പേജുകള്‍‌

തോറ്റിട്ടും ജയിച്ചവർ


കലാശപ്പോരാട്ടത്തിൽ ഫ്രാൻസ് എന്ന വമ്പൻമാരുടെ മുൻപിൽ പൊരുതിവീണ, തോറ്റിട്ടും ആരാധകരുടെ ഹൃദയത്തിൽ വിജയിച്ചു നിൽക്കുന്ന ക്രോയേഷ്യൻ ടീമിന് ഒരു കാൽപന്തുകളി ആരാധകന്റെ സമർപ്പണം...


ഭൂമുഖത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ ലൂഷ്നിക്കി സ്റ്റേഡിയത്തിലെ പുൽമൈദാനത്ത് തകർന്ന സ്വപ്നങ്ങളുമായി അയാൾ നിന്നു, ഏറ്റവും നല്ല കളിക്കാരനുള്ള സുവർണ്ണപന്ത് പുരസ്കാരവുമായി. ഉള്ളിൽ സങ്കടക്കടലിരമ്പുമ്പോഴും  ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാതെ തല ഉയർത്തിപ്പിടിച്ചു തന്നെ നിന്നു; അയാൾ -  41 ലക്ഷത്തോളം വരുന്ന ജനതയുടെ സ്വപ്‌നങ്ങൾക്ക് സാക്ഷാത്ക്കാരം നൽകാനായി ചിറകു വിടർത്തി ഉയരങ്ങളിലേക്ക് പറന്നവൻ. എതിരാളിയുടെ കാൽക്കീഴിൽ തങ്ങളുടെ സ്വപ്‌നങ്ങൾ ചവുട്ടിയരയ്ക്കപ്പെടുന്നത് വേദനയോടെ കാണേണ്ടി വന്നയാൾ..ഒരു പളുങ്കുപാത്രം പോലെ തന്റെ രാജ്യത്തിൻറെ മോഹം വീണുടയുന്നത് നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നയാൾ - ലുക്കാ മോഡ്രിച്, ക്രോയേഷ്യ എന്ന ഇത്തിരിക്കുഞ്ഞൻ രാജ്യത്തിലെ ഫുട്ബോൾ ടീമിന്റെ നായകൻ.

ലോകത്തിന്റെ സൗന്ദര്യം മുഴുവൻ ഒരു കാല്പന്തിൽ ആവാഹിച്ച,  ആകാംക്ഷയും ഉദ്ദ്വേഗജനകമായ നിമിഷങ്ങളും നിറഞ്ഞ 30 ദിനരാത്രങ്ങൾ. എല്ലാ ശത്രുതകളും ദുഃഖങ്ങളും ആവലാതികളെല്ലാം മാറ്റിവച്ചു കഴിഞ്ഞ ഒരു മാസമായി ലോകജനത ഈയൊരു പന്തിന്റെ പിറകെയായിരുന്നു, കണക്കുകൂട്ടലും പ്രാർത്ഥനകളുമായി. ആര് വീഴും ആര് നേടും എന്ന് പ്രവചിക്കാനാവാത്ത ആവേശം നിറഞ്ഞ പോരാട്ടങ്ങളുടെ 30 നാളുകൾ. ഒടുവിൽ കലാശപോരാട്ടത്തിലേക്കു എത്തുമ്പോഴേക്കും, ലോകകപ്പ് തങ്ങൾക്കുള്ളതാണെന്നു വീമ്പിളക്കിയ അല്ലെങ്കിൽ ആരാധകർ അങ്ങിനെ കല്പിച്ച ഫുട്ബോൾ ലോകത്തിലെ പ്രമാണിമാരായ വമ്പന്മാരും ആരാധകരുടെ സിരകളെ ചൂടുപിടിപ്പിച്ച ഭാവനാസമ്പന്നരായ മഹാരഥന്മാരായ കളിക്കാരും കൂടാരങ്ങളിലേക്കു മടങ്ങിയിരുന്നു, പോരാട്ടവീര്യത്തിന്റെ ലക്ഷണം തരിമ്പും പ്രകടിപ്പിക്കാതെ. 
പ്രവചനങ്ങളെ മുഴുവൻ കാറ്റിൽ പരത്തി ക്രൊയേഷ്യ എന്ന കുഞ്ഞൻ രാജ്യം കലാശപോരാട്ടത്തിനു അർഹത നേടിയപ്പോൾ യാഥാസ്ഥിതികരുടെ നെറ്റി ചുളിഞ്ഞെങ്കിലും ഫുട്ബോളിനെ മാത്രം നെഞ്ചിലേറ്റുന്ന ഒരു ജനതയുടെ പോരാട്ടവീര്യത്തിന്റെ സാക്ഷ്യപത്രം കൂടിയായി അത്. 90 മിനുട്ടു നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ, ഉയിർത്തെഴുന്നേൽപ്പിനായി തങ്ങളുടെ രാജ്യം ആഗ്രഹിച്ചതെന്താണോ അത് കപ്പിനും ചുണ്ടിമിടയിൽ വച്ച് വഴുതിവീഴുന്നതു കണ്ടുനിൽക്കേണ്ടി വന്നു അവർക്ക്. അതൊരു വേദന തന്നെയായിരുന്നു ക്രോയേഷ്യയെ സംബന്ധിച്ചിടത്തോളം. അല്ലെങ്കിലും ഒരു ഫുട്ബോൾ മത്സരം മൂലം പിറവിയെടുത്ത രാജ്യത്തിന്, സിരകളിലും ചിന്തകളിലും ഫുട്ബോളിനെ നിറച്ച, ഫുട്ബോളിനെ മാത്രം നെഞ്ചിലേറ്റിയ ഒരു ജനതയ്ക്ക്, കാൽപ്പന്തു കളിയുടെ അവസാനവാക്കായ ലോകകപ്പിൽ കുറഞ്ഞൊന്നും ചിന്തിക്കാനാവുമായിരുന്നില്ലല്ലോ.

സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തു ഫ്രാൻസിലെ താരങ്ങളും ആരാധകരും ആഹ്ളാദനൃത്തം ചവുട്ടുമ്പോൾ മോഡ്രിച്ചിന്റെ നെഞ്ചിൽ ദുഖത്തിന്റെ പെരുമ്പറ മുഴങ്ങുകയായിരുന്നു. അവസാനവിസിൽ മുഴങ്ങുന്നതുവരെയും പൊരുതിയ തങ്ങളുടെ ടീമിന് പിന്തുണയുമായി ഗാലറിയിൽ ക്രൊയേഷ്യക്കാർ വേദന കടിച്ചമർത്തി അഭിവാദ്യമർപ്പിച്ചു. അവർക്കറിയാം, തങ്ങളുടെ വീരനായകർ, ആയുധം പ്രയോഗിക്കാൻ മറന്ന യോദ്ധാക്കളല്ല മറിച്ചു തങ്ങളേക്കാൾ കരുത്തരായ എതിരാളികളോട് പൊരുതി തോറ്റവരാണെന്ന്. ആ തോൽവിക്ക് എതിരാളികളുടെ വിജയത്തേക്കാളും മഹത്വം അവർ കൽപ്പിച്ചു. 

മോഡ്രിച്ച്, കോടികൾ ജനസംഖ്യയുള്ള, വികസിതരാജ്യമെന്ന് അഹങ്കരിക്കുന്ന, സാങ്കേതികമായും സാമ്പത്തികമായും ഒരു പാട് മുന്നിലെന്ന് വീമ്പിളക്കുന്ന രാജ്യങ്ങൾക്കാർക്കും പെട്ടെന്നൊന്നും എത്തിപ്പെടാൻ കഴിയാത്ത ഉയരത്തിൽ തന്നെയാണ് നിങ്ങളും കൂട്ടുകാരും ചേർന്ന് നിങ്ങളുടെ രാജ്യത്തിനെ എത്തിച്ചിരിക്കുന്നത്. അതിൽ അഭിമാനിക്കാം, ഈ ജീവിതകാലം മുഴുവൻ. ഈ കാൽപ്പന്ത് മാമാങ്കം നിലനിൽക്കുന്നിടത്തോളം നിങ്ങളുടെ പോരാട്ടത്തെ (നേട്ടത്തെ) ഞങ്ങൾ കായികസ്നേഹികൾ ഒരിക്കലും മറക്കില്ല, മുന്നിൽ നിന്ന് നയിച്ച നിങ്ങളെയും. അതുകൊണ്ട്  തലയുയർത്തി നെഞ്ച് വിരിച്ചു തന്നെ  പോകാം നിങ്ങൾക്കും കൂട്ടാളികൾക്കും. ഞങ്ങളുടെ മനസ്സിൽ നിങ്ങളാണ് ചാമ്പ്യന്മാർ, രാജ്യത്തിന് വേണ്ടി പൊരുതി വീണ, സിരകളിൽ രാജ്യസ്നേഹം നിറച്ച  യഥാർത്ഥ വീരന്മാർ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ