ പിന്തുണയുള്ള ഇദ്ദേഹം ഈ കേസിൽ ശിക്ഷിക്കപ്പെടുമോ എന്നതും ജീവൻ പൊലിഞ്ഞ പാവം മാധ്യമപ്രവർത്തകന്റെ കുടുംബത്തിന് നീതി ലഭിക്കുമോ എന്നതും  കണ്ടറിയണം.

കഴിഞ്ഞ ഒരു വർഷമായി പുകഞ്ഞു നിന്നിരുന്ന ശബരിമലവിധിയുടെ  പുനഃപരിശോധന ഒരു പക്ഷെ ഈ വർഷം ഏറ്റവും അധികം ആകാംക്ഷയോടെ മലയാളികൾ ഉറ്റുനോക്കിയ ഒരു കോടതിവിധിയായിരിക്കാം. യുവതീപ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യാതെ പുനഃപരിശോധന നടത്താനായി ഏഴംഗബെഞ്ചിന് വിട്ടുകൊണ്ട് ചീഫ്‌ജസ്റ്റിസ് അടങ്ങിയ ബഞ്ചിന്റെ വിധി വന്നു. യുവതീപ്രവേശനത്തെ അനുകൂലിച്ചവരും എതിർത്തവരും ഒരുപോലെ ഈ വിധിയെ സ്വാഗതം ചെയ്യുകയും പഴയ വിധി ഇല്ലാതായെന്നു വാദിക്കുകയും ചെയ്തു. ഇരുകൂട്ടർക്കും ജനപിന്തുണ നേടാൻ യുവതിപ്രവേശനം തടയേണ്ടത് അത്യാവശ്യമായിരുന്നു. ലോകസഭാ തെരെഞ്ഞെടുപ്പിൽ കാൽച്ചുവട്ടിൽ നിന്നിളകിയ മണ്ണ് തിരിച്ചുകൊണ്ടുവരാൻ എന്തെങ്കിലും ചെയ്യാൻ കാത്തിരിക്കുകയായിരുന്നവരെ സംബന്ധിച്ചിടത്തോളം സാങ്കേതികത്തിൽ കടിച്ചുതൂങ്ങിയിട്ടാണെങ്കിലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയണമായിരുന്നു. മറുകൂട്ടർക്കാണെങ്കിൽ യുവതികളെ എതിർക്കുന്നത് ഒരു സുവർണ്ണാവസരവും. ഏതായാലും പഴയപോലെ ശബരിമലയും അയ്യപ്പനും സമാധാനത്തോടെ മണ്ഡലകാലം പൂർത്തിയാക്കി. ഭക്തിയുടെ പേരിൽ ഇടയ്ക്കു ചിലർ ചില കളികൾക്ക് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഏതായാലും തെളിഞ്ഞ അന്തരീക്ഷത്തിന്റെ ഗുണം നടവരവിലും പ്രതിഫലിക്കുകയുണ്ടായി. അടുത്ത മണ്ഡലകാലം എങ്ങനെയായിരിക്കും എന്നത് ഇനി ഏഴംഗബെഞ്ചിന്റെ വിധിയെ ആശ്രയിച്ചിരിക്കും. ആ വിധി ശബരിമലയിൽ മാത്രമല്ല സമാനസ്ഥിതിയുള്ള മറ്റു മതങ്ങൾക്ക് കൂടി ബാധകമായിരിക്കും എന്നതാണ് ഒരു വ്യത്യാസം.

2019 കഴിയാൻ ബാക്കിയിരിക്കെയാണ് പൗരത്വഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ വീണ്ടും ഗോളടിക്കാൻ നോക്കിയത്. പക്ഷെ ഇത്തവണ കാര്യങ്ങൾ അവർ വിചാരിച്ച പോലെ നിന്നില്ല. ഭരണപക്ഷത്തെ അടിക്കാൻ അവസരം കാത്ത് നിന്ന പ്രതിപക്ഷത്തിന്റെ കൈയിൽ തല്ലാൻ വടി ഏല്പിച്ചതുപോലെയായി പിന്നീട് കാര്യങ്ങൾ. ഒരു മതത്തിനെതിരെയാണിത് എന്ന് എല്ലാവരും അലമുറയിട്ടു. ബില്ല് ഇരുസഭകളിലും കൂടി കടത്തിവിടുന്നതിനു മുൻപ് ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ല, അവർ അതിനു ശ്രമിച്ചോ എന്നും സംശയമാണ്. ഏതായാലും രാജ്യം മുഴുവൻ പടർന്ന പ്രക്ഷോഭം കേരളത്തിലും എത്തി. പൊതുശത്രുവിനെതിരെ ഭരണ-പ്രതിപക്ഷങ്ങൾ ഒരുമിച്ചു എന്നതും കാണേണ്ടതാണ്. നിയമസഭാ വിളിച്ചു ചേർത്ത് സംയുക്ത പ്രമേയം പാസാക്കുന്നത് വരെയെത്തി കാര്യങ്ങൾ. ആർക്കും എതിരല്ലെന്ന് കേന്ദ്രം ഭരിക്കുന്ന പാർട്ടിയും അതല്ല ഒരു മതത്തിനെതിരെയാണ് എന്നും മറ്റുള്ളവരും പറഞ്ഞു. വർഗ്ഗീയശക്തികളും ഈ അവസരം മുതലെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് പിന്നീട് പുറത്തു വന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഭരണഘടന സംരക്ഷിക്കാനെന്നപേരിൽ നടത്തിയ സമരത്തിൽ പലപ്പോഴും വർഗ്ഗീയ മുദ്രാവാക്യങ്ങൾ മുഴങ്ങി എന്നതും പൊതുമുതൽ നശിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയെന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. യഥാർത്ഥത്തിൽ എന്താണ് ബില്ലിന്റെ ഗുണവും ദോഷവുമെന്ന് എത്ര പേർക്ക് കൃത്യമായി അറിയാം എന്നതും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഏതായാലും ഇരുകൂട്ടരും അവകാശവാദങ്ങളുമായി ഇറങ്ങിയപ്പോൾ മതതീവ്രവാദികളും മതേതരവാദികളും ആഗ്രഹിച്ചതുപോലെ ജനങ്ങൾക്കിടയിൽ ജനങ്ങളറിയാതെ ഒരു വർഗീയ ചേരിതിരിവ് ഉടലെടുക്കാൻ തുടങ്ങി എന്നതാണ് സത്യം. 2019 വിടപറയുമ്പോഴും പൗരത്വബില്ലും അതിനോടുള്ള അനുകൂല-പ്രതികൂല പ്രതികരണങ്ങളും കുടത്തിൽ നിന്നും തുറന്നുവിട്ട ഭൂതം പോലെ സമൂഹത്തിൽ പടർന്നു കയറിക്കൊണ്ടിരിക്കുന്നു. ഈ വിഷയത്തിൽ തീർപ്പ് കല്പിക്കണമെന്ന അപേക്ഷ പരമോന്നതകോടതിയുടെ മുന്നിൽ എത്തിയിട്ടുള്ളതിനാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ നീതിപീഠം എല്ലാ സംശയങ്ങൾക്കും ആശങ്കകൾക്കും അറുതിവരുത്തുമെന്ന് പ്രത്യാശിക്കാം. ഇല്ലെങ്കിൽ എന്താവുമെന്ന് കണ്ടറിയണം.

പറയുകയാണെങ്കിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും നന്മയും കാണിച്ചുകൊടുത്ത, ജനങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്ത് വൻവിജയമാക്കി തീർത്ത അറുപതാം സംസ്ഥാന യുവജനോത്സവം, പപ്പടത്തിന്റെ ഉറപ്പുപോലുമില്ലാത്ത പാലമെന്ന് ട്രോളന്മാർ പോലും പാടി നടന്ന പാലാരിവട്ടം അഴിമതി, മന്ത്രിമാരുടെ കൊട്ടിഘോഷിച്ച വിദേശ യാത്രകൾ, സംസ്ഥാനത്തിന്റെ ശോചനീയമായ സാമ്പത്തികസ്ഥിതി, മുൻമന്ത്രിയായ തോമസ് ചാണ്ടിയുടെ മരണം, പ്രതികരണശേഷി പലപ്പോഴും നഷ്ടപ്പെട്ട പ്രതിപക്ഷത്തിന്റെ അവസ്ഥ, അധികാരമില്ലെങ്കിലും തമ്മിൽ തല്ലുന്ന ദേശീയപാർട്ടിയുടെ കാര്യം, പലവട്ടം കോടതി കേറിയിറങ്ങിയ പള്ളിക്കേസും പ്രമുഖ രാഷ്ട്രീയപാർട്ടികളുടെ ഇരട്ടത്താപ്പും, വർഷങ്ങൾക്ക് ശേഷം ദൃശ്യവിസ്മയം തീർത്ത വലയ സൂര്യഗ്രഹണം അങ്ങനെ ഒരുപാടൊരുപാട്. മാധ്യമധർമ്മത്തിൽ കടുകിട വെള്ളം ചേർക്കാത്ത നിലപാടുള്ള മലയാളത്തിലെ മാധ്യമങ്ങൾക്ക് ഏതായാലും പോയവർഷം ചാകരയായിരുന്നു. ഓരോ ദിവസവും പുതിയ കഥകളും സംഭവങ്ങളും പൊടിപ്പും തൊങ്ങലും ചേർത്ത് ജനങ്ങളുടെ മുന്നിലെത്തിക്കാൻ അവർ മത്സരിച്ചു. ഛർദ്ദിച്ചതുതന്നെ വീണ്ടും ചർദ്ദിച്ചുകൊണ്ട് അവർ ജനങ്ങളുടെ ക്ഷമ പലപ്പോഴും പരീക്ഷിച്ചു. ഇന്ത്യ റോക്കറ്റ് അയച്ചാലും നാലാംകിട വാർത്തകൾ ചർച്ച ചെയ്തു അവർ പ്രേക്ഷകരുടെ അറിവ് വർദ്ധിപ്പിച്ചു. ബഹിരാകാശത്തെക്കുറിച്ചുള്ള ചർച്ചയായാലും ജീവന്റെഉത്പത്തിയെക്കുറിച്ചുള്ളതായാലും രാഷ്ട്രീയക്കാരുടെ പ്രതികരണം തേടാൻ അവർ ഒരിക്കലും മറന്നില്ല അല്ലെങ്കിൽ അത് മാത്രമേ അവർ ചെയ്തുള്ളൂ. ജനങ്ങൾക്ക് പ്രകോപനം സൃഷ്ടിക്കുന്ന വാർത്തകൾ എത്രമാത്രം കൊടുക്കാൻ പറ്റുമോ എന്ന് അവർ തമ്മിൽ തമ്മിൽ മത്സരിച്ചു. കാശ്മീരിനെക്കുറിച്ചും പൗരത്വനിയമത്തെ കുറിച്ചും ആർട്ടിക്കിൾ 370 നെക്കുറിച്ചും പുതിയ പുതിയ വ്യാഖ്യാനങ്ങൾ ദിനംപ്രതി എന്നോണം ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്നു. അതുകേട്ട് മലയാളികൾ കൂടുതൽ പ്രബുദ്ധരായി; അവർ ആനന്ദപുളകിതരായി.

പുതിയ മന്ത്രസഭയുടെ കീഴിൽ ഇന്ത്യ പ്രയാണം തുടങ്ങിയതും 2019 ലാണ്. കുതിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും കിതച്ചുകൊണ്ടാണ് നീങ്ങുന്നതെന്ന് പുറത്തുനിന്നും അകത്തുനിന്നും നോക്കുന്ന ഒരാൾക്ക് മനസ്സിലാക്കാൻ പറ്റും. ഈ കിതപ്പ് എത്രകാലം നീളുമെന്നും കുതിക്കാൻ കഴിയുമോ എന്നും കാത്തിരുന്ന് കാണാം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിൽ ആശയത്തിൽ യോജിപ്പില്ലാത്ത പ്രതിപക്ഷ കക്ഷികളുടെ സഹകരണം എത്രനാളുണ്ടാകുമെന്നതും ഒരുപക്ഷേ 2020 ൽ കാണാൻ കഴിഞ്ഞേക്കും. ഏതായാലും പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ വരവേൽക്കാൻ തയ്യാറെടുത്തു നിൽക്കുന്ന എല്ലാവർക്കും ആശംസകൾ. സ്വപ്നങ്ങളും പ്രതീക്ഷകളും പൂവണിയിക്കാൻ നിങ്ങൾക്ക് കഴിയട്ടെ. 

2 അഭിപ്രായങ്ങൾ:

  1. അത് കലക്കി.. ഒരു മനോരമ ഇയർബുക്ക് വായിച്ച പ്രതീതി.. ഒരു വർഷത്തെ കാര്യങ്ങളെല്ലാം ഒരു ഫ്ലാഷ്ബാക്കിലൂടെ കടന്നുപോയി <3

    മറുപടിഇല്ലാതാക്കൂ
  2. എഴുതിയത് വെറുതെയായില്ല...

    മറുപടിഇല്ലാതാക്കൂ