എന്റെ മുന്നിലുള്ള വട്ടത്തിലുള്ള പ്ലാസ്റ്റിക് കളിപ്പാട്ടം നിർത്താതെ കറങ്ങിക്കൊണ്ടിരിക്കുകയാണ്. മോളുടെ കൂടെ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. കളിപ്പാട്ടത്തിലെ ചെറിയ കുഴികളിൽ നിന്നും പ്ലാസ്റ്റിക് മീനുകൾ മേലോട്ട് പൊങ്ങി വാ പിളർത്തി നിൽക്കുമ്പോൾ കൈയിലുള്ള ചൂണ്ട അതിന്റെ തൊണ്ടയിൽ കുരുക്കി പൊക്കിയെടുക്കുക എന്നതാണ് കളി. കുഴികളിൽ നിന്നും പൊങ്ങി വന്ന മീനുകൾ ഓരോന്നായി വാ പിളർത്തി കുറച്ചുനേരം മുകളിലോട്ട് നോക്കിനിൽക്കുകയും പിന്നീട് വായടച്ച് കുഴിയിലേക്ക് മുങ്ങാംകുഴിയിടുകയും ചെയ്തുകൊണ്ടിരുന്നു. ഞാനാകട്ടെ വായുവിൽ ആടിക്കൊണ്ടിരിക്കുന്ന ചൂണ്ടയെ അടക്കിനിർത്താനുള്ള ശ്രമത്തിലുമാണ്. ഒടുവിൽ കഷ്ടപ്പെട്ട് എന്റെ ചൂണ്ട വാ പിളർത്തി വന്ന ഒരുവന്റെ തൊണ്ടയിൽ കുരുക്കി. മുകളിലോട്ട് വലിക്കാൻ നോക്കുമ്പോൾ ഒരു നിമിഷം എന്റെ നോട്ടം അതിന്റെ കണ്ണുകളിൽ തടഞ്ഞു. അവിടെ പ്രാണനുവേണ്ടി കരയുന്ന ഒരു ജീവന്റെ നിസ്സഹായാവസ്ഥ കണ്ടു. അതിനെ കാത്തിരിക്കുന്ന കുടുംബത്തിന്റെ വേദന കണ്ടു. ചൂണ്ട വലിക്കാനാവാതെ കൈകൾ നിശ്ചലമായി. അറിയാതെ വർഷങ്ങൾ പുറകിലോട്ടു ഞാൻ സഞ്ചരിച്ചു. അവിടെ തോട്ടിലും മഴവെള്ളം ഒഴുകിപ്പോകുന്ന ചെറിയ കൈവഴികളിലുമെല്ലാം ഞാനും ഏട്ടനും നിൽക്കുകയാണ്. കൈയ്യിലൊരു തോർത്തുമായി മുട്ടോളം വെള്ളത്തിൽ. കൈയ്യിലെ തോർത്ത് വെള്ളത്തിൽ മുക്കിവെച്ചു മീനുകൾ വരുമ്പോൾ പെട്ടെന്നൊരു പൊക്കൽ! അതാ, മൂന്നാലു മീനുകൾ പ്രാണനുവേണ്ടി പിടയുന്നു. ഞങ്ങൾ അത് കണ്ടു രസിക്കുകയാണ്. ജീവിതത്തിലേക്ക് കുതിക്കാനായി കുട്ടിക്കരണം മറിയുകയാണ് അവ. ഇളംവെയിലിൽ അവയുടെ ദേഹം വെള്ളി പോലെ തിളങ്ങുന്നു. പിടിക്കുമ്പോൾ വഴുതിപ്പോകുന്ന അവയെ ആയാസപ്പെട്ട് കൈയിലെടുത്ത് ആ പിടച്ചിൽ ഞങ്ങൾ ശരിക്കും ആസ്വദിക്കുകയാണ്. ചത്ത് മലച്ചുവീണപ്പോൾ ഒഴുകിപ്പോകുന്ന വെള്ളത്തിലേക്ക് അവയെ വലിച്ചെറിഞ്ഞു; ആ പോക്കും ഞങ്ങൾ ആസ്വദിച്ചു. തോർത്തു കൊണ്ടുള്ള അഭ്യാസം ഞങ്ങൾ പിന്നെയും തുടർന്നു കാണും, കുളത്തിലും പുഴയിലും ഒക്കെ. ഓർക്കുന്തോറും എന്റെ കണ്ണ് നനഞ്ഞു. അവയുടെ പിടച്ചിൽ എന്റെ നെഞ്ചിൽ തറച്ചു. ശ്വാസംമുട്ടിയുള്ള കരച്ചിൽ എന്റെ കർണ്ണപുടത്തിൽ ആഞ്ഞടിച്ചു. ഒരു കരച്ചിൽ എന്റെ തൊണ്ടയിൽ കുരുങ്ങി. മീനിന്റെ തൊണ്ടയിൽ കുടുങ്ങിയ ചൂണ്ട വലിച്ചെടുക്കാനാകാതെ ഞാൻ കുഴങ്ങി. ഞാൻ പതുക്കെ ശ്രദ്ധാപൂർവ്വം മീനിന് കേടുപറ്റാതെ ചൂണ്ട പുറത്തെടുത്തു. ജീവൻ തിരിച്ചുകിട്ടിയത് വിശ്വസിക്കാനാകാതെ എന്നാൽ രക്ഷപ്പെട്ടതിലുള്ള സന്തോഷത്തിൽ ആ മീനെന്നെ നന്ദിയോടെ നോക്കിയതായി എനിക്ക് തോന്നി. ഒറ്റ കുതിപ്പിന് അത് മാളത്തിലേക്ക് വലിഞ്ഞു. ചൂണ്ട താഴെയിട്ടു, ഞാൻ സോഫയിൽ ചാരിയിരുന്ന് കണ്ണുകളടച്ചു. ഒരു ജീവൻ തിരിച്ചുനല്കിയതിന്റെ ചാരിതാർഥ്യം ഞാൻ അനുഭവിക്കുകയായിരുന്നു. മോളാകട്ടെ ഇതൊന്നുമറിയാതെ മീനുകളെ പിടിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് ഒരു തീക്ഷ്ണഗന്ധം മൂക്കുകളെ വലയം ചെയ്തു. നല്ല പരിചിതമായ സുഖകരമായ മണം. അതെന്റെ മൂക്കിലൂടെ ആമാശയത്തിലേക്കു കയറി അവിടെ ചില വിക്രിയകൾ ചെയ്തു. ആ ഗന്ധത്തിൽ അലിഞ്ഞിരിക്കെ ഭാര്യയുടെ വിളി വന്നു, "വന്നു ഭക്ഷണം കഴിച്ചോ..മോളെയും വിളിച്ചോ". കൈ കഴുകി ഞാൻ ഊൺമേശയിൽ ചെന്നിരുന്നു. അവിടെ ഒരു പാത്രത്തിൽ പൊരിച്ച മീൻ കഷണങ്ങൾ ചൂടാറാകാതെ കിടക്കുന്നു. ഒരു നിമിഷം ഞാൻ അതിനെ നോക്കിനിന്നു. വികാരത്തെ നിയന്ത്രിക്കാൻ കഴിയാതെ എന്റെ കൈകൾ തരിച്ചു.
നിറഞ്ഞ വയറും തടവി ഒരു ഏമ്പക്കവും വിട്ടതിനുശേഷം ഞാൻ എഴുന്നേറ്റ് കൈകഴുകി. ഞാനും മോളും ഇപ്പോഴും കളിക്കുകയാണ്. വാ പിളർന്നു വരുന്ന ഓരോ മീനിനെയും ഞാൻ ആവേശത്തോടെ ചൂണ്ടയിൽ കോർത്തെടുത്തു, യാതൊരു വൈമനസ്യവും കൂടാതെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ