പേജുകള്‍‌

2020 : സംഭവബഹുലമായ ഒരു വർഷം



പൗരത്വഭേദഗതി ഉയർത്തിയ അലയൊലികൾക്കിടയിലാണ് 2019 കടന്നു പോയതും 2020 കടന്നുവന്നതും. കഴിഞ്ഞവർഷത്തെ പോലെ ഈ വർഷവും വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും പുതുവർഷത്തെ വരവേറ്റത്.  പക്ഷെ അടുത്തകാലത്തൊന്നും നമ്മളൊന്നും നേരിട്ടില്ലാത്ത  പ്രതിസന്ധിയിലൂടെ കടന്നുപോകാൻ വിധിക്കപ്പെട്ട വർഷം കൂടിയായിരുന്നു  2020 . മലയാളികളെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തിയ,അവരുടെ ജീവിതം സ്തംഭിപ്പിച്ച, അവരെ മരണഭീതിയിലാഴ്ത്തിയ ഒരു വർഷം. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും ഒരു വർഷം മുറിച്ചുമാറ്റിയ കാലം. ഏതായാലും പോയവർഷത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. 

ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന പുതിയൊരു വൈറസിനെക്കുറിച്ച് കേട്ടുകൊണ്ടാണ് നമ്മൾ പുതുവർഷത്തിലേക്ക് കാലെടുത്തു വെച്ചത്. ദിനം പ്രതി രോഗബാധിതരാവുന്നവരുടെയും മരിച്ചുവീഴുന്നവരുടെയും കണക്കുകൾ എല്ലാവരുടെയും മനസ്സിൽ അസ്വസ്ഥതയുടെ വിത്തുകൾ പതുക്കെ പാകിക്കൊണ്ടിരുന്നു. മരുന്നില്ലാത്ത, ശരവേഗത്തിൽ പടർന്നുപിടിക്കുന്ന അസുഖത്തിന് ലോകാരോഗ്യസംഘടന കോവിഡ് 19 എന്ന് നാമകരണം ചെയ്തു. എല്ലാവരും ഭയത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്നതിനിടയിൽ ഇന്ത്യയിലെ ആദ്യത്തെ രോഗം തിരിച്ചറിഞ്ഞത് നമ്മുടെ ഈ കൊച്ചുകേരളത്തിലായിരുന്നു. ജനുവരി അവസാനത്തോടെ എത്തിയ രോഗത്തെ നിപ്പയുടെ അനുഭവം നൽകിയ പാഠങ്ങളിലൂടെ വളരെ വേഗം തന്നെ നമ്മുടെ ആരോഗ്യമന്ത്രാലയം നിയന്ത്രണത്തിലാക്കി. പക്ഷെ ഇതൊരു തുടക്കം മാത്രമായിരുന്നു. കേരളത്തിലും പുറത്തുമായി പതുക്കെ പതുക്കെ രോഗം പടർന്നു പിടിക്കാൻ തുടങ്ങി. രോഗസംക്രമണം തടയാൻ നല്ല വഴി ആളുകളുടെ സമ്പർക്കം ഒഴിവാക്കുക എന്നതിനാൽ കേന്ദ്രസർക്കാർ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. ഇതൊരു നല്ല തീരുമാനം ആയിരുന്നെങ്കിലും യാതൊരു മുൻകരുതലും എടുക്കാതെയും ആളുകൾക്ക് തയ്യാറെടുക്കാൻ സമയം നൽകാതെയും എടുത്തതിനാൽ അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തി. ജോലിയും കൂലിയുമില്ലാതെ സ്വന്തം നാട്ടിലേക്ക് പലായനം ചെയ്ത നിർദ്ധനരായ തൊഴിലാളികൾ അനുഭവിച്ച ക്ലേശം വാക്കുകളിൽ ഒതുങ്ങുന്നതല്ല. കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങളുടെ ചുവടുപിടിച്ച് സംസ്ഥാനസർക്കാരും നിയന്ത്രണങ്ങൾ കടുപ്പിച്ചു. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തികളും ജില്ലകൾ തമ്മിലുള്ള അതിർത്തികളും പൂർണ്ണമായി അടച്ചു. കർശനമായ പരിശോധനകൾ ഏർപ്പെടുത്തി.നിയമലംഘകർക്ക് കേസുൾപ്പെടെയുള്ള ശിക്ഷാവിധികളും ഏർപ്പാടാക്കി. സൗജന്യചികിത്സയും സൗജന്യഭക്ഷണവും ജനങ്ങളുടെ ജീവിതഭാരം കുറച്ചൊക്കെ ലഘൂകരിച്ചു. നിയമങ്ങൾ പാലിക്കാൻ തയ്യാറാവാത്ത ചിലരുടെ ജീവിതരീതികൾ സമൂഹത്തിലാകെ ഭീതി പടർത്തി. സംസ്ഥാനത്തിന് വെളിയിൽ നിന്നും വരുന്നവരെ ലോകത്തൊരിടത്തുമില്ലാത്ത രീതിയിൽ 28 ദിവസത്തെ ഏകാന്തവാസം അല്ലെങ്കിൽ വീട്ടിനുള്ളിൽ അടച്ചിരിക്കൽ ഏർപ്പെടുത്തി. പ്രവാസികളാണ്  അസുഖം പരത്തുന്നതെന്ന് സർക്കാർ പറയാതെ പറഞ്ഞു. ഇന്നലെ വരെ പ്രവാസികളെ സന്തോഷത്തോടെ സ്വീകരിച്ചിരുന്നവർ അവരെ കാണുമ്പോൾ മുഖം കറുപ്പിക്കാനും പേടിക്കാനും കുറ്റപ്പെടുത്താനുമൊക്കെ തുടങ്ങി. പ്രവാസികളെ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയപ്പോൾ നാട്ടിലുള്ളവർക്ക് ഇളവുകൾ നൽകി. രോഗവാഹകരാണ് തങ്ങളെന്ന്  മനസ്സിലാക്കാതെ അവർ എല്ലായിടവും ഓടിനടന്നു. ഈ പ്രവർത്തികൾ  രോഗസംക്രമണം ത്വരിതഗതിയിലാക്കി എന്ന് പറയാതിരിക്കാൻ വയ്യ. എങ്കിലും മികച്ച രീതിയിൽ തന്നെ ഈ മഹാമാരിയെ സർക്കാർ നേരിട്ടു, ചില പാളിച്ചകൾ പറ്റിയെങ്കിലും. ആരോഗ്യവകുപ്പിൽ നിന്നും കടിഞ്ഞാൺ പോലീസ് വകുപ്പിലേക്ക് മാറ്റിയത് അതുപോലൊരു തെറ്റായ തീരുമാണെന്ന് പറയാതെ വയ്യ. അതിർത്തിയിലെ നിയന്ത്രണങ്ങളെ ചൊല്ലി കേരളവും കർണ്ണാടകയും  തമ്മിലുണ്ടായ ഉടക്ക് പരമോന്നത കോടതിവരെ നീണ്ടു. കേന്ദ്രത്തിന് പരിഹരിക്കാമായിരുന്ന ഈ പ്രശ്‌നം തീർക്കാൻ ഒടുവിൽ കോടതി തന്നെ  ഇടപെടേണ്ടി വന്നു. വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശ്രയിച്ചിരുന്ന കാസർഗോഡിലെ പാവം രോഗികളിൽ ചിലർക്ക് കർണാടകയുടെ ദുർവ്വാശ്ശി കാരണം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായി. മാറി മാറി സർക്കാരുകൾ ഭരിച്ചിട്ടും ആധുനികചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രി കാസർഗോഡ് സ്ഥാപിക്കാൻ കഴിയാത്തതിന്റെ ബാക്കിപത്രം. വൈകിവന്ന മെഡിക്കൽ കോളേജ് വികസിപ്പിക്കാനോ വേണ്ട സൗകര്യങ്ങൾ ഒരുക്കാനോ സർക്കാർ  തയ്യാറാകാതിരുന്നതിന്റെ ദുരന്തം പേറേണ്ടി വന്നത് സാധാരണക്കാരായിരുന്നു. എന്തായാലും പരസ്പരം ചളി വാരിയെറിയാനുള്ള അവസരം ഇവിടെയും രാഷ്ട്രീയക്കാർ പാഴാക്കിയില്ല. മാദ്ധ്യമശ്രദ്ധയാകർഷിച്ച ഈ സംഭവം ജില്ലയിൽ ഒരു കോവിഡ് ആശുപത്രി നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പിനെ പ്രേരിപ്പിക്കുകയും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആശുപത്രി നിർമ്മിച്ച് സർക്കാരിനെ ഏൽപ്പിക്കുകയും ചെയ്തു. ആശുപത്രിയുടെ ഗുണം സാധാരണക്കാർക്ക് കിട്ടാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഏതാനും ജീവനക്കാരുമായി ആശുപത്രി തുറന്നു പ്രവർത്തിക്കാൻ സർക്കാർ തീരുമാനിച്ചു. ലോക്‌ഡോൺ കാലത്തിനു ശേഷം നൽകിയ ഇളവുകൾ, ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് ചിലർ പെരുമാറിയത് എന്നിവയൊക്കെ രോഗവർദ്ധനയ്ക്ക് കാരണമായി. അത് ഒരു ദിവസം 15000 എന്ന കണക്കുവരെയെത്തി. കോവിഡ് നിരക്കിൽ കേരളം വളരെ മുന്നിലെത്തിയെങ്കിലും മരണനിരക്കിൽ  ദേശീയ ശരാശരിയേക്കാൾ എത്രയോ പിന്നിലായിരുന്നു ഈ കൊച്ചു കേരളം. മികച്ചതെന്ന് വാഴ്ത്തപ്പെട്ട പലസംസ്ഥാനങ്ങളിലും മരണനിരക്കുകൾ ഉയർന്നു തന്നെ നിന്നു. കാലാകാലങ്ങളായി ആരോഗ്യരംഗത്ത് കേരളം കൈവരിച്ച പുരോഗതിയുടെ ഫലം തന്നെയായിരുന്നു മരണനിരക്കിൽ കേരളത്തെ പിന്നോട്ടുവലിച്ചത്. ഒപ്പം ആരോഗ്യരവകുപ്പിന്റെ നിതാന്ത ജാഗ്രതയും. വർഷാവസാനത്തോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെങ്കിലും ആശ്വസിക്കാൻ വകയായെന്നു പറയാൻ വയ്യ. ജനിതകമാറ്റം സംഭവിച്ച പുതിയ രോഗാണുക്കൾ ലോകത്തിന്റെ പലഭാഗത്തും പെരുകിക്കൊണ്ടിരിക്കുന്നു എന്ന അത്യന്തം ഭീതിയുളവാക്കുന്ന വാർത്തയാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴും ഏറ്റവും കൂടുതൽ പുതിയ രോഗികൾ പ്രത്യക്ഷപ്പെടുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് കേരളത്തിന്റെ സ്ഥാനം. എങ്കിലും പതുക്കെ പതുക്കെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന സ്ഥിതിവിശേഷമാണ് നിലവിൽ രാജ്യത്തും നമ്മുടെ സംസ്ഥാനത്തും കണ്ടുകൊണ്ടിരിക്കുന്നത്.  

രണ്ടുവർഷം മുൻപാണ് കേരളസർക്കാർ 'ലോകകേരളസഭ' എന്ന മഹാമകം നടത്തിയത്. ലോകമെമ്പാടുമുള്ള വിദഗ്ദരായ പ്രവാസിമലയാളികളെ ഉൾപ്പെടുത്തി, കേരളത്തിന്റെ ഭാവിയിലേക്കുള്ള പദ്ധതികൾ തയ്യാറാക്കുക അതുവഴി കേരളത്തിനും മലയാളികൾക്കും നല്ലൊരു ഭാവി ജീവിതം സ്വായത്തമാക്കുക എന്നൊക്കെ കൊട്ടിഘോഷിച്ചാണ് കോടികൾ മുടക്കി ഇത്തരമൊരു പരിപാടി സർക്കാർ നടത്തിയത്. ഇതിന്റെ അനാവശ്യകതയും ധൂർത്തും ചൂണ്ടിക്കാട്ടി പ്രതിപക്ഷം അതിനെ എതിർക്കുകയും വിട്ടുനിൽക്കുകയും ചെയ്തതായിരുന്നു ഈ വർഷത്തെ ആദ്യത്തെ പ്രധാന സംഭവം. രണ്ടുദിവസത്തിൽ താഴെ മാത്രം നടക്കുന്ന ഒരു പരിപാടിക്ക് മുടക്കിയത് എത്രയോ കോടികളായിരുന്നു. ഈ വർഷം തീരാറായിട്ടും അതിനെക്കൊണ്ട് വല്ല പ്രയോജനവും നമ്മുടെ നാടിനോ നാട്ടാർക്കോ കിട്ടിയോ എന്ന് ചോദിച്ചാൽ കൈമലർത്തുക അല്ലാതെ വേറെയൊന്നും ഉണ്ടാവില്ല എന്ന് തോന്നുന്നു. വർഷാവസാനം സ്‌പീക്കർക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച പ്രധാനപ്പെട്ട ഒരാരോപണം ലോകകേരളസഭയ്ക്കായി നടത്തിയ ധൂർത്തിനെ പറ്റിയായിരുന്നു. ആ ആരോപണത്തിന് വിശ്വാസയോഗ്യമായ ഒരു മറുപടി നല്കാൻ സ്‌പീക്കർക്ക് കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

കൈയേറ്റക്കാർക്ക് നിയമത്തിന്റെ ശക്തമായ താക്കീത്, പക്ഷെ ഉള്ളതെല്ലാം വിറ്റുപെറുക്കി തലചായ്ക്കാനൊരിടം കരസ്ഥമാക്കിയവർക്ക് ഹൃദയം തകർന്ന സംഭവം - ഒളിച്ചിരുന്നുപോലും ദൃശ്യങ്ങൾ പകർത്തി മാദ്ധ്യമങ്ങൾ ആഘോഷമാക്കിയ മരടിലെ ഫ്ലാറ്റുകൾ പൊളിച്ച സംഭവത്തിനെ അങ്ങനെയേ വിശേഷിപ്പിക്കാൻ ആവൂ. എങ്കിലും ഈ കയ്യേറ്റത്തിനും നിയമലംഘനത്തിനും  കൂട്ടുനിന്ന, അധികാരകസേരയിൽ അമർന്നിരുന്നവർക്ക് മണികെട്ടാൻ കോടതി പോലും തയ്യാറായില്ല എന്ന കാര്യം ദുഖകരമായ അവശേഷിക്കുന്നു ഒപ്പം നമ്മുടെയൊക്കെ നിയമത്തിന്റെ പാളിച്ചകൾ അത് തുറന്നുകാട്ടുകയും ചെയ്യുന്നു.

കലാമണ്ഡലത്തിലെ ആദ്യത്തെ പ്രധാന അദ്ധ്യാപകനും പ്രശസ്ത കഥകളി ആചാര്യനുമായിരുന്ന വാഴേങ്കട കുഞ്ചു നായരുടെ അഭിനയത്തിന്റെ ഒരു വീഡിയോ 35 വർഷങ്ങൾക്കുശേഷം കണ്ടെടുക്കാനായത് കലാപ്രേമികൾക്ക് കാതിനിമ്പം നൽകിയ വാർത്തയായിരുന്നു. നേപ്പാളിലേക്ക് വിനോദയാത്രയ്ക്ക് പോയ ഒരു കുടുംബത്തിലെ എട്ടുപേർ വിഷവാതകം ശ്വസിച്ചു മരണപ്പെട്ടെന്ന ദുഖകരമായ വാർത്തയും ജനുവരിയിൽ മലയാളികളെ തേടിയെത്തി. 

മാസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കും വിരാമമായിട്ടുകൊണ്ടു ബിജെപി യുടെ സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രൻ അവരോധിതനായി. ഗ്രൂപ്പ് കളികളാലും പടലപ്പിണക്കങ്ങളാലും നീണ്ടുപോയ തീരുമാനം ഏതായാലും ആ പാർട്ടിക്കും അണികൾക്കും നൽകിയ ആശ്വാസം ചില്ലറയല്ല. ശബരിമല സമരത്തിന്റെ നായകന് പാർട്ടി നൽകിയ സമ്മാനം എന്ന് വേണമെങ്കിൽ ഈ തീരുമാനത്തെ വിശേഷിപ്പിക്കാം. പുതിയ അദ്ധ്യക്ഷൻ വന്നിട്ടും തമ്മിലടിക്കും പടലപ്പിണക്കത്തിനും ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. 

ബാംഗളൂരിൽ നിന്നും എറണാകുളത്തേക്ക് പോയ KSRTC യുടെ വോൾവോ ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച് 19 യാത്രക്കാർ അതിദാരുണമായി കൊല്ലപ്പെട്ട വാർത്ത ഞെട്ടലോടെയാണ് മലയാളിസമൂഹം ശ്രവിച്ചത്. ഒരുപാട് സ്വപ്നങ്ങളും കണക്കുകൂട്ടലുകളും പാതിവഴിയിൽ ഉപേക്ഷിച്ച് അനന്തതയിലേക്കവർ  ചിറകടിച്ചുപറന്നപ്പോൾ തകർന്നുപോയത് ഒരുപാട് കുടുംബങ്ങളായിരുന്നു, അനാഥമായത് അവരുടെ പ്രതീക്ഷകളായിരുന്നു. എതിരെനിന്നും വന്ന ലോറിയുടെ ഡ്രൈവർ ഒരുനിമിഷം കണ്ണടച്ചുപോയതിന്റെ പരിണിതഫലം ഒരുപാട് കുടുംബങ്ങളുടെ തോരാത്ത കണ്ണീരായിരുന്നു.

മാസങ്ങളോളം കേരളരാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിച്ച ഇന്നും അലകൾ മാഞ്ഞിട്ടില്ലാത്ത അഴിമതി ആരോപണങ്ങൾക്ക് തുടക്കം കുറിച്ചത് ഒരുപക്ഷെ സ്പ്രിങ്ക്ലെർ ഡാറ്റ തട്ടിപ്പോടെയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. മലയാളികളുടെ ആരോഗ്യത്തെപ്പറ്റിയുള്ള വിവരങ്ങൾ അമേരിക്ക ആസ്ഥാനമായിട്ടുള്ള കമ്പനിക്ക് കൈമാറുന്നു എന്ന വിവരം പുറത്തെത്തിച്ചത് പ്രതിപക്ഷനേതാവായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി മുഖം നഷ്ടപ്പെട്ടിരുന്ന പ്രതിപക്ഷത്തിനും നേതാവിനും ജീവശ്വാസം നൽകിയ ആരോപണം തന്നെയായിരുന്നു സ്പ്രിങ്ക്ലെറിൽ ഉന്നയിക്കപ്പെട്ടിരുന്നത്. ആരോപണങ്ങളെ തള്ളിക്കളയാൻ മുഖ്യമന്ത്രിയും സർക്കാരും ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. മന്ത്രിസഭയിൽ പോലും ചർച്ച ചെയ്യാതെ എടുത്ത തീരുമാനമായിട്ടുപോലും ഈയൊരു കരാറിൽ ഏർപ്പെട്ട ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ചേർത്തുപിടിച്ചു. പക്ഷെ കരാർ കോടതി കയറിയപ്പോൾ, പറഞ്ഞുനിൽക്കാൻ ന്യായങ്ങൾ മതിയാവാതെ വന്നപ്പോൾ മുൻനിലപാടിൽ നിന്നും സർക്കാർ മലക്കംമറിഞ്ഞു, കരാർ റദ്ദാക്കുന്നുവെന്ന് പറയുകയും ചെയ്തു. തുടർന്ന് മുഖം രക്ഷിക്കാൻ ഒരു അന്വേഷണവും പ്രഖ്യാപിച്ചു. പലതവണ കാലാവധി നീട്ടിക്കൊടുത്ത അന്വേഷണകമ്മീഷന്റെ കണ്ടെത്തലും സർക്കാരിന് ആശ്വാസകരമായിരുന്നില്ല. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണത്തിന്റെ പേരുപറഞ്ഞ് പുതിയൊരന്വേഷണകമ്മീഷനെ സർക്കാർ കാര്യങ്ങൾ ഏൽപ്പിച്ചു. ഏതായാലും അടുത്ത തെരെഞ്ഞെടുപ്പ് കഴിയുന്നത് വരെ ആ അന്വേഷണം നീളുമെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.

ഭക്ഷ്യകിറ്റുകൾ എന്നൊരാശയം പൊന്തിവന്നത് കൊറോണക്കാലത്ത് ഓണത്തോടനുബന്ധിച്ചാണ്. അവിടെയും അഴിമതിക്ക് പഞ്ഞമുണ്ടായിരുന്നില്ല. 500 രൂപയുടെ കിറ്റിൽ നൽകിയത് വെറും 300 രൂപയുടെ സാധനങ്ങൾ, അതും നിലവാരം കുറഞ്ഞ സാധനങ്ങൾ. വിവാദമായപ്പോൾ സാധനങ്ങൾ മാറ്റി നൽകിയും അളവുകൾ കൂട്ടിയും പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നെങ്കിലും അധികം ഗുണനിലവാരം ഇല്ലാത്ത സാധനങ്ങൾ തന്നെയാണ് ഇപ്പോഴും സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. ഡിസംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയം നേടാൻ ഈ കിറ്റുകളും ഒരുപരിധിവരെ സഹായിച്ചു എന്ന തിരിച്ചറിവിൽ അടുത്ത ഏപ്രിൽ മാസത്തേക്ക് വരെ കിറ്റുകൾ നല്കാൻ സർക്കാർ തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടാണ് ലക്‌ഷ്യം എന്ന് പറയാതെ പറഞ്ഞു.

ഇതിനോടൊപ്പം ഉയർന്നുവന്ന മറ്റൊരാരോപണമായിരുന്നു BevQ ആപ്പിനെ സംബന്ധിച്ചുയർന്നത്. ആപ്പ് ഉണ്ടാക്കിയിരിക്കുന്നത് ബിവറേജസ് കടകൾക്ക് വേണ്ടിയല്ല ബാറുകൾക്ക് വേണ്ടിയാണെന്ന് പതിവുപോലെ പ്രതിപക്ഷം മുറവിളി കൂട്ടിയെങ്കിലും ആരോപണങ്ങളെ സർക്കാർ തള്ളിക്കളഞ്ഞു. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെയും പ്രതിപക്ഷം കോടതി കയറിയെങ്കിലും ഇത്തവണ നിരാശയായിരുന്നു ഫലം. സർക്കാറിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി BevQ യുമായി മുന്നോട്ടു പോകാൻ അവരെ അനുവദിച്ചു. ജോലിയിൽ തീരെ വൈദഗ്ദ്യം ഇല്ലാത്തവരെയാണ് ഈ App ഉണ്ടാക്കാൻ ഏൽപ്പിച്ചതെന്ന് ആദ്യദിവസം തന്നെ അതിന്റെ പിന്നിൽ പ്രവർത്തിച്ച കമ്പനി തെളിയിച്ചു. അടുത്തുള്ള ബീവറേജസ്സിനു പകരം ആളുകൾക്ക് ടോക്കൺ കിട്ടിയിരുന്നത് ദൂരെയുള്ള ബാറുകളിൽ നിന്നായിരുന്നത്രെ.  മാസങ്ങൾക്കു ശേഷം പുറത്തുവന്ന ബീവറേജസിന്റെ ലാഭനഷ്ട കണക്കുകൾ, BevQ വഴി നേട്ടമുണ്ടാക്കിയത് ബിവറേജസ് കോർപറേഷൻ അല്ല മറിച്ച് ബാറുകൾ തന്നെയാണ് വെളിപ്പെടുത്തി.

"കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം"  - ഏകദേശം ഇരുന്നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപ് കുഞ്ചൻ നമ്പ്യാർ എഴുതിയ വരികളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നും കാലം വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. കൊറോണയെ മാറ്റിനിർത്തിയാൽ 2020 ലെ ഏറ്റവും സംഭവബഹുലമായ വിഷയം ഏതായിരുന്നു എന്ന് മലയാളികളോട് ചോദിച്ചാൽ അവർ പറയുന്നത് കനകവും കാമിനിയും മൂലം കേരളത്തിൽ ഉണ്ടായ വിവാദങ്ങളെപ്പറ്റിയായിരിക്കും.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും (നയതന്ത്ര ബാഗേജ് ആണെന്നും അല്ലെന്നുമുള്ള തർക്കം ഇപ്പോഴും തുടരുന്ന രീതിയിൽ വന്ന സ്വർണ്ണം) കള്ളക്കടത്ത് വഴി വന്ന സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തതോടുകൂടി തുടങ്ങിയ ആരോപണ ഘോഷയാത്ര 2020 പിരിയുമ്പോഴും അവസാനിച്ചിട്ടില്ല എന്ന് മാത്രമല്ല 2021 ലും ചൂടാറാതെ ഇതുണ്ടാവുമെന്നും ഉറപ്പിക്കാം. കേരളത്തിന് വെളിയിൽ ഒളിത്താവളങ്ങളിൽ കഴിയാൻ ശ്രമിച്ച പ്രതികളെ വളരെ വിദഗ്ദമായി അന്വേഷണഉദ്യോഗസ്ഥന്മാർ പിടിയിലാക്കി. ഇതിന്റെ പിന്നിലെ  ഗൂഡശക്തികളെയും സാമ്പത്തികഇടപാടുകളും വെളിച്ചത്തു കൊണ്ടുവരാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണത്രെ കേന്ദ്ര ഏജൻസികൾ ഒന്നിന് പിറകെ ഒന്നായി കേരളത്തിലേക്ക് കടന്നു വന്നത്. അന്വേഷണം തുടങ്ങിയവർ, പിടിയിലായവരുടെ മൊഴിയനുസരിച്ചും തെളിവുകൾ നോക്കിയും പലവഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങി. പ്രോട്ടോകാൾ പാലിക്കാതെ എത്തിയ ഈന്തപ്പഴവും വിശുദ്ധഗ്രന്ഥവും ഒക്കെ അന്വേഷണത്തിന്റെ ഭാഗമായി. സംസ്ഥാനത്തെ ഒരു മന്ത്രിയെ പലവട്ടം ചോദ്യംചെയ്തു. കേന്ദ്രമന്ത്രിക്ക് നേരെ ഭരണപക്ഷം ആരോപണം ഉന്നയിച്ചു. ഒരു പ്രമുഖ മദ്ധ്യമപ്രവർത്തകനും ചോദ്യം ചെയ്യലിന് വിധേയമായി. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ പ്രതിപക്ഷം സംശയത്തിന്റെ വിരൽ നീട്ടി. 'മടിയിൽ കനമുള്ളവനെ ഭയം കാണൂ' എന്നദ്ദേഹം പ്രതികരിച്ചു. പ്രതികളെ കണ്ടിട്ടില്ല, പരിചയമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പിന്നീട് അത് തിരുത്തേണ്ടി വന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയും സർക്കാരിന്റെ വരാൻ പോകുന്ന പദ്ധതികളും സംശയത്തിന്റെ നിഴലിലായി. ലൈഫ് മിഷനിൽ കമ്മീഷൻ നടന്നിട്ടുണ്ടെന്ന് ഒരു മന്ത്രി തുറന്നു പറഞ്ഞു. സ്വര്ണക്കള്ളക്കടത്തിന്റെ ഇടപാട് നടന്ന ദിവസമാണ് തിരുവനന്തപുരത്ത് ഒരു മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത് എന്ന വെളിപാടും ഉണ്ടായതു മുഖ്യമന്ത്രിയുടെ മദ്ധ്യമഉപദേഷ്ടാവിന്റെ ഭാഗത്തു നിന്നുണ്ടായി. പക്ഷെ എന്തുകൊണ്ടോ ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കാര്യമായ അന്വേഷണം നടന്നതായി കേട്ടില്ല. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ കോഴ ഇടപാട് നടന്നിട്ടുണ്ട് തെളിഞ്ഞു. അതിനു പിന്നിൽ പ്രവർത്തിച്ചതിൽ പ്രധാനിയായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പലവട്ടം ചോദ്യം ചെയ്തു. പിടിക്കപ്പെടും എന്നുറപ്പായപ്പോൾ ആശുപത്രി നാടകം പലരീതിയിൽ അരങ്ങേറിയെങ്കിലും രക്ഷപ്പെടാനായില്ല. സ്പ്രിങ്ക്ലർ ആരോപണം തള്ളിക്കളഞ്ഞ് അദ്ദേഹത്തെ ചേർത്തുനിർത്തിയവർ ഇത്തവണ മാറ്റിപ്പറഞ്ഞു. ശിവശങ്കർ വഞ്ചകനും ചതിയനുമായി. പഴയ നിലപാട് വെച്ച്, ധാർമ്മികമായി മുഖ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാജി വെക്കണമെന്നും പ്രതിപക്ഷം മുറവിളി കൂട്ടി. പക്ഷെ ധാർമ്മികത എന്നത് മറ്റുള്ളവരുടെ നേരെ ചൂണ്ടാനുള്ള വിരൽ മാത്രമാണെന്ന് നമ്മൾ കണ്ടു. അന്വേഷണം നീങ്ങിക്കൊണ്ടിരിക്കെ സ്‌പീക്കറുടെയും ചില മന്ത്രിമാരുടെയും പേരുകൾ പല കോണിൽ നിന്നും ഉയർന്നുകേട്ടു. മുഖ്യമന്ത്രിയുടെ അഡിഷണൽ സെക്രട്ടറിയും സംശയനിഴലിലായി. ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴൊക്കെ കോവിഡിന്റേയും കോവിഡാനന്തര പ്രശ്നങ്ങളുടെയും പേരിൽ പലതവണ ഒഴിഞ്ഞുമാറി. തദ്ദേശ തെരെഞ്ഞെടുപ്പ് ആയതിനാൽ കഴിയുന്നത്ര നീട്ടിക്കൊണ്ടുപോവുക എന്ന തന്ത്രം ഫലിച്ചു. പിന്നീടും കോടതി വഴി ചോദ്യം ചെയ്യൽ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോഴും അന്വേഷണഉദ്യോഗസ്ഥരുടെ നിരന്തരമായ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. അതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥർ തെറ്റായ മൊഴികൾ നല്കാൻ പ്രേരിപ്പിക്കുന്നു എന്ന രീതിയിൽ പ്രതികളിലൊരാളുടെ ശബ്ദസന്ദേശം പുറത്തു വന്നത് ഭരണപക്ഷം അവരുടെ വാദങ്ങൾക്ക് ശക്തി പകരം ഉപയോഗിച്ചു. ഇതിനെതിരെ അന്വേഷണം വേണമെന്നും എങ്ങനെയാണു മൊഴി പുറത്തു പോയതെന്നും ജയിൽ വകുപ്പും കസ്റ്റൻസും ഡിജിപിയോടാവശ്യപ്പെട്ടെങ്കിലും കൃത്യമായ ഒരന്വേഷണം നടത്താൻ എന്തുകൊണ്ടോ പോലീസ് തയ്യാറായില്ല. തനിക്കു വധഭീഷണി ഉണ്ടെന്ന പ്രതിയുടെ പരാതിയും കൃത്യമായി അന്വേഷിക്കുകയുണ്ടായില്ല. പ്രതികൾ നൽകിയ രഹസ്യമൊഴിയിൽ വമ്പൻ സ്രാവുകളുടെ പേരുകൾ കണ്ടു കോടതി വരെ ഞെട്ടിപ്പോയി എന്നാണ് കേട്ടത്. ഏതായാലും രാഷ്ട്രീയ പുകിലുകൾ ഒന്നും ശ്രദ്ധിക്കാതെ അന്വേഷം മുന്നോട്ടു നീങ്ങുകയാണ്. ഏതൊക്കെ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്നും ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്നും കാത്തിരുന്ന് കാണാം. അന്വേഷണത്തിന്റെ പല ഘട്ടത്തിലും പ്രതിപക്ഷം പലർക്കും നേരെ ആരോപണം ഉന്നയിച്ചെങ്കിലും അതിനെ സാധൂകരിക്കുന്ന തെളിവുകൾ ഏതായാലും ഇതുവരെ അന്വേഷണഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല. ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോൾ എല്ലാ സത്യവും പുറത്തു വരുമെന്ന് കരുതാം. അല്ലെങ്കിൽ അങ്ങനെ ആശിക്കാനല്ലേ നമുക്കു കഴിയൂ. ഈ അന്വേഷണങ്ങൾക്കിടയിലാണ് സെക്രെട്ടറിയേറ്റിൽ തീപിടുത്തമുണ്ടായതും ചില ഫയലുകൾ കത്തിനശിച്ചതും. സ്വര്ണക്കടത്തിൽ ആരോപണവിധേയവരുമായി ബന്ധപ്പെട്ട ഫയലുകളാണിതെന്ന ആക്ഷേപമുണ്ടായെങ്കിലും പ്രധാനപ്പെട്ട ഫയലുകൾ ഒന്നും കത്തി നശിച്ചില്ല എന്ന് സർക്കാർ പറഞ്ഞു. തീ പിടുത്തം എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി ഇന്നും ഒരു തീർപ്പിലെത്താൻ കഴിഞ്ഞിട്ടില്ല. ഷോർട് സർക്യൂട്ട് ആണെന്ന് പോലീസും മറ്റുള്ളവരും പറഞ്ഞെങ്കിലും ഫോറൻസിക് വിദഗ്ദർ ആ കണ്ടെത്തലുകൾ തള്ളിക്കളഞ്ഞു. അവിടെ നിന്നും കിട്ടിയ തെളിവുകൾ പരിശോധിച്ചതിൽ നിന്നും ഷോർട് സർക്യൂട്ട് അല്ലെന്നും അവർ പറഞ്ഞു. കണ്ടെടുത്ത തെളിവുകളുടെ കൂട്ടത്തിൽ മദ്യകുപ്പികളും ഉണ്ടായിരുന്നു എന്നത് ആരോ മനപ്പൂർവ്വം തീ വെച്ചതാണെന്ന് സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ റിപ്പോർട്ട് അംഗീകരിക്കാൻ തയ്യാറാവാത്ത പോലീസ് കൂടുതൽ വിദഗ്ധ പരിശോധനകൾക്കായി തെളിവുകൾ അയച്ചുകൊടുത്തിട്ടുണ്ട്. ഇതുവരെ അതിനുള്ള ഉത്തരം കിട്ടിയിട്ടില്ല. ഏതാണ്ട് സമാനമായ ഒരു സംഭവമാണ് ക്ലിഫ് ഹൗസിൽ ഇടിമിന്നലേറ്റ് സിസി ടീവി ക്യാമെറകൾ നശിപ്പിക്കപ്പെട്ടത്. ക്ലിഫ് ഹൗസിൽ മാത്രമായി ഉണ്ടായ ഇടിമിന്നലുകൾ സ്വർണക്കടത്തു പ്രതികൾ വന്നതിന്റെ തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കാലവർഷം കണക്കുമ്പോൾ ഇത്തവണയും ആശങ്കയുടെ കാർമേഘങ്ങൾ മലയാളിയുടെ മനസ്സിൽ നിറയുന്നുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തെ അനുഭവങ്ങളിൽ നിന്നും പ്രളയം എന്നത് വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ല എന്ന യാഥാർഥ്യത്തിലേക്ക് മലയാളികൾ എത്തിയിരിക്കുന്നു എന്ന് മനസിലാക്കാം. തമിഴ്‌നാട്ടിലെ weatherman ഇത്തവണയും കേരളത്തിൽ പ്രളയം പ്രവചിച്ചിരുന്നു. എവിടെയായിരിക്കും അത് സംഭവിക്കുക എന്നതിൽ മാത്രമേ സംശയം ഉണ്ടായിരുന്നുള്ളൂ. ഏതായാലും കാത്തിരുന്നതുപോലെ മലകൾ സാഹാരതാണ്ഡവമാടിയത് ഇടുക്കിയിലെ പെട്ടിമുടിയിലായിരുന്നു. തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തിരുന്നവരുടെ ലയങ്ങൾ മുച്ചൂടും മൂടിക്കൊണ്ടു മലകൾ പ്രതികാരം തീർത്തു. പിറ്റേ ദിവസത്തെ സൂര്യോദയം സ്വപ്നം കണ്ടുറങ്ങിയവർ ഒന്നുനിലവിളിക്കാൻ പോലും കഴിയാതെ നിമിഷങ്ങൾക്കുള്ളിൽ മണ്ണിലമർന്നു. അൻപതിലേറെ ജീവനുകളാണ് ഇത്തവണ പൊലിഞ്ഞത്. മനുഷ്യസ്നേഹികൾ ഉണർന്നു പ്രവർത്തിച്ചു. കേരളം വീണ്ടും ഒന്നായി കൈകോർത്തു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ അഴുകിയ മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്നും കണ്ടെടുക്കപ്പെട്ടപ്പോൾ ഉറ്റവരോടൊപ്പം നമ്മളും തേങ്ങി. പക്ഷെ മല തുരക്കലും പാറ പൊട്ടിക്കലും ഇപ്പോഴും തുടരുന്നു, യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ. അതായത് ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്നും നമ്മൾ ഒന്നും പഠിച്ചിട്ടില്ല അല്ലെങ്കിൽ പഠിക്കാൻ തയ്യാറല്ല എന്ന് സാരം. പ്രകൃതിയുടെ തിരിച്ചടിയിൽ ഞെട്ടിപ്പോയതിന്റെ വേദന മാറുന്നതിനു മുൻപാണ് മറ്റൊരു ദുരന്തത്തിന് കേരളം സാക്ഷ്യം വഹിച്ചത്. നിലത്തിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ റൺവേ യിൽ നിന്നും തെന്നിവീണ വിമാനം കവർന്നെടുത്ത പതിനെട്ടിലേറെ ജീവനുകൾ. ഒരുനാട്‌ മുഴുവൻ ഉറക്കമിളിച്ചിരുന്നു ജാതി മത ഭേദമെന്യ രക്ഷാപ്രവർത്തിനിറങ്ങിയപ്പോൾ ഭൂരിഭാഗം ജീവനുകളും രക്ഷപ്പെട്ടു. ഈ രക്ഷാപ്രവർത്തനത്തിന് പിതൃത്വം ഏറ്റെടുത്തു കൊണ്ട് ചില വൃത്തികെട്ട രാഷ്ട്രീയക്കളികളും ഇതിന്റെ ഇടയിൽ നാം കണ്ടു.

ബോളിവുഡിലെ ഒരു യുവനടന്റെ ആത്മഹത്യ ഉയർത്തിവിട്ട കൊടുംകാറ്റാണ്‌ പിന്നീട് ബോളിവുഡിലും കന്നഡ സിനിമാക്കാരുടെ ഇടയിലും നടത്തിയ മയക്കുമരുന്ന് കേസിന് തുടക്കം കുറിച്ചത്. വെള്ളിത്തിരയിലെ നക്ഷത്രങ്ങൾ പലരും പിടിക്കപ്പെട്ടു. ആ അന്വേഷണത്തിന്റെ അലയൊലികൾ കേരളത്തിലുമെത്തി. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയുടെ മകനെ പലവട്ടം ചോദ്യം ചെയ്തു. ഒടുവിൽ മയക്കുമരുന്ന് കേസും കള്ളപ്പണം വെളുപ്പിച്ച കുറ്റവുമൊക്കെ ചാർത്തി ഇരുമ്പഴികൾക്കുള്ളിലാക്കുകയും ചെയ്തു. സംസ്ഥാനരാഷ്ട്രീയം തിളച്ചുമറിഞ്ഞ സമയം കൂടിയായിരുന്നു. പാർട്ടി അംഗങ്ങൾ മാത്രമല്ല അവരുടെ കുടുംബങ്ങൾ വരെ സംശുദ്ധമായ ജീവിതം നയിക്കണമെന്ന വ്യവസ്ഥയുള്ള പാർട്ടി പക്ഷെ സെക്രട്ടറിയുടെ കാര്യം വന്നപ്പോൾ മകന്റെ തെറ്റിന് അച്ഛനെ ശിക്ഷിക്കേണ്ട എന്ന അസാധാരണ തീരുമാനത്തിലെത്തി.സമാനമായ കേസുകളിൽ പലരെയും ശിക്ഷിച്ച ഒരു പാർട്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്നത് കൂടി ഇതിനോടൊപ്പം ചേർത്ത് വായിക്കണം. ആദ്യമൊക്കെ പ്രതിരോധിച്ചെങ്കിലും തദ്ദേശതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയപ്പോൾ ചികിത്സയുടെ പേരും പറഞ്ഞ് സ്ഥാനം ഒഴിഞ്ഞ് (ഒഴിപ്പിച്ച്?) സെക്രട്ടറി പാർട്ടിയുടെ മാനം രക്ഷിച്ചു.

പിളരുന്തോറും വളരുന്ന കേരള കോൺഗ്രസ് ഒരിക്കൽ കൂടി പിളർന്നു. ഒരു ഭാഗം മാണിയുടെ മകന്റെ ഭാഗത്തും മറുഭാഗം ജോസെഫിന്റെ കൂടെയും ഉറച്ചു നിന്നു. കോട്ടയത്തിലെ ഒരു പഞ്ചായത്തിലെ അധികാരം പങ്കുവെക്കുന്ന തര്ക്കം മൂത്ത് ഒടുവിൽ ജോസ് വിഭാഗം യുഡിഫ് ൽ നിന്ന് പുറത്തേക്കുപോയി. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാവായ മാണിയെ അഴിമതി വീരനും നോട്ടെണ്ണുന്ന യന്ത്രമുള്ള ആളാണെന്നൊക്കെ ചിത്രീകരിച്ച് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ വോട്ട് വാങ്ങിക്കൂട്ടിയ ഇടതുപക്ഷത്തിന്റെ ഹൃദയം പക്ഷെ വിശാലമായിരുന്നു. മാണിയുടെ മരണത്തിനും മുൻപേ വിജിലെൻസ് കേസുകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കാൻ ഈ സർക്കാർ ശ്രമം തുടങ്ങിയിരുന്നു. ഒടുവിൽ പാർട്ടിയെയും അച്ഛനെയും ആക്ഷേപിച്ചതൊക്കെ മറന്ന് ജോസും കൂട്ടരും ഇടതുപാളയത്തിലേക്കു ചേക്കേറി. നിയമസഭയിലെ യുദ്ധവും മറ്റു ആരോപണങ്ങളുമൊക്കെ മറന്നു ജോസിനെ ചേർത്ത് നിർത്താൻ ഇടതു പക്ഷവും തയ്യാറായി. നാലു വോട്ടും അധികാരവും തന്നെയായിരുന്നു എല്ലാവരുടെയും ലക്‌ഷ്യം എന്നത് മനസ്സിലാക്കാൻ അരിയാഹാരം കഴിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടായിക്കാണില്ല. യഥാർത്ഥ കേരള കോൺഗ്രസ് ഏതെന്ന കാര്യത്തിൽ ജോസും ജോസെഫും നടന്ന തർക്കം തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലും കോടതിയിലും എത്തി. രണ്ടില ചിഹ്നം തല്ക്കാലം മരവിപ്പിച്ചു. പരസ്പരം ആരോപണങ്ങൾ നിരത്തി. പണ്ടെന്നോ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ട്, മാണിയെ കുടുക്കിയത് കോൺഗ്രസ് ആണെന്ന് കേരള കോൺഗ്രസ് മുൻ‌കൂർ ജാമ്യമെടുത്തു. മാണി കുറ്റക്കാരനല്ല എന്നറിഞ്ഞിട്ടും വെറുതെ സമരം ചെയ്തതാണെന്ന് LDF കൺവീനർ പറഞ്ഞത് ഇതിനോടൊപ്പം ചേർത്ത് വായിക്കണം. മധ്യകേരളത്തിൽ UDFനെ ക്ഷയിപ്പിക്കാൻ കാത്തിരുന്ന LDF കിട്ടിയ അവസരം പാഴാക്കിയില്ല. MN സ്മാരകം വഴി AKG സെന്ററിലെത്തിയ ജോസിന് ലഭിച്ചതാകട്ടെ ഊഷ്മളമായ സ്വീകരണം. ഏതായാലും പിന്നീട് വന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ അതിന്റെ ചെറിയ പ്രത്യാഘാതങ്ങൾ കോട്ടയം പോലുള്ള സ്ഥലങ്ങളിൽ ഉണ്ടായി. എന്തായാലും പ്രതീക്ഷിച്ചതു പോലെ UDFനെ തകർക്കാനോ LDFനു വാരിക്കോരി കൊടുക്കാനോ ഏതായാലും ജോസ് വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. തെരെഞ്ഞെടുപ്പിനു തൊട്ടു മുൻപ് രണ്ടില ചിഹ്നം ജോസിന് കിട്ടിയെങ്കിലും ചെണ്ടയുമായി അത്യാവശ്യം നന്നയിത്തന്നെ ജോസെഫ് കൊട്ടിക്കയറി.  വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാല, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാർഥി നിര്ണ്ണയം LDF നു എളുപ്പമായിരിക്കില്ല എന്ന് തദ്ദേശ തെരെഞ്ഞെടുപ്പിനു ശേഷമായുണ്ടായ ചില പ്രതികരണങ്ങൾ തെളിയിക്കുന്നു.

ഇരട്ടകൊലപാതകത്തിന്റെ പൊരുളറിയാൻ സിബിഐ വരാതിരിക്കാനായി പരമോന്നത കോടതി വരെ സർക്കാർ നടത്തിയ പോരാട്ടം ഒടുവിൽ വെറുതെയായി. പെരിയ കൊലക്കേസ് ഇനി കേന്ദ്ര ഏജൻസി അന്വേഷിക്കും. ഇനിയെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരാൻ കഴിയുമെന്ന് ആഗ്രഹിക്കാം. ഇരകൾക്കൊപ്പമാണെന്നവർത്തിച്ചു പറഞ്ഞിരുന്ന സർക്കാർ തന്നെയാണ് ഈ അന്വേഷണത്തെ എതിർത്തിരുന്നത്. CBI ക്ക് വിശ്വാസ്യത ഇല്ലെന്നു പറയുമ്പോഴും പോപ്പുലർ ഫിനാൻസ് തട്ടിപ്പും ഫോറെസ്റ്റ് ഉദ്യോഗസ്ഥർ കൊന്നു എന്നാരോപിക്കുന്ന മത്തായിയുടെ കൊലപാതകവും അടക്കം പല കേസുകളും അവരെ ഏൽപ്പിക്കാൻ സർക്കാരിന് മടിയേതുമുണ്ടായിരുന്നില്ല. ഹാത്രസ്സിൽ അതിനീചമായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി മലയാളി കരഞ്ഞു, നീതിക്കു വേണ്ടി ഘോരഘോരം മുദ്രാവാക്യം മുഴക്കി. ഉത്തർപ്രദേശ് സർക്കാരിനെയും അവിടുത്തെ പോലീസിനെയും (ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റ് തന്നെയാണ് ഈ കേസ് തുടക്കത്തിൽ അന്വേഷിച്ച സംസ്ഥാന പോലീസ് ചെയ്തത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല) അതിനിശിതമായി വിമർശിച്ചു, അപ്പോഴും വളയാറിലെ പെൺകുട്ടികളുടെ അമ്മയുടെ കണ്ണീര് തോർന്നിരുന്നില്ല. പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർ അപ്പോഴും നിയമപാലകരുടെ വേഷം ചമഞ്ഞ് നടക്കുന്നുണ്ടായിരുന്നു. ആ അമ്മയുടെയും അച്ഛന്റെയും പ്രതിഷേധം വീണ്ടും ആളിക്കത്തുന്നതും നാം കണ്ടു. നീതി ഇപ്പോഴും അകലെതന്നെയാണ്.  

സ്വർണക്കേസിൽ മുഖം നഷ്ടപ്പെട്ട അവസ്ഥയിൽ ഇരിക്കുമ്പോഴാണ് പഴയ കേസുകളെപ്പറ്റി സർക്കാരിന് ഓർമ്മ വന്നത്. ഫാഷൻ ഗോൾഡ് ന്റെ പേരിൽ മഞ്ചേശ്വരം MLAയും സംഘവും നടത്തിയ നിക്ഷേപ തട്ടിപ്പായിരുന്നു അതിലൊന്ന്. ഈ തട്ടിപ്പിനെതിരെ പരാതികൾ വളരെ മുൻപേ ഉയർന്നിരുന്നെങ്കിലും കാര്യമായി അന്വേഷിക്കാനോ കുറ്റാരോപിതരെ കുസ്റ്റഡിയിൽ എടുക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ സർക്കാരിനെതിരെ പലവിധ ആരോപണങ്ങൾ ഉയർന്നപ്പോൾ പിടിച്ചു നിൽക്കാനും പ്രതിപക്ഷത്തിന്റെ നേരെ അഴിമതിയുടെ മുന തിരിച്ചുവിടനും ഈ അവസരം ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. ഒന്നിന് പുറകെ ഒന്നായി കേസുകൾ രജിസ്റ്റർ ചെയ്യുകയും MLA യെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുൻ‌കൂർ ജാമ്യം തേടിയും അല്ലാതെയും കോടതിയെ സമീപിച്ചെങ്കിലും ഊരിപ്പോരാൻ ഇതുവരെ MLA ക്കു കഴിഞ്ഞിട്ടില്ല. നൂറിലേറെ പരാതികൾ ഉയർന്നിട്ടും MLA യെ സംരക്ഷിക്കാനാണ് അദ്ദേഹത്തിന്റെ പാർട്ടി ശ്രമിച്ചത്. അഴിമതിക്കെതിരെ പോരാടുന്നവർ എന്ന് പറയുന്നവർ, അത് സ്വന്തം പാളയത്തിൽ എത്തിയപ്പോൾ കുറ്റാരോപിതനെ പാർട്ടിയിൽ നിന്നോ MLA സ്ഥാനത്തു നിന്നോ മാറ്റിനിർത്താൻ തയ്യാറാകാത്തത് ധാർമ്മികതയുടെ മൂല്യം വീണ്ടും ഇടിച്ചു. ഇതേ സമയത്ത് തന്നെയാണ് പാലാരിവട്ടം കേസും പൊക്കിയെടുത്തത്. പലവട്ടം മുന്മന്ത്രിയെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയുമൊക്കെ ചെയ്തിരുന്നു. അന്നൊന്നും അദ്ദേഹത്തിനെതിരെ നടപടിക്ക് തുനിയാതിരുന്നവർ പെട്ടെന്നൊരുനാൾ വിദഗ്ദമായി മുന്മന്ത്രിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും അതിലും വിദഗ്ദമായി അദ്ദേഹം ആശുപത്രിയിൽ അഭയം തേടി. ആശുപത്രിയിൽ  വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും അവിടെ നിന്നും മാറ്റാൻ ഇതുവരെ   കഴിഞ്ഞിട്ടില്ല. അസുഖത്തിന്റെ പേരിൽ ജാമ്യം തേടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരൊന്നും കുറ്റം ചെയ്തിട്ടില്ല എന്നോ നിരപരാധികളാണെന്നോ  ഞാൻ പറയുന്നില്ല. പക്ഷെ എന്തുകൊണ്ട് നേരത്തെ ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചില്ല എന്ന ലഘുവായ ചോദ്യമാണ് ഞാൻ ഉന്നയിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ സോളാർ കേസും പൊടി തട്ടിയെടുത്ത കേസുകളിൽ പെടും. അന്ന് ആ കേസിന്റെ പേരിൽ വോട്ടു പിടിച്ചവർ കഴിഞ്ഞ നാലര വർഷം ഒന്നും ചെയ്യാതിരിക്കുകയായിരുന്നു. ഇപ്പോഴാണ് സർക്കാരിന് ബോധോദയം ഉണ്ടായത് എന്ന് വേണം കരുതാൻ. ഏതായാലും ആ കേസും  ഇപ്പോൾ നടപടികളുമായി മുന്നോട്ടു പോവുകയാണ്. അന്ന് പീഡകരുടെ കൂട്ടത്തിലുണ്ടായിരുന്നൊരാൾ ഇപ്പോൾ ഭരണപക്ഷത്താണ്‌. അദ്ദേഹത്തിനെതിരെയുള്ള കേസിന്റെ ഭാവി എന്തായിരിക്കും എന്ന് കണ്ടു തന്നെ അറിയണം. അതുപോലെ തന്നെയാണ് ബാർകോഴയിൽ ഉണ്ടായിട്ടുള്ള പുതിയ വെളിപ്പെടുത്തൽ. പഴയ ആൾ തന്നെ വീണ്ടും വെളിപ്പെടുത്തലുകളുമായി ഒരു സുപ്രഭാതത്തിൽ പ്രത്യക്ഷപ്പെട്ടു. പക്ഷെ ഇത്തവണ ആരോപണവിധേയരിൽ പ്രതിപക്ഷം മാത്രമല്ല മറിച്ച്  മുഖ്യമന്ത്രിയും മാണിയുടെ മകനുമുണ്ട്. ഏതായാലും അവരെ  ഒഴിവാക്കി അന്വേഷണവുമായി മുന്നോട്ടു നീങ്ങാൻ വിജിലെൻസിന് സ്പീക്കർ പച്ചക്കൊടി കാണിച്ചു കഴിഞ്ഞു. ഒരിക്കൽ അന്വേഷിച്ചു തള്ളിയ  കേസ് വീണ്ടും അന്വേഷിക്കുന്നതിലെ സാംഗത്യം ചോദ്യം ചെയ്തുകൊണ്ടുള്ള  ഹർജി കോടതിയുടെ പരിഗണനയിലാണ് താനും. തിടുക്കപ്പെട്ടു അനുമതി നൽകിയ സ്‌പീക്കർക്കെതിരെ വളരെ ശക്തമായ അഴിമതിയാരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നുകഴിഞ്ഞു. അതിനെ പ്രതിരോധിക്കാൻ സ്പീക്കർ തന്നെ രംഗത്തിറങ്ങിയെങ്കിലും മറുവാദങ്ങൾക്ക് ശക്തി തീരെ കുറവായിരുന്നു എന്നതാണ് സത്യം. ഏതായാലും നിയമസഭാ തെരെഞ്ഞെടുപ്പിനു ഒരുങ്ങുന്ന UDF നെ ഉലയ്ക്കാൻ പോകുന്നതാണ് ഈ അന്വേഷണങ്ങളൊക്കെയും എന്നത് സത്യം തന്നെയാണ്.

കിഫ്‌ബി യിലെ ഓഡിറ്റിംഗും KSFE യിലെ മിന്നൽ പരിശോധനയും: കിഫ്ബിയിൽ CnG നടത്തിയ ഓഡിറ്റിംഗ് വിറളി പിടിപ്പിച്ചത് ധനകാര്യമന്ത്രിയെയായിരുന്നു. ഭരണഘടനാസ്ഥാപനമായ CnG ക്കെതിരെ വളരെ ശക്തമായ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. കിഫ്‌ബി യിൽ ധനസമാഹരണം നടത്തിയ മസാല ബോണ്ട് നിയമവിരുദ്ധമാണെന്നായിരുന്നു ഏജൻസിയുടെ കണ്ടെത്തൽ. CnG യുടെ കണ്ടെത്തൽ ED യുടെ അന്വേഷണം പ്രഖ്യാപിക്കുന്നതിന് ഇടയാക്കി. മസാലബോണ്ടിന് അനുമതിയുണ്ടായിരുന്നോ എന്ന് RBI യോട് അന്വേഷിക്കുകയും അനുമതിയില്ല മറിച്ച് NoC നൽകിയിരുന്നു എന്നും അവർ അറിയിച്ചു. ഈ NoC യെ അനുമതി പത്രമാക്കി സർക്കാർ വ്യാഖ്യാനിച്ചു. ആവശ്യമായ അനുമതി നേടിയെടുക്കേണ്ടത് കിഫ്ബിയുടെ ഉത്തരവാദിത്തമാണെന്നായിരുന്നു RBI യുടെ മറുപടി. ഏതായാലും കൂടുതൽ കണ്ടെത്തലുകൾ ഒന്നും ഇതിനെപ്പറ്റി ഇതുവരെ വന്നിട്ടില്ല. കിഫ്ബിയിൽ നിയമവിരുദ്ധമായി ഒന്നും നടക്കുന്നില്ല എന്നും ഇത് സംസ്ഥാനത്തിന്റെ വികസനത്തെ തടയാൻ കേന്ദ്രം ശ്രമിക്കുകയാണെന്നുമാണ് ധനകാര്യമന്ത്രിയും സർക്കാരും പറയുന്നത്. എല്ലാം നിയമപരമായാണ് നടക്കുന്നതെങ്കിൽ എന്തിനാണാവോ പരിശോധനയെ ഭയക്കുന്നത്? കിഫ്ബിയുടെ പേരിൽ നടന്ന വാദപ്രതിവാദത്തിന്റെ ചൂടാറും മുൻപ് മറ്റൊരു പ്രഹരം കൂടി കിട്ടി ധനകാര്യവകുപ്പിന്. പക്ഷെ ഇത്തവണ സംസ്ഥാന സർക്കാരിന്റെ സ്വന്തം വിജിലെൻസ് ആണ് കണ്ണിലെ കരടായത്. KSFE യിൽ നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി എന്ന വാർത്ത ധനകാര്യമന്ത്രിയുടെ അതിരുകടന്ന പദപ്രയോഗത്തിനു വരെ കാരണമായി. വിജിലെൻസിനെതിരെ ആഞ്ഞടിച്ച അദ്ദേഹം വിമർശനത്തിന്റെ കൂരമ്പുകൾ പരോക്ഷമായി തൊടുത്തുവിട്ടത് മുഖ്യമന്ത്രിയുടെ കൂടി നേർക്കായിരുന്നു. പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്റെ സഹായത്തിന് എത്തിയെങ്കിലും വിജിലെൻസ് പരിശോധനയെ തത്വത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും അനുകൂലിച്ചതോടെ വിമർശനത്തിന്റെ സ്വരം നേർപ്പിക്കേണ്ടിവന്നു. എങ്കിലും പരിശോധനയുടെ വിശദാംശങ്ങൾ പുറത്തുവിടാനോ തുടർ പരിശോധനകൾ നടത്താനോ സർക്കാരും പാർട്ടിയും വിജിലൻസിനെ അനുവദിച്ചില്ല. കേന്ദ്രഏജൻസികളെ ബിജെപിയുടെ സൗകര്യത്തിനുപയോഗിക്കുന്നു എന്ന് വിമർശനം ഉന്നയിച്ചവർ തന്നെ സംസ്ഥാനവിജിലെൻസിന് കൂച്ചുവിലങ്ങിടുന്ന കാഴ്ചയും കാണേണ്ടിവന്നു.

ഒരു നിയമം നടപ്പിൽ വരുത്താനും അടുത്ത ദിവസം ആ നിയമം റദ്ദാക്കാനും ഒരേ സർക്കാർ തന്നെ ഓർഡിനൻസ് കൊണ്ടുവരിക. കേൾക്കുമ്പോൾ വളരെ വിചിത്രമായി തോന്നാമെങ്കിലും അങ്ങനെ ഒരു സംഭവം ഉണ്ടായി നമ്മുടെ സംസ്ഥാനത്തിൽ. സ്വർണ്ണക്കടത്ത് കേസിന് ശേഷം സർക്കാരിനും പാർട്ടിക്കുമെതിരെ വൻതോതിൽ നടക്കുന്ന സാമൂഹ്യ വിമർശനങ്ങളുടെ മുനയൊടിക്കുക എന്നതായിരുന്നു ലക്‌ഷ്യം. പക്ഷെ പുതിയ നിയമത്തിനെതിരെ കക്ഷിഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും എതിർപ്പിന്റെ സ്വരം ശക്തമായപ്പോൾ നിയമം പിൻവലിക്കുക എന്നതല്ലാതെ വേറൊരു വഴിയും സർക്കാരിന് മുന്പിലുണ്ടായിരുന്നില്ല. തദ്ദേശ തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയ സമയം കൂടിയായിരുന്നു അത്. ജനങ്ങളുടെ അഭിപ്രായം മാനിക്കുന്ന സർക്കാരിനേ അങ്ങനെ ചെയ്യാനാകൂ എന്ന് നിയമം പിൻവലിച്ചതിനെ സർക്കാരും പാർട്ടിയും ന്യായീകരിച്ചെങ്കിലും എന്തുകൊണ്ട് ഈ നിയമം നടപ്പിൽ വരുത്തുന്നതിന് മുൻപ് ജനാഭിപ്രായം നോക്കിയില്ല എന്ന ചോദ്യത്തിന് ഉത്തരമുണ്ടാകില്ല. 

 ഓരോ സ്ഥാനത്ത് ഇരിക്കുമ്പോഴും എന്തൊക്കെ പറയാം എങ്ങനെ പ്രതികരിക്കാം എന്നും കൃത്യമായി ആൾക്കാർ അറിഞ്ഞിരിക്കണം അല്ലെങ്കിൽ അതിന്റെ പ്രത്യഘാതം വളരെ വലുതായിരിക്കും. സോളാർ കേസ് പൊടി തട്ടിയെടുക്കാൻ സർക്കാർ കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് അതിനെതിരെ ആഞ്ഞടിച്ചുകൊണ്ടു KPCC പ്രസിഡന്റ് രംഗത്ത് വന്നത്. ആവേശം കൂടിയതുകൊണ്ടോ അതോ വരുംവരായ്കകൾ ആലോചിക്കാത്തതു കൊണ്ടോ അദ്ദേഹം നടത്തിയ ഒരു സ്ത്രീ വിരുദ്ധ പരാമർശം വളരെയധികം വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. താൻ ചെയ്ത തെറ്റിന്റെ തീവ്രത മനസ്സിലാക്കിയ മുല്ലപ്പള്ളി ഏതായാലും നിരുപാധികം ക്ഷമ ചോദിയ്ക്കാൻ മറന്നില്ല. എങ്കിലും തെറ്റ് തെറ്റല്ലാതാവുന്നില്ല. കേരളരഷ്ട്രീയത്തിൽ ഇതാദ്യമായിട്ടൊന്നുമല്ല സ്ത്രീവിരുദ്ധ പരാമർശങ്ങൾ നമ്മുടെ നേതാക്കന്മാർ നടത്തുന്നത്. പക്ഷെ എന്തിലും രാഷ്ട്രീയം നോക്കി പ്രതികരിക്കുന്ന കേരളജനത ഇതും അങ്ങനെയേ കണ്ടുള്ളൂ എന്ന് പറയേണ്ടിയിരിക്കുന്നു. 

 കോവിഡ് കാരണം നീട്ടിവെക്കപ്പെട്ട തദ്ദേശതെരഞ്ഞെടുപ്പ് വർഷാവസാനം നടന്നു. വിവാദങ്ങളുടെ നടുവിൽ നിൽക്കുന്ന സർക്കാരിന് തിരിച്ചടിയാകുമെന്ന് എല്ലാവരും വിലയിരുത്തി. ലോകസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ഉന്മാദലഹരി മാറാതിരുന്നവർ പണിയെടുക്കാതെ വീണ്ടുമൊരു തിളക്കമാർന്ന വിജയം സ്വപ്നം കണ്ടു. കേന്ദ്ര അജൻസികളുടെ അന്വേഷണത്തിന്റെ പേരിൽ മറ്റൊരു കൂട്ടരും അവകാശവാദങ്ങൾ ഒരുപാട് പറഞ്ഞു. എന്നും പത്രസമ്മേളനം നടത്തി സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ എന്ന നിലയിൽ ഓരോരോ പേരുകൾ ബിജെപി പ്രസിഡന്റ് വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പത്രസമ്മേളനങ്ങളെ വിമർശിക്കുന്ന പ്രതിപക്ഷനേതാവും ഒരാചാരം പോലെ മിക്കദിവസങ്ങളിലും പത്രസമ്മേളനങ്ങൾ നടത്തിക്കൊണ്ടിരുന്നു (അതിനപ്പുറം ഈ നേതാക്കന്മാർ വല്ലതും ചെയ്തോ എന്ന് സംശയമാണ്). പരാജയഭീതിയിൽ നിന്നവർ പക്ഷെ വെറുതെ ഇരിക്കാൻ തയ്യാറായിരുന്നില്ല. സർക്കാർ നടപ്പിലാക്കിയ ക്ഷേമപ്രവർത്തനങ്ങളും മറ്റും ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ചു. പാർട്ടിയിലെ ഉന്നതന്മാർ സ്വർണ്ണക്കടത്തിൽ ഇതുവരെ കുടുങ്ങാത്തതും ചോദ്യം ചെയ്യലിന് വിളിപ്പിച്ച ഒരു ഉന്നതൻ ഹാജരാവാത്തതും ഭരണമുന്നണിക്ക് നേട്ടമായി. കൊറോണ മറന്നു ജനം വാശിയോടെ വോട്ടു ചെയ്തു. ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടി. ലോകസഭാ തെരെഞ്ഞെടുപ്പിൽ അടിഞ്ഞുകൂടിയ മണ്ണ് കുത്തിയൊലിച്ചുപോയതു കണ്ട് കോൺഗ്രസ് പാർട്ടി ഞെട്ടി. അന്വേഷണങ്ങൾ എമ്പാടും നടന്നിട്ടും ജനം കനിയാത്തതിൽ ബിജെപിയും ഞെട്ടി. അപ്രതീക്ഷിതമായ വിജയത്തിൽ ഭരണമുന്നണി അതിലേറെ ഞെട്ടി. ആരോപണങ്ങളെ ജനം തള്ളിയെന്നും സർക്കാരിന്റെ പ്രവർത്തനമികവാണ് കാരണമെന്നും അവർ പറഞ്ഞു. പക്ഷെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജയിയെ തീരുമാനിക്കുന്നത് കൃത്യമായ രാഷ്ട്രീയമായല്ലായെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പ്രാദേശിക വികാരങ്ങളും ബന്ധങ്ങളും മുന്നണി മറന്നുള്ള കൂട്ടുകെട്ടുകളും ജാതി മതം അങ്ങനെ ഒരുപാടൊരുപാട് കാരണങ്ങൾ കണ്ടെത്താനാകും. വിമതന്മാരും നേതൃത്വത്തോടുള്ള അമർഷവും ഉൾപാർട്ടി പോരും പടലപ്പിണക്കങ്ങളും കാരണമാകും. ഇതൊക്കെയാണെങ്കിലും ഇത്തവണത്തെ ഫലം സൂക്ഷ്മമായി വിശകലനം ചെയ്താൽ വേറെ പല കാരണങ്ങൾ കൂടി കണ്ടെത്താനാകും. മുന്നണിയിലെ യോജിപ്പില്ലായ്മ, അവിശുദ്ധ കൂട്ടുകെട്ട് എന്ന അപവാദം, അതിനെ കൃത്യമായി പ്രതിരോധിക്കുന്നതിൽ വന്ന പിഴവ്, ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ വീതം വെച്ചത്, അസമയത്തുള്ള ചില പദപ്രയോഗങ്ങൾ തുടങ്ങിയവ പ്രതിപക്ഷത്തെ ജനങ്ങളിൽ നിന്നും അകറ്റി. മതേതരകേരളം എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കേരളത്തിലും മതപരമായി ജനങ്ങൾ സംഘടിച്ചു വോട്ടു രേഖപ്പെടുത്താൻ തുടങ്ങി എന്ന വലിയൊരാപകടവും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതും തള്ളിക്കളയേണ്ട ഒരു വിലകുറഞ്ഞ ആരോപണം മാത്രമല്ല. കൊറോണക്കാലത്തെ  ചില നടപടികളിൽ മതം നോക്കി തീരുമാനം എടുത്തതും, സഭാക്കേസിലെ കോടതിവിധികൾ നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോയതുമൊക്കെ സമൂഹത്തിൽ മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം സംഭവിക്കാൻ കാരണമായിട്ടുണ്ട് എന്ന് കരുതുന്നവരുണ്ട്. ജനങ്ങളെ വർഗ്ഗീയവൽക്കരിക്കുന്നതിൽ ശ്രദ്ധാലുക്കളാണ് എല്ലാ രാഷ്ട്രീയനേതാക്കളുമെന്ന് അവരുടെ പ്രസ്താവനകൾ വിലയിരുത്തിയാൽ നമുക്ക് മനസിലാക്കാം. ഏറ്റവും വിദഗ്ദമായി ജനങ്ങളുടെ മനസ്സിൽ രക്ഷകവേഷം അണിയുന്നതാരോ അവർക്കായിരിക്കും ഇനി കേരളരാഷ്ട്രീയത്തിൽ സ്വാധീനം എന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ നമുക്ക് ബോദ്ധ്യപ്പെടുത്തി തരുന്നു. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ് നടന്ന ചില പ്രതിപക്ഷ MLA മാരുടെ അറസ്റ്റും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടാകും. കൊറോണ കാരണം നടപ്പിലാക്കിയ കിറ്റിനും ജനങ്ങളെ വലിയൊരളവിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന വിലയിരുത്തലിൽ അടുത്ത ഏപ്രിൽ വരെ കിറ്റ് വിതരണം നീട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പല പ്രമുഖപാർട്ടികളും സ്വതന്ത്രന്മാരെ ഇറക്കിയാണ് പല വാർഡുകളിലും ജയിച്ചു കയറിയത്. തങ്ങളുടെ ചിഹ്നത്തിൽ മത്സരിച്ചാൽ ജയിക്കില്ല എന്ന തിരിച്ചറിവും സ്വാതന്ത്രന്മാരോട് ജനങ്ങൾക്കുള്ള താല്പര്യവും  കണക്കിലെടുത്തായിരിക്കണം ഈ തീരുമാനം. കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ അദ്‌ഭുതമായത് കിഴക്കമ്പലം പഞ്ചായത്തിൽ വിജയിച്ചു കയറിയ ട്വന്റി ട്വന്റി എന്ന രാഷ്ട്രീയമില്ലാത്ത സംഘടനയാണ്. ഇത്തവണ അവർ കിഴക്കമ്പലം മാത്രമല്ല തൊട്ടടുത്തുള്ള നാല്‌പഞ്ചായത്തുകളിൽ കൂടി മികച്ച വിജയം കരസ്ഥമാക്കാൻ അവർക്കു കഴിഞ്ഞു. കിഴക്കമ്പലത്തിലെ ഒരു വാർഡിൽ വോട്ടു ചെയ്യാനെത്തിയ ദമ്പതികളെ നിയമപാലകർ നോക്കിനിൽക്കെ അടിച്ചോടിച്ച സംഭവവും കാണാതെ പോകരുത്. ജനാധിപത്യവിശ്വാസികളാണ് എന്നവർത്തിച്ചു പറയുന്നവരാണ് വോട്ടു ചെയ്യാൻ യോഗ്യതയുള്ളവരെ അതിനനുവദിക്കാതിരുന്നത്. അതിനെ അപലപിക്കാൻ പോലും ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ശ്രമിച്ചില്ല എന്നതും ശ്രദ്ധേയും. ട്വൻറി ട്വൻറിയുടെ വിജയം അവരെ അസ്വസ്ഥപ്പെടുത്തുന്നു എന്നത് തന്നെയാണ് കാരണം. അതുപോലെ തന്നെ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നാടകം ഏതാണെന്നു ചോദിച്ചാൽ ഔദ്യോഗിക സ്ഥാനാർഥിക്കു പൂജ്യം വോട്ട് വാങ്ങിക്കൊടുത്ത് തങ്ങളുടെ മുന്നണിയുമായി ബന്ധമില്ല എന്ന് പറഞ്ഞ സ്ഥാനാർത്ഥിയെ വിജയിപ്പിച്ച സംഭവമാണ്. ഒരുപക്ഷെ ഒരു മലയാളസിനിമയിലും കണ്ടിട്ടില്ലാത്ത അത്രയും മികച്ച തിരക്കഥയാണ് ഇതിനായി അണിയറയിൽ ഒരുക്കിയത് എന്ന് പറയാതെ വയ്യ. പടലപ്പിണക്കങ്ങളും തമ്മിലടിയും അവസാനിപ്പിച്ച് കൂടുതൽ കരുത്തരായ യുഡിഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമോ, ഭൂരിഭാഗം മണ്ഡലങ്ങളിൽ വിജയിച്ച് ഇടതുമുന്നണി തുടർഭരണം നേടി ചരിത്രം കുറിക്കുമോ, ഒന്നിൽ നിന്നും കൂടുതൽ ഇടങ്ങളിൽ താമര വിരിയുമോ,സ്വർണ്ണക്കടത്ത് കേസിലെ ഉന്നതന്മാരെ കണ്ട് ജനം ഞെട്ടുമോ എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഈ അവസരത്തിൽ മനസ്സിൽ ഉയർന്നുവരുന്നുണ്ട്. കാണാൻ പോകുന്ന പൂരം പറഞ്ഞു  കേൾക്കുന്നതിനേക്കാൾ നല്ലതാണല്ലോ കാത്തിരുന്ന് കാണുന്നത്, അതിനാൽ കാത്തിരിക്കാം 2021 ൽ എന്ത് സംഭവിക്കും എന്നറിയാൻ.

രാഷ്ട്രീയക്കൊലപാതകങ്ങളും ഏറെക്കണ്ടു ഈ വർഷവും. ചില കൊലപാതകങ്ങൾ രാഷ്ട്രീയക്കൊലകളാക്കി ചിത്രീകരിക്കുന്നതും കണ്ടു. വിശ്വസിക്കുന്ന ആശയത്തിനായി പ്രവർത്തിച്ചതിന്റെ ശിക്ഷ. പക്ഷെ കൊല്ലപ്പെടുന്നവന്റെ കൈയ്യിലെ കൊടിയുടെ നിറം നോക്കി മാത്രം കരഞ്ഞു നമ്മൾ. കൊന്നവന്റെ കൈയ്യിലെ കൊടിയുടെ നിറം നോക്കി മാത്രം പ്രതികരിച്ചു നമ്മൾ. സംസ്കാരസമ്പന്നരായ മലയാളിക്ക് ഇപ്പോഴും എല്ലാ ജീവനും ഒന്നായി കാണാൻ കഴിയുന്നില്ല. എല്ലാ കൊലയാളികളെയും ഒരേപോലെ തള്ളിപ്പറയാനും കഴിയുന്നില്ല. വർഷം അവസാനിക്കുന്നതും അത്തരമൊരു കൊലപാതകവർത്ത കേട്ടുകൊണ്ടാണ്. ഒരു കുടുംബം കൂടി അനാഥമായി. ഒരു രക്സ്തസാക്ഷി കൂടി ജനിച്ചു. അതിനപ്പുറം ഈ കൊലപാതകരാഷ്ട്രീയത്തിനൊരു മാറ്റമുണ്ടാകുമോ? ഉണ്ടായിരുന്നെങ്കിലെന്നാശിച്ചു പോകുന്നു, വെറുതെ.

സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി സ്ത്രീകളെ അപമാനിക്കുന്നത് ഇന്ന് പലർക്കുമൊരു വിനോദമാണ്. അതിന് വിദ്യാഭ്യാസം ഉള്ളവരെന്നോ ഇല്ലാത്തവരെന്നോ എന്ന വ്യത്യാസമൊന്നുമില്ല. സംസ്കാരസമ്പന്നരാണ് എന്നഹങ്കരിക്കുന്ന മലയാളികൾ എത്രമാത്രം സംസ്കാരരഹിതരാണെന്ന് മനസ്സിലാക്കാൻ നാട്ടിൽ നടക്കുന്ന പീഡനങ്ങളുടെയും അപകീർത്തിപ്പെടുത്തുന്ന സംഭവങ്ങളിലൂടെയും ഒന്ന് കണ്ണോടിച്ചാൽ മതി. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞവർഷം നടന്നത്. സമൂഹമദ്ധ്യമത്തിൽ കൂടി തങ്ങളെ അപമാനിച്ച ഒരു 'മാന്യനെ' അയാളുടെ ഓഫീസിൽ കയറി പെരുമാറിക്കൊണ്ടാണ് ചില സ്ത്രീകൾ നേരിട്ടത്. പലരുടെയും കൈയ്യടി നേടിയ സംഭവം. പക്ഷെ അതിന്റെ പേരിൽ രണ്ടു കൂട്ടരും നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ചില കാര്യങ്ങളിൽ ധർമ്മമാണെന്നു നമുക്ക് തോന്നുന്ന നടപടികൾ നിയമത്തിന്റെ മുന്നിൽ അധർമ്മമായേക്കാം എന്നതിനും ഒരുദാഹരണമാണിത്.

28 വർഷങ്ങൾക്ക് മുൻപ് സംഭവിച്ച ഒരു അരുംകൊല. അന്വേഷണ ഏജൻസികൾ പലവട്ടം ആത്മഹത്യയാണെന്ന് എഴുതിത്തള്ളിയ അഭയകൊലക്കേസിന് ഒരു വിധി വന്നിരിക്കുന്നു. അതും ജോമോൻ പുത്തൻ പുരയ്‌ക്കൽ പോലുള്ളവരുടെ പോരാട്ടവീര്യം കൊണ്ടുമാത്രം. രണ്ടോ മൂന്നോ പേരുടെ കാമവികാരത്തിന്റെ മുന്നിൽ പൊലിഞ്ഞത് ഒരു വീടിന്റെ പ്രകാശമായിരുന്നു. കള്ളനാണെങ്കിലും മനഃസാക്ഷിയുള്ളവനെന്ന് സമൂഹത്തിന് കാണിച്ചുതന്ന അടയ്ക്ക രാജുവിന് നന്ദി. നശിപ്പിക്കപ്പെട്ട തെളിവുകളിൽ നിന്നും സത്യം പുറത്തുകൊണ്ടുവന്ന അന്വേഷണ ഉദ്യോഗസ്ഥർക്കും ഒരു വലിയ കൈയ്യടി. അഭയക്ക് നീതി കിട്ടിയെന്ന് മാദ്ധ്യമങ്ങൾ പറയുന്നു, പക്ഷെ നീതികേടിനാൽ കൊല്ലപ്പെട്ട ഒരുവൾക്ക് നീതി കിട്ടുമോ? ഏതായാലും കുറ്റവാളികളെ സംരക്ഷിക്കുന്നവർക്ക് ഒരു മുന്നറിയിപ്പെങ്കിലും ആയിത്തീരട്ടെ ഈ വിധി.

സാംസ്കാരികരംഗത്തും കായികരംഗത്തും വലിയ നഷ്ടങ്ങൾ ഉണ്ടായ വർഷം കൂടിയാണ് കടന്നുപോകുന്നത്. കഴിഞ്ഞ അൻപത് വർഷങ്ങളോളം മലയാളികളുടെ മനസ്സിൽ പ്രണയവും വിരഹവും സന്തോഷവുമെല്ലാം വരച്ചിട്ട കാല്പനികത നിറച്ച സംഗീതസംവിധായകൻ പ്രിയ്യപ്പെട്ട അർജ്ജുനൻ മാഷിന്റെ വേർപാടാണ് ഇതിലാദ്യത്തേത്. ശുദ്ധസംഗീതത്തെ ഉപാസിച്ച, ആരോടും പരിഭവവും പരാതിയും പറയാതെ അപവാദപ്രചാരണങ്ങളെ ചിരിയോടെ നേരിട്ട സ്വാതികനായ മാഷുടെ മരണം സംഗീതപ്രേമികൾക്ക് തീരാനഷ്ടം തന്നെയായിരിക്കും. വെള്ളിത്തിരയിൽ നമ്മെ രസിപ്പിച്ച ഒരുപാട് കലാകാരൻമാർ ചമയം അഴിച്ചുവെച്ച്, അഭിനയം നിർത്തി  അണിയറയിലേക്ക് മറഞ്ഞുപോയി. ശാന്തനായ, പാവം പിടിച്ച കഥാപാത്രങ്ങൾ ചെയ്തിരുന്ന ജീവിതത്തിലും പാവമായിരുന്ന രവി വള്ളത്തോൾ, രൂപവും ശബ്ദവും കൊണ്ട് നമ്മെ ചിരിപ്പിച്ച കലിംഗ ശശി, വില്ലൻ വേഷങ്ങളിലൂടെ നമ്മുടെ ഹൃദയം കവർന്ന അനിൽ മുരളി,  തട്ടകം ബോളിവുഡ് ആണെങ്കിലും അഭിനയം കൊണ്ട് മലയാളികളെപ്പോലും ആരധകരാക്കിമാറ്റിയ ഋഷി കപൂർ, ഇർഫാൻ ഖാൻ എന്നിവരെ മറന്നുകൊണ്ട് നമുക്ക് 2020 നെ പറ്റി ചിന്തിക്കാനാവില്ല. ഒടുവിൽ, ക്രിസ്തുമസ് ദിനത്തിൽ സ്നേഹിക്കുന്നവരെ ദുഃഖത്തിലാഴ്ത്തി ഒരുപിടി നല്ല കഥാപാത്രങ്ങളുമായി സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുന്ന അനിൽ നെടുമങ്ങാടും മരണത്തിന്റെ കാണാക്കയത്തിലേക്ക് ആഴ്ന്നുപോയി. മലയാളികളെ ഏറെ രസിപ്പിച്ച സംവിധായകൻ സച്ചിയും ഭൂമിയിലെ ജീവിതം അവസാനിപ്പിച്ചു, അതും അപ്രതീക്ഷിതമായി. സംഗീതപ്രേമികളെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി SPB എന്ന മഹാനായ ഗായകൻ  വിടവാങ്ങി. കോവിഡിനെ തുടർന്നുണ്ടായ രോഗബാധയിൽ നിന്നും രക്ഷനേടാൻ ഒരുപാടു ദിവസങ്ങൾ ആശുപത്രി കിടക്കയിൽ പൊരുതിയെങ്കിലും പാട്ട് നിർത്തി പറന്നകലാനായിരുന്നു അദ്ദേഹത്തിന് യോഗം. 40000 ലേറെ പാട്ടുകൾ പാടിയ, ദക്ഷിണേന്ത്യൻ സിനിമകളിലും ഹിന്ദി സിനിമകളിലും ഒട്ടേറെ ഹിറ്റുകൾ തീർത്ത, ഏതൊരു പാട്ടും അനായാസം പാടുമായിരുന്ന സമാനതകളില്ലാത്ത പാട്ടുകാരൻ. കർണ്ണാട്ടിക് സംഗീതം പഠിക്കാതെ, കർണ്ണാട്ടിക് ഗാനങ്ങൾ പാടി ആസ്വാദകരെ അദ്‌ഭുതപ്പെടുത്തിയ ഈ സംഗീതപ്രതിഭയുടെ വേർപാട് ഇന്ത്യൻ സംഗീതത്തിന് തീരാനഷ്ടമായിരിക്കും എന്നതിൽ യാതൊരു തർക്കവുമില്ല.

"ഒരു കണ്ണീര്‍ക്കണം മറ്റു ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവി- ലായിരം സൗരമണ്ഡലം" - മലയാളത്തിലെ ഋഷി തുല്യനായ മഹാകവി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഭാരതീയ ദർശനത്തെ ഇത്രയേറെ ആഴത്തിൽ മനസ്സിലാക്കിയ, അത് തന്റെ കവിതകളിൽ കൂടി പാടിയ അധികം കവികൾ നമുക്കുണ്ടാവില്ല. മനുഷ്യത്വം ഉണ്ടായിരിക്കുക, മനുഷ്യനായി ജീവിക്കുക എന്നതാണ് പ്രധാനം എന്ന് തിരിച്ചറിഞ്ഞ കവി, ആ തിരിച്ചറിവിൽ നിന്നാണ് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' പിറക്കുന്നത്. രാഷ്ട്രീയമല്ല, കവിതയാണ് നിന്റെ വഴി എന്ന് അച്ഛൻ പറഞ്ഞപ്പോൾ വഴി മാറി നടന്ന കവി മലയാളഭാഷയ്ക്ക് സമ്മാനിച്ചത് വിലമതിക്കാനാവാത്ത കാവ്യമുത്തുകളായിരുന്നു. ജ്ഞാനപീഠം പുരസ്‌കാരം ഒരിക്കൽക്കൂടി മലയാളത്തിലേക്ക് എത്തിച്ച, മാനവസ്നേഹത്തിൽ വിശ്വസിച്ച, ഗാന്ധിജിയെ ആരാധിച്ച ആ വലിയകാവിയുടെ ഓർമ്മകൾക്ക് മുന്നിൽ സാഷ്ടാംഗപ്രണാമം. സമൂഹത്തിലെ സമഗ്ര മേഖലകളിലും തന്റെ ശക്തമായ സാന്നിധ്യം തെളിയിച്ച ചിന്തകനും എഴുത്തുകാരനും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന എം പി വീരേന്ദ്രകുമാറും ഹൈമവതഭൂവിലെവിടെയോ മറഞ്ഞു. തൃക്കോട്ടൂരിന്റെ കഥ പറഞ്ഞ് നമ്മെ രസിപ്പിച്ച യു എ ഖാദർ കാണാത്ത ലോകത്തിലെവിടെയോ കഥകൾ പറയാൻ പോയി.

കാല്പന്തുകളിയിലെ മാന്ത്രികൻ, കാല്പനികസൗന്ദര്യം ഡീഗോ മറഡോണ ഈ ലോകത്തിലെ കളി മതിയാക്കി വേറെയേതോ ലോകത്തിലേക്ക് ചേക്കേറി. 1986 ൽ അർജന്റീനയ്ക്കു ലോകകിരീടം ചൂടിക്കൊടുത്ത അദ്ദേഹത്തിന് കേരളത്തിൽ ആരാധകർ ഒരുപാടായായിരുന്നു. കുത്തഴിഞ്ഞ ജീവിതം നയച്ചതിനു അദ്ദേഹം കൊടുക്കേണ്ടി വന്നത് നേരത്തെ കളിക്കളം വിടുക എന്ന വലിയ ശിക്ഷയായിരുന്നു. ദൈവത്തിന്റെ ഗോളുമായി ചരിത്രത്തിൽ ഇടം പിടിച്ച ആൾ, ദൈവത്തിന്റെ അരികിലേക്ക് തന്നെ തിരിച്ചുപോയി.

മലയാളത്തിന്റെ സ്വന്തം സുഗതകുമാരി ടീച്ചറും കോവിഡ് ബാധിച്ച് നിത്യതയിലേക്കു മടങ്ങി. വെട്ടിവീഴ്ത്തപ്പെടുന്ന ഓരോ മരത്തിനും വേണ്ടി, തുരന്നു തീരുന്ന മലകൾക്ക്  വേണ്ടി, അനാഥമായി പോകുന്ന കിളിക്കുഞ്ഞുങ്ങൾക്ക് വേണ്ടി, പിച്ചിച്ചീന്തപ്പെടുന്ന കുരുന്നു ബാലികമാർക്ക് വേണ്ടി, നഷ്ടപ്പെടുന്ന പാടങ്ങൾക്കും തണ്ണീർത്തടങ്ങൾക്കും വേണ്ടി, മലയാളത്തിന് വേണ്ടി, അതിന്റെ ഹരിതാഭയ്ക്കു വേണ്ടി, ഭാഷയ്ക്ക് വേണ്ടി എഴുതിയ, വാദിച്ച, കരഞ്ഞ, അപേക്ഷിച്ച ആ അമ്മയുടെ വിയോഗം നമ്മുടെ പ്രകൃതിക്കും ജീവജാലങ്ങൾക്കും വലിയ നഷ്ടമായിരിക്കും. വരുന്ന തലമുറയ്ക്ക് ശുദ്ധവായുവും ശുദ്ധജലവും ലഭിക്കാനായി പോരാടുന്നവരുടെ മുൻപന്തിയിൽ എന്നുമുണ്ടായിരുന്നു അവർ. പ്രകൃതിയെ തകർക്കുന്നവർക്ക് എതിരായി എന്നും ശബ്ദമുയർത്തിയിരുന്നു അവർ. മാറി മാറി വന്ന സർക്കാരുകളോട് പരിസ്ഥിതിക്കയും മലയാളഭാഷയ്ക്കായും രാഷ്ട്രീയം മറന്നവർ പോരാടി. അവരുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണമാണ് സൈലന്റ് വാലി എന്ന മനോഹരതാഴ്വര. അവരുടെ അപേക്ഷകൾ ആർക്കൊക്കെയോ വേണ്ടി നിഷ്കരുണം തള്ളിക്കളഞ്ഞവരും അവരുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതും അവരെ വാഴ്ത്തുന്നതും കണ്ടു. എന്ത് ഫലം? ഇനിയൊരാൽമരമായി അവരുണ്ടാകും ഈ ഭൂമിയിൽ, ഒരുപാടു കിളികൾക്കൊരാശ്രയമായി.

പാചകവാതക്കുഴലിന്റെ പണി തീർത്ത് ഉദ്‌ഘാടനത്തിനായി കാത്തിരിക്കുന്നു എന്ന വാർത്ത ഈ സർക്കാറിന്റെ തൊപ്പിയിലെ ഒരു പൊൻതൂവൽ തന്നെയാണ്. ഒപ്പം ദേശീയപാതയുടെ സ്ഥലമെടുപ്പ് പൂർത്തിയായതും ആദ്യഘട്ടത്തിൻറെ പണി തുടങ്ങാൻ പോകുന്നുവെന്നതും അവർക്ക് ഉയർത്തിക്കാട്ടാൻ കഴിയുന്ന നേട്ടങ്ങൾ തന്നെയാണ്. സ്ഥലമേറ്റെടുപ്പിന്റെ പേരിൽ അനാവശ്യസമരങ്ങൾ ചെയ്ത് ഒരുപാട് വർഷങ്ങൾ നാം പാഴാക്കി എന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഭരിക്കുന്ന സർക്കാറിന്റെ രാഷ്ട്രീയം നോക്കി മാത്രം എത്രയോ സമരങ്ങൾ ഇവിടെ നടത്തിയിട്ടുണ്ട്. രാഷ്ട്രീയപരമായി അതൊക്കെ തെരഞ്ഞെടുപ്പുകളിൽ ചിലർക്ക് ഗുണപരമായും മറ്റുള്ളവർക്ക് ദോഷമാണ് ഭവിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി അതിന്റെ ദോഷം കേരളത്തിനും ഇവിടുത്തെ ജനങ്ങൾക്കും തന്നെയാണ്. വികസനകാര്യങ്ങളിൽ രാഷ്ട്രീയം നോക്കാതെ പ്രതികരിക്കാൻ മലയാളികൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. സർക്കാർ വിദ്യാലയങ്ങളിൽ കൂടുതൽ മികച്ച സൗകര്യങ്ങൾ ഏർപ്പാടാക്കിയതും ഭാവനരഹിതർക്ക് വീടുകൾ വെച്ചുകൊടുത്തതുമൊക്കെ കൈയ്യടി അർഹിക്കുന്ന നേട്ടങ്ങൾ തന്നെയാണ്. എങ്കിലും സമൂഹത്തിലെ താഴെ തട്ടിൽ നിൽക്കുന്ന, സർക്കാറിന്റെ സൗജന്യ വീടിന് തികച്ചും അർഹരായവർ ചിലരെങ്കിലും ആ പട്ടികയിൽ പെടാത്തത് പരിശോധിക്കപ്പെടേണ്ടതാണ്. അതുപോലെ തന്നെ ചില വിദ്യാലയങ്ങളിലെ കെട്ടിടനിർമ്മാണത്തിൽ വന്നിട്ടുള്ള അപാകതകളും. ഇതൊക്കെ വെറും രാഷ്ട്രീയവിവാദമാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നതിനു പകരം സത്യസന്ധമായി പരിശോധിച്ച് നടപടിയെടുക്കാനുള്ള ആർജ്ജവം സർക്കാർ കാണിക്കുമെന്ന് പ്രതീക്ഷിക്കാം. 

അയൽസംസ്ഥാനങ്ങളിലും ഉത്തരേന്ത്യൻ നാടുകളിലും പലപ്പോഴായി കണ്ടിട്ടുള്ള ദുരഭിമാനക്കൊലയിൽ വീണ്ടും കേരളം നടുങ്ങി. രണ്ടുവർഷം മുൻപ് നമ്മളൊക്കെ ചർച്ച ചെയ്ത വിഷയം ആവർത്തിച്ചിരിക്കുന്നു. കുടുംബത്തിന്റെ അഭിമാനം നോക്കാതെ ഇഷ്ടപ്പെട്ടവന്റെ കൂടെ മകൾ പോയതിന്റെ അനിഷ്ടം പ്രകടിപ്പിച്ചത് താലികെട്ടിയവന്റെ ജീവനെടുത്തുകൊണ്ടായിരുന്നു. സാംസ്കാരികമായി ഉയർന്നവനെന്ന് കരുതുന്ന മലയാളിയുടെ അഹങ്കാരത്തിനേറ്റ വലിയൊരടി. മകളുടെ കണ്ണീര് കണ്ടിട്ടാണെങ്കിലും വേണ്ടില്ല കുടുംബത്തിന്റെ മാനം കാക്കണമെന്ന് ചിന്തിച്ച, അത്തരമൊരു കടുകൈ ചെയ്തവർക്ക് തക്കതായ ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കാം. അപ്പോഴും ആ തോരാത്ത കണ്ണീരിന് ആര്, എന്ത് സമാധാനം പറയും? ഉത്തരം കിട്ടാത്ത ചോദ്യങ്ങളൊരുപാട് ഉയരുന്നുണ്ട് നമുക്ക് ചുറ്റും.

ഈ ഭൂമിയിൽ തലചായ്ക്കാനുള്ള അവകാശം ഓരോ ജീവിക്കുമുണ്ട്. മനുഷ്യർക്കാണെങ്കിൽ അത് മൗലികാവകാശം കൂടിയാണ്. എന്നിട്ടും ഒരുതുണ്ടു ഭൂമിയുടെ അവകാശകണക്കെടുപ്പിൽ രാജനും അമ്പിളിയും തോറ്റുപോയി. വാരിയെടുത്ത ചോറ് പാതിവഴിയിൽ ഉപേക്ഷിച്ച് അവർ പോയത് മരണത്തിന്റെ നരകാഗ്നിയിലേക്കായിരുന്നു. ക്ഷമയോടെ നിയമം കൈകാര്യം ചെയ്യേണ്ടവർ ഒരു നിമിഷം വികാരത്തിന് അടിമയായപ്പോൾ അഗ്നിനാളങ്ങൾക്ക് അന്നമാവാനായിരുന്നു ആ പാവം ദമ്പതികളുടെ വിധി. രണ്ടു കുഞ്ഞുങ്ങൾ കൂടി അനാഥരായി. മരണത്തിന് ഉത്തരവാദി ആരെന്ന കണക്കെടുപ്പ് നടക്കുന്നു. വൻകിടക്കാരുടെ കൈയ്യേറ്റത്തിന്റെ മുന്നിൽ ഓച്ഛാനിച്ചു നില്ക്കാൻ ഇപ്പോഴും ഭരണകൂടത്തിന് നാണമില്ല പക്ഷെ ആശ്രയമറ്റവരുടെ നേരെ നിയമത്തിന്റെ വാളെടുത്തു വീശാൻ, അവരെ തെരുവിലേക്ക്  വലിച്ചെറിയാൻ രണ്ടുവട്ടം കൂടി ചിന്തിക്കേണ്ടതില്ല അധികാരികൾക്ക്. 

തോറ്റതിന്റെ കാരണം തേടിയുള്ള തൊഴുത്തിൽ കുത്ത് ദേശീയപാർട്ടികളിൽ തുടങ്ങിക്കഴിഞ്ഞു. ജയിച്ചതിൻറെയും തോറ്റതിന്റെയും കണക്കുകൾ പരസ്പരം തീർക്കാനും തുടങ്ങിയിരിക്കുന്നു ചിലരെങ്കിലും. സർക്കാരും ഗവർണറും തമ്മിലുള്ള ശീതയുദ്ധം ഒരുഭാഗത്തായി നടക്കുന്ന കാഴ്ചയും കണ്ടുകൊണ്ടിരിക്കുന്നു. പറയുവാനാണെങ്കിൽ ഇനിയുമുണ്ടേറെ വിശേഷങ്ങൾ. ദുരഭിമാനത്തിന്റെ , ചതിയുടെ, മോഹത്തിന്റെ, മോഹഭംഗത്തിന്റെയൊക്കെ കൊലക്കത്തികൾക്കിരയായവരുടെ കഥകൾ. ഭൂമാഫിയയുടെ വിളയാട്ടത്തിൽ ഒരു രാത്രി കൊണ്ട് തെരുവിലേക്കെറിയപ്പെട്ട കുടുംബങ്ങളുടെ കഥകൾ. സാമ്പത്തികസ്ഥിതി ഭദ്രമല്ലാഞ്ഞിട്ടും നടത്തിയ ധൂർത്തിന്റെ കഥകൾ. പമ്പയിലെ മണലെടുപ്പിലെ അഴിമതി, പൗരത്വഭേദഗതിയുമായി ഗവർണറുമായി സർക്കാരിനുണ്ടായ ഉരസൽ, നൊബേൽസമ്മാനജേതാവിനെ തടഞ്ഞു വെച്ച നാണക്കേട്, വാവസുരേഷിന്റെ മരണത്തിൽ നിന്നുള്ള തിരിച്ചുവരവ്, ലൈഫ് മിഷന്റെ പിതൃത്വത്തെ ചൊല്ലിയുള്ള തർക്കം, പ്രളയഫണ്ടിലെ കൈയ്യിട്ടുവാരൽ, സാലറി ചാലഞ്ച്, മുഖ്യമന്ത്രിയുടെ വ്യാജഒപ്പ് വിവാദം, സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലുകൾ, നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവം, മലയാളികളുടെ ഇടയിൽ വളർന്നുവരുന്ന വർഗ്ഗീയതയും അവയ്ക്ക് കുടപിടിക്കുന്ന രാഷ്ട്രീയനേതൃത്വവും എന്നിങ്ങനെ പറഞ്ഞാലും തീരാത്ത ഒരുപാട് സംഭവങ്ങൾ; ഒടുവിൽ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നടത്തിയ പരാമർശം, ദേശീയ രാഷ്ട്രീയത്തിൽ നിന്നും സംസ്ഥാനരാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ലീഗ് നേതാവിന്റെ തീരുമാനവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും വരെ നീളുന്നു ആ പട്ടിക. അടുത്ത വർഷമെങ്കിലും സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്നു പ്രത്യാശിച്ചിരുന്ന എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് കൊറോണ വൈറസിന് വകഭേദമുണ്ടായി എന്ന വാർത്ത എത്തിയത്. വാക്സിൻ വിതരണം അടുത്തവർഷമാദ്യം തുടങ്ങുമെന്നും അതുകഴിഞ്ഞാൽ പഴയതു പോലെ ജീവിക്കാമെന്നുമൊക്കെ കരുതിയിരിക്കുമ്പോഴാണ് ഓർക്കാപ്പുറത്തുള്ള ഈ അടി. 'ഒരുവേള പഴക്കമേറിയാൽ, ഇരുളും മെല്ലെ വെളിച്ചമായി വരും' എന്നാണല്ലോ കവി പാടിയത്, അതുകൊണ്ടു തന്നെ കാത്തിരിക്കാം ഒരു നല്ല നാളേയ്ക്കായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ