കവിളിണയിലൂടൊഴുകും കണ്ണുനീർത്തുള്ളിയെ-
ത്തൻകൈവിരൽത്തുമ്പിനാൽ മെല്ലെ തുടച്ച്
ആർദ്രതതുളുമ്പും കണ്ണാലവൾ മൊഴിഞ്ഞു
എന്തിനീസ്സങ്കടം, കൂടെപ്പെങ്ങളുണ്ട് മറന്നിടല്ലേ
നക്ഷത്രം വിരിയുമാ കൺകളിലുറ്റുനോക്കവെ
ഉടലിൽ നിറയും സാന്ത്വനക്കുളിരറിഞ്ഞേനവൻ
മനസ്സിൻ മണലിലാരോ വരച്ച നോവുകളൊട്ടുമേ
മാഞ്ഞുപോയന്നേരം ചെറുകാറ്റിലെന്ന പോൽ
ചെറുപുഞ്ചിരിയിൽ തെളിഞ്ഞൊരാൺമുഖം
മൊഴിഞ്ഞു മെല്ലെ കരളുറപ്പുള്ള വാക്കിനാലപ്പോൾ
കരയില്ല, തളരില്ലിനിയൊരിക്കലുമീ പെങ്ങളെൻ
കൂടെയുള്ള കാലം വരേക്കുമെന്നതേ സത്യം സത്യം
മൂർദ്ധാവിൽ പെങ്ങളേകിയൊരു ചെറു ചുംബനം
മാതാവിൻ വാത്സല്യം കിനിയും തലോടൽ പോലെ
ആ സ്നേഹലാളനത്തിൽ മതിമറന്നതിനാലേ രണ്ടു-
കൊച്ചു താരകൾ കൺചിമ്മാൻ മറന്നു വാനിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ