ഭാരതത്തിന്റെ എഴുപത്തിയൊന്നാം റിപ്പബ്ലിക്ക് ദിനം കുന്ദലഹള്ളി കേരളസമാജം കൊണ്ടാടിയത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. അത് മലയാളിയുടെ ആത്മാവിൽ തൊട്ടറിഞ്ഞ പാട്ടുകൾ സൃഷ്ടിച്ച മഹാനായ സംഗീത സംവിധായകൻ എം എസ് ബാബുരാജ് എന്ന ബാബുക്കയ്ക്ക് പാട്ടുകൾ കൊണ്ടൊരു സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ടായിരുന്നു.
സാംസ്കാരികവേദിയെ പറ്റിയും എന്തുകൊണ്ട് ബാബുക്കയ്ക്ക് ഒരു അനുസ്മരണം എന്നതിനെ പറ്റിയും ഒരു ചെറിയ ആമുഖം നൽകിക്കൊണ്ട്, നിറഞ്ഞ സദസ്സിനെ സാക്ഷികളാക്കി സംഘാടകൻ രാജേഷ് 'സംഗീതസല്ലാപം' എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. റിപ്പബ്ലിക്ക് ദിന സന്ദേശത്തോടൊപ്പം ബാബുക്കയെപ്പറ്റിയുള്ള ഒരു ചെറിയ വിവരണത്തോടെ സമാജത്തിന്റെ പ്രസിഡന്റ് നന്ദകുമാർ ചടങ്ങ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു. അതിനുശേഷം ബാബുക്കയുടെ ജീവിതത്തെക്കുറിച്ചുള്ള സാമാന്യം ദീർഘമായ ഒരു വിവരണം ഞാൻ നൽകുകയുണ്ടായി (പ്രസംഗത്തിന്റെ ദൈർഘ്യം ഇത്തിരി നീണ്ടുപോയി എന്ന് പലരും പിന്നീട് പറയുകയുണ്ടായി. പറയാനുള്ളത് ഇത്തിരി ചുരുക്കി പറഞ്ഞിരുന്നെങ്കിൽ രണ്ടു പാട്ടെങ്കിലും കൂടുതൽ പാടാനും കേൾക്കാനുമുള്ള അവസരമുണ്ടായിരുന്നേനെ എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായപ്പെട്ടതായി ഞാൻ പിന്നീടറിഞ്ഞു). കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തെക്കുറിച്ചുള്ള കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കാൻ ഞാൻ യത്നിക്കുകയായിരുന്നു. സമയക്കുറവ് കാരണം അറിഞ്ഞ കാര്യങ്ങൾ മുഴുവനായി സദസ്യരോട് പങ്കുവയ്ക്കാൻ എനിക്ക് കഴിഞ്ഞില്ല. എങ്കിലും ബാബുക്കയെപ്പറ്റി ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാനായി എന്നത് വ്യക്തിപരമായി എനിക്ക് ഏറെ സന്തോഷം പകരുന്നതായിരുന്നു. കോഴിക്കോടിന്റെ സംഗീതപാരമ്പര്യവും യാതനകളും ദാരിദ്ര്യവും അനാഥത്വവും നിറഞ്ഞ ബാബുക്കയുടെ ബാല്യകൗമാരകാലങ്ങളും സംഗീതപഠനത്തിനായി ഉത്തരേന്ത്യൻ നഗരങ്ങളിൽ നടത്തിയ യാത്രയും ഒടുവിൽ നാടകത്തിലും സിനിമയിലും സംഗീതസംവിധാനം നിർവ്വഹിച്ച കഥകളും ഒക്കെ വിവരിച്ചു. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് സംവദിക്കുന്ന അനശ്വരങ്ങളായ ഈണങ്ങൾ സൃഷ്ടിച്ച കഥകളും ഒടുവിൽ സുഹൃത്തുക്കളാലും സിനിമാപ്രവർത്തകരാലും അവഗണിക്കപ്പെട്ട് ദരിദ്രനായി ആരോരുമറിയാതെ മദിരാശിയിലെ ജനറൽ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയതും പറഞ്ഞപ്പോഴേക്കും സമയം വല്ലാതെ അതിക്രമിച്ചുപോയിരുന്നു. പക്ഷെ അദ്ദേഹത്തെ കുറിച്ചുള്ള കഥകൾ പിന്നെയും ഉണ്ടായിരുന്നു എനിക്ക് പറയാൻ. കാരണം എത്ര പറഞ്ഞാലും തീരാത്ത, ഒരുപാട് കഥകളും സംഭവങ്ങളും നിറഞ്ഞതായിരുന്നു താരതമ്യേന ഹ്രസ്വമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം.
തുടർന്നായിരുന്നു എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന സംഗീത വിരുന്ന്. ബാബുക്ക മനസ്സറിഞ്ഞ് ഈണം നൽകിയ മനോഹരങ്ങളായ ഏതാനും ഗാനങ്ങൾ കേൾവിക്കാരുടെ കാതിനിമ്പമേകുന്ന തരത്തിൽ സമാജത്തിലെ ഗായകരും ഗായികമാരും ആലപിക്കുകയുണ്ടായി. അനിലേട്ടനും ഞാനും ചേർന്ന് നൽകിയ പാട്ടിനെ പറ്റിയോ ബാബുക്കയെ പറ്റിയോ ഉള്ള രസകരങ്ങളായ ചെറിയ വിവരണത്തോടെയാണ് ഓരോ പാട്ടും തുടങ്ങിയത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിൽ വിവരണങ്ങൾ നല്കാൻ അനിലേട്ടനായി. ഓരോ പാട്ടും നിറഞ്ഞ കരഘോഷത്തോടെയാണ് കേൾവിക്കാർ ഏറ്റെടുത്തത്.
'ശ്യാം കല്യാൺ' എന്ന രാഗത്തിൽ ചിട്ടപ്പെടുത്തിയ 'അനുരാഗഗാനം പോലെ..' എന്ന മനോഹരമായ ഗാനത്തോടെ പ്രകാശൻ മാഷാണ് സ്മരണാഞ്ജലിക്ക് തുടക്കം കുറിച്ചത്. പാട്ടിന്റെ വരികൾ പോലെ തന്നെ സുന്ദരമായിരുന്നു മാഷിന്റെ ആലാപനവും. തുടർന്ന് 'കാപ്പി' രാഗത്തിൽ ജാനകിയമ്മ അതിമനോഹരമായി പാടിയ 'പാതിരാവായില്ല പൗർണ്ണമി വന്നില്ല..' എന്ന ഗാനം പാടി ലിനിയും കേൾവിക്കാരെ ആനന്ദിപ്പിച്ചു. പ്രണയം ഇല്ലാത്തവരുടെ ഹൃദയത്തിലും പ്രണയം വിടർത്തുന്ന ബാബുക്കയുടെ വളരെ പ്രശസ്തമായ 'അകലെ അകലെ നീലാകാശം..' എന്ന പാട്ട് പാടി രാജേഷും സംഗീതയും ഞങ്ങളെ ഏതോ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. രചയിതാവായ ശ്രീകുമാരൻ തമ്പിയുടെ രസകരമായ ഒരനുഭവം ഈ ഘട്ടത്തിൽ അനിലേട്ടൻ സദസ്യരുമായി പങ്കുവെക്കുകയും ചെയ്തു. 'ഇന്നലെ മയങ്ങുമ്പോൾ..' എന്ന പാട്ട് പാടാം എന്നേറ്റിരുന്ന വേണുമാഷിന് അസുഖമായത് എല്ലാവരെയും ഇത്തിരി വിഷമിപ്പിച്ചു. ജാനകിയമ്മയുടെ മലയാളത്തിലെ ആദ്യഗാനമായ 'തളിരിട്ട കിനാക്കൾതൻ..' കല്യാണി രാഗത്തിലാണ് ബാബുക്ക ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആ പാട്ടിന്റെ തനിമ ഒട്ടും ചോരാതെ തന്നെ ഗാനം ആലപിക്കാൻ മീരയ്ക്ക് കഴിഞ്ഞു. വാക്കുകളുടെ അർത്ഥമറിഞ്ഞ് ഈണം ഉണ്ടാക്കുന്നതിൽ മിടുക്കനാണ് ബാബുക്ക എന്നാണ് കേട്ടിട്ടുള്ളത്. അതിനായി ആസ്വാദകർ ചൂണ്ടിക്കാണിക്കുന്ന പാട്ടുകളിലൊന്നാണ് 'അമ്പലപ്രാവ്' സിനിമയ്ക്കായി ചിട്ടപ്പെടുത്തിയ 'താനേ തിരിഞ്ഞും മറിഞ്ഞും..'. അത് നന്നായിത്തന്നെ ലിനി പാടി എന്ന് പറയേണ്ടതില്ലല്ലോ. ബാബുക്ക ഒരുപാട് ഉപയോഗിച്ചിട്ടുള്ള രാഗങ്ങളിലൊന്ന് 'പഹാഡി' യാണ്. ദേവരാജൻ മാഷിനെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ ആ രാഗം ആസ്പദമാക്കി സൃഷ്ടിച്ച 'വാസന്ത പഞ്ചമി നാളിൽ..' എന്ന പാട്ട് ശ്രുതിശുദ്ധമായി പാടി ലക്ഷ്മി ശ്രോതാക്കളുടെ ഹൃദയത്തിൽ ഇടം പിടിച്ചു. മലയാളത്തിലെ ലക്ഷണമൊത്ത ഹിന്ദുസ്ഥാനി പാട്ടുകളിൽ ഒന്ന്, യേശുദാസിന്റെ ആദ്യത്തെ ഹിറ്റ് ഗാനം എന്നിങ്ങനെ പലതരത്തിൽ ആൾക്കാർ വിലയിരുത്തുന്ന, കേട്ടാലും കേട്ടാലും മതിവരാത്ത ബാബുക്ക-ഭാസ്കരൻ മാഷിന്റെ അതിമനോഹരമായ ഗാനമായ 'താമസമെന്തേ വരുവാൻ..' പാടി പ്രകാശൻ മാഷ് വീണ്ടും സദസ്സിനെ കൈയ്യിലെടുത്തു. പാട്ട് പാടുന്നതിന് പ്രായം ഒരു തടസ്സമേയല്ല എന്ന് തെളിയിച്ചു 'ഒരു കൊച്ചു സ്വപ്നത്തിൻ..' എന്ന പാട്ടിലൂടെ ആഗ്നസ് ആന്റി. 'പരീക്ഷ'യിലെ പാട്ടില്ലാതെ ബാബുരാജ് അനുസ്മരണം ഓർക്കാനേ വയ്യ. അങ്ങനെയൊരു അനുഭവം വിവരിച്ചുകൊണ്ടാണ് അനിലേട്ടൻ രാജേഷിനെ 'പ്രാണസഖി..' പാടാനായി ക്ഷണിച്ചത്. ആത്മാവിൽ തൊടുന്ന പ്രണയഭാവത്തോടെ രാജേഷ് അതിഗംഭീരമായി ആ പാട്ട് പാടുകയും ചെയ്തു. തന്റെ മറ്റുപാട്ടുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ബാബുരാജ് ഉണ്ടാക്കിയ ഈണമാണ് 'അഞ്ജനക്കണ്ണെഴുതി..ആലിലത്താലി ചാർത്തി.." എന്ന 'തച്ചോളി ഒതേനനി'ലെ പാട്ട്. കേൾക്കാൻ എന്തൊരു രസമായിരുന്നു സ്നേഹ അത് പാടിയപ്പോൾ. ആൾക്കാരുടെ ചുണ്ടിലും അതിന്റെ വരികൾ തത്തിക്കളിക്കുന്നുണ്ടായിരുന്നു. സമാജത്തിലെ പാട്ടുകാരുടെ കൂട്ടായ്മയായ 'കൂട്ടി'ലെ നേതാവ് ശാലിനി 'താമരക്കുമ്പിളല്ലോ മമ ഹൃദയം..' എന്ന പാട്ട് ലയിച്ചു പാടിയപ്പോൾ കേൾവിക്കാർ കോരിത്തരിച്ചിരുന്നുപോയി. 'തച്ചോളി ഓതേനി'ലെ സംഘഗാനമായ 'കൊട്ടും ഞാൻ കേട്ടില്ല..' എന്ന പാട്ടുമായി സഹോദരിമാരായ മീരയും ലക്ഷ്മിയും അക്ഷരാർത്ഥത്തിൽ സദസ്സിനെ ഇളക്കിമറിക്കുകയായിരുന്നു. ഒരിക്കൽക്കൂടി കേൾക്കണമെന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സമയക്കുറവ് അതിനൊരു തടസ്സമായി. ബാബുക്കയുടെ പാട്ടല്ലെങ്കിലും കല്ലായിക്കാരനായ ബാബുക്കയ്ക്കുള്ള അർച്ചനയായി മാറി ഷിജോ പാടിയ 'കല്ലായിക്കടവത്ത് കാറ്റൊന്നും മിണ്ടീല..' എന്ന പാട്ട്. എം ജയചന്ദ്രൻ ഈണമിട്ട് പി ജയചന്ദ്രനും സുജാതയും ചേർന്ന് പാടിയ ഈ യുഗ്മഗാനം ഷിജോ പാടിയപ്പോൾ കാതിനിമ്പമായി മാറി. തകർപ്പൻ പ്രകടനവുമായി 'പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ..' എന്ന ഗാനത്തോടെ സുനന്ദ ആന്റി ഒന്നര മണിക്കൂറോളം നീണ്ട സംഗീതസല്ലാപത്തിന് വിരാമമിട്ടു. ബാബുക്കയുടെ മധുരസ്മരണകളും ആദ്ദേഹം ഈണമിട്ട പാട്ടുകളും പിന്നെയും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുകയും അതിന്റെ നടത്തിപ്പിനും വിജയത്തിനും വേണ്ടി ഓടിനടക്കുകയും ചെയ്ത സംഘാടകരെ ഓരോരുത്തരെയും എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ഇനിയും ഇതുപോലുള്ള മനോഹരമായ സായാഹ്നങ്ങൾ നമുക്ക് സമ്മാനിക്കാൻ അവർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതുപോലെത്തന്നെ പാട്ടുകൾ തെരഞ്ഞെടുക്കാനും പഠിക്കാനുമായി പാട്ടുകാർ കാണിച്ച ഉത്സാഹത്തിനും കഠിനാദ്ധ്വാനത്തിനും കൊടുക്കണം ഒരു വലിയ സല്യൂട്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ