പേജുകള്‍‌

സംഭാവന


                                                                     

              ചെറുപ്പം മുതൽക്കു തന്നെ എൻ്റെ ആഗ്രഹമായിരുന്നു കഥ എഴുതുക അല്ലെങ്കിൽ കവിയാവുക എന്നത്. അന്നൊക്കെ അത് വെറും ആഗ്രഹമായി തന്നെ നിന്നു. കുറേക്കൂടി മുതിർന്നപ്പോൾ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. പിന്നെയും കുറെ കഴിഞ്ഞപ്പോൾ പുസ്തകങ്ങൾ വാങ്ങിക്കൂട്ടാൻ തുടങ്ങി. പേനയും കടലാസും എടുത്തു എന്തൊക്കെയോ കുത്തിക്കുറിക്കാൻ തുടങ്ങി. ആരെയും കാണിക്കാതെ സ്വയം വായിച്ചു നിർവൃതിയടഞ്ഞു.
            കണ്മുന്നിൽ വിരിയുന്ന ജീവിതങ്ങളും അനുഭവങ്ങളും കടലാസ്സിൽ പകർത്തിയെഴുതാൻ മനസ്സ് കൊതിച്ചു, പക്ഷെ നടന്നില്ല. അങ്ങനെ ആർക്കും കയറി മേയാനുള്ള പുരയിടമല്ല സാഹിത്യം എന്ന് മനസ്സിലായത് മിച്ചം.എങ്കിലും മനസ്സാകുന്ന നോട്ടുപുസ്തകത്തിൽ എൻ്റെ കഥാപാത്രങ്ങളുടെ സുഖവും ദുഖവും, പ്രണയവും വിരഹവും ഒക്കെ ഞാൻ കുറിച്ച് വച്ചു. പൂക്കളെ ചരടിൽ കോർക്കുന്നത് പോലെ അക്ഷരങ്ങളെ ചേർത്ത് വച്ചു വാക്കുകളും വാക്യങ്ങളും അതുവഴി മഹാകാവ്യങ്ങൾ ചമക്കാനും ശ്രമിച്ചു, പക്ഷെ നടന്നില്ല.
              ഒരു പക്ഷെ നടന്നിരുന്നെങ്കിൽ മലയാള സാഹിത്യത്തിന് അതൊരു മുതൽക്കൂട്ടായേനെ. എൻ്റെ സൃഷ്ടി വായിച്ചു   നിങ്ങൾക്കൊക്കെ നിർവൃതിയടയാമായിരുന്നു. അതിലെ കഥാപാത്രങ്ങളെ നിങ്ങൾക്ക് നെഞ്ചിലേറ്റാമായിരുന്നു, അവരുടെ സുഖവും ദുഃഖവും നിങ്ങൾക്കും അനുഭവിക്കാമായിരുന്നു. കൂടാതെ    അവാർഡുകളും റോയൽറ്റികളും വാങ്ങി എനിക്ക് സുഖിക്കാമായിരുന്നു. എന്ത് ചെയ്യാം യോഗമില്ല, ആർക്കും. ചിലപ്പോൾ, ആരോ പറഞ്ഞതുപോലെ എഴുതാതിരിക്കുക എന്നതായിരിക്കും മലയാളസാഹിത്യത്തിനു എനിക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവന. ആണോ, നിങ്ങൾ എന്ത് പറയുന്നു?

2 അഭിപ്രായങ്ങൾ:

  1. മലയാളസാഹിത്യലോകത്തിന്റെ മഹാനഷ്ടം ;-) ഇനിയും വൈകിയിട്ടില്ല കേട്ടോ... ആഞ്ഞുപിടിച്ചാൽ നമുക്ക് വള്ളത്തോളിന്റെ തോളൊപ്പം നിൽക്കാം...:-)

    മറുപടിഇല്ലാതാക്കൂ
  2. ഒരു വള്ളമെങ്കിലും വാങ്ങാൻ പറ്റിയാൽ മതിയായിരുന്നു...

    മറുപടിഇല്ലാതാക്കൂ