പേജുകള്‍‌

പാട്ടോർമ്മകൾ 1: നിലാവ് പോലൊരു പാട്ട്




കാലങ്ങൾ എത്ര കഴിഞ്ഞാലും വറ്റാത്ത തെളിനീരുറവ പോലെ മനസ്സിലെ ഓർമ്മച്ചെപ്പിൽ ഒഴുകികൊണ്ടേയിരിക്കുന്ന ചില പാട്ടുകളുണ്ട്. എന്തുകൊണ്ടെന്ന് പറയാൻ കഴിയാത്ത കാരണത്താൽ കുട്ടിക്കാലത്തെങ്ങോ നമ്മൾ ഹൃദയത്തോട് ചേർത്ത് പിടിച്ചവയായിരിക്കും ആ പാട്ടുകൾ. അങ്ങിനെയൊരു പാട്ടിനെക്കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. എപ്പോഴാണ് ഈ പാട്ട് ആദ്യമായി കേട്ടതെന്നു എനിക്കോർമ്മയില്ല പക്ഷെ അതിനെ എന്റെ ഹൃദയത്തിൽ ഞാൻ കുടിയിരുത്തിയത് മൂന്നാം തരത്തിൽ പഠിക്കുമ്പോൾ നടന്ന ഒരു സാഹിത്യസമാജത്തിന്റെ അന്നുതൊട്ടാണെന്ന് മാത്രം എനിക്കറിയാം.
വെള്ളിയാഴ്ചകളിൽ നടക്കുന്ന സാഹിത്യസമാജത്തിൽ പാടാനായി ഒരു പാട്ട് പഠിപ്പിച്ചു തരണമെന്ന് ഞാൻ ആവശ്യപ്പെട്ടത് അമ്മയോടായിരുന്നു. അമ്മ അത്യാവശ്യം പാടും എന്നതിനാലായിരുന്നു ആ തീരുമാനം. പാട്ട് തെരഞ്ഞെടുത്തതും പഠിപ്പിച്ചു തന്നതും അമ്മയായിരുന്നു. അക്കാലങ്ങളിൽ സ്ഥിരമായി ആകാശവാണിയിലെ ചലച്ചിത്രഗാനപരിപാടിയിൽ കേൾക്കുമായിരുന്ന ആ പാട്ട് ഒരു ദിവസം കൊണ്ട് തന്നെ പഠിച്ചെടുത്തു എന്നാണെന്റെ ഓർമ്മ. അമ്മയിൽ നിന്ന് ആദ്യമായി പഠിച്ചതിനാലാകണം ഇന്ന് വരെ ആ പാട്ട് ഞാൻ മറന്നിട്ടുമില്ല അതിന്റെ മാധുര്യം എന്നിൽ നിന്നും മാഞ്ഞിട്ടുമില്ല.
ആ ആഴ്ചയിലെ വെള്ളിയാഴ്ച ആവാനായി ഞാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു. വളരെ പതുക്കെയാണ് നേരം കടന്നുപോകുന്നതെന്ന് പോലും തോന്നിപ്പോയിരുന്നു. ഒടുവിൽ ആ ദിവസമെത്തി.ഉച്ചയൂണ് കഴിഞ്ഞതും ചാക്കോ മാഷിനെ വിളിച്ചു കൊണ്ട് വന്നു. മാഷ് വന്നു, കുറച്ചു നേരം സംസാരിച്ചു. ഒടുവിൽ പരിപാടി അവതരിപ്പിക്കുന്നതാരൊക്കെ എന്ന് ചോദിച്ചു. ആ ചോദ്യം കേൾക്കാൻ കാത്തിരുന്നവനെന്നപോലെ ഞാൻ ഉടനെ ചാടി എഴുന്നേറ്റു. എന്റെ ആവേശം കണ്ടിട്ടായിരിക്കണം പാട്ട് പാടാനായി മാഷ് ആദ്യം തന്നെ എന്നെ വിളിച്ചു. എന്റെ ഹൃദയം സന്തോഷാധിക്യത്താൽ തുള്ളിച്ചാടുകയായിരുന്നു. ഈയൊരു നിമിഷത്തിനു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. യാതൊരു വിധ ഭയമോ വിറയലോ സഭാകമ്പമോ കൂടാതെ ഒരു ചെറു പുഞ്ചിരിയോടെ ഞാൻ പാടി; ഞാൻ നെഞ്ചിലേറ്റിയ ആ പാട്ട്.
രണ്ടു പതിറ്റാണ്ടിനു മുൻപ് ഇത്തിരി അനുനാസികശബ്ദവുമായി യേശുദാസ് എന്ന ഗാനഗന്ധർവ്വൻ വാഴുന്ന സിനിമാഗാനലോകത്തേക്ക് കൂസലില്ലാതെ കടന്നുവന്ന്, പിന്നീട് ഭാവഗായകനായി ഏവരുടെയും ഹൃദയത്തിൽ കുടിയേറിയ സാക്ഷാൽ പി ജയചന്ദ്രന്റെ കണ്ഠത്തിൽ നിന്ന് മലയാളികൾ കേട്ട ആദ്യത്തെ പാട്ടായിരുന്നു അത്. 'കളിത്തോഴൻ' എന്ന സിനിമക്ക് വേണ്ടി ദേവരാജൻ മാഷ് ആത്മാവിൽ തൊട്ട ഈണവുമായി സൃഷ്ടിച്ച മനോഹരമായ ഗാനം, 'മഞ്ഞലയിൽ മുങ്ങിത്തോർത്തിയ മധുമാസചന്ദ്രികയായി' മലയാളി മനസ്സിൽ ഇന്നും വിളയാടുന്ന മധുരമനോഹരസുന്ദരഗാനം. ഒരു പക്ഷെ അതിനുമുമ്പും പിൻപും ഇത്രയും ലാഘവത്തോടെ ഞാൻ ഒരു പാട്ട് പാടിയിട്ടുണ്ടാവില്ല. പാടിക്കഴിഞ്ഞതും ആദ്യം കൈയ്യടിച്ചതു ചാക്കോമാഷ് തന്നെയായിരുന്നു. നിമിഷങ്ങൾ കടന്നുപോയി. നിറഞ്ഞ മനസ്സോടെ ബെഞ്ചിൽ പോയിരുന്ന എന്നെ വിടർന്ന ചിരിയോടെ മാഷ് വീണ്ടും വിളിച്ചു. എന്നിട്ട് ഒരിക്കൽ കൂടി ആ പാട്ട് പാടാൻ പറഞ്ഞു. ഇത്തവണ എനിക്ക് അമ്പരപ്പായിരുന്നു തോന്നിയത്. ആദ്യമായി പാടിയ പാട്ട്, അതിത്രയ്ക്കും നന്നായോ എന്ന സംശയം എന്നിൽ ഉടലെടുത്തിരുന്നു. എങ്കിലും ഞാൻ പാടി, മുമ്പത്തെപ്പോലെ തന്നെ. പാട്ടിൽ ലയിച്ച് പ്രേമപൂർവ്വം ഞാൻ ചകോരിയെ വിളിച്ചു, ഒന്നല്ല മൂന്നാവർത്തി അതും ആ വാക്കിന്റെ അർഥം പോലുമറിയാതെ. ഇത്തവണയും പാടിത്തീർന്നപ്പോൾ മാഷുൾപ്പടെ എല്ലാവരും കൈയ്യടിച്ചു. ഒരു പക്ഷേ ആ ദിവസം മുഴുവൻ അതോ ദിവസങ്ങളോളമോ ആ പാട്ട് സമ്മാനിച്ച അനുഭൂതിയിൽ ഞാൻ അലിഞ്ഞിറങ്ങിയിരിക്കണം.
ഏതായാലും ഈ സംഭവത്തിന് ശേഷം തരക്കേടില്ലാതെ പാടാൻ കഴിയും എന്നൊരു വിശ്വാസം കുറച്ചുകാലം എന്നിൽ ചൂഴ്ന്നുനിന്നിരുന്നു, പിന്നീട് അത് മാഞ്ഞുപോയെങ്കിലും. ആ പള്ളിക്കൂടത്തിൽ വച്ച് വേറൊരു പാട്ട് ഞാൻ പാടിയിട്ടില്ല. പക്ഷേ ആറാംതരത്തിലും ഏഴാംതരത്തിലും പഠിക്കുമ്പോൾ പല തവണ പാട്ടുകൾ പാടാനായി ഞാൻ വേദിയിൽ കയറിയിട്ടുണ്ട്. കുടുംബസദസ്സുകളിൽ ഇന്നും വല്ലപ്പോഴും പാടാറുമുണ്ട്. പക്ഷേ വർഷങ്ങൾക്ക് മുൻപ് മൂന്നാം തരത്തിൽ പഠിക്കുമ്പോൾ പാടിയത് പോലെ സങ്കോചമില്ലാതെ പാടാൻ പിന്നീട് എനിക്ക് കഴിഞ്ഞിട്ടേയില്ല. അന്ന് ചാക്കോ മാഷ് പറഞ്ഞത് പോലെ പാടിയ പാട്ട് ഒരിക്കൽ കൂടി പാടാൻ ആരും പറഞ്ഞിട്ടുമില്ല.
ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്, എന്തിനായിരിക്കും മാഷ് എന്നെക്കൊണ്ട് വീണ്ടും പാടിച്ചത്? അത്രയും മനോഹരമായി ഞാൻ പാടിയതുകൊണ്ടായിരിക്കുമോ അതോ രണ്ടാംതവണ പാടിക്കുമ്പോഴെങ്കിലും ഇവൻ നന്നായി പാടാൻ ശ്രമിക്കുമായിരിക്കും എന്ന വിശ്വാസം കൊണ്ടോ? അറിയില്ല, ഞാൻ മാഷോട് ഒരിക്കലും ചോദിച്ചുമില്ല. ഏതായാലും അന്നെന്നിൽ കുടിയേറിയ ആ ധനുമാസചന്ദ്രലേഖ ഇന്നും സ്വർണ്ണനിലാവ് പൊഴിച്ചുകൊണ്ടെന്റെ മനസ്സിലും ഹൃദയത്തിലും വിരാജിക്കുന്നു. അതിലേറെ പ്രിയമായി ആ ഗായകനും നിറഞ്ഞുനിൽക്കുന്നു, ഒരു പ്രേമചകോരിയെപ്പോലെ.

2 അഭിപ്രായങ്ങൾ: