പേജുകള്‍‌

കൗമാരസാഹസം



കൗമാരകാലത്തെ കുസൃതികൾ എത്ര പറഞ്ഞാലും തീരില്ല, കേട്ടാൽ മതിയാവുകയുമില്ല. എല്ലാവരുടെയും ജീവിതത്തിലെ നല്ല കാലങ്ങളിലൊന്ന് ഓടിനടന്ന ഈ പ്രായം തന്നെയായിരിക്കും. ഇക്കിളിപ്പെടുത്തുന്ന ഓർമ്മകളും കുസൃതി നിറഞ്ഞ അനുഭവങ്ങളും നിറഞ്ഞ പ്രായം. ഇപ്പോൾ ആലോചിക്കുമ്പോൾ ഒരു പക്ഷെ തമാശയായി തോന്നാവുന്ന എന്നാൽ അന്ന് ഏറ്റവും കൂടുതൽ പേടിച്ച സംഭവങ്ങൾ, സാഹസിക കൃത്യങ്ങൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒരുപാടു കഥകൾ നിങ്ങൾക്കെല്ലാവർക്കും ഉണ്ടാകും. അത്തരമൊരു കഥയാണ് ഞാൻ പറയുന്നത് പക്ഷെ എന്റെ ജീവിതത്തിലെ കഥയല്ല മറിച്ച് എന്റെയൊരു സുഹൃത്തിന്റെ കഥ. വായനാസുഖത്തിനായി നമുക്കയാളെ രവി എന്ന് വിളിക്കാം.കാലങ്ങൾ എത്ര കഴിഞ്ഞാലും ഇന്നലെയെന്നപോലെ അയാളുടെ മനസ്സിൽ തെളിയുന്ന ഒരുപാടു സംഭവങ്ങളിൽ ഒരെണ്ണം മാത്രമാണിത്. അന്ന് പേടിച്ചു വിറച്ച ആ സംഭവം ഇന്ന് ചിരിക്കാനുള്ള നല്ലൊരു വക കൂടിയാണ് രവിക്ക്.

കഥ നടക്കുന്നത് ഏകദേശം 30 വർഷങ്ങൾക്ക് മുൻപ്, എന്ന് വെച്ചാൽ 80 കളുടെ അവസാനം 90 കളുടെ ആദ്യം. വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ. സമൂഹമാധ്യമങ്ങളോ ഇന്റെർനെറ്റോ ഇല്ലാത്ത കാലം. രവിയുടെ ഹൈസ്കൂൾ പഠനം കുറച്ചകലെയുള്ള അന്നത്തെ പ്രശസ്തമായ ഒരു സ്കൂളിൽ. വീടിനെയും സ്കൂളിനെയും വേർതിരിച്ചുകൊണ്ടു ഇരുകരകൾക്കിടയിലൂടെ നിറഞ്ഞൊഴുകുന്ന പുഴ. പുഴയുടെ അപ്പുറത്തും ഇപ്പുറത്തുമുള്ളവർക്ക് കരകളെ പരസ്പരം പുണരാനുള്ള പാലം അന്ന് പിറവിയെടുത്തിരുന്നില്ല. അതിനാൽ തന്നെ പുഴയുടെ അനുസ്യൂതമായ ഒഴുക്കിനെ ഇത്തിരിയെങ്കിലും തടയാൻ യാതൊന്നുമുണ്ടായിരുന്നുമില്ല. സ്കൂൾ തുറക്കുന്നതാകട്ടെ മഴക്കാലത്ത് പുഴ രൗദ്രഭാവം പൂണ്ടിരിക്കുന്ന നേരത്തുമാണ്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് നമ്മുടെ കഥാനായകന്റെ ഹൈസ്കൂൾ പഠനകാലം ഹോസ്റ്റൽ എന്ന ചെറുജയിലിനുള്ളിലായിരുന്നു. പരിമിത സ്വാതന്ത്ര്യം മാത്രമുള്ള എന്നാൽ ഒരുപാടു കർശനമായ നിയന്ത്രണങ്ങൾ നിറഞ്ഞ മതിൽകെട്ടിനകത്തുള്ള ജീവിതം. പിന്നീടുള്ള മൂന്നുവർഷക്കാലം വാരാന്ത്യങ്ങളും ഓണം-ക്രിസ്തുമസ് അവധികളും വേനൽക്കാലാവധികളും ഒഴിച്ചുള്ള ദിവസങ്ങൾ നായകനും കൂട്ടുകാരും കൗമാരം ആഘോഷിച്ചത് ഇവിടെയായിരുന്നു. ശരീരത്തിലും മനസ്സിലും ഇക്കിളി മുളയ്ക്കാൻ തുടങ്ങുന്ന പ്രായം. ക്ലാസ്സിലെ സുന്ദരിയുടെ ദർശനം കിട്ടിയാൽ കരളിൽ കുളിരു കോരിയിടുന്ന, എന്നാൽ അവളെങ്ങാനും നോക്കിചിരിച്ചാൽ സായൂജ്യമടയുന്ന തൊട്ടാൽ പൊട്ടുന്ന പ്രായം. പലവിധ സാഹസികതകളും ചെയ്യാൻ മനസ്സ് വെമ്പുന്ന കാലം. പക്ഷെ സാഹചര്യം അനുകൂലമായിരുന്നില്ല. രാവിലെ എഴുന്നേൽക്കുന്നത്  തൊട്ട് എപ്പോൾ ഭക്ഷണം കഴിക്കണം, സ്കൂളിൽ പോകണം, കളിക്കണം, ഉറങ്ങണം എന്നൊക്കെ തീരുമാനിക്കാനും നിയമങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കാനുമായി കയ്യിൽ ഒരു ചൂരൽവടിയും  ഉണ്ടക്കണ്ണുമായി ഭൂമി സൂര്യനെയെന്നപോൽ ഓരോമുറികൾക്കു മുന്നിലൂടെ സദാ ചുറ്റിത്തിരിയുന്ന വാർഡൻ എന്ന പേടിസ്വപ്നം ഉണ്ടാകുമ്പോൾ സാഹസികത പോയിട്ട് സൗകര്യത്തിനു മുള്ളാൻ പോലും ആർക്കും കഴിയുമായിരുന്നില്ല. ഹോസ്റ്റലിനു മുന്നിലെ മതിൽകെട്ടിന് പുറത്തേക്ക് ആരെങ്കിലും പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും അങ്ങനെയുള്ളവരെ പിടികൂടാനുമായി കുറെ ശിങ്കിടികളെയും വാർഡൻ നിയമിച്ചിരുന്നു. ശ്വാസം മുട്ടിക്കുന്ന ഈ അന്തരീക്ഷത്തിൽ നിന്ന് കുട്ടികൾക്ക് ശുദ്ധവായു ലഭിച്ചിരുന്നത് വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലേക്കു പോകുമ്പോൾ മാത്രമായിരുന്നു. മുടങ്ങാതെയുള്ള വാരാന്ത്യത്തിലെ ഈ യാത്രയിലാണ് രവിയും കൂട്ടുകാരും പുറംലോകം കാണുന്നത്. അങ്ങനെയുള്ള ഒരു വാരാന്ത്യയാത്രയിലാണ് ഹോസ്റ്റലിനെ പുളകം കൊള്ളിച്ച നമ്മുടെ കഥയ്ക്കാധാരമായ സംഭവം നടന്നത്. നാനയുടെ നടുക്കുള്ള ചിത്രം നോക്കി നിർവൃതിയടഞ്ഞിരുന്ന ഒരു തലമുറയുടെ കഥയാണിതെന്ന കാര്യം കണക്കിലെടുത്ത് വേണം ബാക്കി വായിക്കാൻ.

തിങ്കളാഴ്ച രാവിലെ ഹോസ്റ്റലിൽ എത്തിയ കൂട്ടുകാരുടെ ഇടയിലേക്ക് രവിയുടെ സഹപാഠി വലിച്ചെറിഞ്ഞത് ഒരു ആറ്റംബോംബായിരുന്നു. വായനക്കാരുടെ കണ്ണിന് കുളിർമ്മയും, മനസ്സിലും ശരീരത്തിലും ഇക്കിളിയുടെ പൂക്കളും വിരിയിക്കുന്ന നല്ല ഒന്നാന്തരം ഒരു പൈങ്കിളിബോംബ് . വരകളിലൂടെയും വാക്കുകളിലൂടെയും വായനക്കാരിൽ അടക്കാനാവാത്ത കാമത്തിന്റെ രസച്ചരടുകൾ നെയ്തെടുക്കാറുള്ള ശാന്തകുമാർ എന്ന എഴുത്തുകാരന്റെ നല്ല ചൂടും എരിവുമുള്ള ഒരു പുസ്തകമായിരുന്നു ആ ബോംബ്. അത്തവണത്തെ അവധിക്ക് പോയപ്പോൾ വീട്ടുകാരറിയാതെ നാട്ടിലെ കൂട്ടുകാർ വഴി അതിസാഹസികമായി സംഘടിപ്പിച്ചതായിരുന്നു ആ പുസ്തകം. നമുക്ക് ഈ സാഹസികനെ തല്ക്കാലം രമേശൻ എന്ന് വിളിക്കാം. തങ്ങളുടെയിടയിലേക്ക് രമേശനിട്ട പുസ്തകബോംബ് കണ്ടപ്പോൾ ആദ്യം ഒന്ന് വിരണ്ടെങ്കിലും ഉടയാടകൾ ഇല്ലാത്ത കൊഴുത്തുരുണ്ട, വളഞ്ഞുപുളഞ്ഞു കിടക്കുന്ന ആൺ-പെൺ ശരീരങ്ങളുടെ പലതരത്തിലുള്ള ചിത്രങ്ങൾ കണ്ടപ്പോൾ മല്ലീശ്വരന്റെ മന്മഥബാണം കൊണ്ടവരെപ്പോലെ എല്ലാവരും ഒന്നുപുളഞ്ഞു. ആ ചിത്രങ്ങൾ മനസ്സിനേയും ശരീരത്തേയും ഇക്കിളിപ്പെടുത്തുന്നതായി അവർക്കനുഭവപ്പെട്ടു. കണ്ണെടുക്കാൻപോലും കഴിയാതെ ഒരക്ഷരം മിണ്ടാതെ ചിത്രങ്ങൾ ഓരോന്നായി ഓടിച്ചുനോക്കി. പക്ഷെ ആർക്കും കണ്ടിട്ട് മതിയായിരുന്നില്ല. എന്താണെന്നു പറയാൻ കഴിയാത്ത ഒരു വശീകരണസിദ്ധി ആ ചിത്രങ്ങൾക്കുണ്ടെന്ന് അവർക്ക് മനസ്സിലായി. കൂട്ടുകാരുടെ അന്തർദാഹം മനസ്സിലാക്കിയ രമേശൻ ഒരു നിബന്ധന മുന്നിൽ വച്ചു. ഒരു ദിവസം ഒരാൾ എന്ന രീതിയിൽ വേണം പുസ്തകം വായിക്കാൻ. അതും ശത്രുക്കളും ഒറ്റുകാരും അറിയാതെ. ഒരു കാരണവശാലും വാർഡന്റെ കണ്ണിൽ പെടാനും പാടില്ല. അഥവാ എങ്ങാനും പിടിക്കപ്പെട്ടാൽ പത്താംക്ലാസ് കഴിഞ്ഞു പോയവർ തട്ടിൻപുറത്ത് മറന്നുവച്ചതാണെന്ന് പറയാനും ധാരണയായി. രമേശൻ പറയുന്ന ഏതു നിബന്ധനയും അംഗീകരിക്കാൻ എല്ലാവരും തയ്യാറായിരുന്നു, എങ്ങനെയെങ്കിലും പുസ്തകം വായിച്ചാൽ മതിയെന്നായി അവർക്ക്. അങ്ങനെ നമ്മുടെ രവിയുൾപ്പെടെ ഓരോരുത്തരും ഊഴമനുസരിച്ചു രാത്രികാലങ്ങളിൽ പുതപ്പിനുള്ളിൽ തലമൂടി അതീവരഹസ്യമായി പുസ്തകവായനയിൽ മുഴുകി. പുസ്തകം കിട്ടാത്തവർ അക്ഷമയോടെ തങ്ങളുടെ ഊഴത്തിനായി കാത്തുനിന്നു. കറുപ്പിലും വെളുപ്പിലുമായി കാണപ്പെട്ട ചിത്രങ്ങൾ അവരിൽ ഉന്മാദം നിറച്ചു. വായിച്ചവർ പിന്നെയും പിന്നെയും ഊഴമിട്ടു വായിച്ചു. അവർ ശാന്തകുമാറിനെ രഹസ്യമായി ആരാധിക്കാൻ തുടങ്ങി. രമേശൻ അവർക്ക്  വീരനായകനായി. എന്താണെന്നോ എങ്ങനെയാണെന്നോ വിവരിക്കാൻ കഴിയാത്ത വികാരങ്ങളാൽ അവർ വീർപ്പുമുട്ടി. അങ്ങനെ ശത്രുക്കളുടെ കണ്ണിൽ പെടാതെ ഈ കലാപരിപാടി വിജയകരമായി തുടരുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് കഥയാകെ മാറിയത്.

കൂട്ടത്തിൽ ഒരുവനായ സത്യന്റെ അതിബുദ്ധി അല്ലെങ്കിൽ ക്ഷമയില്ലായ്മ വളരെ കൃത്യമായും രഹസ്യമായും നടത്തിപ്പോന്നിരുന്ന ഈ  പദ്ധതിയെ  പൊളിച്ചു. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ 6 വരെ കളിക്കാനുള്ള സമയമായിരുന്നു. കളിയ്ക്കാൻ വേറെ സമയം കിട്ടില്ല എന്നതിനാൽ സാധാരണ ആരും ഈ അവസരം കളയാറില്ല. രമേശൻ എന്ന കാമദേവനെയ്ത മലരമ്പിനുശേഷവും ഈ പതിവ് മാറിയിരുന്നില്ല. എന്നാൽ ഒരു ദിവസം തന്റെ പതിവ്  റോന്തുചുറ്റലിനിടയിൽ, ഒരു മുറിയിൽ നിന്നൊരു വിരുതൻ കൈയ്യിലെന്തോ ചുരുട്ടിപിടിച്ചു ഇടനാഴിയിലൂടെ പോകുന്നത് വാർഡൻ കണ്ടു. തീർച്ചയായും ഇതിലൊരു പന്തികേടുണ്ടെന്ന് അയാൾക്ക് തോന്നി. ഒരു മുറിയിലെ കുട്ടികൾ വേറൊരു മുറിയിലേക്ക് പോകാൻ പാടില്ല എന്നൊരു അലിഖിത നിയമം നിലനിൽക്കുന്നതിനിടയിലാണ് ഈ കലാപരിപാടി എന്നതുകൂടി ഓർക്കണം. 'കളിയ്ക്കാൻ പോകാതെ ഇവന്മാർ എന്താണിവിടെ പരിപാടി' എന്ന ജിജ്ഞാസയിൽ  സ്വാഭാവികമായും വാർഡൻ അവനെ പിന്തുടർന്നു. ഇടനാഴിയുടെ അറ്റത്ത്  അവൻ എത്തിയതും പിന്നിൽ നിന്ന് ഒരു അലർച്ച. സത്യൻ നിന്ന നിൽപ്പിൽ തുള്ളിപ്പോയി. പേടിയോടെ പതുക്കെ തിരിഞ്ഞുനോക്കി. ചൂരൽവടിയും നീട്ടിപിടിച്ചു തന്റെ നേരെ നടന്നടുക്കുന്ന വാർഡന്റെ രൂപം സത്യനെ തളർത്തി. തന്റെ കൈയ്യിലുള്ള പുസ്തകം ഒളിപ്പിക്കാനുള്ള ഒരു പഴുതിനായി അവൻ നോക്കി. നിമിഷനേരത്തിനുള്ളിൽ അവന്റെ മനസ്സിൽ മിന്നിമറഞ്ഞ ചിന്തകൾ എന്തൊക്കെയാണെന്ന് തമ്പുരാൻ മാത്രം അറിഞ്ഞു. പുസ്തകം വാർഡൻ കണ്ടാൽ പിന്നീട് എന്ത് നടക്കും എന്നാലോചിച്ചപ്പോൾ തന്നെ സത്യന്  തലചുറ്റി.  ശാന്തകുമാർ എന്ന ആരാധ്യപുരുഷന്റെ അക്ഷരമാലകളാൽ തന്റെ മനസ്സിൽ കഴിഞ്ഞ കുറച്ച ദിവസങ്ങളായി മുളപൊട്ടി വന്നിരുന്ന  ലോലവികാരങ്ങളും ഇക്കിളിപുഷ്പങ്ങളും ഒറ്റനിമിഷം കൊണ്ടു വരണ്ടുണങ്ങിയത് സത്യനറിഞ്ഞു. കറുപ്പും വെളുപ്പുമായ് നിറങ്ങളാൽ പുണർന്നുകിടക്കുന്ന ആൺ-പെൺ ദേഹങ്ങളുടെ കൊതിപ്പിക്കുന്ന ചിത്രങ്ങൾ ഒരുനിമിഷം കൊണ്ടു മനസ്സിൽനിന്നും എങ്ങോട്ടോ  ഓടിമറയുന്നതും അവനറിഞ്ഞു.
രക്ഷപെടാൻ ഒരു പഴുതുമില്ലായിരുന്നു. ജീവിതത്തിലെ സമസ്ത പ്രതീക്ഷകളും അസ്തമിച്ചവനെപ്പോലെ അവൻ പരാജിതനായി, ചോരവറ്റിയ മുഖവുമായി വാർഡന്റെ മുന്നിൽ തലകുനിച്ചു നിന്നു. സത്യന്റെ അടുത്തെത്തിയ വാർഡനാകട്ടെ ഒന്നും പറയാതെ സത്യന്റെ കൈയ്യിലുള്ള പുസ്തകം വാങ്ങി ഒന്ന് മറിച്ചു നോക്കി. എന്നിട്ട് അസ്‌തപ്രജ്ഞനായി നിൽക്കുന്ന അവന്റെ മുഖത്തേക്കൊരു നോട്ടവും. സീതാദേവിയെപ്പോലെ ഭൂമി പിളർന്നു ഈ നിമിഷം താൻ അന്തർദാനം ചെയ്തിരുന്നെങ്കിലെന്ന് സത്യമായും അവനാഗ്രഹിച്ചുപോയി. വിളറിവെളുത്ത് ഒന്നും മിണ്ടാനാവാത്ത ആ നിൽപ്പ് കണ്ടിട്ടോ എന്തോ ഒന്നും പറയാതെ പുസ്തകവുമായി വാർഡൻ പോയി. കലങ്ങിമറിഞ്ഞ മനസ്സോടെ അവൻ മുറിയിലേക്കും. കളിയ്ക്കാൻ പോയവർ തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച കരഞ്ഞുകൊണ്ടിരിക്കുന്നു തങ്ങളുടെ കൂട്ടുകാരനെയാണ്. ഏറെനേരം ചോദിച്ചപ്പോൾ കരച്ചിൽ നിർത്തി സത്യൻ കാര്യം പറഞ്ഞു. പുസ്തകം പോയതറിഞ്ഞ സങ്കടത്തിൽ ചിലർ അവനെക്കാളും ഉറക്കെ കരഞ്ഞു. ഇതിനെല്ലാം കാരണക്കാരനായ രമേശനെ ചിലരെങ്കിലും ആ നിമിഷം ശപിച്ചു, മനസ്സിൽ അവൻ വാരിവിതറിയ വർണ്ണങ്ങളെ മറന്നുകൊണ്ട്. എന്നാൽ തൊട്ടടുത്തനിമിഷം, ഇനിയെന്ത് സംഭവിക്കും എന്ന ആശങ്ക എല്ലാവരിലും ഭീതി നിറച്ചു. രമേശനാകട്ടെ തലയിൽ കൈയും കൊടുത്തു തറയിൽ കുത്തിയിരിപ്പാണ്. വീട്ടുകാരെ കുറിച്ചോർത്തപ്പോൾ അവന് ചത്താൽ മതിയെന്നായി. സമയം പതുക്കെ ഇഴഞ്ഞുപോയി. അന്ന് ആരും ഭക്ഷണം കഴിച്ചില്ല, ഉറങ്ങിയുമില്ല. രാവിലെയായി. പേടിച്ചുവിറച്ചാണ് എല്ലാവരും ക്ലാസ്സിലേക്ക് പോയത്. ഹെഡ്‌മാഷിന്റെ നോട്ടീസുമായി പ്യൂൺ വരുന്നതും നോക്കി ദീർഘനിശ്വാസം വിട്ടാണ് എല്ലാവരും ഇരിക്കുന്നത്. ഉച്ചയായി, വൈകുന്നേരമായി. പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ദിവസങ്ങൾ ഓരോന്നായി പതുക്കെ കൊഴിഞ്ഞുപോയി. ആശങ്കപ്പെട്ടതുപോലെ ഒന്നും നടന്നില്ല. തങ്ങളുടെ മനസ്സിൽ ഇക്കിളിയും ഭയവും സൃഷ്ടിച്ച പുസ്തകത്തിനെ രമേശനും കൂട്ടുകാരും പതുക്കെ മറവിയിലേക്ക് തള്ളി. അവർ സാധാരണപോലെ കളിയും ചിരിയുമായി നടന്നു. എങ്കിലും എല്ലാവരുടെയും ഉള്ളിന്റെയുള്ളിൽ പുസ്തകം നഷ്ടപ്പെട്ടതിന്റെ സങ്കടവും നിരാശയുമുണ്ടായിരുന്നു, പക്ഷെ ആരും അത് പ്രകടിപ്പിച്ചില്ല എന്നുമാത്രം.

കഥയിവിടെ തീർന്നു. വർഷങ്ങൾ പലതുകഴിഞ്ഞു. എല്ലാവരും പഠിച്ചു ജോലിയും കുടുംബവുമായി ജീവിക്കാൻ തുടങ്ങി. ഇന്നും ആ പുസ്തകത്തിനെന്തുപറ്റിയെന്ന് ആർക്കും അറിയില്ല. പ്രായത്തിന്റെ പക്വതക്കുറവിൽ ചെയ്ത കാര്യമായതിനാൽ വാർഡൻ അതാരോടും പറഞ്ഞില്ല എന്നത് സത്യം. പക്ഷെ ആ പുസ്തകം? വേറെ കുട്ടികളാരും വായിക്കാതിരിക്കാൻ അയാൾ അത് കീറിയോ കത്തിച്ചോ കളഞ്ഞിരിക്കണം. അതോ തന്റെ അദ്ധ്യാപകസുഹൃത്തുക്കളുടെ ഇടയിൽ രഹസ്യമായി വിതരണം ചെയ്തു അയാൾ നിർവൃതിയടഞ്ഞോ?
"അറിയില്ല, എങ്കിലും ഒന്നറിയാം, അന്നനുഭവിച്ച മനസികപിരിമുറുക്കം എത്രമാത്രം വലുതായിരുന്നെന്ന്, അതും ദിവസങ്ങളോളം" രവി പറഞ്ഞു നിർത്തി. "അപ്പോൾ ആ പുസ്തകവായനയോ?" എന്റെ ചോദ്യം കേട്ട് രവി പുഞ്ചിരിച്ചു കൊണ്ട് കണ്ണിറുക്കി. ഇന്ന് ഈ കഥ രവിക്കൊരു തമാശയാണ്. വെറുതെ ഇരിക്കുമ്പോൾ ഓർത്തോർത്തു ചിരിക്കാനുള്ള അല്ലെങ്കിൽ പഴയ കൂട്ടുകാരെ കാണുകയോ അവർ വല്ലപ്പോഴും വിളിക്കുകയോ ചെയ്യുമ്പോൾ പങ്കുവെക്കാനുള്ള വെറുമൊരു തമാശക്കഥ. 

2 അഭിപ്രായങ്ങൾ:

  1. അപ്പോൾപ്പിന്നെ വിരൽത്തുമ്പിൽ എല്ലാം കിട്ടുന്ന കാലമായതുകൊണ്ട് കൗമാരക്കാർക്ക് ഇത്രയും കഷ്ടപ്പാടില്ല :-)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇന്നത്തെ കുട്ടികൾക്ക് ഇതൊന്നും ഒരു അനുഭവമേ അല്ല..

      ഇല്ലാതാക്കൂ