പേജുകള്‍‌

അനിയത്തി



മുറ്റത്തെ തൊടിയിലെ പിച്ചകവല്ലിയിൽ 

ഹിമബിന്ദു ചുംബിച്ച പൂവിതാ നിൽപ്പൂ 

പുഞ്ചിരി തൂകിയും നറുമണം പരത്തിയും

വിലസുന്നിവളെൻ കുഞ്ഞുപെങ്ങളല്ലയോ 


പടിവാതിൽക്കലെൻമുഖം കാണുമ്പോഴാ- 

ക്കൺകളിൽ നിറയുന്നു സ്നേഹക്കടൽ

ഏട്ടനെക്കണ്ടോരനിയത്തിക്കുട്ടിയായി 

ചായുന്നുവോ പാണി കവർന്നീടുവാൻ   


പിച്ചകപ്പൂവേയെൻ അനിയത്തിക്കുട്ടിയെ- 

ന്നുച്ചരിച്ചീടുന്നു മാനസം ആർദ്രമായി 

കൈകളാൽ കോരിയെടുത്തിട്ടു മെല്ലവേ 

ചേർത്തീടും ചുണ്ടുകൾ മൂർദ്ധാവിലായി 


മൃദലമാം കവിളിൽ തലോടിയൊരിത്തിരി- 

ക്കുശലങ്ങൾ സ്നേഹേണ പങ്കുവെക്കും 

നേരം കഴിയുമ്പോൾ പിരിയുന്നു ദുഃഖേന  

കാത്തിരിപ്പൂ മറ്റൊരു പുലർകാലത്തിനായി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ