കലയുടെ ഉത്തമോദാഹരണമായ തെയ്യത്തിന്റെ നാട്ടിലേക്ക്, തോറ്റംപാട്ടിന്റെയും ചെണ്ടക്കൂറ്റിന്റേയും പൂരക്കളിയുടെയും ദഫ്‌മുട്ടിന്റെയും താളമേളങ്ങൾ നിറഞ്ഞ തുളുനാടിന്റെ മണ്ണിലേക്ക് വീണ്ടും കലയുടെ മാമാങ്കം വിരുന്നിനെത്തുമ്പോൾ 28 വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഈ നാട് സാക്ഷ്യംവഹിച്ച, ഏഷ്യയിലെ ഏറ്റവും വലിയ കലയുടെ പൂരത്തിന്റെ ഓർമ്മകൾ അറിയാതെ എന്റെ മനസ്സിൽ ചിലങ്കകൾ കിലുക്കി കടന്നുവരുന്നു.
കലോത്സവം എന്നത് കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലായിരുന്നു ഏഴാംക്ലാസ്സ് വരെ. എട്ടിൽ നിന്നാണ് സ്കൂൾ തലത്തിലെ മത്സരങ്ങൾ കാണാൻ തുടങ്ങിയത്. കാഞ്ഞങ്ങാടുള്ള ദുർഗ ഹൈസ്കൂളിൽ എത്തിയപ്പോഴാണ് അതിന്റെ ആവേശവും ആരവവും അടുത്തറിയാനായത്. അതിനാൽ തന്നെ ആദ്യമായി സംസ്ഥാന കലോത്സവം ജില്ലയിൽ എത്തിയപ്പോൾ ആവേശം കൊടുമുടിയിൽ എത്തിയിരുന്നു. പൊതുവെ കണിശക്കാരനായ അച്ഛൻ എന്തുകൊണ്ടോ പക്ഷേ കലോത്സവത്തിന് പോകാൻ സമ്മതിച്ചു. അതും വീട്ടിൽ നിന്നും ദൂരെയുള്ള കാസർഗോഡ് ടൗണിൽ ആണെന്നറിഞ്ഞിട്ടും. ഒന്നുരണ്ടു ജോഡി കുപ്പായവും അഞ്ചോ പത്തോ രൂപയുമായി ഏട്ടന്മാരുടെ കൂടെ ഞാനും ബസ് കയറി കലോത്സവത്തിന്റെ ആഘോഷരാവുകളിൽ അലിഞ്ഞുചേരാൻ. പിന്നീടുള്ള നാലുദിവസം വേദികളിലേക്ക് കണ്ണും നട്ട് ആ താളത്തിലും മേളത്തിലും നടനത്തിലും ലയിച്ചു. ഒരു വേദിയിലെ പരിപാടി കണ്ടുമടുക്കുമ്പോൾ അടുത്ത വേദിയിൽ നല്ല പരിപാടിയുണ്ടെന്നറിഞ്ഞ് അങ്ങോട്ടോടിയും പൊടിമണ്ണിൽ പെരങ്ങിയും അത് ശ്വസിച്ചും ഞാനും ആ മഹാമകത്തിന്റെ ഭാഗമായി മാറി. വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ കൂട്ടത്തിലായിരുന്നെങ്കിലും പരിപാടി കാണാൻ മിക്കവാറും ഞാൻ ഒറ്റയ്ക്കായിരുന്നു. വിശപ്പ് കടിച്ചുപിടിച്ചും വെള്ളം കുടിച്ചൊപ്പിച്ചും സഹിക്കാൻ പറ്റാതെയാവുമ്പോൾ ചെറുതായി വല്ലതും തിന്നും പാതിരയ്ക്ക് വിളക്കണയുമ്പോൾ അടുത്തുള്ള ഏതെങ്കിലും ബന്ധുവീട്ടിൽ തലചായ്ച്ചും പിറ്റേദിവസം പ്രഭാതകൃത്യങ്ങൾ ഒരുവിധത്തിൽ ഒപ്പിച്ച് വീണ്ടും വേദികളിലേക്ക് ഓടിയും ആ ഉത്സവപ്പറമ്പിൽ ഒരു പൂത്തുമ്പിയായി ഞാൻ പാറിനടന്നു. പല പരിപാടികളും മുഴുവനായും കണ്ടു. പതിനാല് ഭരതനാട്യം,പതിനാല് മാർഗ്ഗംകളി, കോൽക്കളി, ദഫ്‌മുട്ട് അങ്ങനെ അങ്ങനെ പലതും. അപ്പീലുകൾ ഇന്നത്തേതിനേക്കാൾ കുറവായ കാലമായതിനാൽ മിക്ക ഇനങ്ങളും പതിനാലിൽ ഒതുങ്ങി. മാതാപിതാക്കൾക്ക് കല എന്നത് ഈശ്വരന്റെ വരദാനമായിരുന്നു അല്ലാതെ തങ്ങളുടെ ദുരഭിമാനം കാക്കാനുള്ള കച്ചവടച്ചരക്കായിരുന്നില്ല. മിക്ക വിധികർത്താക്കളും കുട്ടികളുടെ നിലവാരത്തിനായിരുന്നു മുൻതൂക്കം നൽകിയിരുന്നത് അല്ലാതെ നോട്ടുകെട്ടുകൾക്കോ സ്വജനപക്ഷപാതത്തിനോ ആയിരുന്നില്ല.
വേദിക്കകത്തും പുറത്തുമായി ഒരുപാട് കാഴ്ചകൾ കൂടി കാണിച്ചുതന്നു ആ കലോത്സവം. കുടുംബസമേതം ഉല്ലാസയാത്രപോകുന്ന പോലെ കുട്ടികളും പരിവട്ടവുമായി വന്നുചേർന്നവർ, ഐസിനും ബലൂണിനും വാശിപിടിച്ചു കരയുന്ന കൊച്ചുകുട്ടികൾ, ചക്കരയ്ക്കു ചുറ്റും ഈച്ച പൊതിഞ്ഞതു പോലെ ആൾക്കൂട്ടം കൂടിനിൽക്കുന്ന ഭക്ഷണശാലകൾ. അതിനിടയിൽ ഓരോന്നും കൊതിയോടെ നോക്കി വിലചോദിച്ചറിഞ്ഞ് കീശ തടവി ആശാഭംഗത്തോടെ നടന്നുനീങ്ങുന്ന എന്നെപോലുള്ളവർ, ലഹരിയുടെ അകമ്പടിയുമായി വന്നവർ, ചെറിയ കലഹങ്ങൾ, വിജയിക്കാത്ത മത്സരാർത്ഥികളുടെ സങ്കടങ്ങൾ, വേദിയിൽ നടക്കുന്നതിലൊന്നും ശ്രദ്ധ പതിപ്പിക്കാതെ സിനിമ കഥകളിലും നട്ടുവർത്തമാനങ്ങളിലും മുഴുകിയവർ. വേദിക്കു പിന്നിൽ പോയാലോ? സങ്കടകരമായ കാഴ്ചകളായിരിക്കും മിക്കതും.
മണിക്കൂറുകൾ മേക്കപ്പിനുള്ളിൽ തളച്ചിടപ്പെട്ട കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും ഉദ്വേഗം നിറഞ്ഞ മുഖങ്ങൾ. മേക്കപ് ഒലിച്ചിറങ്ങാതിരിക്കാൻ വെള്ളം കുടിക്കാതെയും വയറു നിറഞ്ഞാൽ കളിയ്ക്കാൻ പറ്റില്ല എന്ന ആശങ്കയോടെ പട്ടിണി കിടന്നവരും കൂട്ടത്തിലുണ്ട്. മൂത്രമൊഴിക്കാൻ പോലും പറ്റാതെ, ഇറുകിയ കുപ്പായത്തിനുള്ളിൽ വിയർത്ത ശരീരവുമായി എപ്പോഴാണെന്ന് പോലും കൃത്യമായി അറിയാതെ തങ്ങളുടെ ഊഴം കാത്തുനിന്നിരുന്ന പാവം കുട്ടികൾ. കാതടപ്പിക്കുന്ന കൈയ്യടികളോടെ പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടിയ ഭാഗ്യവാന്മാരെ ചിലർ അസൂയയോടെ നോക്കിക്കണ്ടു. ആളൊഴിഞ്ഞ കസേരകൾക്കു മുൻപിൽ ഉറക്കം തൂങ്ങുന്ന മിഴികളോടെയും ഒട്ടിയ വയറുമായി എന്നാൽ അണയാത്ത തീജ്വാലയായി ഉള്ളിൽ കിടന്നു തിളയ്ക്കുന്ന കലയോടുള്ള അർപ്പണബോധവുമായി തങ്ങളുടെ കഴിവിന്റെ നൂറു ശതമാനവും പുറത്തെടുത്ത് പ്രകടനം നടത്തിയവർ. അവരോടുള്ള അനുകമ്പകൂടിയായിരിക്കാം ഉറക്കച്ചടവ് ശരീരത്തെയാകമാനം കീഴ്‌പ്പെടുത്താൻ തുടങ്ങിയിട്ടും തോൽക്കാൻ പറ്റാത്ത മനസ്സുമായി ഇരുന്നിടത്തുനിന്ന് അനങ്ങാതെ വേദിയിലെ അവസാനപ്രകടനവും കഴിഞ്ഞു വിളക്ക് അണക്കുന്നതുവരെ സെക്രട്ടറിയേറ്റിലെ ഒഴിഞ്ഞ കസേരകൾക്കിടയിലിരുന്ന് ജോലി ചെയ്യുന്ന അപൂർവ്വം സർക്കാർ ഉദ്യോഗസ്ഥരെപ്പോലെ എന്നെയും ആ സദസ്സിലിരിക്കാൻ പ്രേരിപ്പിച്ചത്.
രാത്രികളിൽ ഒറ്റയ്ക്ക് ഒരു വേദിയിൽ നിന്ന് ഒന്നുരണ്ടു കിലോമീറ്ററുകൾ അകലെയുള്ള അടുത്ത വേദികളിലേക്ക് നടന്നുപോകുമ്പോൾ പേടിയോ ആശങ്കയോ തോന്നിയിരുന്നില്ല, പകരം എത്രമാത്രം കാണാൻ പറ്റുമോ അത്രയും കാണുക എന്നത് മാത്രമായിരുന്നു ലക്‌ഷ്യം. ഒടുവിൽ നാലാം ദിനം എല്ലാം കഴിഞ്ഞു വീട്ടിലേക്കെത്തുമ്പോൾ മുഴിഞ്ഞ കുപ്പായങ്ങളുടെയും ഒഴിഞ്ഞ കീശയോടുമൊപ്പം നിറഞ്ഞ ഹൃദയമുണ്ടായിരുന്നു. മിഴിവാർന്ന കലാപ്രകടനങ്ങൾ കണ്ടു സംതൃപ്തമായ മനസ്സുണ്ടായിരുന്നു. കൂട്ടത്തിൽ കലയുടെ ആ ഉപാസകരോട് തോന്നിയ ചെറുതല്ലാത്ത ഒരസൂയയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ