പേജുകള്‍‌

നഷ്ടമാകുന്ന സായാഹ്നങ്ങള്‍


തിരക്കു പിടിച്ച ഈ  ജീവിതത്തിനിടയില്‍  എപ്പോഴെങ്കിലും  നിങ്ങള്‍  ഒന്ന്  പിന്തിരിഞ്ഞു  നോക്കിയിട്ടുണ്ടോ? നമ്മുടെ പഴയ  കാലത്തിലേക്ക്‌..ഒന്നുമറിയാതെ  എല്ലാം  മറന്നു  കളിച്ചു  ചിരിച്ചു  നടന്നിരുന്ന  ആ  നല്ല കുട്ടിക്കാലത്തിലേക്ക് ..?

ഇല്ലെങ്കില്‍  ഒന്ന്  നോക്കണം …
നാം  അറിയണം നമുക്ക്  എന്തൊക്കെ  നഷ്ടപ്പെട്ടു  എന്ന് …

പ്രഭാതത്തിലെ  തണുപ്പ് ഏറ്റു, മൂത്രശന്കയെ പിടിച്ചമര്‍ത്തി  പുതപ്പിനുള്ളില്‍  ചുരുണ്ട് ഉറങ്ങിയ  ആ  ദിനങ്ങളെ ..?
ഒടുവില്‍  അച്ഛന്റെയോ  അമ്മയുടെയോ  നിര്‍ബന്ധബുദ്ധിക്കു  വഴങ്ങി  എഴുന്നേറ്റു  കണ്ണും  തിരുമ്മി  മുറ്റത്തിറങ്ങി  തെങ്ങിന്‍  ചോട്ടില്‍  കുത്തിയിരിക്കുമ്പോള്‍  കണ്മുന്നില്‍  തെളിയുന്ന  കോടമഞ്ഞു ആസ്വദിച്ച്  നിര്‍ന്നിമേഷനായി  ഇരുന്നത് ?
വായില്‍  നിന്നും  പുക  വരുന്നത്  കൊണ്ട്  ബീഡി  വലിച്ചു  പുക  വിടുന്നത്  പോലെ  രസിച്ചത് ?
പുല്‍നാമ്പുകളില്‍  പറ്റിപിടിച്ചിരിക്കുന്ന  ജലകണങ്ങള്‍  സൂര്യരശ്മി ഏറ്റു തിളങ്ങുന്നത് ?
വായില്‍  ബ്രുഷും  തിരുകി ഇളം  വെയിലേറ്റു  മുറ്റത്ത്‌  നടന്നത് ? കൊച്ചു  വെളുപ്പാന്‍  കാലത്തേ  തണുപ്പും  ഇളം  വെയിലും  ചേര്‍ന്ന്  സമ്മാനിച്ച  അനുഭൂതി  ആവോളം  നുകര്‍ന്നത്‌..?
അമ്മ  ദോശ ചുടുമ്പോള്‍  അടുപ്പിന്‍  തിണ്ണയില്‍  തീ  കായാനിരിക്കുന്നത് ? അവിടെയിരുന്നു  കൊണ്ട്  തന്നെ,  അമ്മയുടെ  ശകാരം  കേട്ട്  കൊണ്ട്  ചായ  മൊത്തി കുടിച്ചത് ?
കിണറ്റില്‍  നിന്നും  വെള്ളമെടുത്തു  ദേഹത്തെക്കൊഴിക്കുമ്പോള്‍  ശരീരമാകെ  തണുത്തു വിറച്ചത് ..? ചുണ്ടുകള്‍  വിരയാര്‍ന്നത്‌?
മനസ്സില്ലാമനസ്സോടെ  സ്കൂള്‍ -ല്‍ പോയിരിക്കുന്നതും  ക്ലാസ്സിലിരുന്നു  ഉറക്കം  തൂങ്ങിയതും ഒക്കെ  മറവിയുടെ  അഗാധതയിലേക്ക്‌  ഊളിയിട്ടു  പോയോ ?
വൈകുന്നേരം  കളിച്ചു  രസിച്ചു  വീട്ടിലേക്കു  വന്നതും  കാപ്പി  കുടി  കഴിഞ്ഞു  വീണ്ടും  കളിക്കാനായി  അപ്പുറത്തെ  പറമ്പിലേക്ക്  ഓടിയത് ?
ഒടുവില്‍  അസ്തമന സൂര്യന്‍  ചെന്ചായത്തില്‍  കുളിച്ചു  നില്‍ക്കുന്നത്  കണ്കുളിര്‍ക്കെ  നോക്കി  കണ്ടത് ?
ഇരുട്ട്  വീണു  തുടങ്ങിയിട്ടും  അമ്മയുടെ  വിളിയെ  മാനിക്കാതെ  പിന്നെയും  ഓടി  ചാടി  കളിച്ചത് ?
ചക്രവാള ശോഭ  കണ്ടു  ആര്‍ത്തുല്ലസിച്ചു  കൊണ്ട്  വീട്ടിലേക്കു  മടങ്ങിയത് ?
കൈ -കാല്‍  കഴുകി  ഉച്ചത്തില്‍  സന്ധ്യാനാമം ചൊല്ലിയത് ?
അങ്ങനെ  അങ്ങനെ  ഒരു പാട്  ഒരു  പാട്  രസകരമായ, ആനന്ദകരമായ  അനുഭവങ്ങള്‍  പറഞ്ഞാലും  തീരില്ല  അല്ലെ ? എന്താ ഒക്കെ മറവിയുടെ പെട്ടിയില്‍ അടുക്കി വെച്ചോ ഇത്ര വേഗം?

ഇന്നോ ..?

വൈകി  എഴുന്നേറ്റു  ജോലിക്ക്  പോവുക , പാതിരാത്രിക്ക്‌  തിരിച്ചു  വന്നു  ടിവി -യുടെ  മുന്പിലിരിക്കുക..ഒടുവില്‍  രാവിന്‍റെ  ഏതോ  അന്ത്യയാമത്തില്‍  കിടക്കാനായി  പോവുക ..
ജീവിതത്തില്‍  ഒരു  പാട്  നേടിയെന്നു  കരുതുമ്പോഴും  നഷ്ടപ്പെട്ടതെന്താണെന്നു മനസ്സിലാക്കാന്‍  കഴിയുന്നില്ല  പലര്‍ക്കും ..
എവിടെ  പോയി  നമ്മുടെ  ആ  നല്ല  പ്രഭാതങ്ങളും  സന്ധ്യകളും ..?
ചിന്തിച്ചിട്ടുണ്ടോ , എല്ലാം  നേടി  എന്നഹങ്കരിക്കുമ്പോഴും  നമ്മള്‍  ഒരു  പാട്  നഷ്ടപ്പെടുത്തി എന്ന് ?
ആസ്വദിക്കുക  ഇപ്പോഴത്തെ  ജീവിതവും  അതിനിടയില്‍  ഓര്‍ക്കുക  നഷ്ടമാകുന്ന  സായാഹ്നങ്ങളെ …

ശ്രമിക്കുക ഇനിയും നമ്മുടെ ജീവിതത്തില്‍ നല്ല സായാഹ്നങ്ങള്‍ ഉണ്ടാകാന്‍....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ