നിഴലകന്നൊരു വീഥിയിൽ മലരു കൊണ്ടൊരു മന്ദിരം
വെറുതെ ഞാനൊരുക്കി
വെയിലിൽ വാടാതെ മഴയിൽ നനയാതെ
കാത്തിരുന്നുവെങ്കിലും
മൃദുലമാമൊരു തെന്നലിൽ സ്വപ്നസൗധമുടഞ്ഞുപോയ്
"എനിക്ക് കുറെ കാർഡ്‌ബോർഡും ചാർട്ട് പേപ്പറുകളും വാങ്ങിത്തരണം" മോൾ രാവിലെ തന്നെ ഒരു നീണ്ട ലിസ്റ്റ് എന്റെ മുന്നിൽ അവതരിപ്പിച്ചു.
"ആ പിന്നാ.. കാർഡ് ബോർഡ് ഒട്ടിക്കാൻ ഒരു ഫെവിക്കോളും പെയിന്റും കൂടി വേണം" അവൾ തന്റെ പട്ടികയുടെ നീളം ഇത്തിരി കൂടി കൂട്ടി.
"എന്തിനാ ഇപ്പോൾ ഇത്രയും സാധനങ്ങൾ..?" ഞാൻ എന്റെ പതിവ് പ്രതിരോധം തീർത്തു.
"എനിക്ക് വീടുണ്ടാക്കാനാ.."
"വീടോ..?" എനിക്ക് ആകാംക്ഷയായി.
"ആ വീട്..എനിക്ക് വലിയ വീടുണ്ടാക്കണം. മൂന്ന് നിലയുള്ള വീട്. അതിൽ ടീവിയും ഫ്രിഡ്‌ജും സോഫയും ഡൈനിങ്ങ് ടേബിളും എല്ലാം ഉള്ള വീട്.."
അവൾ ആവേശത്തിലാണ്.
ഞാൻ ഒന്നും മിണ്ടിയില്ല.
"അച്ഛാ..ഈ ഫസ്റ്റ് ഫ്ലോറിൽ നിന്ന് സെക്കന്റ് ഫ്ലോറിലേക്ക് പോകാൻ സ്റ്റെയർ കേസ് വേണ്ടേ, അതെങ്ങിനെ ഉണ്ടാക്കും..? വീടല്ല ഏണിപ്പടികളാണ് അവൾക്ക് വെല്ലുവിളി..!!!
"ആദ്യം നീ വീടുണ്ടാക്ക്, സ്റ്റെപ്‌സ് പിന്നെയുണ്ടാക്കാം" ഞാൻ പ്രോത്സാഹിപ്പിച്ചു എങ്കിലും അവൾ എങ്ങിനെ വീടുണ്ടാക്കും എന്ന സംശയം എനിക്ക് ഉണ്ടായിരുന്നു. അതിനാൽ ഞാൻ ആ ചോദ്യം അവളോട് ചോദിച്ചു.
"അല്ലാ, അതിന് നിനക്ക് വീടുണ്ടാക്കാൻ അറിയുമോ..??????"
"ആ..അറിയും." എന്റെ ആകാംക്ഷ കൂടി. അതറിഞ്ഞു കൊണ്ടോ എന്തോ അവൾ കൂട്ടിച്ചേർത്തു
"ഞാൻ സ്വപ്നത്തിൽ ഉണ്ടാക്കീന്..3 ഫ്ലോർ ഉള്ള വീട്. എത്ര പെട്ടെന്ന് നന്നായി ഞാൻ ആക്കീനെന്നറിയോ അച്ഛന്..?" അവൾക്ക് ആവേശം കൂടി.
"എപ്പോ അച്ഛാ വാങ്ങുന്നേ " അവൾ തന്റെ പട്ടിക വീണ്ടും സമർപ്പിച്ചു.
പുറത്തുപോയി വാങ്ങാൻ കഴിയാത്ത ആരോഗ്യസ്ഥിതിയായതിനാൽ ഞാൻ പറഞ്ഞു, "നീ ആദ്യം എന്നെയൊന്നു ഉണ്ടാക്കി കാണിക്ക്, എന്നിട്ട് വാങ്ങിത്തരാം.."
"അമ്മയോട് പറഞ്ഞ് മുകളിലെ തട്ടിൽനിന്ന് കാർഡ്ബോർഡ് എടുത്തു തരാൻ പറ" ഞാൻ വിദഗ്ദമായി പന്ത് തിരിച്ചു തട്ടി.
പിന്നെ ഒന്ന് രണ്ട് ദിവസം അമ്മയും മോളുമുള്ള കശപിശയായിരുന്നു എങ്കിലും അവസാനം അവൾക്ക് ഒരു കാർഡ്ബോർഡ് പെട്ടി ഭാര്യ എടുത്തു കൊടുത്തു. കത്രികയും ഫെവിക്കോളുമായി ആവേശത്തോടെ പണി തുടങ്ങിയ മോൾ പെട്ടെന്ന് തന്നെ സങ്കടപ്പെട്ടു "എനിക്കിത് മുറിക്കാൻ കഴിയുന്നില്ല"
അവൾ വീണ്ടും അമ്മയെ ശല്യപ്പെടുത്താൻ തുടങ്ങി. അമ്മയും മോളുമുള്ള ലഹള വീണ്ടും.എങ്കിലും ഭാര്യ അതൊക്കെ മുറിച്ചു കൊടുത്തു. മോൾ അടുത്ത ഘട്ടമായ ഒട്ടിക്കൽ പരിപാടിയിലേക്ക് നീങ്ങി. അധികസമയം വേണ്ടി വന്നില്ല, അടുത്ത പരാതിയെത്തി. ജഗതി പറഞ്ഞത് പോലെ 'കലങ്ങിയില്ല..' എന്ന ഭാവത്തിൽ "ഒട്ടുന്നില്ല.." എന്നും പറഞ്ഞ് അവൾ വന്നു. 'നല്ലോണം പശയിട്ട് അച്ഛൻ ഒട്ടിക്കട്ടെ' എന്ന് ഞാനൊട്ടു ചോദിച്ചതുമില്ല. ഏതായാലും ആ ആവേശം ചോർന്നുപോയി.
പിന്നീട് ഭക്ഷണം ഉരുട്ടിയുരുട്ടി വായിലിടുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു "എന്തേ വീടുണ്ടാക്കുന്നതു നിർത്തിയോ ..?"
അവളുടെ കുഞ്ഞുമുഖം വാടി, സങ്കടത്തോടെ പറഞ്ഞു.
"എനിക്ക് ഒട്ടിക്കാൻ പറ്റുന്നില്ല. ഞാൻ സ്വപ്നത്തിൽ കണ്ടത് വല്യ കാർഡ്‌ബോർഡായിരുന്നു. അത് എനിക്ക് ഒട്ടിക്കാൻ പറ്റി.." ഒന്ന് നിർത്തി അവൾ തുടർന്നു "ഇത് അങ്ങനത്തെ കാർഡ്‌ബോർഡല്ല"
'സാരമില്ല അച്ഛനും സഹായിക്കാം, നമുക്ക് കുറച്ച് കഴിഞ്ഞിട്ട് നോക്കാം..' എന്ന വാഗ്ദാനം കൊടുക്കാനൊന്നും ഇക്കാര്യങ്ങളിൽ മടിയനായ ഞാൻ പോയതേയില്ല.
വിരലുകൊണ്ട് അച്ചാർ തൊട്ടു നക്കി 'റ്റ..' എന്ന ശബ്ദവും വിട്ട് ഞാൻ ഇത്തിരി ഗൗരവത്തിൽ അവളെ നോക്കി.
"ഇപ്പൊ മനസ്സിലായോ, സ്വപനത്തിൽ കാണുന്നത് പോലെയൊന്നും നടക്കില്ല എന്ന്" കുറെ അനുഭവപരിജ്ഞാനമുള്ള കാരണവരുടെ ഭാവത്തിൽ ഞാൻ വലിയൊരു തത്വം അവളുടെ നേർക്കെറിഞ്ഞു.
എന്നിട്ട് അടുത്ത ഒരു ഉരുള കൂടി വായിലിട്ട് ചവക്കുന്നതിനിടയിൽ ഞാൻ പതുക്കെ ഒളികണ്ണിട്ട് മോളെ നോക്കി. അച്ഛൻ എന്തോ പറഞ്ഞുവെന്നല്ലാതെ എന്താണ് പറഞ്ഞതെന്നറിയാതെ മിഴിച്ചിരിക്കുകയായിരുന്നു അവളപ്പോൾ. അത് കണ്ടതായി നടിക്കാതെ പാത്രത്തിലെ അവസാന വറ്റും നക്കിയെടുത്ത് അത്യാവശ്യം ചെറുതല്ലാത്ത ഒരു ഏമ്പക്കവും വിട്ടു കൈകഴുകാനായി ഞാൻ നീങ്ങി.
സ്വപ്നത്തിൽ കണ്ട മൂന്ന് നിലയുള്ള വീട് അപ്പോഴും ഒരു മോഹമായി അവളുടെ മനസ്സിൽ വട്ടമിട്ട് പറക്കുന്നത് എനിക്കാ വാടിയമുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു.
നല്ലൊരു വീട്
മറുപടിഇല്ലാതാക്കൂനന്ദി..
മറുപടിഇല്ലാതാക്കൂ