പേജുകള്‍‌

ഉണരൂ കിടാങ്ങളെ..


കിഴക്കന്മലകളിൽ വെയിൽ ചൊരിഞ്ഞ്
കതിരവൻ ധരണിയെമെല്ലെയുണർത്തി 
കുളിരാർന്ന സ്വപ്‌നങ്ങൾ കണ്ടുറങ്ങും 
കിടാങ്ങളെ മിഴി തുറക്കാൻ നേരമായി  

പല്ലുതേയ്ക്കണം കുളിച്ചീടേണം പിന്നെ
പലഹാരമൊരിത്തിരി വാരിക്കഴിക്കണം
പുസ്തകങ്ങൾ മാറോട് ചേർത്തു പിടിക്കണം  
പള്ളിക്കൂടം തന്നിൽ വേഗമണയണം 

ഈശ്വരനെയൊന്നു മനസ്സിൽ നിരൂപിച്ച്
ഈശ്വരതുല്യരാം ഗുരുക്കളെ വണങ്ങണം
ഇഷ്ടമോടെയോരോ പാഠങ്ങൾ കേൾക്കണം
ഇഷ്ടതോഴരോടൊന്നിച്ച് മത്സരിച്ചീടണം

ഉച്ചയ്ക്ക് സൂര്യനുച്ചിയിൽ നിൽക്കവേ 
ഉച്ചക്കഞ്ഞി സ്നേഹേണ പങ്കിടേണം
ഊഞ്ഞാലിലാടണം ഉച്ചത്തിൽ കൂവണം
ഊർജ്ജ്വസ്വലരായി ക്ളാസ്സിലേക്കോടണം

സായാഹ്നം മെല്ലെയണയുന്ന നേരത്ത്  
സാവധാനം വീട്ടിലേക്കെത്തീടേണം 
സന്ധ്യയാകും വരെ സൗഹൃദം പൂക്കണം
സന്ധ്യാനാമം മുടങ്ങാതെ ചൊല്ലീടേണം 

പാരീതിലിരുട്ടു പരക്കുന്നതിൻ മുന്നേ
പാഠങ്ങളൊക്കെ പഠിച്ചെടുത്തിടേണം
പശി മാറ്റുവാനായി അത്താഴമുണ്ണണം
പായ വിരിക്കേണം ഗാഢമുറങ്ങണം

അച്ഛനേംമമ്മയേം ആദരിച്ചീടേണം
അക്ഷരങ്ങൾ പോലെ ജ്വലിച്ചീടേണം
അൻപോടെ വളരണം വാനോളമുയരണം
അവനിയിലാകെ വെളിച്ചമായീടേണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ