(പാഠശാലയുടെ ഉദ്‌ഘാടനത്തിന് വന്ന എം ടി യുമായി നർമ്മസല്ലാപത്തിൽ മുഴുകിയ ഭാസ്കരൻ മാഷ് )
"നമുക്ക് ഭാസ്കരൻ മാഷിനെ കാണാൻ പോയാലോ?" മിനിയാന്ന് (ഡിസംബർ 2 , 2020 ബുധനാഴ്ച) സുഹൃത്തായ ജഗദീഷുമായുള്ള സംഭാഷണത്തിനിടയിൽ ഞാൻ പെട്ടെന്ന് ചോദിച്ചു. മറുപടി അതിലും വേഗത്തിലായിരുന്നു, അതും തികച്ചും അനുകൂലമായ ഉത്തരം. തുടർന്ന് അൽപനേരം ഞങ്ങൾ അതിനെപ്പറ്റി സംസാരിക്കുകയും ഒടുവിൽ നാളെ പോകാം എന്ന് തീരുമാനിക്കുകയും ചെയ്തു. നാളെ ഏതായാലും അവൻ അവധിയെടുക്കുന്നുണ്ട് എന്ന് പറഞ്ഞു. 'ശരി, എന്നാൽ നാളെ കാണാം' എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു. തുടർന്ന് ഞാൻ മാഷിനെ വിളിച്ച് കുശലാന്വേഷണത്തിൽ ഏർപ്പെടുകയും ഞങ്ങൾ അങ്ങോട്ട് വരാൻ പരിപാടിയുണ്ട് എന്ന് അറിയിക്കുകയും ചെയ്തു. മാഷിനും അതുകേട്ടപ്പോൾ ഉത്സാഹമായി. ആവേശത്തോടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി വരുണിനെ കൂടി വിളിച്ചേക്കാം എന്ന്. പോകുന്ന വഴിക്കാണ് അവന്റെ വീട് എന്നതിനാൽ ഞങ്ങൾക്ക് രണ്ടുപേർക്കും സൗകര്യമാണുതാനും. ഉടനെത്തന്നെ അവനെ വിളിച്ചു, കാര്യം പറഞ്ഞു. അര ദിവസത്തെ അവധിയെടുക്കാൻ ഞാൻ ചെറുതായി പ്രേരിപ്പിക്കുകയും ചെയ്തു. അവന്റെ മറുപടിയും എന്നെ ഞെട്ടിക്കുന്നതായിരുന്നു. എവിടെയെങ്കിലും പോകാൻ മുട്ടി നിൽക്കുന്നത് പോലെയായിരുന്നു അവന്റെ പ്രതികരണം. പുറപ്പെടേണ്ട സമയം തീരുമാനിച്ച് രാവിലെ വിളിക്കാമെന്ന് പറഞ്ഞ് ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു.
അന്നത്തെ എന്റെ ചിന്ത മുഴുവൻ പിറ്റേ ദിവസത്തെ സന്ദർശനമായിരുന്നു. ആദ്യമായിട്ടാണ് മാഷിനെ നാട്ടിൽ വെച്ച് കാണാൻ പോകുന്നത് (അതിനുമുൻപ് ബാംഗളൂരിൽ വെച്ച് കണ്ടിരുന്നു). എത്രയോ മഹാന്മാരായ വ്യക്തികൾക്ക് ആതിഥ്യമരുളിയ 'മലയാള ഭാഷ പാഠശാല' നേരിൽ കാണാൻ പോകുന്നു എന്ന ചിന്ത തന്നെ എന്നെ ആവേശം കൊള്ളിച്ചു. അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചതിനുശേഷം മലയാളഭാഷയുടെ വളർച്ചയ്ക്കായി മധുരം മധുരം മലയാളവുമായി കേരളത്തിനകത്തും പുറത്തും സഞ്ചരിച്ച, മലയാളത്തിലെ തലയെടുപ്പുള്ള കവികളെയും കലാകാരന്മാരെയും മുഴുവൻ പാഠശാലയിലേക്ക് ആകർഷിച്ച, കയ്പുനിറഞ്ഞ അനുഭവങ്ങൾ ജീവിതത്തിൽ നേരിടുമ്പോഴും ചിരിയോടെ അവയെ നേരിട്ട, നെഞ്ചിനകത്ത് മലയാളഭാഷയോടുള്ള സ്നേഹം മാത്രം കൊണ്ട് നടക്കുന്ന ടി പി ഭാസ്കരപൊതുവാൾ എന്ന ഗുരുനാഥന്റെ അനുഗ്രഹം മൂർദ്ധാവിൽ കരസ്പർശമായി പതിക്കണേ എന്ന ആഗ്രഹം സാക്ഷാൽക്കരിക്കാനുള്ള യാത്ര. എന്റെ ആവേശം തന്നെയായിരുന്നിരിക്കണം മറ്റുള്ളവർക്കും, കാരണം ജീവിതയാത്രയിലെ ഒരു വഴിയമ്പലത്തിൽ വെച്ച് ഈശ്വരൻ ഞങ്ങളുടെ മുന്നിൽ കൊണ്ടുവന്നു നിർത്തിയ പിതൃതുല്യനായ ഗുരുനാഥൻ, അതായിരുന്നു ഞങ്ങൾക്ക് പൊതുവാൾ മാഷ്.
അരദിവസത്തെ അവധിക്കപേക്ഷിച്ച എന്നെ വരവേറ്റത്, 'നാളെ ഇന്ത്യ ഓഫീസിൽ അവധിയാണല്ലോ' എന്ന അമേരിക്കൻ മാനേജരുടെ ഉത്തരമായിരുന്നു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് 'കനകദാസ ജയന്തി' യായ ഡിസംബർ 3 വ്യാഴാഴ്ച എനിക്ക് അവധിയാണെന്ന്. പതിവുപോലെ നേരം പുലർന്നു. അവധിയായതിന്റെ ആലസ്യത്തോടെ ഉണർന്ന ഞാൻ പതുക്കെ പ്രഭാതകൃത്യങ്ങളിലേക്കു തിരിഞ്ഞു. മോളുടെ സ്കൂളിലെ ഓൺലൈൻ മീറ്റിംഗിന് ശേഷം ഊണും കഴിച്ച് പുറപ്പെടാൻ തയ്യാറായി. അതിനിടയിൽ ആകാംക്ഷ നിറഞ്ഞ മാഷുടെ വിളിയെത്തി. മൂന്നുമണിക്ക് ഞങ്ങളെത്തും എന്ന് സമാധാനിപ്പിച്ചു. അങ്ങനെ പിലാത്തറയിൽ നിന്ന് ജഗദീഷും കാഞ്ഞങ്ങാട് നിന്നും ഞാനും പുറപ്പെട്ടു. പോകുന്ന വഴിക്ക് വരുണിന്റെ ചെറുവത്തൂരുള്ള വീട്ടിൽ കയറി അവനെയും കൂട്ടി. തിരിച്ചു വരുമ്പോൾ വീണ്ടും വീട്ടിൽ കയറുകയാണെങ്കിൽ കഴിക്കാനായി സ്പെഷ്യൽ ഉണ്ടാക്കി വെക്കാം എന്ന് വരുണിന്റെ ഭാര്യ ലവ്‌സി സ്നേഹത്തോടെ വിളിച്ചു പറഞ്ഞു.
കാഞ്ഞങ്ങാട് - കണ്ണൂർ ദേശീയ പാതയിൽ പുതിയങ്കാവ് കഴിഞ്ഞ് കോത്തായമുക്ക് എത്തുന്നതിനുമുമ്പ് വലതുവശത്ത് പാതയുടെ ഓരത്തായി സ്ഥാപിച്ചിട്ടുള്ള 'മലയാളഭാഷാ പാഠശാല' എന്ന ദിശാസൂചി കൃത്യമായി വഴി കാണിച്ചു തന്നു. ഏകദേശം ഒരു കിലോമീറ്ററോളം വലത്തോട്ടുള്ള റോഡിലൂടെ സഞ്ചരിച്ച ഞങ്ങളെ വീണ്ടും ഒരു 'മലയാളഭാഷാ പാഠശാല' എന്നെഴുതിയ ഫലകം കാത്തിരിക്കുന്നുണ്ടായിരുന്നു. വഴിയരികിൽ വണ്ടി നിർത്തി ഞങ്ങൾ മൂവരും മുറ്റത്തേക്ക് കയറിച്ചെന്നു. ആരെയും കാണാനില്ലായിരുന്നു. മലർക്കെ തുറന്നു കിടക്കുന്ന വാതിൽ, ഒഴിഞ്ഞു കിടക്കുന്ന അകത്തെ വിശാലമായ മുറി. എന്തുചെയ്യണം എന്നറിയാതെ ഒരുനിമിഷം ശങ്കിച്ച് നിന്ന ഞങ്ങൾ കാളിങ് ബെല്ലിനുള്ള സ്വിച്ച് തപ്പി. അപ്പോഴേക്കും അകത്തുനിന്നുമൊരു സ്ത്രീ ശബ്ദം ഒഴുകിയെത്തി, മാതൃത്വത്തിന്റെ വാത്സല്യം ചാലിച്ച്, "കയറി വന്നോളൂ". അകത്തേക്ക് കയറിയപ്പോഴേക്കും ഭക്ഷണം പുരണ്ട കയ്യുമായി മുന്നിലതാ നിൽക്കുന്നു മലയാളഭാഷയുടെ അക്ഷരസൂര്യൻ. "ഭക്ഷണം കഴിക്കുകയാണ്, ഇരുന്നോളൂ..ഇപ്പോൾ വരാം", കൂടെ ഒരു ചോദ്യം കൂടി "നിങ്ങൾ വല്ലതും കഴിച്ചിരുന്നോ?" ഉവ്വെന്ന് ഞങ്ങൾ മൂവ്വരും ഒരേസ്വരത്തിൽ പറഞ്ഞു. അദ്ദേഹം വരുന്നത് വരെ ഞങ്ങൾ പുറത്ത് മുറ്റത്ത് ഉലാത്തി. മാഷിന്റെ സ്നേഹത്താൽ മതിമറന്ന തായമ്പകയിലെ അതികായൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ചെണ്ടയിൽ താളമേളങ്ങൾ അർച്ചനയായി തീർത്ത, ഈശ്വരതുല്യനായ മഹാഗുരു ദക്ഷിണാമൂർത്തി സ്വാമിയുടെ പാദസ്പർശനത്താൽ പവിത്രമായ അതെ മുറ്റത്ത്. മാഷിന്റെ നാവിൽ നിന്നും കേട്ട ആ കഥകളുടെ പുളകം കൊള്ളിക്കുന്ന ഓർമ്മകളുമായി പടിഞ്ഞാറു നിന്നും വീശുന്ന ഇളം കാറ്റുമേറ്റ് ഞങ്ങൾ കൊച്ചുവർത്തമാനത്തിൽ മുഴുകി. കൈ കഴുകി മാഷ് വന്നപ്പോൾ ഞങ്ങൾ അകത്തേക്ക്. അദ്ദേഹത്തിന്റെ മുന്നിലുള്ള സോഫയിൽ ക്ലാസ് മുറിയിൽ കുട്ടികൾ ഇരിക്കുന്നതുപോലെ ഞങ്ങൾ ഇരുന്നു. കേട്ടാലും കേട്ടാലും മതിവരാത്ത കഥ കേൾക്കാൻ കാത്തിരിക്കുന്ന കുട്ടികളുടെ മനസ്സുമായി, മാഷ് തന്റെ ഓർമ്മകളുടെ ഭാണ്ഢച്ചെപ്പ് തുറക്കുന്നതും കാത്ത്.
പഴയ കഥകളിലൂടെ മാഷ് തുടങ്ങി. ജി ശങ്കരകുറുപ്പിന് കത്തെഴുതിയ കഥയും ആദ്യമായി നേരിൽ കണ്ടതും തുടങ്ങി പല വഴികളുടെ പല കഥകളിലൂടെ പല അനുഭവങ്ങളിലൂടെ അത് കയറിയിറങ്ങി. 'ശാകല്യൻ' എന്ന തൂലികാനാമത്തിൽ നാടകം സംവിധാനം ചെയ്ത നർമ്മത്തിൽ ചാലിച്ച അനുഭവം ഞങ്ങൾക്ക് ചിരിക്കാനുള്ള വകയായി (സ്കൂളിലെ ധനസമാഹരണാർത്ഥം ചെയ്തതായിരുന്നു ആ നാടകം. വിദ്യാലയങ്ങൾ ആധുനികവൽക്കരിക്കപ്പെടുന്ന ഈ കാലത്ത് അങ്ങനെ സമാഹരിച്ച കാശു കൊണ്ട് കെട്ടിയ കെട്ടിടം ഇടിച്ചുവീഴ്ത്തിയപ്പോൾ നെഞ്ചു കലങ്ങിപ്പോയി എന്നാണ് മാഷ് പറഞ്ഞത്). എങ്കിലും 'എല്ലാം മുടിച്ചവൻ' എന്ന വീട്ടുകാരുടെ വേദനിപ്പിക്കുന്ന കുറ്റപ്പെടുത്തലുകളും എത്ര ശ്രമിച്ചാലും മറക്കാൻ കഴിയാത്ത, ഓർക്കുന്തോറും വേദന മാത്രം നൽകുന്ന ജീവിതത്തിലെ കറുത്ത ദിനങ്ങളും, രോഗാതുരനായി കിടന്ന നാളുകളും ഒക്കെ നിസ്സംഗനായി വിവരിക്കുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരുന്നു. ഈ ദുരിതങ്ങൾക്കിടയിലും തനിക്കു താങ്ങായി നിന്നവരേയും ഓർത്തെടുത്തു മാഷ്. ആ സമയങ്ങളിലൊക്കെയും ഞങ്ങളുടെ കണ്ണുകൾ ആ മുറിയിലാകെ പരതി നടക്കുകയായിരുന്നു. പലയിടങ്ങളിൽ നിന്നും ലഭിച്ച പുരസ്‌കാരങ്ങൾ കൊണ്ട് മനോഹരമായി അലങ്കരിച്ച ആ മുറി ആരിലും കൗതുകം ജനിപ്പിക്കാൻ പോന്നതായിരുന്നു. എണ്ണിയാൽ തീരാത്തത്ര പുരസ്‌കാരങ്ങൾ. എം ടി യും അഴീക്കോടും ടി പദ്മനാഭനും നെടുമുടി വേണുവും പോലുള്ള നിരവധി കവികളും കലാകാരന്മാരും ആ മുറിയിൽ നിറഞ്ഞിരിക്കുന്നതായി കാണാം. അവരൊക്കെ ഇരുന്ന അതേ കസേരയിലാണ് ഇരിക്കുന്നതെന്ന ചിന്ത ഞങ്ങളെയും ആവേശം കൊള്ളിച്ചു. കാലിനു വേദനയായി നടക്കാൻ ബുദ്ധിമുട്ടുന്ന ഭാര്യയെ പറ്റി പറയുമ്പോഴൊക്കെ മാഷ് സ്നേഹനിധിയായ ഭർത്താവായി. എത്രയോ ആൾക്കാർക്ക് രാവും പകലുമില്ലാതെ വെച്ച് വിളമ്പിയ, അതിനായി ഓടിനടന്ന കാലുകൾക്കാണ് ഇന്നിപ്പോൾ ഈ ഗതി വന്നതെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു. 'വേണ്ട' എന്ന് ഞങ്ങൾ പറഞ്ഞിട്ടും വയ്യാത്ത കാലുമായി ഞങ്ങൾക്ക് ചായയിട്ടു തന്ന ആ അമ്മയുടെ സ്നേഹം കാണാതിരിക്കാൻ കഴിയില്ല. അതിനിടയിൽ ജനിച്ച നാടിനെപ്പറ്റി, കൈതപ്രം എന്ന ഗ്രാമത്തെ പറ്റിയൊക്കെ മാഷിനോട് ചോദിച്ചു. വണ്ണാത്തിപ്പുഴയും പാണപ്പുഴയും അതിരിടുന്ന ആ നാടിനെപ്പറ്റിയും ഓർമ്മകളേറെയുണ്ട് മാഷിന്. അല്ലെങ്കിലും ഓർമ്മകൾ മാത്രമേയുള്ളൂ ഇപ്പോൾ, വേരുകളൊക്കെ പല നാടുകളിലേക്ക് പറിച്ചുനട്ടിരിക്കുന്നു. സംസാരമധ്യേ മലയാളത്തിലെ ആദ്യകഥാകൃത്ത് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മൃതിമണ്ഡപത്തിൽ പോയ കാര്യം മാഷ് പറഞ്ഞപ്പോൾ, ആ വീടുമായി എനിക്കുള്ള ബന്ധം ഞാൻ വെളിപ്പെടുത്തി. പറ്റിയാൽ അവിടെയൊന്ന് സന്ദർശിക്കണമെന്ന് മാഷ് ഓർമ്മിപ്പിച്ചു. 'വാസനവികൃതി'യുടെ സൃഷ്ടാവിന് ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന ഒരേയൊരു സ്മാരകം പാഠശാലയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ തറവാട്ടിൽ സ്ഥാപിച്ചിട്ടുള്ള ആ അർദ്ധകായ പ്രതിമ മാത്രമാണ് എന്ന് മാഷ് ദുഃഖത്തോടെ കൂട്ടിച്ചേർത്തു. മലബാറിൽ ജനിച്ചത് കൊണ്ട് മാത്രം പ്രശസ്തിയിലേക്കുയരാതെ പോയ എഴുത്തുകാരെയും അദ്ദേഹം ഇത്തിരി വിഷമത്തോടെ പരാമർശിക്കുകയുണ്ടായി.
ഏതാണ്ട് ഒന്നരമണിക്കൂറ് നേരത്തെ മനസ്സുതുറക്കലിനുശേഷം ഞങ്ങൾ യാത്രപറയാനായി എഴുന്നേറ്റു. അതിനിടയിൽ എല്ലാവരും ചേർന്നുള്ള ഫോട്ടോ എടുത്തു. മുറിയിലെ ശില്പങ്ങളെ കുട്ടികളുടെ കൗതുകത്തോടെ അടുത്ത് നിന്ന് വീക്ഷിച്ചു. ഓ ൻ വി യും മധുസൂദനൻ നായരും പി കെ ഗോപിയും ഒക്കെ കവിതചൊല്ലി നിറച്ച അകത്തളത്തിൽ നിന്നുമിറങ്ങാൻ മനസ്സനുവദിച്ചിരുന്നില്ല. ചെണ്ടയിലെ പെരുക്കങ്ങളും ചാക്യാരുടെ നർമ്മങ്ങളും കാവാലത്തിന്റെ നാടൻപാട്ടും ചിലങ്കയുടെ കിലുക്കവും സപ്തസ്വരങ്ങളുടെ ആരോഹണാ- വരോഹണങ്ങളും കാവ്യനർത്തകിയുടെ ചടുലതാളങ്ങളുമൊക്കെ അവിടെ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നതായി തോന്നി. "ഇനിയെന്നാണ് മാഷേ അടുത്ത കവിയരങ്ങ്?" എന്ന എന്റെ ചോദ്യം വല്ലാത്ത ആർത്തിയോടെയായിരുന്നു. പക്ഷെ കണക്കു തെറ്റിയുള്ള കാലത്തിന്റെ പോക്കിൽ പകച്ചുപോയ മാഷിനും അതിനുത്തരമില്ലായിരുന്നു. ആളും ആരവവുമൊഴിഞ്ഞ നേരമില്ലായിരുന്നു മാഷിന്. പക്ഷെ ഇപ്പോൾ മാസങ്ങളായി പുറത്തിറങ്ങിയിട്ട്. ഇനി എന്നിറങ്ങാൻ പറ്റും എന്നറിയില്ല. ഏകാന്തതയാണ് മാഷിന്റെ ശത്രു, ഓർക്കാൻ ഇഷ്ടമില്ലാത്തതൊക്കെ കടിച്ചുകീറാൻ ഇറങ്ങുന്നത് അപ്പോഴാണ്. എല്ലാവർക്കും വെളിച്ചം പകരുന്ന ഈ ഭാസ്കരൻ കാർമേഘത്തിൽ കുടുങ്ങിപ്പോകുന്നതും അപ്പോഴാണ്. ഇറങ്ങാൻ നേരം മാഷിന്റെ പാദങ്ങൾ തൊട്ടു വണങ്ങി ഞങ്ങൾ മൂവരും. ആ കൺകോണുകളിൽ എവിടെയോ ഒരിത്തിരി നനവ് പടരുന്നത് ഞാൻ കണ്ടു. "കുടുംബത്തെയും കൂട്ടി ഇനിയും വരണം, ബാംഗ്ളൂരിലേക്ക് പോകുന്നതിന് മുൻപ്" മാഷ് ഓർമ്മിപ്പിച്ചു. കീശയിൽ നിന്നും കാശു വീഴുന്നത് ഞങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ മാഷ് പറഞ്ഞു, 'ഓട്ടക്കീശയാണ്, നിൽക്കില്ല'. അത് വെറുമൊരു നേരമ്പോക്കായിരുന്നില്ല മറിച്ച് ജീവിതാനുഭവത്തിന്റെ സാക്ഷ്യപത്രമായിരുന്നു. ഒരു കൊടിയുടേയും തണലില്ലാത്തതിനാൽ മാത്രം തഴയപ്പെട്ടവന്റെ ആത്മനൊമ്പരമായിരുന്നു, തരിമ്പും കുറ്റബോധമില്ലാതെ.
തിരിച്ച് വരുണിന്റെ വീട്ടിലെത്തിയപ്പോൾ ലവ്‌സി വാക്ക് പാലിച്ചു. ഇഞ്ചിയുടെ സ്വാദേറിയ ചായയ്‌ക്കൊപ്പം ചൂടുള്ള രുചിയുള്ള ഉള്ളിവട തീന്മേശയിൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. വയർ നിറഞ്ഞു മനസ്സും നിറഞ്ഞിരുന്നു എവിടെയോ ഒരിത്തിരി നൊമ്പരം ബാക്കിനിർത്തിക്കൊണ്ട്.
വാൽക്കഷ്ണം: ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ നിലനിർത്തുന്നതിന് കൃത്യമായ ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്നത് ആകാശത്ത് നിലകൊള്ളുന്ന ഭാസ്കരനാണ്. പടിഞ്ഞാറൻ സംസ്കാരത്തിൽ അഭിരമിക്കുന്ന പുതിയ തലമുറകളിലൂടെ മലയാളഭാഷയും സംസ്കാരവും മനുഷ്യനുള്ളിടത്തോളം കാലം ഇവിടെ നിലനിൽക്കണമെങ്കിൽ വെള്ളവും വളവുമേകാൻ അനേകം ഭാസ്കരന്മാർ ഈ നാട്ടിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അമ്മയ്ക്ക് തുല്യമായി ഭാഷയെയും നാടിനെയും സ്നേഹിക്കുന്ന, അക്ഷരവെളിച്ചമേകാൻ കഴിയുന്ന ഭാസ്കരന്മാർ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ