പേജുകള്‍‌

വായനാദിനം




ഒരു വായനാദിനം കൂടി കടന്നുപോയി.പലരും ചികഞ്ഞെടുക്കുന്നതു പോലെ വായനയുടെ പുഷ്കലമായ ഒരു ബാല്യമോ കൗമാരമോ എനിക്കുണ്ടായിരുന്നില്ല. യൗവ്വനത്തിലായിരുന്നു ഞാൻ വായനയുടെ ലോകത്തിലേക്ക് ചേക്കേറിയത്. ഇടയ്ക്കു തളർന്നും വീണ്ടും തളിർത്തും ഇപ്പോഴും അത് മുന്നോട്ടു കൊണ്ടുപോകാൻ എനിക്ക് കഴിയുന്നുണ്ട് എന്നത് എന്റെ ഭാഗ്യം. അതും വായനയുടെ പാരമ്പര്യമോ പ്രോത്സാഹനമോ ഒന്നും ഇല്ലാതെ വളർന്നുവന്ന ഒരാൾ ആളെന്ന നിലയിൽ.
കുട്ടിയായിരിക്കുമ്പോൾ അക്കാലത്തെ കുട്ടികളെ പോലെ പൂമ്പാറ്റയും ബാലരമയുമായിരുന്നു ഞങ്ങളുടെ കൂട്ടുകാർ. വീട്ടിൽ സ്ഥിരം വാങ്ങാറില്ലായിരുന്നു ഈ പുസ്തകങ്ങൾ എങ്കിലും സ്കൂളിൽ നിന്നോ അയല്പക്കത്തു നിന്നോ കിട്ടുമായിരുന്നു. ഞങ്ങൾ മൂന്നുപേരായിരുന്നതിനാൽ പുസ്തകം കൊണ്ടുവന്ന ആൾ കഴിഞ്ഞാൽ രണ്ടാമതായി അത് വായിക്കാൻ ബാക്കിയുള്ള രണ്ടുപേരിലും മത്സരമായിരുന്നു.കൂടാതെ അന്നത്തെ മാ പ്രസിദ്ധീകരണങ്ങളിലെ ചിത്രകഥയും കാർട്ടൂണും വായിച്ചിരുന്നു. ഈ പുസ്തകങ്ങളും സ്വന്തം വീട്ടിൽ നിന്നോ അല്ലെങ്കിൽ അയല്പക്കത്തെ വീടുകളിൽ നിന്നോ കറങ്ങിത്തിരിഞ്ഞ് കൈയ്യിൽ കിട്ടുമായിരുന്നു. കുറച്ചു കൂടി കഴിഞ്ഞാണ് അതിലെ നോവലുകളും കഥകളും വായിക്കാൻ തുടങ്ങിയത്. പക്ഷെ അത് ശീലമാക്കിയിരുന്നില്ല.പത്രം വായിക്കാൻ തുടങ്ങിയത് പിന്നെയും കുറെ കഴിഞ്ഞായിരിക്കണം.
മാതൃഭുമിയാണ് അന്ന് കണ്ട പത്രം. ഇന്നും മാതൃഭൂമി തന്നെയാണ് എനിക്ക് തൃപ്തി നൽകുന്ന പത്രം, പഴയ മാദ്ധ്യമധർമ്മത്തിൽ നിന്നും ഒരുപാടു മാറിപ്പോയെങ്കിലും. സ്കൂളുകളിൽ ലൈബ്രറി ഉണ്ടായിരുന്നില്ല, കൂടാതെ പുസ്തകം വാങ്ങി വായിക്കുന്ന ആരെയും എന്റെ കുടുംബത്തിൽ ഞാൻ അക്കാലത്തു കണ്ടിട്ടുമില്ല. അതിനാൽ തന്നെ വായനാശീലത്തെ ഉണർത്തുന്ന അനുഭവങ്ങൾ ഒന്നും ബാല്യകാലത്ത് ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. കോളേജിൽ എത്തിയപ്പോൾ മലയാളം വലിയ താല്പര്യമായിരുന്നെങ്കിലും ലൈബ്രറിയിൽ നിന്ന് പുസ്തകമെടുത്ത് വായിക്കാൻ അധികം താല്പര്യം കാണിച്ചില്ല. വളരെ അപൂർവ്വമായാണ് അതിനു മിനക്കെട്ടതു തന്നെ. എങ്കിലും എവിടെ നിന്നെങ്കിലും വല്ലപ്പോഴും പുസ്തകങ്ങൾ കിട്ടിയാൽ വായിക്കുമായിരുന്നു. അങ്ങിനെയാണ് മഹാഭാരതവും രാമായണവും അറിഞ്ഞത് തന്നെ. എങ്കിലും വായന ഒരു ഗൗരവമായി കാണുകയോ ദൗർബല്യമായിത്തീരുകയോ ചെയ്തില്ല.
കാലങ്ങൾ പിന്നെയും കഴിഞ്ഞ് ബാംഗ്ലൂരിൽ ജോലി ചെയ്യവെയാണ്‌ പുസ്തകം വാങ്ങലും വായനയും ജീവിതത്തിന്റെ ഭാഗമായി മാറിയത്. ഒരു ശരാശരി മലയാളി അല്ലെങ്കിൽ അഭ്യസ്തവിദ്യൻ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ വായിച്ചിരുന്നില്ല എന്ന് മാത്രമല്ല പലതിന്റെയും പേര് പോലും കേട്ടിരുന്നില്ല എന്നത് ന്യൂനതയായി തോന്നി. എങ്കിലും ഒരു വ്യാഴവട്ടത്തിന് മുൻപ് തുടങ്ങിയ ശീലം ഇപ്പോഴും തുടരുന്നു. വായിക്കാൻ സമയം കിട്ടിയില്ലെങ്കിലും വാങ്ങുക എന്ന ആഗ്രഹം നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു. ഏകദേശം 300 -ഓളം പുസ്തകങ്ങൾ ഇപ്പോൾ എന്റെ ശേഖരത്തിലുണ്ട്. അത് നാൾക്കുനാൾ വളർത്തുക എന്നത് തന്നെയാണ് എന്റെ ലക്‌ഷ്യം. കൂടാതെ ഞാൻ അംഗമായ മലയാളസമാജത്തിലെ സാഹിത്യചർച്ചകൾ നിർബന്ധമായും വായിക്കാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മാസം അസുഖമായി കിടന്നപ്പോൾ അതിന്റെ തീവ്രത എന്നെ വേദനിപ്പിച്ചിരുന്നെങ്കിലും കുറെ പുസ്തകങ്ങൾ വായിക്കാമല്ലോ എന്ന ചിന്ത എന്നെ കുറച്ചൊന്നുമല്ല ആഹ്ളാദിപ്പിച്ചത്. ചെറുപ്പത്തിലേ വായിച്ചു വളരാൻ മൂത്തമോൾക്ക് ബാലരമയും കളിക്കുടുക്കയും മാജിക് പോർട്ട് എന്നിവയൊക്കെ വാങ്ങുന്നുണ്ടെങ്കിലും അവൾക്ക് അതിനോട് താല്പര്യം കുറവാണ് എന്നത് സങ്കടകരമാണ്. അതിനിടയിലും 5 മാസം മാത്രം പ്രായമായ രണ്ടാമത്തെ മോൾ പുസ്തകങ്ങൾ നിറഞ്ഞ അലമാര കാണുമ്പോൾ കരയുന്നതു നിർത്തി അതിലേക്കു ഉറ്റുനോക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു, ഒപ്പം അവളെങ്കിലും ഇതൊക്കെ വായിക്കണമെന്ന ആഗ്രഹവും.
തിരിഞ്ഞുനോക്കുമ്പോൾ വായിക്കാതെ നഷ്ടപ്പെടുത്തിയ ദിനങ്ങളും പുസ്തകങ്ങളും എന്നെ സങ്കടത്തിലാഴ്ത്തുന്നു. അതിനാൽ തന്നെ ഒരു വായനാദിനം കൂടി കടന്നു പോകുമ്പോൾ എനിക്ക് പറയാനുള്ളത് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് തന്നെയാണ്.
                                      " വായിച്ചാലും വളരും വായിച്ചില്ലേലും വളരും
                                        വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും "
അതിനാൽ വായിച്ചു തന്നെ വളരുക..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ