ആവി പറക്കുന്ന ഒരു കപ്പ് ചായയുമായി ഞാൻ ബാൽക്കണിയിലേക്ക് നടന്നു. പാതിരാത്രിയിലെപ്പോഴോ പെയ്ത മഴയുടെ തണുപ്പ് അന്തരീക്ഷത്തിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു. മുറ്റത്ത് അവിടവിടെയായി വെള്ളം കെട്ടി നിൽപ്പുണ്ട്. സമയം എട്ടു മണി കഴിഞ്ഞിരുന്നെങ്കിലും വഴി മുടക്കി നിൽക്കുന്ന മേഘങ്ങൾക്കിടയിലൂടെ തിങ്ങിഞെരിഞ്ഞു മാത്രമേ സൂര്യകിരണങ്ങൾക്ക് ഭൂമിയെ തലോടാൻ കഴിഞ്ഞുള്ളു. ഇലകളിൽ ഉരുണ്ടുകൂടി നിൽക്കുന്ന വെള്ളത്തുള്ളികൾ സൂര്യരശ്മികളാൽ വൈഡൂര്യം പോൽ തിളങ്ങി. ഇന്നലെ രാത്രി അരങ്ങേറിയ ശബ്ദവർണ്ണഘോഷങ്ങളുടെ ബാക്കിപത്രമായി പ്രാണൻ വെടിഞ്ഞ പടക്കങ്ങളുടെ അവശിഷ്ടങ്ങൾ മുറ്റത്ത് നിറയെ ചിതറിക്കിടക്കുന്നു. പ്രാണൻ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വെപ്രാളം കൊണ്ടായിരിക്കുമോ അവയിങ്ങനെ ചെറുകഷണങ്ങളായി ചിതറിത്തെറിച്ചു പോകുന്നത് എന്ന് ഞാൻ ചിന്തിച്ചു. ജീവൻ വെടിയുമ്പോൾ അവ സൃഷ്ടിച്ച സുഖകരമല്ലാത്ത വിഷപ്പുകയുടെ രൂക്ഷഗന്ധം ഇപ്പോഴും അവിടെ തങ്ങി നിൽക്കുന്നതായി എനിക്ക് തോന്നി.
ഇന്നലെ ദീപാവലിയായിരുന്നു. രാവണവധം കഴിഞ്ഞ് ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ഓർമ്മയായും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ സന്തോഷമായും ഒക്കെ ആളുകൾ ഈ ദിവസത്തെ ആഘോഷിക്കുന്നു. ദീപങ്ങളാൽ വീടുകൾ അലങ്കരിക്കുന്നതിനൊപ്പം ആകാശത്ത് കരിമരുന്നുകൾ തീർക്കുന്ന വർണ്ണവിസ്മയങ്ങളിലൂടെയും ദിഗന്തം നടുങ്ങുന്ന ഘോഷങ്ങളിലൂടെയുമാണ് ജനങ്ങൾ സാധാരണ ദീപാവലി ആഘോഷിക്കാറുള്ളത്. ഇവിടെയും ആഘോഷങ്ങൾ ഏതാണ്ട് അങ്ങനെയൊക്കെത്തന്നെയായിരുന്നു . ബഹളം കാരണം ഉറങ്ങാൻ വാവ നന്നേ ബുദ്ധിമുട്ടി. ഞാൻ മുറ്റത്ത് ചിതറി കിടക്കുന്ന ജഡങ്ങളെ നോക്കിക്കൊണ്ട് ചായ ഊതിയൂതി കുടിച്ചു. തകർത്തു പെയ്ത മഴ അവയുടെ ചിതാഭസ്മം കോരിയെടുത്തു കൊണ്ടുപോയിരുന്നു, മോക്ഷ പ്രാപ്തിക്കായി.
നക്ഷത്രങ്ങൾ ചിതറിച്ചുകൊണ്ട് എരിഞ്ഞടങ്ങിയ ചെറുതും വലുതുമായ കമ്പിത്തിരികളുടെ എല്ലിൻകൂടുകൾ മതിലിനോട് ചേർന്ന് വലിച്ചെറിഞ്ഞിരിക്കുന്നു. മൃതരാണെങ്കിലും `ഒരവസരം കിട്ടിയാൽ പച്ചമാംസത്തിൽ തുളഞ്ഞു കയറാൻ പാകത്തിൽ തന്നെയാണ് അവയുടെ കിടപ്പ്. കുട്ടികളാരെങ്കിലും അറിയാതെ അവിടെ കളിയ്ക്കാൻ പോയാലുണ്ടാകുന്ന വിപത്ത് എന്നിൽ ചെറുതായി ഭയത്തിന്റെ വിത്തുകൾ പാകി. തീ ചീറ്റിക്കൊണ്ട് വട്ടത്തിൽ കറങ്ങി പിടഞ്ഞുപിടഞ്ഞു രക്തസാക്ഷിയായ ചക്രങ്ങൾ പലയിടങ്ങളിലായി കിടക്കുന്നു. ചക്രവ്യൂഹത്തിൽ പെട്ടുപോയ അഭിമന്യുവിനെയാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്. കാഴ്ചക്കാരെ രസിപ്പിക്കാനായി പരുപരുത്ത തറയിൽ ഉരഞ്ഞുരഞ്ഞു കറങ്ങിയതിനാലാകണം തൊലി പോയ ശരീരവുമായി കണ്ണീരൊലിപ്പിച്ച് അവ കിടക്കുന്നത്. രാത്രി മുഴുവൻ പെയ്ത മഴയ്ക്കും അവയുടെ കണ്ണീരൊപ്പാൻ കഴിഞ്ഞിട്ടില്ലായെന്ന് എനിക്ക് തോന്നി. തല തകർന്നു കിടക്കുന്ന പൂക്കുറ്റിയിൽ, കത്തിക്കയറിയ തീ ശമിപ്പിക്കാനെന്നവണ്ണം മഴവെള്ളം നിറഞ്ഞിട്ടുണ്ട്. ഒരാൾ വെറുതെ തുപ്പിക്കളയുന്ന ലാഘവത്തോടെ തന്റെ ഓജസ്സും ഊർജ്ജവും എല്ലാം മറ്റുള്ളവർക്കായി തലയിലൂടെ പുറത്തേക്ക് വർണ്ണങ്ങളായി വിതറിയ ആ പാവത്തിന്റെ അവസ്ഥ എന്നെ തെല്ലൊന്ന് വേദനിപ്പിച്ചു. അമ്പിളിയമ്മാവനെ തൊടാം എന്ന വ്യാമോഹത്തോടെ ആകാശത്തേക്ക് കുതിച്ചുയർന്ന് അല്പനേരത്തിനകം തകർന്നു വീണ ബാണങ്ങളുടെ ഉടലും കരിഞ്ഞ തലയും അവിടവിടെയായി കാണാം. റോക്കറ്റ് വിക്ഷേപണ യന്ത്രങ്ങളായി പ്രവർത്തിച്ചതെന്ന് തോന്നിപ്പിച്ച ഒന്നുരണ്ട് കുപ്പികൾ ആരോ മറന്നുവെച്ചതു പോലെ തെങ്ങിൻ ചുവട്ടിൽ കിടക്കുന്നത് കണ്ടു. കുറച്ചപ്പുറത്തായി മാറി നിൽക്കുന്ന മാവിന്റെ താഴ്ന്നുകിടക്കുന്ന ചില്ലയിൽ കരിന്തിരി കത്തിയതുപോലെ ഒരു ചരട് ഇളംകാറ്റിൽ പതുക്കെ ആടുന്നത് കാണാം. ഏതു നിമിഷം വേണമെങ്കിലും വീഴാം എന്ന നിലയിലാണ് അതിന്റെ നില്പ്. നിമിഷങ്ങളോളം നിർത്താതെ പൊട്ടിത്തെറിച്ച് കാഴ്ചക്കാരെ ത്രസിപ്പിച്ച മാലപ്പടക്കത്തിന്റെ ബാക്കിപത്രമായിരുന്നു അത്. ആ കാഴ്ച, മനുഷ്യച്ചങ്ങലപോലെ സ്വയം പൊട്ടിത്തെറിക്കുന്ന ചാവേറുകളെ ഓർമ്മിപ്പിച്ചു. കൂട്ടപ്പൊരിച്ചിലിന്റെ ഉന്തിലും തള്ളിലും പെട്ട് തെറിച്ചു പോയ ചില ഒറ്റയാൻ പടക്കങ്ങൾ കുറച്ചകലെയായി വീണുകിടപ്പുണ്ടായിരുന്നു. പൊട്ടാത്ത പടക്കങ്ങൾ തപ്പിയിറങ്ങിയ കുട്ടികൾ മഴയിൽ കുതിർന്നു കിടക്കുന്ന അവയെ കണ്ട് നിരാശയോടെ വെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട് തിരിച്ചുപോയി. ആകാശം നടുങ്ങും ഘോഷത്തോടെ പൊട്ടിത്തെറിച്ച ഗുണ്ടുകൾ, ആരോ കത്തിച്ചെറിഞ്ഞു തകർത്ത ഓലപ്പടക്കങ്ങൾ, പല നിറങ്ങൾ പൊഴിച്ചശേഷം പ്രാണൻ വെടിഞ്ഞ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന തിരികൾ അങ്ങനെ തിരിച്ചറിയുന്നതും അല്ലാത്തതുമായ പടക്കങ്ങളുടെ കത്തിക്കരിഞ്ഞ ശരീരങ്ങൾ ധർമ്മയുദ്ധം കഴിഞ്ഞ കുരുക്ഷേത്രഭൂമിയെ ഓർമ്മിപ്പിച്ചു. ജലസമാധിയെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ചില മൃതശരീരങ്ങൾ മുറ്റത്ത് കെട്ടികിടക്കുന്ന വെള്ളത്തിലും കണ്ടു. ഈ കൂട്ടമരണങ്ങൾക്ക് സാക്ഷിയാകേണ്ടി വന്ന മെഴുകുതിരി സ്വയം ഉരുകിയുരുകി മരണത്തെ പുല്കിയതിന്റെ തെളിവായി അതിന്റെ അസ്ഥിപഞ്ജരം മുറ്റത്തിന്റെ ഒരു ഭാഗത്ത് കാണാൻ കഴിഞ്ഞു.
ഈ കാഴ്ചകൾ നോക്കിനിൽക്കെ പണ്ട് കുട്ടിക്കാലത്ത് വിഷുവിന് പടക്കങ്ങൾ ആവേശത്തോടെ പൊട്ടിച്ചത് ഓർമ്മയിൽ വന്നു. വലുതാവുംതോറും എന്തുകൊണ്ടോ പടക്കങ്ങളോടുള്ള താല്പര്യം എന്നിൽ കുറഞ്ഞു വന്നു. ഒരുപക്ഷേ അവയുണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ ഓർത്തു തന്നെയായിരിക്കും ഉപയോഗിക്കേണ്ട എന്ന തീരുമാനത്തിലേക്ക് ഒടുവിൽ എന്നെ എത്തിച്ചതും.
മോള് ഒരുപാട് വാശി പിടിച്ചപ്പോൾ കഴിഞ്ഞ വർഷം ദീപാവലിക്ക് വർണ്ണങ്ങൾ മാത്രം വിതറുന്ന കുറച്ചു പടക്കങ്ങൾ വാങ്ങിയിരുന്നു. എന്നാൽ ഇത്തവണ വാങ്ങാൻ ഞാൻ കൂട്ടാക്കിയില്ല. പലപ്പോഴും അന്തരീക്ഷ മലിനീകരണത്തെയും പരിസരശുചിത്വത്തേയും കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന എന്റെ സുഹൃത്തുക്കൾ തന്നെയാണ് ഈ ഭീകരകൃത്യം നിർവഹിച്ച് പൊടിയും തട്ടി പോയതെന്ന് ആലോചിച്ചപ്പോൾ അറിയാതെ എന്റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു.
ഇന്നലെ വരെ പല കടകളിൽ പലരെയും മോഹിപ്പിച്ച് പല നിറങ്ങളിൽ വിരാജിച്ചിരുന്ന ഈ പടക്കങ്ങളുടെ ഇന്നത്തെ അവസ്ഥ വീണപൂവിന്റേതിൽ നിന്നും വ്യത്യസ്തമല്ലെന്നും അത് സർവ്വ ചരാചരങ്ങൾക്കും ബാധകമാണെന്നുമുള്ള ചിന്തയിലേക്ക് ഞാൻ എത്തി. എല്ലാത്തിനെയും സ്വീകരിക്കുന്ന മണ്ണിലേക്ക് അലിഞ്ഞുചേരുക എന്ന കർമ്മം മാത്രമേ ഇവയ്ക്ക് ഇനി ചെയ്യാനുള്ളൂ എന്നും എന്റെ നൊമ്പരത്തിന് യാതൊരു സ്ഥാനവുമില്ല എന്നും ഞാൻ തിരിച്ചറിഞ്ഞു. പിന്നിൽ ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. മോളാണ്, മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. എന്റെ അടുത്ത് വന്നു അവളും മുറ്റത്തേക്ക് നോക്കി. ചിതറിക്കിടക്കുന്ന പടക്കങ്ങൾ കണ്ടപ്പോൾ ഒത്തിരി സങ്കടത്തോടെ അവൾ പറഞ്ഞു, "എന്നാലും ഇന്നലെ അച്ഛൻ ഒരു കമ്പിത്തിരി പോലും വാങ്ങി തന്നില്ലല്ലോ" മറുപടിയൊന്നും പറയാതെ കാലിയായ ചായക്കപ്പുമായി ഞാൻ അടുക്കളയിലേക്കു നടന്നു.
പിൻകുറിപ്പ്: ദീപാവലി പിറ്റേന്ന് ചിതറിക്കിടക്കുന്ന പടക്കങ്ങളുടെ അവശിഷ്ടങ്ങൾ കണ്ട് അതിൽ നിന്നും മനോഹരമായ കവിത സൃഷ്ടിച്ച മധുവിന് ഈ കഥ സമർപ്പിക്കുന്നു. മധുവിന്റെ വരികളാണ് എനിക്ക് പ്രചോദനമായത്.
കത്തിയമർന്ന ഓരോന്നിന്റെയും കാഴ്ച്ചകൾ താങ്കളുടെ മനക്കണ്ണിൽ സന്നിവേശിപ്പിക്കുന്ന ചിത്രങ്ങൾക്ക് യാഥാർഥ്യങ്ങളുടെ പച്ചമണമുണ്ട്..അതൊരു വർത്തമാനചിന്തയിലേക്ക് നയിക്കുന്നുണ്ട്.. ആശംസകൾ
മറുപടിഇല്ലാതാക്കൂതകർന്നു കിടക്കുന്നവ അത് ജീവനുള്ളതായാലും അല്ലെങ്കിലും നമുക്ക് പകർന്നു തരുന്ന കാഴ്ച ഭീകരമാണ്. ആ ചിന്തയിൽ നിന്ന് ഉദിച്ചതാണ് ഒരു കഥയോ ലേഖനമോ എന്ന് കൃത്യമായി വിളിക്കാനറിയാത്ത രൂപമായി ഇവിടെ പകർത്തിയത്. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു നന്ദിയും സ്നേഹവും..
ഇല്ലാതാക്കൂഓരോ ആഘോഷങ്ങളുടെയും ബാക്കിപത്രങ്ങൾ....
മറുപടിഇല്ലാതാക്കൂഎല്ലാ ആഘോഷങ്ങളുടെയും ബാക്കിപത്രം ഇതുപോലെയുള്ള ദയനീയമായ കാഴ്ചകളാണ്..അവശിഷ്ടങ്ങളാണ്..
ഇല്ലാതാക്കൂ.ദീപാവലിയുടെ ബാക്കിപത്രം. അല്ലേ.
മറുപടിഇല്ലാതാക്കൂഒരുവിധം എല്ലാ ആഘോഷങ്ങളുടെയും ബാക്കിപത്രം ഇതുപോലെ എന്തെങ്കിലും അവശിഷ്ടങ്ങൾ ആയിരിക്കും..ചിലപ്പോൾ തകർന്ന കാഴ്ചകളും ആവാം..
ഇല്ലാതാക്കൂ