പേജുകള്‍‌

ശബരീശ്വര സന്നിധിയില്‍ നിന്നും ശബരിഗിരിനാഥ സന്നിധിയിലേക്ക്


            കഴിഞ്ഞ 2-3 ആഴ്ചയായുള്ള  തുടര്ച്ചയായ നാട്ടില് പോക്ക് കാരണം അലക്കാനുള്ള കുപ്പായത്തിന്റെ എണ്ണം കൂടി കൂടി വന്നു. അങ്ങനെയാണ് എല്ലാം വാരി കെട്ടി ശാന്തിയുടെ വീട്ടിലേക്ക് ചെന്നത്. പോകുന്ന വഴിക്കു എച്ച്എഎല് അമ്പലത്തില് കയറി. വിവേകാനന്ദ ബസ്സിന്റെ ശബരിമല യാത്രയെ കുറിച്ചുള്ള വിവരങ്ങള് അറിയുക എന്നതായിരുന്നു ഉദ്ദേശം. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായുള്ള ശീലം കാരണം ഇത്തവണയും വൃശ്ചിക മാസത്തില് വ്രതം ആരംഭിച്ചിരുന്നു. എന്നാല് പതിവിന് വിപരീതമായി ഇപ്രാവശ്യം ആരെയും കൂട്ടിന് കിട്ടിയില്ല മലക്ക് പോകാന്. അങ്ങനെയിരിക്കുംബോഴാണ് ബസ്സിന്റെ കാര്യം ഓര്മ്മയില് വന്നത്. കാര്യങ്ങളൊക്കെ വിശദമായി അന്വേഷിച്ചു, നാളെ അറിയിക്കാം എന്നു എജെന്റിനോട് പറഞ്ഞു നേരെ ശാന്തി/ജയ്-യുടെ വീട്ടിലേക്ക് വച്ച് പിടിച്ചു. അവിടെ എത്തുംബോഴേക്കും രാത്രിയായിരുന്നു. അവിടെയിരുന്ന് കുശലം പറയുന്നതിന്റെ ഇടയിലാണ് ജയ് മലക്ക് പോകുന്ന കാര്യം പറഞ്ഞത്. അവന്റെ കൂടെ വേറെ ഒരാള് മാത്രമേ ഉള്ളൂ. ഏതായാലും തേടിയ വള്ളി കാലില് ചുറ്റി എന്നു ഞാന് ഊഹിച്ചു.അപ്പോള് തന്നെ അവന് പോകുന്ന ട്രയിന്-ല് എനിക്കും ടിക്കെറ്റ് എടുത്തു, അവന്റെ നാടായ തൃപ്രയാറിലേക്ക്.സാധാരണ എന്റെ നാട്ടിലെ അമ്പലത്തില് നിന്നാണ് ഇരുമുടി നിറച്ചു യാത്ര തിരിക്കുന്നത്. ഇത്തവണയും അങ്ങനെ ആയിരിക്കുമെന്ന് കരുതിയതാണ്. പക്ഷേ എത്ര പെട്ടെന്നാണ് കാര്യങ്ങള് കീഴ്മേല് മറിഞ്ഞത്! എന്റെ വിദൂര സ്വപ്നങ്ങളില് പോലും ഇല്ലായിരുന്ന കാര്യമാണ് സംഭവിക്കാന് പോകുന്നത്. നാലംബലങ്ങളില് ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം. മുന്‍പൊരു തവണ ശബരിമല യാത്രക്കിടയില് അവിടൊന്നു കേറിയതൊഴിച്ചാല് എനിക്കു തീര്‍ത്തും അപരിചിതമായ ഒരു സ്ഥലം.വിധാതാവിന്റെ ഓരോ തീരുമാനങ്ങള്. അല്ലാതെന്തു പറയാന്.. ...!!ഞാന് അത്ഭുതപ്പെട്ടുപോയി. ഒരിക്കലും നിനച്ചിരിക്കാത്ത ഒരു യാത്ര.ഇത് തന്നെയായിരുന്നു ഇത്തവണത്തെ എന്റെ ശബരിമല യാത്രയിലെ പ്രത്യേകതയും..

           നാട്ടിലേക്ക് വിളിച്ചു കാര്യങ്ങള് പറഞ്ഞു. ഡിസംബര് 13-നു പോകാനാണ് തീരുമാനിച്ചിട്ടുള്ളത്.ഏതായാലും അന്ന് റയില്‍വേ സ്റ്റേഷനില് വച്ച് കാണാമെന്നു  പറഞ്ഞു പിറ്റേ ദിവസം ഞാന് എന്റെ വീട്ടിലേക്ക് മടങ്ങി. ദിവസങ്ങള് പെട്ടെന്ന് കടന്നു പോയി.അതിനിടയില് ഒരു തവണ കൂടി നാട്ടില് പോയി വന്നു. വരുമ്പോള് ഇരുമുടിയും കറുത്ത മുണ്ടും കൊണ്ട് വന്നിരുന്നു. മാല വേറെ സംഘടിപ്പിച്ചു. 13 -നു രാവിലെ തന്നെ കൊണ്ടുപോകാനുള്ള സാധനങ്ങള് എടുത്തു വച്ചു. എന്റെ കൈയിലുള്ള ബാഗ് ചെറുതായതിനാല് ഒരു സുഹൃത്തിന്റെ  കൈയില് നിന്ന് വേറെ ഒപ്പിച്ചു. വൈകുന്നേരം ഓഫീസ്സില് നിന്ന് നേരത്തെ ഇറങ്ങി.ബാഗുമെടുത്ത് ഏതാണ്ട് 7 : 30 നു വീട്ടില് നിന്നിറങ്ങി. സ്റ്റേഷനില് കൊണ്ട് വിടാന് സുഹൃത്ത് ബൈക്കുമായി വന്നിരുന്നു. സാധാരണ പോകാറുള്ള സ്ഥലമല്ലാത്തതിനാല്  കൃത്യമായി വഴി അറിയില്ലായിരുന്നു.വഴി പറഞ്ഞു തന്ന ആള് ഒരിത്തിരി ചുറ്റിയുള്ള വഴിയാണ് പറഞ്ഞു തന്നത്. നല്ല തണുപ്പുണ്ടായിരുന്നു.ബൈക്കിലായതിനാല് അതിന്റെ കാഠിന്യം ശരിക്കും അനുഭവിച്ചു.തണുത്തു വിറച്ചാണ് സ്റ്റേഷനില് ചെന്ന് കയറിയത്.അളിയനും പെങ്ങളും നേരത്തെ എത്തിയിരുന്നു. കുറച്ചു സമയം കൂടി ഉണ്ട് വണ്ടി വരാന്.. . കുങ്കന്റെ കളി കണ്ടിരുന്നു, അതിനിടയില് സുഹൃത്ത് തിരിച്ചു പോയി.കുങ്കനെ കെട്ടിപിടിച്ചിരുന്നു തണുപ്പിന്റെ ശല്യം ഇത്തിരി കുറക്കാന് നോക്കി.കൃത്യസമയത്ത് തന്നെ വണ്ടി വന്നു.എല്ലാവരും ഒരേ ബോഗിയില് കയറി.എല്ലാം അടുക്കി വച്ചതിനു ശേഷം ഭക്ഷണം കഴിച്ചു. പുലാവ് ഉണ്ടാക്കി കൊണ്ട് വന്നിരുന്നു ശാന്തി.കുറച്ചു നേരം സംസാരിച്ചിരുന്നു. ഒടുവില് എല്ലാവരും കിടക്കാന് തയ്യാറെടുക്കുന്നത് കണ്ടപ്പോള് ശുഭരാത്രി നേര്ന്നു ഞാന് എന്റെ ബെര്ത്തിലേക്ക് പോയി.സ്വട്ടെര് ഇട്ടു പുതപ്പു കൊണ്ട് ശരീരമാസകലം മൂടി തണുപ്പിനെ പ്രതിരോധിക്കാന് ശ്രമിച്ചു. ആ ശ്രമത്തിനിടയില് എപ്പോഴോ ഉറങ്ങുകയും ചെയ്തു.

        ഒന്നു രണ്ടു തവണ ഉണര്ന്നു സമയം നോക്കി വീണ്ടും കിടന്നു. ഇറങ്ങാരാകുമ്പോള് വിളിക്കാം എന്ന് ജയ് പറഞ്ഞതിനാല് ആകുലത ഉണ്ടായിരുന്നില്ല. 6 മണിക്ക് അവന് വന്നു വിളിക്കുമ്പോള് ഉണര്ന്നു കിടക്കുകയായിരുന്നു. 6 : 30 ക്ക് മുന്പായി ത്രിശ്ശിവപേരൂരില് വണ്ടിയിറങ്ങി. ശാന്തിയുടെ അച്ഛന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഉണ്ണിയേട്ടന്റെ കാറില് തൃപ്രയാരിലേക്ക് വച്ചുപിടിച്ചു. ഉണ്ണിയേട്ടന് ആര് എന്ന സംശയം സ്വാഭാവികമായും ഇപ്പോള് നിങ്ങള്ക്ക് ഉണ്ടാകും അത് പിന്നീട് മാറും.അര മണിക്കൂറിന്റെ യാത്ര കൊണ്ട് തൃപ്രയാറില് ജയുടെ അമ്മാവന്റെ വീട്ടില് എത്തി.റോഡിനു അരികത്തായി ഒരു ചെറിയ വീട്. അവരുടെ തറവാട് വീടാണ്.ആ വീട്ടിനൊരു കുഴപ്പം മാത്രമേ ഞാന് കണ്ടുള്ളൂ.എനിക്ക് തലമുട്ടാതെ നടക്കണമെങ്കില് ഇറങ്ങി മുറ്റത്ത്‌ നില്‍ക്കണം എന്നുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ഇതത്ര നിസ്സാരമല്ല. എങ്കിലും പരമാവധി ശ്രദ്ധിച്ച് കൊണ്ട് അവിടെ കഴിഞ്ഞു കൂടി.

        പ്രാഥമിക പരിപാടികളൊക്കെ കഴിച്ച്, കുളിച്ച് ഓരോ കാലി ചായ കുടിച്ചു.ജലജമ്മായിയുടെ നിര്ദ്ദേശപ്രകാരം ഞങ്ങള് അളിയന്മാര് അമ്പലത്തിലേക്ക് നടന്നു. ഇനി വല്ലതും അകത്തു കയറുന്നത് മാല ഇട്ടതിനു ശേഷം. നടന്നു പോകാനുള്ള ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കറുപ്പുടുത്തു, മാല ധരിക്കാതെ കൈയില് പിടിച്ചാണ് പോയത്.പുഴയുടെ അക്കരെയാണ് ക്ഷേത്രം. പണ്ട് കാലത്ത് വഞ്ചിയില് മാത്രമേ പോകാന് പറ്റുമായിരുന്നുള്ളൂ, ഇപ്പോള് പാലം നിര്മ്മിച്ചിട്ടുണ്ട്.പെരിയാറില് ചെന്ന് ചേരുന്ന നദിയായിരിക്കും എന്ന് തോന്നി. നിറയെ വെള്ളമുള്ള വലിയ നദി, പക്ഷെ ആഫ്രിക്കന് പായലിനാല് സമൃദ്ധം.നദിക്കരയിലാണ് തൃപ്രയാരപ്പന് വാണരുളുന്നത്.വലതു കാല് വച്ചു ഈശ്വരനെ മനസ്സില് ധ്യാനിച്ച് മതില്ക്കെട്ടിനകത്തെക്ക് പ്രവേശിച്ചു. 
വടക്കന് കേരളത്തിലുള്ളവര്ക്ക് വലിപ്പം കൊണ്ടും പ്രൌഡി കൊണ്ടും ഒരു വിസ്മയമാണ്  മധ്യ കേരളത്തിലെയും തെക്കന് കേരളത്തിലെയും ക്ഷേത്രങ്ങള്.. അക്കൂട്ടത്തില് പെടുത്താവുന്ന പ്രൌഡ ഗംഭീരമാര്ന്ന ക്ഷേത്രം തന്നെയാണ് തൃപ്രയാറും.മതില്ക്കെട്ടിനകത്തു വിശാലമായ സ്ഥലം.ഉപദേവതകള് ഒരുപാടൊന്നുമില്ല.അയ്യപ്പനും കൃഷ്ണനും മാത്രം.ഒരു ഭാഗത്ത്‌ വെടി വഴിപാടിന്റെ ഏര്പ്പാട്.ഇവിടുത്തെ പ്രധാന വഴിപാടുകള് വെടി വഴിപാടും മീനൂട്ടും ആണ്. പുഴയിലെ മീനുകളെയാണ് ഊട്ടെണ്ടത്. 
ഹനുമാന് സ്വാമിയേ വണങ്ങി, ഷര്ട്ട് ഊരി അകത്തു കയറി. നല്ല ഉയരത്തിലാണ് ശ്രീകോവില്. അതിനകത്താണ് ഭഗവാന് കുടി കൊള്ളുന്നത്... മനുഷ്യരെക്കാള് ഉന്നതിയിലാണ് ഈശ്വരന്റെ സ്ഥാനം എന്നോര്മ്മിപ്പിക്കാന് വേണ്ടിയാണോ ഇതെന്ന് തോന്നിപോകും.ശ്രീരാമ സ്വാമിയേ വണങ്ങി പ്രദക്ഷിണം വച്ചു.വിഘ്നെശ്വരനെയും തൊഴുതു. പുറത്തുള്ള ആകാരം അകത്തില്ല.പ്രദക്ഷിണം വയ്ക്കുമ്പോള് ഈശ്വരനെ ധ്യാനിക്കുന്നതിനു പകരം എന്റെ ശ്രദ്ധ മുഴുവന് തല എവിടെയെങ്കിലും ഇടിക്കുമോ എന്നതായിരുന്നു. എത്ര വലിയവനായാലും തല കുനിച്ചു നടക്കണം എന്നതായിരിക്കുമോ ഈ ഉയരക്കുരവിനാധാരം? ആരോട് ചോദിയ്ക്കാന്... ഏതായാലും തല തട്ടാതെ പ്രദക്ഷിണം പൂര്ത്തിയാക്കി പുറത്തിറങ്ങി,നേരെ അയ്യപ്പ സ്വാമിയുടെ മുന്നിലേക്ക്.. പൂജാരിയുടെ കയ്യില് മാല പൂജിക്കാന്‍ ഏല്‍പ്പിച്ചു.ദക്ഷിണ കൊടുത്തു വാങ്ങി, പിന്നെ ശരണം വിളിയോടെ ഭവ്യതയോടെ ആ മുദ്ര ശിരസ്സിലണിഞ്ഞു. അങ്ങനെ ഞങ്ങള് സ്വമിമാരായി.ഒരിക്കല് കൂടി കലിയുഗ വരദനെ തൊഴുതു ചുറ്റമ്പലത്തില് പ്രദക്ഷിണം ചെയ്തു. ഗോപാലകൃഷ്ണനെയും വന്ദിച്ചു പ്രദക്ഷിണം പൂര്ത്തിയാക്കി പുറത്തിറങ്ങി.നേരെ വീട്ടിലേക്ക്. ആറാട്ട് പുഴ പൂരവും പണ്ട് അതില് പങ്കെടുത്ത കഥയുമൊക്കെ ജയ് ആവേശത്തോടെ വിവരിച്ചത് കൌതുകത്തോടെ ഞാന് കേട്ടു.

         വൈകുന്നേരമാണ് കെട്ടു നിറ, അതുവരെ വേറെ പണിയൊന്നുമില്ല.അങ്ങനെ വെറുതെ ഇരിക്കുമ്പോഴാണ് ജയ് അടുത്തൊരു മന ഉള്ള കാര്യം പറയുന്നത് - ചേലൂര് മന. 'വല്യേട്ടന്' സിനിമ ഷൂട്ട് ചെയ്തത് ഈ മനയില് നിന്നാണ് പോലും.ഏതായാലും അങ്ങോട്ട് പോയി.കുറച്ചു നടക്കേണ്ട ദൂരമേയുള്ളൂ.പേര് കേട്ട മനയാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല ഇവിടെ താമസിക്കാന് ആളില്ല എന്നതാണ് അവസ്ഥ.അവിടുത്തെ ഓരോ കെട്ടിടവും കണ്ടപ്പോള് നല്ല പരിചയം തോന്നി. സിനിമ കണ്ടതിന്റെ  ഗുണം.പക്ഷെ അതില് കണ്ട ചന്തമൊന്നുമില്ല ഇപ്പോള് കാണുമ്പോള്.. ആകെ കാടു പിടിച്ചു കിടക്കുകയാണ്.പല ഭാഗങ്ങളും ചിതല് പിടിച്ചു നശിക്കാന് തുടങ്ങിയിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ പ്രതീകമായി അതിങ്ങനെ നിലകൊള്ളുന്നു.ഒരു കാലത്ത് ഒരു പാട് ആളുകള്ക്ക് താങ്ങും തണലുമായി നിന്ന വീട് ഇപ്പൊ ആര്ക്കും വേണ്ടാതായിരിക്കുന്നു. കൂട്ടുകുടുംബം നശിച്ചതിന്റെ വേദന പേറുന്നത് ഇതുപോലുള്ള മനകളായിരിക്കും.ഒരു ഗജവീരന്റെ തലയെടുപ്പുണ്ടായിരുന്നു അതിന്. പ്രതാപം നശിച്ചെങ്കിലും ഗാംഭീര്യം ഒട്ടും ചോര്ന്നിട്ടില്ല എന്ന് കാണുമ്പോള് തന്നെ അറിയാം.മനയോടു ചേര്ന്ന് ഒരു ഗോപാലകൃഷ്ണ ക്ഷേത്രവും കുളപ്പുരയോടു കൂടിയ ഒരു കുളവും ഉണ്ട്. ഒക്കെ നാശത്തിന്റെ വക്കിലാണ് എന്ന് കാണുമ്പോള് തന്നെ അറിയാം. ക്ഷേത്രം, പൂജ കഴിഞ്ഞ് അടച്ചിരിക്കുകയായിരുന്നു.ആരുടെയോ വീടായിരുന്നു എങ്കിലും അതനുഭവിക്കുന്ന ഒറ്റപ്പെടുത്തലിന്റെ വേദനെ എന്നെ നൊമ്പരപ്പെടുത്തി. കുറച്ചുനേരം അവിടെ ചിലവഴിച്ചു.അതിന്റെ തൊട്ടടുത്തുള്ള പാടം നോക്കി കുറച്ചു നേരം നിന്നു. ഇതും സിനിമയില് ഉള്ളതാണ്. കൃഷിയൊന്നും കാര്യമായി കണ്ടില്ല.ചെയ്യാത്തതാണോ അതോ കൃഷി എടുത്തു കഴിഞ്ഞതാണോ എന്നറിയില്ല.പച്ച പാടം കാണാന് നല്ല ഭംഗിയുണ്ട്. തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോള് ഒറ്റപ്പെടുത്തലിന്റെ വേദന അനുഭവിക്കുന്ന മനയുടെ ചിത്രമായിരുന്നു മനസ്സ് മുഴുവന്.. ആ ചിന്ത എന്നിലൊരു ദീര്ഘനിശ്വാസം ഉളവാക്കി.
      ഉച്ചഭക്ഷണം കഴിച്ചു വൈകുന്നേരം വരെ നന്നായി ഉറങ്ങി. 5 മണിയോട് കൂടി കുളിച്ചു വേണ്ടതൊക്കെ എടുത്തു അമ്പലത്തിലേക്ക് പുറപ്പെട്ടു. എല്ലാവരും ഉണ്ടായിരുന്നു. കെട്ടു നിറക്കു വേണ്ടതൊക്കെ ജലജമ്മായി ഏര്പ്പാട് ചെയ്തിരുന്നു, ഗുരുസ്വാമി അടക്കം.ശീവേലിക്കായി നട അടച്ചതിനാല് പുറത്തു നിന്ന് തൊഴേണ്ടി വന്നു. ഇവിടുത്തെ ശീവേലിക്ക് ആന നിര്ബന്ധമാണ്..  ശാന്തമായ ആ അന്തരീക്ഷത്തിലും വെടി വഴിപാടിന്റെ ശബ്ദം ഇടയ്ക്കിടക്ക് മുഴങ്ങുന്നുണ്ടായിരുന്നു.ഓര്ക്കാപ്പുറത്തുള്ള ആ ശബ്ദം കേട്ട് പലതവണ ഞെട്ടിപ്പോയി. സ്വാമിമാരുടെ നല്ല തിരക്കുണ്ടായിരുന്നു.തൊഴുതു വന്നതിനു ശേഷം കെട്ടുനിറ ആരംഭിച്ചു. ചടങ്ങുകള്ക്ക് ചില വ്യത്യാസങ്ങള് ഉണ്ടായിരുന്നു. വാട്ടിയ ഇലയിലാണ് നെയ്ത്തേങ്ങ പൊതിയുന്നത്.പട്ടിലാണ് കാണിപണം പൊതിയുന്നത്.കൂടാതെ കാണി പൊന്നും കൊണ്ടുപോകണം. ഇരുമുടിയിലാണ് വഴിപാടിന്റെ അരി ഇടുന്നത്, അല്ലാതെ കുട്ടിസഞ്ചിയില് അല്ല. ദക്ഷിണ കൊടുത്തു ഇരുമുടി ഭക്ത്യാദരപൂര്വ്വം ഏറ്റുവാങ്ങി. അപ്പോഴേക്കും നട തുറന്നിരുന്നതിനാല് അകത്തു കയറി തൊഴുതു.മഹാദേവനെ സ്മരിച്ചു കൊണ്ടു ശ്രീരാമ സ്വാമിയെ വണങ്ങി. അമ്പലത്തിനു തൊട്ടടുത്തുള്ള ഒരു ഹോട്ടലില് നിന്ന് മസാല ദോശ കഴിച്ചു. അയ്യപ്പ സേവ സമാജത്തില് ചെന്നിരുന്നു. പോകാനുള്ള കാര്‍ എത്തിയിട്ടില്ല. നമ്മുടെ ഉണ്ണിയേട്ടന് തന്നെയാണ് വരേണ്ടത്. അപ്പം, അരവണ , അഭിഷേകം എന്നിവയുടെ ടിക്കറ്റ് അവിടുന്ന് കിട്ടിയത് വലിയ അനുഗ്രഹമായി തോന്നി. അല്പസമയത്തിനകം ഉണ്ണിയേട്ടന് എത്തി.ബാഗ്, ഇരുമുടി ഒക്കെ ഡിക്കിയില് വച്ചു. ജയും ഉണ്ണിയേട്ടനും മുന്പില്, ഞാനും പ്രമോദേട്ടനും പുറകില്. അങ്ങനെ ശബരീശ്വര സന്നിധിയില് നിന്ന് ശബരി ഗിരിനാഥനെ ദര്ശിക്കാന് എല്ലാവരുടെയും ആശീര്വാദത്തോടെ ഞങ്ങള് പുറപ്പെട്ടു.

       ഇനി ഉണ്ണിയേട്ടനെ പറ്റി പറയാം. RSS എന്ന് പറഞ്ഞാല് മൂപ്പര് ചാവും.അതിനെ പറ്റി പറഞ്ഞാല് മൂപ്പര്ക്ക് നൂറു നാവാണ്. പിന്നെ ഒന്ന് നിര്ത്തി കിട്ടാനാണ് ബുദ്ധിമുട്ട്. എങ്കിലും ആളൊരു രസികനാണ്.തുടര്ന്നുള്ള യാത്ര മുഷിയാതെ രസാവഹമായി നിര്ത്തിയത് ഉണ്ണിയേട്ടന്റെ വീരസാഹസികത നിറഞ്ഞ കഥകളാണ്. 

      അങ്ങനെ ഞങ്ങള് യാത്ര തുടങ്ങി.തുടക്കത്തിലുണ്ടായിരുന്ന മൂകത മാറി ഞങ്ങള് സംസാരം തുടങ്ങി. പ്രമോദേട്ടനെ കൂടുതല് പരിചയപ്പെട്ടു. ജയുടെ വല്ല്യമ്മയുടെ മകനാണ്.ഉണ്ണിയേട്ടന് കഥകള് തുടങ്ങിയിരുന്നു.പുറകിലിരുന്നു ഞങ്ങളും ഓരോന്ന് സംസാരിക്കാന് തുടങ്ങി.കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍ കയറി, ഇവിടെയും തല മുട്ടാതിരിക്കാന്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടി.
ഇടപ്പള്ളി - വൈറ്റില - പിറവം - പറവൂര് - പാല - പൊന്കുന്നം വഴിയാണ് ഞങ്ങള് പോയത്. സമയം പതുക്കെ കടന്നു പോവുകയാണ്. പ്രമോദേട്ടന് ഉറക്കം തുടങ്ങി. ആദ്യത്തെ ആവേശം പോയ ജയും ഉറക്കത്തിലേക്കു വഴുതി വീണു. ഞാന് ഓരോന്ന് ആലോചിച്ചും പുറത്തേക്കു നോക്കിയിരുന്നും ഇടയ്ക്ക് ഉണ്ണിയെട്ടനോട് സംസാരിച്ചും സമയം നീക്കി. ഇടയ്ക്ക് വച്ചു വണ്ടിക്കു ഡീസല് അടിച്ചു. അവിടെ വച്ചു ജയിനെ പിന്നിലേക്ക് മാറ്റി ഞാന് മുന്നില് കയറി ഇരുന്നു. ഞങ്ങള് ലാത്തിയടി തുടങ്ങി. ഉറക്കം കുറേശ്ശെ ആക്രമിക്കുന്നു എന്ന് തോന്നിയപ്പോള് ഒരു ചായക്കടയുടെ മുന്നില് നിര്ത്തി. അതുവരെ ഉറങ്ങിക്കൊണ്ടിരുന്നവരും ചാടി ഇറങ്ങി.നല്ല ചൂട് ദോശ - തട്ട് ദോശ പോലെ- നന്നായി കേറ്റി. വീണ്ടും യാത്ര. അര്ദ്ധരാത്രിക്ക് എരുമേലിയില് എത്തി. ഉണ്ണിയേട്ടന്റെ കണ്ണൊക്കെ ചുവക്കാന് തുടങ്ങി. ഇനി ശരിയാകില്ല എന്ന് മൂപ്പര്ക്ക് തന്നെ തോന്നി. എരുമേലിയിലെ തിരക്കൊഴിഞ്ഞ ഇടത്ത് കാര് നിര്ത്തി മൂപ്പര് സീറ്റില് ചാഞ്ഞിരുന്നു  ഉറങ്ങാന് തുടങ്ങി. മറ്റുള്ളവര് സംഭവം അറിഞ്ഞിട്ടില്ല.ഞാന് ഉറങ്ങാതെ കുറെ സമയം കാറില് തന്നെ ഇരുന്നു കടന്നു പോകുന്ന വാഹനങ്ങളെ നോക്കിയിരുന്നു.എല്ലാം ശബരിമലയിലേക്ക് പോകുന്നതാണ്.ദര്ശനത്തിനായി ഒരു വലിയ Q ഞാന് മനസ്സില് കണ്ടു.കുറച്ചു നേരം പുറത്തിറങ്ങി നടന്നു. ഒരാളെങ്കിലും ഉണര്ന്നിരിക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഞാന് കണ്ണ് മിഴിച്ചിരിക്കുന്നത്.അതിനു വേണ്ടിയാണു തലേ ദിവസം ഉച്ചക്ക് നന്നായി ഉറങ്ങിയത്.ഒരു മണിക്കൂറിനു ശേഷം യാത്ര തുടര്ന്നു. ഇനി അങ്ങോട്ട് മല കയറ്റമാണ്. പതുക്കെ മാത്രമേ പോകാന് കഴിയുകയുള്ളൂ. നല്ല തണുത്ത കാറ്റുണ്ടായിരുന്നു. അറിയാതെ എന്റെ കണ്ണുകള് അടഞ്ഞു പോയി. ഉണരുമ്പോള് നിലക്കല് കഴിഞ്ഞിരുന്നു. 3 മണിയോടെ പമ്പയിലെത്തി.parking കിട്ടിയത് പമ്പയില് തന്നെയായിരുന്നു. പെട്ടെന്ന് തന്നെ ഓരോരുത്തരായി പരിപാടികള് തീര്ത്തു. ഇരുമുടി എടുത്തു തലയില് വച്ചു തോര്ത്ത് കൊണ്ടു കഴുത്തിലൂടെ ഒരു കെട്ടും കെട്ടി 4 മണിയോടെ പുറപ്പെട്ടു. പമ്പാ ഗണപതിയെ വണങ്ങി ഭക്തി പൂര്വ്വം തേങ്ങ ഉടച്ച്, മറ്റു ദേവതകളെയും വണങ്ങി മല കയറ്റം തുടങ്ങി.

          പതുക്കെ വളരെ പതുക്കെയാണ് ഞങ്ങള് മല കയറാന് തുടങ്ങിയത്. സംഘങ്ങളായും ഒറ്റക്കും ആയി ഒരു പാട് പേര് ഉണ്ടായിരുന്നു മല കയറാനായി.പമ്പയില് നിന്ന് വെറും 4 KM മാത്രമേ ഉള്ളൂ സന്നിധാനത്തേക്ക് പക്ഷെ ശബരിമല യാത്രയിലെ ഏറ്റവും കുത്തനെയുള്ള കയറ്റം നീലിമലയില് ആണെന്ന്  തോന്നും. കാടിനെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും  പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഒക്കെ വനം വകുപ്പിന്റെ അറിയിപ്പുകള് വഴി നീളെ കാണാം.പക്ഷെ എല്ലാവരും അത് വെറുതെ വായിച്ചു തള്ളുക മാത്രമാണെന്ന് തോന്നും വഴി കണ്ടാല്... .പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് വനം വകുപ്പ് പറയുന്നു പക്ഷെ എല്ലാ കടകളിലും പ്ലാസ്റ്റിക് കുപ്പിയില് നിറച്ച വെള്ളവും മറ്റു സാധനങ്ങളും യഥേഷ്ടം വില്ക്കാനുള്ള അനുവാദം ദേവസ്വം വകുപ്പ് കൊടുത്തിട്ടുണ്ട്.., അപ്പോള് പിന്നെ ഈ ബോര്ഡ് കൊണ്ടു എന്ത് പ്രയോജനം. പൊന്മുട്ടയിടുന്ന താറാവ് -അതാണ് ബോര്ഡിനെ സംബന്ധിച്ചിടത്തോളം ശബരിമല.കല്ലും മുള്ളും നിറഞ്ഞ വഴിയൊക്കെ സിമന്റ് ഇട്ടു വെടിപ്പാക്കിയിരിക്കുന്നു.പന്തല് കെട്ടിയും ഇന്റര് ലോക്ക് ഇട്ടും ഈ പരിപാവന തപോവനത്തെ സഞ്ചാരികളുടെ പരുദീസയക്കാനുള്ള ശ്രമം കണ്ടപ്പോള് മനസ്സിലെവിടെയോ ഒരു നൊമ്പരം അനുഭവപ്പെട്ടു. പോകുന്ന വഴിയിലെല്ലാം പ്ലാസ്റ്റിക് കുപ്പികളും കവറുകളും വലിച്ചെറിഞ്ഞത് കാണാന് പറ്റി.വെറും ബോര്ഡ് വച്ചത് കൊണ്ട് മാത്രം ഈ പൂങ്കാവനത്തെ ശുദ്ധീകരിക്കാന് പറ്റില്ല എന്ന് വ്യക്തം. 'സ്വാമിയുടെ പൂന്കാവനമേ', 'പൂങ്കാവനം ചവിട്ടുമാരക്കണമേ' എന്ന് കണ്ണടച്ച് ശരണം വിളിക്കുന്ന സ്വാമിമാര് ഇവിടെയെത്തുമ്പോള് സായിപ്പിനെ കാണുമ്പോള് കവാത്ത് മറക്കുകയാണ്. അങ്ങനെ ഞങ്ങള് കയറുകയാണ്. ഇടക്കൊന്നു വിശ്രമിച്ചു ക്ഷീണം മാറ്റി വളരെ പതുക്കെ.സ്വാമിമാരുടെ മടക്കയാത്ര ഇതിനിടയില് തുടങ്ങിയിരുന്നു. ഇറങ്ങുന്നവര് കയറുന്നവര്ക്ക് വീശി കൊടുത്തും glucose കൊടുത്തും ഒക്കെ ആശ്വാസം അരുളുന്നുണ്ടായിരുന്നു.ഇതാണ് ഈ കാനനവാസന്റെ പ്രത്യേകത. എല്ലാവരും ഒന്നായി മാറുന്ന അവസ്ഥ. ഇവിടെ മലയാളിയും തെലുങ്കനും തമിഴനും ഒന്നും ഇല്ല, സ്വാമിമാര് മാത്രം. 'ലോകമേ തറവാട്' എന്ന് അവസ്ഥ ഇവിടെ നമുക്ക് ദര്ശിക്കാം. അപ്പാചിമേടും കഴിഞ്ഞ് 
ശബരീപീടത്തില് എത്തി.ശ്രീരാമ ഭക്തയായ ശബരി തപസ്സനുഷ്ടിച്ച സ്ഥലമാണ്, ഇവിടെയാണ് ശബരിക്ക് ശ്രീരാമ സ്വാമി മോക്ഷം കൊടുത്തത്. അതും കഴിഞ്ഞ് മരക്കൂട്ടത്തെത്തി. അവിടുത്തെ ആള്ക്കൂട്ടം കണ്ടപ്പോള് Q ആണോ എന്ന് കരുതി, പക്ഷെ അല്ലായിരുന്നു. നേരെ ശരംകുത്തിയിലേക്ക്.അവിടുന്നിറങ്ങി നേരെ നടപ്പന്തലിലേക്ക്. അവിടെ എത്തിയപ്പോഴാണ് സമാധാനമായത് തീരെ തിരക്കില്ലായിരുന്നു.പെട്ടെന്ന് തന്നെ 18 -അം പടിയുടെ മുന്നിലെത്തി.നാളികേരം ഉടച്ച് വലതു കാല്‍  വച്ചു പടി കയറി.തിരക്കില്ലാഞ്ഞിട്ടു കൂടി അനാവശ്യമായി തിരക്കുണ്ടാക്കാന് ശ്രമിക്കുകയായിരുന്നു ചിലര്.. പോലീസുകാരുടെ സഹായത്തോടെ പടി കയറി മുകളിലെത്തി. അതുകഴിഞ്ഞുള്ള Q complex -ലും കാര്യമായ തിരക്കുണ്ടായിരുന്നില്ല.ആള്‍ക്കുട്ടത്തിനിടയിലുടെ ശ്രീകോവിലിന്റെ മുന്നിലെത്തി ചൈതന്യവത്തായ ഹരിഹരപുത്രനായ കലിയുഗവരദനെ കണ്കുളിര്ക്കെ കണ്ടു.മനസ്സ് നിറയുവോളും തൊഴുതു.

         പുറകിലെ വഴിയിലൂടെ താഴെയിറങ്ങി ആദ്യം കണ്ട ഒഴിഞ്ഞ സ്ഥലത്ത് തന്നെ വിരി വച്ചു. ഞാനും ജയ് മാത്രം. പ്രമോദേട്ടന് ഇരുമുടിയില്ലാതെ വന്നതിനാല് വേറെ വഴിയിലൂടെയാണ് പോയത്. സാവധാനം ഇരുമുടി അഴിച്ചു, നെയ്ത്തേങ്ങ ഉടച്ച് ഒരു പാത്രത്തിലാക്കി അഭിഷേകത്തിനായി ജയിനെ പറഞ്ഞയച്ചു. കൂട്ടത്തില് മൂപ്പനായത് കൊണ്ടുള്ള സ്വാതന്ത്ര്യം. ഞാന് ബാഗുകള്ക്ക് കാവലിരുന്നു. അധികം കാത്തുനില്ക്കേണ്ടി വന്നില്ല അവന്. Q കാര്യമായി ഇല്ലായിരുന്നു. മുല്ലപ്പെരിയാറിന്റെ ബാക്കിപത്രം.തമിഴന്മാര് തീരെ കുറവായിരുന്നു.അഭിഷേകത്തിനു ശേഷം ഓരോ കര്മ്മങ്ങളായി തീര്ത്തു.മാളികപ്പുറത്ത് തേങ്ങ ഉരുട്ടി ഒപ്പിച്ചു. ആള്ക്കൂട്ടത്തിനിടയിലൂടെ ശരിക്കും ഉരുട്ടാന് പറ്റിയില്ല, അതിനാല് ഒപ്പിച്ചു.ഞങ്ങളുടെ പണി തീരുമ്പോഴേക്കും പ്രമോദേട്ടന് അപ്പം/അരവണ  വാങ്ങി വച്ചിരുന്നു.നല്ല വിശപ്പുണ്ടായിരുന്നു. ചക്കര പായസം വാങ്ങി കഴിച്ചു.അങ്ങനെ ഞങ്ങള് വന്ന കാര്യം സാധിച്ചിരിക്കുന്നു. ബാഗ് മുറുക്കി മടക്കയാത്രക്ക് ഒരുങ്ങുകയായി.അതിനു മുന്പ് വടക്കേ നട വഴി ഒരിക്കല് കൂടി അയ്യപ്പസ്വാമിയെ തൊഴുതു.കുറേക്കാലം കൂടിയാണ് ഇത്രയും മനോഹരമായി, സുഖകരമായി ദര്ശനം സാധിച്ചത്. മഹാദേവനാണോ അതോ തൃപ്രയാര് പെരുമാളാണോ അനുഗ്രഹിച്ചത്? അറിയില്ല. ഒരു പക്ഷെ രണ്ടു പേരും അനുഗ്രഹിച്ചിരിക്കണം, ഹരിയുടെയും ഹരന്റെയും പുത്രനാണല്ലോ ഇവിടം കുടികൊള്ളുന്നത്. കൊണ്ടുപോയ തേങ്ങ ഉടച്ച് ഒരിക്കല് കൂടി കൊടിമരം നോക്കി തൊഴുത് മലയിറങ്ങി.പുതിയ ബെയ്‌ലി പാലത്തിലുടെയാണ് മടങ്ങിയത്.ചുറ്റി വളഞ്ഞുള്ള വഴിയാണ്, പോരാത്തതിനു കുത്തനെയുള്ള കയറ്റവും.വളരെ കുറച്ചു ആള്ക്കാര് മാത്രമേ ഈ വഴി ഉപയോഗിക്കുന്നുള്ളൂ.മല കയറുന്നവരുടെ തിരക്ക് കൂടി വരികയാണ്.. വൃദ്ധരും അംഗ വൈകല്യം സംഭവിച്ചവരും ഒക്കെ ഉണ്ടായിരുന്നു ആ കൂട്ടത്തില്.. ഇത്രയും കഷ്ട്ടപെട്ടു ഇവിടേയ്ക്ക് വരാന് മാത്രം എന്തായിരിക്കും അവരെ പ്രേരിപ്പിച്ചിരിക്കുന്നത്? വിശ്വാസം അതല്ലേ എല്ലാം.

          കയറിയത് പോലെതന്നെ വളരെ പതുക്കെയാണ് ഇറങ്ങിയതും.ഉണ്ണിയേട്ടനെ വിളിച്ചു പറഞ്ഞിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തെ ഞങ്ങളെ കണ്ടപ്പോള് മൂപ്പര്ക്ക് അത്ഭുദമായി.9 മണിയോടെ പമ്പയില് നിന്ന് മടക്കയാത്ര ആരംഭിച്ചു.നിലക്കലിലെ ഹോട്ടലില് നിന്ന് ദോശ കഴിച്ചു.ഞാന് മുന്നിലിരുന്ന് ഉണ്ണിയെട്ടനുമായി കത്തിയടി തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോള് ബാക്കി രണ്ടു പേരും ഉറക്കമായി.ഉണ്ണിയേട്ടനെ ഉഷാറാക്കാന്‍ ഞാന് ഇടയ്യ്ക്കിടെ ചില നമ്പറുകള് എറിഞ്ഞു കൊടുത്തു. പോയ വഴിയിലൂടെ അല്ല മടങ്ങിയത്.മൂവാറ്റുപുഴയില് നിന്നാണ് ഊണ് കഴിച്ചത്. അങ്കമാലി - ഇരിങ്ങാലക്കുട വഴി ഏതാണ്ട് 4 മണിക്ക് തൃപ്രയാര് എത്തി.നട അടച്ചു കിടക്കുകയായിരുന്നു.അയ്യപ്പന്റെ ശ്രീകോവിലിലെത്തി ശരണം വിളിയോടെ മാല ഊരി. അങ്ങനെ ഈ വര്ഷത്തെ ശബരിമല യാത്രക്ക് വിരാമമായി.വീട്ടില് എല്ലാവരും കാത്തിരിക്കുകയായിരുന്നു.കുളിച്ചു ഉന്മേഷം വീണ്ടെടുത്തു. നല്ല ക്ഷീണം ഉണ്ടായിരുന്നു അതിനാല് രാത്രി നേരത്തെ കിടന്നു.വളരെ പെട്ടെന്ന് തന്നെ ഉറങ്ങുകയും ചെയ്തു. പിറ്റേ ദിവസം പരശുരാം എക്സ്പ്രസ്സിന് നാട്ടിലേക്കു മടങ്ങി.

 തൃപ്രയാറില്‍ നിന്ന് തൃശൂര്‍ റെയില്‍വേ സ്റ്റെഷനിലെക്കുള്ള യാത്രക്കിടയില്‍ കണ്ട ഒരു കാഴ്ച കൂടി വിവരിച്ചാലേ ഈ കുറിപ്പ് പൂര്‍ത്തിയാവുകയുള്ളൂ എന്നെനിക്കു തോന്നുന്നു. ആ സ്ഥലത്തിന്റെ പേര് ഞാന്‍ മറന്നു പോയി.വീട്ടില്‍ നിന്ന് അധികം ദൂരം ഇല്ല. ഇവിടെ എത്തുന്നതിനു കുറച്ചു മുന്‍പാണ്‌ അന്തിക്കാടിലേക്കുള്ള വഴി പിരിയുന്നത്. എന്റെ മനസ്സില്‍ ഇത്രയേറെ കുളിര്‍മഴ പെയ്യിച്ച ഒരു കാഴ്ച അടുത്ത കാലത്തൊന്നും ഞാന്‍ കണ്ടിട്ടില്ല, അത്രയ്ക്ക് വശ്യമായിരുന്നു സുന്ദരമായിരുന്നു അത്. കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന പാടശേഖരം. പച്ച പട്ടു പുതച്ചു അത് കണ്മുന്നിലിങ്ങനെ വിലസുകയാണ്. റോഡ്‌ ഈ പാടത്തിനെ രണ്ടായി തിരിക്കുന്നു. പച്ച പരവതാനി ഒരു ഭാഗത്താണെങ്കില്‍ മറുഭാഗത്ത്‌ അതിലും നയനാനന്ദകരമായ കാഴ്ചയായിരുന്നു. നിറഞ്ഞു നില്‍ക്കുന്ന കായല്‍.. ഉച്ചവെയിലിന്റെ തീക്ഷ്ണതയില്‍ ഒരു സ്ഫടികം പോലെ തിളങ്ങുകയാണ്.സ്നേഹപൂര്‍വ്വമായ തലോടലിലുടെ അതില്‍ കുഞ്ഞോളങ്ങളെ തീര്‍ക്കുകയാണ് മന്ദമാരുതന്‍.. .,. കാറിലൂടെ ഈ വഴി കടന്നു പോയപ്പോള്‍ ഇതില്‍ ഏതു സുന്ദര കാഴ്ച ആസ്വദിക്കണം എന്നറിയാതെ ഞാന്‍ കുഴങ്ങിപ്പോയി. ഉണ്ണിയേട്ടന്‍ അതിനെ പറ്റി പറഞ്ഞതൊന്നും ശ്രവിക്കാന്‍ പറ്റാത്തവണ്ണം കാതുകളും ഈ ദൃശ്യത്തില്‍ മുഴുകിപോയിരുന്നു.ഇളംകാറ്റിന്റെ മര്‍മ്മരങ്ങളും ഓളങ്ങളുടെ നേര്‍ത്ത അലയടിയും ശ്രദ്ധിക്കുന്ന തിരക്കിലായിരുന്നു എന്റെ കര്‍ണ്ണ പുടങ്ങള്‍...,. പണ്ട് ചേലൂര്‍ മനക്കാരുടെ വകയായിരുന്നത്രേ ഈ കോള്‍ പാടങ്ങള്‍.,. മുന്നില്‍ നിന്ന് പൂര്‍ണ്ണമായും മായും വരെ അവയുടെ മനോഹാരിത മുഴുവനായും ഒപ്പിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്റെ നയനങ്ങള്‍ . ആ വഴിയും പിന്നിട്ടു ദൂരങ്ങള്‍ ഒരു പാട് താണ്ടിയെങ്കിലും, കണ്മുന്നില്‍ കാണുന്നത് പോലെ എന്റെ മനോമുകുരത്തില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ് പ്രകൃതി ദേവിയുടെ മുഗ്ദ സൌന്ദര്യം.

        ഒരു തവണ പോലും ശരണം വിളിക്കാതെയാണ് ഇത്തവണ മല ചവുട്ടിയതെങ്കിലും എല്ലാം ഭംഗിയായി കലാശിച്ചതില് സന്തോഷം തോന്നി. ആ സന്തോഷം ഒരു മൂളിപ്പാട്ടില് ഒതുക്കി കണ്ണടച്ച് സീറ്റില് ചാരിയിരുന്നു. കണ്മുന്നിലപ്പോള് അയ്യപ്പന്റെ കാഞ്ചന വിഗ്രഹം നിറഞ്ഞു നില്ക്കുന്നതായി തോന്നി.അറിയാതെ മനസ്സ് മന്ത്രിച്ചുപോയി - ശംഭോ മഹാദേവ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ