പേജുകള്‍‌

പ്രണയം

  
1 .
പൊൻനിലാവ് പൊഴിയുമീ വേളയിൽ
ചന്ദനഗന്ധം ഉയരുന്നുവോ? സഖീ
നമുക്കീ നിലാമഴയിൽ കുളിച്ചിടാം
ഹൃദയങ്ങൾ ഒന്നായി ചേർത്തിടാം
ഇനി സുഖദുഃഖങ്ങളില്ലെനിക്കെന്റേതെന്നും
നിനക്ക് നിന്റേതെന്നുമെല്ലാം നമുക്കൊന്നു -
മാത്രം, കൈ കോർത്ത് നമുക്കീ മണ്ണിൽ
നടക്കാമീപ്പുഴയിൽ രമിക്കാം തുടിക്കാം
കുളിരാർന്ന രാത്രികളിൽ ഒറ്റപുതപ്പിൻ
കീഴിലഭയം തേടാം ഒന്നായി തീർന്നിടാം
ഒന്നാകിലും രണ്ടെന്ന ഭാവം നിഴലിക്കുമീ
മാനവർക്കിടയിൽ നിന്നൊരുമിച്ചു കാണാമീ-
ഭൂമിയും ആകാശവും വർഷവും വസന്തവും
നമ്മൾ കാലാവശേഷരാകും വരേയ്ക്കും

2 .
ജലോപരിതലത്തിൽ വിരിയു
മോളങ്ങളിലിളകും അംബുജ
മെൻ മൗനമോ നിൻ ഹൃദയമോ?
ആകാശവീഥികളിൽ ഒഴുകും
കാറ്റിലുലയും മേഘങ്ങളെൻ
സ്വപ്നമോ നിൻ സ്നേഹദൂതോ?
പകലോൻ പൊഴിക്കും കിരണങ്ങ
ളിൽ തെളിയും പാലൊളിയെൻ
പ്രത്യാശയോ നിൻ പുഞ്ചിരിയോ?
അവനിയെപ്പൊതിയും പവന-
നിൽ നിറയും സുഗന്ധമെൻ
ചുംബനമോ നിൻ നിശ്വാസമോ?

3 .
പിണക്കങ്ങൾ തളിരുന്നിടമല്ലോ
ഇണക്കങ്ങളാം പൂ വിരിയുന്നത്
ആ പൂക്കളിൽ നിന്ന് പിറക്കുമല്ലോ
സ്നേഹം പരത്തുമോരുണ്ണികൾ കായ്കൾ

4 .
പച്ച പുതച്ചൊരു പ്രണയിനിയുടെ
കാതിൽ കളിവാക്കുകളോതി മെല്ലെ
വെൺമേഘഹംസങ്ങൾ ചിറകുവീശി
പാറിക്കളിക്കുന്നിതാ നീലവാനിൽ

5 .
പാതിമെയ്യ് പകുത്തു തരാം, ഞാനെന്റെ
പാതി മനവും നിനക്കായി നൽകീടാം
ഒരൊറ്റ ഉടലും മനവുമായി നമുക്കീ
ഭൂമിയിലർദ്ധനാരീശ്വരരായി വാഴാം






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ