പേജുകള്‍‌

എന്റെ ചിന്താസരണികൾ


           ചില നേരത്ത് അപ്രതീക്ഷിതമായി എന്റെ മനസ്സിൽ ചില തരംഗങ്ങൾ സൃഷ്ടിക്കപ്പെടും. ആ തരംഗങ്ങൾ എന്റെ മനസ്സിനെ തൊട്ടുണർത്തും, അതിനുള്ളിൽ എവിടെയോ ഉറങ്ങിക്കിടക്കുന്ന ചിന്തകളെ ഉണർത്തുകയും തത്‍ഫലമായി എന്നിൽ ചില തത്വവിചാരങ്ങൾ ഉടലെടുക്കുകയും ചെയ്യും.അതിൽ ചിലത് ഇവിടെ കുറിക്കുന്നു.


1. എന്റെ ഉള്ളിലും മനുഷ്യത്വം മരവിച്ചിട്ടില്ല എന്ന് മനസ്സിലാകുന്നത്‌ ചില പാട്ടുകൾ കേൾക്കുമ്പോഴാണ്. മനസ്സിൽ പ്രണയവും വിരഹവും ഭക്തിയും നിറക്കാൻ പാട്ടുകൾക്കുള്ള കഴിവ് അപാരമാണ്.

2. അവനവന്റെ മതത്തിൽ വിശ്വസിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിച്ച് പരസ്പരം കലഹിക്കാതെ, അധിക്ഷേപിക്കാതെ ഒരുമയോടെ കഴിയുന്നതാണ് മതേതരത്വം എന്നായിരുന്നു എന്റെ ധാരണ. പക്ഷെ ഒരു മതത്തിനെ മാത്രം അധിക്ഷേപിക്കുകയും മറ്റു മതവിശ്വാസങ്ങളെ വിശ്വാസങ്ങളായി കാണുകയും ചെയ്യുന്നതാണ് മതേതരത്വം എന്ന് പുതിയ കാലഘട്ടത്തിലെ ചില രാഷ്ട്രീയക്കളികൾ നമ്മെ ബോധ്യപ്പെടുത്തുന്നു. അതിനു മുതിരുന്നതാകട്ടെ ഞങ്ങൾക്ക് മതമില്ല എന്നു പറയുന്നവരും.എന്തൊരു വിരോധാഭാസം...!!!

3. എല്ലാവരും അനീതിയെ പറ്റിയും അധർമ്മത്തെ പറ്റിയും നിയമലംഘനങ്ങളെ പറ്റിയും വാചാലരാവാറുണ്ട്, പലപ്പോഴും ഉപദേശിക്കാറുമുണ്ട്; ഇതൊക്കെ ചെയ്യുന്നത് മറ്റുള്ളവരാണെങ്കിൽ മാത്രം.!

4. പശ്ചാത്താപം ചെയ്യുന്നത് തെറ്റുകൾ ആവർത്തിക്കാതിരിക്കാനാണ്, അല്ലാതെ വീണ്ടും വീണ്ടും തെറ്റ് ചെയ്യാനുള്ള മൗനാനുവാദമല്ല അത്..


5. June 5: ഒരു പരിസ്ഥിതി ദിനം കൂടി വരികയായി.എല്ലാ വർഷത്തെയും പോലെ ഇത്തവണയും നമ്മളിൽ ഭൂരിഭാഗവും ഇത് അവഗണിക്കും. പക്ഷെ വളരെ കുറച്ചു ആൾക്കാർ ഇതിനെ ഒരു ആഘോഷമാക്കും മരങ്ങളെ സ്നേഹിച്ച്, പ്രകൃതിയെ സ്നേഹിച്ച്, മരത്തൈകൾ നാട്ടു പിടിപ്പിച്ച്, അങ്ങനെ...മറക്കുന്നവർ ഒരു നിമിഷം കഴിഞ്ഞു പോയ ദിവസങ്ങളെ കുറിച്ച് ആലോചിക്കുക..ചുട്ടു പൊരിയുന്ന വെയിലിനെ ഓർക്കുക..കുടിക്കാൻ വെള്ളം ഇല്ലാത്ത ദിവസങ്ങളെ കുറിച്ച് ചിന്തിക്കുക..എന്നിട്ട് തീരുമാനിക്കാം..

നമ്മൾ വൈകി ഒരു പാട് എങ്കിലും ശ്രമിക്കാം, ഈ ഭൂമിയെ പച്ച പുതപ്പിക്കാൻ..നഷ്ടമായിക്കൊണ്ടിരിക്കുന്ന ജലസംഭരണികൾ വീണ്ടെടുക്കാൻ..ചെയ്യുക...നിങ്ങളാൽ ആവുന്നത് പോലെ..ഈ സുന്ദര ഭൂമി അതിന്റെ എല്ലാ സമൃദ്ധിയോടും വശ്യതയോടും കൂടി വരും തലമുറയ്ക്ക് കൈമാറാൻ..
ഒരു തൈ നടാം ഭൂമിദേവിക്ക് വേണ്ടി......
ഒരു തൈ നടാം കൊച്ചു മക്കൾക്ക്‌ വേണ്ടി...
ഒരു തൈ നടാം ഒരായിരം കിളികൾക്ക് വേണ്ടി...
ഒരു തൈ നടാം ഒരു നല്ല നാളെക്കായി..


6. മറ്റുള്ളവരുടെ പ്രവർത്തികൾ, വാക്കുകൾ ഒക്കെ പലരേയും ദേഷ്യം പിടിപ്പിക്കാറുണ്ട്. ചില നേരത്ത് അവർക്ക് ധാർമിക രോഷം പൊട്ടി ഒഴുകാറുണ്ട്. പക്ഷെ അതെല്ലാം അനുഭവിക്കാനുള്ള യോഗം ഭാര്യക്കും മക്കൾക്കും ചിലപ്പോൾ അമ്മയ്ക്കും മാത്രം.

7. യാത്ര....ഒരുതരം കൂടുമാറ്റമാണ്...കണ്ടു ശീലിച്ച മുഖങ്ങളിൽ നിന്നും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷത്തിൽ നിന്നും പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള അന്വേഷണം... പരിചിതമല്ലാത്ത ഭൂമിയിലൂടെ, പരിചയമില്ലാത്ത മുഖങ്ങളും കാഴ്ചകളും ജീവിതങ്ങളും കണ്ടു കൊണ്ടുള്ള ഒരു സഞ്ചാരം..അത് കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ചരിത്രമുറങ്ങുന്ന ഇടനാഴികളിലൂടെയാവാം, പ്രകൃതിയുടെ വന്യമായ സൗന്ദര്യം നുകർന്നുള്ളതാവാം , കാട്ടുചോലകളുടെ കുളിർമ്മ ആസ്വദിച്ചുകൊണ്ട് ഉള്ള കുറച്ചു നിമിഷങ്ങളാകാം..ഓരോ കാഴ്ചയും ഓർമ്മയുടെ താളുകളിൽ പകർത്താൻ കഴിയണം, അത് നല്ലതായാലും അല്ലെങ്കിലും..കാരണം ഓരോ യാത്രയും ഓരോ അനുഭവമാണ്..അതാണ് ജീവിതത്തിലെ വഴികാട്ടിയും ഗുരുവും..

8. സായിപ്പിന്റെ കീഴിൽ അടിമയെപ്പോലെ ജോലി ചെയ്തു മടുത്തു..എനിക്കിതിൻറെയൊന്നും ആവശ്യമില്ല..വേണ്ട എന്ന് വെക്കാൻ മടിയുമില്ല...പിന്നെ എന്താ..?? ജോലി പോയാൽ ശമ്പളം ഉണ്ടാവില്ല..അപ്പോൾ housing loan അടക്കാൻ പറ്റില്ല..പിന്നെ ബാങ്കുകാരുടെ വിളിക്ക് സമാധാനം പറയാൻ സമയം കണ്ടെത്തണം..ഒരു കാര്യവുമില്ല എന്ന് മനസ്സിലായാൽ അവർക്കു പിന്നെ വീട് ജപ്തി ചെയ്യേണ്ടി വരും..അതിന്റെ നൂലാമാലകൾ വേറെ..എന്തിനാ അവരെ ഇങ്ങനെ വെറുതെ ബുദ്ധിമുട്ടിക്കുന്നത് എന്നാലോചിക്കുമ്പോൾ തോന്നും കഷ്ടപ്പെട്ടിട്ടാണെങ്കിലും ഉള്ള ജോലി തുടരാം എന്ന്..

9. പണ്ട് വീടുകൾ ദൂരെയായിരുന്നു മനസ്സുകൾ അടുത്തും..പക്ഷെ ഇന്ന് ഒരു ചുവരിന്റെ ഇരുഭാഗത്തുമായി കഴിയുന്നവർ പോലും മനസ്സ് കൊണ്ട് കാതങ്ങൾക്കപ്പുറത്താണ്..

10. ബന്ധങ്ങൾ ജന്മമെടുക്കേണ്ടത് ഹൃദയത്തിൽ നിന്നാണ്. ഒരു വയറ്റിൽ നിന്ന് ജനിച്ചു എന്നത് കൊണ്ട് മാത്രം അതുണ്ടാകണമെന്നില്ല. മറിച്ചായാലും അത് സംഭവിക്കാം.

11. തമാശ കേൾക്കാനും പറയാനും ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും.എന്നാൽ ആലോചിട്ടുണ്ടോ മിക്ക നർമ്മങ്ങൾക്കു പുറകിലും ഒരു വേദനിക്കുന്ന മനസ്സുണ്ടാകുമെന്ന്? പഴത്തൊലി ചവുട്ടി വീഴുന്നവരെ കണ്ടാൽ ചിരിക്കുന്ന നമ്മൾ അവർ അനുഭവിക്കുന്ന ശാരീരിക മാനസിക വ്യഥകളെ പറ്റി ഓർക്കാറെ ഇല്ല.അത് പോലെ തന്നെയാണ് മറ്റുള്ളവരുടെ നിറത്തെ പറ്റിയും രൂപത്തെ പറ്റിയും സ്വഭാവത്തെ പറ്റിയും തമാശകൾ പറയുമ്പോൾ സംഭവിക്കുന്നത്.അത് കൊണ്ട് നർമ്മങ്ങൾ പറഞ്ഞോളൂ ആസ്വദിച്ചോളൂ പക്ഷെ ആരെയും വേദനിപ്പിക്കാത്ത തരത്തിൽ ആകണമെന്ന് മാത്രം..

12. കുട്ടിക്കാലത്ത് ദൈവത്തോട് പ്രാർത്ഥിച്ചിരുന്നത് പഠിച്ചു വലിയ ആളാവണമെന്നും ഒരു പാട് ഉയരത്തിൽ എത്തണമെന്നും എന്നായിരുന്നു.പക്ഷെ സത്യം...ദൈവം എന്റെ പ്രാർത്ഥന കേട്ടു..പഠിച്ചു കഴിയുന്നതിനു മുന്നേ എനിക്ക് ആറടിയിലധികം പൊക്കം തന്നു, ജോലിയാണെങ്കിൽ എന്നും മൂന്നാം നിലയിലും..!!!!

13. വികസനം - ജനങ്ങളെ പറ്റിക്കാൻ ഇതിലും നല്ലൊരു വാക്ക് ഉണ്ടോ എന്ന് സംശയമാണ്. കാലാകാലങ്ങളായി ഭരണാധികാരികളും രാഷ്ട്രീയക്കാരും സാധാരണക്കാരനെ ചൂഷണം ചെയ്യാനും മുതലെടുപ്പ് നടത്താനും ഉപയോഗിച്ചുവരുന്ന ഈ പദപ്രയോഗത്തിന് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് ഓരോ ദിവസത്തെയും വാർത്തകൾ നമുക്ക് കാണിച്ചു തരുന്നു (ഇപ്പോൾ മതേതരത്വം എന്ന പുതിയ ഉൽപ്പന്നം ചൂടപ്പം പോലെ വിറ്റു പോകാൻ തുടങ്ങിയിട്ടുണ്ട് എന്നത് കാണാതിരിക്കുന്നില്ല). അധികാരിവർഗ്ഗങ്ങളും അവരുടെ പിണിയാളുകളും വാതോരാതെ അലറുന്നു വികസനത്തിനായി, അതിനു അവർക്കു സാധാരണക്കാരന്റെ സ്വപ്‌നങ്ങൾ വിളയുന്ന ഭൂമി വേണം,ശുദ്ധമായ തെളിനീരുറവകളുള്ള കിണറും തോടും വേണം. അത് കൊടുക്കാത്തവൻ വികസനവിരോധി, പുരോഗതിയെ പിന്നോട്ട് വലിക്കുന്നവൻ, നാളയുടെ ഭാവിക്കു തുരങ്കം വെയ്ക്കുന്നവൻ. പക്ഷെ ഈ മുറവിളി കൂട്ടുന്ന ഒരാളുടെയും ഒരിഞ്ചു ഭൂമി പോലും നഷ്ടപ്പെടുന്നില്ല. അവർ ജനിച്ചു വളർന്ന മണ്ണ് വിട്ട് ഓടിപ്പോകേണ്ടി വരുന്നില്ല. അവർക്കു ഒന്നും നഷ്ടപ്പെടുന്നില്ല പകരം നേടുന്നുണ്ടാകാം പലതും, അധികാരകസേരകളും സമ്പത്തും ഉൾപ്പടെ. അല്ലെങ്കിൽ തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിക്കാനും അവർ ഈ വികസനത്തെ ഉപയോഗപ്പെടുത്തുന്നുണ്ടാവാം. പക്ഷെ ഇവർ ആരും ചിന്തിക്കുന്നില്ല ഒരു പാട് സാധാരണക്കാരുടെ കണ്ണീരിന്റെ മുകളിലാണ് തങ്ങൾ ഈ സൗധങ്ങൾ പടുത്തുയർത്തുന്നതെന്ന്, അവരുടെ സ്വപനങ്ങൾ ചവുട്ടിയരച്ചാണ് അധികാരക്കസേര കൈയ്യാളുന്നതെന്ന്. അതുകൊണ്ട് വികസനത്തിനായി മുറവിളി കൂട്ടുമ്പോൾ ഒരുനിമിഷം ആലോചിക്കുക അത് ചെന്ന് കൊള്ളുന്നത് ഒരു പാട് പാവങ്ങളുടെ നെഞ്ചിലാണെന്ന്, അത് കരിച്ചു കളയുന്നത് അവരുടെ മോഹങ്ങളെയും പ്രതീക്ഷകളെയുമാണെന്ന്; ആരും ചോദിക്കാനും പറയാനുമില്ലാത്ത, ചിലപ്പോൾ സഹായിക്കാൻ പോലും ആരുമില്ലാത്ത പാവം പാവം സാധുക്കളുടെ ജീവിതത്തെയാണെന്ന്....

14. സത്യത്തിന്റെയും നീതിയുടെയും ധർമ്മത്തിന്റെയും അപ്പോസ്തലന്മാരായി വെള്ളിത്തിരയിൽ നിറഞ്ഞാടിയ ആകാശത്തെ നക്ഷത്രങ്ങൾ...
പെണ്ണിന്റെ മാനത്തിനു വിലപറഞ്ഞവരെ സ്വയം വിചാരണയും ശിക്ഷയും നടത്തി ദൈവത്തിന്റെ ജോലി ഏറ്റെടുത്ത് ലോകത്ത്‌ ധർമ്മസംസ്ഥാപനം നടത്തിയവർ...
ഇങ്ങു താഴെ ഭൂമിയിലെ പച്ച മണ്ണിലിറങ്ങിയപ്പോൾ ഞങ്ങൾ ഇരയോടൊപ്പമല്ല വേട്ടക്കാരനോടൊപ്പം മാത്രമാണെന്ന് തെളിയിച്ചിരിക്കുന്നു.... അതും കൊച്ചിയിലെ ഏതോ പാർക്കിൽ ഒത്തുചേർന്ന് അവൾക്കായി കത്തിച്ച മെഴുകുതിരികൾ ഊതികെടുത്തിക്കൊണ്ട്...പ്രേക്ഷകരെ വിഡ്ഢികളാക്കിക്കൊണ്ട്....


15. 2018 ആഗസ്ത് 15 നു കേരളത്തിൽ സംഭവിച്ച പ്രളയത്തെ ആധാരമാക്കി എഴുതിയത്:

പ്രളയത്തെ പറ്റി പ്രതിപക്ഷം പറയുന്ന രാഷ്ട്രീയം കണക്കിലെടുക്കേണ്ട പകരം അറിവുള്ളവർ പറയുന്നത് കേൾക്കാം, ശ്രദ്ധിക്കാം. ഇന്ത്യക്കകത്തും പുറത്തുമുള്ള വൈദഗ്ദ്യമുള്ളവരെ ഉൾപ്പെടുത്തി വസ്തുനിഷ്ഠമായ അന്വേഷണം ഈ പ്രളയദുരന്തത്തെപ്പറ്റി നടത്തേണ്ടത് ഒരു സർക്കാരിന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്ത് കൊണ്ട് ഇത്രയും വലിയ ദുരന്തം ഉണ്ടായി, എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തണമായിരുന്നു, എന്തൊക്കെ ചെയ്തു, എവിടെയൊക്കെ അലംഭാവം കാണിച്ചു അല്ലെങ്കിൽ പാളിച്ചകൾ പറ്റി? കൃത്യമായ മുന്നൊരുക്കങ്ങളും മുന്നറിയിപ്പുകളും നടത്തിയോ? കൃത്യമായ പഠനം നടത്തിയിരുന്നോ എന്നൊക്കെ അന്വേഷിക്കട്ടെ, തലനാരിഴകീറി പരിശോധിക്കട്ടെ. എന്നിട്ട് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കട്ടെ. അത് ആരെയും കുറ്റപ്പെടുത്താനും മഹത്വവൽക്കരിക്കാനും വേണ്ടിയാവരുത്. ഇനി അഥവാ ആരെങ്കിലും അലംഭാവം കാണിച്ചിട്ടുണ്ടെങ്കിൽ, ആ കൃത്യവിലോപമാണ് ഈ ദുരന്തത്തിന്റെ ആക്കം കൂട്ടിയതെങ്കിൽ നിശ്ചയമായും അവരെ മാതൃകാപരമായി ശിക്ഷിക്കാനും സർക്കാർ സന്നദ്ധരാവേണ്ടതാണ്. അതിലെ വസ്തുതകളും നിർദ്ദേശങ്ങളും കണക്കിലെടുത്ത് ഭാവിയിൽ ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ, തീരുമാനങ്ങൾ എടുക്കണം എന്നും ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളും വിദഗ്ദന്മാരായ ആളുകളും ചേർന്ന് ഒരുമിച്ച് ചർച്ച ചെയ്തു തീരുമാനിക്കട്ടെ. അന്വേഷണറിപ്പോർട്ട് വെറുമൊരു രാഷ്ട്രീയ ആയുധമാക്കാതെ പ്രതിപക്ഷം സർക്കാരിന്റെ കൂടെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കട്ടെ. എങ്കിൽ മാത്രമേ ഭാവിയിലെങ്കിലും ഇത്തരം ദുരന്തത്തെ തടയാൻ നമുക്ക് കഴിയൂ. ദുരന്തം നേരിടുന്നതിൽ അല്ല തടയുന്നതിലാണ് നമ്മൾ മിടുക്കു കാണിക്കേണ്ടത്. ഇനിയും ഒരു ദുരന്തമുണ്ടായാൽ മലയാളികൾ ഒന്നിച്ചു നിൽക്കും, അതവരുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ഗുണം, പക്ഷെ ആ ദുരന്തം കേരളത്തെ എത്രമാത്രം തകർക്കുമെന്ന് പ്രവചിക്കാൻ പോലും ആകില്ല. അല്ലാതെ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു എന്ന് ഉദ്യോഗസ്ഥരും സർക്കാരും പറയുകയും ഒന്നും ചെയ്തില്ല എന്ന് പ്രതിപക്ഷം പറഞ്ഞു നടക്കുകയും ചെയ്തു കൊണ്ടിരുന്നാൽ ഈ ദുരന്തത്തിൽ നിന്നും നാം ഒന്നും പഠിക്കില്ല. ഒരു അന്വേഷണം നടത്താനും റിപ്പോർട്ട് പുറത്തുവിടാനും ഒക്കെ മാസങ്ങൾ വേണമെന്നിരിക്കെ വെറുതെ തർക്കിച്ചാൽ അല്ലെങ്കിൽ എല്ലാം നേരെയായിട്ടു അന്വേഷിക്കാം എന്ന് പറഞ്ഞിരുന്നാൽ ഇടുക്കിയും ബാണാസുരസാഗറും ഇടമലയാറുമൊക്കെ വീണ്ടും നിറഞ്ഞു കവിയുകയോ, പെരിയാറും പമ്പയും നിളയും കരകവിഞ്ഞൊഴുകുകയോ ചെയ്തേക്കാം പലരുടെയും ജീവനും ജീവിതവും കോരിയെടുത്തുകൊണ്ട്. ദയവായി അതിനിടവരരുത്, ഇടവരുത്തരുത്. എന്തൊക്കെ ചെയ്താലും എത്രയൊക്കെ കൊടുത്താലും നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ്; അവ ബാക്കി വെക്കുന്നതാവട്ടെ തീരാത്ത വേദനകളും ദുരിതങ്ങളും മാത്രം.....

16. 2018 ലെ ഓണം:

ദുഃഖം കൊണ്ട് കളം വരച്ച്, കണ്ണുനീർത്തുള്ളികൾ കൊണ്ട് പൂക്കളമിട്ട് പ്രാർത്ഥനയാൽ തൃക്കാക്കരയപ്പനെയുണ്ടാക്കി, നെടുവീർപ്പിനാൽ കുരവയിട്ട്, വേദന നിറഞ്ഞ ആശംസകൾ എന്ന ഉരുളയുരുട്ടി അതിജീവനത്തിന്റെ ആശങ്കകളും ആകുലതകളുമായി കഴിയുന്ന ഒരുപാട് ഒരുപാട് പാവം മലയാളികൾക്കൊപ്പം ഞങ്ങളും ഓണം ആഘോഷിച്ചു. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ