കോപാന്ധനായ മഹാദേവൻ മൂന്ന് ചുവട് വച്ചു, പിന്നെ തന്റെ വലതു കയ്യിലിരുന്ന തൃശ്ശൂലം, ഭയന്ന് വിറച്ചു നിൽക്കുകയായിരുന്ന കാലന്റെ നെഞ്ചിലേക്ക് താഴ്ത്തി.ഈരേഴു പതിനാലു ലോകങ്ങളും ഞെട്ടി വിറച്ചു..ബ്രഹ്മാവും വിഷ്ണു ദേവനും മറ്റു ദേവതകളും പരിഭ്രാന്തരായി.ഇനി എന്ത് ചെയ്യും.? എല്ലാവരുടെയും ജീവനെടുക്കുന്ന കാലന്റെ ജീവൻ മഹാദേവൻ എടുത്തിരിക്കുന്നു.കാലനില്ലാ കാലമാണ് ഇനി വരാൻ പോകുന്നത്.അപ്പോഴും സംഭവിച്ചതൊന്നുമറിയാതെ ശിവലിംഗത്തെ കെട്ടിപിടിച്ചു പഞ്ചാക്ഷരി മന്ത്രം ഉരുവിടുകയായിരുന്ന മഹാഭക്തനായ മാർക്കാണ്ഡേയനെ വാത്സല്യത്തോടെ കടാക്ഷിച്ചു് അനുഗ്രഹിച്ചു അന്തകനെ വധിച്ച അന്തകൻ..അന്തകാന്തകൻ!!!!
അല്പ്പായുസ്സും എന്നാൽ ശിവഭക്തനുമായിരുന്ന മാർക്കാണ്ഡേയനെ വധിക്കാൻ കാലൻ വന്നതും ആ കാലനെ മഹാദേവൻ വധിച്ചതും പുരാണത്തിൽ നാം വായിച്ചതാണ്.എന്നാൽ ഈ സംഭവം നടന്നു ദേശക്കാർ വിശ്വസിക്കുന്നതും അതിൻ പ്രകാരം ആചാരം നടത്തുന്നതുമായ ഒരു പുണ്യഭൂമി നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടെന്നു എത്ര പേർക്ക് അറിയാം? മലപ്പുറം ജില്ലയിലെ തിരൂരിൽ സ്ഥിതി ചെയ്യുന്ന തൃപ്രങ്ങോട് ക്ഷേത്രം മേൽ പറഞ്ഞ ഐതിഹ്യവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പുണ്യസ്ഥലമാണ്.
ഏതാനും മാസങ്ങൾക്കു മുൻപ് ഗുരുവായൂർ സന്ദർശിച്ചപ്പോൾ അവിചാരിതമായാണ് തിരൂർ പോകാനിടയായതും അതിലും അവിചാരിതമായാണ് മേല്പറഞ്ഞ തൃപ്രങ്ങോട്ടു ക്ഷേത്രത്തെ പറ്റി
കേൾക്കാനിടയായതും അവിടം ദർശനം നടത്താനുള്ള ഭാഗ്യം സിദ്ധിച്ചതും.അൽപ്പായുസ്സായ മാർക്കാണ്ഡേയന്റെ ജീവനെടുക്കാൻ കാലൻ കാലപാശവുമായി വന്നതും അത് കണ്ടു പേടിച്ചു ഓടിയ മാർക്കണ്ഡേയൻ ശിവലിംഗത്തിൽ അഭയം പ്രാപിച്ചതും തുടർന്ന് കാലഹത്യ നടന്നതും ഈ ക്ഷേത്രഭൂവിൽ വച്ചാണെന്നാണ് ദേശക്കാർ വിശ്വസിച്ചു പോരുന്നത്. ക്ഷേത്രവളപ്പിൽ കടന്നാൽ നാലമ്പലത്തിനു പുറത്തു 4 ശ്രീകോവിലുകൾ കാണാൻ കഴിയും. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു -- മൂലം, ശിവപാദം 1 , ശിവപാദം 2 , ശിവപാദം 3 . മാർക്കണ്ഡേയൻ അഭയം പ്രാപിച്ച ശിവലിംഗമാണ് മൂലസ്ഥാനത്തു പൂജിക്കുന്നത്.കാലനിഗ്രഹത്തിനായി ഭഗവാൻ വച്ച 3 ചുവടുകളാണ് അടുത്ത മൂന്നു ശ്രീകോവിലുകൾ. ക്ഷേത്രത്തിന്റെ തെക്കേ മൂലക്കായി യമനിഗ്രഹത്തിനു ശേഷം ഭഗവാൻ ത്രിശൂലം കഴുകിയതെന്നു വിശ്വസിക്കുന്ന ഒരു കുളവും കാണാം.
സന്ധ്യാസമയത്താണ് ഞങ്ങൾ അമ്പലത്തിൽ എത്തിയത്.അതിന്റെ ഒരു സുഖമുണ്ടായിരുന്നു ദർശനത്തിന്. ദർശനം കഴിഞ്ഞു മറ്റുള്ളവരെ കാത്തു പുറത്തു നിൽക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന ആളോട് ഞാൻ ചോദിച്ചു 'ഈ ക്ഷേത്രത്തിനു എത്ര പഴക്കം കാണും?' എന്ന്. എന്നെ നോക്കി ഒന്ന് ചിരിച്ച ശേഷം അയാൾ പറഞ്ഞു 'കാലനില്ലാകാലം കാലം എന്നായിരുന്നോ അത്രത്തോളം..'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ