പേജുകള്‍‌

പുഴ

  


1.

തന്നിലേക്കണഞ്ഞും കവർന്നും എടുത്തോരോ-
വിഴുപ്പും ദുഖങ്ങളുമെല്ലാം മാറോട് ചേർത്ത-
ഗാധമാം മൗനത്തിലാണ്ടും ചിരിച്ചും കരഞ്ഞുമീ-
പ്പുഴയൊഴുകുന്നു ധരണിയിൽ അവിശ്രമം
പിന്നെയൊടുവിലാ ഉടലുമുയിരും നിശ്വാസങ്ങളു-
മായിയണയുന്നു, മഹാസാഗരമതിൽ നിദ്ര പൂകുന്നു

2.

കാടും മേടും കണ്ടുനടക്കുമൊരു
നാടോടിപെൺകൊടി ഞാൻ
എൻ പ്രിയ കാമുകനാം സാഗരത്തെ
പ്രേമപൂർവ്വം പുൽകാൻ പോകുന്നു
ഒരു നാൾ മെല്ലവേ ഞാൻ മേഘമായീടും
പിന്നെ വർഷമായി, പുഴയായി, ആഴിയായി
മാറീടും, ഒരു ചാക്രികകർമ്മം പോലെ
പുനർജ്ജന്മങ്ങളീവിധം തുടരും കാലങ്ങളോളം

3.
കാതമേറെയുണ്ട് താണ്ടുവാനെനിക്ക്
ഞാനതിനാലാവിശ്രമമൊഴുകുന്നു
എൻ ഹൃദയേശ്വരസന്നിധിയണയാനും
ദുഃഖങ്ങളെല്ലാമലിയിച്ചു കളയാനും
പിന്നൊരുനാൾ നീരാവിയായ് കാർമേഘമായ്
ആകാശത്തിൽ ഞാൻ ഒഴുകി നടക്കും
ഒടുവിലൊരു ബിന്ദുവായി, വർഷമായി പെയ്തിറങ്ങും
പുതിയ കാഴ്ചകൾ കണ്ട് കഥകൾ കേട്ട്
പ്രാർത്ഥനകളും ദുഃഖങ്ങളും ഏറ്റുവാങ്ങി
അവിരാമം ഞാനൊഴുകും ഒടുവിലെൻ
താവളമണയുംവരേക്കുമൊരു നാടോടിപെൺകൊടിപോൽ
പുനർജ്ജന്മങ്ങളിലീവിധം കാലാതിവർത്തിയായി ഞാൻ

4.

ഇടതൂർന്ന മാമരങ്ങൾ നിരയായി കുടപിടിക്കും
വെള്ളിമണൽ ചിരിനിറയും പുളിനങ്ങളിൽ  
ചിരിതൂകി ഒളിതൂകി കഥകൾ കേട്ടങ്ങനെ
താളത്തിലൊഴുകുന്നു പുഴ സ്വച്ഛമായ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ