പേജുകള്‍‌

അപ്പൂപ്പൻ



"ഒരിടത്തൊരിടത്ത് ഒരു അപ്പൂപ്പനുണ്ടായിരുന്നു...മെലിഞ്ഞു നീണ്ടു ശരീരമുള്ള, ഭംഗിയായി ചിരിക്കാറുള്ള, കള്ളം പറയാത്ത അപ്പൂപ്പൻ.." അയാൾ പറഞ്ഞു തുടങ്ങി.
മോളെ ഉറക്കാൻ കിടത്തിയതായിരുന്നു, പക്ഷെ കഥ കേട്ടാലേ ഉറങ്ങൂ എന്ന് ആ അഞ്ചുവയസ്സുകാരി വാശി പിടിച്ചപ്പോൾ, 'ശരി കഥ പറഞ്ഞു തരാം' എന്നായി അയാളും.
"അപ്പൂപ്പൻന്നു പറഞ്ഞാലാരാ അച്ഛാ?" അവൾ സംശയം തുടങ്ങി.
"അപ്പൂപ്പൻന്നു പറഞ്ഞാൽ അച്ഛച്ഛ..വെളുത്ത മുടിയൊക്കെയായി, നല്ലോണം വയസ്സായ ആള്. മോൾക്ക് വല്യ അമ്മമ്മ ഇല്ലേ, അതുപോലെ വല്യ അച്ഛച്ഛൻ " അയാൾ വ്യക്തമാക്കി കൊടുത്തു.  
"മനസ്സിലായോ?" അയാൾ ചോദിച്ചു.
"ഉം" അവൾ ഉത്തരം മൂളി.
"മോൾക്ക് അറിയോ, ആ അപ്പൂപ്പന്റെ തലയിലും മുടിയൊന്നുമില്ലായിരുന്നു, അച്ഛനെ പോലെ.." അയാൾ തുടർന്നു.
അവൾ അത് കേട്ട് ചിരിച്ചുകൊണ്ട് അയാളുടെ തലയിൽ തൊട്ടു.
"അച്ഛന്റെ മൊട്ടത്തല.."
"ഒരു മുണ്ടുടുത്ത്...പിന്നൊരു മുണ്ട് പുതച്ച്..അതായിരുന്നു അപ്പൂപ്പന്റെ കുപ്പായം...കൈയിലൊരു വലിയ വടിയുമായി അതും കുത്തിപ്പിടിച്ചായിരുന്നു അപ്പൂപ്പൻ നടക്കാറ്"
"ആ വടിയെന്തിനാ അപ്പൂപ്പന്, കുട്ടികളെ തല്ലാനാ?" കുട്ടി ഇടയിൽ കയറി ചോദിച്ചു.
"അയ്യോ..അപ്പൂപ്പൻ ഒരു പാവമായിരുന്നു..കുട്ടികളെയൊന്നും തല്ലില്ല, മാത്രവുമല്ല അപ്പൂപ്പന് കുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്നു.. ആ വടിയും കുത്തിയാണ് അപ്പൂപ്പൻ നാടായ നാടൊക്കെ സഞ്ചരിച്ചത്..."
"ഒറ്റക്കോ..????"
"ചിലപ്പോൾ ഒറ്റക്ക്, ചിലപ്പോൾ കുറെ ആൾക്കാരുടെ കൂടെ.."
"അതെന്തിനാ?" അവൾക്കു ജിജ്ഞാസ അടക്കാൻ പറ്റുന്നില്ല.
"അതോ,ഓരോ നാട്ടിലും ചെന്ന് അവിടെയുള്ള ആൾക്കാരെയൊക്കെ കണ്ട് അവരുടെ ബുദ്ധിമുട്ടുകൾ അറിയും, എന്നിട്ട് തന്നെക്കൊണ്ട് കഴിയുന്നതുപോലെ അവരെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.."
"അപ്പൊ..അപ്പൂപ്പന് ജോലിയൊന്നുമില്ലേ, അച്ഛനെപ്പോലെ..?"
"പണ്ട് അപ്പൂപ്പൻ ഒരു വക്കീലായിരുന്നു...മോളുടെ അച്ഛച്ഛനെ പോലെ കറുത്ത കോട്ടൊക്കെ ഇട്ടു കോടതിയിൽ പോയ ഒരു വക്കീൽ.."
"ഈ അപ്പൂപ്പനും അച്ഛച്ഛന്റെ ഓഫീസിലാണോ..?"
"അല്ലപ്പാ..ഈ അപ്പൂപ്പൻ ആദ്യം ജോലി ചെയ്തത് അങ്ങ് ദൂരെ. കുറെ ദൂരെ, കടലിനുമപ്പുറത്തുള്ള ഒരു നാട്ടിൽ.."
"അതെന്തിനാ? ഇവിടെ ആരും ജോലി കൊടുത്തില്ലേ?" അവൾക്ക് സംശയം.
"ഹേയ്, അതല്ല...ആ നാട്ടിൽ ആരും സഹായിക്കാനില്ലാത്ത കുറെ പാവം ആൾക്കാറുണ്ടായിരുന്നു,അവരെ സഹായിക്കാനാ അപ്പൂപ്പൻ അങ്ങോട്ട് പോയത്..."
"എന്നിട്ട്..?"
"അവിടെ ചെന്ന അപ്പൂപ്പൻ അവരെ സഹായിച്ചു..ജോലിയെടുക്കാൻ പഠിപ്പിച്ചു..അവർക്ക് കാശൊന്നുമില്ലല്ലോ, അതുകൊണ്ടു അവരുടെ കുഞ്ഞുകുട്ടികൾക്കൊന്നും സ്കൂളിൽ പോകാൻ കഴിഞ്ഞില്ല..അവരെ എഴുതാനും വായിക്കാനും പഠിപ്പിച്ചു..അവരെ ഉപദ്രവിച്ച ആൾക്കാർക്കെതിരെ കേസ് കൊടുത്തു.."
"അവർക്കു നല്ല അടി കൊടുത്തിട്ടുണ്ടാകും അപ്പൂപ്പൻ, അല്ലെ അച്ഛാ..?"
"ഇല്ല, അപ്പൂപ്പൻ ആരെയും തല്ലിയില്ല..അപ്പൂപ്പൻ അങ്ങിനെ ആരെയും തല്ലാറില്ല..."
"അതെന്താ...?"
"നമ്മുടെ അപ്പൂപ്പൻ ഒരു പാവംല്ലേ ..എല്ലാവരേയും സ്നേഹിക്കാൻ മാത്രമേ അപ്പൂപ്പന് അറിയൂ..ആരോടും ദേഷ്യം തോന്നില്ല.."
"ഹായ്..നല്ല അപ്പൂപ്പൻ" അവൾ ചിരിച്ചു, "എന്നിട്ടോ..?"
"കുറെ കഴിഞ്ഞു വലുതായപ്പോൾ അപ്പൂപ്പൻ നാട്ടിലേക്കു വന്നു..നമ്മള് സ്കൂൾ പൂട്ടിയാൽ നാട്ടിൽ പോകുന്നില്ലേ, അത് പോലെ അപ്പൂപ്പൻ തിരിച്ച്‌ അപ്പൂപ്പന്റെ നാടായ ഇന്ത്യയിലേക്ക് വന്നു.." അയാളെ മുഴുവൻ പറയാൻ അവൾ സമ്മതിച്ചില്ല, അതിനു മുൻപേ, 
"ഇന്ത്യ നമ്മുടെ കൺട്രി അല്ലെ..? ടീച്ചർ പഠിപ്പിച്ചിരുന്നു..ഇന്ത്യ ഈസ് മൈ കൺട്രി, ഓൾ ഇന്ത്യൻസ് ആർ ബ്രതെർസ് ആൻഡ് സിസ്റ്റെർസ്.." അവൾ നിർത്തുന്നില്ല 
"അതെ, അപ്പൂപ്പന്റെ രാജ്യവും ഇന്ത്യയായിരുന്നു.."
"രാജ്യംന്ന് പറഞ്ഞാ എന്താ അച്ഛാ?"
"രാജ്യംന്ന് പറഞ്ഞാലും കൺട്രീന്ന് പറഞ്ഞാലും ഒന്നന്നെ..നമ്മുടെ രാജ്യവും ഇന്ത്യയാണ്, കൺട്രിയും ഇന്ത്യയാണ്..കൺട്രിയുടെ മലയാളമാണ് രാജ്യം...മനസ്സിലായോ നിനക്ക്..?
"ഉം..." അവൾ തലയാട്ടി 
"ബാക്കി പറ അച്ഛാ..."
"ഇന്ത്യയിലും കുറെ പാവം ആൾക്കാറുണ്ടായിരുന്നു..പൈസയൊന്നുമില്ലാത്ത, ആരും സഹായിക്കാൻ ഇല്ലാത്ത കുറെ പാവം ആൾക്കാർ..അപ്പൂപ്പൻ അവരെയൊക്കെ സഹായിച്ചു...അവരെ ഉപദ്രവിച്ചവരെ അപ്പൂപ്പൻ തടഞ്ഞു.."
"അയ്യോ..പാവം..ആരാ അച്ഛാ ആൾക്കാരെ ഉപദ്രവിക്കുന്നെ?.."
"അതോ..അത് ബ്രിട്ടീഷുകാർ എന്ന് പറയുന്ന ആൾക്കാർ..നമ്മളവരെ സായിപ്പന്മാർ എന്നാ വിളിക്കാറ്..അവര് അങ്ങ് ദൂരെ കടലിനപ്പുറമുള്ള നാട്ടിൽ നിന്ന് ഇങ്ങോട്ടു വന്നിട്ട് നമ്മളെ ഉപദ്രവിക്കുന്നതാ.."
"അപ്പൂപ്പൻ പോയ നാട്ടിന്നു വന്നതാ..?"
"അല്ലല്ല...ഇത് വേറെ നാട്..അതിനേക്കാളൊക്കെ ദൂരമുള്ള നാട്..ബ്രിട്ടൺ എന്ന ഒരു രാജ്യണ്ട്..ഇന്ത്യയെപ്പോലെ വേറെ രാജ്യം..കൺട്രി..അവര്  നമ്മുടെ നാട്ടിൽ വന്ന് എല്ലാവരെയും പേടിപ്പിച്ചുകൊണ്ടിരുന്നു..നമ്മുടെ നാട്ടിലെ ആളെക്കൊണ്ട് കൊറേ പണിയെടുപ്പിച്ചു.."
"അപ്പൂപ്പൻ ഈ ചായിപ്പന്മാരെ...."
"ചായിപ്പ് അല്ല സായിപ്പ്...സായിപ്പ്.." അയാൾ തിരുത്തി
"ആ അതന്നെ ..അപ്പൂപ്പൻ ഈ ചായിപ്പന്മാരെ..അല്ല..ശായിപ്പന്മാരെ വടിയെടുത്തു തല്ലി ഓടിച്ചിട്ടുണ്ടാവുംല്ലേ.?"
"ഹേയ്...അപ്പൂപ്പൻ തല്ലില്ലാന്നു ഞാൻ പറഞ്ഞില്ലേ..? ദേഷ്യം വന്നാലും സങ്കടം വന്നാലും അപ്പൂപ്പൻ ആരെയും തല്ലില്ല..അപ്പൂപ്പൻ എന്താ ചെയ്യാന്നറിയോ മോൾക്ക്..? ആരോടും മിണ്ടാതെ ഭക്ഷണം ഒന്നും കഴിക്കാതെ ഇരിക്കും...അപ്പൊ എല്ലാവര്ക്കും സങ്കടാവും..അവര് ഉപദ്രവിക്കുന്നത് നിർത്തും.. കുഞ്ഞിമോള് ദേഷ്യം വന്നാ അച്ഛനോടും അമ്മയോടും മിണ്ടാതെ ഇരിക്കുന്നില്ലേ..? അപ്പൊ അച്ഛനും അമ്മയ്ക്കും സങ്കടം വരുന്നില്ലേ..? അതുപോലെ..."
"അപ്പൂപ്പൻ വേറെ നാട്ടിന്നു വന്നവരോട് പറഞ്ഞു, നിങ്ങള് വേഗം ഈ നാട്ടിന്നു പോണംന്ന്..."
"അപ്പൊ അവര് പോയി അല്ലെ..?"
"ഇല്ല, അങ്ങനെ അവര് പോവൂല്ല..അവര് ചീത്ത ആൾക്കാരല്ലേ...അപ്പൂപ്പൻ ബാക്കി എല്ലാരേയും വിളിച്ചിട്ടു പറഞ്ഞു, ഇവര് പോന്നവരെ നമുക്ക് സമരം ചെയ്യണംന്ന്.."
 "ആ..സമരം എനിക്കറിയാം...ടിവിലൊക്കെ കാണുന്നതല്ലേ അച്ഛേ..? കൊറേ ആള് വടിയെല്ലാം എടുത്തു പോലീസിനെ തല്ലുന്നത്...."
"അതന്നെ..പക്ഷേ നമ്മുടെ അപ്പൂപ്പൻ ആരെയും തല്ലാതെ സമരം ചെയ്തു..."
"അപ്പൊ അവരെല്ലാം പോയോ..?
"അത്ര വേഗം അവര് പോവ്വോ..? അപ്പൂപ്പൻ കുറേക്കാലം സമരം ചെയ്തു. പട്ടിണി കിടന്നും ആരോടും മിണ്ടാതെയും ആൾക്കാരെ കൂട്ടിയും ഒക്കെ സമരം ചെയ്തു. അവരുടെ കൂടെ ആരും ഒന്നിനും കൂടാൻ പാടില്ല എന്നൊക്കെ എല്ലാവരോടും പറഞ്ഞു"
"എന്നിറ്റോ..?"
"അങ്ങനെ കൊറേക്കാലം സമരം ചെയ്തിട്ടാമ്പോ അവര് പോയി. അവര്ക്ക് നമ്മുടെ നാട്ടില് ജീവിക്കാൻ ബുദ്ധിമുട്ടായി, അങ്ങനെ എല്ലാരും മടങ്ങിപ്പോയി.."
"നല്ല അപ്പൂപ്പൻ...ഈ അപ്പൂപ്പൻ ഇപ്പൊ എന്താ ചെയ്യുന്നേ..?"
"അപ്പൂപ്പനോ..? കൊറേ വയസ്സായിട്ടുമ്പോ അപ്പൂപ്പനെ തമ്പാച്ചി വിളിച്ചു..അങ്ങനെ അപ്പൂപ്പൻ സ്വർഗ്ഗത്തിലേക്ക് പോയി..."
"അയ്യോ...അപ്പൂപ്പനെ എനക്ക് കാണാൻ പറ്റൂല്ലേ..." കുഞ്ഞുമുഖം വാടി.
"അത് സാരമില്ല, അച്ഛൻ നാളെ അപ്പൂപ്പന്റെ ചിത്രം കാണിച്ചു തരാംട്ടോ..."
"അച്ഛന്റെ കൈയില് അപ്പൂപ്പന്റെ ഫോട്ടോ ഉണ്ടോ..?" അവളുടെ മുഖം തെളിഞ്ഞു.
"പിന്നെ...അച്ഛന്റെ കൈയിൽ കൊറേ ഫോട്ടോ ഉണ്ട്.."
"അച്ഛാ, ഈ അപ്പൂപ്പന്റെ പേരെന്താ..?"""
"അപ്പൂപ്പന്റെ പേരോ.. ഈ അപ്പൂപ്പന്റെ പേരാണ് മഹാത്മാ ഗാന്ധി..എല്ലാവരും ഗാന്ധിജി എന്ന് പറയും.."
"ആ ...ഗാന്ധിജി എനിക്കറിയാം...ഗാന്ധിജി ഈസ് ഔർ നാഷണൽ ഫാദർ...ഞാൻ പഠിച്ചിട്ടുണ്ട്..." അവൾ ക്ലാസ്സിൽ ടീച്ചർ പറഞ്ഞു കൊടുത്തത് ഓർത്തെടുത്തു.   
"ആ മിടുക്കി...നിന്നെ പോലുള്ള കുട്ടികൾ അപ്പൂപ്പനെ 'ബാപ്പു' എന്നാ വിളിച്ചിരുന്നത്..."
"ബാപ്പു...നല്ല പേര്.." അവൾ ചിരിച്ചു..
"മോളും വലുതായിട്ടുമ്പോ ഈ അപ്പൂപ്പനെ പോലെ ആവണം കേട്ടോ..ആരോടും ദേഷ്യപ്പെടാതെ എല്ലാരോടും ചിരിച്ചു സ്നേഹിച്ചു വർത്തമാനം പറയണം...അപ്പൂപ്പൻ കള്ളം പറയാറില്ല..അതുപോലെ മോളും പറയാൻ പാടില്ല..."
"ഉം..ശരിയച്ഛ...ഞാനും അപ്പൂപ്പനെ പോലെ നല്ല മോളാവും...നല്ല കഥ...അച്ഛന് ഒരുമ്മ ...." അവൾ അയാളുടെ കവിളത്തു സ്നേഹത്തോടെ അമർത്തി ചുംബിച്ചു...
ആ രംഗം കണ്ടു ആകാശത്തെവിടെയോ ഇരുന്നു ഗാന്ധിയപ്പൂപ്പൻ പുഞ്ചിരിച്ചു, കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായി. ആ മന്ദഹാസം ഒരു സ്നേഹനിലാവായി ഭൂമിയിലേക്കിറങ്ങി വന്ന് അച്ഛനെയും മോളെയും തഴുകിയുറക്കി.  

9 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. സത്യത്തിൽ മാറുന്ന ഈ കാലഘട്ടത്തിൽ എല്ലാ കുട്ടികൾക്കും പറഞ്ഞുകൊടുക്കേണ്ട ഒരു കഥയാണ് ഈ അപ്പൂപ്പന്റേത്



    കുട്ടിക്കാലത്ത് പഠിച്ച ചില വരികൾ ഓർമിപ്പിച്ചു ഈ പോസ്റ്റ്...



    "നേരാണ് നമ്മൾക്കുണ്ടായിരുന്നു

    സൂര്യനെപോലെയൊരപ്പൂപ്പൻ

    മുട്ടോളമെത്തുന്ന കൊച്ചുമുണ്ടും

    മുൻവരിപ്പല്ലില്ലാ പുഞ്ചിരിയും"

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീർച്ചയായും..എന്റെ മോളെ മനസ്സിൽ കണ്ടാണ് ഇങ്ങനെയൊരു കഥ എഴുതിയത്..അവൾ ചോദിക്കുന്നത് പോലുള്ള ചോദ്യങ്ങളും വർത്തമാനങ്ങളും..സ്വാതന്ത്ര്യസമരം എന്നൊക്കെ പറഞ്ഞാൽ ഒരു അഞ്ചുവയസ്സുകാരിക്ക് മനസ്സിലാകില്ലല്ലോ..

      ഇല്ലാതാക്കൂ
    2. അഭിപ്രായത്തിനു നന്ദി..പെട്ടെന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയതാ...

      ഇല്ലാതാക്കൂ
  3. അപ്പൂപ്പന്റെ ജീവിതം പോലെ തന്നെ ഏറെ ലളിതമായി മോൾക്ക് പറഞ്ഞു കൊടുത്തു. കൊള്ളാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതും ഞാൻ തന്നെയാ .അറിയാതെ എഴുതിയപ്പോ unknown ആയിപ്പോയി.

      ഇല്ലാതാക്കൂ
    2. തീർച്ചയായും..എന്റെ മോളെ മനസ്സിൽ കണ്ടാണ് ഇങ്ങനെയൊരു കഥ എഴുതിയത്..അവൾ ചോദിക്കുന്നത് പോലുള്ള ചോദ്യങ്ങളും വർത്തമാനങ്ങളും..സ്വാതന്ത്ര്യസമരം എന്നൊക്കെ പറഞ്ഞാൽ ഒരു അഞ്ചുവയസ്സുകാരിക്ക് മനസ്സിലാകില്ലല്ലോ..

      ഇല്ലാതാക്കൂ
  4. അപ്പൂപ്പന്റെ ജീവിതം പോലെ തന്നെ ഏറെ ലളിതമായി മോൾക്ക് പറഞ്ഞു കൊടുത്തു. കൊള്ളാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായത്തിനു നന്ദി..പെട്ടെന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയതാ...

      ഇല്ലാതാക്കൂ