പേജുകള്‍‌

ധർമ്മസങ്കടം




കല്ലുകൾ പാകി മനോഹരമാക്കിയ ആ ഒറ്റയടിപ്പാതയിലൂടെ അയാൾ  വെറുതെ നടന്നു, ഏകനായി. കുറച്ചിടവിട്ട് വളരുന്ന ആൽമരങ്ങൾ തണൽ പാകിയ ആ വഴിയിലൂടെ നടക്കുമ്പോൾ മീനച്ചൂടിൽ അയാൾ വാടിയില്ല. ഒത്തിരി പൊക്കമുള്ള ആ മനുഷ്യൻ, പൊക്കമില്ലാത്ത തന്റെ നിഴലിനെ നോക്കി മരങ്ങളുടെ നിഴലുകൾക്കു മീതെ നടന്നു. മരഞ്ചാടിയായ ഒരു കുരങ്ങൻ മരങ്ങൾ ചാടി ചാടി കടക്കുന്നത് പോലെ തന്റെ നിഴൽ ഒരു മരത്തിന്റെ നിഴലിൽ നിന്നും മറ്റൊരു മരത്തിന്റെ നിഴലിലേക്കു ചാടി കയറിക്കൊണ്ടേയിരിക്കുന്ന കാഴ്ച അയാളിൽ കൗതുകം ജനിപ്പിച്ചു. ലക്ഷ്യമില്ലാത്ത നടത്തമായതിനാലായിരിക്കും വേണ്ട എന്ന് കരുതിയിട്ടും ഏതൊക്കെയോ പഴയ ഓർമ്മകൾ തന്നിലേക്ക് അലയടിച്ചുവരുന്നത് തടയാൻ അയാൾക്ക്‌ കഴിഞ്ഞില്ല. മറക്കാനാഗ്രഹിക്കുന്ന, ഒരിക്കലും ചിന്തിക്കില്ല എന്ന് കരുതിയ അശുഭകരമായ ഒരുപാടു ഒരുപാടു ഓർമ്മകൾ. മനസ്സിന്റെ മച്ചിലെവിടെയോ പഴന്തുണി കെട്ടിൽ ഒളിപ്പിച്ചു വച്ച ഓർമ്മകൾ. മനസ്സ് അസ്വസ്ഥമായപ്പോൾ അതിൽ നിന്നും രക്ഷപ്പെടാനെന്നോണം അയാൾ വീണ്ടും തന്റെ നിഴലിനെ നോക്കി, അതിപ്പോഴും മരങ്ങൾ ചാടികടക്കുന്ന തിരക്കിലാണ്. അയാളുടെ വേഗത്തിനനുസരിച്ച്, താളത്തിനനുസരിച്ച് അതും നീങ്ങുകയാണ്. അയാൾ നിൽക്കുമ്പോൾ അതും നിൽക്കും, അയാൾ നടക്കുമ്പോൾ അതും നടക്കും. അങ്ങനെയെങ്കിൽ? അയാൾ ചിന്തിക്കുകയായിരുന്നു. 'അങ്ങനെയെങ്കിൽ ഞാൻ ചിന്തിക്കുമ്പോൾ എന്റെ നിഴലും ചിന്തിക്കുന്നുണ്ടാവുമോ? എന്റെ മനസ്സ് അസ്വസ്ഥമാകുമ്പോൾ അതിന്റെ മനസ്സും അസ്വസ്ഥമാകുമോ? അതിനു മനസ്സിന് നിഴലില്ലല്ലോ.' അയാൾ ഉടനെ തന്നെ തിരുത്തി. 'അതോ നിഴലിന് മനസ്സില്ലാത്തതോ?' അയാൾക്ക്‌ വീണ്ടും സംശയമായി. നിഴലിന്റെ മനസ്സറിയാൻ കഴിയില്ല എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് 'എന്റെ കൺവെട്ടത്തുപോലും നിന്റെ നിഴൽ വീഴരുത്' എന്ന് അച്ഛൻ തന്നോട്  പറഞ്ഞത്. 'നിഴലിന് ഒരാളെ വേദനിപ്പിക്കാൻ പറ്റുമോ? അതോ ആ നിഴൽ ഉണർത്തുന്ന ഓർമ്മകളിൽ പോലും ഞാൻ ഉണ്ടാകരുതെന്ന വാശിയാണോ?' ഉത്തരം തരാതെ അച്ഛൻ പോയി. അമ്മയ്ക്കാണെങ്കിൽ ഒന്നിനും ഒരുത്തരവുമില്ല. നിഴലിനോടാണെങ്കിൽ ചോദിക്കാനും വയ്യ. ഉലയുന്ന മനസ്സോടെ അയാൾ തന്റെ നിഴലിനെ വീണ്ടും നോക്കി. അതിപ്പോഴും ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് കുതിക്കുകയാണ്, തന്റെ ഉടയോന്റെ ചിന്തകൾ അറിയാതെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ