പേജുകള്‍‌

പാട്ടോർമ്മകൾ 2: മനസ്സിൻ മണിനൂപുരങ്ങളെ ഉണർത്തിയ പാട്ട്


ചില പാട്ടുകൾ അങ്ങനെയാണ്, ആദ്യത്തെ കേൾവിയിൽത്തന്നെ അത് നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും, മനസ്സിനെ കീഴടക്കും. അത് എന്തെന്നില്ലാത്ത ആനന്ദം പ്രദാനം ചെയ്യുകയും ചെയ്യും. അതിന് കാരണമെന്തെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം പറയാനും സാധ്യമല്ല. ആ പാട്ടിൽ അലിഞ്ഞിരിക്കുന്ന ഈണമോ, വരികളിലെ കവിത്വമോ അതുമല്ലെങ്കിൽ ആലാപനത്തിൽ നിറഞ്ഞിരിക്കുന്ന ഭാവത്തിന്റെ ദീപ്തിയോ ഒക്കെയായിരിക്കും അതിന് കാരണം. പലർക്കും പല പാട്ടുകളായിരിക്കാം ഇങ്ങനെയുള്ള അനുഭവങ്ങൾ നൽകുന്നത്. ചിലപ്പോൾ ഒന്നിൽ കൂടുതൽ പാട്ടുകൾ കേൾക്കുമ്പോഴും ഇതുപോലെ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരങ്ങൾ നമ്മളിൽ ഓളങ്ങൾ സൃഷ്ടിച്ചേക്കാം. പലരും ഇതുപോലെയുള്ള അനുഭവങ്ങൾ വിവരിച്ചു കേട്ടിട്ടുണ്ട്, എവിടെയൊക്കെയോ വായിച്ചിട്ടുമുണ്ട്. എനിക്കും പറയാനുണ്ട് അത്തരമൊരു അനുഭവവും അതിന് വഴിവെച്ച ഒരു പാട്ടിനെപ്പറ്റിയും. 

നെടുമുടി വേണുവും പൂർണ്ണിമ ജയറാമും പ്രധാന കഥാപാത്രങ്ങളായ 'വെറുതെ ഒരു പിണക്കം' എന്ന സിനിമയ്ക്ക് വേണ്ടി സത്യൻ അന്തിക്കാട് - രവീന്ദ്രൻ - യേശുദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'മനസ്സേ നിന്റെ മണിനൂപുരങ്ങൾ..' എന്ന മനോഹരമായ പ്രണയഗാനത്തെക്കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. 1984 ൽ ഇറങ്ങിയ പാട്ടായിട്ട് കൂടി വളരെ വൈകി അടുത്തകാലത്താണ് ആ ഗാനമെന്നെ തേടിയെത്തിയത്, അതും പ്രിയസുഹൃത്തും ഗായകനുമായ രാജേഷ് വഴി. മൊബൈലിൽ ആ പാട്ട് പറന്നിറങ്ങിയപ്പോഴും എന്റെ കർണ്ണങ്ങളിൽ ഒഴുകിയെത്തുന്നതുവരെ ഞാനൊരിക്കലും കരുതിയിരുന്നില്ല ഇനിയുള്ള എന്റെ നാളുകളെ സംഗീതസാന്ദ്രമാക്കാൻ, ഹൃദയത്തിൻ മധുപാത്രം നിറക്കാൻ മാത്രം വശ്യത അതിനുണ്ടാവുമെന്ന്. നേരത്തെ സൂചിപ്പിച്ചതുപോലെ പ്രഥമ കേൾവിയിൽ തന്നെ ആ ഗാനം എന്റെ മനസ്സിലെ മണിനൂപുരങ്ങളെ ഉണർത്തി. എന്ത് മാന്ത്രികവിദ്യയാലാണ് അതെന്നെ വശീകരിച്ചതെന്ന് പറയാൻ പക്ഷെ എനിക്കറിയില്ല. അന്തിക്കാടിന്റെ ഗ്രാമീണസൗന്ദര്യം ചാലിച്ച കവിത തുളുമ്പുന്ന വരികളാണോ, ആ വരികളുടെ ചാരുത ഒരിറ്റുപോലും നഷ്ടപ്പെടാതെയതിനെ കോരിയെടുത്ത രവീന്ദ്രസംഗീതമാണോ അതോ വരികളിലും ഈണത്തിലും നിറഞ്ഞ ഭാവവും സൗന്ദര്യവും സ്വാംശീകരിച്ചുകൊണ്ട് ഗന്ധർവ്വഗായകന്റെ ഹൃദയത്തിൽ നിന്നൂറിയെത്തിയ ഭാവസാന്ദ്രമായ ആലാപനമധുരിമയാണോ എന്നെ ആകർഷിച്ചത്? അതോ ഇതെല്ലാം ചേർന്നപ്പോഴുണ്ടായ ഇന്ദ്രിയാനുഭൂതിയായിരുന്നോ? അറിയില്ല, ഉത്തരം പറയാൻ കഴിയുന്നില്ല. ഏതായാലും ഒന്നുമാത്രം പറയാം, ആദ്യമായി ഈ പാട്ട് കേട്ട നിമിഷം തൊട്ടിന്നോളം ദിവസത്തിൽ പലതവണ ഞാൻ ഈ പാട്ട് കേൾക്കുകയോ മൂളുകയോ ചെയ്യുന്നുണ്ട്. അപ്പോഴെല്ലാം അനിർവചനീയമായ ഒരാനന്ദം എന്റെ ഹൃദയത്തിൽ, സിരകളിൽ നിറയുന്നുണ്ട്. അത് പകരുന്ന അനുഭൂതിയിൽ സ്വയം മറന്ന് അലിഞ്ഞലിഞ്ഞില്ലാതാവുന്നുണ്ട്. 

ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും നിർത്താതെ പെയ്തുകൊണ്ടിരിക്കുകയാണ്. ഇടയ്ക്കു വീശിയടിക്കുന്ന കാറ്റിൽ എല്ലാം മറന്നാടുകയാണ് വൃക്ഷത്തലപ്പുകളും പുൽക്കൊടികളും. ഇളം തണുപ്പാർന്ന അന്തരീക്ഷത്തിൽ കേൾവിക്കാരുടെ മനസ്സിലെ മണിനൂപുരങ്ങൾ ഉണർത്തിക്കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ശുദ്ധസാവേരി രാഗത്തിൽ ഗാനഗന്ധർവ്വൻ വീണ്ടും എൻ്റെ ചെവികളിൽ അമൃത് ചൊരിയുമ്പോൾ 'എന്തേ ഇത്രനാളും ഈ പാട്ട് കേട്ടില്ല' എന്ന സന്ദേഹത്തിനും ഉത്തരമില്ലായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ